Skip to main content

കാത്തിരിപ്പിൻ്റെ ദൃശ്യതാളം

സിനിമയുടെ ലോകചരിത്രം തന്നെ വ്യാവസായികവും സാമ്പത്തികവുമായ താല്പര്യങ്ങളാൽ വലയിതമാണ്. പക്ഷെ അതിൽനിന്ന് കുതറിമാറിക്കൊണ്ട് മാധ്യമത്തിൻ്റെ സാധ്യതകൾ തേടുകയും വ്യത്യസ്തരൂപങ്ങളിലേക്ക്, രാഷ്ട്രീയങ്ങളിലേക്ക് അവ സമാന്തരമായെങ്കിലും കുതിക്കുകയും ചെയ്തു. (ഇവിടെ സംഗതമാണെങ്കിലും സമാന്തരം എന്ന വാക്കിന് സിനിമാ ഗണനിർണ്ണയത്തിൽ ചില പരിമിതികളുണ്ട് എന്ന് തിരിച്ചറിയുന്നുണ്ട്. കച്ചവട,മുഖ്യധാരാ സിനിമകളെ പ്രാഥമികമായി അംഗീകരിച്ചാൽ മാത്രമാണ് ആർട്ട് ഹൗസുകളോ അവയ്ക്കിടയിലെ മധ്യവർത്തികളോ സമാന്തരം ആവുക. അത് ഒരുതരത്തിൽ പരിമിതകല്പനയുമാണ്.) മാധ്യമപരമായ ഈ പുതുക്കലുകളിൽ സിനിമയുടെ നിർമ്മാണച്ചെലവ് എക്കാലത്തും വെല്ലുവിളികൾ ഉയർത്തിയിരുന്നതും ഓർക്കാം. എന്നാൽ സാങ്കേതികവിദ്യയുടെ കുതിച്ചുചാട്ടം സിനിമയുടെ നിർമ്മാണച്ചെലവിൽ ഗണ്യമായ മാറ്റമുണ്ടാക്കിയതോടെ കാര്യങ്ങൾ മറ്റൊരുവിധത്തിൽ ഗുണാത്മകമായി എന്ന് പറയാം. മൊബൈലിൽവരെ സിനിമ ചെയ്യാം എന്നാണ് ഇന്ന് നമ്മുടെ സാധ്യത. മിനിമൽ സിനിമയുടെ വലിയ മെച്ചം അത് അതേസമയം ഇൻ്റിപെൻ്റൻ്റും ആകുന്നു എന്നതാണ്. കൂടുതൽ സ്വാതന്ത്ര്യത്തോടെ ആവിഷ്കാരങ്ങളിലേക്ക് വരാൻ കലാകാരർക്ക് ഇത് അവസരമുണ്ടാക്കുന്നു. ഇത്രയുമൊക്കെ ഓർത്തത് IFFK യുടെ മുപ്പതാംപതിപ്പിൽ കണ്ട മിനിമലായ ഒരു ചിത്രത്തെ മുൻനിർത്തിയാണ്. ചിത്രത്തിലേക്ക് വരാം.

IFFK 2025 ലെ മലയാളംചിത്രങ്ങളിൽ നിപിൻ നാരായണൻ്റെ കാത്തിരിപ്പ് എന്തുകൊണ്ടും മികച്ചതായിരുന്നു. വളരെ പരിമിതമായ സ്ഥല, കാല, സാമ്പത്തിക, പാത്രങ്ങളിൽ ചിത്രീകരിച്ച സിനിമയായിട്ടും മുറുക്കമുള്ള തിരക്കഥകൊണ്ടും സംവിധാനംകൊണ്ടും സിനിമ അതിൻ്റെ ധർമ്മം നിർവഹിച്ചു. ഒരു ചെറിയ സിനിമ കാണെക്കാണെ വലുതാവുന്നതും കാണികളെ കലാപരമായി മുഖാമുഖം നിർത്തുന്നതും സ്വയം തെളിഞ്ഞു കാണുന്ന കണ്ണാടിയാക്കുന്നതും അടുത്തകാലത്തൊന്നും ഉണ്ടായിട്ടില്ലാത്ത ഒരനുഭവമാണ്. രണ്ടേ രണ്ട് മികച്ച നടന്മാർ, ഒരൊറ്റ വീട്, ഒരു രാത്രി! അത്രയുംകൊണ്ട് ഒരു സിനിമയ്ക്ക് ഇത്രയും കഴിയുമെങ്കിൽ ആ വൈഭവത്തിന് കയ്യടിച്ചേ മതിയാകൂ.

