Skip to main content

ജൈവനീതിയുടെ കാവ്യ ഭൂപടം 

യാത്രയും പ്രകൃതിബോധവും ആത്മാന്വേഷണവും ചേർന്ന് രൂപപ്പെടുത്തിയ വാഗ് വിചാരങ്ങളും വിനിമയങ്ങളുമാണ് റഷീദ് വെളിയങ്കോടിന്റെ കവിതകൾ. അസമിന്റെ സാംസ്കാരിക തലസ്ഥാനം എന്നറിയപ്പെടുന്ന, മത്സ്യബന്ധനത്തിൽ ഏർപ്പെടുന്ന മിഷിങ് ഗോത്രക്കാർ അധിവസിക്കുന്ന, ഇന്ത്യയിൽ തന്നെ ഒരു ജില്ലയായി പ്രഖ്യാപിക്കപ്പെട്ട ദ്വീപായ മാജുലിയിലേക്കുള്ള യാത്രയും അത് നൽകിയ ആന്തരിക സ്വാസ്ഥ്യവുമാണ് ഈ പുസ്തകത്തിന്റെ പേരിൽ അടയാളപ്പെടുന്നത്. ബ്രഹ്മപുത്രയിലെ ഈ നദീജന്യ ദ്വീപ് മലയാള കവിതയുടെ ഭാവനാലോകത്ത് പല മാനങ്ങളിൽ വികസിക്കുന്നതിന്റെ ഉൾ സാരങ്ങൾ തന്നെയാണ് പല കവിതകളിലും പ്രകാശിക്കുന്നത്.
അമേരിക്കൻ ക്ലാസിക് കൃതിയായ’ വാൾഡൻ ‘ ഒരു തടാകത്തിന്റെ പേരാണല്ലോ. ഇരുപത്താറ് മാസക്കാലം ഒരു കുടിൽകെട്ടി വാൾഡൻ തടാകക്കരയിൽ കഴിഞ്ഞതിന്റെ ആന്തരികാനുഭൂതിയാണ് ഹെൻറി ഡേവിഡ് തോറോ എഴുതിയത് .ആധുനിക നാഗരികതയുടെ ആസുരതകൾക്കെതിരെ എക്കാലവും ശബ്ദിക്കുന്ന സൗമ്യവും അർത്ഥ ദീർഘവുമായ പാരിസ്ഥിതിക ആത്മീയ തലങ്ങൾ ഉൾക്കൊള്ളുന്ന കൃതി കൂടിയാണ്  ‘വാൾഡൻ  ‘. മാജുലിയെ ക്കുറിച്ച് റഷീദ് വെളിയങ്കോട് എഴുതുമ്പോൾ സ്വാതന്ത്ര്യത്തിന്റെ ഹരിത ബോധ്യങ്ങൾ ഭാവനാലോകത്ത് പച്ചകുത്തുന്നു. ആകാശത്ത് കവിതയെഴുതാനും മേഘച്ചിറകുകളാൽ യാത്രാനുഭവങ്ങൾ പങ്കുവെക്കാനും പ്രതീക്ഷയറ്റ ജനങ്ങളെ ഉറക്കത്തിൽ നിന്ന് ഉണർത്താനും യാത്രയും പ്രകൃതി ബോധവും കൊണ്ട് സ്വരൂപിച്ച സ്വാതന്ത്ര്യത്തിന്റെ ആത്മീയ ധന്യത കവിതയിലേക്ക് പരിഭാഷപ്പെടുത്തുന്നു.
മണ്ണും ജലവും പാരസ്പര്യപ്പെടുന്ന ആത്മ ഭാവങ്ങൾ കുറിച്ചുകൊണ്ട് ഹരിതബോധ്യങ്ങളെ വെളിപ്പെടുത്തുന്നിടത്ത് കവിത ഒരു ജൈവ രാഷ്ട്രീയമായി പ്രവർത്തിക്കുന്നു. കര/കുളം എന്ന ബൈനറി ക്കളികൾ കൊണ്ട് നാഗരികത പ്രകൃതിയെ സത്തയിൽ നിന്ന് വേർപെടുത്തി ഉപഭോഗിക്കുന്നിടത്ത് നഷ്ടപ്പെടുന്നത് ജീവിതത്തിന്റെ തന്നെ നിലനിൽപ്പാണ്. പ്രകൃതിയും മനുഷ്യനും രണ്ടല്ല, ഒന്നാണെന്ന ലളിതമായ പാഠങ്ങൾ അട്ടിമറിക്കുന്നിടത്ത് ജൈവനീതി കലർന്ന കാവ്യാത്മകമായ ചിന്തകൾക്ക് ഏറെ പ്രസക്തിയുണ്ട് .
