മന്ദാകിനി നാരായണന്‍ ജന്മശതാബ്ദിയോടനുബന്ധിച്ച് ഒക്ടോബര്‍ 25, ശനിയാഴ്ച കോഴിക്കോട് ടാണ്‍ഹാളില്‍ നടന്ന ‘മാ @ 100 വിപ്ലവത്തിന്റെ സ്‌നേഹജ്വാല/മന്ദാകിനി നാരായണന്‍ ജന്മശതാബ്ദി അനുസ്മരണം’ – ഒരു റിപ്പോര്‍ട്ട്.

”മന്ദാകിനി നാരായണനെ ഓര്‍ക്കുമ്പോള്‍ നാം ഒരു കാലത്തെ ഓര്‍ക്കുന്നു, ലോകം തിളച്ചു മറിയുന്ന ഒരു കാലം” എന്നാണ് പ്രതാപന്‍ എ. മായെ കുറിച്ച് എഴുതുന്നത്. കുന്നിക്കല്‍ നാരായണനും അജിതയ്ക്കും ഒപ്പം ഒരു കാലഘട്ടത്തിന്റെ വിപ്‌ളവ സ്വപ്നങ്ങളില്‍ തോളോടുതോള്‍ ചേര്‍ന്നു നിന്ന വ്യക്തിത്വം ആയിരുന്നു എല്ലാവരും മാ എന്ന് സ്‌നേഹബഹുമാനത്തോടെ വിളിക്കുന്ന മന്ദാകിനി നാരായണന്‍. ഗുജറാത്തിലെ ഭാവ്‌നഗറില്‍ ജനിച്ചു, ബോംബെയില്‍ പഠിച്ചു വളര്‍ന്ന് രാഷ്ട്രീയപ്രവര്‍ത്തകയായി, പിന്നീട് കേരളത്തില്‍ — കോഴിക്കോട്– എത്തിയ മാ, ഗുജറാത്തി സ്‌കൂളില്‍ അധ്യാപികയായി. ജോലി ചെയ്തും, രാഷ്ട്രീയപ്രവര്‍ത്തനം നടത്തിയും, ജയില്‍വാസം അനുഭവിച്ചും, പാട്ടുപഠിച്ചും, ചിത്രം വരച്ചും, വായിച്ചും 82-ആം വയസ്സില്‍ മരണപ്പെടുമ്പോള്‍, സംഭവബഹുലമായ ഒരു ജീവിതത്തിന്റെ ഉടമയായിരുന്നു. പലരും പലപ്പോഴായി ആവശ്യപ്പെട്ടിട്ടും തന്റെ ജീവിതത്തെ ആഘോഷിക്കുവാനോ, ഗൃഹാതുരത്വം നിറഞ്ഞ ഓര്‍മകളില്‍ മുഴുകാനോ അവര്‍ വിസമ്മതിച്ചു.

സംഘര്‍ഷഭരിതമായിരുന്ന തന്റെ കാലഘട്ടത്തില്‍ പ്രത്യാശനിര്‍ഭരമായിരിക്കാന്‍ മാ ഏപ്പോഴും ശ്രമിച്ചു. തന്റെ കാലത്തെ രേഖപ്പെടുത്തുന്നതിനേക്കാള്‍ അവര്‍ ഒഴുക്കില്‍ ഒരില പോലെ, നദിയിലെ ഒരു തുള്ളി ജലം പോലെ ജീവിക്കുവാനഗ്രഹിച്ചു. പലരില്‍ ഒരാളാണ് താനെന്നും, തനിക്ക് പറയാനുള്ളതെല്ലാം തന്റെ ജീവിതം കൊണ്ട് രേഖപ്പെടുത്തി കഴിഞ്ഞുവെന്നും മാ കരുതിയിരിക്കാം. പല തുറകളില്‍ ഉള്ളവരുമായും വിവിധ പ്രായക്കാരുമായും മായ്ക്ക് ദീപ്തമായ സൗഹൃദമുണ്ടായിരുന്നു, സംഭാഷണം സാധ്യമായിരുന്നു. അതുകൊണ്ടൊക്കെ ആയിരിക്കാം ഒക്ടോബര്‍ 25, രാവിലെ പത്തുമണി മുതല്‍ രാത്രി പത്തുമണി വരെ നീണ്ട അനുസ്മരണ പരിപാടിയില്‍ കോഴിക്കോട്ടെ ടണ്‍ഹാള്‍ മനുഷ്യരാല്‍ നിറഞ്ഞു തന്നെ ഇരുന്നു. ഒരു ദിവസം മുഴുവന്‍ നീളുന്ന പ്രസംഗങ്ങളും, അനുസ്മരണങ്ങളും, പുസ്തകപ്രകാശനങ്ങളും, ഡോക്യുമെന്ററി പ്രദര്‍ശനവും, ചര്‍ച്ചകളും, പാട്ടും ഉള്ള പരിപാടിയായിട്ടുകൂടി, ശ്രോതാക്കള്‍ മടുപ്പില്ലാതെ പങ്കെടുത്തു. മാ ചൊരിഞ്ഞ സ്‌നേഹവും ജ്ഞാനവും മനുഷ്യരിലേക്ക് ഒഴുകി പടര്‍ന്ന ദിനമായിരുന്നു ഒക്ടോബര്‍ 25.

