Skip to main content

അഡലെയ്ഡ്‌ റൈറ്റേഴ്‌സ് വീക്കിൽ കറുപ്പടിച്ച വംശീയ സെൻസർഷിപ്പ്

പ്രശസ്‌ത എഴുത്തുകാരനും മുതിർന്ന മാധ്യമ പ്രവർത്തകനും ലോകസഞ്ചാരിയുമായ അനിൽകുമാർ എ വി യുടെ തിങ്കളാഴ്‌ച പംക്തി തുടരുന്നു:

നുറുങ്ങുകൾ : 4

Martin Luther King, Jr. - Wikipedia
Martin Luther King, Jr.

‘‘യാഥാർഥ്യത്തിൽ നിരായുധമായ
സത്യത്തിനും ഉപാധികളില്ലാത്ത
സ്നേഹത്തിനും അനുകൂലമാവും
അന്തിമ വിധിയെന്ന് ഞാൻ വിശ്വസിക്കുന്നു’’

‐ മാർട്ടിൻ ലൂഥർ കിങ്‌ ജൂനിയർ

 

വെളുത്തവർഗ ചരിത്രത്തെ അഭിഭിമാനം എന്ന് പുകഴ്‌ത്തുമ്പോൾ കറുത്തവരുടെ ചരിത്രത്തെ പരാതിയെന്നാന്ന് മുദ്രകുത്തുന്നത്. അടിമത്തം, വേർതിരിവ്, വിവേചനം, മോഷ്ടിക്കപ്പെട്ട സമ്പത്ത് തുടങ്ങിയവയെപ്പറ്റി കറുത്തവർണക്കാർ സൂചിപ്പിക്കുമ്പോൾ അതിനെ ഭൂതകാലത്തെക്കുറിച്ച് ചിന്തിക്കൽ എന്ന്‌ ശകാരിക്കും. വെള്ളക്കാരായ അമേരിക്ക കോളനിവൽക്കരണം, കീഴടക്കൽ, സാമ്രാജ്യം എന്നിവയെക്കുറിച്ച് ഊറ്റംകൊള്ളുമ്പോൾ അഭിമാനം എന്നാണ്‌ വിശേഷണം. പീറ്റർ ബ്രൂഗൽ ദി എൽഡർ 1562-ൽ വരച്ച എണ്ണച്ചായാചിത്രമാണ്‌ ‘ദി ട്രയംഫ് ഓഫ് ഡെത്ത്‌’( (മരണത്തിന്റെ വിജയം).

File:The Triumph of Death by Pieter Bruegel the Elder.jpg - Wikimedia  Commons
The Triumph of Death by Pieter Bruegel the Elder

