Skip to main content

മാഷന്മാരും ആൾക്കൂട്ടവും ഭ്രാന്തും പെണ്ണും പൊറാട്ടും സിനിമയിൽ

അദ്ധ്യാപകൻ, അമ്മാവൻ, രാഷ്ട്രീയ നേതാവ്, പഞ്ചായത്ത് മെമ്പർ തുടങ്ങിയവരൊക്കെ ചേർന്നാണ് ഒരു ടിപ്പിക്കൽ കേരളീയ ഗ്രാമീണ സാമൂഹിക ഘടനയുടെ (ഒരു കാലത്ത്/ഇപ്പോഴും) നെടുംതൂണുകൾ രൂപപ്പെടുത്തുന്നത്. ഗ്രാമസഭ, ജനകീയാസൂത്രണം, കുടുംബശ്രീ തുടങ്ങിയ ജനകീയ സാമൂഹിക സ്ഥാപനങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിലും പല നാട്ടിൻപുറങ്ങളിലും അഭിപ്രായ നിർമ്മാതാക്കളായും തീരുമാനാധികാരികളായും (opinion makers / decision makers) പ്രവർത്തിക്കുന്നത് പലപ്പോഴും ഈ വ്യക്തികളാണ്. ഈ സാമൂഹിക ഘടനയിൽ “മാഷ്” എന്ന ഐക്കൺ രൂപപ്പെടുന്നത് തന്നെ ഒരുതരത്തിലുള്ള സാമൂഹിക വൈരുദ്ധ്യത്തിന്റെ/അശ്ലീലതയുടെ കൂടെ സൂചനയായി വായിക്കാവുന്നതാണ്.

Pennum Porattum (പെണ്ണും പൊറാട്ടും) Reviews & Ratings | February 13, 2026 :  r/MalayalamMovies

പെണ്ണും പൊറാട്ടും എന്ന സിനിമയിലും ഒരു ദേശത്തിന്റെ ഏറ്റവും സ്വാധീനമുള്ള വ്യക്തിയായി സുജാതൻ മാഷ് അവതരിപ്പിക്കപ്പെടുന്നു. ഏത് ഗ്രാമത്തിലായാലും സ്വാധീനമുള്ള ഒരു നൈതിക പ്രതിനിധിയുടെ പകർപ്പായി വായിക്കാവുന്ന കഥാപാത്രമാണ് അത്. അയാൾ ഒരു നാട്ടിൽ ഭ്രാന്ത് എങ്ങനെ സൃഷ്ടിക്കുന്നു എന്നത് വളരെ സൂക്ഷ്മമായി ഈ സിനിമ നിരീക്ഷിക്കുമ്പോൾ വ്യക്തമാകും. പുറത്താക്കലുകൾ, തിരുത്തലുകൾ, ശിക്ഷകൾ, വംശീയ വിവേചനങ്ങൾ എന്നിവയുടെ മുഖാന്തിരം ഭ്രാന്ത് സൃഷ്ടിക്കുന്ന അധികാര കേന്ദ്രമായ ‘മാഷത്ത’ത്തിന്റെ മറ്റൊരു മോഡാണ് സുജാതൻ മാഷ് എന്ന കഥാപാത്രം.

ഈ സിനിമയിൽ ആദ്യ രംഗത്തിൽ തന്നെ വളരെ സ്വാതന്ത്ര്യ മോഹി ആയ സൂട്ടു എന്ന ഒരു പട്ടിയാണ് സുജാതൻ മാഷിനെ ആദ്യമായി തിരിച്ചറിയുന്നത്. അതോട് കൂടി മാഷിന്റെ ഇടപെടലുകളിലൂടെ ആ പട്ടി പേപ്പട്ടി ആകുന്നു. അയാൾ ആ പട്ടിയുടെ വീട്ടുകാരിയോട് പറയുന്നത് ഈ പട്ടിക്ക് പേ ഇളകാൻ സാധ്യതയുണ്ടെന്നും അങ്ങനെ പേ ഇളകിയാൽ താൻ വന്നു അതിനെ തല്ലിക്കൊന്നോളാമെന്നും ആണ്. ഒരു വ്യക്തി എന്നതിലുപരി “മാഷ്” എന്ന ‘സ്ഥാപനത്തിലൂടെ’ സമൂഹത്തിൽ എത്ര ക്രൂരമായും ഭീകരമായും അധികാരം പ്രവർത്തിക്കുന്നു എന്നതിന്റെ ദൃശ്യരൂപമാണ് ഈ രംഗം. നമ്മുടെ നാട്ടിലെ മോറൽ ഫിഗറുകളായി നിലകൊള്ളുന്ന ഇത്തരം മാഷന്മാരാണ് ‘വഴിതെറ്റുന്നവരെ’ കണ്ടെത്തുകയും, അവരിൽ ഭ്രാന്ത് ആരോപിക്കുകയും, പിന്നീട് കമ്മ്യൂണിറ്റിയെ കൂട്ടിച്ചേർത്ത് അവരെ ‘ഓടിച്ചിട്ട് തല്ലിക്കൊല്ലുന്ന’ സാമൂഹിക യന്ത്രങ്ങളെ പ്രവർത്തനക്ഷമമാക്കുകയും ചെയ്യുന്നത്. ഈ സിനിമയിൽ സുട്ടു എന്ന പട്ടി ഒരു സ്ത്രീയെ കടിച്ചുവെന്ന വാർത്ത പരക്കുമ്പോഴും അതിന് പ്രാന്തിളകിയെന്ന് പ്രഖ്യാപിക്കുന്നതും ഈ മാഷ് തന്നെയാണ്.