”മാ @ 100 വിപ്പവത്തിന്റെ സ്‌നേഹജ്വാല/മന്ദാകിനി നാരായണന്‍ ജന്മശതാബ്ദി’ അനുസ്മരണ പരിപാടി സംഘാടക സമിതി അംഗം പ്രേംചന്ദിന്റെ സ്വാഗതപ്രസംഗത്തോടെ തുടങ്ങി. അധ്യക്ഷന്‍ ആകേണ്ടിയിരുന്ന സച്ചിദാനന്ദന്‍ മാഷിന് ആരോഗ്യപ്രശ്‌നങ്ങളാല്‍ പങ്കെടുക്കുവാന്‍ കഴിഞ്ഞില്ലെങ്കിലും അദ്ദേഹം എഴുതി അയച്ചുകൊടുത്ത കുറിപ്പ് വായിക്കുകയും ചെയര്‍പേഴ്സണ്‍ കുസുമം ജോസഫ് അദ്ധ്യക്ഷത വഹിക്കുകയും ചെയ്തു. പൂനെയിലെ SNDT Women’s University, മുംബൈയിലെ Tata Institute of Social Science എന്നിവിടങ്ങളില്‍ അധ്യാപികയായിരുന്ന, സാമൂഹികപ്രവര്‍ത്തകയും, ഫെമിനിസ്റ്റും, എഴുത്തുകാരിയുമായ വിഭൂതി പട്ടേല്‍ ആയിരുന്നു പരിപാടി ഉദ്ഘാടനം ചെയ്തത്.

വിഭൂതിയുടെ പ്രഭാഷണം ഗാര്‍ഗി പരിഭാഷപ്പെടുത്തി. ഉദ്ഘാടനപ്രസംഗത്തില്‍ അവര്‍ ഇങ്ങിനെ പറഞ്ഞു, ‘1990 ഡിസംബറില്‍ കോഴിക്കോട് വെച്ച് നടന്ന സ്വതന്ത്രസ്ത്രീസംഘടനകളുടെ നാലാമത്തെ അഖിലേന്ത്യാ സമ്മേളനത്തില്‍ മാ സജീവമായി പങ്കെടുത്തു എന്ന് മാത്രമല്ല, അതിനുള്ള ധനസമാഹരണത്തിനായി, മാ എന്റെ കൂടെ കോഴിക്കോട്ടെ ഗുജറാത്തി കച്ചവടക്കാരെ കാണുവാനായി വരികയും ഉണ്ടായി. സമ്മേളനത്തില്‍ മാ ഞങ്ങളെ ലഭ്യമായ വിഭവങ്ങള്‍ ജനാധിപത്യപരമായി എല്ലാവര്‍ക്കുമായി പങ്കുവെയ്ക്കുവാന്‍ പഠിപ്പിച്ചു. ദുഃഖിതരായ പല സ്ത്രീകളെയും മാ ആശ്വസിപ്പിക്കുന്നത് കാണാമായിരുന്നു.”

തുടര്‍ന്ന് പുസ്തക പ്രസാധക സംഘം പ്രസിദ്ധീകരിച്ച മന്ദാകിനി നാരായണന്‍ 1925-2006′ എന്ന ബൃഹത്സമാഹാരം സഖാവ് എ.വാസുവിന് (ഗ്രോ വാസു എന്നറിയപ്പെടുന്ന വാസുവേട്ടന്‍) നല്‍കികൊണ്ട് വിഭൂതി പട്ടേല്‍ പ്രകാശനം ചെയ്തു. പി.വി.ശോഭ പുസ്തകത്തെ പരിചയപ്പെടുത്തി. സി.എസ്. വെങ്കിദേശ്വരന്‍ സംവിധാനം ചെയ്ത ‘മാതാ ടു മാ’ എന്ന ഡോക്യുമെന്ററിയുടെ സ്‌ക്രിപ്റ്റ്, മലയാളം വാരിക മുന്‍പു പ്രസിദ്ധീകരിച്ച മായുടെ കത്തുകള്‍ (ഒരമ്മ മകള്‍ക്കയച്ച കത്തുകള്‍), വിമന്‍സ് ഇംപ്രിന്റ് പ്രസിദ്ധീകരിച്ച മായുടെ ഡയറിക്കുറിപ്പുകള്‍ (മറിക്കാത്ത താളുകള്‍), മായെ കുറിച്ച് പലരും പലപ്പോഴായി എഴുതിയ ഓര്‍മക്കുറിപ്പുകള്‍ ഇവ അടങ്ങിയതാണ് കെ അജിത ജനറല്‍ എഡിറ്ററായ, 365 പേജുകളോളം വരുന്ന മന്ദാകിനി നാരായണന്‍ 1925-2006′ എന്ന സമാഹാരം.

