Skip to main content

നിഴൽ നിലാവിൽ കോറിയിട്ടത്

ഇത് നാമൊരുമിച്ചതിന് ശേഷമുള്ള
നിന്റെ ആദ്യ ജന്മദിനമാണ്.
ചിലപ്പോൾ നമ്മളെന്നടയാളപ്പെടുന്ന
അവസാനത്തെയും…

ആശംസകൾ കുറിക്കുന്നതിനായി
ഞാൻ പ്രണയത്തിന്റെ ഇനിയും
എഴുതപ്പെടാത്ത ഒരു
പുത്തൻ ലിപി തിരയുകയാണ്…

നിശബ്ദത മൃതശൈത്യമായി
നമുക്കിടയിൽ ഉറഞ്ഞു കൂടുമ്പോൾ
സ്നേഹത്തിന്റെ അതിർത്തിക്കല്ലുകൾ
തിരഞ്ഞു ഞാൻ

എന്നിലെ അസ്വസ്ഥതയുടെ
അടിവേരുകളോളം കടന്നുചെല്ലും.

നിർവചിക്കപ്പെടാനാവാത്ത
പ്രണയത്തിന്റെ കടും പർപ്പിൾ

നിഴലിൽ നിന്നുകൊണ്ട്
നിന്റെ ഹൃദയത്തെ
ഞാൻ മൊത്തിക്കുടിക്കും

നിന്നിൽ ഞാൻ അവശേഷിപ്പിക്കുന്ന
സ്നേഹത്താലാകർഷിതയായി

മറ്റൊരു ഹൃദയം
നിന്നിലെത്താതിരിക്കാൻ ബോഗൺവില്ലയായി
നമ്മളെന്ന ഒറ്റമരത്തിന് മീതെ
പൂത്തിറങ്ങും.

ഞാൻ മുദ്രവച്ചുറപ്പിച്ച അധരത്തിൽ
നിന്നൊരു വാക്കുപോലും
സ്വതന്ത്രമാക്കാനാവാതെ

നിന്റെ ഭാഷയുടെ വേര്
എന്നിൽ മാത്രം ഊർന്നിറങ്ങും.

പറയാനാഞ്ഞ വാക്കുകളുടെ
അരികടർന്നു മുറിവുകളുണ്ടാവരുതെന്നും
അതിന്റെ ചോരനനവുകളിൽ
നമ്മളൊരു പുഴയാവരുതെന്നും
നമ്മളൊന്നായി പറഞ്ഞു മധുരിക്കും.

മൃതിയിലേക്ക് പെയ്തിറങ്ങുന്നവളെന്ന
നിന്റെ പതിവ് സഹാനുഭൂതിയുടെ
ലഹരിനുരയ്ക്കുന്ന സ്ഫടിക
മനസ്സിലേക്ക് ആശംസകൾ പകർന്നു
എന്നിലെയവസാന ഊർജ്ജകണത്തേയും
സ്വതന്ത്രമാക്കും…

***

The opinions and positions expressed in articles published and comments posted here are those of its authors and not of Chenda.co.    The author has full responsibility for the views.   Making derogatory statements and/or using abusive words/statements against any individual, society, religion, or country is a punishable offense under the provisions of the IT policy and the Central Government Act.   Any such statement/words/comments will attract legal action.

No Comments yet!

Your Email address will not be published.