ഫിക്ഷനും സിനിമയുംതമ്മിലുള്ള ബാന്ധവത്തിന് വലിയ ചരിത്രമുണ്ട്. അതിൽതന്നെ ചെറുകഥകളോട് സിനിമയ്ക്കുള്ള ബന്ധം സവിശേഷമത്രേ. നല്ല മുറക്കമുള്ള ഒരു കഥ ക്രിയകൾ കുറഞ്ഞ് ഭാഷണപ്രധാനമായി എഴുതുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ലെന്ന് മലയാളചെറുകഥയുടെ ചരിത്രം നോക്കിയാൽ അറിയാം. കാരൂരിൻ്റെ മരപ്പാവകൾ, സേതുവിൻ്റെ ദൂത് പോലെയൊക്കെ വിജയിച്ച ചിലത് കാണാതെയല്ല ഇപ്പറയുന്നത്. മാതൃകകൾ കുറവാണ് എന്നതാണ് വിവക്ഷ. അങ്ങനെയൊരു കഥ സിനിമയാക്കിയാലോ? പതിയെപ്പതിയെ ഇരുണ്ട അകങ്ങളോരോന്നും വെളിപ്പെടുന്നതുപോലെ കഥ കാഴ്ചയിലേതിനേക്കാൾ ഭാഷണത്തിലൂടെ മുന്നോട്ട് പോയാലോ? പ്രത്യേകിച്ചൊരു ക്രിയാംശവുമില്ലാതെ സിനിമ ഒരു ത്രില്ലർഗണത്തിലേക്ക് നീങ്ങിയാലോ? ഇങ്ങനെയെല്ലാം ഗുണപരമായി സഞ്ചരിച്ച സിനിമയാണ് കാത്തിരിപ്പ്. നിപിൻ സ്ക്രീനിൽ ദൃശ്യങ്ങളല്ല, വലിയൊരു കണ്ണാടിതന്നെ പ്രതിഷ്ഠിച്ചതുപോലെ സിനിമ തീരുമ്പോൾ നാം സ്വയമൊന്ന് നോക്കിപ്പോകുന്ന അനുഭവം. വാസ്തവത്തിൽ കാത്തിരുപ്പ് മനുഷ്യമനസ്സിൻ്റെ ഏറ്റവും സൂക്ഷ്മമായ വാസ്തവികതകളിലേക്കാണ് വെളിച്ചമെത്തിക്കുന്നത്. ഒരു തരം മനോവിശ്ലേഷണമാണ് സിനിമയുടെ ഫലശ്രുതി എന്നും പറയാം. അതുപക്ഷെ മുക്തിയിലേക്കുതന്നെ നയിക്കുമെന്ന് ഉറപ്പാക്കാനാവില്ല. ചിലപ്പോൾ സിനിമ കഴിഞ്ഞിറങ്ങുന്ന കാണിയ്ക്ക് ഒരു കാത്തിരിപ്പ് തുടങ്ങിവെക്കാൻ മതിയായ കാരണങ്ങൾ സ്വജീവിതത്തിൽനിന്ന് കിട്ടിയേക്കും.

ഒരു സംഭവം അഥവാ ഓർമ്മ ഏതെല്ലാം വിധത്തിൽ കാണാം ഓർക്കാം എന്നതാണ് സിനിമയുടെ കാതലായ അന്വേഷണം. അതായത് ആഖ്യാനമാണ് ആഖ്യാനകത്തിൻ്റെ സത്തയും ദിശയും തീരുമാനിക്കുന്നത് എന്നർഥം. ഇതൊരു കൗതുകമുള്ള വാസ്തവമാണ്, എല്ലാ ആഖ്യാനങ്ങളെയും സംബന്ധിച്ച്. ഡേവിഡ് എന്ന ചെറുപ്പക്കാരൻ ഒറ്റയ്ക്കൊരു വീട്ടിൽ കേടുവന്നതോ (വരുത്തിയതോ?) ആയ യന്ത്രങ്ങൾ പ്രവർത്തിപ്പിച്ചെടുക്കാൻ ശ്രമിക്കുകയാണ്. ആങ്സൈറ്റിയുള്ള, ആ നിലയിൽ പലതരം ഭയങ്ങളും ആശങ്കകളും സുരക്ഷിതത്വഭീതിയുമുള്ള ആളാണയാൾ. അയാളുടെ വീട്ടിലേക്ക് ഒരു രാത്രി വീടുമാറിയെത്തുന്ന അപരിചിതനായ മറ്റൊരു ചെറുപ്പക്കാരനും ചേരുമ്പോൾ സിനിമയ്ക്കുള്ള സാമഗ്രികൾ പൂർണ്ണമാക്കുകയാണ് നിപിൻ. പിന്നെയങ്ങോട്ട് സംസാരിച്ചും സംശയിച്ചും സമാസമം കൊള്ളക്കൊടുക്കൽ നടത്തിയും ഓർമകളുടെ കെട്ടഴിക്കുകയാണ് ഡേവിഡ്. ഡേവിഡിൻ്റെ കാത്തിരുപ്പിൻ്റെ കഥയാണിത് എന്ന് അപ്പോഴാണ് പ്രേക്ഷകർക്ക് ബോധ്യമാവുക. അയാളുടെ അനേകം ശത്രുസാധ്യതകളുടെ ഉപകഥകൾ ചേരുമ്പോൾ കേന്ദ്രകഥ മുറുകുകയും പ്രേക്ഷകരെ വരിയുകയും ചെയ്യുന്നു. അവസാനമാകുമ്പോഴേക്ക് ഭയാശങ്കകൾ ഡേവിഡിലൊതുങ്ങാതെ പ്രേക്ഷകരിലേക്കും സംക്രമിക്കുന്നു. വളരെ കയ്യടക്കത്തോടെ, അനാവശ്യമായി ഒന്നും കടന്നുകൂടാതെ ഒരു കഥ അഥവാ സിനിമ സംഭവിക്കുകയാണ് കാത്തിരിപ്പിൽ. മുൻപിൻ ക്രമങ്ങൾ കഥയ്ക്ക് നഷ്ടമാകുന്നതും സിനിമ തീരുമ്പോൾ മറ്റൊരു സിനിമ പ്രേക്ഷകരിൽ തുടങ്ങുന്നതുമായ ഒരു സവിശേഷ ക്രമരാഹിത്യം അഥവാ അവാഖ്യേയമായ ക്രമം രൂപപ്പെടുന്നു എന്നും പറയാം. മലയാളസിനിമയ്ക്ക് മാതൃകയാക്കാവുന്ന രൂപവും ഭാവവും പ്രൊഡക്ഷനും ഒക്കെയായി കാത്തിരിപ്പ് മാറുന്നു. പിന്നണിയിലുള്ളവരെ അഭിനന്ദിക്കാൻ ഈ അവസരം പ്രയോജനപ്പെടുത്തട്ടെ.