പ്രകാശനത്തിന് ശേഷം മായെ ഓര്‍ത്തുകൊണ്ട് വാസുവേട്ടന്‍ പറഞ്ഞു, താന്‍ രാഷ്ട്രീയപ്രവര്‍ത്തനത്തില്‍നിന്നും വിട്ടുനിന്നിരുന്ന, മടുപ്പു നിറഞ്ഞ ഒരു കാലത്ത്, മാവൂര്‍ ഗ്വാളിയോര്‍ റയോണ്‍സിലെ അസംതൃപ്തരായ തൊഴിലാളികള്‍ ഒരു യൂണിയന്‍ രൂപികരിക്കാനായി തന്നെ തേടി വരികയും അവരെ തിരിച്ചു പറഞ്ഞയക്കുകയും ചെയ്ത സമയത്ത്, മന്ദേടത്തി പറഞ്ഞു ”വാസുവേട്ടാ, അവര്‍ നമ്മുടെ വര്‍ഗ്ഗമല്ലേ” എന്ന്. അങ്ങിനെയാണ് വാസുവേട്ടന്‍ ഗ്വാളിയര്‍ റയോണ്‍സില്‍ ഗ്രോയൂണിയന്‍ രൂപീകരിക്കുന്നതും തൊഴിലാളി അവകാശങ്ങള്‍ക്കായി സമരം ചെയ്യുന്നതും.
”ശത്രുവിന്റെ പ്രത്യയശാസ്ത്രത്തിനെ തകര്‍ത്തുകൊണ്ടല്ലാതെ അവരോട് യുദ്ധം ചെയ്തിട്ട് കാര്യമില്ല എന്ന് മാവോ സേ തുങ് പറഞ്ഞിട്ടുണ്ട്. ഇന്ത്യയിലെ ഒരു കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിനും അതിനു പറ്റിയിട്ടില്ല; അവര്‍ ശത്രുവിന്റെ പ്രത്യയശാസ്ത്രത്തെ പ്രോത്സാഹി പ്പിക്കാനാണു ശ്രമിക്കുന്നത്. ഡോക്ടര്‍ അംബേദ്കര്‍ വെട്ടിത്തെളിയിച്ച പാതയിലൂടെയേ മാര്‍ക്സിസ്റ്റ് ലെനിനിസ്റ്റ്-മാവോയിസ്റ്റ് ചിന്തയുടെ വണ്ടി ഓടുകയുള്ളൂ” എന്നും വാസുവേട്ടന്‍ പറഞ്ഞു.
കെ.അജിത തന്റെ അമ്മയെ ഓര്‍ത്തത് ഒരേ സമയം ഒരു വിപ്ലവകാരിയായും, അമ്മയായും, തന്റെ തിരക്കുപിടിച്ച ജീവിതത്തിന് സഹായകമായി കുഞ്ഞ്മക്കളെ പരിപാലിച്ച് സഹായിച്ച സഹയാത്രികയായും ആയിരുന്നു. നക്‌സലൈറ്റ് മൂവ്‌മെന്റിന്റെ സ്ഥാപകനായ കുന്നിക്കല്‍ നാരായണനെ ചരിത്രം നീതിയുക്തമായി അംഗീകരിച്ചിട്ടില്ല എന്നും അജിത ഓര്‍മിപ്പിച്ചു. മായേയും തന്നെയും കുന്നിക്കല്‍ നാരായണന്‍ എന്ന വിപ്പവസഖാവിനെയും കേരളത്തിന് കിട്ടിയത് ഗുണപരമോ ഋണപരമോ എന്ന് എന്നെങ്കിലും ചരിത്രം രേഖപ്പെടുത്തട്ടെ എന്ന് അജിത പ്രത്യാശിച്ചു.
കെ.ജി.എസ് പരിപാടിയില്‍ നേരിട്ട് പങ്കെടുത്തില്ലെങ്കിലും അദ്ദേഹം ഒരു വീഡിയോ സന്ദേശം അയച്ചുതന്നിരുന്നു. ‘മാറ്റി മറിച്ച മാതൃസങ്കല്പം’ എന്ന് പേരിട്ട ആ വിഡിയോയില്‍ കെ.ജി.എസ് വിപ്ലവകാരിയായ മാ തന്റെ മാതൃസങ്കല്‍പ്പത്തെ മാറ്റി മറിച്ചു എന്ന് പറഞ്ഞു. ഇച്ഛാശക്തിയുടെ ദുര്‍ബലമായ മറുതലമാണ് സ്‌നേഹശക്തി എന്നും കേരളത്തെ ആധുനികവത്കരിച്ചവരില്‍ ഒരാളാണ് മാ എന്നും കെ.ജി.എസ് പറഞ്ഞു.
പല കാലങ്ങളില്‍ മായോടൊപ്പം പലതരം യാത്രചെയ്യാന്‍ ഭാഗ്യമുണ്ടായ ചിലര്‍ മായെ കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവെച്ചു. മായോടൊത്തുള്ള യാത്രയില്‍ മായുടെ ഡയറിക്കുറിപ്പുകള്‍ വിവര്‍ത്തനം ചെയ്തു, എഡിറ്റ് ചെയ്ത കെ.പി.ഗിരിജ, മായെ പാട്ട് പഠിപ്പിക്കുകയും, ഫിലിംഫെസ്റ്റിവലുകളിലും സംഗീതപരിപാടികളിലും മായ്ക്ക് കൂട്ട് പോവുകയും ചെയ്ത മുകുന്ദനുണ്ണി, തന്റെ 16-ആം വയസ്സില്‍ നാടകം ചെയ്തതിന് മായോടൊപ്പം ജയില്‍ജീവിതം നയിച്ച, മാ ധൈര്യവും ആത്മവിശ്വാസവും കൊടുത്ത് നിര്‍ത്തിയ സുലോചന എന്നിവര്‍ മായെ അനുസ്മരിച്ചു.
