Skip to main content

എഡിറ്റർക്കു പറയാനുള്ളത്

സഖാവ് സി.ജെ. രാജീവിന്റെ സ്മരണയ്ക്ക് പുറത്തിറങ്ങിയ ‘സാമൂഹ്യചരിത്രത്തിൽ രേഖപ്പെടേണ്ട ഒരാൾ’ അദ്ദേഹത്തിന്റെ ജീവിതവും പ്രവർത്തനവും അടയാളപ്പെടുത്തുന്നു. ബഹുജന വിദ്യാകേന്ദ്രത്തിന്റെ പ്രസിദ്ധീകരണമായ ഈ ഗ്രന്ഥം സഹപ്രവർത്തകരുടെയും സുഹൃത്തുക്കളുടെയും ഓർമ്മകൾ ചേർക്കുന്നു.

***

നന്മയുടെ ബഹുമുഖങ്ങളുള്ള വ്യക്തിത്വമായിരുന്നു സി.ജെ. രാജീവ് എന്ന രാജീവ് ചടയം മുറിയുടേത്. വിപ്ലവ രാഷ്ട്രീയ സംഘാടകനും പ്രക്ഷോഭകാരിയും എഴുത്തുകാരനും നാടക പ്രവർത്തകനും പത്രപ്രവർത്തകനുമൊക്കെയായിരുന്നു രാജീവ്. 1980 കളുടെ തുടക്കത്തിൽ സി.ആർ.സി. സി.പി.ഐ (എം.എൽ) ൻ്റെ എറണാകുളം ജില്ലാ സെക്രട്ടറിയായിരുന്ന കാലം മുതൽ, അന്ന് അനിൽ എന്ന പാർട്ടി പേരിൽ അറിയപ്പെട്ടിരുന്ന രാജീവിനെ എനിക്കറിയാം. 1982 ൽ വൈപ്പിൻ വിഷമദ്യ കൂട്ടക്കൊലയെ തുടർന്നു നടന്ന ബഹുജന പ്രക്ഷോഭത്തിൻ്റെ സംഘാടകരിൽ പ്രമുഖനായിരുന്നു, അന്ന് ഇരുപതുകൾ പിന്നിട്ടിട്ടില്ലാത്ത രാജീവ്. പാർട്ടി നിർദ്ദേശത്തെ തുടർന്ന് ആ പ്രക്ഷോഭത്തിൽ പങ്കെടുക്കാനായി ഞാൻ വൈപ്പിനിലെത്തുമ്പോൾ എന്തു ചെയ്യണമെന്ന നിർദ്ദേശങ്ങൾ നൽകിയിരുന്നവരിൽ ഒരാൾ രാജീവായിരുന്നു. തൊട്ടടുത്ത ദിവസം നെടുങ്കാടു വച്ചു നടന്ന പോലീസ് ലാത്തിച്ചാർജ്ജിനു ശേഷം അറസ്റ്റു ചെയ്യപ്പെട്ട് ജയിലിലായ ഒട്ടേറെപ്പേരിൽ ഞാനും ഉൾപ്പെട്ടിരുന്നു. സർക്കാർ സർവ്വീസിൽ നിന്നുള്ള എൻ്റെ രണ്ടാമത്തെ സസ്പെൻഷൻ ഈ ജയിൽ വാസത്തെ തുടർന്നാണ് ഉണ്ടായത്.

