മലയാള കഥാസാഹിത്യത്തിലെ ചില രചനകൾ സാഹിത്യമെന്ന നില വിട്ട് കാലഘട്ടത്തിന്റെ മാനസികരേഖകളായി മാറിത്തീര്‍ന്നിട്ടുണ്ട്. രാജലക്ഷ്മി രചിച്ച ‘ആത്മഹത്യ’ എന്ന കഥ ഈ ഗണത്തില്‍ പെടുന്ന രചനയാണ്.
1964ലെ മംഗളോദയം വിശേഷാല്‍പതിപ്പില്‍ ഈ കഥ പ്രസിദ്ധീകരിച്ചു വന്നു. രാജലക്ഷ്മി എഴുതിയ അവസാനത്തെ കഥയായിരുന്നു ഇത്. 1965 ജനുവരി 18ന് രാജലക്ഷ്മി ആത്മഹത്യ ചെയ്തു. കഥാകാരിയുടെ ജീവിതം ആത്മഹത്യയിൽ അവസാനിച്ചതോടെ, ഈ കഥയ്ക്ക് അസ്വാഭാവികമായ ആത്മകഥാതുല്യത കൈവന്നു. അതിനാൽ ‘ആത്മഹത്യ’ എന്ന കഥ വായിക്കുമ്പോൾ, അത് ഒരു സാഹിത്യകൃതിയായി മാത്രമല്ല, ഒരു എഴുത്തുകാരിയുടെ ആത്മസാക്ഷ്യമായി കൂടി പരിഗണിക്കേണ്ടി വരുന്നു.
ആത്മഹത്യയിലേക്കു നയിക്കുന്ന സാമൂഹിക–മാനസിക ഘടകങ്ങളെ സൂക്ഷ്മമായി അനാവരണം ചെയ്യുന്ന കഥയാണിത്. ഈ കഥയില്‍ ആരും ആത്മഹത്യ ചെയ്യുന്നില്ല. ആഖ്യാതാവിന്‍റെ ഉള്ളിലെ പേടിയായി ആത്മഹത്യ കഥയില്‍ പ്രത്യക്ഷപ്പെടുന്നു. കഥയുടെ നിര്‍മ്മാണവേളയില്‍ കഥാകാരി സ്വയംഹത്യയ്ക്കു വേണ്ടിയുള്ള വിചാരങ്ങളിലും അതു സൃഷ്ടിക്കുന്ന പേടിയിലുമായിരുന്നോയെന്ന് ആലോചിക്കാന്‍ പ്രേരിപ്പിക്കുന്ന ചില ഘടകങ്ങള്‍ കഥാപ്രമേയത്തില്‍ ഉണ്ടെന്നു തോന്നാവുന്നതാണ്. കഥ ആത്മഹത്യയെ കുറിച്ചുള്ള ഒരു ചർച്ചയോടെയാണ് ആരംഭിക്കുന്നത്.
”ആത്മഹത്യ ഭീരുത്വത്തിന്‍റെ ലക്ഷണമാണ്
കൊള്ളരുതായ്മയുടെയും ഭീരുത്വത്തിന്‍റെയും”
”ഭീരുത്വം എന്നു പറഞ്ഞാൽ ഞാൻ സമ്മതിക്കില്ല.
ഓടുന്ന തീവണ്ടിയുടെ മുമ്പിൽ തല വെയ്ക്കുന്നത് ഭീരുത്വമാണത്രേ, ഭീരുത്വം ”
”പിന്നെ അല്ല, ധീരതയാണ്. അവരവര് വിചാരിച്ചപോലെ എല്ലാം നടക്കാതെ വരുമ്പോൾ ഉടനെ പോയങ്ങു മരിക്കുക. Revenes face ചെയ്യാനുള്ള ധൈര്യമില്ലാതെ ഒളിച്ചോടിപ്പോവുക എന്നുവെച്ചാൽ ഭീരുത്വം എന്നു തന്നെ പറയും ഞാൻ”
കഥയുടെ ഈ തുടക്കം കഥാകാരിയുടെ കുഴങ്ങിയ അവസ്ഥകളും ദാര്‍ശനികമായ നിലപാടും വ്യക്തമാക്കുന്നതാണ്.
