Skip to main content

സനാതനരാഷ്ട്രീയത്തിന്റെ തടവുപുള്ളികള്‍

നീരജ് ഗൈവാന്‍ സംവിധാനം ചെയ്ത ഹോംബൌണ്ട് (Homebound) 2025 ല്‍ പുറത്തിറങ്ങിയ ഹിന്ദി ഭാഷാ സിനിമയാണ്. വര്‍ത്തമാന ഇന്ത്യയില്‍ ദലിത്- മുസ്ലിം മനുഷ്യര്‍ അനുഭവിക്കുന്ന രാഷ്ട്രീയവും സാമൂഹ്യവും സാമ്പത്തികവുമായ അന്യവല്‍ക്കരണത്തിന്റെയും (Alienation) അപരവല്‍ക്കരണത്തിന്റെയും (Othering) സിനിമാവിഷ്‌കാരമാണ് ഹോംബൌണ്ട്. The New York Times ന്റെ ഓപ്പണ്‍ പേജില്‍ ബഷാരത് പീര്‍ എഴുതിയ ഒരു ലേഖനത്തില്‍ നിന്നുമാണ് നീരജ് ഗൈവാന്‍ ഹോംബൌണ്ടിന്റെ കഥ കണ്ടെത്തുന്നത്.

Neeraj Ghaywan - IMDb
Neeraj Ghaywan

കോവിഡ് കാലത്തെ അതിജീവിക്കാന്‍ ശ്രമിച്ച രണ്ടു സുഹൃത്തുക്കളുടെ കഥയാണ് ബഷാരത്ത് പീര്‍ പറഞ്ഞത്. സിനിമയിലത് മുഹമ്മദ് ഷോയ്ബ് അലിയും, ചന്ദനും ആയി പുനര്‍ജനിക്കുകയാണ്. ചന്ദന്‍കുമാര്‍ പട്ടികജാതിയില്‍ പെട്ട വാല്‍മികി ജാതിക്കാരനാണ്. ഒരേ സാമ്പത്തിക സാഹചര്യത്തിലുള്ള ചന്ദനും ഷോയ്ബും ബാല്യകാല സുഹൃത്തുക്കളാണ്. ഒരു സര്‍ക്കാര്‍ ജോലി നേടുകയാണ് അവരുടെ ലക്ഷ്യം. കഥയുടെ ഉള്ളിലേക്ക് ഞാന്‍ പ്രവേശിക്കുന്നില്ല. വര്‍ത്തമാന ഇന്ത്യന്‍ സനാതന ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ പശ്ചാത്തലത്തില്‍ ദലിത് -മുസ്ലിം യുവാക്കളുടെ സൌഹൃദത്തിന്റെ ഊഷ്മളതയും അവരുടെ ജീവിതത്തിലെ വേദനകളും ഉണങ്ങാത്ത വൈകാരിക മുറിവുകളും അതിന്റെ നീറ്റലുകളും കാണികളിലേക്ക് പകരുകയാണ് സിനിമ ചെയ്യുന്നത്.