1975 -77 കാലത്തെ അടിയന്തിരാവസ്ഥയിലെ കക്കയം പോലുള്ള കോൺസെൻട്രേഷൻ ക്യാമ്പുകളേയും അവിടങ്ങളിലെ പോലീസ് പീഡനങ്ങളേയും സഖാക്കൾ രാജൻ്റേയും വിജയൻ്റേയും അങ്ങാടിപ്പുറം ബാലകൃഷ്ണൻ്റേയും രക്തസാക്ഷിത്വങ്ങളേയുമൊക്കെ പറ്റിയുള്ള വാർത്തകൾ പുറത്തു വന്നതോടെ അടിയന്തിരാവസ്ഥയെ ഏറ്റവും ത്യാഗപൂർണ്ണമായി ചെറുത്ത രാഷ്ട്രീയ പ്രവർത്തകരെന്ന നിലയിൽ എം. എൽ പാർട്ടിക്കാർ സമൂഹത്തിൽ ഏറെ ശ്രദ്ധിക്കപ്പെടുകയും ആദരിക്കപ്പെടുകയും ചെയ്തിരുന്നു. അവരുടെ രാഷ്‌ട്രീയം ഉയർത്തിപ്പിടിക്കുന്ന ജനകീയ സാംസ്കാരിക വേദിയാകട്ടെ കേരളത്തിൻ്റെ സാംസ്കാരികരംഗത്ത് വിപ്ലവകരമെന്നു നിസ്സംശയം വിശേഷിപ്പിക്കാവുന്ന ഒരു ഭാവുകത്വ നവീകരണം സൃഷ്ടിക്കുകയും ചെയ്തു. കവിതയിലും നാടകത്തിലും സിനിമയിലും സാഹിത്യത്തിലും മാത്രമല്ല, രാഷ്‌ട്രീയ മുദ്രാവാക്യങ്ങളിൽ വരെ അതു പുതിയൊരു സർഗ്ഗാത്മക പരിവർത്തനം സാദ്ധ്യമാക്കി. ഈയൊരു സാഹചര്യത്തിൽ തന്നെയാണ് രാജീവ് എം.എൽ പർട്ടിയുമായി ബന്ധപ്പെടുന്നത് എന്നാണ് ഞാൻ മനസ്സിലാക്കിയിട്ടുള്ളത്.

എനിക്കറിയാവുന്ന മറ്റു പല സഖാക്കളേയും പോലെ, സാഹിത്യത്തിലും സാംസ്കാരിക പ്രവർത്തനങ്ങളിലുമൊക്കെ തികഞ്ഞ ഗൗരവത്തോടെ താല്പര്യം പുലർത്തുകയും സമൂഹത്തെ വിപ്ലവപരമായി മാറ്റിത്തീർക്കാൻ അതി തീവ്രമായി അഭിലഷിക്കുകയും അതിനുവേണ്ടി ഏതു ത്യാഗവും ചെയ്യാൻ സന്നദ്ധരായിരിക്കുകയും ചെയ്ത ആദർശശാലികളിൽ ഒരാളായി തന്നെയാണ് രാജീവും പ്രസ്ഥാനത്തിലേക്കു വരുന്നത്.

എന്നാൽ, 1983-85 കാലം കേരളത്തിലെ എം.എൽ പാർട്ടിയുടെ ചരിത്രത്തിൽ വലിയ സന്ദിഗ്ദ്ധതകളുടേയും സന്ദേഹങ്ങളുടേയും കാലമായിരുന്നു. കേരളത്തിൻ്റെ സാമൂഹിക, രാഷ്‌ട്രീയ യാഥാർത്ഥ്യങ്ങളെ ശരിയായി മനസ്സിലാക്കാനും വിശദീകരിക്കാനും പഴയ എം.എൽ വിശകലനങ്ങൾ അപര്യാപ്തമായിരുന്നതു കൊണ്ടാവാം 1980 കളുടെ തുടക്കത്തിൽ ആവേശപൂർവ്വമായ വളർച്ച നേടുന്നു എന്നു തോന്നിപ്പിച്ച കേരളത്തിലെ എം.എൽ പാർട്ടിയും സാംസ്കാരിക വേദിയും അധികം കഴിയും മുമ്പു തന്നെ ഗുരുതരമായ ആന്തരിക വൈരുദ്ധ്യങ്ങളെ നേരിട്ടു. വയനാട്ടിലെ കേണിച്ചിറയിൽ സാമൂഹ്യവിരുദ്ധനായിരുന്ന ഒരു ഭൂവുടമയെ നക്സലൈറ്റുകൾ ഉന്മൂലനം ചെയ്തതിൻ്റെ പേരിൽ സംസ്ഥാന വ്യാപകമായി പോലീസ് കെട്ടഴിച്ചുവിട്ട ഭീകരത കൂടിയായപ്പോൾ എം. എൽ സംഘടന വലിയ തോതിൽ ദുർബ്ബലമായി. സൈദ്ധാന്തികവും സംഘടനാപരവുമായ ആന്തരിക വൈരുദ്ധ്യങ്ങളെ തുടർന്ന് ജനകീയ സാംസ്കാരിക വേദിയിൽ നിന്നും ഒട്ടേറെപ്പേർ വിട്ടുപോയി. സംഘടന പിരിച്ചുവിടപ്പെട്ടു. പാർട്ടി സംഘടനയും ദുർബ്ബലമായി. പല പ്രധാനപ്പെട്ട പ്രവർത്തകർ പോലും പാർട്ടി വിട്ടുപോയി.