കഥയിലെ പ്രധാന കഥാപാത്രം നീരജ ചക്രവര്‍ത്തിയാണ്. ആഖ്യാതാവിനും നീരജയ്ക്കും ഇടയില്‍ ശക്തമായ സ്നേഹവിശ്വാസങ്ങളുണ്ട്. ഓപ്പോളുടെ വെള്ളപ്പാറ്റ എന്ന അനുജന്‍റെ വിളിയില്‍ കഥാകാരിക്ക് നീരജയോടുള്ള സൗഹൃദത്തിന്‍റെയും സ്നേഹത്തിന്‍റെയും ആഴം അറിയാം. നീരജയുടെ വാക്കുകളിലൂടെയല്ല, ആഖ്യാതാവിന്‍റെ അനുഭവവ്യാഖ്യാനങ്ങളിലൂടെയാണ് അവളുടെ കഥ വായനക്കാര്‍ അറിയുന്നത്. മദ്ധ്യവയസ്കനും നേവിയിലെ ഉദ്യോഗസ്ഥനുമായ ഭർത്താവിനോടൊപ്പമുള്ള നീരജയുടെ ജീവിതം അവളെ ശ്വാസംമുട്ടിക്കുന്നതാണ്. എന്നാൽ, അവള്‍ തന്‍റെ വേദന തുറന്നുപറയുന്നില്ല. സ്ത്രീകളെ സഹിക്കാന്‍ പഠിപ്പിക്കുന്ന വ്യവസ്ഥയുടെ പ്രതീകമാണ് നീരജയുടെ മൗനം. മരുന്നുകൾ കഴിക്കാതിരുന്നാല്‍ മരണത്തിലേക്കു നയിക്കപ്പെടുമെന്ന് ഗര്‍ഭിണിയായ അവള്‍ കരുതുന്നു. ഇത് നിശബ്ദമായ ആത്മഹത്യാരീതിയാണ്. സ്ത്രീ സ്വശരീരത്തിലൂടെ തന്നെ നടത്തുന്ന ഒരു നിശ്ശബ്ദ പ്രതിഷേധമാണത്. തുറന്ന കലാപത്തിനോ നേരിട്ട് ആത്മഹത്യയ്ക്കോ അവൾ തുനിയുന്നില്ല. സ്ത്രീയുടെ കലാപത്തെ ഭയപ്പെടുന്ന പിതൃഅധികാരസമൂഹം അവളുടെ നിശ്ശബ്ദമരണത്തെ അംഗീകരിച്ചേക്കും!
സ്ത്രീകൾക്കായി സമൂഹം അനുവദിച്ചിരിക്കുന്ന മര്യാദാപൂർണമായ മരണത്തെ നീരജയുടെ പ്രവൃത്തി സാക്ഷ്യപ്പെടുത്തുന്നുണ്ട്. ആത്മഹത്യയെ സ്ത്രീയ്ക്ക് അനുവദിക്കപ്പെട്ട ഏക സ്വാതന്ത്ര്യരൂപമായി പലപ്പോഴും ഫെമിനിസ്റ്റ് ചിന്തയിൽ വിശകലനം ചെയ്യാറുണ്ടല്ലോ? നീരജയുടെ ആത്മഹത്യാശ്രമം ഇതിന് ഉദാഹരണമാണ്. അവൾ തെരഞ്ഞെടുത്ത രീതി സമൂഹത്തെ നേരിട്ടു കുറ്റപ്പെടുത്തുന്നില്ല. അവളേയും കുറ്റക്കാരിയാക്കുന്നില്ല. മറിച്ച്, അവള്‍ രോഗിയും ദുർബ്ബലയുമായി മാറുന്നു. നീരജയുടെ ശ്രമം പരാജയപ്പെടുന്നു; പ്രസവത്തില്‍ കുഞ്ഞ് മാത്രം മരിക്കുന്നു. “രണ്ടുപേരും കൂടി പോകുമെന്നായിരുന്നു ഞാൻ കരുതിയത്” എന്ന നീരജയുടെ വാക്കുകൾ മാതൃത്വം സ്ത്രീയുടെ മോചനമാകുമെന്ന സാമൂഹികമിഥ്യയെ തകർക്കുന്നതാണ്. ഫെമിനിസ്റ്റ് വിമർശനത്തിൽ ഇത് അതീവപ്രസക്തമായ ഒരു ഘടകമാണ്. കുഞ്ഞിന്റെ മരണത്തിനു ശേഷവും നീരജക്കു ജീവിക്കേണ്ടിവരുന്നു. നീരജ ഭർത്താവിനോടൊപ്പം നാട്ടിലേക്കു മടങ്ങിപ്പോകുന്നത് അവസാനത്തെ വിടവാങ്ങലായി കഥയില്‍ ചിത്രീകരിക്കപ്പെട്ടിരിക്കുന്നു