Homebound: Behind-The-Scenes Moments You Don't Want To Miss
ചന്ദന്റെ അമ്മയുടെ വിണ്ടുകീറിയ കാലുകളെ അവനെപ്പോഴും കളിയാക്കും. അപ്പോഴൊക്കെയും അവന്റെ അമ്മ പറയുന്നത് അവര്‍ക്ക് പൈതൃകമായി കിട്ടിയതീ വിണ്ടുകീറിയ കാലുകള്‍ മാത്രമാണെന്നാണ്. ആ വിണ്ടുകീറിയ കാലുകള്‍ പാടത്തും പറമ്പിലും രാപകല്‍ പണിയെടുക്കാനുള്ള ആയുധമാണെന്നാണ് അമ്മ ചന്ദനോട് പറയുന്നത്. ഇന്ത്യന്‍ ദലിത് ജീവിതത്തിന്റെ ചരിത്രപരമായ പിന്നാക്കാവസ്ഥയുടെ നേരടയാളമാണ് അവര്‍ക്ക് ഇല്ലാതെ പോകുന്ന പാരമ്പര്യസ്വത്തിന്റെ (Ancestral Property) അഭാവം. എനിക്ക് എന്റെ അമ്മയില്‍ നിന്നും കിട്ടിയത് അമ്മയുടെ വിണ്ടുകീറിയ കാലുകള്‍ മാത്രമാണ് എന്ന് ചന്ദന്റെ അമ്മ പറയുമ്പോള്‍ ഹോംബൌണ്ട് മൂര്‍ത്തവല്‍ക്കരിക്കുന്നത് നൂറ്റാണ്ടുകളായി തുടരുന്ന ഇന്ത്യയിലെ പട്ടികജാതി മനുഷ്യരുടെ വിഭവരഹിതമായ ജീവിതങ്ങളെയാണ്. ബുദ്ധമതം സ്വീകരിച്ച ദലിത് കാമുകിയോട് നിന്റെ അച്ഛന്‍ സര്‍ക്കാര്‍ ജോലിക്കാരനായ ലൈന്‍മാന്‍ ആണെന്നും നിനക്ക് രണ്ടു മുറിയുള്ള വീടുണ്ടെന്നും നിനക്ക് വീടിന്റെ ടെറസ്സില്‍ നിന്നുമെന്നെ ഫോണില്‍ വിളിക്കാന്‍ കഴിയുമെന്നും അപ്പോള്‍ ഞാന്‍ ചോര്‍ന്നൊലിക്കുന്ന ഒറ്റ മുറിയില്‍ കിടന്ന് ആകാശം കാണുകയാവും എന്ന് ചന്ദന്‍ പറയുമ്പോള്‍ ഒരേ സാമൂഹ്യ സാഹചര്യത്തില്‍ ജീവിച്ചുവന്ന മനുഷ്യര്‍ ആത്മീയമായും സാമ്പത്തികമായും രണ്ടു നിലകളിലേക്ക് പരിവര്‍ത്തനം ചെയ്യുന്നതിനെ സിനിമ ദൃശ്യവല്‍ക്കരിക്കുമ്പോള്‍ തന്റെ അഞ്ചുലക്ഷം അനുയായികള്‍ക്കൊപ്പം ബൌദ്ധമാര്‍ഗ്ഗത്തിലേക്ക് നടന്നുനീങ്ങിയ ബാബാ സാഹേബ് അംബേദ്കര്‍ സിനിമാ സ്‌ക്രീനിനു പുറത്ത് നിറ സാന്നിധ്യമായി നില്‍ക്കുന്നു. കേരളത്തിലെ പട്ടികജാതി കോളനികള്‍ ”ഉന്നതികള്‍ എന്നും നഗര്‍” എന്നും വിളിച്ചാല്‍ തീരുന്നത്ര നിസ്സാരമാണ് അവിടെ താമസിക്കുന്ന മനുഷ്യരുടേത് എന്ന് കരുതുന്ന ആളുകള്‍ക്കുള്ള മറുപടി കൂടിയാണ് ഹോംബൌണ്ട്.

