

നിശിതവും കൃത്യവുമായ പ്രമേയമോ ഇതിവൃത്തമോ ടി.ആർ. കഥകളിൽ കണ്ടെത്താൻ കഴിയില്ല.
”കഥയുടെ മാദ്ധ്യമം നിമിഷപരമ്പരയിലൂടെ നീളുന്ന പദപരമ്പരയും അത് നിഴലിക്കുന്ന കാല പ്രവാഹവും ആണ്”
എന്നെഴുതിയ ടി ആറിനെ സംബന്ധിച്ചിടത്തോളം കഥയില്‍ പ്രമേയത്തിനുള്ള സ്ഥാനം ഈ വാക്കുകളുടെ അര്‍ത്ഥത്തിനപ്പുറം എത്തുന്നതായിരിക്കില്ലെന്നു തീര്‍ച്ച! ഏതെങ്കിലും ടി ആർ കഥയെ അതിന്‍റെ പ്രമേയസാദ്ധ്യതകളിൽ നിന്നുകൊണ്ട് പരിചരിക്കാനുള്ള ശ്രമം ഒരു സാഹസമോ അന്യായമോ ആവാം! എങ്കിലും, ഇവിടെ അതാണ് ചെയ്യുന്നത്.
‘ജാസ്സക്കിനെ കൊല്ലരുത്’ എന്ന കഥയിലെ ”നിമിഷപരമ്പരയിലൂടെ നീളുന്ന പദപരമ്പര”യിൽ നിന്നും പ്രമേയത്തെ കണ്ടെത്താനുള്ള ഒരു ശ്രമമാണ് ഈ ലേഖനം നിർവ്വഹിക്കുന്നത്.

മദ്ധ്യവര്‍ഗ്ഗത്തിന്റെ മൂല്യബോധവും ആശയസംസ്‌കാരവും കേരളീയസമൂഹത്തിന്റെ പൊതുബോധത്തെ നയിക്കാന്‍ തുടങ്ങുന്ന കാലം. കേരളത്തിലെ മുഖ്യ ഇടതുപക്ഷപ്രസ്ഥാനങ്ങള്‍ മദ്ധ്യവര്ഗ്ഗതാല്പര്യസംരക്ഷണത്
– ‘ജാസ്സക്കിനെ കൊല്ലരുത്.’
കേരളചരിത്രത്തിലെ ഒരു പരിവര്‍ത്തനഘട്ടത്തില്‍ പെറ്റിബൂര്‍ഷ്വാസിയുടെ ആന്തരികദൗര്‍ബ്ബല്യങ്ങളെ പൊളിച്ചുകാട്ടിക്കൊണ്ട് വിമോചനപരമായ മൂല്യങ്ങള്‍ക്കു പ്രതിരോധം ചമയ്ക്കുന്ന അബോധപരമായ പരിശ്രമമായിരുന്നു ആ കഥ. രൂപശില്പത്തിലും ഭാവാത്മകതയിലും തന്റേതുമാത്രമായ ചിലതു സൃഷ്ടിക്കാന്‍ തുനിഞ്ഞ ടി ആര്‍ എന്ന കഥാകാരന്‍ മദ്ധ്യവര്‍ഗ്ഗത്തിനു വേണ്ടി സംഘടിപ്പിക്കപ്പെട്ട ഘോഷയാത്രകള്‍ക്കിടയില്‍ എതിരെ ഒറ്റയ്ക്കു നടക്കാനുളള ചങ്കൂറ്റം പ്രകടിപ്പിച്ചുകൊണ്ട് തന്റെ ആശയലോകത്തിന്റെ വ്യതിരിക്തത വ്യക്തമാക്കുകയായിരുന്നു.
