Skip to main content

ബുദ്ധി പല്ലുകൾ

എന്തെങ്കിലും ചിന്തിക്കണമെന്ന്
ചിന്തിക്കുമ്പോൾ
ബുദ്ധിപല്ലുകളുടെ വേദന
പിന്നാമ്പുറത്ത് വന്ന് ഓരിയിടും,
ഇല്ലാത്തവയെ ഞാനെൻ്റെ
സ്വപ്നങ്ങളിൽ കാണാറുണ്ട്,
ഉറക്കത്തിൽ നാവുകൊണ്ട്
തലോടാറുമുണ്ട്,
എന്നെങ്കിലും അവ മുളയ്ക്കുമെന്ന പ്രതീക്ഷയാണ്;
നീലിപല്ലുകൾ,
മൺവെട്ടി പല്ലുകൾ,
വീരപ്പല്ലുകൾ ,
എല്ലാരുമുണ്ടെങ്കിലും
തുടുത്ത മോണകൾ
കടുപ്പമേറിയ ബുദ്ധിപല്ലുകളെയാണ് കാത്തിരിക്കുന്നത്,
എന്നെങ്കിലും അവ മുളയ്ക്കുമായിരിക്കും എൻ്റെ മുദ്രാവാക്യങ്ങൾ,
പുഞ്ചിരികൾ,
പരദൂഷണങ്ങൾ,
ഒന്നും അവയ്ക്ക്
മങ്ങലേൽപ്പിക്കില്ലെന്ന്
ഞാൻ സത്യവാങ്മൂലം എഴുതി ചാണകത്തിൽ പൊതിഞ്ഞ്
പുരപ്പുറത്തേക്ക് എറഞ്ഞിട്ടുണ്ട്,
പണ്ടേ അവിടെ ഇടംപിടിച്ച
കുഞ്ഞൻ പാൽപല്ലുകൾ അതുകണ്ട്
കൊഞ്ഞണം കാട്ടി കളിയാക്കി,

അരിമുറുക്കം കളിയടയ്ക്കയും
കറുമുറാന്ന് ചവയ്ക്കാൻ
ഞങ്ങൾക്കെ കഴിഞ്ഞിരുന്നുവെന്ന്
ശൗര്യപല്ലുകൾ വീമ്പിളക്കി,
ഒരു ഉപയോഗവുമില്ലാത്തവർക്കു
വേണ്ടിയാണോ ഞങ്ങളുടെ
സ്ഥലം കൈയേറുന്നതെന്ന്
അണപ്പല്ലുകളുടെ പരാതി,
ചിരിച്ചുകൊണ്ട് കഴുത്തറക്കാൻ
വാതിൽ പടിയിൽ വെള്ളപൂശി
വെളുക്കെ ചിരിച്ചു നിന്നത്
ഞങ്ങൾ മാത്രമെന്ന്
മൺവെട്ടി പല്ലുകളും,
മാംസകൊതിയാലേ
നുള്ളിയെടുത്ത രതിമണം
മാറീട്ടിലെന്ന് നീലി പല്ലുകളും
പിറുപിറുത്തു,
ഇനിയും വരാത്തവരെ
കാത്തിരിക്കുന്നതെന്തിനാണെന്ന്
നാവും പഴിപറഞ്ഞു,

അടയാളങ്ങളിൽ നിന്നും
ഉയർത്തെഴുന്നേറ്റ്
ഒരിക്കൽ അവർ നാലു ഭാഗങ്ങളിൽ
നിന്ന് തന്ന വേദനകൾക്കുമേൽ
പാൽ പുഞ്ചിരി തൂകുമെന്ന്
ഞാൻ പ്രതീക്ഷിക്കുന്നു,
കഴിവുകെട്ടവരെന്ന
ലോകാപവാദം ഭയന്ന്
അവരെ ഞാനെൻ്റെ
ഭദ്രതയിൽ മറയ്ക്കും,
മാവിലയെ മാറ്റി
അവർക്കായി പ്രത്യേകം
ടൂത്ത് ബ്രഷുകൾ
വാങ്ങി വയ്ക്കും

ഇളക്കി മാറ്റാവുന്ന
ഈ പുതിയ പല്ലുകളുടെ
പുതുമയിൽ
ഞാൻ ഇന്നും പ്രതീക്ഷിക്കുന്നു,
എന്നെങ്കിലും അവ മുളയ്ക്കുമായിരിക്കും
ബുദ്ധി(പല്ലുകൾ) മുളയ്ക്കുമായിരിക്കും!

***

The opinions and positions expressed in articles published and comments posted here are those of its authors and not of Chenda.co.    The author has full responsibility for the views.   Making derogatory statements and/or using abusive words/statements against any individual, society, religion, or country is a punishable offense under the provisions of the IT policy and the Central Government Act.   Any such statement/words/comments will attract legal action.

No Comments yet!

Your Email address will not be published.