IFFK 2025: 'Kaathirippu' is a riveting psychological drama on introspection and repentance - The Hindu

സിനിമയുടെ സ്ഥലവും കാലവും ഈ പ്രമേയത്തെ കൂടുതൽ ധ്വനിപരമാക്കി എന്ന് പറയണം. വെള്ളം ഇറ്റുവീഴുന്നതും അതിൻ്റെ ശബ്ദവും തേരട്ടയുടെ ഇഴച്ചിലുമൊക്കെ നരേഷനിലേക്ക് പതിയെ ഗുണപരമായി ചേർന്നുനിന്നു. ചോർച്ചയുടെ ശബ്ദദൃശ്യങ്ങൾ ഭാഷണത്തിലെ സത്താചോരണത്തിൻ്റെ രൂപകമായി മാറുന്നത് കൗതുകമുള്ള കാഴ്ചയായിരുന്നു. അപ്രിയമെങ്കിലും സത്യം ഇഴജന്തുവിൻ്റെ രൂപത്തിൽ തട്ടിമാറ്റാൻ കഴിയാതെ ഇഴഞ്ഞുകയറുന്നുമുണ്ടായിരുന്നു. ഇത്രയുമൊക്കെ ശ്രദ്ധയോടെ കൂട്ടിച്ചേർത്തുകൊണ്ടാണ് ഭാഷണപ്രധാനമായ ആഖ്യാനത്തെ സംവിധായകൻ സിനിമാറ്റിക് ആക്കുന്നത്. മിനിമലാണെങ്കിലും സാങ്കേതികമായി ക്വാളിറ്റിയുള്ള പ്രൊഡക്ഷനായി കാത്തിരിപ്പ് രൂപപ്പെട്ടുവന്നു എന്നതും ഇതോടൊപ്പം കാണാം. അതായത് ഭാവത്തിലും രൂപത്തിലും കാത്തിരിപ്പ് മികച്ചതായിരുന്നു. അഭിനേതാക്കളും ഗംഭീരമായ പ്രകടനം കാഴ്ചവെച്ചു. എഡിറ്റിങ്ങും ക്യാമറയും കളറിങ്ങുമടക്കം ശരാശരിക്കുമുകളിലേക്ക് നില്ക്കുന്നതായിരുന്നു മറ്റെല്ലാ ഘടകങ്ങളുമെന്ന് നിസ്സംശയം പറയാവുന്ന ചിത്രം ജൂറിയുടെയോ കാണികളുടെയോ പരാമർശങ്ങളിൽ വരാതെപോയതെന്ത് എന്ന സംശയം ഇപ്പോഴും ബാക്കിയാണ്. ഫെസ്റ്റിവലുകളുടെ കച്ചവടമറിഞ്ഞ് അഥവാ കളമറിഞ്ഞ് കളിക്കുന്നവരിലേക്കേ പുരസ്കാരങ്ങളെത്തൂ എന്നതുകൊണ്ട് ആ സംശയത്തെ ഞാൻതന്നെ കുഴിച്ചുമൂടുന്നു. നിപിനും സംഘത്തിനും മനസ്സ് നിറഞ്ഞ അഭിനന്ദനങ്ങൾ അറിയിക്കുന്നു.

The opinions and positions expressed in articles published and comments posted here are those of its authors and not of Chenda.co.    The author has full responsibility for the views.   Making derogatory statements and/or using abusive words/statements against any individual, society, religion, or country is a punishable offense under the provisions of the IT policy and the Central Government Act.   Any such statement/words/comments will attract legal action.

No Comments yet!

Your Email address will not be published.