കറുത്തിരുണ്ട വിജനമായ ഭൂപ്രകൃതിയിൽ നാശം വിതയ്ക്കുന്ന അസ്ഥികൂടങ്ങളുടെ സൈന്യത്തിന്റെ പനോരമയാണ് ആ പെയിന്റിങ്ങിൽ. അകലെ തീ കത്തുന്നു, കടൽ കപ്പൽച്ചേതങ്ങളാൽ നിറഞ്ഞിരിക്കുന്നു. ഇലകളില്ലാത്ത ഏതാനും മരങ്ങൾ, സസ്യജാലങ്ങളില്ലാത്ത കുന്നുകൾ. ശവം ശ്വാസംമുട്ടിയ കുളത്തിൻതീരത്ത് മീനുകൾ ചീഞ്ഞഴുകിപ്പോകുന്നു. കണ്ണെത്താ ദൂരത്തോളം ജീവജാലങ്ങളില്ലാത്ത, കരിഞ്ഞുണങ്ങിയ, തരിശായ ഭൂമി. ആ പശ്ചാത്തലത്തിൽ അസ്ഥികൂടങ്ങളുടെ ഒരുകൂട്ടം ജീവിച്ചിരിക്കുന്നവരുടെ നേരെ മുന്നേറുന്നു, അവർ ഭയന്ന് ഓടിപ്പോകുകയോ തിരിച്ചടിക്കാൻ വെറുതെ ശ്രമിക്കുകയോയാണ്‌. മുൻവശത്ത് അസ്ഥികൂടങ്ങളും തലയോട്ടികളും വലിച്ചുകൊണ്ടുപോകുന്ന നിറഞ്ഞ വണ്ടി. മുകളിലെ ഇടതുമൂലയിൽ മറ്റുള്ളവർ ലോകത്തിന്റെ മരണത്തെ സൂചിപ്പിക്കുന്ന മണിമുഴക്കുകയാണ്‌. കുരിശുകളാൽ അലങ്കരിച്ച ശവപ്പെട്ടിയുടെ ആകൃതിയിലുള്ള കെണിയിലേക്ക് ആളുകളെ കൂട്ടത്തോടെ കൊണ്ടുപോകുന്നു, അതേസമയം അസ്ഥികൂടങ്ങൾ, ചിലവ കുതിരപ്പുറത്ത്, അരിവാൾ ഉപയോഗിച്ച് ആളുകളെ കൊല്ലുകയും ചെയ്യുകയാണ്‌. വ്യത്യസ്ത സാമൂഹിക പശ്ചാത്തലങ്ങളിലുള്ളയുള്ളവരെ‐ കർഷകരും സൈനികരും മുതൽ പ്രഭുക്കളും രാജാവും കർദ്ദിനാളും‐ – വിവേചനരഹിതമായി മരണം പിടികൂടുന്നതായി എണ്ണച്ചായാചിത്രം പ്രതീകവൽക്കരിക്കുകയുമുണ്ടായി.

അതിരുവിട്ടൊഴുകുന്ന ജല വർണവിവേചനം

ദശാബ്ദങ്ങളായി തുടരുന്ന അധിനിവേശത്തിലൂടെ പലസ്തീനികൾക്കെതിരെ വർണവിവേചനം നടപ്പാക്കുക മാത്രമല്ല, – വെസ്റ്റ് ബാങ്കിലെ നീരുറവകളിൽ നിന്നുള്ള വെള്ളവും നിയന്ത്രണത്തിലാക്കിയിരിക്കയാണ്‌ ഇസ്രയേൽ. ‘ജലവർണവിവേചനം” എന്ന് വിളിക്കാവുന്ന