പാപം ചെയ്യരുതെന്ന് മോഹമുണ്ടെങ്കിലും
ചുറ്റും ആപ്പിൾപ്പഴങ്ങളാണ് ബ്രോ.
ഉരുണ്ടുതുടുത്തു മധുരിക്കുന്നവ.
ബിവറേജ് ഷോപ്പ്
ഒരു ആപ്പിൾത്തോട്ടമാണ്.
ചുവന്ന ആപ്പിൾമദ്യം
നുകർന്നുകൊണ്ടിരിക്കെ
പ്രായശ്ചിത്തം കഴുത്തിൽ പിടികൂടും.
കിട്ടിയ ഗ്യാപ്പിലൂടെ പിന്നെയും
അകത്തേക്കിറക്കും.
ആപ്പിളിനേക്കാൾ തുടുത്ത
നിൻ്റെ മുലകൾ
പ്രലോഭനത്തിന്റെ വിലോഭനീയതകൾ.
സ്വർഗ്ഗത്തിൽ മറ്റൊരു പെണ്ണുണ്ടായിരുന്നെങ്കിൽ
ഹവ്വയുടെ ആപ്പിളുകൾക്കപ്പുറം മറ്റൊന്ന്
ആദം തേടുമായിരുന്നോ?
ഈയലുകളെല്ലാം
വെളിച്ചത്തിന്റെ പാപം
ആവർത്തിച്ചു കൊണ്ടേയിരിക്കുന്നു ചിറകറ്റുവീഴുമ്പോൾ,
വെറും മണ്ണിൽ പ്രായശ്ചിത്തവിലാപമായിഴയുന്നു.
ധിക്കാരത്തിന്റെ ലാവണ്യമേ,
അക്കരപ്പച്ചയുടെ മായക്കാഴ്ചകളേ!
പുണ്യത്തെക്കാൾ സൗന്ദര്യം പാപത്തിനുണ്ടായതെങ്ങനെ?
ചിറകുകളുടെ സ്വർഗ്ഗത്തിൽ നിന്നും
ഈയലുകളെ
വെളിച്ചം പുറത്താക്കുന്നു.
***







നന്നായി ബ്രോ♥️🫂