The Heartbreaking True Story Behind 'Homebound' | TIME
ചന്ദനും ഷോയ്ബും തേടുന്നത് സര്‍ക്കാര്‍ ജോലിയാണ്. അതില്‍ തന്നെ പോലീസ് ആകാനാണ് അവര്‍ക്കിഷ്ടം. മുസ്ലിമും ദലിതും ആയതിനാല്‍ എല്ലാ പൊതു ഇടങ്ങളിലും നിരന്തരം അപമാനിതരാക്കപ്പെടുകയാണ് ചന്ദനും ഷോയ്ബും. ബ്രാഹ്‌മണനാണെന്ന് സ്വയം ഭാവിച്ചുകൊണ്ട് ജാതീയമായ അപമാനങ്ങളെ മറികടക്കാനാണ് ചന്ദന്‍ ശ്രമിക്കുന്നത്. ഒരിക്കലും സ്വന്തം ജാതി പുറത്ത് പറയാന്‍ അവന്‍ തയ്യാറാകുന്നില്ല.ജാതി കോളം പൂരിപ്പിക്കാതെ എപ്പോഴും ജനറല്‍ ക്വാട്ടയില്‍ മത്സരിക്കാന്‍ ആണ് അവന്‍ ശ്രമിക്കുന്നത്. ”ജാതി തുറന്നു പറയുമ്പോള്‍ മറ്റുള്ളവര്‍ എന്നെ അകറ്റി നിര്‍ത്തും; എന്നാല്‍ സ്വന്തം ജാതി മറ്റുള്ളവരില്‍ നിന്നും ഒളിപ്പിച്ചു വയ്ക്കുമ്പോള്‍ ഞാന്‍ എന്നില്‍ നിന്നുമകന്നു പോകുന്നു” എന്ന് ചന്ദന്‍ തന്റെ കാമുകിയോട് ആത്മനിന്ദയോടെ പറയുമ്പോള്‍ അനുഭവിക്കുന്ന വേദന ഇന്ത്യയിലെ ഓരോ ദലിത് മനുഷ്യരും ഏറിയും കുറഞ്ഞും അവരുടെ നിത്യജീവിതത്തില്‍ നിരന്തരം അനുഭവിക്കുന്നതാണ്. സ്വന്തം ജാതി തുറന്നു പറയുന്ന നിമിഷം താനാ ഇടത്തില്‍ നിന്നും പുറത്താക്കപ്പെടുമെന്ന ഭീതി ചന്ദനെ ഒഴിയാബാധയായി വേട്ടയാടുന്നുണ്ട്. സര്‍ക്കാര്‍ സ്‌കൂളിലെ പിള്ളേര്‍ക്ക് കഞ്ഞിവയ്ക്കുന്ന ചന്ദന്റെ അമ്മയുടെ കീഴാള ജാതി സ്വത്വം തിരിച്ചറിയുന്ന കുട്ടികളുടെ മാതാപിതാക്കള്‍ അവളെ കളിയാക്കുകയും നിന്റെ പാരമ്പര്യ ജോലിയായ തോട്ടിപ്പണിയെടുത്തോ, മേലില്‍ ഞങ്ങളുടെ കുഞ്ഞുങ്ങള്‍ക്ക് ഭക്ഷണം വെയ്ക്കാന്‍ വന്നേക്കരുത് എന്ന് പറയുമ്പോള്‍ , ഇതവരുടെ ഭരണഘടനാപരമായ അവകാശമാണ് എന്ന് പറയുന്ന സ്‌കൂള്‍ ഹെഡ്മാസ്റ്ററേയും , നിങ്ങളെ ഞാന്‍ പട്ടികജാതി പട്ടികവര്‍ഗ്ഗ പീഡന നിരോധന നിയമത്തിന് മുന്‍പില്‍ കൊണ്ടുവരുമെന്ന് പറയുന്ന ചന്ദനെയും സവര്‍ണ്ണര്‍ കളിയാക്കുകയും ഭീഷണിപ്പെടുത്തുകയുമാണ് ചെയ്യുന്നത്. സനാതന ഹിന്ദുത്വം ശക്തിപ്രാപിക്കുമ്പോള്‍ ദലിത് ജനത അധികാരവും അവകാശങ്ങളും വിഭവങ്ങളും ഇല്ലാത്ത പുറമ്പോക്കുകളിലേക്ക് മാത്രമായി വീണ്ടും ഒതുക്കപ്പെടും എന്നാണ് സിനിമ പറയാന്‍ ശ്രമിക്കുന്നത്.