‘ബ്രഹ്മപുത്ര മാജുലിയോട് പറയുന്നതെന്തെന്നാൽ …’എന്ന കവിത നദിയും കരയും തമ്മിലുള്ള ആത്മബന്ധത്തിന്റെ സൂക്ഷ്മമായ ആവിഷ്കാരമാണ് . ദ്വൈതത്തെ റദ്ദ് ചെയ്ത് അദ്വൈതത്തിന്റെ ഹൃദയ ഭൂമികയിലേക്ക് പല വിതാനങ്ങളിൽ ചേർത്തുവെക്കുന്ന അനുരാഗത്തിന്റെയും സാഹോദര്യത്തിന്റെയുമടക്കം എല്ലാ ജൈവബന്ധങ്ങളുടെയും നീതി വിചാരം കൂടിയാണ് കവിത. ” ഞാനും നീയും ഒന്നാകുമ്പോൾ ലോകം മുഴുവനും നമുക്ക് വഴികൾ തുറക്കുന്നു “എന്ന് ബ്രഹ്മപുത്ര മാജുലിയോട് പറയുന്നത് അതുകൊണ്ടാണ്.
“എന്റെ കരകളിൽ നീയൊരു പൂങ്കാവനം തീർക്കുന്നു. ചിരിക്കുമ്പോഴൊക്കെയും നിന്റെ കണ്ണുകളിൽ മഴവില്ലുകൾ പൂക്കുന്നുണ്ട് .
കാലം കടന്നാലും നീ മായാത്തൊരു കഥ
എന്റെ ഒഴുക്കിനൊപ്പം നടമാടുന്നൊരു മോഹിനി നക്ഷത്രങ്ങൾ സാക്ഷിയായി ,
ചന്ദ്രികയെ ചുംബിച്ച് കൂടെയൊരു സുന്ദരി
മാജുലീ, നീയെന്നോട് ചേർന്നിരിക്കെ
ഞാനൊരിക്കലും ഏകാകിയാകുന്നില്ല.”
(ബ്രഹ്മപുത്ര മാജുലിയോട് പറയുന്നതെന്തെന്നാൽ… )
വെറും മണ്ണും ജലവുമായല്ല, ജീവചൈതന്യമായാണ് ബ്രഹ്മപുത്രയും
മാജുലിയും കവിയുടെ ബോധ്യങ്ങളിൽ അഗാധവും വിസ്തൃതവുമായ  പ്രണയത്തോടെ ആശ്ലേഷിക്കുന്നത്.
സർവ്വചരാചരങ്ങളിലും ജീവിതത്തിന്റെ ചലനം കാംക്ഷിക്കുകയും ഉൾക്കൊള്ളുകയും ചെയ്യുന്നിടത്താണ് കവിയുടെ ദർശനങ്ങൾ നൂതനമായ ആവിഷ്കാരമായി നിർണയിക്കപ്പെടുന്നത്. മഴയും സ്കൂളും ഒരു കുട്ടിയുടെ കാഴ്ചയ്ക്കൊപ്പം കുസൃതിയും പ്രസരിപ്പുമായി ക്ലാസ് മുറിക്കകത്ത് പൊട്ടിച്ചിരിക്കുന്നതിന്റെ കളിമ്പങ്ങൾ ഏറെ ഹൃദ്യമാണ്.
” മഴയ്ക്കും സ്കൂളിനും ഒരൊറ്റ ഹെഡ്മാസ്റ്റർ ആയിരുന്നു
സ്കൂൾ തുറന്നാൽ
മഴയും ക്ലാസ്സിൽ കയറാനെത്തും
കുടയും മടക്കി
അത് കുട്ടികളുടെ കൂടെ നടക്കും “
(മഴ)
മഴയും ഹെഡ്മാസ്റ്ററും പ്യൂണും കളക്ടറും ബെല്ലടിക്കുന്ന റെയിൽപാളക്കഷണവും നനഞ്ഞ കുടയും കളിവഞ്ചിയും ഇമ്പോസിഷൻ എഴുതിയ കടലാസുകളും കവിതയ്ക്കകത്തിരുന്ന് കലമ്പുന്നിടത്ത് കവിത ഒരു കാലത്തെ സ്കൂൾ ഓർമ്മകൾക്ക് ജീവൻ കൊടുക്കുകയാണ് .
