തകർന്ന ബന്ധങ്ങളുടെ ദാമ്പത്യങ്ങളുടെ ഇതിഹാസം കൂടിയാണ് എംടിയുടെ സൃഷ്ടികൾ എന്നും പറയാം.
തന്റെ ആദ്യബന്ധം അവസാനിച്ചതു സംബന്ധിച്ച് എംടി പറയുന്നത് അത് സംഭവിച്ചു എന്നു മാത്രമാണ്.
“It happened…. അത് സംഭവിച്ചു.”
“അങ്ങനെ സംഭവിച്ചു. ഡിസ്പാരിറ്റീസ് വരുമ്പോൾ അങ്ങനെ സംഭവിക്കും. രണ്ട് ധ്രുവങ്ങളിലൂടെ സഞ്ചരിക്കേണ്ടിവന്നു. അപ്പോൾ വേർപിരിയുന്നതാണ് നല്ലതെന്നു തോന്നി. ഞങ്ങൾ വേർപിരിഞ്ഞു.”
അക്ഷരങ്ങളിൽ, സുകൃതത്തിൽ, ആൾക്കൂട്ടത്തിൽ തനിയേയിൽ, വാരണസിയിൽ എത്രയെത്ര സന്ദർഭങ്ങളിൽ എംടി ഇതൊക്കെ എഴുതിയില്ല!

“നീണ്ടു പോകുമ്പോൾ എല്ലാവർക്കും മടുക്കും വേഗം തീർന്നു കിട്ടണേ എന്ന് മനസ്സിൽ പ്രാർത്ഥിക്കാൻ തുടങ്ങും”
സുകൃതം എന്ന സിനിമയിലെ രവിശങ്കറാണ് പറയുന്നത്.
കുടുംബബന്ധങ്ങളിലെ കോംപ്രമൈസിനെപ്പറ്റിയും ദാരുണമായ ആ ഹിപ്പോക്രസിയെപ്പറ്റിയുമൊക്കെ പറയുമ്പോൾ എംടി പറഞ്ഞിരുന്നത്,
“കോംപ്രമൈസ് എപ്പോഴും അമർഷങ്ങളെ ഉള്ളിലൊതുക്കലാണ്. രണ്ടു വ്യക്തികൾ തമ്മിൽ ഇഷ്ടമില്ലെന്നു വന്നാൽ പിരിയുകയാണു നല്ലത്. എല്ലാ അമർഷങ്ങളും ഉള്ളിലൊതുക്കി നാടകം കളിക്കുന്നത് എനിക്ക് ഇഷടമല്ല.” എന്നാണ്.
തകർന്ന ബന്ധങ്ങളെപ്പറ്റിയെഴുതിയ എംടി തന്റെ വിവാഹബന്ധം വേർപെട്ടതു പറയുമ്പോഴും വികാരഭരിതനായിരുന്നുവെന്നു പലരും രേഖപ്പെടുത്തിയിട്ടുണ്ട്.
“അതാണ് ജീവിതം…. ജീവിതത്തിലെ വൈചിത്ര്യം….. അപ്പോൾ നാം ഓർക്കുന്നു ജീവിതം എത്ര സങ്കീർണ്ണമാണെന്ന്. വരച്ച വഴിയിലൂടെ അതിനെ നടത്താൻ കഴിയില്ല… പിന്നെ സ്വപ്‌നങ്ങൾ ഓർത്തു വില പിക്കേണ്ടിവരും….” അതേ, എല്ലാ മുറിവുകളുടെ അവസാനത്തിലും നമുക്കിതു പറയേണ്ടിവരുന്നു. ഒരു പക്ഷേ, സ്വന്തം ഹൃദയത്തോട്. അപ്പോഴും നാം കാരണങ്ങൾ തിരക്കുന്നുണ്ടാവും. അടിവരയിടും പോലെ എം. ടി. പറഞ്ഞു നിറുത്തി: “കാരണങ്ങൾ പലതും കാണുമെന്നേ പറയാൻ കഴിയൂ. പലരും പല രീതിയിൽ അതിനെ വീക്ഷിക്കും. എന്നാൽ എനിക്കിത്രയേ പറയാനുള്ളൂ We, ഞങ്ങൾ വേർപിരിഞ്ഞു….”

അമേരിക്കയിലുള്ള മകളെ കൂടക്കൂടെ താൻ കാണാറുണ്ടെന്ന് എം. ടി. പറഞ്ഞു. മറക്കാൻ വേണ്ടി ഓർക്കാതിരിക്കുന്ന ബന്ധങ്ങൾ… വേദന തോന്നുന്നില്ലേ?