ക്ഷാമമാണ്‌ ഫലം. അധിനിവേശ വെസ്റ്റ് ബാങ്കിലെ കടുത്ത പ്രതിസന്ധി ജലത്തെ നിയന്ത്രണ മാർഗമായി ഉപയോഗിക്കുന്നതായി ഇസ്രയേലി മനുഷ്യാവകാശ സംഘടന ബി’സെലം വ്യക്തമാക്കി. അത്‌ മനുഷ്യനിർമിതവും മനഃപൂർവവുമാണെന്നാണ്‌ വിശദീകരിച്ചതും. കുടിയേറ്റക്കാർക്ക് പലസ്തീനികളെക്കാൾ ഏഴു മടങ്ങ് കൂടുതൽ വെള്ളം ഉപയോഗിക്കാൻ കഴിയുന്നത് അങ്ങനെ. ഗാസയിലെ അൽ-അഖ്‌സ ആശുപത്രിയിൽ ഒറ്റയ്ക്ക് നിൽക്കുകയായിരുന്ന കുട്ടിയെക്കുറിച്ചുള്ള ‘ചെറിയ ആത്മാവ്, ആരെങ്കിലും തിരിച്ചറിയുന്നതും കാത്ത്’ എന്ന സമൂഹ മാധ്യമങ്ങളിലെ ഹൃദയംഗമമായ അപേക്ഷ കൊത്തിവലിക്കുന്നതായി. അടുത്തെങ്ങും കുടുംബമില്ല. എവിടെയെങ്കിലും ആരെങ്കിലും ആ മുഖം തിരിച്ചറിയുമെന്ന നിശബ്ദ പ്രതീക്ഷ മാത്രം. പുനഃസമാഗമത്തിന്‌ ചിത്രം വ്യാപകമായി പങ്കിടാൻ സമീപവാസികളും പത്രപ്രവർത്തകരും സമൂഹത്തിന്റെ സഹായം തേടുന്നു. ഗാസയിലെ അൽ-അഖ്‌സ ആശുപത്രി പരിസരം കടുത്ത മാനുഷിക ദുരിതം അനുഭവിക്കുന്ന പ്രദേശങ്ങളിലൊന്നാണ്‌. അവിടെ ഒട്ടേറെ കുട്ടികൾ പലായനം നടത്തുകയോ അനാഥരാവുകയോ ചെയ്യുന്നു. ഇസ്രയേലി വംശഹത്യയ്ക്ക് മുമ്പ് ഗാസ തുറന്ന ജയിലായിരുന്നു. ഇപ്പോഴത് ലോകത്തിലെ ഏറ്റവും വലിയ കോൺസെൻട്രേഷൻ ക്യാമ്പാണ്‌. ദിവസവും പുതിയ കൂട്ടക്കൊല. ബോംബിങ്‌, ആൾനാശം. 20 ലക്ഷം നിസഹായർ ആസനമ്മായ പട്ടിണി മരണത്തിന്റെ വക്കിലും തകർന്ന വീടിന്റെ അവശിഷ്ടങ്ങൾക്കടിയിൽ ഭാര്യയുടെയും മക്കളുടെയും കുടുംബാംഗങ്ങളുടെയും അവശിഷ്ടങ്ങളും അസ്ഥികളും തിരയുന്ന മഹ്മൂദ് ഹമ്മദിന്റെ ചിത്രം മനുഷ്യ മനഃസാക്ഷിക്കുനേരെയുള്ള ചോദ്യചിഹ്നമാണ്‌.

