Skip to main content

മലയാളി നിര്‍മിക്കുന്ന മട്ടാഞ്ചേരി മാഫിയകള്‍

രണ്ടായിരത്തി ഏഴ് എന്ന വര്‍ഷമാണ് ബിഗ് ബി എന്ന സിനിമ ഇറങ്ങുന്നത്. ഈ സിനിമ ആദ്യത്തെ ഷോ തന്നെ കാണുവാന്‍ അന്ന് ഞങ്ങള്‍ പോയിരുന്നു. അത് ഒരു പ്രത്യേക കാലഘട്ടം കൂടെയായിരുന്നു. മലയാളത്തിലെ ഒറ്റപ്പാലം, പൊള്ളാച്ചി ജിയോഗ്രഫികളില്‍ നിന്നുള്ള നായര്‍, തമ്പുരാന്‍ സിനിമകള്‍ ഒക്കെ നിറം മങ്ങിത്തുടങ്ങിയ കാലം. അത്തരം ഒരു കാലഘട്ടത്തിലാണ് മമ്മൂട്ടിയും അയാളുടെ സഹോദരരും ഒരു പുതിയ മാസ്‌കുലിന്‍ ഫിഗറുമായി മലയാള സിനിമയില്‍ വരുന്നത്. ആ കാലത്ത് ആ സിനിമ സ്വീകരിക്കപ്പെട്ടില്ല. പക്ഷെ ഇന്ന് ഏറ്റവും കൂടുതല്‍ പുതിയ സി-ജെന്‍ അടക്കമുള്ളവര്‍ കാത്തിരിക്കുന്നത് ബിഗ് ബി എന്ന സിനിമയുടെ രണ്ടാം ഭാഗമായിരിക്കാം.

മലയാളം സിനിമയിലെ മാസ്‌കുലിന്‍ ഫിഗറുകളെ അവരെ പ്ലേസ് ചെയ്ത കൊച്ചിയിലെ ജിയോഗ്രഫി, അവരുടെ ഡ്രസ്സിങ് പാറ്റേണ്‍സ്, തോക്കുകള്‍ , ഡ്രസ്സിങ് ആക്‌സസറീസ്, റിലേഷന്‍സ്, സെക്ഷ്വലിറ്റി, കൊച്ചിയിലെ ബാറുകള്‍, അണ്ടര്‍ വേള്‍ഡുകളുടെ ട്രാന്‍സ്‌ഫോര്‍മേഷന്‍, അവയെ ചുറ്റിപ്പറ്റിയുള്ള ബൈക്ക് റൈഡേഴ്സ് ആയ തലമുറകള്‍, അവയുമായി ബന്ധപ്പെട്ടു നില്‍ക്കുന്ന ചേരിയിലെ ചെറുപ്പക്കാര്‍, പട്ടികളെ കച്ചവടം നടത്തുന്ന തൊഴിലുകള്‍, ക്യാമറ കൊണ്ടുള്ള സീന്‍ പിടുത്തങ്ങള്‍, സിനിമയിലെ സ്റ്റണ്ട് ആര്‍ടിസ്റ്റുകള്‍, അവരെ പ്രേമിക്കുന്ന പെണ്‍കുട്ടികള്‍, അതുമായി ബന്ധപ്പെട്ട കുടുംബങ്ങള്‍, സാമ്പത്തിക ഇടപാടുകള്‍, രാഷ്ട്രീയം തുടങ്ങിയവ അന്ന് വരെ നിലനിന്നിരുന്ന സിനിമാറ്റിക് ഫ്രെയിമില്‍ നിന്നും, നില നില്‍ക്കുന്ന ഭാഷയില്‍ നിന്നും ഒക്കെ വ്യത്യസ്തമായി ആ സിനിമ അവതരിപ്പിച്ചു. പക്ഷെ ആ സിനിമ അന്ന് കേരളം സമൂഹത്തില്‍ ഒരു കള്‍ട്ട് സ്റ്റാറ്റസ് ഒന്നും നേടിയെടുത്തില്ല. പക്ഷെ പിന്നീട്, കേരളം സമൂഹം ഡിജിറ്റലി എക്‌സ്‌പോസ്ഡ് ആയ ഒരു സി-ജെനറേഷന്റെ ഒരു വികാസത്തിലൂടെയാണ് ഇന്നും ആ സിനിമ ഒരു ചര്‍ച്ചയായി നിലനില്‍ക്കുന്നത്. ഏറ്റവും വലിയൊരു കാര്യം – അന്നുവരെ നിലനിന്നിരുന്ന മലയാള സിനിമയിലെ നായക ശരീരങ്ങളെ, പ്രത്യേകിച്ച് മമ്മൂട്ടി, മോഹന്‍ലാല്‍, ദിലീപ് എന്നിവര്‍ രൂപപ്പെടുത്തിയതിനെ അത് പൊളിച്ചുകളഞ്ഞു എന്നതാണ്.