“മഴ ക്ലാസ്സിൽ കയറിയാൽ കലക്ടർ സ്കൂൾ പൂട്ടും ഹെഡ്മാസ്റ്ററെ പേടിച്ചിട്ടാണോ
കലക്ടറെ തോൽപ്പിക്കാനോ എന്നറിയില്ല
സ്കൂൾ പൂട്ടിയാൽ പിന്നെ മഴ പുറത്തേക്കിറങ്ങാറില്ല
മഴ ക്ലാസ്സിൽ കയറിയാൽ കലക്ടർ സ്കൂൾ പൂട്ടും ഹെഡ്മാസ്റ്ററെ പേടിച്ചിട്ടാണോ
കലക്ടറെ തോൽപ്പിക്കാനോ എന്നറിയില്ല
സ്കൂൾ പൂട്ടിയാൽ പിന്നെ മഴ പുറത്തേക്കിറങ്ങാറില്ല ഇന്നിപ്പോ കൂടെ കളിക്കാൻ കുട്ടികളെ കിട്ടാഞ്ഞിട്ടാവും സ്കൂൾ തുറന്നാലും ചെലപ്പോ മഴ പുറത്തേക്ക് ഇറങ്ങാത്തത് … “
(മഴ)
അതെ, ഓർമ്മകൾക്ക് ജീവൻ കൊടുക്കുന്നത് കൂടിയാണ് കവിത.
ജൈവ- അജൈവ ഭേദമില്ലാത്ത പാരിസ്ഥിതിക ഭാഷണമാണ്  ‘നിളയോട് ഒരു ക്ഷമാപണം ‘ എന്ന കവിത . മാജുലിയിൽ നിന്ന് നിളാനദിക്കരയിലേക്ക് കവിക്ക് ദൂര വ്യത്യാസമില്ല. പരസ്പരം മിണ്ടാൻ യാതൊരു തടസ്സവുമില്ല. ഞാൻ നിന്നിലേല്പിച്ച നഖക്ഷതങ്ങൾ നിന്റെ മായാത്ത പാടുകളായി തിരിച്ചറിയുന്നു എന്ന് ക്ഷമാപണം ചെയ്യുന്നത് നിളയോടാണ്.
“ഉഷ്ണ രശ്മികളേറ്റ്
 സ്വയം ഉരുകുമ്പോഴും
തണുപ്പേകി
എന്റെ മനസ്സലിയിക്കാൻ നീ അനുഭവിക്കുന്ന ത്യാഗം പലപ്പോഴും
ഞാനവഗണിക്കുന്നു.
ഈ തീരത്ത്
ഇന്ന് വെറും കൈകളോടെ ഞാൻ നിൽക്കുന്നു”
(നിളയോട് ഒരു ക്ഷമാപണം)
ആർത്തി പിടിച്ച മനുഷ്യരാശിയുടെ പ്രതിനിധിയായി സ്വയം കുറ്റപ്പെടുത്തി കേഴുകയാണ് കവി. ഇത്തരം തിരിച്ചറിവിലൂടെയെത്തുന്ന ആത്മവിചാരണകൾക്കുള്ള ഇടം കൂടിയാണ് കവിത. ‘പച്ചിലകൾ
പറയുന്നത് കേൾക്കാതെ  ‘എന്ന കവിതയിലുമുണ്ട് ഉളള് നീറ്റുന്ന സ്വയം വിമർശനങ്ങളും ആക്ഷേപങ്ങളും .
“ഒരു തൈ
നടാമെന്നുരുവിടാൻ ഒരുനാൾ കവലപ്രസംഗകരാത്മനിർവൃതിക്കാർ തരുക്കള്‍ക്കായ് ഒഴുക്കും കള്ളക്കണ്ണുനീർ
ആണ്ടേക്കൊരിക്കൽ
ഒരു ദിനം മാത്രം
വെറുതെയൊരു പാട്ടുപാടി സരോപദേശം മുഴക്കി
കാടുവെട്ടി
കടലാസ്സാക്കി
വെറുതെയെഴുതുന്നു വെറുമൊരു നിർവൃതിക്കായി
ഈ തുടർക്കഥകൾ “
(പച്ചിലകൾ പറയുന്നത് കേൾക്കാതെ )
‘പാട്ട് മറന്ന കിളിയോട് ‘,
‘പച്ചിലകൾ പറയുന്നത് , ‘ ‘ ‘തെളിനീര് തേടുമ്പോൾ ‘ , പരിസ്ഥിതി സ്നേഹിക്കൊരു
പാട്ട്  ‘
എന്നീ കവിതകളിലുമുണ്ട് ചില തിരിച്ചറിവുകൾ, പാരിസ്ഥിതികമായ ധ്വനികൾ.