സി.എസ്.വെങ്കിടേശ്വരന്‍ സംവിധാനം ചെയ്ത ‘മാതാ ടു മാ’ എന്ന ഡോക്യുമെന്ററിയുടെ പ്രദര്‍ശനത്തിന് മുന്‍പു അദ്ദേഹം സംസാരിച്ചു. ഡോക്യുമെന്ററിയില്‍ ആദ്യം ക്യാമറ ചെയ്ത, ഇന്ന് നമ്മോടൊപ്പം ഇല്ലാത്ത അസലുവിനെയും (മുഹമ്മദ് അസലം), ഡോക്യുമെന്ററി കാലത്ത് പൂര്‍ണ്ണ പിന്തുണയോടെ ഒപ്പം നിന്ന ശംഭുദാസ്, റസാഖ് കോട്ടക്കല്‍, പി ജി മോഹനന്‍ എന്നിവരെയും അനുസ്മരിച്ചു. അസലുവിന് ഡോക്യുമെന്ററി സ്‌ക്രീനിംഗ് സമര്‍പ്പിച്ചു കൊണ്ട് വെങ്കിടി പറഞ്ഞു, ”ലോകം എപ്പോഴും സന്നിഹിതമായ രീതിയിലാണ് മാ തന്നെ കുറിച്ച് സംസാരിക്കുക.”
ഉച്ചയ്ക്കത്തെ സെഷന്‍ ”ഇന്ന് രാഷ്ട്രീയമായി ഇരിക്കുക എന്നാല്‍” എന്ന വിഷയത്തിലായിരുന്നു. രാഷ്ട്രീയമായി ജീവിക്കുകയെന്നാല്‍ നാനാതരം അധികാര പ്രയോഗങ്ങളെയും ചോദ്യം ചെയ്യുക എന്നാണര്‍ത്ഥം എന്ന് പറഞ്ഞുകൊണ്ട് മോഡറേറ്റര്‍ കെ.എം.ഷീബ ചര്‍ച്ചയ്ക്കു ആമുഖം കുറിച്ചു. മാര്‍ക്സിന്റെ പില്ക്കാലരചനകള്‍ ലോകകിഴാള ജനതകളെയും രാജ്യങ്ങളെയും പഠിക്കുകയും തൊഴിലാളി വര്‍ഗ്ഗം മാത്രമല്ല ഗോത്രവര്‍ഗങ്ങളും വിപ്ലവശക്തി ആണെന്ന് കണ്ടെത്തുകയും ഉണ്ടായി എന്ന് ബി.രാജീവന്‍ പറഞ്ഞു. പിന്നീട് വീഡിയോ സന്ദേശത്തിലൂടെ സംസാരിച്ച സച്ചിദാനന്ദന്‍ പറഞ്ഞ കാര്യങ്ങള്‍ ഇങ്ങനെ സംഗ്രഹിക്കാം: ”മാ പിന്തുടര്‍ന്ന പ്രത്യയശാസ്ത്രമോ വിപ്ലവപ്രയോഗരിതികളോ കാലഹരണപ്പെട്ടു എന്ന് വരാം. എന്നാലവരുടെ ജീവിതത്തിന്റെ അടിസ്ഥാനസന്ദേശം ഒരു നൈതികസന്ദേശമാണെന്നും അതില്‍ നിന്നും പ്രചോദനം ഉള്‍കൊണ്ട് പ്രവര്‍ത്തിക്കേണ്ടവരാണ് ഇന്ന് മാറ്റം ആവശ്യപ്പെടുന്ന ജനത മുഴുവന്‍ എന്നും ഞാന്‍ നിസ്സംശയം വിശ്വസിക്കുന്നു.

ജാതിയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ നടക്കാത്തതാണ് ഇന്ത്യന്‍ മാര്‍ക്‌സിസത്തിന്റെ കുറഞ്ഞു കുറഞ്ഞു വരുന്ന സ്വാധീനത്തിന് കാരണമെന്ന് അംബേദ്കര്‍, ആനന്ദതീര്‍ത്ഥര്‍, ഗോപാലഗുരു ഇവരെയൊക്കെ വായിച്ചിട്ടുള്ള എനിക്ക് പറയാന്‍ കഴിയും. ജനാധിപത്യങ്ങള്‍ക്കകത്തെ സൌകര്യങ്ങള്‍ ഉപയോഗിച്ചുണ്ടായി വരുന്ന ഉപസൈന്യങ്ങളെ സൂക്ഷിക്കണം എന്ന് ഴാക് റാന്‍സിയെ പറയുന്നുണ്ട്. ഇന്ത്യയിലെ രാഷ്ട്രീയ സ്വയംസേവക് സംഘ്, ബജ്റംഗ്ദള്‍, ഹനുമാന്‍ സേന ഒക്കെ പോലെയുള്ള ഉപസൈന്യങ്ങള്‍. യാഥാര്‍ത്ഥ്യത്തില്‍ ജീവിക്കുന്നതിന് പകരം ഒരു ബദല്‍ യാഥാര്‍ത്ഥ്യം ഉണ്ടാക്കികൊടുക്കുകയാണ് പല മാധ്യമങ്ങളും ചെയ്യുന്നത്. ഈ രീതികളില്‍ എല്ലാമാണ് ജനാധിപത്യം മരിക്കുന്നത്. ഞാന്‍ വീണ്ടും റാന്‍സിയറെ ഓര്‍ക്കട്ടെ. ഇതുവരെ കാണാതിരുന്ന ജനങ്ങളെ കാണിച്ചുതരികയും കേള്‍ക്കാതിരുന്ന ശബ്ദങ്ങളെ കേള്‍പ്പിച്ചു തരികയുമാണ് ജനാധിപത്യം ചെയ്യേണ്ടത് എന്നദ്ദേഹം പറയുന്നു. ഗ്രാമസഭകളില്‍, നഗരസഭകളില്‍, നിയമസഭകളില്‍, ലോകസഭയില്‍ ഒന്നും അടിച്ചമര്‍ത്തപ്പെട്ടവരെ നാം കാണുന്നില്ല. ഉണ്ടെങ്കില്‍ പേരിനുള്ള പ്രതിനിധാനം മാത്രം. ആ സ്ഥിതി മാറേണ്ടിയിരിക്കുന്നു, അവരെ ജനാധിപത്യത്തിന്റെ ഉള്ളടക്കമായി മാറ്റേണ്ടിയിരിക്കുന്നു. ഇതാണ് ഇന്ന് ഇന്ത്യയില്‍ ആവശ്യമായത്.”