അയാൾ ക്ലബ്ബിലേക്ക് കടന്ന് വന്ന് തന്റെ കസേര എന്ന ഉപകരണം കൈയിൽ പിടിച്ച് അതിൽ ഇരുന്നുകൊണ്ടാണ് തന്റെ സാന്നിധ്യം അറിയിക്കുന്നത്. ആ കസേര തന്നെ അധികാരത്തിന്റെ ഒരു ദൃശ്യരൂപമായി മാറുന്നു. അതിനു മുമ്പ് തന്നെ ആ നാട്ടിലെ യുവാക്കൾ മുഴുവൻ അയാളെ ബഹുമാനിക്കുന്നതും ഈ അധികാരത്തിന്റെ സാമൂഹിക അംഗീകാരത്തെ സൂചിപ്പിക്കുന്നു. “സെക്സ് ചെയ്യുക എന്നത് പട്ടടയിൽ നടക്കില്ല” എന്ന് ഒരു നാട്ടാമയെപ്പോലെ പ്രസ്താവിക്കുന്ന സുജാതൻ മാഷിന്റെ ഭാഷയും നിലപാടും ഒരു ഗ്രാമത്തിന്റെ നൈതികതയെ നിയന്ത്രിക്കുന്ന അധികാരത്തിന്റെ രൂപമാണ്. എന്നാൽ കുമാർ അതിന് വഴങ്ങാൻ തയ്യാറല്ലെന്ന് തിരിച്ചറിയുന്ന നിമിഷം മുതൽ അയാൾ (കുമാർ) ഒരു പുതിയ ഇരയായി മാറുന്നു. ഒരേസമയം ഗ്രാമമുഖ്യനായും പുരോഗമനകാരിയായും പല നിലകളിലേക്ക് മാറുന്ന അധികാരത്തിന്റെ സ്വഭാവമാണ് മാഷ് എന്ന ഈ കഥാപാത്രത്തിൽ കാണപ്പെടുന്നത്. കുമാറിന്റെ ലൈംഗികത നാട്ടിൽ പ്രശ്നമായി മാറുന്ന നിമിഷം സുജാതൻ മാഷ് “എനിക്ക് ഒരു വലിയ പരിപാടിയുണ്ട്, ഞാൻ അങ്ങോട്ട് പോകുകയാണ്” എന്ന് പറഞ്ഞ് തന്റെ വേട്ടയുടെ കളം മാറ്റുകയും ചെയ്യുന്നു.

Pennum Porattum' movie review: An absurdist satire that just escapes  getting lost in its chaos - The Hindu

ബാബുരാജിന്റെ നായയാണ് തുടലു പൊട്ടിച്ചതെന്നും അതിനാണ് പേ പിടിച്ചതെന്നും മനസ്സിലാകുന്ന നിമിഷത്തിലാണ് സുജാതൻ മാഷ് വീണ്ടും സജീവമാകുന്നത്. “അത് ബാബുരാജിന്റെ നായ തന്നെ. മൊത്തം ടീമിനെയും കൂട്ടിക്കോ. കൊല്ലണ്ട. ഞാൻ വന്നിട്ട് പച്ചയ്ക്ക് കത്തിച്ചോളാം” എന്ന അദ്ദേഹത്തിന്റെ വാക്കുകൾ ഒരു വ്യക്തിയുടെ ക്രൂരത മാത്രമല്ല; സമൂഹത്തെ വേട്ടയാടുന്ന ഒരു ആൾക്കൂട്ട തത്ത്വശാസ്ത്രം തന്നെയാണ്. ഓരോ നാട്ടിലെയും മോറൽ സിംബലുകളായി നിലകൊള്ളുന്ന മാഷന്മാർ ഇങ്ങനെ തന്നെ തിരുത്തപ്പെടേണ്ടവരെയും, ഓടിച്ചിട്ട് പിടിക്കേണ്ടവരെയും, വിലക്കേണ്ടവരെയും സൃഷ്ടിച്ചു കൊണ്ടാണ് ഒരു ദേശത്തിന്റെ നോർമാലിറ്റി നിർവചിക്കുന്ന അധികാരരൂപങ്ങളായി മാറുന്നത്.