Gaza death toll: how many Palestinians has Israel's campaign killed? - SWI  swissinfo.ch

പ്രിയപ്പെട്ടവരെ കണ്ടെത്തുമെന്ന പ്രതീക്ഷയിൽ അരിപ്പ ഉപയോഗിച്ച് മണൽ അരിച്ചുപെറുക്കുന്നു. തന്റെ വെറും കൈകളാൽ 500 ടൺ അവശിഷ്ടങ്ങൾ അദ്ദേഹം നീക്കം ചെയ്തു. തകർന്ന കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ പതിനായിരത്തിലേറെ ജഡങ്ങൾ കുടുങ്ങിക്കിടക്കുന്നുണ്ട്‌. മരിച്ച ഉറ്റവരെ സ്വന്തമായി പുറത്തെടുക്കാൻ ശ്രമിക്കുകയാണ്‌ പലരും. അവശിഷ്ട കൂമ്പാരത്തിന്‌ സമീപം നിൽക്കുന്ന അഹമ്മദ് സലിമിന് പ്രിയപ്പെട്ടവരുടെ മൃതദേഹങ്ങൾ വീണ്ടെടുക്കാൻ പാടുപെടുമ്പോൾ കണ്ണുനീർ അടക്കാനായില്ല. വീട് ലക്ഷ്യമാക്കിയ ആക്രമണം ഭാര്യ, മക്കൾ, അമ്മ, അച്ഛൻ തുടങ്ങിയവരുൾപ്പെടെ 30- പേരെ വധിച്ചു. അദ്ദേഹം മാത്രമാണ് അതിജീവിച്ചത്. മൃതദേഹങ്ങൾ വീണ്ടെടുക്കുന്നതിനും ഉചിതമായ സംസ്‌കാരം നടത്തുന്നതിനും അന്നുമുതൽ കാത്തിരിക്കുകയാണ്. സലീമിനെ പോലെ ഇയാദ് റയാനും ഭാര്യയെയും കുട്ടികളെയും അന്തസോടെ അടക്കം ചെയ്യണമെന്നാണ്‌ മോഹം. യുദ്ധത്തിന്റെ ആദ്യ നാളുകൾ മുതൽ ഗാസയിലെ സാബ്ര പരിസരത്ത് അവശിഷ്ടങ്ങൾക്കടിയിലാണ്ട മകന്റെയും സഹോദരന്റെയും ജഡങ്ങൾ കണ്ടെടുക്കാമെന്ന പ്രതീക്ഷയിൽ അമൽ അബ്ദുൽ ആൽ കാത്തിരിക്കുകയാണ്. ഐക്യരാഷ്ട്രസഭാ ഏജൻസിയായ യുഎൻആർഡബ്ല്യുഎയുടെ കണക്കുകൾ അനുസരിച്ച്‌ ജനസാന്ദ്രതയുള്ള ആ പ്രദേശം 6. 1 കോടി ടണ്ണിലധികം അവശിഷ്ടങ്ങളാൽ മൂടപ്പെട്ടിരിക്കുന്നു.പലസ്തീൻ എൻ‌ജി‌ഒ നെറ്റ്‌വർക്കിന്റെയും ഗാസ ചേംബർ ഓഫ് കൊമേഴ്‌സിന്റെയും പങ്കാളിത്തത്തോടെ ഗാസ മുനിസിപ്പാലിറ്റി സംഘടിപ്പിച്ച “ഞങ്ങൾ വീണ്ടും നിർമിക്കും” എന്ന കാംപെയിന്‌ ചില ശുചീകരണ പ്രവർത്തനങ്ങളേ ഏറ്റെടുക്കാനായുള്ളൂ.