പാർട്ടിയിലോ സാംസ്കാരിക വേദിയിലോ സംഭവിച്ച ഇത്തരം ചലനങ്ങൾ ആ രൂപത്തിലൊന്നും രാജീവിനെ ബാധിച്ചതേയില്ല. മാത്രവുമല്ല കേരളത്തിലെ പിൽക്കാല എം. എൽ രാഷ്‌ട്രീയത്തിൻ്റെ ദിശ നിർണ്ണയിച്ച വൈപ്പിൻ സമരത്തിൻ്റെ നേതൃസ്ഥാനത്ത് അദ്ദേഹം സജീവമായി പ്രവർത്തിക്കുകയും ചെയ്തു. എങ്കിലും കുറഞ്ഞൊരു കാലത്തിനു ശേഷം പാർട്ടിയുടെ സംഘാടന പ്രവർത്തനങ്ങളിലും രാഷ്‌ട്രീയ പ്രക്ഷോഭങ്ങളുടെ നേതൃസ്ഥാനങ്ങളിലും നിന്ന് പിന്മാറുകയും സാംസ്കാരിക പ്രവർത്തനങ്ങളുടെ മേഖലയിൽ ശ്രദ്ധയൂന്നുകയും ചെയ്തു, രാജീവ്. കേരളത്തിലെ എം.എൽ രാഷ്‌ട്രീയം അതിൻ്റെ പ്രവർത്തനങ്ങളിൽ പുതിയൊരു ദിശാബോധം പ്രകടമാക്കുന്നു എന്നു ബോദ്ധ്യപ്പെട്ടപ്പോളായിരിക്കണം, അദ്ദേഹം വീണ്ടും അതിൽ സജീവമായി.

