Skip to main content

സ്വാതന്ത്ര്യം

ചിറകുകളുള്ളതിനെയാണോ നിങ്ങൾ
സ്വാതന്ത്ര്യം എന്ന് വിളിക്കുന്നത്?

അല്ലെങ്കിൽ തന്നെ എന്താണ് സ്വാതന്ത്ര്യം?
ഒരു ജോഡി ചിറകുകളും ഒരു നീലാകാശവും
സ്വാതന്ത്ര്യം കൊണ്ടുവരുമോ?

ഒരിക്കലും അനുഭവിച്ചിട്ടില്ലാത്ത ഒന്ന്
എങ്ങിനെ ഉണ്ടാകുമെന്ന്
ആർക്കെങ്കിലും
സങ്കൽപ്പിക്കാൻ കഴിയുമോ?
ചിന്തകളുടെ സ്വാതന്ത്ര്യത്തെക്കുറിച്ചാണോ
നിനക്ക് പറയാനുള്ളത്?

അറിവുകളും അനുഭവങ്ങളും ചേർന്നു
പണിതെടുത്ത
തടവറകളിലാണ് അവ പാർക്കുന്നത്..
എന്തൊക്കെ നുണകളാണ് നിങ്ങൾ
പുസ്തകങ്ങളിൽ എഴുതി നിറച്ചിട്ടുള്ളത്..
സ്നേഹത്തെക്കുറിച്ച്..
ഉമ്മകളുടെ മാധുര്യത്തെക്കുറിച്ച്..
ചക്രവാളങ്ങളിലെ മഴവില്ലുകളെക്കുറിച്ച്..
അശാന്തിയുടെ കടൽത്തീരത്തിരുന്ന്
നാം ശാന്തിയുടെയും സമാധാനത്തിന്റെയും
കഥകൾ പങ്കുവെക്കുന്നു…

ദാഹം കൂടുന്നതല്ലാതെ
ആരും നമുക്ക് ശാന്തിയുടെ കുളിർ ജലം
പകുത്തു നൽകുന്നുമില്ല..
നാം കയറാത്ത മലകളെക്കുറിച്ച്
ഒരിക്കലും കാണാത്ത ആകാശങ്ങളെക്കുറിച്ച്
ഇപ്പോഴും നാം കിനാവ് കാണുന്നു..
ഭൂമിയോടൊപ്പം
ഈ പനിക്കിടക്കയിൽ ചുട്ടു പൊള്ളിക്കിടക്കുമ്പോഴും…

***

The opinions and positions expressed in articles published and comments posted here are those of its authors and not of Chenda.co.    The author has full responsibility for the views.   Making derogatory statements and/or using abusive words/statements against any individual, society, religion, or country is a punishable offense under the provisions of the IT policy and the Central Government Act.   Any such statement/words/comments will attract legal action.

2 Replies to “സ്വാതന്ത്ര്യം”

  1. കുഞ്ഞുട്ടി തെന്നല,

    ഗംഭീരം, നമ്മുടെ അവിഞ്ഞ സംവിധാനത്തിനകത്തേക്ക് ഇടിച്ചു കയറിയ ബുൾഡോസർ !!! ആശംസകൾ…!!

  2. കുഞ്ഞുട്ടി തെന്നല,

    മനസ്സിനെ പൊള്ളിക്കുന്ന കാര്യം ഡോക്ടർ ഭാഷയിൽ പകർത്തി ❤❤❤

Your Email address will not be published.