ഇന്ത്യയില്‍ ജനാധിപത്യമാണോ ആണാധിപത്യമാണോ നിലനില്‍ക്കുന്നതെന്നു ചോദിച്ചു തുടങ്ങിയ എം.സുല്‍ഫത്ത് ചില കണക്കുകള്‍ നിരത്തി. കേരളനിയമസഭയില്‍ 140-ല്‍ സ്ത്രീകള്‍ വെറും 12 പേര്‍ മാത്രം, പാര്‍ലമെന്റില്‍ സ്ത്രീകളുടെ സാന്നിധ്യം വെറും 13 ശതമാനമാണ്. ഇന്ത്യന്‍ ഭരണഘടന സമത്വവും സാഹോദര്യവും ഉറപ്പാക്കിയിട്ട് ഏഴരപതിറ്റാണ്ട് കഴിയുന്നു. തങ്ങള്‍ ലിംഗനീതിയുടെ, ലിംഗസമത്വത്തിന്റെ പക്ഷത്താണ് എന്ന് ഏത് രാഷ്ട്രീയപാര്‍ട്ടിക്കാണ് അവകാശപ്പെടാന്‍ പറ്റുക? നവോത്ഥാനകാലത്ത് കര്‍തൃസ്ഥാനത്ത് പുരുഷന്മാരായിരുന്നു. ഇരട്ടിവേഗത്തിലോടിയാണ് സ്ത്രീകള്‍ അവര്‍ക്കൊപ്പം എത്തിയത്. ലൈംഗികന്യൂനപക്ഷങ്ങള്‍ ഇപ്പോഴും ഒപ്പമെത്താന്‍ ഓടികൊണ്ടിരിക്കയാണ് എന്നും സുല്‍ഫത്ത് ഓര്‍മ്മിപ്പിച്ചു.
ഇന്ത്യന്‍ ഭരണഘടന അനുശാസിക്കുന്ന തരത്തില്‍ എത്ര പാര്‍ട്ടികള്‍ ഭരിച്ചിട്ടുണ്ട് എന്ന ചോദ്യം എം.ഗീതാനന്ദനും ഉയര്‍ത്തി. അദ്ദേഹത്തിന്റെ പ്രഭാഷണം ഇങ്ങിനെ സംഗ്രഹിക്കാം: ”ജൈവമായ ഒന്നാണ് ഭരണഘടന എന്ന നിലയില്‍, ജനാധിപത്യത്തിന്റെ ആവിഷ്‌കാരമാണ് എന്ന നിലയില്‍, നിസ്വരായ മനുഷ്യരുടെ അഭിവാഞ്ചയുടെ മൂര്‍ത്തരൂപമാണ് എന്ന നിലയില്‍ ഭരണഘടനയെ കമ്മ്യൂണിസ്റ്റുകാരാരും ആദരിക്കുന്നില്ല. കോണ്‍ഗ്രസുകാര്‍ ഗാന്ധിസത്തിലോ നെഹ്റുവിയന്‍ സോഷ്യലിസത്തിലോ സെക്യുലറിസത്തിലോ നില്‍ക്കുന്നില്ല. അവരാരും ഡോക്ടര്‍ അംബേദ്കര്‍ മുന്നോട്ടുവയ്ക്കുന്ന രാഷ്ട്രീയത്തെ മനസ്സിലാക്കിയിട്ടില്ല എന്നതാണ് ദുര്യോഗം. തൊഴിലാളി വര്‍ഗ്ഗത്തിന്റെ മിച്ചാധ്വാനം കൊണ്ടാണ് മൂലധനരൂപികരണം എന്ന സിദ്ധാന്തം അന്ധവിശ്വാസം പോലെ തുടരുന്നു. ലോകമെമ്പാടുമുള്ള തദ്ദേശിയസമൂഹങ്ങളുടെ, ഗോത്രവര്‍ഗങ്ങളുടെ വിഭവചോരണം കൊണ്ട് കൂടിയാണ് മൂലധനകേന്ദ്രീകരണം