റഷീദ് വെളിയങ്കോടിന്റെ കവിതയിൽ സർക്കാർ ജീവനക്കാരന്റെ ഹാജർ പുസ്തകം പോലും മാനുഷിക ഭാവങ്ങളോടെ മുഖം കാട്ടുന്നു.
റഷീദ് വെളിയങ്കോട്

 

“അയാൾ വിരമിച്ചതിന്റെ ആദ്യ വിവരമറിഞ്ഞത് ഹാജർ പുസ്തകമായിരുന്നു താളുകൾ മറിയുമ്പോൾ തന്നെ അതിനൊരു മൃദുത്വം കൈവന്നിരിക്കുന്നു പച്ചയും ചുവപ്പും കൊണ്ട് ഇപ്പോൾ അതിന്റെ ഹൃദയം കീറിമുറിയാറില്ല “
(അയാൾ വിരമിച്ചപ്പോൾ )
അനന്യവും ഹൃദ്യവുമായ ഒട്ടേറെ നാട്ടോർമ്മകൾ ഇടംപിടിക്കുന്ന ചില കവിതകളുണ്ട് ഈ പുസ്തകത്തിൽ . തവളക്കുളം, പൂക്കൈത എന്നീ നാട്ടടയാളങ്ങൾക്കൊപ്പം ഒരു വെളിയങ്കോട്കാരന് മാത്രം ആവിഷ്കരിക്കാൻ കഴിയുന്ന ജീവിതങ്ങൾ ‘ഖലീഫ ‘ എന്ന കവിതയെ വേറിട്ടതാക്കുന്നു. ഖലീഫമാർ പുറമ്പോക്കൊഴിഞ്ഞപ്പോൾ മറവിയുടെ ചായ്പിലേക്ക് മാറി ദഫിന്റെ മുഴക്കവും നീട്ടിപ്പാടിയ ഖവാലിയും ബെയ്ത്തും. കവിത എന്ന ഓർമ്മത്താക്കോൽ കൊണ്ട് തുറന്ന് കവി കണ്ടെടുക്കുന്നത് അവധൂതവും ആത്മീയവുമായ ജീവിതവൃത്താന്തമാണ്.
ജീവിതവും മരണവും മുഖം നോക്കുന്ന പള്ളിക്കാടിന്റെ നിഗൂഢതയ്ക്ക് മുകളിൽ ജീവിതാസക്തിയുടെ താൽക്കാലിക അലങ്കാരങ്ങൾ സന്നിവേശിക്കുന്ന പുതുകാല പരിസര യാഥാർത്ഥ്യങ്ങൾ സന്നിവേശിക്കുന്നിടത്ത് കവിത നിർണീതമായ കല്പനാലോകങ്ങളെ അട്ടിമറിക്കുകയാണ്. ആ തകിടം മറിച്ചിലിൽ ഉള്ളൂ നീറ്റുന്ന ചിരിയും കരച്ചിലും കണ്ണിറുക്കി വിളിക്കുന്നു. സങ്കട ഫലിതം കൊണ്ട് കൂടിയാണ് മനുഷ്യൻ മരണത്തെ അഭിസംബോധന ചെയ്യുന്നതെന്ന നിരാർദ്രമായ  ധ്വനിയും ‘പള്ളിക്കാട്  ‘എന്ന കവിതയ്ക്കകത്തുണ്ട്.
“പൊടിപടലങ്ങൾ അടങ്ങിയപ്പോൾ  തെളിയുന്നുണ്ട് മാഞ്ഞുപോയ നഗരക്കാഴ്ചകളുടെ കബർസ്ഥാൻ .
വിശന്നു മരിച്ച കുഞ്ഞുങ്ങളുടെ
ഗദ്ഗദങ്ങൾ
വെടിമരുന്ന്
ഉണങ്ങിയിട്ടും വിട്ടുപോകുന്നില്ല. “
(യുദ്ധാനന്തരം) വംശഹത്യകൊണ്ട് ചിതറിപ്പോയ ഗാസയുടെ പശ്ചാത്തലത്തിലല്ലാതെ ഈ കവിത വായിക്കാനാവില്ല. ‘നീറോയുടെ പേന  ‘എന്ന കവിതയും ദുരധികാര കേന്ദ്രങ്ങളോട് അർത്ഥം വെച്ച് കലഹിക്കുകയാണ് .
