Skip to main content

ഗുറാമിയുടെ ആശുപത്രിയില്‍ ശുശ്രൂഷിക്കപ്പെടുന്നത്

മലയാള ചെറുകഥാ സാഹിത്യത്തില്‍ കുട്ടികളുടെ മനസ്സുലകത്തെ സൂക്ഷ്മമായി അവതരിപ്പിക്കുന്ന രചനകള്‍ എഴുതിയിട്ടുള്ളത് ഏറ്റവും സര്‍ഗ്ഗധനരായ എഴുത്തുകാരാണ്. അവയില്‍, ബാല്യത്തിന്റെ വിചാരലോകത്തെ കുറിച്ച് ഇ. ഹരികുമാര്‍ എഴുതിയ കഥകള്‍ സവിശേഷമായി എടുത്തുപറയേണ്ടവയാണ്.

നിലാവു പോലെ ഹരികുമാർ മാഞ്ഞു | E. Harikumar | Urangunna Sarppangal | Malayalam Writer
ഇ. ഹരികുമാര്‍

കുങ്ഫൂ ഫൈറ്റര്‍, വൃഷഭത്തിന്റെ കണ്ണ്, കനഡയില്‍ നിന്നൊരു രാജകുമാരി, ഡോക്ടര്‍ ഗുറാമിയുടെ ആശുപത്രി എന്നീ കഥകള്‍ വായിച്ചവരുടെ മനസ്സില്‍ നിന്നും അവ നല്‍കിയ ഭാവുകത്വം ഒരിക്കലും ഒഴിഞ്ഞുപോകുന്നില്ല. ‘ഡോക്ടര്‍ ഗുറാമിയുടെ ആശുപത്രി’യില്‍, വിജു എന്ന അഞ്ചുവയസ്സുകാരന്റെ വിചാരങ്ങളെ കേന്ദ്രമാക്കുന്ന കഥാകാരന്‍ അവന്റെ ബാല്യകൗതുകവും ജീവകാരുണ്യബോധവും കുഞ്ഞുവയസ്സിലേ നഷ്ടപ്പെട്ട അമ്മയെ കുറിച്ചുള്ള ഓര്‍മ്മകളും നഷ്ടബോധവും സ്‌നേഹവും പരസ്പരം ബന്ധിപ്പിക്കുന്നു. ഇതോടൊപ്പം വിജുവിന്റെ അച്ഛന്റെ ഉള്ളിലൂടെ കൂടി സഞ്ചരിക്കുന്ന ഹരികുമാറിന്റെ ആഖ്യാനം കുട്ടിയുടെയും പിതാവിന്റെയും ഓര്‍മ്മകള്‍ക്കിടയില്‍ ഒരു പാലം നിര്‍മ്മിക്കുന്നുമുണ്ട്.

അമ്മയെ അഞ്ചാം വയസ്സില്‍ നഷ്ടപ്പെട്ട ഒരു കുട്ടിയുടെ മനസ്സിനുള്ളിലെ ലോകം നിശ്ശബ്ദവും അതേസമയം നഷ്ടബോധഭരിതവുമാണ്. പുറത്തു നോക്കുമ്പോള്‍ അവന്‍ സാധാരണ കുട്ടിയെപ്പോലെ കളിക്കുന്നുണ്ടാകാം, ചിരിക്കുന്നുണ്ടാകാം. എങ്കിലും അവന്റെ ഉള്ളില്‍ ഒഴിയാത്ത ഒരു ശൂന്യത നിലകൊള്ളുന്നു. ആ പ്രായത്തില്‍ മരണം എന്ന സങ്കീര്‍ണ്ണ യാഥാര്‍ത്ഥ്യത്തെ പൂര്‍ണ്ണമായും അവനു ഗ്രഹിക്കാറായിട്ടില്ല. കൊട്ടാരസദൃശമായ വീട്ടില്‍ ഏത് ആവശ്യവും നിറവേറ്റപ്പെടുമായിരുന്നെങ്കിലും തന്റെ മനസ്സില്‍ ഒരു അദൃശ്യമായ ഒറ്റപ്പെടല്‍ വളര്‍ന്നുവെന്ന് അമ്മയെ ബാല്യത്തിലേ നഷ്ടപ്പെട്ട ടാഗോര്‍ തന്റെ ആത്മകഥയില്‍ പറയുന്നുണ്ട്. അമ്മയുടെ സാന്നിദ്ധ്യം ഇല്ലാതാകുന്ന കുട്ടികള്‍ മിക്കവാറും പ്രകൃതിയോടാണ് കൂടുതല്‍ അടുക്കുന്നത്. ഹരികുമാറിന്റെ കഥയിലെ വിജുവില്‍ മൗനത്തിന്റെ ഒരു ആവരണം ഉണ്ടെന്നും പുറത്തുപറയാതെ മനസ്സില്‍ എന്തൊക്കെയോ അവന്‍ സൂക്ഷിക്കുന്നുവെന്നും നമുക്കു ധരിക്കാനാകുന്നുണ്ട്. എന്നാല്‍, അച്ഛന്റെ സൂക്ഷ്മപരിചരണവും ഇടപെടലുകളും കൊണ്ട് വിജു അദ്ദേഹത്തോടൊപ്പം ചേര്‍ന്നുനില്‍ക്കുന്നു.