Homebound: Caste, Faith, Gender and the Unequal Weight of Survival in Contemporary India
കേരളാ മോഡല്‍ വികസനം കേരളം മുഴുവനും വികസനത്തിന്റെ മായാജാലം തീര്‍ത്തപ്പോഴും കേരളത്തിലെ പട്ടികജാതി കോളനികളില്‍ നിന്നും ഡോക്ടര്‍മാരും എന്‍ജിനിയര്‍മാരും കളക്ടര്‍മാരും ഉണ്ടാകാത്തതിന്റെ കാരണം പട്ടികജാതിക്കാര്‍ കുടിച്ചും മയക്കുമരുന്നടിച്ചും കയ്യിലെ കാശ് മുഴുവന്‍ നശിപ്പിച്ചതുകൊണ്ടാണ് എന്ന് കരുതുന്ന സവര്‍ണ്ണ മലയാളികള്‍ക്കുള്ള മറുപടികൂടി ”ഹോംബൌണ്ട്” സിനിമയ്ക്കുള്ളില്‍ ഒളിപ്പിച്ചു വച്ചിട്ടുണ്ട്. സംവരണം ഉള്ളതുകൊണ്ട് മാത്രം ദലിത് സമൂഹത്തിന് ഉയരങ്ങളിലേക്ക് എത്താന്‍ കഴിയില്ലെന്ന വ്യക്തമായ സന്ദേശമാണ് സിനിമ കൊടുക്കുന്നത്. സാമ്പത്തിക പരാധീനതകളുടെ നടുവില്‍ പെട്ടുഴലുന്ന ശരാശരി പട്ടികജാതിക്കാരന് സംവരണത്തിന്റെ സാദ്ധ്യതകള്‍ ഉപയോഗിക്കാന്‍ കഴിയില്ലെന്ന യാഥാര്‍ത്ഥ്യമാണ് ചന്ദന്റെ ബിരുദപഠനം പാതിവഴിയില്‍ അവന് ഉപേക്ഷിക്കേണ്ടി വരുന്നതിലൂടെ സംവിധായകന്‍ നമുക്ക് കാണിച്ചു തരുന്നത്. ചന്ദന് സംവരണമുണ്ട്. എന്നാല്‍ സ്വന്തം ജാതി പുറത്ത് പറയാന്‍ നിലവിലുള്ള ജാതീയമായ സാമൂഹ്യ സാഹചര്യങ്ങള്‍ അവനെ സമ്മതിക്കുന്നില്ല. സംവരണം ഉപയോഗിക്കുന്നത് മറ്റുള്ളവരുടെ അവസരങ്ങള്‍ മോഷ്ടിക്കുന്നതാണെന്ന സവര്‍ണ്ണ വാദത്തെ പ്രതിരോധിക്കാന്‍ കഴിയാതെ സ്വയം ബ്രാഹ്‌മണനെന്നു ഭാവിച്ചുകൊണ്ട് ആത്മവഞ്ചന ചെയ്യുകയും മറ്റുള്ളവരുടെ മുന്‍പില്‍ പരിഹാസ്യനാവാനുമാണ് ചന്ദന്റെ വിധി. ഞങ്ങളുടെ ജോലികള്‍ മോഷ്ടിക്കുന്ന കള്ളന്മാര്‍ എന്ന് സംവരണമനുഷ്യരോട് സവര്‍ണ്ണര്‍ ചോദിക്കുമ്പോള്‍ തിരിച്ചു ചോദിക്കേണ്ട ചോദ്യം ”ഈ ജോലികള്‍ നിങ്ങള്‍ക്ക് മാത്രം അവകാശപ്പെട്ടതാണ് എന്നാരാണ് നിങ്ങളെ പഠിപ്പിച്ചത്” എന്നാണ്.