സാംസ്കാരിക വേദി പിരിച്ചുവിടപ്പെടുകയും പാർട്ടി സംഘടനാപരവും രാഷ്ട്രീയവുമായ പ്രതിസന്ധികളെ നേരിടുകയും ചെയ്തപ്പോഴാണ്, ഇന്ത്യയുടേയും കേരളത്തിൻ്റേയുമൊക്കെ രാഷ്ട്രീയ, സാമൂഹ്യ, സാമ്പത്തിക യാഥാർത്ഥ്യങ്ങളെ നിർവ്വചിക്കാൻ പുതിയൊരു പഠനവും വിദ്യാഭ്യാസവും ആവശ്യമാണെന്ന് പാർട്ടി തീരുമാനിക്കുന്നത്. തുടർന്നു നടന്ന പഠനങ്ങളും അവയിൽ നിന്നുള്ള കണ്ടെത്തലുകളുമാണ് പഴയ എം.എൽ മാതൃകയിൽ നിന്നു മാറി ഒരു ബോൾഷെവിക് പാർട്ടിയായി, രാഷ്ട്രീയമായി സ്വയം പുനഃസംഘടിപ്പിക്കേണ്ടതിൻ്റെ ആവശ്യകത ബോദ്ധ്യപ്പെടുന്നതിലേക്കു പാർട്ടിയെ നയിച്ചത്. അതേ തുടർന്ന് സാമ്രാജ്യത്വത്തിനെതിരായ സമരങ്ങൾക്ക് ഊന്നൽ കൊടുത്തു കൊണ്ടും ട്രേഡ് യൂണിയനുകൾ പോലുള്ള വർഗ്ഗ സംഘടനകളും ‘യുവജനവേദി’യും ‘കേരള വിദ്യാർത്ഥി സംഘടന’യും പോലുള്ള ബഹുജന സംഘടനകളും രൂപീകരിച്ചു കൊണ്ടും പാർട്ടി അതിൻ്റെ പ്രവർത്തനങ്ങളെ പുതിയൊരു ഘട്ടത്തിലേക്കുയർത്തി. ഈ ഘട്ടത്തിലാണ് ‘യുവജനവേദി’യുടെ സംസ്ഥാന വൈസ് പ്രസിഡന്റ് എന്ന നിലയിൽ രാജീവ് രാഷ്ട്രീയ പ്രവർത്തനത്തിലേക്കു തിരിച്ചു വരുന്നത്. പിന്നീട് പല വർഷക്കാലം ‘യുവജനവേദി’യുടേയും സിപിഐ (എം.എൽ) റെഡ് ഫ്ലാഗിൻ്റേയും പ്രവർത്തനങ്ങളിൽ അദ്ദേഹം സജീവമായി തുടർന്നു. വലിയ സമരങ്ങൾക്ക് നേതൃത്വം കൊടുത്തു.

എന്നാൽ വൈയക്തികമോ, രാഷ്ട്രീയമോ, കുടുംബപരമോ എന്ന് ഇതെഴുതുന്നയാൾക്ക് വേർതിരിച്ചെടുക്കാൻ കഴിയാത്ത കരണങ്ങളാൽ രാജീവ് പാർട്ടി പ്രവർത്തനങ്ങളിൽ നിന്നും പിൻവാങ്ങുകയും തൊഴിൽ തേടി സംസ്ഥാനവും പിന്നീട് രാജ്യവും വിട്ടു പോവുകയും ചെയ്തു. നാട്ടിലെത്തുമ്പോൾ ഇടയ്ക്കു കാണുകയും ചിലപ്പോഴൊക്കെ രാഷ്ട്രീയവും സംസ്കാരവും ചർച്ച ചെയ്യുകയും ഊഷ്മളമായ വ്യക്തി സൗഹൃദം പുതുക്കുകയും ചെയ്യുമായിരുന്നു, ഞങ്ങൾ. ഗൾഫിൽ താൻ നടത്തിപ്പോന്നിരുന്ന ‘ഇ-വാർത്ത’ യെന്ന ഡിജിറ്റൽ പ്രസിദ്ധീകരണത്തെ പാർട്ടിയുടെ മുൻകൈയിൽ ഏറ്റെടുത്തു പ്രസിദ്ധീകരിക്കുന്നതിൻ്റെ സാദ്ധ്യതയെപ്പററി മറ്റു സഖാക്കളോടു സംസാരിക്കുമ്പോൾ ഞാനുമുണ്ടായിരുന്നു അവർക്കൊപ്പം. രാജീവിൻ്റെ ആ നിർദ്ദേശം യാഥാർത്ഥ്യമാക്കാൻ സാധിച്ചില്ല. പിന്നീട് സോഷ്യൽ ഔട്ട്ലുക്ക് (Social Outlook) എന്ന ഓൺലൈൻ പ്രസിദ്ധീകരണത്തിലൂടെ രാഷ്ട്രീയ, സാമൂഹിക ചലനങ്ങളെ ഗൗരവപൂർവ്വം നിരീക്ഷിക്കാനും നിലപാടുകൾ മുന്നോട്ടു വക്കാനുമുള്ള ഒരു ശ്രമം കൂടി രാജീവ് നടത്തുകയുണ്ടായി. കുറച്ചു നാൾ മുന്നോട്ടു പോയെങ്കിലും അതും നിലച്ചുപോവുകയായിരുന്നു.