ഇനി ഫഹദ് ഫാസില്‍ എന്ന നടന്റെ കാര്യം എടുത്തുനോക്കാം. അദ്ദേഹത്തിന്റെ ചില സിനിമകളുടെ കണ്ടന്റുകള്‍ പരിശോധിച്ചാല്‍ രസകരമായിരിക്കും. അദ്ദേഹം വില്ലനൈസ് ചെയ്യപ്പെട്ട കുമ്പളങ്ങി നൈറ്റ്‌സ് എന്ന സിനിമയിലെ നായികയായ ആ പെണ്‍കുട്ടി കൊച്ചിയിലെ ഹോംസ്റ്റേ എന്ന പുതിയ ഒരു തൊഴില്‍മേഖലയില്‍ ജോലി കണ്ടെത്താന്‍ ശ്രമിക്കുന്ന കുട്ടിയാണ്. (ഒരു പക്ഷേ ഷമ്മി എന്ന കഥാപാത്രം മമ്മൂട്ടിയുടെ കളങ്കാവില്‍ നെഗറ്റീവിറ്റിക്കു പ്രചോദനം ആയിട്ടുണ്ടാകാം). കുമ്പളങ്ങി എന്ന ഒരു സ്ഥലത്തെ ജിയോഗ്രഫി മാര്‍ക്കറ്റ് ചെയ്ത് ജീവിക്കുന്ന പെണ്‍കുട്ടി. അത്തരം ഒരു കാലത്തിലേക്കാണ് ഫഹദ് ഫാസിലിന്റെ ഷമ്മി പ്ലേസ് ചെയ്യപ്പെടുന്നത്.

പിന്നീട് ഫഹദ് ഫാസില്‍ അഭിനയിച്ച (ചില സിനിമകള്‍) –

കാര്‍ബണ്‍: വ്യവസ്ഥാപിതമായ തൊഴിലുകളില്‍ നിന്ന് രക്ഷപ്പെട്ടു വലിയ തോതില്‍ പണം ഉണ്ടാക്കാന്‍ ആഗ്രഹിക്കുന്ന ഒരു പുതിയ തലമുറ;

ആവേശം: പുതിയ തലമുറ സകല മാന മോറല്‍ ഡിലമകളും മാറ്റിവെച്ച് അണ്ടര്‍ വേള്‍ഡ് നായകനില്‍ സൗഹൃദം കണ്ടെത്തുന്നത്;

ചാപ്പ കുരിശു: ഡിജിറ്റല്‍ കാലത്തെ പോളിഗാമിക് ആയ ഒരു റിലേഷനിലേക്ക് ഇടപെടുന്ന നായകന്‍; ഇമ്മാനുവല്‍: പുതിയ കാലത്തെ ഇന്‍ഷുറന്‍സ് അണ്ടര്‍വോള്‍ഡ്;

ബാംഗ്ലൂര്‍ ഡെയ്സ്: കേരളത്തിന് പുറത്തേക്കുള്ള നഗരങ്ങളിലെകും അമേരിക്കന്‍ കമ്പനികളിലേക്കും മൈഗ്രേറ്റ് ചെയ്യപ്പെട്ട പുതിയ തലമുറകള്‍ – എന്നിങ്ങനെ സി-ജെനറേഷന്റെ പല രീതിയിലുള്ള ജീവിതങ്ങളും അവരുടെ മൈഗ്രേഷന്‍, ലൈംഗികത, സിറ്റുവേഷന്‍ഷിപ്പ്, തൊഴില്‍രൂപങ്ങള്‍ അങ്ങനെ പലതരം രൂപകങ്ങള്‍ നിലനിറുത്തിയ സിനിമകളിലൂടെയായിരുന്നു ഫഹദ് ഫാസില്‍ അഭിനയിച്ചത്. ഇത് അതിനു മുമ്പ് രൂപപ്പെട്ട മലയാളിത്തത്തെ മുഴുവനും പൊളിച്ചുമാറ്റിയിട്ടുണ്ട്.

ഇത്തരം പുതിയ തലമുറകളുടെ സിനിമകളുടെ ഭാഗമായിരുന്നു നിവിന്‍ പോളി (ഒരു വടക്കന്‍ സെല്‍ഫി), പ്രണവ് (ഡൈസ് ഈറ), ആസിഫ് അലി (ട്രാഫിക്), കുഞ്ചാക്കോ ബോബന്‍ (ട്രാഫിക്), പൃഥ്വിരാജ് ( സ്റ്റോപ്പ് വയലന്‍സ്), വിനായകന്‍ (സ്റ്റോപ്പ് വയലന്‍സ്), പെപ്പെ (അങ്കമാലി ഡയറീസ്), എന്നിങ്ങനെ പല നടന്മാരും. അവര്‍ പുതിയ കാലത്തെ കേരള സമൂഹത്തോട് പല തരത്തില്‍ ചേര്‍ന്നുനിന്നുകൊണ്ട് കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു. ഇവരുടെ ഇടയില്‍ മമ്മൂട്ടി എന്ന നടന്‍ കാലഘട്ടത്തോട് സിനിമയുടെ ടെക്സ്റ്റില്‍ തന്റെ കഥാപാത്രങ്ങളെ പലപ്പോഴും ഉടച്ചു വാര്‍ ത്തിരുന്നു. അങ്ങനെ കൂടെ മാറുന്ന കാലത്ത് മലയാള സിനിമ വലിയ രീതിയില്‍ ടെക്‌സ്ച്വല്‍ ആയും നായക കഥാപാത്രശരീരങ്ങളിലൂടെയും മാറ്റം കൊണ്ടുവന്നു.