ഇസ്രയേലിന്റെ ഗാസ പദ്ധതിയെക്കുറിച്ച്‌ ബോബ് മാർലി എന്തു വിചാരിക്കും

‘ഗാസയ്‌ക്കെതിരായ യുദ്ധത്തെക്കുറിച്ച് ബോബ് മാർലി എന്തു വിചാരിക്കും’ എന്ന ലൂയിസ് ഡയസിന്റെ കുറിപ്പ്‌ ചിന്തോദ്ദീപകമാണ്‌. ആധുനിക സംസ്കാരത്തിലെ ഏറ്റവും ജനപ്രിയനും എന്നാൽ തെറ്റിദ്ധരിക്കപ്പെട്ടതുമായ വ്യക്തികളിൽ ഒരാളാണ് ഗായകനും രചയിതാവും ഗിറ്റാറിസ്റ്റുമായിരുന്ന ആ ജമൈക്കൻ പ്രതിഭ. നീതിയ്‌ക്കും സമാധാനത്തിനും വിമോചനത്തിനും അടിസ്ഥാനാവശ്യങ്ങൾക്കുമായുള്ള ശക്തമായ ആഹ്വാനങ്ങൾക്ക് പേരുകേട്ട മാർലി കൊളോണിയൽ ഭരണം, വർണവിവേചനം, ദാരിദ്ര്യം എന്നിവയ്‌ക്കെതിരെ നിരന്തരം പാടി. 1963-ൽ ഹെയ്‌ലി സെലാസി ചക്രവർത്തിയുടെ പ്രസംഗം ഐക്യരാഷ്ട്രസഭയിൽ അവതരിപ്പിച്ച ‘വാർ’ എന്ന ഗാനം, ഒന്നാംതരം രണ്ടാംതരം പൗരന്മാർ നിലനിൽക്കുന്നിടത്തോളം ശാശ്വത സമാധാനം പുലരില്ലെന്ന്‌ പ്രഖ്യാപിക്കുകയുണ്ടായി. സമാധാനം നേടിയെടുക്കാനുള്ള ലക്ഷ്യത്തിനായുള്ള ഒരു മാർഗമായി സംഗീതം മാറുമെന്ന് മാർലി വിശ്വസിച്ചിരുന്നു. അദ്ദേഹത്തിന്റെ പല ഗാനങ്ങളും പ്രവർത്തനത്തിനുള്ള ആഹ്വാനമാണ്. ഹെയ്തിയിലെ ദാരിദ്ര്യവും അനീതിയും നേരിട്ട് കണ്ടശേഷം കുറിച്ചതാണ് ‘ഗെറ്റ് അപ്പ് സ്റ്റാൻഡ് അപ്പ് ’(1973). അങ്ങനെ പ്രതിബദ്ധരായ കലാകാരന്മാരും എഴുത്തുകാരും വരംവരായ്‌കകൾ ഭയപ്പെടാതെ പലസ്‌തീനെ ഹൃദയത്തോട്‌ ചേർത്തു പിടിക്കുന്നു. ജർമനിയുടെ ‘സോഫ്റ്റ് പവർ’ ഇസ്രയേലിനെയാണ് ആദ്യം പ്രതിഷ്ഠിക്കുന്നത്, സമാധാനത്തെയല്ലെന്ന്‌ തുറന്നടിച്ച്‌ ഗോയ്‌ഥെ- ഇൻസ്റ്റിറ്റ്യൂട്ട് വിട്ട ബെയ്‌റൂട്ടിൽ താമസിക്കുന്ന എലിയോനോറ പെന്നിനിയെ മറക്കാനാവില്ല. ലിബറൽ ബഫർ സോണിൽ പൊതിഞ്ഞുകെട്ടിയിരിക്കുന്ന -ഇൻസ്റ്റിറ്റ്യൂട്ട് വംശഹത്യയിൽ നിന്ന് കൈകഴുകുകയും ഇസ്രയേലി പാതയെ എല്ലായിടത്തും പ്രതിധ്വനിക്കുകയും ചെയ്തിരിക്കുന്നുവെന്നും കൂട്ടിച്ചേർക്കുകയുമുണ്ടായി. സമാധാനത്തിന്റെയും സുരക്ഷയുടെയും ലിബറൽ ആദർശങ്ങളിൽ മുഴുകിയിരിക്കുന്ന സംഘടനയുടെ ഗാസയെ സംബന്ധിച്ച മൗനം ഏറെ വാചാലമാണ്‌. യുദ്ധത്തിനും പ്രതിരോധത്തിനും നേരെ അവ്യക്തമായ ആംഗ്യം മാത്രം കാണിക്കുന്നു. ജർമനി നേരിട്ട് പങ്കാളിയായ ലൈവ്-സ്ട്രീം ചെയ്ത ക്രൂരതയ്‌ക്കെതിരെ പ്രത്യക്ഷത്തിൽ പര്യാപ്തമായ ഒന്നുമുണ്ടായില്ല.