ജീവിത പങ്കാളി ജീന രാജീവ്, മകൾ അൽക്ക രാജീവ്

രാജീവിൻ്റെ മരണത്തിനു ശേഷം ഒരുവർഷം കടന്നു പോവുകയാണ്. ലോകത്തെ കൂടുതൽ നന്മയുള്ളതാക്കാനായി, സ. ടി. എൻ ജോയി പറയാറുള്ളതു പോലെ, “ഇറങ്ങി പുറപ്പെട്ട” ഒരാളായിരുന്നു സ. സി.ജെ. രാജീവ്. രാജീവിൻ്റെ ജീവിതത്തോടും സമരങ്ങളോടും ഒത്തു നിന്നവരിൽ ചിലർ അദ്ദേഹത്തെ എങ്ങനെയാണു തിരിച്ചറിയുന്നതെന്നു രേഖപ്പെടുത്തിയിരിക്കുന്ന എഴുത്തുകളാണ് ഈ പുസ്തകത്തിൻ്റെ മുഖ്യ ഉള്ളടക്കം. അതോടൊപ്പം രാജീവിൻ്റെ ഏതാനും ചില രചനകൾ കൂടി ഈ ഓർമ്മ പുസ്തകത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കേരളത്തിലെ മാർക്സിസ്റ്റ് ലെനിനിസ്റ്റ് പ്രസ്ഥാനത്തിൻ്റെ, പ്രത്യേകിച്ചും അടിയന്തിരാവസ്ഥക്കു ശേഷമുള്ള കാലത്തെ നേതൃനിരയിൽ പ്രമുഖ സ്ഥാനങ്ങളിലുള്ള കെ.എൻ രാമചന്ദ്രൻ, എം.എസ്. ജയകുമാർ, എം.എം സോമശേഖരൻ, പി.സി. ഉണ്ണിച്ചെക്കൻ, പി.ജെ.ബേബി, ചാൾസ് ജോർജ്ജ്, പി.എസ്. രാജഗോപാലൻ തുടങ്ങിയ സഖാക്കൾ രാജീവിനെ കുറിച്ചുള്ള ഓർമ്മകൾ പങ്കു വക്കുന്നുണ്ട്. ഒരേ ജീവിതത്തെ തന്നെ നിരീക്ഷിക്കുകയും ഒരേ അനുഭവങ്ങളെ തന്നെ ഓർത്തെഴുതുകയും ചെയ്യുന്നതുകൊണ്ടു തന്നെ അവയിൽ ആവർത്തനങ്ങളോ, സമാന പ്രസ്താവങ്ങളോ ഉണ്ടാവുന്നത് സ്വാഭാവികം മാത്രം. രാജീവിൻ്റെ കുടുംബാംഗങ്ങളായ ആൻ്റണി ചടയം മുറി, മേഴ്സി തങ്കച്ചൻ, റെജി ആൻ്റണി ചടയം മുറി എന്നിവരുടെ ഓർമ്മക്കുറിപ്പുകളും ഇതിലുണ്ട്. രാഷ്‌ട്രീയവും പാർട്ടി പ്രവർത്തനവുമൊക്കെ ഉൾപ്പെട്ട പൊതുജീവിതത്തിൽ നിന്നു വ്യത്യസ്തമായിരിക്കുമ്പോഴും കുടുംബവും കുടുംബാംഗങ്ങളും രാജീവിനെ നോക്കിക്കണ്ടത് എത്രത്തോളം സ്നേഹബഹുമാനങ്ങളോടെയായിരുന്നു എന്ന് അവരുടെ വാക്കുകൾ വ്യക്തമാക്കുന്നുണ്ട്. പല മേഖലകളിൽ രാജീവിൻ്റെ ജീവിതവുമായി അടുത്തു ബന്ധപ്പെട്ടിരുന്ന ഡി. റോബിൻ, ബേസിൽ ജോൺ, ജോജോ, കെ.ഐ. ആന്റണി തുടങ്ങി മറ്റ് ഒട്ടേറെ സുഹൃത്തുക്കളുടേയും സഹപ്രവർത്തകരുടേയും സഖാക്കളുടേയും ഓർമ്മക്കുറിപ്പുകൾ കൂടി ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. നന്മയുള്ള ഒരു വലിയ സൗഹൃദത്തിൻ്റെ സാന്നിദ്ധ്യം തങ്ങളുടെ ജീവിത പരിസരത്തിൽ നിന്നും പൊടുന്നനെ അപ്രത്യക്ഷമായതിലുള്ള ഖേദം അവരെല്ലാം പങ്കുവക്കുന്നുണ്ട്.