എല്ലാ ബന്ധങ്ങളുടെ അവസാനത്തിലും വേദന തോന്നും……
“ഇല്ല, ഞാനൊന്നും പറയുന്നില്ല.”
എംടി ഒരിക്കൽ പറയുന്നുണ്ട്.
“നാടകം അവസാനിക്കുന്നു. അന്ത്യത്തിൽ പണ്ടു കാണാത്തവരെപ്പോലെ നാം വേർപിരിയുന്നു. പക്ഷേ
ഇടവഴിയിലെപൂച്ച മിണ്ടാപ്പൂച്ചയിൽ പ്രൊഫസർ രോഹിണിയുടെ ആത്മഗതങ്ങൾ മറ്റു പലരുടേതുമാണ്. നമ്മുടേതുമാണ്.”
വീടു മാറേണ്ട, എല്ലാം പഴയതുപോലെ തുടരട്ടെ. തുടരാൻ വയ്യാത്തത് ഒന്നു മാത്രമേയുള്ളൂ. നം തമ്മിലുള്ള ബന്ധം എന്ന് പറഞ്ഞാണ് ഭർത്താവ് ആ ബന്ധം അവസാനിപ്പിക്കുന്നത്.
ക്ഷണക്കത്തും ചടങ്ങുമില്ലാത്ത വിവാഹമായിരുന്നു എംടിയുടേത്.
“എന്റെ കൂടെ എം. ബി. ട്യൂട്ടോറിയലിൽ ജോലി ചെയ്തിരുന്ന ഒരു സ്ത്രീയുമായി സൗഹൃദത്തിലായിരുന്നു. പുസ്തകത്തിലൂടെ ആരംഭിച്ചതാണ് സൗഹൃദം. അത് കൂടുതൽ അടുപ്പത്തിലെത്തി. ഓഫീസിൽ ജോലി ചെയ്തുകൊണ്ടിരിക്കെ അവർ എനിക്കൊരു കുറിപ്പയച്ചു. അമ്മയുമായി വഴക്കാണെന്നും YWCA യിലോ മറ്റോ ഒരു മുറി ഏർപ്പെടുത്തണമെന്നുമായിരുന്നു കുറിപ്പിലെ ഉള്ളടക്കം. ആ കടലാസ് വലിച്ചു ചീന്തി അപ്പോൾത്തന്നെ മറുപടിയെഴുതി. ‘എന്റെ ഫ്ളാറ്റിൽ വന്ന് നിങ്ങൾക്കു താമസിക്കാം.’ അവർ വന്നു. എന്റെ വീട്ടുടമസ്ഥയ്ക്കു ഞാൻ പ്രമീളയെ പരിചയപ്പെടുത്തിയതിങ്ങനെയാണ്-
“ഇതാണെന്റെ ഭാര്യ…” അമ്പലത്തിനും പള്ളിക്കും കൊടുക്കാത്ത വിശുദ്ധി രജിസ്ട്രാർക്കു കൊടുക്കാനും എം. ടി. തയ്യാറായിരുന്നില്ല. സമൂഹത്തിന്റെ സാക്ഷ്യപത്രത്തിനു കാത്തു നിൽക്കാതെ, തന്നെ സ്നേഹിച്ച സ്ത്രീയെ തന്റേടത്തോടെ എം. ടി. തന്റെ ജീവിത പങ്കാളിയാക്കി. ലിവിംഗ് ടുഗെദർ എന്ന വാക്ക് കേട്ടുകേൾവിപോലുമല്ലാത്തൊരു കാലത്താണ് 1962 ൽ അവർ ഒരുമിച്ച് ജീവിക്കാൻ തീരുമാനിക്കുന്നത്.
മനുഷ്യബന്ധങ്ങളിലെ സങ്കീർണതകളെപ്പറ്റി തന്റെ കൃതികളിൽ ഏറെ വാചാലനായ എംടി ജീവിതത്തിൽ അത് തന്റെനേരെ കുത്തിനിർത്തപ്പെട്ട യാഥാർഥ്യമായി മുന്നിൽ വന്നപ്പോഴും പതറിയിരിക്കാം.
“ബന്ധങ്ങൾ, കണക്കുകളിൽ ഒതുങ്ങരുത്…. കടപ്പാടുകളിലും ഒതുങ്ങരുത്.”