ഇത്തരം ഒരു മാറ്റം അതിനു പല തരത്തിലുള്ള ഇടര്‍ച്ചകളും പരിണാമങ്ങളും ഒക്കെ ഉണ്ടായെങ്കിലും അത് രൂപപ്പെടുന്നത് കൊച്ചി എന്ന ലൊക്കേഷനിലൂടെയാണ്. അത് കേരളത്തിന്റെ മലയാള സിനിമയിലെ പാരമ്പര്യമായ ലൗഡ് ആയ നായര്‍-ഹിന്ദു സൗന്ദര്യശാസ്ത്രത്തെ പൊളിച്ച് പാളീസ് ആക്കിയിട്ടുണ്ട്. കാലത്തിന്റെ മാറ്റവും പുതിയ തലമുറകളുടെ വികാസവും അതിനു കാരണമായിട്ടുണ്ട്.

ഇതിന്റെ ഒക്കെ ഒരു ചുരുക്കം കൂടിയാണ്, മയക്കുമരുന്ന്, കഞ്ചാവ് എന്നിവ ഒക്കെ ചേര്‍ത്ത് വെച്ച് ഇത്തരം സിനിമകളെ ‘മട്ടാഞ്ചേരി മാഫിയ’ എന്നൊക്കെ തള്ളി വിട്ടു ആശ്വാസം കൊള്ളുന്നത് – മാറുന്ന സിനിമാറ്റിക് ടെക്സ്റ്റുകള്‍ക്കനുസരിച്ച് അപ്ഡേറ്റഡ് ആകാത്തതിന്റെ ചൊറുക്കു ആണ് അത്. മലയാളിയെ സംബന്ധിച്ചിടത്തോളം ഒറ്റപ്പാലം തറവാടും വാത്സല്യത്തിലെ വല്യേട്ടനും നാഗക്കാവും കഥകളിയും ഓണവും ഒക്കെ ചേര്‍ന്ന ഒരു ഊ..(മ്പിയ)ജ്ജ്വലമായ ലോകമാണ്. അതിനെ ഇത്തരം സിനിമകള്‍ തുരങ്കം വെച്ചതാണ് മട്ടാഞ്ചേരി മാഫിയ എന്നു വിളിച്ചു കൊണ്ടുള്ള കലിപ്പ്. അത് മാത്രമല്ല, ദിലീപിനെ പോലുള്ളവരെ ”ഞങ്ങള്‍ ബഹിഷ്‌കരിച്ചു” എന്നൊക്കെ ഉള്ള ആക്ടിവിസ്റ്റ് മുദ്രാവാക്യങ്ങള്‍ കേരളത്തില്‍ ഉയരുന്നുണ്ട്. അയാളെ ഒന്നും ഇനി മുദ്രാവാക്യം വിളിച്ചു പോസ്റ്റ് ഇട്ടു ബഹിഷ്‌കരിക്കേണ്ടി വരില്ല; പുതിയ സിനിമയുടെ സൗന്ദര്യശാസ്ത്രവുമായി അയാളുടെ സിനിമകള്‍ക്ക് ഇനി കമ്മ്യൂണിക്കേറ്റ് ചെയ്യാന്‍ പറ്റില്ല എന്നാണ് തോന്നുന്നത്. അയാള്‍ ഒക്കെ മാറുന്ന സിനിമയിലെ ഒരു കോമഡി പീസ് ആയി ഇനിയുള്ള കാലം മാഞ്ഞുപോയിക്കോളും.

അതിനര്‍ത്ഥം ഇത്തരം സിനിമകള്‍ ഏകതാനമായ രീതിയില്‍ മലയാള സിനിമയുടെ ഐക്കണ്‍ ആകുന്നു എന്നും അല്ല. പക്ഷേ നിലനിന്നിരുന്ന സിനിമാറ്റിക് ടെക്സ്റ്റുകളെ അട്ടിമറിച്ചവരെ ”മട്ടാഞ്ചേരി മാഫിയ” എന്നൊക്കെ വിളിക്കുമ്പോഴുള്ള ആ കലിപ്പും ചൊറിയും കാണാന്‍ തന്നെ നല്ല രസമാണ്.

The opinions and positions expressed in articles published and comments posted here are those of its authors and not of Chenda.co.    The author has full responsibility for the views.   Making derogatory statements and/or using abusive words/statements against any individual, society, religion, or country is a punishable offense under the provisions of the IT policy and the Central Government Act.   Any such statement/words/comments will attract legal action.

No Comments yet!

Your Email address will not be published.