മദ്ധ്യവര്‍ഗ്ഗത്തിന്റെ വിഘടിതമായ ആത്മാവിന്റെ സഞ്ചാരങ്ങള്‍ ഈ കഥയില്‍ ആവിഷ്‌കൃതമാകുന്നു. ജാസ്സക്ക് മദ്ധ്യവര്‍ഗ്ഗത്തിന്റെ പ്രതിനിധിയാണ്. രാജഭക്തി, ജ്യോതിഷത്തില്‍ വിശ്വാസം, വിപ്ലവത്തോട് ആഭിമുഖ്യം, ഗൃഹാതുരത്വം ..എന്നിങ്ങനെ പരസ്പരം വിലയിക്കാന്‍ വിസമ്മതിക്കുന്ന സ്വഭാവവിശേഷങ്ങളും താല്പര്യങ്ങളും ബര്‍ണാഡോ ഫ്രാങ്ക് ജാസ്സക്കില്‍ കൂടിച്ചേരുന്നത് നാം കാണുന്നു. അവന്‍ ഒട്ടകത്തിന്റെ വേഷം കെട്ടിയവനാണ്. രാജാവിന്റെ ഒട്ടകത്തിന്റെ സൂക്ഷിപ്പുകാരന്‍, അവനെ ഒട്ടകം എന്നു തന്നെ വിളിക്കണം. മദ്ധ്യവര്‍ഗക്കാരന്‍ ഒരു ഒട്ടകമാണ്. ഏതു കൊടും വേനലിലും മരുഭൂവിലും ഇവന്‍ നടക്കും.; രാജാവ് കല്പിച്ചു നല്കുന്ന കൊടും ചൂമടുമേന്തി. അവന്റെ ജീവിതം രാജാവിനുവേണ്ടി. പ്രണയത്തിന്‍റെ പ്രകരണത്തെ മുന്‍നിര്‍ത്തിയാണെങ്കിലും ഒട്ടകത്തെ കുറിച്ച് കെ ജി എസ് എഴുതിയത് ഓര്‍മ്മ വരുന്നു.
”കള്ളിമുള്ള്
ചവച്ചുചവച്ച്
അവന്‍റെ നാവ്
ഒരു കല്ലിലയായി”
(ഒട്ടകം – കെ ജി എസ് )

എന്നാല്‍, അവന്റെ വിഭജിതമായ ആത്മാവ് ചിലപ്പോള്‍ എതിര്‍വശത്തേക്ക് ചലിക്കുന്നു. അവന്‍ അങ്ങോട്ടു നയിക്കപ്പെടുന്നു. തന്റെ ദൈന്യവും നിസ്സഹായതയുടെ ആഴവും മരുഭൂമിയിലെ ചുമട്ടുകാരന്‍ മനസ്സിലാക്കുന്ന നിമിഷങ്ങളാണിത്. ആനക്കൊട്ടിലിലേക്കുളള ഉദ്യോഗക്കയറ്റമെന്ന ഒരിക്കലും അടങ്ങാത്ത മോഹം തീവ്രതയാര്‍ജ്ജിക്കുന്നു. പീഡകന്റേയും പീഡിതന്റേയും സുദൃഢമായ ആത്മാവബോധങ്ങള്‍ക്കിടയില്‍ ഞെരുങ്ങുന്ന മദ്ധ്യവര്‍ഗ്ഗം എപ്പോഴും അധീശത്വത്തോളം വളരണമെന്നാണ് ആഗ്രഹിക്കുന്നത്. കീഴാളനോടുളള ഇവരുടെ അനുഭാവം അധീശത്വത്തോടുളള തന്റെ സ്വാര്‍ത്ഥ താല്പര്യങ്ങളിലെ വൈരുദ്ധ്യങ്ങളില്‍ നിന്നുമാത്രം ഉയിരെടുക്കുന്നതാണ്. ജാസ്സക്കിന്റെ മോഹം സഫലമായില്ല. അവന്‍ തീര്‍ത്ഥാടനത്തിനിറങ്ങി. മോഹങ്ങള്‍ വിഫലമാകുമ്പോള്‍ പുണ്യം തേടി തീര്‍ത്ഥാടനത്തിനൊരുങ്ങുന്ന ജാസ്സക്കിന്റെ പ്രവൃത്തി അയാളുടെ വര്‍ഗ്ഗസ്വഭാവത്തെ വിശദീകരിക്കുന്നതാണ്. ജാസ്സക്ക് തിരിച്ചെത്തുമ്പോഴേയ്ക്കും രാജാധിപത്യം അവസാനിച്ചിരിക്കുന്നു. ഇപ്പോഴും അവന്റെ രാജഭക്തി ഒടുങ്ങിയിട്ടില്ല. കൊട്ടാരത്തിന്റെ പതനത്തില്‍ അവന്‍ കണ്ണുനീര്‍ വാര്‍ത്തു. രാജാവ് ഇറച്ചിക്കടയിലെ കശാപ്പുകാരനായി മാറിയിരുന്നു. രാജാവിനോടു കൂറുകാട്ടാന്‍ വെമ്പല്‍ കൊളളുന്ന ജാസ്സക്കിനോടു രാജാവ് ലജ്ജയോടെ സഹായമഭ്യര്‍ത്ഥിക്കുന്നു. ജാസ്സക്കിന്റെ ഉടലും തുടയും കൊഴുപ്പുമുറ്റിയ മുതുകും രാജാവിന്റെ ഇറച്ചിക്കടയിലെ മുളങ്കമ്പുകളില്‍ തൂങ്ങുന്നതാണ് കഥയിലെ അവസാന കാഴ്ച. തന്റെ ആത്മാവു മാത്രമല്ല; ശരീരം കൂടി രാജാവിനു വേണ്ടി നിവേദിക്കുന്ന ജാസ്സക്കിനെ നാം കാണുന്നു. ഇത് മദ്ധ്യവര്‍ഗ്ഗത്തിന്റെ അവസാന വിധിയാണ്. മദ്ധ്യവര്‍ഗ്ഗത്തിന്റെ ആന്തരികദൗര്‍ബ്ബല്യങ്ങള്‍ അറിയുന്നവന്റെ അനുതാപത്തിന്റെ സ്വരത്തോടൊപ്പം വിമര്‍ശനത്തിന്റെ ഉഗ്രശബ്ദം കൂടി ഈ കഥയില്‍ നാം കേള്‍ക്കുന്നു. സ്വയം സന്നദ്ധനായി രാജാവിനുവേണ്ടി ഇറച്ചിയായി തൂങ്ങുന്ന ജാസ്സക്കിനോടുളള കഥാകാരന്റെ സഹതാപവും പുച്ഛവുമാണ് ‘ജാസ്സക്കിനെ കൊല്ലരുത്’ എന്ന കഥാശീര്‍ഷകത്തിലൂടെ നാം വായിക്കുന്നത്.

മദ്ധ്യവര്‍ഗ്ഗത്തിന്റെ വക്താവും വിമര്‍ശകനുമായിരിക്കുന്ന ആഖ്യാതാവിനെയാണ് കഥയിലുടെ നാം പരിചയപ്പെടുന്നത്. വിപ്ലവത്തെ കുറിച്ചുള്ള പരാമര്‍ശങ്ങളില്‍ ആഖ്യാതാവിന്റെ സവിശേഷശൈലി നന്നായി തെളിയുന്നു. രാജാധിപത്യത്തെ തകര്‍ത്തത് ഭൂകമ്പമാണെന്ന് കൊട്ടാരത്തിലെ ഭിഷഗ്വരന്‍ ജാസ്സക്കിനോടു പറയുന്നു. ഭൂകമ്പം മണ്ണിന് പശിമയേറ്റി. ഇലകള്‍ക്കു ഹരിതമേറി. വിള ഇരട്ടിച്ചു. കര്‍ഷകന്‍ അധികാരമേറി. തികഞ്ഞ സാമൂഹികശാസ്ത്രാവബോധത്തോടെയാണ് ഇത്തരമൊരു പരിണാമം കല്പന ചെയ്യുന്നത്. കര്‍ഷകരുടെ വിപ്ലവത്തെ സംജാതമാക്കുന്ന വസ്തുനിഷ്ഠസാഹചര്യങ്ങള്‍ക്കു നല്കുന്ന ഊന്നലില്‍ ശാസ്ത്രീയമായ നിഷ്‌കര്‍ഷ കാണാം. വിപ്ലവത്തെക്കുറിച്ചുളള പ്രവചനങ്ങളും അതിന്റെ വിമര്‍ശനങ്ങളുമായിത്തീരുന്ന വാക്കുകള്‍ പറയുന്നത് ജോത്സ്യനും പുരോഹിതനുമാണ്. ഇവരും മദ്ധ്യവര്‍ഗ്ഗക്കാര്‍ തന്നെ. ജ്യോത്സ്യന്റേയും പുരോഹിതന്റേയും വാക്കുകളില്‍ വിപ്ലവത്തിന്റെ അപര്യാപ്തതയെക്കുറിച്ചുളള സന്ദേഹങ്ങള്‍ നിറഞ്ഞുനില്ക്കുന്നു. ”രക്തരഹിതം മുതല്‍ ചിലിവരെയുളള സമസ്ത വിപ്ലവസമ്പ്രദായങ്ങളും കേവലം അഞ്ചാണ്ടുകൊണ്ട് നിന്റെ രാജ്യം പിന്നിട്ടതു കണ്ട് നീ ആഹ്ലാദിക്കും” എന്നു പ്രവചിക്കുന്ന ജോത്സ്യന്‍ ഒരിക്കലും ഫലപ്രാപ്തിയെത്താത്ത ‘വിപ്ലവത്തിനു വേണ്ടിയുളള വിപ്ലവ’ങ്ങളെ പുച്ഛിക്കുകയാണ്. മാര്‍ക്‌സിസവും ഫെമിനിസവും ഹരിതരാഷ്ട്രീയവുമെല്ലാം നിമിഷനേരം കൊണ്ട് പിന്നിടുന്ന സമകാലകേരളസമൂഹത്തിന്റെ അവസ്ഥയിലേക്ക് എത്തിനോക്കുന്ന വാക്കുകളാണിത്. ഒട്ടുനാള്‍ കാത്തിട്ടും ഒന്നും മാറാത്തതുകണ്ട് മനം മടുത്ത ചരിത്രം അറ്റകൈയായി അയച്ചതാണ് ഭൂകമ്പമെന്ന പുരോഹിതന്റെ വാക്കുകളില്‍ ഇന്ത്യന്‍ സമൂഹത്തിന്റെ ചലനമറ്റ ആത്മാവും ജീര്‍ണ്ണപാരമ്പര്യവും വിശ്ലേഷണത്തിനു വിധേയമാകുന്നുണ്ട്. വിഘടിതമായ ആത്മാവിന്റെ സദ്ഭാവങ്ങളെ പുരോഹിതന്റെയോ ജോത്സ്യന്റേയോ വാക്കുകളിലൂടെ അവതരിപ്പിച്ചു കൊണ്ട് മദ്ധ്യവര്‍ഗ്ഗത്തിന്റെ യാഥാസ്ഥികത്വത്തോടുളള അഭിനിവേശത്തയും വ്യവസ്ഥാപിതത്വത്തില്‍ നിന്നു മുക്തമാകാന്‍ ഈ വര്‍ഗ്ഗം അഭിലഷിക്കുന്നില്ലെന്ന യാഥാര്‍ത്ഥ്യത്തേയും കഥാകാരന്‍ അഭിവ്യഞ്ജിപ്പിക്കുന്നു. വിപ്ലവത്തെ കുറിച്ച് തങ്ങളുടേതു മാത്രമായ ചില ധാരണകള്‍ സ്വരൂപിക്കുന്ന മദ്ധ്യവര്‍ഗ്ഗത്തിന് ഒരിക്കലും വിപ്ലവത്തിന്റെ ആഘാതങ്ങള്‍ താങ്ങാന്‍ കഴിയുകയില്ല.
”ജാസ്സക്ക്, കൊട്ടാരത്തിന്റെ പതനത്തില്‍ ആഹ്ലാദിക്കുന്നതിനു പകരം നീ കണ്ണീര്‍ വാര്‍ത്തുവോ? എന്താണിത്ര കദനഭാരം? വര്‍ഗ്ഗശതുവിന്റെ വീഴ്ച നിന്റെ പെറ്റി ബൂര്‍ഷ്വാഹൃദയത്തെ തകര്‍ത്തുകളഞ്ഞു.”