ഈ കഥയിൽ രബീന്ദ്രനാഥടാഗോറിന്‍റെ മാലഞ്ച എന്ന നോവൽ പരാമർശിക്കപ്പെടുന്നുണ്ട്. ഒരു പൂന്തോട്ടത്തിൻ്റെ രൂപകത്തിലൂടെ മനുഷ്യൻ്റെ വൈകാരികപ്രകൃതിയെ ചിത്രീകരിക്കുന്ന ‘മാലഞ്ച’ ഒരു ക്ലാസിക് ടാഗോർ കൃതിയായി ഗണിക്കപ്പെടുന്നതാണ്. ആ നോവലിലെ ഒരു പ്രധാന കഥാപാത്രത്തിന്‍റെ പേരും നീരജയെന്നാണ്. രാജലക്ഷ്മിയുടെ നീരജയ്ക്കും ടാഗോറിന്‍റെ നീരജയ്ക്കുമിടയിൽ ചില സമാനതകളുണ്ട്. ഇരുവരും ഭർത്താവിനോടൊപ്പമുള്ള ജീവിതത്തില്‍ ദുഃഖിതകളാണ്. ടാഗോറിന്‍റെ നോവലിലെ നീരജയുടെ ഗർഭം അലസിപ്പോകുന്നതോടെ ക്ഷീണിതയും അവശയും രോഗിണിയുമാകുന്നു. ഏതാണ്ട് സമാനമായ അവസ്ഥ രാജലക്ഷ്മിയുടെ കഥയിലെ നീരജയ്ക്കുമുണ്ട്. രണ്ടു നീരജമാരും വൈകാരികമായ ഒറ്റപ്പെടലിലേക്കു നയിക്കപ്പെടുന്നവരാണ്. വെള്ളിമേഘങ്ങൾക്കിടയിലൂടെ അമ്പിളിപ്പൊളി കാണുമ്പോൾ വെളുത്ത ഷാളിനടിയിലൂടെ ടാഗോറിന്‍റെ നീരജയുടെ വെളുത്ത കാല്‍ കാണുന്നതായി തോന്നുന്ന കഥാകാരിക്ക് അയല്‍വക്കത്തെ താമസക്കാരി നീരജയെ കാണുമ്പോൾ ടാഗോറിന്‍റെ നീരജയെ കാണാന്‍ കഴിഞ്ഞിരുന്നുവെന്നു തീര്‍ച്ച! ടാഗോറിന്‍റെ നീരജ മാനസികരോഗത്തിനു കീഴ്‌പ്പെടുകയാണ്.
രാജലക്ഷ്മിയുടെ കഥയില്‍ തന്‍റെ കൂട്ടുകാരിയുടെ വിധിയെന്താണെന്ന ഭയം ആഖ്യാതാവിനെ ബാധിക്കുന്നു. അവള്‍ ആത്മഹത്യ ചെയ്യുമോയെന്ന ഭയം രൂപപ്പെടുന്നു. ഇത് കഥയും ജീവിതവും ഒന്നാക്കുന്ന അനുഭവചിത്രണമായി അതിന്‍റെ വലിയമാനങ്ങളില്‍ കഥാകാരിയുടെ തന്നെ സ്വയംഹത്യാവാര്‍ത്തയായി പിന്നീട് മലയാളികള്‍ കേള്‍ക്കുന്നു! ശീര്‍ഷകത്തില്‍ മാത്രമല്ല, ഈ കഥയുടെ പ്രമേയത്തിനുള്ളില്‍ തന്നെ തന്‍റെ ആത്മഹത്യയുടെ അറിയിപ്പുകള്‍ രാജലക്ഷ്മി ഒളിപ്പിച്ചു വച്ചിരുന്നു.