അമര്‍ത്യ സെന്‍ എങ്ങനെയാണ് വിഭവങ്ങളുടെ മേലുള്ള ഉടമസ്ഥത ഒരാളെ സ്വതന്ത്രമനുഷ്യനാക്കുന്നതെന്ന് വിശദീകരിക്കാനാണ് അദ്ധേഹത്തിന്റെ എഴുത്ത് ജീവിതത്തിലുടനീളം ശ്രമിച്ചത്. സ്വന്തമായി സ്വതന്ത്രമായി ചിലവഴിക്കാന്‍ ഒരാളുടെ കയ്യില്‍ പണവും അവകാശങ്ങളും അധികാരങ്ങളും സമ്പത്തും ഉണ്ടാകുമ്പോള്‍ മാത്രമേ അയാള്‍ക്കൊരു സ്വതന്ത്ര മനുഷ്യനാകാന്‍ കഴിയൂ എന്നാണ് അമര്‍ത്യ സെന്‍ പറഞ്ഞത്. ഈ അര്‍ത്ഥത്തില്‍ നോക്കുമ്പോഴാണ് ആഫ്രിക്കന്‍ അമേരിക്കന്‍ മനുഷ്യര്‍ അമേരിക്കയില്‍ വില്‍ക്കാനും വാങ്ങാനും (വേണ്ടിവന്നാല്‍ കൊല്ലാനും) കഴിയുന്ന സ്വത്തുക്കള്‍ മാത്രമായിരുന്നു എന്ന് പറയുന്നതിന്റെ യുക്തി. ഇതേ യുക്തിയില്‍ ഇന്ത്യയിലെ ദലിത് ജനതകള്‍ വെറും സവര്‍ണ്ണ ഉപകരണങ്ങള്‍ മാത്രമായിരുന്നു. അവര്‍ക്ക് അധികാരവും അവകാശവും വിഭവങ്ങളുടെ മേല്‍ പങ്കാളിത്തവും കൊടുത്തത് ഭരണഘടനയും സംവരണവുമാണ്. സനാതന ഹിന്ദുത്വം ഇന്ത്യയിലെ ന്യൂനപക്ഷങ്ങളേയും ദലിത് ജനതകളെയും നയിക്കുന്നത് വിഭവരഹിത പുറമ്പോക്കുകളിലേക്കാണ്. ചന്ദനെ സംബന്ധിച്ച് ജോലിയിലൂടെ അവന്‍ നെടാനാഗ്രഹിക്കുന്നത് അടച്ചുറപ്പുള്ള നല്ലൊരു വീടും സ്വഭിമാനവുമാണ്. ഷോയ്ബ് ആകട്ടെ വാപ്പയുടെ മുട്ടുമാറ്റിവയ്ക്കല്‍ ശസ്ത്രക്രീയയാണ്. ഒന്നുമില്ലാത്തവരുടെ വീടുകളിലേക്ക് വരുമാനം വരുമ്പോള്‍ അതുണ്ടാക്കുന്ന പരിവര്‍ത്തനം ആരാലും വിവരിക്കാന്‍ ആവാത്തതാണ്. കേരളത്തിലെ ഏയ്ഡഡ് മേഖലയില്‍ സംവരണം ഉണ്ടായിരുന്നുവെങ്കില്‍ പ്രതിവര്‍ഷം സര്‍ക്കാന്‍ ഖജനാവില്‍ നിന്നും ശമ്പളമായും പെന്‍ഷനായും കൊടുക്കുന്ന കോടിക്കണക്കിന് രൂപയില്‍ പകുതി പാവപ്പെട്ട സംവരണീയരുടെ വീടുകളിലേക്ക് പോകുമായിരുന്നു. എന്തുകൊണ്ടാണ് ആളുകള്‍ ഇന്നും ഉടുതുണിക്ക് മറുതുണിയില്ലാതെ കഴിയുന്നത് എന്ന് ചോദിച്ചാല്‍ അതവര്‍ കഠിനാധ്വാനം ഇല്ലാത്തവര്‍ ആയതുകൊണ്ടോ അവര്‍ അമിത മദ്യപാനികള്‍ ആയതുകൊണ്ടോ അല്ല മറിച്ച് ഇന്നും തുടരുന്ന വര്‍ഗ്ഗ വര്‍ണ്ണ ജാതി അസമത്തങ്ങളുടെ ബലിയാടുകളാണ് അവര്‍. ചരിത്രപരമായ ഈ സത്യത്തെ തുറന്നുകാണിക്കുകയാണ് ഹോംബൌണ്ട്. ”സ്വാതന്ത്ര്യമാണ് വികസനം” എന്ന് അമര്‍ത്യ സെന്‍ പറയുമ്പോള്‍ ദലിത് -ന്യൂനപക്ഷങ്ങളുടെ അസ്വാതന്ത്ര്യങ്ങളാണ് അമൃതകാല ഇന്ത്യയുടെ വികസിതഭാവി എന്ന രാഷ്ട്രീയതത്വം പ്രായോഗികമാക്കുന്ന വര്‍ത്തമാന ഇന്ത്യയിലാണ് ചന്ദനും ഷോയ്ബും തങ്ങളുടെ സ്വപ്നങ്ങള്‍ക്ക് നിറം പകരാന്‍ ശ്രമിക്കുന്നത്.