ഈ വേട്ടയാടലിന്റെ അടുത്ത ഘട്ടം കൂടുതൽ ശ്രദ്ധേയമാണ്. ഇതേ സമൂഹത്തിന്റെ നാട്ടുകൂട്ടം ഇപ്പോൾ വാട്സ്ആപ്പ് ഗ്രൂപ്പുകൾ പോലുള്ള ഡിജിറ്റൽ ഇടങ്ങളിലൂടെയും പ്രവർത്തിക്കുന്നു. നായയുടെ ലൊക്കേഷൻ കണ്ടെത്താൻ സമൂഹത്തെ വാട്സപ്പിലൂടെ ആഹ്വാനം ചെയ്യുന്നത് സുജാതൻ മാഷ് തന്നെയാണ്. “പേ പിടിച്ച നായ” എന്ന ഭീതിയെ സമൂഹത്തിൽ വ്യാപിപ്പിച്ച് ഒരു മുഴുവൻ കമ്മ്യൂണിറ്റിയെ നിയന്ത്രിക്കുന്ന സാമൂഹിക യന്ത്രം ഇവിടെ പ്രവർത്തിക്കുന്നു. ജാതി, മതം, വർഗീയത, വംശീയത എന്നിവ നിലനിൽക്കുന്ന കേരളീയ ഗ്രാമീണതയെ പുറത്തുനിന്നുള്ള “ഭ്രാന്ത്” എന്ന ഭീഷണിക്കെതിരെ ഒന്നിപ്പിച്ചാണ് ഈ അധികാരം പ്രവർത്തിക്കുന്നത്. സിനിമയിൽ പൊറാട്ട് നടക്കുന്ന വീട്ടിലെ തർക്കങ്ങൾ പോലും ഒരു ശമനം കാണുന്നത് പേ പിടിച്ച നായ ആ വീട്ടിലെത്തിയെന്ന വാർത്തയിലൂടെ ആണ്.

പേ പിടിച്ചുവെന്ന് പറയപ്പെടുന്ന കോഴികളെ വാങ്ങിക്കാത്ത ഒരു തമിഴ്നാട്ടുകാരനെ തെങ്ങിൽ കെട്ടി വിചാരണ ചെയ്യുന്ന രംഗത്തും പ്രധാന സാന്നിധ്യമായി മാറുന്നത് ഇതേ മാഷാണ്. അവിടെയും അയാൾ ഒരു നാട്ടാമൈ ആയി മാറുന്നു. കോഴികൾക്ക് പേ പിടിച്ചാൽ അവയെ കത്തിച്ച് കൊല്ലണം എന്ന വിധി അദ്ദേഹം തന്നെ നിർണ്ണയിക്കുന്നു. “കത്തിക്കുമ്പോൾ കോഴികൾ പറക്കില്ലേ?” എന്ന ചോദ്യത്തിന് “കൊന്നിട്ട് കത്തിക്കല്ലോ” എന്ന മറുപടി നൽകുന്ന നിമിഷത്തിൽ ഒരു ഗ്രാമീണ നാസി മനോഭാവത്തിന്റെ രൂപമാണ് മാഷിൽ കാണപ്പെടുന്നത്. ഒരു ഹിറ്റ്ലർ. സാമൂഹിക നെടുംതൂണുകളായി നിലകൊള്ളുന്ന ഇത്തരം മൊറൽ ഐക്കണുകൾ പലപ്പോഴും മൊറാലിറ്റി, പ്രത്യയശാസ്ത്രം, ഫിലോസഫി, സൈക്കോളജി തുടങ്ങിയ ഉപാധികളിലൂടെ സമൂഹത്തെ നിയന്ത്രിക്കുകയും പുതിയ അപരത്വങ്ങളെയും പുതിയ ഭ്രാന്തന്മാരെയും സൃഷ്ടിക്കുകയും ചെയ്യുന്നു. നായയെ പിടികൂടാൻ സൃഷ്ടിച്ച ഒരു ആയുധത്തിൽ നിന്ന് അത് രക്ഷപ്പെടുന്ന നിമിഷം തന്നെ അതിനെ പാറമടയിലേക്ക് ഓടിച്ചിട്ട് അവിടെ നിന്ന് ആൾക്കൂട്ടം ആക്രമിക്കുന്നതും ഈ സാമൂഹിക വേട്ടയുടെ ഭാഗമാണ്.

