Skip to main content

യന്ത്രമനസും ഡിജിറ്റൽ കാർണിവലും

സച്ചിദാനന്ദന്റെ “കുറ്റിപ്പുറം പാലം വീണ്ടും” ഒരു വായന

ഇടശ്ശേരി ഗോവിന്ദൻ നായരുടെ ‘കുറ്റിപ്പുറം പാലം’ മലയാളിയ്ക്ക് ആധുനികതയിൽസംഭവിക്കാൻപോകുന്ന തകർച്ചയുടെ സൂചനയായിരുന്നുവെങ്കിൽ, സച്ചിദാനന്ദന്റെ ‘കുറ്റിപ്പുറം പാലം, വീണ്ടും’ എന്ന കവിത ആധുനികതയുടെ അങ്കലാപ്പുകളെ മറികടക്കാൻ Post-human കാലഘട്ടത്തിനുകഴിയാത്ത നിസ്സംഗതയെയാണ് അടയാളപ്പെടുത്തുന്നത്.

No photo description available.
കുറ്റിപ്പുറം പാലം

പ്രകൃതിയും മനുഷ്യനും തമ്മിലുള്ള ജൈവബന്ധം മുറിഞ്ഞുപോയ ഈ കാലഘട്ടത്തെ “ഗരുഡൻ “എന്ന ബിംബത്തിലൂടെയും വിവിധ ദാർശനിക വിചാരങ്ങളിലൂടെയും വിശകലനം ചെയ്യുമ്പോൾ മനുഷ്യന്റെ അസ്തിത്വപരമായ വലിയൊരു തകർച്ച വെളിപ്പെടുന്നു.ഇമ്മാനുവൽ ലെവിനാസിന്റെ തത്ത്വചിന്തയനുസരിച്ച്, ധാർമ്മികത എന്നത് ‘അപര’നോടുളള ഉത്തരവാദിത്തമാണ്. എന്നാൽ സച്ചിദാനന്ദന്റെ കവിതയിൽഈ ഉത്തരവാദിആം അപ്രത്യക്ഷമായിരിക്കുന്നതായി പറയുന്നു. “ഇരുവരും പരസ്പരം കാണുന്നില്ല, ഒരു സന്ദേശം മാത്രം യാത്രിഫോണിൽ” എന്ന വരികൾ സൂചിപ്പിക്കുന്നത് സ്മാർട്ട്‌ഫോൺ സ്ക്രീനുകൾ ലെവിനാസ് വിഭാവനം ചെയ്ത കാഴ്ചബന്ധങ്ങളെ റദ്ദ് ചെയ്തിരിക്കുന്നു എന്നതിനെയാണ്.

അപരനെ ഒരു ജൈവവ്യക്തിയായി കാണുന്നതിനു പകരം വെറും ഡിജിറ്റൽ ചിഹ്നങ്ങളായി ചുരുക്കുമ്പോൾ അവിടെ ധാർമ്മികതയുടെ അന്ത്യം സംഭവിക്കുന്നു. പഴയ പാലത്തിൽ മനുഷ്യർ പരസ്പരം കണ്ടിരുന്നുവെങ്കിൽ, പുതിയ പാലത്തിൽ അവർ അൽഗോരിതങ്ങളാൽ നയിക്കപ്പെടുന്ന നിഴലുകൾ മാത്രമാണ്. ഇവിടെ ഗരുഡൻ നിശബ്ദനാകുന്നത് ഭൂമിയിൽ ഉത്തരവാദിത്തം ഏറ്റെടുക്കാൻ’മുഖമുള്ള’മനുഷ്യരില്ലാത്തതിനാലാണ്.ബോധത്തെ ഒരു ഭൗതിക പ്രക്രിയയായി മാത്രം കാണുന്ന ‘യന്ത്രമനസ്സ്’ ഈ കവിതയിലെ മനുഷ്യപരിണാമത്തെ കൃത്യമായി വിശദീകരിക്കുന്നു. കവിത നിർമ്മിതബുദ്ധി കൈക്കൊളാക്കി എന്ന വരി മനുഷ്യന്റെ സർഗ്ഗാത്മകത പോലും പ്രോഗ്രാം ചെയ്യപ്പെട്ട ഒന്നായി മാറിയതിനെയാണ് പരിഹസിക്കുന്നത്. ബോധം എന്നത് ഒരു മിഥ്യയാണെങ്കിൽ, സച്ചിദാനന്ദൻ തുറന്നിടുന്ന ലോകം ആ മിഥ്യ പോലും നഷ്ടപ്പെട്ട ഒന്നായിരിക്കുന്നുവെന്നാണ്. സ്നേഹിക്കാനും വിപ്ലവം നടത്താനും കവിതയോ ചിത്രങ്ങളോ വേണ്ടെന്ന് പറയുന്ന അവസ്ഥ, മനുഷ്യനെ വെറും വിവരങ്ങൾ കൈമാറുന്ന ഒരു പ്രോസസ്സർ മാത്രമാക്കി മാറ്റുന്നു. ആകാശത്ത് പറക്കാത്ത ഗരുഡൻ, ഭൗതികതയ്ക്ക് അപ്പുറമുള്ള സകല ബോധവ്യാപാരങ്ങളും നിലച്ചുപോയ മനുഷ്യന്റെ പ്രതീകമായി മാറുന്നു.