വിജുവിന്റെ മനസ്സു മുഴുവന്‍ അവന്റെ വീട്ടില്‍ വളര്‍ത്തുന്ന മത്സ്യങ്ങളുടെ ലോകത്തിലാണെന്നു തോന്നാം. അക്വേറിയത്തിലെ ഓരോ മത്സ്യത്തേയും അവനറിയാം. ഏയ്ഞ്ചല്‍ ഫിഷ്, ഗോള്‍ഡ് ഫിഷ്, സ്വേഡ്ടെയില്‍, ഗപ്പികള്‍ എന്നിവയെല്ലാം അവന്‍ മനസ്സിലെഴുതി സൂക്ഷിക്കുന്ന കഥകളിലെ കഥാപാത്രങ്ങളാണ്. ഗുറാമി മത്സ്യം അവന്റെ മനസ്സില്‍ പരോപകാരത്തിന്റെയും നിസ്വാര്‍ത്ഥസേവനത്തിന്റെയും പ്രതീകമായ ‘ഡോക്ടര്‍ ഗുറാമി’ ആയി ഉയരുന്നു. ഇത് വെറും ബാല്യകല്പന മാത്രമല്ല. അവന്റെ ഉള്ളില്‍ വളരുന്ന ധാര്‍മ്മികബോധത്തിന്റെ സൂചന കൂടിയാണ്. ഉപദ്രവിക്കപ്പെടുന്ന ഗോള്‍ഡ് ഫിഷിനോട് അവന്‍ അനുഭാവം പ്രകടിപ്പിക്കുന്നു. ശക്തന്‍ ദുര്‍ബ്ബലനെ ഉപദ്രവിക്കുമ്പോള്‍ അവനില്‍ നീതിബോധം ഉണരുന്നു. അക്വേറിയത്തിലെ മത്സ്യങ്ങളെ സൂക്ഷ്മനിരീക്ഷണം
നടത്തുകയും അവയെ പരിചരിക്കുകയും ചെയ്യുമ്പോഴും ആ മത്സ്യങ്ങളില്‍ കൂടിയും അവന്‍ അമ്മയെ തിരയുന്നുണ്ടെന്ന് നാം പിന്നീടു മനസ്സിലാക്കുന്നു.

ബാലമനസ്സിന്റെ നിഷ്‌കളങ്കതയും അവനില്‍ വളരുന്ന മാനുഷികതയും ഹരികുമാര്‍ എഴുതുന്നത് ഇങ്ങനെയെല്ലാമാണ്.