വികാരഭരിതനായി എം. ടി. തുടർന്നു:
“എൻറെ എല്ലാ കുറവുകളോടും എന്നെ ഇഷ്ടപ്പെടുന്നവരെ ഞാൻ സ്നേഹിക്കുന്നു…. സ്നേഹബന്ധങ്ങളിൽ കടപ്പാടുകൾ ഉണ്ടാകരുത്… അത്തരം കടപ്പാടില്ലാത്ത ബന്ധങ്ങൾ ഇരുട്ടിലെ നാവികന് ദൂരെ കാണുന്ന വഴിവിളക്കാണ്… പക്ഷേ, കുടുംബബന്ധങ്ങൾ കടപ്പാടുകളിൽ ഒതുങ്ങിനിൽക്കുന്നു. ജീവിതത്തിന്റെ വേഗം വർദ്ധിക്കുമ്പോൾ ആ ബന്ധങ്ങളിൽ പ്രശ്‌നങ്ങൾ ഉണ്ടാകും. അപ്പോൾ ബന്ധങ്ങൾ പൊട്ടുന്നത് നമുക്കു കാണേണ്ടി വരും. വേദനയോടെ… ”
ജീവിതത്തിന്റെ വേഗതയെക്കുറിച്ചുതന്നെയാണ് ആൾക്കൂട്ടത്തിൽ തനിയേയിലെ തന്റെ പെങ്ങളോടും
മമ്മൂട്ടിയുടെ കഥാപാത്രം പറയുന്നത്.
“കാരണങ്ങൾ പലതും കാണുമെന്നേ പറയാൻ കഴിയൂ. പലരും പല രീതിയിൽ അതിനെ വീക്ഷിക്കും. എന്നാൽ എനിക്കിത്രയേ പറയാനുള്ളൂ, We parted… ഞങ്ങൾ വേർപിരിഞ്ഞു….”
“പ്രണയം ഒരു അഡ്വഞ്ചർ മാത്രമാണെന്ന് പിന്നീട് മനസ്സിലാവുന്നു. മലകയറ്റം പോലെ ഒരു അഡ്വഞ്ചർ. മുകളിൽ എത്തുംവരെയാണത്രേ. കയറിക്കഴിഞ്ഞു പേര് ഒരു പാറയിലോ മറ്റോ വരച്ചിട്ടാൽ തീർന്നു. അത്യധ്വാനം എന്തിനായിരുന്നു എന്ന് കയറിയവർ മുഴുവൻ ആലോചിച്ചു പോകും.”
സുകൃതത്തിലെ മാലിനി പറയുന്നുണ്ട്.
മറക്കാൻ വേണ്ടി ഓർക്കാതിരിക്കുന്ന ബന്ധങ്ങൾ…
വേദന തോന്നുന്നില്ലേ?
എല്ലാ ബന്ധങ്ങളുടെ അവസാനത്തിലും വേദന തോന്നും…
“ഇല്ല, ഞാനൊന്നും പറയുന്നില്ല.”
“I may write……”
“ഞാൻ എഴുതിയേക്കും…”
“ഒരിക്കൽ, ഞാൻ എഴുതിയേക്കും….”
പക്ഷേ എംടി എഴുതിയില്ല. തന്റെ ആത്മകഥ തന്റെ കൃതികൾ ചേർത്തുവെച്ചാൽ കിട്ടുമെന്നു പറയുന്നുണ്ട് എംടി.

അക്ഷരങ്ങൾ എന്ന സിനിമയിൽ ഏതാണ്ട് സമാനമായ ഭാഗങ്ങൾ വരുന്നുണ്ട്. ത്രികോണപ്രണയമാണെങ്കിലും പൊട്ടിപ്പോകുന്ന കുടുംബബന്ധങ്ങൾ തന്നെയാണ് മുഖ്യപ്രമേയം. കുടുംബജീവിയാകാൻ പറ്റില്ല സാഹിത്യകാരനെന്ന് പറയുന്നുണ്ട് ഇതിലെ ഗോപിയുടെ കഥാപാത്രം, സ്വന്തം പെങ്ങളോട്. അവളത് പിന്നീട് തിരിച്ചറിയുന്നുണ്ട്. ഈ സിനിമയിലും അനുബന്ധത്തിലും ലിവിംഗ് ടുഗദർ അവതരിപ്പിക്കുന്നുണ്ട്.
തന്റെ വ്യക്തിജീവിതത്തെക്കുറിച്ച് എംടി പുറത്ത് വാചാലനായില്ല. എവിടേയും ആ സ്ത്രീയെ വലിച്ചിഴയ്ക്കുകയോ പരാമർശിക്കുകയോ ചെയ്തില്ല. അവരും അങ്ങനെ ചെയ്തിട്ടില്ലെന്നു തോന്നുന്നു. മലയാളനാട്ടിൽ പത്രാധിപർക്ക് വ്യക്തിപരമായെഴുതിയ കത്തിൽപ്പോലും അത്തരത്തിലൊരാരോപണം ഉന്നയിക്കാൻ കഴിയില്ല.