നീതിക്കുവേണ്ടിയുള്ള ആവിഷ്കാരത്തിന്റെ സമരരൂപം കൂടിയായി റഷീദ് വെളിയങ്കോടിന്റെ കവിത മാറുന്നതും താൻ ജീവിക്കുന്ന കാലത്തോട് പ്രതികരിച്ചു കൊണ്ടാണ്.
വാക്കുകൾക്ക് ജീവൻ കൊടുത്ത് സ്വകീയമായ അനുഭൂതികൾക്ക് മിഴിവേകി പുതുകാഴ്ചയൊരുക്കുകയാണ് റഷീദ് വെളിയങ്കോട്. അങ്ങനെ, താൻ ജീവിക്കുന്ന കാലത്തോട് സത്യസന്ധമായി സംവദിക്കാനുള്ള ആത്മീയ ഉപാധി എന്ന നിലയിൽ കവിതയെ ഉയർത്തുക കൂടിയാണ് ഈ രചനകൾ.
***
ബ്രഹ്മപുത്ര മാജുലിയോട് പറയുന്നതെന്തെന്നാൽ…
എന്റെ ഓളങ്ങളിൽ സ്വപ്‌നങ്ങൾ നെയ്തൊരു
കന്യകയാകും നീ..
എന്റെ ഓളപ്പരപ്പുകളിൽ ചെവിയോർത്താൽ
നിന്റെ ഹൃദയത്തിന്റെ മിടിപ്പുകൾ കേൾക്കാം..
പച്ചപ്പണിഞ്ഞ സുന്ദരിയായി നീ വിളിക്കുമ്പോൾ
എന്റെ വഴികളെല്ലാം നിന്നിലേക്കാവും
എന്റെ ഉള്ളിൽ വളക്കിലുക്കമായെത്തുന്ന ഒരു കവിതയാണ് നീ..
എന്റെ കാത്തിരിപ്പിന്റെ സാഫല്യവും  നീ തന്നെ
നിന്നെ ചുറ്റിയിരിക്കുന്നതാണെന്റെ കൈകൾക്ക് ഇമ്പം
കവിഞ്ഞൊഴുകുന്നതെപ്പോഴും
നിന്നിലേക്കെത്താനുള്ള ആർത്തിയാലാണ്
നിന്നെയാശ്ളേഷിക്കുവാൻ മാത്രമാണ് ഞാൻ കരകവിയുന്നത്
നിനക്ക് വേണ്ടി മാത്രം മുഴങ്ങുന്ന രാഗമാണെന്റെ ഉള്ളിൽ
മാജുലി, നീയെന്റെ ആത്മാവിന്റെ ശാന്തി മന്ത്രമാണ്..
ഞാനോ, നിന്റെ പ്രണയം കൊതിക്കുന്നൊരു പഥികനും..
നിന്നിലേക്കണയുമ്പോഴൊക്കെയും
നക്ഷത്രങ്ങൾ പാളി നോക്കുന്നുണ്ട്..
നമ്മുടെ ഇഴയടുപ്പത്തിൽ അവ വിസ്മയിക്കുകയാവും..
മിന്നൽ കൊണ്ട് ആകാശം നമ്മെ ഒപ്പിയെടുക്കുന്നുണ്ട്..
മേഘക്കീറുകളിൽ അവ നമ്മെക്കുറിച്ച് എഴുതി നിറക്കുകയാവും..
ഞാനും നീയും ഒന്നാകുമ്പോൾ
ലോകം മുഴുവനും നമുക്ക് വഴികൾ തുറക്കുന്നു…..
എന്റെ കരക ളിൽ നീയൊരു പൂങ്കാവനം തീർക്കുന്നു
ചിരിക്കുമ്പോഴൊക്കെയും
നിന്റെ കണ്ണുകളിൽ മഴവില്ലുകൾ പൂക്കുന്നുണ്ട്..
കാലം കടന്നാലും നീ മായാത്തൊരു കഥ,
എന്റെ ഒഴുക്കിനൊപ്പം നടനമാടുന്നൊരു മോഹിനി
നക്ഷത്രങ്ങൾ സാക്ഷിയായി,
ചന്ദ്രികയെ ചുംബിച്ച് കൂടെയൊരു സുന്ദരി.