നടന്നത്. നഗരകേന്ദ്രീകൃത വിപ്ലവങ്ങള്‍ നടക്കും മുന്‍പു തന്നെ ലോകമെമ്പാടും നിലനിന്ന ഭരണകൂടരൂപമായിരുന്നു ഗോത്രവര്‍ഗങ്ങളുടെ സ്വയംഭരണം. ആരാണ് ഇതിന് പിന്നിലെ തത്വചിന്തകര്‍? ആത്മാവില്ലാത്ത, കര്‍തൃത്വമില്ലാത്ത മനുഷ്യരായാണ് ബ്രിട്ടീഷുകാര്‍ ഇവരെ കണ്ടത്! ഇവര്‍ക്ക് കൂട്ടായ സൃഷ്ടിപരത ഉണ്ട്. ആധുനികലോകം പോരടിച്ചു നശിച്ചുപോയാലും ഈ രൂപങ്ങള്‍ അതിജിവിക്കാന്‍ സാധ്യതയുണ്ട്. സ്വയംഭരണമാണ് സ്വാതന്ത്ര്യം എന്നറിയുന്ന ജനതയാണിവര്‍. ഇതിനെ സംബോധന ചെയ്യാന്‍ മാര്‍ക്‌സിസത്തിനോ മവോയിസത്തിനോ കഴിഞ്ഞിട്ടില്ല. ജനാധിപത്യത്തിന്റെ പ്രശ്‌നം ഇത്തരം ജനതയെ, നിസ്വവര്‍ഗങ്ങളെ, ഉള്‍കൊള്ളുന്നില്ല എന്നതാണ്.’

തുടര്‍ന്ന് സംസാരിച്ച മാളവിക ബിന്നി ഇപ്രകാരം പറഞ്ഞു: ”ഫെമിനിസ്റ്റ് പ്രസ്ഥാനം പറയും ഞങ്ങള്‍ മുന്‍ഗാമികളുടെ ചുമലില്‍ ചവുട്ടിയാണ് നില്‍ക്കുന്നത് എന്ന്. എനിക്ക് പറയേണ്ടി വരുന്നത് ഞാന്‍ എന്റെ ദളിത് പൂര്‍വികരുടെ മൃതശരീരങ്ങളില്‍ ചവുട്ടിയാണ് നില്‍ക്കുന്നത് എന്നാണ്. 60-70 വയസ്സുള്ള ഒരു ദളിത് ബുദ്ധിജീവിയെ സംഭാവന ചെയ്യാന്‍ കേരളത്തിന് പറ്റാതെ പോയത് എന്തുകൊണ്ടാണ്? നിരന്തരം ഞാന്‍ ശ്രദ്ധിക്കുന്ന ഒരു കാര്യം ഇത്തരം പരിപാടികളിലെ ഏറ്റവും പ്രായം കുറഞ്ഞ ആളാണ് ഞാന്‍ എന്നതാണ്. ഒരു ദലിത് സ്ത്രീയ്ക്കു നിലനില്‍ക്കുക എന്നത് തന്നെ രാഷ്ട്രീയമാണ്. അതൊരു സ്വയം തിരഞ്ഞെടുപ്പ് പോലുമല്ല. ജാതി എന്നത് തൊഴില്‍ വിഭജനമല്ല, തൊഴിലാളികളുടെ വിഭജനമാണ് എന്ന് അംബേദ്കര്‍ പറഞ്ഞിട്ടുണ്ട്.”
പങ്കെടുക്കാന്‍ കഴിയാതിരുന്ന സാറ ജോസഫ്, കെ.ടി.കുഞ്ഞിക്കണ്ണന്‍ എന്നിവരും അവരുടെ പ്രഭാഷണങ്ങള്‍ അയച്ചുനല്‍കിയിരുന്നു.
തിരഞ്ഞെടുത്ത പുസ്തകങ്ങളുടെ പ്രദർശനവും ഉണ്ടായിരുന്നു.