Homebound Review: A Mirror That Is Both Subtle and Stark

ചന്ദന്‍ സ്വന്തം ജാതി മറച്ചുവെച്ചുകൊണ്ട് സാമൂഹ്യമായ ഇടങ്ങളില്‍ അതിജീവിക്കാന്‍ ശ്രമിക്കുന്നുണ്ട്. എന്നാല്‍ ഷോയ്ബിനെ സംബന്ധിച്ച് അങ്ങനെ ചെയ്യാന്‍ കഴിയുകയില്ല. മുഹമ്മദ് ഷോയ്ബ് അലി എന്ന പേര് തന്നെ അവനെ ചുറ്റുമുള്ളവര്‍ക്ക് അനഭിമതന്‍ ആക്കുന്നു. ലോക്കല്‍ ക്രിക്കറ്റ് മത്സരം നടക്കുന്ന സമയത്ത് റണ്‍ അടിച്ചു കൂട്ടുന്ന ഷോയ്ബിനോട് ”നീ നിന്റെ കൂട്ടര്‍ക്കൊപ്പം പോയി കളിച്ചാല്‍ മതി; മേലില്‍ ഇവിടെ വന്നേക്കരുത്” എന്നാണ് അഭിനവഭാരതം കല്‍പ്പിക്കുന്നത്. ഇന്ത്യാ പാക്കിസ്ഥാന്‍ ക്രിക്കറ്റില്‍ പാക്കിസ്ഥാന്‍ തോല്‍ക്കുമ്പോള്‍ ഷോയ്ബ് വിഷമിച്ചുവെന്ന് കള്ളം പറഞ്ഞുകൊണ്ട് അവനെ കളിയാക്കുന്ന അവന്റെ ഓഫിസിലെ സഹപ്രവര്‍ത്തകര്‍ ഉള്ളിന്റെ ഉള്ളില്‍ ഷോയ്ബിന്റെ സാന്നിധ്യം ഓഫിസില്‍ ആഗ്രഹിക്കാത്തവര്‍ ആണ്.

ചന്ദന്റെ സഹോദരി വൈശാലി കഠിനാധ്വാനിയാണ്. തന്റെ സ്വപ്നങ്ങളെ ബലികഴിച്ചുകൊണ്ട് കുടുംബത്തിന് വേണ്ടി തൊഴിലെടുക്കുകയാണ് അവള്‍. ആണ്‍മക്കളാണ് പഠിച്ചു വളരേണ്ടത് എന്ന സവര്‍ണ്ണ പുരുഷാധിപത്യ തത്വം തന്നെയാണ് ചന്ദന്റെ കുടുംബത്തിലും പ്രയോഗത്തിലുള്ളത്. തന്റെ സ്വപ്നങ്ങളെ പിന്തുടരാന്‍ ചന്ദന്‍ ശ്രമിക്കുമ്പോള്‍ തകര്‍ന്നുപോകുന്ന വൈശാലിയുടെ സ്വപ്നങ്ങളെ പറ്റി അവള്‍ പറയുമ്പോള്‍ മാത്രമാണ് ചന്ദന്‍ അത് തിരിച്ചറിയുന്നത്. ചന്ദന്റെ കാമുകി സുധാ ഭാരതി സ്ത്രീവാദത്തിന്റെ പ്രായോഗികതകളെ സ്വജീവിതത്തില്‍ വിജയകരമായി സമന്വയിപ്പിച്ചവളാണ്. ഒരു തൂപ്പ് ജോലിയോ അല്ലെങ്കില്‍ സാദാ പോലീസ് ജോലിയോ ചന്ദനെ അവന്‍ ആഗ്രഹിക്കുന്ന സ്വാതന്ത്ര്യത്തിലേക്ക് നയിക്കില്ലെന്ന് സുധയ്ക്ക് നൂറു ശതമാനം ഉറപ്പുണ്ട്.

ചന്ദന്റെ പിതാവ് വാര്‍ധക്യ കാലത്തും കുടുംബം പോറ്റാന്‍ സൂറത്തിലെ തുണി മില്ലിലേക്ക് പോകേണ്ട ഗതികേടിലാണ് ജീവിക്കുന്നത്. ഷോയ്ബിന്റെ വാപ്പ ആകട്ടെ തകര്‍ന്ന മുട്ടില്‍ ഇഴഞ്ഞു ജീവിക്കുമ്പോഴും കുടുംബത്തിന് വേണ്ടി ഗോതമ്പ് പാടത്ത് പണിക്കിറങ്ങുന്ന ദിവസത്തിനായി കാത്തിരിക്കുകയാണ്. മരണം വരെ പണിയെടുത്താല്‍ മാത്രം അതിജീവിക്കാന്‍ കഴിയുന്ന ജീവിതമാണ് പാവപ്പെട്ടവരുടേത്. വിശ്രമം എക്കാലവും പാവപ്പെട്ടവരെ സംബന്ധിച്ച് അനുഭവിക്കാന്‍ കഴിയാത്ത ആഡംബരമാണ്.