മാജൂലി, നീയെന്നോട് ചേർന്നിരിക്കെ
ഞാനൊരിക്കലും ഏകാകിയാകുന്നില്ല…
***
(പിൻകുറി : ലോകത്തെ ഏറ്റവും വലിയ നദീജന്യ ദ്വീപ് ആണ് ആസാമിലെ ബ്രഹ്മപുത്രാ നദിയിലെ മാജുലി ദ്വീപ്)
ഖലീഫ
ഖലീഫമാർ വന്നു കൂടിയതിൽ പിന്നെ
താവളക്കുളത്തിനൊരു അനക്കം വച്ചു.
പൂക്കൈതക്ക് പോകുംവഴിയിൽ
പടിഞ്ഞാറെ പുറമ്പോക്കിലാണ്
അവരുടെ കുടിലുകൾ.
എവിടന്നു വന്നതാണെന്നറിയില്ല
നീണ്ടു നീണ്ടുകിടക്കുന്ന പുറമ്പോക്കിലെ
എണ്ണമറ്റ കുടിലുകളിൽ ഒരെണ്ണം
അവരുടേതുമായി.
നീളൻ ജുബയും തലേക്കെട്ടും,
മുട്ടറ്റം ഞാന്നു നിൽക്കുന്ന പച്ച  ഷാളും
കട്ടി മീശയും നീളൻ മുടിയും
തോളിൽ ഒരു ഭാണ്ഡക്കെട്ട്
കയ്യിൽ ചരട് ചുറ്റിയൊരു ദഫ്
ഈ വേഷമാണവർക്ക്  പേര് നൽകിയത്.
ഖലീഫ.
സ്കൂളിൽ പോകുന്ന കുട്ടികൾ
ബസ്റ്റോപ്പിലേക്കോടുമ്പോൾ
വേലികെട്ടിയ ഓലക്കുടിലിന്റെ വാതിൽ
തുറക്കുന്നത് കാണാം
ഖലീഫമാർ ഇറങ്ങുകയാണ്..
ഹനീഫ ബസിൽ തിരക്കി കയറാൻ
കുട്ടികളോടൊത്ത് അവരും ഉണ്ടാകും..
ഏതോ നാട്ടിൽ നിന്നും വന്നവർ
ദഫ് മുട്ടിപ്പാടി അന്നം തേടുന്നവർ
കയ്യിൽ കെട്ടിയ കട്ടിച്ചരടുകൾ കാണുമ്പോൾ തന്നെ
കുട്ടികളുടെ ഉള്ളിലൊരാന്തലാണ്.
വാശി കാട്ടുന്ന കുട്ടികളെ പേടിപ്പിക്കാൻ
ഖലീഫ കൊണ്ടോവും ന്നാണ് ഉമ്മമാര് പറയുക.
അപ്പോ ഒരേ ബസ്റ്റോപ്പിലും, ഒരേ ബസ്സിലും
പേടിക്ക് വേറെ എന്താണ് വേണ്ടത്..
ഹാജിയാരുടെ സ്കൂൾ എത്തും വരെ
ജീവൻ പോയ പോലാണ് കുട്ടികൾക്ക്.
സ്കൂൾ വിട്ടു വരുമ്പോഴേക്കും
ഖലീഫമാരും തിരിച്ചു
കുടിലിൽ എത്തിയിട്ടുണ്ടാവും
എത്തിയോന്നറിയാൻ വലിയ പാടൊന്നുമില്ല
അടച്ചു പൂട്ടിയ വേലിക്കകത്ത്
ഓലക്കുടിലിൽ നിന്നും
ഉച്ചത്തിൽ വർത്താനം കേൾക്കാം
ചിലപ്പോഴൊക്കെ മോന്തായം തൊട്ടു പറക്കുന്ന
അലൂമിനിയ പാത്രങ്ങളുടെ കലപിലയും കേൾക്കാം
വീട്ടുസാധനങ്ങളുടെ ക്രിക്കറ്റ് കളിയിൽ
പുറത്തേക്ക് സിക്സറടിക്കുന്ന ആരവങ്ങളും ചിലപ്പോൾ കേൾക്കാം.
അതടങ്ങുമ്പോൾ
പിന്നെ ഒരു നിശബ്ദതയാണ്…
ഇരുട്ടു പരക്കുമ്പോൾ
ദഫ് മുട്ടി നീട്ടി പാടുന്നത് കേൾക്കാം…
അടുത്ത ദിവസത്തേക്കുള്ള തയ്യാറെടുപ്പ്.