രണ്ട് വ്യക്തികൾ തമ്മിലുള്ള ബന്ധം…ഒരുമിച്ചുള്ള ജീവിതം എന്തിന്റെയൊക്കെയോ പേരിൽ അവർ പരസ്പരം അവസാനിപ്പിച്ചു. സിതാരയും എം ടി യും നല്ല ബന്ധത്തിൽ ആയിരുന്നു എന്ന് പ്രമീള നായർ തന്നെ പറഞ്ഞിട്ടുണ്ട്. അമ്മയോട് ‘ക്രൂരമായി പെരുമാറി’യ ആ അഛൻ അമേരിക്കയിൽ പോകുമ്പോഴൊക്കെ സിതാരക്ക് ഒപ്പമാണ് താമസിച്ചിരുന്നതെന്നുമുള്ള കാര്യം എംടിതന്നെ പലയിടത്തായി എഴുതിയിട്ടുണ്ട്. എംടിക്ക് ഒരു ബ്രെയിൻ സർജ്ജറി വേണ്ടിവന്നപ്പോഴും പരിഭ്രമിച്ച മകൾ അഛനെ അമേരിക്കയിലേക്ക് വിളിക്കുന്നുണ്ട്. സ്വന്തം അമ്മ തന്റെ അനുഭവം ഏറ്റവുമധികം പങ്കുവെച്ചിരിക്കുക മകളുമായിട്ടായിരിക്കുമല്ലോ… സിതാരയുമായുള്ള എംടിയുടെ ഊഷ്മളമായ ബന്ധത്തിന്റെ ആഴത്തെക്കുറിച്ച് ഭാര്യ സരസ്വതിയും സൂചിപ്പിക്കുന്നുണ്ട്.
സിതാരയുടെ വിവാഹദിവസമാണ് അശ്വതിയോട് അവൾക്കൊരു ചേച്ചിയുണ്ടെന്ന കാര്യം പറയുന്നത്. അമ്മയെ ‘ദ്രോഹിച്ച’ അഛനോട് മകൾക്ക് എന്തെങ്കിലും ഈർഷ്യയുള്ളതായി കേട്ടിട്ടില്ല.
സ്വന്തം അമ്മയെ ഉപേക്ഷിച്ച് എംടിയോടൊത്ത് ജിവിക്കാൻ വന്നപ്പോൾ അനാഥയായ, ഒറ്റപ്പെട്ടുപോയ പ്രമീളാനായരുടെ അമ്മയെക്കുറിച്ച് ആരും എവിടേയും സൂചിപ്പിച്ചതായി കണ്ടിട്ടില്ല. അവിടേയും ജീവിതമുണ്ടല്ലോ. എംടി തടഞ്ഞുവെന്നും മലയാള നാട് നിർത്തിവെച്ചുവെന്നു പലരും പറയുന്ന പുസ്തകം പൂർണമായും കേരളത്തിൽ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. ദുരാരോപണങ്ങളും ശകാരങ്ങളും ഏറ്റുവാങ്ങാൻ ഇനിയും ജീവിതം ബാക്കിയെന്നും പറയുന്നുണ്ട് മലയാളത്തിന്റെ മഹാസാഹിത്യകാരൻ.
“സമൂഹത്തിനു ഒരു വേട്ടക്കാരന്റെ മനസ്സാണ്. ഇര വീഴുന്പോഴേ അതിനു സംതൃപ്തിയാകൂ. വീഴുതുന്നതു ഒരു വിനോദം മാത്രമല്ല ഒരാഘോഷം കൂടിയാണ്.”
സുകൃതത്തിൽ മമ്മൂട്ടിയുടെ രവിശങ്കർ പറയുന്ന വാചകങ്ങൾ, മരണശേഷവും എംടിയെ സംബന്ധിച്ച് യാഥാർഥ്യമായിത്തീരുയാണ്. ശിഥിലമായ കുടുംബബന്ധങ്ങളും അവയ്ക്കടിയിൽപ്പെട്ട മനുഷ്യരും എന്റെ ഗ്രാമത്തിന്റെ പശ്ചാത്തലത്തിൽ, മുമ്പ് എനിക്ക് വിഷയമായിട്ടുണ്ട്. കുറേക്കൂടി പഴയ ഒരു കാലഘട്ടത്തിലെ കുടുംബകഥയാണ് ഞാൻ ഇവിടെ പറയുന്നത് എന്ന വ്യത്യാസമേയുള്ളൂ എന്നാണ് രണ്ടാമൂഴത്തിന്റെ ഫലശ്രുതിയിൽ എഴുതിയത്. ശിഥിലമായ ബന്ധങ്ങളും അവയ്ക്കടിപ്പെട്ട മനുഷ്യരെയുമല്ലാതെ മറ്റെന്താണ് നമുക്കാ കൃതികളിൽനിന്നും വായിച്ചെടുക്കാനാവുക?