”മരിച്ചുപോയവര്‍ തിരിച്ചുവരില്ലേ?” എന്ന ചോദ്യം ബാല്യത്തിന്റെ നിഷ്‌കളങ്കതയും നഷ്ടത്തിന്റെ ഭാരം ഏറ്റെടുക്കുന്ന മനസ്സിന്റെ വേദനയും പ്രകടിപ്പിക്കുന്നതാണ്. മനുഷ്യാസ്തിത്വത്തെ കുറിച്ചുള്ള ചോദ്യത്തിന്റെ ശിശുരൂപവുമാണിത്. വിജുവിന്റെ ചോദ്യത്തില്‍ മനുഷ്യന്റെ അനാദിയായ സംശയങ്ങള്‍ ഉള്ളടങ്ങിയിരിക്കുന്നു. ദുഃഖം, ജീവിതാനുഭവങ്ങള്‍ കുട്ടികളെ കൂടിയും തത്ത്വചിന്തകരാക്കുന്നു. കഥയിലെ വിജു ഒരു സാധാരണ അഞ്ചുവയസ്സുകാരനല്ലാതായി മാറിത്തീരുന്നുവെന്നും പറയാം. അമ്മ എവിടെപ്പോയെന്ന ചോദ്യം അവന്റെ മനസ്സില്‍ നിരന്തരം ഉയരുന്നുണ്ടെന്നു നാം ഗ്രഹിക്കുന്നു. വിജു അമ്മയെക്കുറിച്ച് പലപ്പോഴും തുറന്നു സംസാരിക്കുന്നില്ലെങ്കിലും അവന്റെ വിചാരങ്ങളില്‍ സദാ അമ്മയുടെ സാന്നിദ്ധ്യമുണ്ട്. മരിച്ചുപോയ അമ്മ തിരികെ വരുമെന്നാണ് തനിക്കു തോന്നുന്നതെന്ന് അവന്‍ പറയുന്നു. അവന്റെ നിദ്രയിലെ സ്വപ്നങ്ങളില്‍ അമ്മ കടന്നുവരുന്നതിനെ കുറിച്ചും താനും അമ്മയുമൊത്ത് എങ്ങോട്ടെന്നില്ലാതെ നടക്കുന്നതിനെ കുറിച്ചും അവന്‍ അച്ഛനോടു പറയുന്നുണ്ട്. അമ്മയുടെ ഓര്‍മ്മകള്‍ അവന്റെ മനസ്സില്‍ ചെറു വിളക്കുകളായി തെളിയുന്നുണ്ട്. അവന്‍ അമ്മയോടു മനസ്സുതുറക്കുന്നുണ്ടാകണം, അവള്‍ മറുപടി പറയില്ലെന്ന് അറിയാമെങ്കിലും.

കഥയുടെ കരുത്ത് വിജുവിന്റെ മനസ്സിനെ അവന്റെ പ്രവൃത്തികളിലൂടെയും വര്‍ത്തമാനങ്ങളിലൂടെയും അവതരിപ്പിക്കുന്നതിലാണ്. അവന്റെ ലോകത്ത് മത്സ്യങ്ങള്‍ കുടുംബമാണ്. അവന് അക്വേറിയം ഒരു ചെറിയ പ്രപഞ്ചമാണ്. അവിടെ താനും അച്ഛനും അമ്മയുമൊത്തുള്ള ലോകത്തെ എങ്ങനെയെല്ലാമോ സദൃശീകരണങ്ങളിലൂടെ വിജു കണ്ടെത്തുന്നുണ്ട്. അവനില്‍ അമ്മയുടെ സാന്നിദ്ധ്യം വാസനയായി, സ്വപ്നമായി, ഓര്‍മ്മയായി ജീവിക്കുന്നു. ഗുറാമിന്റെ ആശുപത്രിയില്‍ വിജുവും അവന്റെ അച്ഛനും ചികിത്സിക്കപ്പെടുന്നുണ്ട്. വിജുവിന്റെ അമ്മ കൂടി ചേര്‍ന്നു നിര്‍മ്മിക്കുകയും സംരക്ഷിക്കുകയും ചെയ്ത ആ അക്വേറിയം ഇപ്പോള്‍ വിജുവിന്റെയും അച്ഛന്റെയും ദീര്‍ഘവിരഹദുഃഖത്തില്‍ ഓര്‍മ്മകളിലൂടെ സാന്ത്വനമാകുന്നുണ്ട്.

കുട്ടിയുടെ വിചാരങ്ങളിലൂടെ എഴുത്തുകാരന്‍ വായനക്കാരനെ മനുഷ്യബന്ധങ്ങളുടെ മൂല്യത്തിലേക്ക് നയിക്കുന്നു. സ്‌നേഹം, കരുണ, ഓര്‍മ്മ, നഷ്ടം, പ്രതീക്ഷ – എല്ലാം ബാലജിജ്ഞാസയുടെ ലാളിത്യത്തില്‍ സൂക്ഷ്മമായി പുനര്‍നിര്‍മ്മിക്കപ്പെടുന്നു. ഈ ദുഃഖത്തിനൊപ്പം അവന്റെ ഉള്ളില്‍ അതിസൂക്ഷ്മമായി സ്‌നേഹം വളരുന്നുണ്ട്. ദുഃഖം അവനെ കൂടുതല്‍ സഹാനുഭൂതി നിറഞ്ഞവനാക്കുന്നു. മത്സ്യനിരീക്ഷണത്തിന്റെ ഇടയില്‍ വിജു സ്വാഭാവികമെന്നോണം പറയുന്ന ചില വാക്കുകള്‍ മറ്റുള്ളവരുടെ വേദന അവന് പെട്ടെന്ന് മനസ്സിലാകുമെന്ന്
നമ്മെ ബോദ്ധ്യപ്പെടുത്തുന്നു. അമ്മയെ നഷ്ടപ്പെട്ട വേദന അവനെ കൂടുതല്‍ സംവേദനശീലനാക്കുന്നു. അമ്മ അവന്റെ ചിന്തകളിലും സ്വഭാവത്തിലും കലയിലും… എല്ലായിടത്തും ജീവിക്കും. അമ്മയുടെ അഭാവം അവനെ ദുഃഖിപ്പിക്കുന്നുവെങ്കിലും ആഴമുള്ള മനുഷ്യനാക്കുന്നു.

വിജു മത്സ്യക്കുഞ്ഞുങ്ങളെ നോക്കുമ്പോള്‍ ചോദിക്കുന്നതാണ് കഥയിലെ ഏറ്റവും ഹൃദയസ്പര്‍ശിയായ ചോദ്യങ്ങളിലൊന്ന്:

”ഈ മത്സ്യക്കുട്ടികള്‍ക്ക് ശരിക്കും വെള്ളത്തില്‍
അമ്മടെ വാസന കിട്ട്വോ?”

ജൈവികകൗതുകത്തില്‍ നിന്നും ഉണരുന്ന ചോദ്യമല്ല ഇത്. എനിക്ക് അമ്മയുടെ സാന്നിദ്ധ്യം ലഭിക്കുമോ? എന്ന ചോദ്യത്തിന്റെ ഇതരരൂപമാണത്. അവന്റെ ഉള്ളിലെ നഷ്ടബോധത്തിന്റെ ഭാഷയുമാണത്. അമ്മയെ നഷ്ടപ്പെട്ട കുട്ടി മാതൃസാന്നിദ്ധ്യത്തിന്റെ ഇതരമാര്‍ഗ്ഗങ്ങളെ തിരയുകയാണ്. വാസന, ശബ്ദം, ഓര്‍മ്മ, സ്വപ്നം, അമ്മയുടെ ഇഷ്ടങ്ങള്‍ എന്നിവയില്‍ അമ്മയെ കാണാനാകുമോയെന്ന് അവന്‍ വിചാരപ്പെടുന്നുണ്ട്.അവന്റെ സങ്കല്‍പ്പനങ്ങളിലെ
അമ്മ കൂടുതല്‍ ശക്തയായിരിക്കാം, എങ്കിലും അത് യാഥാര്‍ത്ഥ്യത്തിലെ അമ്മയ്ക്കു പകരമാകുന്നില്ല. അമ്മയ്ക്കിഷ്ടപ്പെട്ട സുബ്ബലക്ഷ്മി പാടിയ കീര്‍ത്തനത്തിന്റെ കാസറ്റ് അവന്‍ തേടിപ്പിടിക്കുന്നത് ഇത്തരം വിചാരങ്ങളിലൂടെ സഞ്ചരിച്ചുകൊണ്ടാകണം.

”എല്ലാ ജീവികള്‍ക്കും അങ്ങനെയാണ്. കുട്ടികള്‍ക്ക് അമ്മയുടെ വാസന മനസ്സിലാകും.”

അച്ഛന്റെ മറുപടി കേട്ട അവന്റെ മുഖം ഇരുളുകയും കണ്ണുകളില്‍ വെള്ളം ഉരുണ്ടുകൂടുകയും ചെയ്യുന്നു. വിജുവിന്റെ കണ്ണുകളില്‍ അവനു പറയാനുള്ള ഒരുപാടു കഥകള്‍ നിറഞ്ഞിരിക്കുന്നത് നാം അറിയുന്നു. അച്ഛന്‍ നിര്‍മ്മിച്ചു കൊണ്ടിരിക്കുന്ന പുതിയവീടു കാണാന്‍ രാവിലെ തന്നെ കുളിച്ചൊരുങ്ങി അതീവ താല്‍പ്പര്യത്തോടെ നിന്ന വിജു

”അച്ഛാ, നമുക്കീ വീടു മാറേണ്ട. നമുക്കിവിടെത്തന്നെ താമസിക്കാം”

എന്നു പറയുന്നിടത്താണ് കഥ അവസാനിക്കുന്നത്. ഈ വാക്കുകള്‍ അമ്മയുടെ ഓര്‍മ്മകളെ നിലനിര്‍ത്താനും സ്വീകരിക്കാനുമുള്ള ദൃഢനിശ്ചയത്തിന്റെ പ്രകാശനമാണ്.

