
യുദ്ധങ്ങളുടെയും പിടിച്ചടക്കലുകളുടെയും അതിസങ്കീർണമായ വിശകലനങ്ങൾ പത്തൊമ്പതാം നൂറ്റാണ്ടിലെ ചില ചിത്രകാരന്മാർ ചിത്രങ്ങളിലൂടെ സംസാരിച്ചത് വളരെ നിശബ്ദമായിട്ടായിരുന്നെങ്കിലും പലർക്കുമുണ്ടായിരുന്ന നിർബന്ധിതമായ പട്ടാള സേവനങ്ങളിൽ അവരനുഭവിച്ച മാനസിക പീഡനങ്ങൾ നമ്മളോട് പറഞ്ഞത് കലഹങ്ങളുടെ നാൾവഴികൾ ഇഴകീറി പരിശോധിച്ച് രണ്ടുവിഭാഗങ്ങൾ തമ്മിലുള്ള മലർത്തിയടിക്കലുകളുടെ കഥകളായിരുന്നില്ല., മറിച്ച് തികച്ചും മാനവികമായ തേങ്ങലുകളുടെ ഉൾക്കൊള്ളലുകളായിരുന്നു.

ജർമൻ എക്സ്പ്രഷനിസത്തിലെ അതിശക്തയായ Kate Kollwitz എന്ന ചിത്രകാരി ഒന്നാം ലോകയുദ്ധത്തിൽ ജർമൻ പട്ടാളത്തിലുള്ള പതിനെട്ട് വയസ്സുള്ള മകൻ വിശന്നിരിക്കുന്നുണ്ടാവുമോ.. അവൻ കരയുന്നുണ്ടാകുമോ തുടങ്ങിയ ആശങ്കകൾ പങ്കുവെക്കുന്ന കത്തുകൾ… പിന്നീട് അവൻ മരിച്ചു എന്നറിയുമ്പോഴുള്ള നിശബ്ദത.. വീണ്ടും രണ്ടാം ലോകയുദ്ധത്തിൽ അവർക്ക് നഷ്ടപ്പെട്ട ചെറുമകൻ…

ഒന്നാം ലോകയുദ്ധത്തിൽ നിർബന്ധിത മിലിറ്ററി സേവനമനുഷ്ടിച്ച് Ernst Kirchner അനുഭവിച്ച പീഡനങ്ങൾ പിന്നീട് വളരെയേറെകാലം മാനസികാരോഗ്യ കേന്ദ്രത്തിലെ വാസത്തിനുശേഷമുള്ള ആത്മഹത്യ ..

Max Beckman ന്റെ ഒന്നാം ലോക യുദ്ധത്തിലെ മെഡിക്കൽ സേവനങ്ങൾക്കിടയിലുണ്ടായ ഓടിരക്ഷപ്പെടലുകൾ…., Otto Dix തന്റെ കാൻവാസിലൂടെ കളിയാക്കിക്കൊണ്ടിരുന്ന മേലാളയുദ്ധവെറിയന്മാർ…! അങ്ങിനെ യുദ്ധങ്ങളിൽ വിറങ്ങലിച്ചുപോയ അനേക കലാവ്യക്തിത്വങ്ങളുടെ ഭ്രാന്തമായ ജീവിതം ചരിത്രങ്ങളിൽ നമുക്ക് സങ്കടമുണ്ടാക്കും.

നമ്മൾ തർക്കിക്കുകയും ജയിക്കുകയും ചെയ്യുമ്പോൾ ഇറാനിലെ പ്രി പ്രൈമറി സ്കൂളിൽ ഈ വഷളന്മാരിട്ട ബോംബിൽ നൂറോളം ചെറിയ പെൺകുട്ടികളുടെ പിടച്ചിലുകളിൽ നമ്മുടെപോലും ജീവിതങ്ങളുടെ നിരർത്ഥകതയിലാണ് നമ്മൾ.

പുനർനിർമ്മിക്കാനാവാത്ത സ്മാരകങ്ങൾ നശിപ്പിക്കപ്പെടുമ്പോഴും ചോരയിൽകുളിച്ചു ജീവനുവേണ്ടി കരയുന്ന പിഞ്ചുകുഞ്ഞുങ്ങളടങ്ങുന്ന മനുഷ്യക്കൂട്ടങ്ങളെ കാണുമ്പോഴും ഈ തെമ്മാടിരാജ്യത്തലവന്മാർക്ക് ഉന്മാദമുണ്ടാകുന്നു …!മാനവികനിരാസങ്ങളുടെ ഈ പുതിയ കാലങ്ങളിൽ ട്രമ്പും നെതന്യാഹുവും അവരവരുടെ സുരക്ഷിതമായ സുഖശീതളിമയിലിരുന്നു നടത്തുന്ന അട്ടഹാസചിരികൾക്ക് മുന്നിൽ നമുക്ക് മുഖംപൊത്തിയിരിക്കാം…

ഒരുകലാകാരന് മാത്രമേ യുദ്ധഭീകരത ശക്തമായി വിശദീകരിക്കാൻ സാധ്യമാവൂ എന്ന് പ്രസ്ഥാവിച്ച Otto Dix ന്റെ ഒരു കുറിപ്പാണ് ചുവടെ.
“I had to experience how someone beside me suddenly falls over and is dead and the bullet has hit him squarely. I had to experience that quite directly. I wanted it. I’m therefore not a pacifist at all – or am I?“







No Comments yet!