Skip to main content

വിട്ടുപോകുമ്പോള്‍…

വിട്ടുപോകുമ്പോള്‍
നിഴലുപോലും ബാക്കിവെയ്ക്കരുത്
ഉയിര്‍ ഓര്‍മ്മകള്‍ ഉടല്‍ കോര്‍ത്ത്
സഹശയനത്താല്‍ ഇല്ലാതാവും

ഉച്ചയൊച്ച നമ്മളായി ഒരുമിച്ചുണ്ടൊരു വറ്റ്
തുറന്നുപറച്ചിലിന്റെ കരിമണ്ണു ചിക്കിയ
ഓര്‍മ്മക്കീറിലെ നനഞ്ഞ കിനിവ്
കാറ്റിടര്‍ച്ചയിലെ നിഴല്‍വിലാപങ്ങള്‍
തുടിച്ചിരി പൊട്ടിയ മൗനമഴ
നിലാവിലലിഞ്ഞ പാലപ്പൂ ഗന്ധമേറ്റ്
മുറിഞ്ഞ മനസ്സ്…

വിട്ടുപോകുമ്പോള്‍ ഓര്‍ത്ത് പോകരുത്
നമ്മളൊന്നിച്ചുണ്ടുണര്‍ന്ന പ്രണയവെയിലുകളെ
മറന്ന് പുല്‍കിയ വിസ്മയവസന്തങ്ങളെ
ഒന്നിച്ചില്ലാതായ കനല്‍മിന്നലുകളെ

വിട്ടുപോകുമ്പോള്‍ ഇട്ടേച്ചു പോകരുത്
ഇടനെഞ്ചില്‍ നീ പകര്‍ന്ന ഓര്‍മ്മപ്പെരുക്കങ്ങളെ

അകലങ്ങളിരുമനങ്ങള്‍ ഒരു കുളിര്‍ക്കാറ്റേല്‍ക്കുന്നു
ഒരേ ഗന്ധമറിയുന്നു, ഒരുമിച്ചലയുന്നു
ഒന്നായിത്തീരുന്നു…

മറന്നേക്കുക,
പകര്‍ന്ന മുറിവേല്‍ക്കുക…
നിന്നില്‍ നിന്ന് എന്നിലേക്കും
എന്നില്‍ നിന്ന് നിന്നിലേക്കും!

***

One Reply to “വിട്ടുപോകുമ്പോള്‍…”

  1. ശോഭന, ആദ്യത്തെ ജൂനിയർ സൂപ്രണ്ട്, പാലക്കാട്‌ പോളി,

    കവിത നന്നായിരുന്നു

Your Email address will not be published.