അമ്മയുടെ നഷ്ടം കുട്ടികളില്‍ തീവ്രമായ ഉല്‍ക്കണ്ഠക്കും ഇനിയും ഉപേക്ഷിക്കപ്പെടുമോ എന്ന ഭയത്തിനും പെരുമാറ്റ വ്യതിയാനങ്ങള്‍ക്കും ഭക്ഷണപ്രശ്‌നങ്ങള്‍ക്കും കാരണമായേക്കാമെന്ന് മനഃശാസ്ത്രവിശാരദന്മാര്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. ഇത് കുറ്റബോധത്തിലേക്കും ആശയക്കുഴപ്പത്തിലേക്കും പരിചരിക്കുന്നവരോട് ദേഷ്യപ്പെടുന്നതിലേക്കും മറ്റും എത്തിപ്പെടാറുമുണ്ട്. ജീവിച്ചിരിക്കുന്ന രക്ഷിതാവോ പരിചാരകരോ എങ്ങനെ ഈ കുട്ടികളോട് പ്രതികരിക്കുകയും അവര്‍ക്കു സ്ഥൈര്യം നല്‍കുകയും ചെയ്യുന്നുവെന്നത് പ്രധാനമാണെന്നും മനഃശാസ്ത്രജ്ഞന്മാര്‍ സൂചിപ്പിക്കുന്നു. ഇവിടെ, വിജുവിനെ എങ്ങനെ പരിചരിക്കുന്നുവെന്നത്
അവന്റെ സ്വഭാവരൂപീകരണത്തില്‍ പ്രധാനമാണെന്നു മനസ്സിലാക്കിയ ഒരു മനഃശാസ്ത്രജ്ഞന്റെ കാഴ്ചപ്പാടോടെയാണ് ഹരികുമാര്‍ അച്ഛനായ രാമചന്ദ്രന്‍ എന്ന കഥാപാത്രത്തെ രൂപപ്പെടുത്തിയിരിക്കുന്നത്.
അച്ഛന്‍ എല്ലാ കാര്യങ്ങളിലും വിജുവിനോടൊപ്പം നില്‍ക്കുകയും അവന്റെ സ്വതന്ത്രമായ വ്യവഹാരങ്ങള്‍ക്കിടം നല്‍കുകയും ചെയ്യുന്നുണ്ട്. വിജുവിന്റെ നഷ്ടം പരിഹരിക്കുന്നതിന് മരണത്തെ കുറിച്ചുള്ള സത്യസന്ധവും പ്രായത്തിനനുയോജ്യവുമായ വിശദീകരണങ്ങള്‍ നല്‍കുന്നു. വിജുവില്‍ നിന്നും മരണത്തിന്റെ വിവരങ്ങള്‍ മറച്ചുവെക്കുന്നില്ല. സുരക്ഷിതത്വബോധം നല്‍കാനുതകുന്ന രീതിയില്‍ അവന്റെ ദൈനംദിനചര്യകള്‍ നിലനിര്‍ത്തുന്നതിനു സഹായിക്കുന്നു. രാമചന്ദ്രന്റെ ചിന്തകള്‍ വിജുവിന്റെ ലോകത്തോട് ചേര്‍ന്നാണ് ഒഴുകുന്നതെന്നും പറയണം. അയാള്‍ രാഗിണിയെയും അവളുടെ സ്വപ്നവീടിനെയും വേദനകളെയും സ്‌നേഹത്തെയും ഓര്‍ക്കുന്നതും കഥയില്‍ എഴുതപ്പെടുന്നുണ്ട്. വിജുവിന്റെ ബാല്യലോകത്തില്‍ മുഴുകുന്നത് ഭാര്യയുടെ നഷ്ടത്തെ കുറിച്ചുള്ള ദുഃഖത്തില്‍ നിന്നും അയാളെ അനല്‍പ്പമായി മോചിപ്പിക്കുന്നുണ്ട്. വീട് മാറുന്നത് രാഗിണിയില്‍ നിന്നും മാറിനില്‍ക്കുന്നതു പോലെയാണെന്ന് അയാള്‍ക്കു തോന്നുന്നുണ്ട്. വിജുവിനെ പോലെ അയാളിലും ഇത് ദുഃഖം നിറയ്ക്കുന്നുണ്ട്. അങ്ങനെ, കഥയുടെ അവസാനത്തില്‍ വിജു പറയുന്ന
”അച്ഛാ, നമുക്കീ വീട് മാറേണ്ട” എന്ന വാക്കുകള്‍ വെറും ബാലവാക്യങ്ങളല്ലാതായി തീരുന്നുമുണ്ട്.

