Skip to main content

പൂനിലകൾ – വീണും വിരിഞ്ഞും

വിരിഞ്ഞ
പൂവായ് നിൽക്കാൻ
പലതുണ്ട് പ്രയാസങ്ങൾ –
ഞെട്ടിനോടൊട്ടണം,
കാറ്റിനാലിക്കിളിപ്പെട്ടും കിളിപ്പേച്ച്
കേട്ടും ചിരിക്കണം.
മണമുതിർക്കണം,
മധുവൊളിക്കണം,
നിറങ്ങൾ
വാരിവാരിയണിയണം
മേലാകെ.

വിരിഞ്ഞ പൂവായ് നിൽക്കാൻ
വേറെയുമുണ്ട് പ്രയാസങ്ങൾ –
ശലഭത്തോടും വണ്ടിനോടും
മാറിമാറിപ്പേശണം,
പല ഭാഷയിൽ.
തേനൊഴുക്കണം,
കൊതിയടക്കണം,
മലർന്നേ മലരായ്
നടിക്കണം.
മണം
വേലിക്കപ്പുറം
പരക്കാതൊതുക്കണം
ദളച്ചെപ്പിൽ.
(മൊട്ടായിരുന്നാൽ
മതിയായിരുന്നു,
മൊട്ടായടർന്നാൽ
മതിയായിരുന്നു).

വീണപൂവായ് – ക്കഴിഞ്ഞാൽ
പലതുണ്ട് സൗകര്യങ്ങൾ –
വിരിഞ്ഞു വിലസേണ്ട,
വിരഞ്ഞു തളരേണ്ട,
ചിത്രശലഭത്തിനും തേനീച്ചയ്ക്കും വണ്ടിനും
വിരുന്നൊരുക്കേണ്ട,
സ്വയം വിളമ്പേണ്ട.
വാടിയ മോഹത്തിൻ
വാട
വിഴുങ്ങേണ്ട.
മണ്ണിലുറങ്ങാം,
ഉണരാതടയ്ക്കാം
മിഴികൾ.
മണമോ നിറമോ
മധുവോ ഇല്ലാതെ
മെല്ലെമെല്ലെന്നഴിയാം.
അഴിഞ്ഞഴിഞ്ഞ്
അലിയാം,
അകലാം.

***

No Comments yet!

Your Email address will not be published.