ആസ്‌ത്രേലിയൻ ചരിത്രത്തിലെ ഏറ്റവും മോശം ആവിഷ്കാര സ്വാതന്ത്ര്യ നിഷേധം

ആസ്‌ത്രേലിയയുടെ അന്താരാഷ്ട്ര പ്രശസ്‌തമായ അഡലെയ്ഡ്‌ റൈറ്റേഴ്‌സ് വീക്കിൽ (എ ഡബ്ല്യു ഡബ്ല്യു) നിന്ന്‌ പലസ്തീൻ-‐ ആസ്‌ത്രേലിയൻ എഴുത്തുകാരിയും പണ്ഡിതയുമായ റാൻഡ അബ്ദുൽ- ഫത്താഹിനെ ഒഴിവാക്കിയതിനെ തുടർന്ന്‌ മുൻ ന്യൂസിലൻഡ് പ്രധാനമന്ത്രി ജസീന്ദ ആർഡെർൻ, പെർസിവൽ എവററ്റ്, സാഡി സ്മിത്ത്, മുൻ ഗ്രീക്ക് ധനമന്ത്രി യാനിസ് വരൂഫാകിസ് തുടങ്ങിയവരടക്കം 180 പ്രതിഭകളും പ്രഭാഷകരും പിന്മാറുകയുണ്ടായി. ഒഴിവാക്കൽ സമ്മർദത്തെ വംശീയ സെൻസർഷിപ്പ് എന്നാണ്‌ വിശേഷിപ്പിച്ചതും. ഫെസ്റ്റിവൽ ചെയർപേഴ്‌സൺ ഉൾപ്പെടെ നാല് ബോർഡ് അംഗങ്ങൾ രാജിയും നൽകി. ശേഷിക്കുന്ന മൂന്ന് അംഗങ്ങളും രാജിവയ്ക്കുമെന്നും വാർത്തയുമുണ്ടായി. സ്വത്വത്തെയോ വിയോജിപ്പിനെയോ സംബന്ധിച്ചല്ല, മറിച്ച് ആസ്‌ത്രേലിയൻ ചരിത്രത്തിലെ ഏറ്റവും മോശമായ ആവിഷ്കാര സ്വാതന്ത്ര്യ നിഷേധത്തിന്റെ വ്യാപ്തി ദേശീയ വ്യവഹാരത്തിലെ ദ്രുതഗതിയിലുള്ള മാറ്റമാണെന്നായിരുന്നു ബോർഡിന്റെ നിലപാട്‌. ദേശീയവും അന്തർദേശീയവുമായി പ്രതിഷേധം അലയടിച്ചതിനാൽ പരിപാടി ഔദ്യോഗികമായി റദ്ദാക്കുകയും ചെയ്‌തു. എല്ലാ വർഷവും ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ തെക്കൻ ആസ്‌ത്രേലിയൻ തലസ്ഥാനമായ അഡലെയ്ഡിൽ നടക്കുന്ന സൗജന്യ സാഹിത്യോത്സവമാണ് ഫെസ്റ്റിവൽ ഓഫ് ആർട്‌സിന്റെ ഭാഗമായ പരിപാടി. പയനിയർ വിമൻസ് മെമ്മോറിയൽ ഗാർഡനാണ്‌ വേദി. മീറ്റ് ദി ഓഥർ, സെഷനുകൾ, വായനകൾ, പ്രഭാഷണങ്ങൾ എന്നിവയിൽ അന്തർദേശീയ എഴുത്തുകാർ പങ്കെടുക്കും. 1960-ൽ മാർച്ചിലായിരുന്നു ആദ്യ സെഷൻ. തുടക്കത്തിൽ എഴുത്തുകാർക്കുള്ള ഫോറമായി ഉദ്ദേശിച്ചിരുന്നത്‌ പൊതുജനങ്ങൾക്കിടയിൽ വളരെ പ്രചാരംനേടി. 