കൗമാരസ്വപ്നങ്ങളുടെ
ആകാശയാത്രകള്ക്കൊരനുബന്ധമായി
മോഹിച്ചു സ്വന്തമാക്കിയതാവും, മുമ്പ്.
അതൊരു പുഷ്പകവിമാനമായിരുന്നു.
അവനതിനെ പ്രതീക്ഷകളാല്‍ അലങ്കരിച്ചിരുന്നു
ഉല്ലാസത്തിന്റെ ഇന്ധനം നിറച്ചിരുന്നു
പ്രണയത്തിന്റെ എണ്ണയൊഴിച്ചു മിനുക്കിയിരുന്നു.
സര്‍വ്വലോകങ്ങളുടെയും അധിപനെന്നപോലെ,
സ്വാതന്ത്ര്യത്തിന്റെ വാഹകനെന്നപോലെ,
ഉത്സാഹത്തിന്റെ രാജകുമാരനെന്നപോലെ,
ആനന്ദത്തിന്റെ കേന്ദ്രബിന്ദുവെന്നപോലെ,
മഴവില്ലിന്റെ ചില്ലുകളായിരുന്നു കൈപ്പിടി
മേഘത്തലയിണയായിരുന്നു ഇരിപ്പിടം
ഋതുഭേദങ്ങളായിരുന്നു ചക്രങ്ങള്‍
അന്നുപോയ വഴികളൊന്നും
ഭൂമിയിലല്ലായിരുന്നു.
ഇന്ന്,
വീടിന്റെ പിന്നാമ്പുറത്തുകാണാം ചിലപ്പോള്‍
പൊടിപിടിച്ച ചിറകും
ഒടിഞ്ഞ ഉടലുമായി
മാറാല ചുറ്റി
തുരുമ്പെടുത്ത
അതേ സ്വപ്നത്തെ
വലിച്ചെറിയപ്പെട്ടതും
ഉപയോഗശൂന്യമായതുമായ
മറ്റനേകം വസ്തുക്കള്‍ക്കൊപ്പം.
ചിലപ്പോള്‍
ഉമ്മറത്തുണ്ടാവും ഒരു കസേരയില്‍
ഓര്‍മ്മകളില്‍ മാത്രം യാത്ര ചെയ്യുന്ന
രാജ്യം കൈവിട്ട
ആ പഴയ രാജകുമാരന്.
***







No Comments yet!