ഹോംബൌണ്ട് ചന്ദനേയും ഷോയ്ബിനേയും പോലുള്ളവരുടെ സ്വഭിമാനത്തിനായുള്ള പോരാട്ടങ്ങളെ പൊതുസമൂഹ ശ്രദ്ധയിലേക്ക് കൊണ്ടുവരാനുള്ള ശ്രമമാണ്. ഷോയ്ബിനെ സഹപ്രവര്‍ത്തകര്‍ പാക്കിസ്ഥാനി എന്ന് വിളിച്ച് കളിയാക്കുമ്പോള്‍ അവനോട് അല്‍പ്പമെങ്കിലും മമതയുള്ള സഹപ്രവര്‍ത്തകന്‍ പറയുന്നത് ”ഷോയ്ബ് വിഷമിക്കരുത് അവര്‍ മദ്യപിച്ചിട്ട് പറയുന്നതാണ്;കാര്യമാക്കണ്ട” എന്നാണ്. അതിന് ഷോയ്ബ് പറയുന്ന മറുപടിയുടെ ആഴം സനതനത്വത്തിന് ഉള്‍ക്കൊള്ളാന്‍ കഴിയുന്നില്ല.”അവര്‍ തമാശ പറയുന്നതായിരിക്കും എന്നാല്‍ ആ തമാശയുടെ വേദന അനുഭവിക്കുന്നത് ഞാനാണ്” എന്നാണ് ഷോയ്ബ് പറയുന്നത്. ആ നിമിഷം, നാളെ എന്ത് ചെയ്യും എന്ന് പോലും ഓര്‍ക്കാതെ ഷോയ്ബ് രാജി കൊടുത്തു പോകുകയാണ്. രാജിക്കും ആത്മഹത്യക്കും ഇടയിലുള്ള ദൂരം വളരെ നേര്‍ത്തതാകും പാവപ്പെട്ട ഷോയ്ബുമാര്‍ക്ക്. ഓരോ തവണയും സ്വന്തം ജാതി മറച്ചുവെച്ചുകൊണ്ട് ജീവിക്കേണ്ടി വരുന്ന ചന്ദനും ആത്മഹത്യക്കും ജീവിതത്തിനുമിടയിലുള്ള നൂല്‍പ്പാലത്തിലൂടെയാണ് സഞ്ചരിക്കുന്നത്. ദുരന്തര്‍ പോലുള്ള സനാതന ഹിന്ദുത്വത്തിന്റെ വന്യാത്മകമായ ദേശിയതയെ മഹത്വവല്‍ക്കരിക്കുന്ന സിനിമകളുടെ മറുപക്ഷത്ത് നിലകൊള്ളുന്ന സിനിമയാണ് ഹോംബൌണ്ട്. ഏകാശിലാത്മകമായ ഇന്ത്യയെ കെട്ടിപ്പടുക്കാന്‍ ശ്രമിക്കുന്ന വര്‍ത്തമാന മിലിട്ടന്റ് ഇന്ത്യന്‍ ദേശിയതയുടെ തടവറയിലേക്ക് ആട്ടിത്തെളിക്കപ്പെടുന്ന ദലിത് ന്യൂനപക്ഷങ്ങളുടെ ജീവിതങ്ങളിലേക്കാണ് സംവിധായകന്‍ എത്തിനോക്കുന്നത്. സിനിമയിലെവിടെയോ വെച്ച് ദുബായില്‍ പോയി രക്ഷപെടാന്‍ വാപ്പ ഷോയ്ബിനോട് പറയുന്ന സമയത്ത് അവന്‍ ചന്ദനോട് പറയുന്നത് നമ്മുടെ പൂര്‍വ്വികര്‍ ജീവിച്ച ഈ മണ്ണില്‍ നിന്നും എവിടെ പോകാനാണ്. ഈ നാട്ടിലെ ഭാഷ ഭക്ഷണം വസ്ത്രം അയല്‍പക്കം സംസ്‌കാരം പ്രഭാതത്തിലെ ബാങ്ക് വിളി ഇതൊക്കെ വിട്ട് എന്ത് ജീവിതമാണ് വേറൊരിടത്ത് തേടാനുള്ളതെന്നാണ്. നമ്മള്‍ കാലാകാലമായി ജീവിക്കുന്ന ഇടവുമായി അതിന്റെ മിശ്ര സംസ്‌കാരവുമായി ഇഴപിരിക്കാന്‍ കഴിയാത്ത വിധം നമ്മളെല്ലാം കെട്ടുപിണഞ്ഞു കിടക്കുകയാണ്. അതില്‍ നിന്നും ചിലതിനെ മാത്രം വേര്‍തിരിച്ചെടുക്കുന്ന സാംസ്‌കാരിക ദേശിയതയെ പ്രശ്‌നവല്‍ക്കരിക്കുകയാണ് ഹോബൌണ്ട് ചെയ്യുന്നത്.