‘ആത്മഹത്യ’ വായിക്കുമ്പോൾ അതിന്റെ രചനാപശ്ചാത്തലം അവഗണിക്കാൻ കഴിയില്ല. ഈ കഥയെഴുതിയ രാജലക്ഷ്മി, കുറച്ചു മാസങ്ങൾക്കുള്ളിൽ ആത്മഹത്യ ചെയ്തുവെന്നത് കഥയ്ക്ക് ഒരു പ്രവചനത്തിന്‍റെയോ മുന്നറിയിപ്പിന്‍റെയോ സ്വഭാവം നൽകുന്നു. തന്‍റെ ഒരു കൃതി കത്തിച്ചുകളഞ്ഞുകൊണ്ട് രാജലക്ഷ്മി ഇതിനു മുന്നേ പ്രതീകാത്മകമായി ആത്മഹത്യ ചെയ്തിരുന്നുവെന്നു പറയണം. നോവല്‍ കത്തിച്ചത് ആത്മഹത്യയേക്കാളും ഭീതിദമായിരുന്നുവെന്ന് വിനയചന്ദ്രന്‍ എഴുതുന്നുണ്ട്. കെ പി അപ്പന്‍ എഴുതിയതു പോലെ ഈ കഥ ആത്മഹത്യക്കു മുന്നേയുള്ള പ്രതീകാത്മകമായ മുന്നറിയിപ്പായിരുന്നു. രാജലക്ഷ്മിയുടെ കഥാപാത്രം നീരജയുടെ പരാജയപ്പെട്ട ആത്മഹത്യയും കഥാകാരിയുടെ യാഥാർത്ഥ്യമായി തീര്‍ന്ന ആത്മഹത്യയും ഒരുമിച്ച് അനുവാചകരിൽ സൃഷ്ടിച്ച സ്തബ്ധത ഒട്ടും യാദൃശ്ചികമായിരുന്നില്ല. എഴുത്തും ജീവിതവും തമ്മിലുള്ള അതിരുകൾ മാഞ്ഞുപോവുകയായിരുന്നല്ലോ?

അന്ന്, സില്‍വിയാ പ്ലാത്തിന്‍റെ ആത്മഹത്യയുടെ ഓര്‍മ്മകള്‍ മറയാനും മറക്കാനും കാലമായിരുന്നില്ല. അത്, വിര്‍ജിനീയ വൂള്‍ഫ് അടക്കം പല സ്ത്രീകളുടെയും അകാലത്തിലെ വിടവാങ്ങലിനെ ഓര്‍മ്മയിലേക്കു കൊണ്ടുവരുകയും ചെയ്യുമായിരുന്നു! മാനസികമായി എഴുത്തുകാരികൾ നേരിടുന്ന ഒറ്റപ്പെടൽ, സാമൂഹികമായ നിയന്ത്രണങ്ങൾ, ആത്മപരിശോധനയുടെ അമിതഭാരം എന്നിവയെല്ലാം ഇവരെ ബന്ധിപ്പിച്ചിരുന്ന പൊതുഘടകമായിരിക്കണം. രാജലക്ഷ്മിയുടെ ‘ആത്മഹത്യ’ ആഗോളതലത്തില്‍ തന്നെയുള്ള സ്ത്രീ അനുഭവത്തിന്റെ മലയാളഭാഷയിലെ അലംഘ്യമായ രേഖയാകുന്നു.