പരിപാടിയിലെ മുഖ്യപ്രഭാഷക ഗീത രാമസ്വാമി ആയിരുന്നു. സായുധസമരം, ഭൂസമരം, ദളിത് അവകാശങ്ങള്‍, തുടങ്ങിയ മേഖലകളില്‍ സജീവമായി പങ്കെടുത്ത ഗീത രാമസ്വാമി നിരവധി പുസ്തകങ്ങള്‍ എഴുതിയിട്ടുണ്ട്. Land, guns, caste, woman: The memoir of a lapsed revolutionary എന്നതു ഗീതയുടെ ആത്മകഥയാണ്. ഹൈദരാബാദ് ബുക്ക് ട്രസ്റ്റ്, അതിന്റെ ഇംഗ്ലീഷ് ഇംപ്രിന്റ് ആയ സൌത്ത്‌സൈഡ് ബുക്‌സ് എന്നിവയുടെ സ്ഥാപകരില്‍ പ്രധാനിയാണ് ഗീത. ജാനകി ശ്രീധരന്‍ ഗീതയുടെ രാഷ്ട്രീയമായി ജീവിക്കുകയെന്നാല്‍’ എന്ന സംവാദസെഷന്‍ പരിഭാഷപ്പെടുത്തി. സദസ്സില്‍നിന്നുമുണ്ടായ നിരവധി ചോദ്യങ്ങള്‍ക്കുള്ള ഗീതയുടെ മറുപടികളെ ഇങ്ങനെ സംഗ്രഹിക്കാം: ”നമ്മള്‍ നടത്തുന്ന ചെറിയ യുദ്ധങ്ങള്‍/പ്രതിഷേധങ്ങള്‍ അടക്കം രാഷ്ട്രീയമായി ജീവിക്കലാണ്. നിലനില്‍ക്കുന്ന ഓരോ കീഴ്വഴക്കങ്ങള്‍ തകര്‍ക്കാന്‍ അത്തരം പ്രതിഷേധങ്ങള്‍ ആവശ്യമാണ്. ഒളിവുജീവിതകാലത്ത് ഞങ്ങള്‍ക്ക് മോശം അനുഭവങ്ങള്‍ ഉണ്ടായിട്ടില്ല, ഞങ്ങള്‍ എല്ലാം തന്നെ വിദ്യാഭ്യാസമുള്ള, ഇംഗ്ലീഷ് സംസാരിക്കുന്ന, സവര്‍ണ സ്ത്രീകള്‍ ആയിരുന്നതിനാല്‍ ഞങ്ങള്‍ക്ക് വിശേഷാധികാരം ഉള്ളതായി തോന്നിയിരുന്നു. എന്നാല്‍, മുതിര്‍ന്ന പുരുഷന്‍മാര്‍ താമസിച്ച ഒളിയിടങ്ങളിലെ സ്ത്രീകള്‍ ചിലപ്പോഴൊക്കെ ലൈംഗികമായി ഉപയോഗിക്കപ്പെട്ടു. പാര്‍ട്ടി കുറ്റപ്പെടുത്തിയത് അധികാരം ഇല്ലാത്ത ഈ സ്ത്രീകളെ ആയിരുന്നു. ഒളിവില്‍ താമസിക്കുകയെന്നാല്‍ നിങ്ങള്‍ സ്വന്തം സ്വത്വത്തിലല്ലാതെ പല പേരുകളില്‍ പല ഇടങ്ങളില്‍ കഴിയുകയാണ്. നിങ്ങള്‍ക്ക് സമൂഹവുമായുള്ള ഇടപെടലുകള്‍ കുറവായിരിക്കും. സ്വഭാവികത എന്തെന്ന് അറിയാതാവും. അതിനാല്‍ ഒളിവുജീവിതം പലരേയും ഉത്കണ്ഠാകുലരാക്കി മാറ്റി. പാര്‍ട്ടി വിട്ട സ്ത്രീകള്‍ പലരും മാനസികപ്രശ്‌നങ്ങളില്‍ പെട്ടു. 1975-ല്‍ പാര്‍ട്ടിക്കുള്ളില്‍ ജാതിബോധത്തെ സംബന്ധിച്ച് ഞങ്ങള്‍ തീര്‍ത്തും അജ്ഞരായിരുന്നു. ദളിത് പ്രവര്‍ത്തകര്‍ ഉണ്ടായിരുന്നെങ്കിലും പണക്കാര്‍, പാവപ്പെട്ടവര്‍ എന്ന വര്‍ഗ്ഗവിഭജനമെ കണ്ടിരുന്നുള്ളൂ. ഞങ്ങള്‍ക്ക് പരസ്പരം ജാതി അറിയുമായിരുന്നില്ല. വിപ്ലവത്തിന് ശേഷം മാത്രം പരിഹരിക്കേണ്ട പ്രശ്‌നങ്ങള്‍ ആയിരുന്നല്ലോ ജാതിയും ജെന്‍ഡറും! അതിനാല്‍ അവയെ ഒരു പെട്ടിക്കകത്ത് അടച്ച് പൂട്ടിവെച്ചു, കാരണം അവ കേന്ദ്രപ്രശ്‌നത്തെ ഭിന്നിപ്പിക്കുന്ന പ്രശ്‌നങ്ങള്‍ ആയി കരുതപ്പെട്ടു. ഇപ്പോള്‍ ഇവിടെ പരിഹരിക്കേണ്ട പ്രശ്‌നങ്ങള്‍ ആയി തന്നെ ഓരോന്നിനേയും എടുക്കണം. വിപ്ലവം കഴിഞ്ഞിട്ട് മറ്റു പ്രശ്‌നങ്ങള്‍ എന്ന നിലപാട് തെറ്റാണ്, വിപ്ലവത്തിന് മുമ്പ് തന്നെ അവ പരിഹരിക്കണം. ഡിജിറ്റല്‍കാലത്തിന്റെ മുഴുവന്‍ സാധ്യതകളും നമ്മള്‍ ഉപയോഗപ്പെടുത്തണം. എന്നാല്‍ മനുഷ്യരെ മുഖാമുഖം കണ്ട്, അവരുടെ ശരീരഭാഷ അറിഞ്ഞു, ഇടപാടുകളിലെ അധികാരബന്ധമറിഞ്ഞ് പ്രവര്‍ത്തിക്കേണ്ടത് അത്യാവശ്യമാണ്. വിപ്ലവമെന്നാല്‍ സ്‌നേഹം തന്നെയാണ്. കുടുംബത്തിനകത്ത് മാത്രം ചുരുങ്ങേണ്ട ഒന്നല്ല സ്‌നേഹം, അത് സമൂഹത്തിലും ഉണ്ടാവണം. ഡോക്ടര്‍ അംബേദ്കര്‍ മുന്നോട്ട് വെച്ച ഭരണഘടനയ്ക്കുള്ളിലെ ഇടങ്ങളെ നമ്മള്‍ ഇനിയും വികസിപ്പിച്ചിട്ടില്ല. നമ്മള്‍ പ്രായമായ ആളുകള്‍, പുതിയ തലമുറയ്ക്ക് പ്രവര്‍ത്തിക്കാന്‍ വേണ്ടി ബ്ലൂപ്രിന്റ് തയ്യാറാക്കേണ്ടതില്ല. ആരോഗ്യമേഖലയിലെ പ്രശ്‌നങ്ങളെ കുറിച്ച് സംസാരിക്കാന്‍ ഞാന്‍ ലജ്ജിക്കുന്നു. ഞങ്ങള്‍ക്ക് വളരെ കുറച്ചേ ചെയ്യാനായുള്ളൂ. തെലുങ്കാനയില്‍ പ്രൈമറി ഹെല്‍ത്ത് സെന്ററുകള്‍ കടലാസില്‍ മാത്രമേ ഉള്ളൂ. ഗവണ്‍മെന്റ്‌സെക്ടര്‍ ശരിക്കും പ്രവര്‍ത്തിക്കുന്നില്ല, പാവപ്പെട്ടവര്‍ക്കായി സര്‍ക്കാര്‍ നീക്കിവെക്കുന്ന പണംകിട്ടി സ്വകാര്യ ആശുപത്രികള്‍ തടിച്ചുകൊഴുക്കുന്നു. ഞങ്ങള്‍ക്ക് ഇബ്രാഹിംപട്ടണത്തില്‍ പ്രാഥമിക ആരോഗ്യകാര്യങ്ങള്‍ ചെയ്യാന്‍ മാത്രമേ പറ്റിയുള്ളൂ. ശനി- ഞായര്‍ ദിവസങ്ങളില്‍ ഒരു ഡോക്ടര്‍ വരും, മലമ്പനി, കുഷ്ഠം തുടങ്ങിയ രോഗമുള്ളവരെ കണ്ടെത്തും. ഞങ്ങള്‍ അവരെ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് അയക്കും. വലിയൊരു പ്രദേശത്ത് ഇത്തരം ബാന്‍ഡ്-എയ്ഡ് പ്രവര്‍ത്തനം ഒട്ടും മതിയാവില്ല.”

മുഖ്യപ്രഭാഷാണാനന്തരം, ആര്‍.കെ.ബിജുരാജ് എഡിറ്റ് ചെയ്തു പുസ്തകപ്രസാധകസംഘം പ്രസിദ്ധീകരിച്ച ”ഒരു കമ്മ്യൂണിസ്റ്റുകാരന്റെ വിപ്ലവചിന്തകള്‍” എന്ന പുസ്തകം ഗീത രാമസ്വാമി പ്രകാശനം ചെയ്തു. കുന്നിക്കല്‍ നാരായണന്‍ എഴുതിയ ലേഖനങ്ങള്‍ അടങ്ങിയ പുസ്തകം ഏറ്റുവാങ്ങികൊണ്ട് എന്‍.സുബ്രഹ്‌മണ്യന്‍ സംസാരിച്ചു. മായെ കുറിച്ച് ടി.പി.യാക്കൂബ് രചിച്ച കവിത മുകുന്ദനുണ്ണി ആലപിച്ചു. അനന്തരം, കേരളത്തിലെ ക്യാമ്പസുകളില്‍ 30 വയസ്സിന് താഴെ ഉള്ള സംഘങ്ങള്‍ക്കായി നടത്തിയ ജനകിയപ്രതിരോധ ഗാനമത്സരത്തിന്റെ ഒന്നും രണ്ടും സ്ഥാനം ലഭിച്ചവര്‍ക്കുള്ള (യഥാക്രമം ഗവണ്‍മെന്റ് ആര്‍ട്‌സ് & സയന്‍സ് കോളേജ്, വിമന്‍സെല്‍; ടീം ആരോഹണ്‍, IST, തിരുവനന്തപുരം) സമ്മാനവിതരണവും ഗാനാവതരണവും നടന്നു. പുഷ്പവതി പൊയ്പാടത്തിന്റെ മുഴങ്ങുന്ന ഗാനപരിപാടിയോടെ 12 മണിക്കൂര്‍ നീണ്ട ‘മാ @ 100 വിപ്ലവത്തിന്റെ സ്‌നേഹജ്വാല/മന്ദാകിനി നാരായണന്‍’ ജന്മശതാബ്ദി അനുസ്മരണ പരിപാടി അവസാനിച്ചു. പങ്കെടുത്തവര്‍ക്കെല്ലാം ചെറുതല്ലാത്ത ഈര്‍ജം നല്‍കിയ ഒരു പരിപാടി ആയിരുന്നു മാ അനുസ്മരണം.
മന്ദാകിനി നാരായണന്‍ (1905-2006)
ജനറല്‍ എഡിറ്റര്‍ : കെ. അജിത
പ്രസാധനം : പുസ്തക പ്രസാധന സംഘം
വില : 550 രൂപ







No Comments yet!