സി.ജെ. രാജീവ് സാമൂഹ്യചരിത്രത്തില്‍ രേഖപ്പെടേണ്ട ഒരാള്‍ – പുസ്തകപ്രകാശനം പി.സി. ഉണ്ണിച്ചെക്കന്‍ നിര്‍വ്വഹിക്കുന്നു.

രാജീവിനെ പറ്റിയുള്ള ഓർമ്മക്കുറിപ്പുകൾക്കു പുറമെ രാജീവിൻ്റെ ചില രചനകൾ കൂടി ഈ പുസ്തകത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പ്രസിദ്ധീകരിക്കപ്പെട്ടതും അല്ലാത്തതുമായ കുറേ ചെറുകഥകളെങ്കിലും രാജീവിൻ്റേതായി ഉണ്ടായിരുന്നുവെന്ന് അദ്ദേഹത്തിൻ്റെ പങ്കാളി ജീനക്കും സുഹൃത്തുക്കൾക്കും അറിയാം. പക്ഷേ, സൂക്ഷിച്ചു വയ്ക്കാത്തതു കൊണ്ടു തന്നെ അവയിൽ പലതും നശിച്ചു പോവുകയോ നഷ്ടപ്പെടുകയോ ചെയ്തു. 1989 ജനുവരിയിൽ ‘സാംസ്കാരിക മാസിക’ യിൽ പ്രസിദ്ധീകരിച്ച ‘ഒരു നാറ്റക്കേസും ഞങ്ങളും’ ഒരിടത്തും പ്രസിദ്ധീകരിച്ചിട്ടില്ലാത്ത ‘വാടകമുറി’ എന്നീ കഥകളാണ് ഈ പുസ്തകത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. കൃതഹസ്തനായ ഒരു കഥാകൃത്തിനു മാത്രം കഴിയും വിധം വൈദഗ്ധ്യത്തോടെ എഴുതപ്പെട്ടവയാണ് ഈ കഥകൾ. അരക്ഷിതവും അവ്യവസ്ഥവുമായ നഗര ജീവിതത്തിൻ്റെ അസ്വാസ്ഥ്യം അനുഭവിപ്പിക്കാൻ പോന്നതാണ് ‘വാടക മുറി’ യെന്ന കഥ. ഇവ വായിക്കുമ്പോഴാണ് കഥയെഴുത്തിൽ ശ്രദ്ധയൂന്നാൻ രാജീവിൻ്റെ സുഹൃത്തുക്കളും സഖാക്കളും അദ്ദേഹത്തെ പ്രേരിപ്പിക്കാതെ പോയത് കഷ്ടമായിപ്പോയെന്നു പറയേണ്ടി വരിക. ‘സാംസ്ക്കാരിക മാസിക’യിൽ തന്നെ പ്രസിദ്ധീകരിച്ച, ‘വർഗ്ഗീയതയും ചരിത്ര രചനയു’മെന്ന ഒരു ‘ ലേഖനം കൂടി പുസ്തകത്തിലുണ്ട്. ബ്രാഹ്മണിക്കൽ വലതു പക്ഷ വീക്ഷണങ്ങളെ മഹത്വവത്ക്കരിക്കുകയും വർഗ്ഗീയ പക്ഷപാതിത്വം പുലർത്തുകയും ചെയ്യുന്ന ചരിത്രകാരന്മാർ പിന്തുടരുന്നത് കൊളോണിയൽ ചരിത്രകാരന്മാരുടെ അതേ വഴി തന്നെയാണെന്നും കൊസാംബിയേയും റോമില ഥാപ്പറിനേയും പോലുള്ള ചരിത്രകാരർ ഇതിനെതിരെ നടത്തുന്ന പ്രതിരോധം വളരെ പ്രധാനമാണെന്നും ഇന്നും പ്രസക്തമായ ആ ലേഖനത്തിൽ രാജീവ് സമർത്ഥിക്കുന്നുണ്ട്.