ആത്മഹത്യ വ്യക്തിപരമായ ദൗർബ്ബല്യത്തിന്റെ ഫലമാണെന്ന രീതിയിലാണ് സാഹിത്യത്തിൽ പലപ്പോഴും ചിത്രിതമായിട്ടുള്ളത്. അതിനെ ഒരു സാമൂഹിക–ദാർശനികപ്രശ്നമായി കാണണമെന്ന നിലയിലേക്ക് സമകാലം എത്തിച്ചേര്‍ന്നിട്ടുണ്ട്. ആത്മഹത്യ ഗൗരവതരമായ ദാര്‍ശനികപ്രശ്നമാണെന്ന ആല്‍ബേര്‍ കാമുവിന്‍റെ വാക്കുകളോട് രാജലക്ഷ്മിയുടെ സ്വയംഹത്യ ചേർന്നുനിൽക്കുന്നുണ്ടോ? രാജലക്ഷ്മിയുടെ അനുഭവത്തെ കാമുവിന്‍റെ വാക്കുകളോട് ചേര്‍ത്തുവയ്ക്കാന്‍ കഴിയില്ലെന്നു പറയുന്നവരുണ്ട്. കെ പി അപ്പന്‍ അങ്ങനെയാണ് കണ്ടത്.

ഇടപ്പള്ളിയുടെ ആത്മഹത്യയെ കുറിച്ച് അപ്പന്‍ എഴുതിയ ‘മരണത്തിന്‍റെ സൗന്ദര്യം’ എന്ന ലേഖനത്തില്‍ മരണത്തോടുള്ള സ്വാഭാവികമായ ആഭിമുഖ്യമല്ലായിയിരുന്നു രാജലക്ഷ്മിയെ സ്വയം നശിപ്പിക്കാന്‍ പ്രേരിപ്പിച്ചതെന്ന് എഴുതുന്നുണ്ട്. അപ്പന്‍ കാമുവിന്‍റെ വാക്കുകളെ അതേപടി സ്വീകരിക്കുന്നു. രാജലക്ഷ്മിയുടെ കഥയിൽ ആത്മഹത്യ ദാർശനികമായ സ്വാതന്ത്ര്യപ്രഖ്യാപനമല്ലെന്നാ
സാമൂഹികസാഹചര്യങ്ങളും വ്യക്തിയുടെ വൈകാരികതലങ്ങളും ധാര്‍മ്മികവും ദാര്‍ശനികവുമായ പ്രശ്നങ്ങളും കൂടിച്ചേരുന്നിടത്താണ് ആത്മഹത്യയും നിര്‍വ്വചിക്കപ്പെടേണ്ടത്. കാമു അങ്ങനെ കാണുന്നില്ല. അദ്ദേഹം ആത്മഹത്യയെ തത്ത്വചിന്താപരമായ പ്രശ്നം മാത്രമായി ചുരുക്കുന്നു. അപ്പന്‍ കാമുവിനെ പിന്തുടരുകയായിരുന്നു. യഥാര്‍ത്ഥത്തില്‍, അപ്പന്‍ കരുതുന്നതു പോലെ ഇടപ്പള്ളിയുടെ ആത്മഹത്യ കൂടിയും കാമുവിന്‍റെ വാക്കുകളെ കേവലമായി ന്യായീകരിക്കില്ല. ഇടപ്പള്ളിയുടെ ജീവിതസാഹചര്യങ്ങള്‍ അദ്ദേഹത്തിന്‍റെ ആത്മഹത്യക്ക് ത്വരകമായില്ലെന്ന്, അദ്ദേഹത്തില്‍ കുടികൊണ്ടിരുന്ന സ്വാഭാവികമായ ആത്മഹത്യാവാഞ്ഛ മാത്രമാണ് ഏകകാരണമെന്ന് എങ്ങനെ പറയാന്‍ കഴിയും?