റോഡ് വക്കിലെ ഐസ് പ്ലാന്റിന്റെ മുഴക്കത്തിൽ
ചിലപ്പോൾ  ബഹളങ്ങളൊക്കെ മുങ്ങിപ്പോകും.
കുട്ടികളുടെ സ്വപ്നങ്ങളിൽ
പച്ച അരപ്പട്ട കെട്ടിയ ഖലീഫമാർ
പേടിയുടെ നിറഞ്ഞാട്ടമാണ്.
ഉമ്മർക്കാന്റെ കടയിൽ
പലചരക്ക് വാങ്ങാൻ നിൽക്കുമ്പോഴാണ്
ഖലീഫമാരെ നന്നായി കാണുക..
അധികമൊന്നും മിണ്ടാതെ
വിസ്തരിച്ചു നോക്കും.
കാലം കുറെ കഴിഞ്ഞപ്പോൾ
ചോദ്യങ്ങൾ ബാക്കിയാക്കി
ഖലീഫമാരൊക്കെ പുറമ്പോക്കൊഴിഞ്ഞു..
എവിടേക്ക് പോയെന്നു അറിയില്ല…
ഒച്ചയനക്കം കുറഞ്ഞു
മോന്തായത്തിൽ ഉമ്മ വെക്കുന്ന പാത്രങ്ങൾ എങ്ങോട്ടാ മറഞ്ഞു
ഉയർന്നു കേട്ടിരുന്ന പോർവിളികളുടെ അലകൾ അസ്തമിച്ചു..
കൗതുകത്തോടെ ആ വഴി നടന്നവർക്ക്
മെല്ലെ മെല്ലെ അതൊരു മറവിയായി.
ദൂരെ കേട്ടിരുന്ന ദഫിന്റെ മുഴക്കം
ഓർമകളുടെ ചായ്‌പിലേക്ക് മാറി.
നീട്ടിപ്പാടിയ ഖവാലിയും ബൈത്തും
അന്തരീക്ഷത്തിലെവിടെയോ മാഞ്ഞു പോയി…
***
(കുറിപ്പ് : താവളക്കുളം, പൂക്കൈത – വെളിയങ്കോട്ടെ നാട്ടിൻപുറത്തിന്റെ പേരുകൾ)
 മഴ
മഴക്കും സ്കൂളിനും ഒരൊറ്റ ഹെഡ്മാസ്റ്റർ ആയിരുന്നു
സ്കൂൾ തുറന്നാൽ മഴയും ക്ലാസ്സിൽ കേറാനെത്തും കുടയും മടക്കി അത് കുട്ടികളുടെ കൂടെ നടക്കും
എല്ലാവരെയും നനച്ചാലും നിർത്താതെ ചിരിക്കും
ഇന്റർവെൽ ആയാൽ കുട്ടികളൊക്കെ ആകാശത്തേക്ക് നോക്കും
ഇടയ്ക്കിടെ മേഘക്കൂട്ടത്തെ കണ്ണിറുക്കി വിളിക്കും
വീട്ടിലെത്താനുള്ള കുട്ടികളുടെ കൊതി കാണുമ്പോ
മഴ ഹെഡ്മാസ്റ്ററെ നോക്കി കണ്ണുരുട്ടും
ഹെഡ്മാസ്റ്റർ പിയൂണിനെ നോക്കി കണ്ണുകാട്ടും
തൂക്കിയിട്ട റെയിൽപ്പാളക്കഷണത്തിൽ
അപ്പോ പ്യൂണിന്റെ വകയൊരു മേളം തുടങ്ങും
നമസ്തേ മുഴക്കത്തിൽ പുറത്തേക്കൊരു ചാടിയിറക്കമാണ് പിന്നെ
അപ്പോഴേക്കും മഴ കുടമടക്കി പൊട്ടിച്ചിരി തുടങ്ങും
ഇമ്പോസിഷൻ എഴുതിയ കടലാസ്സുകൾ കളിവഞ്ചിയായി മാറുന്നത് പെട്ടെന്നാണ്
മഴച്ചാലുകൾ ഒക്കെ സൂയസും പനാമയുമാകും
കളിയോടങ്ങൾ പലതും കന്നിയാത്രയിൽ തന്നെ ടൈറ്റാനിക്കാകും
മാഷും കലക്ടറും രണ്ട് സ്കൂളിലാവും പഠിച്ചത്
മഴ ക്ലാസ്സിൽ കയറിയാൽ കലക്ടർ സ്കൂൾ പൂട്ടും
ഹെഡ്മാസ്റ്ററെ പേടിച്ചിട്ടാണോ കലക്ടറെ തോൽപ്പിക്കാനോന്നറിയില്ല
സ്കൂൾ പൂട്ടിയാൽ പിന്നെ മഴ പുറത്തേക്കിറങ്ങാറേയില്ല
ഇന്നിപ്പോ കൂടെ കളിക്കാൻ കുട്ടികളെ കിട്ടാഞ്ഞിട്ടാവും
സ്കൂൾ തുറന്നാലും ചെലപ്പോ മഴ പുറത്തേക്ക് ഇറങ്ങാത്തത്…
***
 പള്ളിക്കാട്
പള്ളിക്കാടുകൾ പൂങ്കാവനമാക്കുന്ന കാലം വന്നു
കുറ്റിക്കാടുകൾ നീക്കി ചെടിച്ചട്ടികൾ നിരന്നു
കബറുകൾക്കിടയിലൂടെ
മാർബിൾ പതിച്ച നടപ്പാതകൾ തുറന്നു
ഓർക്കിഡും റോസും കടലാസ് പൂക്കളും
ഇളങ്കാറ്റിൽ തലയാട്ടിച്ചിരിച്ചു
പൂക്കളുടെ ഗന്ധം പരന്നപ്പോൾ
ആത്മാവകന്ന ശരീരങ്ങൾക്ക് അനക്കം വച്ചു
പള്ളിക്കാടാകെ പൂവാടികളായി മാറി
വൈകുന്നേരങ്ങളിൽ പള്ളിക്കാട്ടിൽ ആൾത്തിരക്കേറി
ഓരോ പള്ളിക്കാടും ഒന്നിനൊന്ന് മത്സരിച്ചലങ്കരിച്ചു
കുട്ടികൾക്കും പെണ്ണുങ്ങൾക്കും ടൂർ പാക്കേജുകൾ പിറന്നു
സ്വസ്ഥത തേടി ആളുകൾ പള്ളിക്കാട്ടിലേക്കെത്തി
പള്ളിക്കാട് കണ്ട് അതിശയിച്ചവരും
കേറിക്കിടക്കാൻ കൂരയില്ലാത്തവരും
ഒന്ന് വേഗം മരിച്ചിരുന്നെങ്കിലെന്ന് അടക്കം പറഞ്ഞു
മരിച്ചവരുടെ ഗ്രേഡനുസരിച്ച്
കബറുകളുടെ അലങ്കാരങ്ങളും മാറി
വെറൈറ്റി പൂക്കൾ കൊണ്ടവ അലങ്കരിക്കപ്പെട്ടു
പള്ളിക്കാട് പറുദീസയായപ്പോൾ
ആത്മാക്കൾ അവിടം വിടാൻ മടിച്ചു
ഒത്തുചേരലുകൾക്ക് പുതിയ വേദികളുണ്ടായി
ഗെറ്റ്ടുഗെതറുകളിൽ പരേതാത്മാക്കാളും ചേർന്നു
പള്ളിക്കാട്ടിലെ ഉദ്യാനങ്ങളിൽ നിന്നും
ആത്മാക്കൾ കണ്ണിറുക്കി വിളിച്ചപ്പോൾ
മനുഷ്യന് മരണത്തിന്റെ പേടി മാറി തുടങ്ങി
തകർന്ന വഴികളും കുഴി നിറഞ്ഞ റോഡുകളും താണ്ടി
പള്ളിക്കാട്ടിലെ ന്യൂജൻപാതകളിലേക്ക്
ആൾക്കാരുടെ കാലടികൾ നീണ്ടു
പള്ളിക്കാട്ടിലെ ഊഞ്ഞാലുകളിൽ കുട്ടികൾ തിമിർത്താടി
ജീവിതത്തിന്റെ അലങ്കാരങ്ങൾക്ക് താഴെ
മരണത്തിനു മിണ്ടാട്ടം മുട്ടി
ആത്മാക്കൾ പള്ളിക്കാട് വിട്ടുപോകാനാവാതെ
പൂമൊട്ടുകളിൽ പതിയിരുന്നു…

മാജുലി (കവിതകള്‍)
രചന : റഷീദ് വെളിയങ്കോട്
പ്രസാധനം : സൃഷ്ടിപഥം
വില : 130 രൂപ

No Comments yet!

Your Email address will not be published.