2015 ൽ തൻ്റെ ബ്ലോഗിൽ രാജീവ് എഴുതിയ വിഴിഞ്ഞം തുറമുഖ പദ്ധതിയെ സംബന്ധിച്ച ലേഖനമാണ് മറ്റൊന്ന്. വികസനത്തെ സംബന്ധിച്ച വ്യാമോഹജനകമായ അവകാശവാദങ്ങളുമായി ഭരണകൂടവും മൂലധനവും ജനങ്ങളെ വഞ്ചിക്കുന്നതെങ്ങനെ എന്ന്, വമ്പിച്ച അവകാശ വാദങ്ങളേടെ ശതകോടികൾ നിക്ഷേപിച്ച് പണിതുയർത്തിയ വല്ലാർപാടത്തിൻ്റെ അനുഭവം ചൂണ്ടിക്കാണിച്ചു കൊണ്ട് രാജീവ് വിശദീകരിക്കുന്നുണ്ട്. യാഥാർത്ഥ്യങ്ങളെ സൂക്ഷ്മമായി വിലയിരുത്തുകയും അനുഭവങ്ങളെ വിശകലനം ചെയ്യുകയും ശരിയായ നിരീക്ഷണങ്ങളും നിലപാടുകളും മുന്നോട്ടു വക്കുകയും ചെയ്യുന്ന രാജീവ് ഭരണകൂടത്തിൻ്റെ വികസന സങ്കല്പങ്ങളെ തന്നെയാണ് ചോദ്യം ചെയ്യുന്നത്.

1983 ൽ പ്രസിദ്ധ ചലച്ചിത്രകാരനായ ജോൺ എബ്രഹാമിൻ്റെ സംവിധാനത്തിൽ ഫോർട്ട് കൊച്ചി കടപ്പുറത്ത് അരങ്ങേറിയ ‘നായ്ക്കളി’ എന്ന നാടകത്തിൻ്റെ സംഘാടനത്തിൽ ചെറുതല്ലാത്ത പങ്കാളിത്തം രാജീവിനുമുണ്ടായിരുന്നു. നിലക്കലിൽ ‘പ്രത്യക്ഷപ്പെട്ട’ കുരിശിന്റെ പേരിൽ കേരള രാഷ്ട്രീയത്തിൽ വർഗ്ഗീയ വിദ്വേഷത്തിൻ്റെ വിഷബീജങ്ങൾ വിതക്കാനും കലാപങ്ങളും ഹിംസയും കെട്ടഴിച്ചു വിടാനും വർഗ്ഗീയ ശക്തികൾ നടത്തുന്ന ശ്രമങ്ങളോട് മതനിരപേക്ഷതയോടും മാനവിക മൂല്യങ്ങളോടും പ്രതിജ്ഞാബദ്ധത പുലർത്തുന്ന കലാകാരൻ്റെ പ്രതികരണമായിരുന്നു ആ നാടകം. അതിൻ്റെ രചനയുടെ അവസാന സന്ദർഭത്തിൽ, തൻ്റെ ജീവിത വീക്ഷണത്തിൻ്റേയോ, മാനിഫെസ്റ്റോയുടേയോ പ്രഖ്യാപനമെന്ന പോലെ “സത്യം മനുഷ്യനെ സ്വതന്ത്രനാക്കുമെന്ന ” വാക്യമെഴുതി നാടകം പൂർത്തിയാക്കുന്ന ജോണിനെ പറ്റി, അതിനു സാക്ഷിയാവുന്ന രാജീവ് എഴുതുന്നുണ്ട്. ഫേസ്ബുക്കിൽ രാജീവെഴുതിയ ചില കുറിപ്പുകൾ കൂടി പുസ്തകത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