മദ്ധ്യവര്‍ഗ്ഗത്തിന്റെ വര്‍ഗ്ഗപരമായ പരിമിതികളെകുറിച്ചുളള വിചാരങ്ങള്‍ ഇങ്ങനെയെല്ലാം കഥയില്‍ പ്രത്യക്ഷമാകുന്നു. മദ്ധ്യവര്‍ഗ്ഗത്തിന് ഉല്‍പ്പാദന പ്രവര്‍ത്തനങ്ങളില്‍ ഒരുപങ്കും നിര്‍വ്വഹിക്കാനില്ല. അവര്‍ ഉല്‍പ്പാദനോപകരണങ്ങളുടെ ഉടമകളല്ല. അദ്ധ്വാനശക്തിയെ വില്‍ക്കുന്ന തെണ്ടിവര്‍ഗ്ഗവുമല്ല. ഒട്ടകത്തട്ടുകാരന്‍, പുരോഹിതന്‍, ഭിഷഗ്വരന്‍.. അധീശത്വ ശക്തികള്‍ക്കു വേണ്ടി ചെയ്യുന്ന സേവനത്തിന്റെ മറവില്‍ ഈ പരാന്നഭോജികള്‍ കാലം കഴിക്കുന്നു. അധികാരവ്യവസ്ഥയോടുളള ആശ്രിതത്വത്തിലൂടെ മാത്രമേ ഇവരുടെ അസ്തിത്വം നിര്‍വ്വചിക്കപ്പെടുന്നുളളൂ. പുതിയ രാജാവിന്റെ അധികാരത്തിന് പ്രതിമകളെപ്പോലെ കാവല്‍ നില്ക്കാനോ പഴയ രാജാവിനു വേണ്ടി കശാപ്പുശാലയില്‍ ഇറച്ചിക്കഷണമായി തൂങ്ങാനോ ഇവര്‍ക്കു വിധി!
മലയാളകഥ സ്ഥൂലലോകവ്യാപാരങ്ങളെ വിട്ട് അതിസൂക്ഷ്മതകളിലേക്ക് ആദ്യമായി ഇറങ്ങിച്ചെല്ലുന്നത് ടി.ആറിന്റെ കഥകളിലാണ്. ‘ജാസ്സക്കിനെ കൊല്ലരുത്’ സുനിശ്ചിതമായി പറയാന്‍ കഴിയാത്ത പല കാര്യങ്ങളേയും സംവഹിക്കുന്നുണ്ട്. ഇവിടെ, കഥയിലെ ചില മൂലകങ്ങളെ ഫോക്കസ് ചെയ്തുകൊണ്ട് അര്‍ത്ഥോല്‍പ്പാദനത്തിനായി അനുവാചകന്‍ നടത്തുന്ന ശ്രമങ്ങള്‍ യാഥാര്‍ത്ഥ്യത്തിന്റെ പരിമിതമല്ലാത്ത ഇതരലോകത്തെ യുക്തിഭദ്രമായി അറിയുന്നതില്‍ നിന്നും അയാളെ തടയുന്നു. കഥ കൂടുതല്‍ കൂടുതല്‍ സൂക്ഷ്മലോകയാഥാര്ത്ഥ്യങ്ങളിലേ
(ടി ആർ അന്തരിച്ച വേളയിൽ എഴുതിയ ഒരു കഥാനിരൂപണമാണിത്. അന്ന് മാതൃഭൂമി ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ചു വന്നു. വളരെ ചെറിയ ഭേദഗതികളോടെ, കൂട്ടിച്ചേര്‍ക്കലുകളോടെ പുതുക്കിയാണ് ഇപ്പോൾ ഇതു പ്രസിദ്ധീകരിക്കുന്നത്. ഈ ലേഖനം വായിച്ചിട്ട് ‘പഠിച്ചതല്ലേ പാടൂ’ എന്ന് ഒരു സുഹൃത്ത് അഭിപ്രായം പറയുകയുണ്ടായി. എന്‍റെ ബോദ്ധ്യങ്ങളെയും ദർശനത്തെയും ടിആർ രചിച്ച കഥയിൽ ആരോപിക്കുകയാണ് ഞാൻ ചെയ്തത് എന്നാവാം സുഹൃത്ത് ഉദ്ദേശിച്ചത്. തീർച്ചയായും, ടിആർ രചിച്ച കഥകൾ വ്യത്യസ്തങ്ങളായ അനേകം വായനകൾ ആവശ്യപ്പെടുന്നുണ്ട്. ടി ആർ സാഹിത്യത്തിന്‍റെ സാദ്ധ്യതകൾ അനവധിയാണെന്ന് പറയപ്പെട്ടിട്ടുണ്ടെങ്കിലും ആ ലോകത്തേക്ക് ആരും അധികം എത്തി നോക്കിയിട്ടില്ല. )
അഭിനവ കഥകള്‍
രചന : ടി.ആര്‍.
പ്രസാധനം : ഡി.സി.ബുക്‌സ്, കോട്ടയം
വില : 350 രൂപ







No Comments yet!