Must Watch: The Homebound Interview - Rediff.com

ഇന്ത്യയിലെ ദലിത് -ന്യൂനപക്ഷ ജനതകള്‍ അനുഭവിക്കുന്ന അപരവല്‍ക്കരണത്തിന്റെ ഭീകരതയെ ആഴത്തിലും പരപ്പിലും ദൃശ്യവല്‍ക്കരിക്കുന്ന സിനിമയാണ് ഹോംബൌണ്ട്. സിനിമയുടെ പേര് ഷോയ്ബും ചന്ദനും അനുഭവിക്കുന്ന അസ്തിത്വ വ്യഥകളുടെ കൃത്യമായ പ്രതിനിധാനമാണ്. ജാതി-മത ശരീരങ്ങള്‍ മാത്രമായി ചുരുക്കപ്പെടുന്ന, മൂന്നാംകിട അസ്തിത്വം മാത്രം അനുഭവിക്കുന്ന ചന്ദനും ഷോയ്ബും സ്വന്തം ശരീരത്തിനുള്ളില്‍ സാംസ്‌കാരികമായി തടവിലാക്കപ്പെടുന്നതിനേയും , ആ അവസ്ഥയില്‍ നിന്നും സ്വാതന്ത്ര്യം നേടാനുള്ള അവരുടെ അശ്രാന്ത പരിശ്രമത്തേയും അന്വര്‍ത്ഥമാക്കുന്നതാണ് വീട്ടിലേക്ക് വീടിനകത്ത് എന്ന് ഒരുപോലെ അര്‍ഥം കല്‍പ്പിക്കാന്‍ കഴിയുന്ന ഹോംബൌണ്ട് എന്ന പേര്. രാഷ്ട്രീയമായും കലാപരമായും മികച്ച ചിത്രമാണ് ഹോംബൌണ്ട്. വര്‍ത്തമാന ഇന്ത്യന്‍ സാമൂഹ്യ ജീവിതത്തെ ജാതിയുടേയും മതത്തിന്റെയും വര്‍ഗ്ഗത്തിന്റെയും ലിംഗത്തിന്റെയും പശ്ചാത്തലത്തില്‍ വിശകലനം ചെയ്യാനുള്ള ധീരമായ പരിശ്രമമാണ് സംവിധായകന്‍ ഹോംബൌണ്ടിലൂടെ ചെയ്യുന്നത്. വരാന്‍ പോകുന്ന അമൃത കാലം നമുക്കായി കരുതിവെച്ചതെന്താണ് എന്ന രാഷ്ട്രീയമായ തിരിച്ചറിവാണ് സണ്ണി എം കപിക്കാടിനെയും സി കെ ജാനുവിനെയും ടി എസ് ശ്യാംകുമാറിനെയും പോലുള്ളവരെ കേരളത്തിന്റെ സാമൂഹ്യ മണ്ഡലത്തില്‍ പ്രസക്തര്‍ ആക്കുന്നത്.

No Comments yet!

Your Email address will not be published.