ഇടപ്പള്ളിയുടെ ജീവിതകഥ മറിച്ചുള്ള ചില തെളിവുകളെങ്കിലും നല്‍കുന്നില്ലേ? രാജലക്ഷ്മിയുടെ സ്വയംഹത്യ സ്വാതന്ത്ര്യം നിഷേധിക്കപ്പെട്ടവളുടെ പ്രവൃത്തി മാത്രമാണെന്ന്, അതിന് സാമൂഹികമായ കാരണങ്ങളേയുള്ളൂവെന്ന്, ആ പ്രവൃത്തിയില്‍ ധാര്‍മ്മികതയുടെ പ്രശ്നങ്ങള്‍ അന്തര്‍ഭവിച്ചിട്ടില്ലെന്ന് തെളിയിക്കുന്നതെങ്ങനെയാണ്? ആത്മഹത്യ അസ്തിത്വത്തിനായുള്ള പോരാട്ടത്തില്‍ രാജലക്ഷ്മിയുടെ വ്യക്തിത്വത്തിന്‍റെ തെരഞ്ഞെടുപ്പിന്‍റെ ഭാഗമായിരുന്നില്ലെന്ന് എങ്ങനെയാണ് ഉറപ്പിക്കാന്‍ കഴിയുക? പിന്നീട്, രാജലക്ഷ്മിയെ കുറിച്ച് കെ.പി.അപ്പന്‍ എഴുതുന്ന ലേഖനത്തില്‍ തന്‍റെ വാദം അതേപടി ഉയര്‍ത്തുകയോ വിശ്ലേഷണത്തിനു വിധേയമാക്കുകയോ ചെയ്യുന്നില്ല. ഹെമിങ് വേ, നോര്‍മന്‍ മെയ്ലര്‍, വുഡ്രോ വില്‍സണ്‍, ഡോസ്റ്റോയെവ്സ്കി എന്നിങ്ങനെ പലരേയും രാജലക്ഷ്മിയുടെ കഥയുടെ ചര്‍ച്ചയിലേക്കു കൂട്ടിക്കൊണ്ടുവരുന്ന അപ്പന്‍ ഇവിടെ ആല്‍ബേര്‍ കാമുവിനെ മറന്നുപോകുന്നു! യാഥാര്‍ത്ഥ്യത്തിനു വേണ്ടി ധര്‍മ്മചിന്തയെ ഉപേക്ഷിക്കുന്ന ചില ശാസ്ത്രജ്ഞന്മാരെ പോലെ കെ പി അപ്പന്‍ എന്ന വിമര്‍ശകന്‍ ലാവണ്യത്തിന്‍റെ ഞടുക്കം സൃഷ്ടിക്കുന്ന വാക്കുകള്‍ക്കു വേണ്ടി, അഥവാ സാഹിതീയസൗന്ദര്യത്തിനു വേണ്ടി, യാഥാര്‍ത്ഥ്യത്തെ മറച്ചുവയ്ക്കുമായിരുന്നു. എങ്കിലും രാജലക്ഷ്മിയെ കുറിച്ചുള്ള ലേഖനത്തില്‍ തന്‍റെ പൂര്‍വ്വനിലപാടില്‍ നിന്നും അദ്ദേഹം പിന്നോട്ടു പോകുന്നുണ്ടെന്നു പറയണം.

മലയാളസാഹിത്യത്തിലെ സ്ത്രീപക്ഷ, ദാർശനിക വിമർശനങ്ങൾക്ക് ഒരുപോലെ തുറവി നല്‍കുന്ന കഥാഖ്യാനമായി രാജലക്ഷ്മിയുടെ രചന – ‘ആത്മഹത്യ’ – ഏറെക്കാലം നിലനില്‍ക്കും.
1. രാജലക്ഷ്മിയുടെ കഥകള്‍ – ഗയ ബുക്സ്, തിരുവനന്തപുരം, 1993
2. ക്ഷോഭിക്കുന്നവരുടെ സുവിശേഷം – കെ പി അപ്പന്‍, ലിറ്റില്‍ പ്രിന്‍സ്, 1985
3. ചരിത്രത്തെ നിങ്ങള്‍ക്കൊപ്പം കൂട്ടുക – കെ പി അപ്പന്‍, ഡി സി ബുക്സ്, 2008







രാജലക്ഷ്മി ബന്ധുമിത്രാദികളുടെ വിമർശനത്തെ ഏറെ ഭയപ്പെട്ടിരുന്നുവെന്ന്, നേരത്തെ അവർ മാതൃഭൂമിയിൽ എഴുതിപ്പോന്നിരുന്ന നോവൽ പൂർത്തിയാക്കാതെ ഉപേക്ഷിച്ചു എന്നതിൽ നിന്നു മനസ്സിലാക്കാം. എളുപ്പം മുറിവേല്ക്കുന്ന ഒരു ലോലഹൃദയമായിരുന്നു അവരുടേത്. അവരുടെ മരണത്തിന് മാനസിക പീഡകരെന്ന നിലയിൽ അടുത്ത ബന്ധുക്കൾക്കു പോല
ും ഉത്തരവാദിത്വമുണ്ട്.