കഥാപാത്രങ്ങളുടെ മനസ്സിന്റെ ആഴങ്ങളിലേക്കിറങ്ങി ചെല്ലാനും അവരുടെ മനസ്സിന്റെ സൂക്ഷ്മചിത്രം ആവിഷ്‌കരിക്കാനുമുള്ള ഹരികുമാറിന്റെ ശേഷി ഈ കഥയിലും കാണാം. ബാലമനസ്സിന്റെ ഉള്ളറകളിലേക്ക് ഹരികുമാര്‍ നടത്തുന്ന യാത്ര അത്ഭുത ജനകമാണല്ലോ? കഥയിലെ ഓരോ വാക്കിനെയും ഒരു പ്രതീകമാക്കി മാറ്റുകയാണ് അദ്ദേഹം ചെയ്യുന്നതെന്ന പ്രതീതി നമുക്കുണ്ടാകുന്നു. കഥയെ അതിന്റെ പൂര്‍ണ്ണരൂപത്തില്‍ ഒരു സാകല്യപ്രതീകമാക്കി മാറ്റിത്തീര്‍ക്കുന്നു. അച്ഛന്‍ ഇടശ്ശേരിയില്‍ നിന്നും പഠിച്ചിട്ടാണെങ്കിലും അല്ലെങ്കിലും എവിടെ കുഴിച്ചാല്‍ കണ്ണീര്‍ക്കണം കിട്ടുമെന്ന് ഹരികുമാറിലെ കഥാകാരന് നന്നായിട്ടറിയാമായിരുന്നു. ‘ഇതു കൃത്രിമമായല്ലോ’ എന്നുപറയാന്‍ തോന്നുന്ന ഒരു വാക്കോ വരിയോ ഈ കഥയില്‍ നിന്നും നമുക്കു കണ്ടെടുക്കാന്‍ കഴിഞ്ഞേക്കില്ല. കഥാസപര്യയിലുടനീളം ഇത്രമേല്‍ ആത്മാര്‍ത്ഥതയോടും സത്യസന്ധതയോടും കഥയെ സമീപിക്കുകയും എഴുതുകയും ചെയ്തവര്‍ മലയാളകഥാസാഹിത്യചരിത്രത്തില്‍ ഇല്ലെന്നും പറയണം. നമ്മുടെ പുതിയ തലമുറയിലെ കഥാകാരന്മാര്‍, എഴുത്താളുകള്‍, ഹരികുമാറില്‍ നിന്ന് ആദ്യമേ പഠിക്കേണ്ട കാര്യവും ഇതാണ്. കഥാസഹജമായ അവ്യാഖ്യായേതയില്‍ ഹരികുമാര്‍ ഇടപെടുന്നില്ല. കഥ വായനക്കാരനു മുന്നില്‍ തുറന്നിരിക്കുന്നു. കഥയ്ക്കുള്ളില്‍ തന്നെ അതിനെ വിശകലനം ചെയ്യാനും വായനക്കാരെ ‘പഠിപ്പിക്കാനും’ ശ്രമിക്കുന്ന പുതിയ എഴുത്തുകാര്‍ക്കും ഹരികുമാറില്‍ നിന്ന് ചില എതിര്‍പാഠങ്ങള്‍ പഠിക്കാന്‍ കഴിയേണ്ടതാണ്.

ബാലമനസ്സിനെ ആസ്പദമാക്കി എഴുതപ്പെട്ട ശക്തമായ ഒരു സാഹിത്യാനുഭവം മീനുകളുടെ കഥ കൂടി പറയുന്നതിനാല്‍ ജന്തുലോകകഥയാണെന്നു വര്‍ഗ്ഗീകരിക്കുന്നതിലൂടെ നമ്മുടെ പ്രമുഖയായ സാഹിത്യനിരൂപക എന്താണ് ഉദ്ദേശിക്കുന്നതെന്ന് എനിക്കു മനസ്സിലാകുന്നില്ല!

No Comments yet!

Your Email address will not be published.