Skip to main content

നിക്കി ജിയോവാനിയുടെ കവിതകൾ

നീ ബലാത്സംഗത്തെക്കുറിച്ച് സംസാരിക്കുന്നോ
(ഡൊണാൾഡ് ട്രംപിന്)

അവർ ബലാത്സംഗത്തെക്കുറിച്ച് സംസാരിക്കുന്നു?
അവർ തമാശപറയുകയാവണം
യൂറോപ്പിയർ
ആഫ്രിക്കൻ അടിമവ്യാപാരത്തിൽ
ഏർപ്പെട്ടതുമുതൽ
ഞാൻ ബലാത്സംഗം ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നു

എൻ്റെ ഇച്ഛയ്ക്കു വിരുദ്ധമായി
ഞാൻ ഗർഭം ധരിച്ചിട്ടുണ്ട്
ഞാൻ പ്രസവിച്ചിട്ടുമുണ്ട്

നമ്മൾ ഓർക്കണം, ലിങ്കൺ
അടിമക്കച്ചവടം നിരോധിച്ചത്
അത് തെറ്റാണെന്ന ധാരണയാലല്ല,
വേണ്ടത്ര അടിമകൾ
ഉണ്ടായിരുന്നു എന്നതിനാലാണ്

ഞാൻ പ്രസവിച്ചിട്ടുണ്ട്
ഞാൻ പേരുനൽകിയിട്ടുണ്ട്
ഞാൻ സ്നേഹിച്ചിട്ടുണ്ട്

ശൂന്യാകാശത്തേക്ക്
ആരെങ്കിലും പോകണമെങ്കിൽ
അത് ഞാനായിരിക്കണം

ശൂന്യാകാശജീവിതം
ഭൂജീവിതം പോലെ
എന്നെ പരിഗണിക്കും

പക്ഷേ, ഞാൻ പ്രസവിക്കും

ഞാൻ പേരിടും
ഞാൻ സ്നേഹിക്കും
എൻ്റെ വേദന
ഒരു ഗീതമായിത്തീരും

വെള്ളക്കാരുടെ
ആധിപത്യത്തിൻ്റെ
മുഴക്കങ്ങൾക്കിടയിലും
എൻ്റെ പ്രതീക്ഷകൾ ജീവനോടിരിക്കും

ബാക്കിയായവ
എനിക്കു തരൂ
ഞാൻ അതുകൊണ്ടുണ്ടാക്കും
വിഭവങ്ങൾ

ചവറ്റുകൂനകൾ എനിക്കു തരൂ
ഞാൻ നിർമ്മിക്കാം
ഒരു മെത്ത

എനിക്കു തരൂ ജീവിതം
ഞാൻ നമുക്കായി നൽകാം
എല്ലാ ചന്ദ്രരെയും
നക്ഷത്രങ്ങളെയും

നീ ബലാത്സംഗത്തെക്കുറിച്ചു
സംസാരിക്കുന്നോ?

ഞാൻ സംസാരിക്കുക സാധ്യതകളെക്കുറിച്ച്
രാവർദ്ധത്തിൽ
എൻ്റെ ആൺമക്കളെ തല്ലിച്ചതയ്ക്കാനും
എൻ്റെ പെണ്മക്കളെ ഭോഗിക്കാനുമെത്തുന്ന
നിങ്ങളെ
ഭയക്കുന്നവളല്ല ഞാൻ

നീ ബലാത്സംഗത്തെക്കുറിച്ച് സംസാരിക്കുന്നോ?
അതിനെയൊന്നിനെയും
ഞാൻ ഭയക്കുന്നില്ല

വ്യാഴത്തിലേക്കു
പോകാൻ
ഞാൻ തയ്യാറാണ്.

***

ചിലരതിനെ പ്രണയമെന്നു പറയുന്നു

ഞാനൊരു പുഷ്പം
നിങ്ങൾക്കെന്നെ
ജന്നലരികിൽ വയ്ക്കാം

എനിക്ക് വളമണ്ണു വേണ്ട
ഒരിത്തിരി വെള്ളം മതി
ഇടയ്ക്കിടയ്ക്ക്
കുറച്ചു സൂര്യപ്രകാശവും
വല്ലപ്പോഴും ഒരുമ്മയും

ഞാൻ വളർന്നുവലുതായേക്കില്ല
പക്ഷേ, ഞാൻ
ചുറ്റിപ്പറ്റിനിൽക്കും

ഓരോ പ്രഭാതത്തിലും
നിങ്ങളെ അഭിവാദനം ചെയ്യും.

***

അസ്തമയത്തിൽ

എന്നാൽ വൈകീട്ട്
സൂര്യൻ വിശ്രമത്തിനാഗ്രഹിക്കുമ്പോൾ
ഞാൻ ബാഷ്പീകരിക്കപ്പെടുന്നു…
ഞാനതിൻ്റെ കാറ്റായ് മാറുന്നു

എന്നിട്ട് ചരിത്രം പറയുന്ന
സാന്ത്വനത്തെയും പ്രണയത്തെയും
കുറിച്ചുപറയുന്ന
ഗീതങ്ങളാൽ നമ്മെ ഓർമ്മപ്പെടുത്തുന്നു-
അങ്ങനെ കുഞ്ഞുങ്ങൾ
അറിഞ്ഞേക്കും

***

The opinions and positions expressed in articles published and comments posted here are those of its authors and not of Chenda.co.    The author has full responsibility for the views.   Making derogatory statements and/or using abusive words/statements against any individual, society, religion, or country is a punishable offense under the provisions of the IT policy and the Central Government Act.   Any such statement/words/comments will attract legal action.

No Comments yet!

Your Email address will not be published.