എല്ലാ കടങ്ങളും വീട്ടിത്തീരുമ്പോൾ ജീവിതത്തിന്റെ ബാലൻസ് ഷീറ്റിൽ പൂജ്യം എന്നു പറയുന്ന അമൃതംഗമയയിലെ ഹരിദാസനും സേതുവിന് എന്നും സേതുവിനെ മാത്രമേ ഇഷ്ടമുണ്ടായിരുന്നുള്ളൂവെന്നു പറയുന്ന സുമിത്രയും പങ്കുവെക്കുന്ന ജീവിതവ്യഥകൾ സമാനമാണ്.
ആത്യന്തികമായ വേർപാടുകൾ.
“തിരിഞ്ഞു നോക്കരുതെന്നാണ് മഹാ പ്രസ്ഥാനത്തിനിറങ്ങുമ്പോൾ ഉറപ്പിച്ചത്. വഴിക്കുമാത്രമല്ല, പിന്നിട്ട ജീവിതപഥങ്ങളിൽ എവിടേക്കും തിരിഞ്ഞുനോക്കരുത്. കടലലകളുടെ അവ്യക്ത ഘോഷം കേട്ട് അകന്നു മാറി നില്ക്കുന്ന അർജ്ജുനൻ വീണ്ടും സ്വയം ശാസിച്ചു. തിരിഞ്ഞു നോക്കരുത്.
“താളക്കേടുകളുടെ തിരകളും ചുഴികളും കൊണ്ട് അസ്വസ്ഥമാണ് ജീവിതം. താളക്കേടുകളിലൂടെ താളാത്മകതയിലെത്തിച്ചേരാനുള്ള ഒരു സാഹസികയാത്രയാണ് സാഹിത്യകാരൻ നടത്തുന്നത്. പൂർണതയാണ് ലക്ഷ്യം. പക്ഷേ ലക്ഷ്യത്തിലെത്തിച്ചേരുക എന്ന ഒരവസ്ഥയില്ല. ചക്രവാളമെന്നു കരുതിയ അകലത്തിലെത്തുമ്പോൾ അതു പിന്നെയും അകലെയാണ്.” എന്നും
“ഇന്നലെയുടെ അപ്പുറത്തുനിന്ന് ആരംഭിച്ച് നാളെയുടെ അപ്പുറത്തേക്കു കടന്നു പോകുന്ന ഒരു പ്രവാഹമായിട്ട് നമ്മൾ കാലത്തെ കാണേണ്ടതാണ്. ആ പ്രവാഹത്തിലെ ചില അലകളോ ഞൊറികളോ ഒക്കെയാണ് ജീവിതം.” എന്നുമൊക്കെ പേർത്തും പേർത്തും പറഞ്ഞാണ് എംടി കടന്നുപോയത്.

എവിടെയോ വെച്ച് സഹോദരി ചർമ്മണ്വതിയിൽനിന്നു ചോരക്കുഞ്ഞിനെ സ്വീകരിച്ച ഗംഗ…. വർഷങ്ങൾക്കുശേഷം ജലാഞ്ജലിയും അർഥനിർഭരമായ മൗനത്തോടെ ഏറ്റുവാങ്ങിയ എല്ലാം കണ്ട എല്ലാമറിഞ്ഞ ഗംഗയെപ്പോലെ തന്നെയാണ് താന്നിക്കുന്നിന്റെ നെറുകയിൽനിന്നാൽ കാണുന്ന നിളയും പിന്നെ വയലുകളും പാതയും കരിയന്നൂർ പാലവും. ആ കുന്നിൻ നെറുകയിൽ; ഏകാന്തതയുടെ മഹാസാമ്രാജ്യത്തെ നോക്കിക്കൊണ്ടുനിന്ന്, രൂപം കൊള്ളാത്ത കവിതകളേയും കഥകളേയും രൂപപ്പെടുത്താൻ വേദനയനുഭവിച്ച ആ ചെറുക്കന്‍റെ പ്രേരണ എന്തായിരുന്നു?
എഴുതാനായി മാത്രം ജനിച്ച വ്യക്തിയായിരുന്നു എംടി.


No Comments yet!