രാജീവിനെക്കുറിച്ചെഴുതുമ്പോൾ, അദ്ദേഹത്തിൻ്റെ മരണമുണ്ടായി ഏതാനും ദിവസങ്ങൾക്കു ശേഷം അന്തരിച്ച വടുതലയിലെ സ : ജോബിനെ പറ്റി ചാൾസ് ജോർജ്ജ് പറയുന്നുണ്ട്. രാജു തോമസാവട്ടെ, ജോബിൻ്റേയും പെരുമ്പാവൂരിലെ അന്തരിച്ച ‘എല്ലോറ’ വേണുവിൻ്റേയും മരണങ്ങളെ കുറിച്ചു കൂടി പറഞ്ഞു കൊണ്ടാണ് തൻ്റെ കുറിപ്പവസാനിപ്പിക്കുന്നത്. പ്രതിഭാശാലികളായിരുന്നു മൂന്നു പേരും. തങ്ങളുടെ യൗവനാരംഭത്തിൽ തികഞ്ഞ പ്രതിബദ്ധതയോടെ കമ്യൂണിസ്റ്റ് വിപ്ലവ പാർട്ടിയുടെ പ്രവർത്തനങ്ങളോടു സഹകരിക്കുകയോ അതിൻ്റെ ഭാഗമാവുകയോ ചെയ്തവർ. പിന്നീട് സജീവമായ വിപ്ലവ പ്രവർത്തനങ്ങളിൽ നിന്നു പിൻവാങ്ങുകയും സ്ഥിതവ്യവസ്ഥയോടു പല തരത്തിൽ പൊരുത്തപ്പെടുകയോ അതിനു ശ്രമിക്കുകയോ ചെയ്തവർ. മൂന്നു പേരെയും ഏറെക്കുറെ നന്നായി തന്നെ അടുത്തറിയാമായിരുന്നു, എനിക്കും. തുടക്കത്തിൽ സൂചിപ്പിച്ചതു പോലെ, ലോകത്തെ കൂടുതൽ മനുഷ്യത്യവും നന്മയുമുള്ളതായി പുനർനിർമ്മിക്കാനുള്ള ഉത്ക്കടമായ ആഗ്രഹം ഒരു ഘട്ടത്തിൽ അവരെ മൂവരേയും പ്രവർത്തനനിരതരാക്കിയിരുന്നു. അത്തരം പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർ എന്ന് അവർ കരുതിയിരുന്നവരോടൊക്കെ സ്‌നേഹവും ആദരവും അവർ എക്കാലവും പുലർത്തിയിരുന്നു. അവരുടെ നന്മ നിറഞ്ഞ സ്മരണകളെ സ്‌നേഹത്തോടും ആദരവോടും കൂടി ചേർത്തു നിർത്തുക എന്നതാണ് നമുക്കു സാധിക്കുക.


സി.ജെ. രാജീവ് സാമൂഹ്യചരിത്രത്തില്‍ രേഖപ്പെടേണ്ട ഒരാള്‍
എഡിറ്റര്‍ : പി.കെ. വേണുഗോപാലന്‍
Contribution : 280 രൂപ (പോസ്റ്റല്‍ ചാര്‍ജ്ജ് അടക്കം)
G Pay – 8129353276

No Comments yet!

Your Email address will not be published.