1966-ൽ റഷ്യൻ കവി യെവ്‌ജെനി യെവ്തുഷെങ്കോ പോലുള്ള പ്രശസ്തർ അതിഥികളായി എത്തിയതതിന്‌ ശേഷമാണ്‌ കൂടുതൽ ശ്രദ്ധേയമായത്‌. 1970-കളുടെ തുടക്കത്തിൽ ആന്റണി ബർഗസ്, എഡ്ന ഒ’ബ്രയൻ , ജോൺ അപ്‌ഡൈക്ക് , അലൻ ഗിൻസ്‌ബെർഗ് എന്നിവരും ഭാഗഭാക്കായി. ആ വർഷങ്ങളിൽ സ്റ്റേറ്റ് ലൈബ്രറിയും അഡലെയ്ഡ് സർവകലാശാലയും വേദിയായ സാഹിത്യ സമാഗമം വിപുലമായപ്പോഴാണ്‌ 1976-ൽ ടോറൻസ് പരേഡ് ഗ്രൗണ്ടിനടുത്ത കിങ്‌ വില്യം റോഡിലെ പയനിയർ വനിതാ മെമ്മോറിയൽ ഗാർഡനിലെ കൂടാരത്തിലേക്ക്‌ മാറ്റിയത്‌. റൈറ്റേഴ്‌സ്‌ വീക്ക്‌ എപ്പോഴും സഹകരണപരവും വിശാലമനസ്കതയുള്ളതുമാണ്. ലോക നിലവാരത്തിൽ നല്ല അംഗീകാരവും ലഭിക്കുന്നു. അതിനാൽ ഇങ്ങനെ തകരുന്നത് എഴുത്തുകാർക്കും അഡലെയ്ഡിനും മാത്രമല്ല, രാജ്യത്തിനും പ്രഹരമാണെന്നും സംഭവം ഞെട്ടിപ്പിക്കുന്നതാണെന്നുമാണ്‌ വിമർശനമുയർന്നത്‌. എപ്പോഴെങ്കിലും പരസ്പരം സംസാരിക്കുകയും പല കാഴ്ചപ്പാടുകളിൽ നിന്ന് തുറന്ന് കേൾക്കുകയും വിയോജിക്കുകയും കാഴ്ചപ്പാടും വാദവും തുറന്ന് പറയുകയും കാര്യങ്ങളിൽ വെളിച്ചം വീശുകയും ചെയ്യേണ്ടതുണ്ട്. എഴുത്തുകാരെ നിശബ്ദമാക്കുന്നതും സെൻസർ ചെയ്യുന്നതും ആസ്‌ത്രേലിയൻ ജീവിതരീതിക്ക് വിരുദ്ധമാണ്. റാൻഡയെ ഫെസ്റ്റിവലിൽ നിന്ന് പിൻവലിക്കാൻ നിർബന്ധിച്ച എല്ലാവരും ലജ്ജയോടെ തലകുനിക്കണമെന്നായിരുന്നു ഒരു പത്രത്തിന്റെ വിശകലനം. ഫെസ്റ്റിവൽ ബഹിഷ്‌ക്കരിച്ച ഒട്ടേറെ എഴുത്തുകാരുടെ പുസ്തകങ്ങളുടെ ഫോട്ടോ ഫുള്ളേഴ്‌സ് ബുക്ക്‌ഷോപ്പ് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തു. അവരുടെ കൃതികൾ വാങ്ങി പിന്തുണയ്ക്കാൻ വായനക്കാരെ പ്രോത്സാഹിപ്പിക്കുകയായിരുന്നു ലക്ഷ്യം.