ഇതേ സമൂഹം ലൈംഗികതയുടെ പേരിൽ തമ്മിൽ തല്ലുമ്പോഴും അതിനൊപ്പം നിൽക്കുകയും, അതേ സമയം ആ ബന്ധം ഒരു കല്യാണം എന്ന സ്ഥാപനത്തിലേക്ക് ചുരുക്കപ്പെടുമ്പോൾ അതിനൊപ്പം നിൽക്കുകയും ചെയ്യുന്ന ഇരട്ട നൈതികതയുടെ രൂപം കൂടി ഈ മാഷിൽ കാണപ്പെടുന്നു. ഈ ചെറുതായ ദേശത്തിന്റെ വേട്ടക്കാരന്റെ വംശീയ മനോഭാവവുമുള്ള മാഷിന്റെ കരണക്കുറ്റി നോക്കി പൊട്ടിക്കുന്നത് നാട്ടിന് പുറത്തുപോയ ചാരുലതയാണ്. എന്നാൽ ആ അടിക്ക് വലിയ മാറ്റം ഒന്നും ഉണ്ടാകുന്നില്ല. മോറൽ സ്റ്റിഗ്മകളിലൂടെ ഫിലോസഫികളിലൂടെ രാഷ്ട്രീയ പ്രതിയായ ശാസ്ത്രങ്ങളിലൂടെ ജാതി മേൽകോയ്മയിലൂടെ സാമൂഹിക അധികാരങ്ങളിലൂടെ അങ്ങനെ പല മാഷന്മാരും സമൂഹത്തിന്റെ വെള്ള ഷർട്ടുമിട്ട് ഇന്നും മിന്നിച്ചു നടക്കുന്നു.

Pennum Porattum' Movie Review: A Truly Inventive Absurd Comedy

മലയാള സിനിമയുടെ ഒരു വലിയ കാലഘട്ടം ഗ്രാമീണതയെ ആഘോഷിച്ചുകൊണ്ടാണ് മുന്നോട്ട് പോയത്. ‘നന്മ നിറഞ്ഞ മാഷന്മാർ’, പഞ്ചായത്ത് പ്രസിഡന്റുമാർ, കാരണവന്മാർ, തറവാട് മുറ്റങ്ങൾ, കുടുംബങ്ങൾ എന്നിവയെ ഒരു സാംസ്കാരിക ഉത്തമലോകമായി അവതരിപ്പിച്ച സിനിമാ ചരിത്രമാണ് പലപ്പോഴും മലയാളത്തിനുള്ളത്. എന്നാൽ ആ ഗ്രാമീണ റൊമാന്റിസിസത്തെ തന്നെ ചോദ്യം ചെയ്യുന്നതാണ് പെണ്ണും പൊറാട്ടും എന്ന സിനിമയിലെ സുജാതൻ മാഷ് എന്ന കഥാപാത്രം. കേരള സമൂഹത്തിലെ നെടും തൂണുകളായ നന്മ നിറഞ്ഞ മാഷന്മാരെ സുജാതൻ മാഷ് അട്ടിമറിക്കുന്നുണ്ട്. കേരളത്തിലെ അത്തരം വീടുകളിലേക്കും കുടുംബങ്ങളിലേക്കും നന്മ നിറഞ്ഞ മാഷന്മാരിലേക്കും ഞങ്ങൾക്ക് സിനിമയുമായി തിരികെ പോകാനില്ലെന്ന് പ്രഖ്യാപിക്കുന്ന തരത്തിലുള്ള സിനിമാറ്റിക് നിലപാടാണ് സംവിധായകൻ രാജേഷ് മാധവനും തിരക്കഥാകൃത്ത് രവി ശങ്കറും ഇവിടെ സ്വീകരിക്കുന്നത്.

The opinions and positions expressed in articles published and comments posted here are those of its authors and not of Chenda.co.    The author has full responsibility for the views.   Making derogatory statements and/or using abusive words/statements against any individual, society, religion, or country is a punishable offense under the provisions of the IT policy and the Central Government Act.   Any such statement/words/comments will attract legal action.

No Comments yet!

Your Email address will not be published.