സാങ്കേതികദർശനത്തിലെ ‘സ്റ്റാൻഡിംഗ് റിസർവ്വ്’ എന്ന സങ്കൽപ്പത്തെയും ഇവിടെ ചേർത്തു വായിക്കാവുന്നതാണ്. സാങ്കേതികവിദ്യ പ്രകൃതിയെ വെറും ഉപഭോഗവസ്തുവായി കാണുന്നതിനെയാണ്സ്റ്റാൻസിംഗ് റിസ൪വ്എന്ന് ഹൈഡഗർ വിമർശിച്ചത്. “ഈ ജലം വൈദ്യുതിയായി മാറ്റാൻ” വെമ്പുന്ന മനുഷ്യൻ നിളാനദിയെ ഒരു പുഴയായിട്ടല്ല, മറിച്ച് ഊർജ്ജം ഉത്പാദിപ്പിക്കാനുള്ള ഒരു ചരക്കായാണ് (Enframing) കാണുന്നത്. ഹൈഡഗറുടെ ചിന്തയിൽ പ്രപഞ്ചത്തിന്റെ പൂർണ്ണത ഭൂമിയും ആകാശവും മനുഷ്യനും ദേവന്മാരും ഒത്തുചേരുന്നിടത്താണ്. എന്നാൽ സച്ചിദാനന്ദന്റെ കവിതയിൽ ആകാശം ഒഴിഞ്ഞു കിടക്കുന്നു, ഭൂമി മലിനമാണ്, മനുഷ്യർ യന്ത്രങ്ങളാണ്. ഗരുഡന്റെ പതനം ഈ ജൈവസന്തുലിതാവസ്ഥയുടെ പൂർണ്ണമായ തകർച്ചയെയാണ് വെളിപ്പെടുത്തുന്നത്.കൂടാതെ ഇവിടെ കവി ഒരു ഡിജിറ്റൽകാർണിവലിനെയുംകാട്ടിത്തരുന്നുണ്ട്.

“പുതുലോക മധുരയക്ഷി”യുടെ ലഹരിയിൽ പഴയ നന്മകൾ വിസ്മരിക്കപ്പെടുന്നു. ഇതൊരു വിനാശകരമായ ആഘോഷമാണ്; അവിടെ ആരും ആർക്കും കാവലല്ല, പകരം എല്ലാവരും വിപണിയിലെ വിൽപനവസ്തുക്കൾ മാത്രമാണ്. ഇടശ്ശേരി കണ്ട പാലം പ്രകൃതിയെ മുറിച്ചുവെങ്കിൽ, സച്ചിദാനന്ദൻ കാണുന്ന പാലം മനുഷ്യന്റെ ആത്മാവിനെത്തന്നെയാണ് മുറിച്ചുമാറ്റുന്നത്. ചിറകറ്റ ഗരുഡനും നരച്ച തുഴയും ബാക്കിയാക്കി പാലം മൗനമായി നിൽക്കുമ്പോൾ, യന്ത്രങ്ങൾക്കിടയിൽ ഇനി മനുഷ്യൻ എവിടെയാണ് ബാക്കിയാകുന്നത് എന്ന വലിയൊരു ചോദ്യവും കവിത അവശേഷിപ്പിക്കുന്നു.

The opinions and positions expressed in articles published and comments posted here are those of its authors and not of Chenda.co.    The author has full responsibility for the views.   Making derogatory statements and/or using abusive words/statements against any individual, society, religion, or country is a punishable offense under the provisions of the IT policy and the Central Government Act.   Any such statement/words/comments will attract legal action.

No Comments yet!

Your Email address will not be published.