കമിങ്‌ ഓഫ് ഏജ് ഇൻ ദി വാർ ഓൺ ടെറർ

എക്‌സിലെ ഒരു പോസ്റ്റിൽ റാൻഡ അബ്ദുൽ-ഫത്താഹ്, തന്നെ ഒഴിവാക്കിയ നീക്കത്തെ പലസ്തീൻ വംശീയതയ്‌ക്കെതിരായ നഗ്നവും ലജ്ജയില്ലാത്തതും വിവേകശൂന്യവുമായ പ്രവൃത്തിയെന്നാണ്‌ കുറിച്ചത്‌. അസ്വീകാര്യമെന്ന്‌ സൂചിപ്പിച്ച്‌ ബോർഡിന്റെ ക്ഷമാപണം നിരസിക്കുകയും ചെയ്‌തു. പലസ്തീൻ ‐ആസ്‌ത്രേലിയൻ മുസ്ലിം സ്ത്രീയായ തന്നെ പ്രത്യേകമായി ലക്ഷ്യം വച്ചുള്ള നടപടിയെ ദേശീയ വ്യവഹാരം എന്ന് പരാമർശിച്ച ബോർഡ് ദേശീയ വ്യവഹാരത്തിന്റെ ഭാഗമാകാൻ തനിക്ക് കഴിയില്ലെന്ന് വ്യക്തമായി പ്രസ്താവിക്കുന്നു. അത് അങ്ങേയറ്റം അപമാനകരവും വംശീയവുമാണെന്നും കൂട്ടിച്ചേർത്തു. തനിക്കും പലസ്തീനും ഒരു ബന്ധവുമില്ലാത്ത ഭീകരാക്രമണം മുനനിർത്തിയുള്ള വാചാടോപം ബോർഡ് വീണ്ടും ആവർത്തിക്കുന്നുവെന്നും വിശദീകരിച്ചു. റാൻ അബ്ദുൽ-ഫത്താഹ് സിഡ്‌നിയിലെ മക്വാരി സർവകലാശാലാ ഫെലോയും മുൻ അഭിഭാഷകയുമാണ്. അക്കാദമിക് പ്രസിദ്ധീകരണങ്ങൾക്ക് പുറമേ നിരവധി പുരസ്‌കാരങ്ങൾ നേടിയ നോവലുകളുടെയും ഒരു ചിത്ര പുസ്തകത്തിന്റെയും രചയിതാവ്‌. ആദ്യ കൃതി ഡസ് മൈ ഹെഡ് ലുക്ക് ബിഗ് ഇൻ ദിസ് 2005 ൽ പ്രസിദ്ധീകരിച്ചു. കമിങ്‌ ഓഫ് ഏജ് ഇൻ ദി വാർ ഓൺ ടെറർ 2021 ലാണ്‌ പുറത്തിറങ്ങിയത്‌. അഡലെയ്ഡ് റൈറ്റേഴ്‌സ് വീക്കിൽ നിന്ന് ഒഴിവാക്കിയതിനെ തുടർന്ന് 2025 ലെ നോവൽ ഡിസിപ്ലിൻ പൊതുവായനക്കാരുടെ അപ്രതീക്ഷിത ശ്രദ്ധയിലെത്തി. ഇസ്ലാമോഫോബിയ, പലസ്തീൻ ‘ഭീകരതയ്‌ക്കെതിരായ യുദ്ധം’, യുവജന സ്വത്വം, സാമൂഹിക പ്രസ്ഥാന ആക്ടിവിസം എന്നിവയുൾപ്പെടെ ഏറെയധികം വിഷയങ്ങളെക്കുറിച്ചുള്ള ഗവേഷണം, ഉപന്യാസങ്ങൾ, മാധ്യമങ്ങളിലെ അഭിപ്രായപ്രകടനം എന്നിവയിലൂടെ വളരെ പ്രശസ്‌തയുമാണ്‌. സെമിറ്റിസത്തിന്റെ വിവാദപരമായ നിർവചനം ഉൾപ്പെടുത്തിയതിനാൽ ബെൻഡിഗോ ഉത്സവം ബഹിഷ്കരിച്ച 50 എഴുത്തുകാരിൽ ഒരാളായിരുന്നു റാൻഡ അബ്ദുൽ-ഫത്താഹ്.ആസ്‌ത്രേലിയലിലെ ബെൻഡിഗോയിൽ നടക്കുന്ന ഫെസ്റ്റിവലിന്റെ ആതിഥേയർ ഗ്രേറ്റർ ബെൻഡിഗോ പട്ടണമാണ്‌. 2025 ആഗസ്‌ത്‌ 15‐17 തീയതികളിലെ ഉത്സവം ബഹിഷ്‌കരിക്കാൻ കാരണം ചില വംശീയ കോഡുകൾ നിർബന്ധമാക്കിയതാണ്‌. ഫെസ്റ്റിവൽ തുടങ്ങുന്നതിന് രണ്ട് ദിവസം മുന്പാണ്‌ പ്രഭാഷകർക്ക്‌ നിർദേശങ്ങൾ കൈമാറിയത്‌. അനുസരിച്ച് പങ്കെടുക്കുന്നവർ പ്രകോപനപരമോ, ഭിന്നിപ്പിക്കുന്നതോ അനാദരവുള്ളതോ ആയി കണക്കാക്കാവുന്ന ഭാഷയോ വിഷയങ്ങളോ ചർച്ച ചെയ്യുന്നത് ഒഴിവാക്കണമെന്നായിരുന്നു നിർബന്ധം. തുടർന്ന്‌ പെരുമാറ്റച്ചട്ടം ആവിഷ്‌കാര സ്വാതന്ത്ര്യം അടിച്ചമർത്തുമെന്ന് എഴുത്തുകാർ പ്രസ്താവിച്ചു. ബഹിഷ്‌കരണം കാരണം ഷെഡ്യൂൾ ചെയ്ത പരിപാടിയുടെ മൂന്നിലൊന്ന് റദ്ദാക്കി.

No Comments yet!

Your Email address will not be published.