Skip to main content

തുരുത്ത്

ഒറ്റക്കുള്ള തുരുത്തുകളിൽ ജീവിക്കുമ്പോൾ
ആൾക്കൂട്ടത്തിന്റെ
നിലവിളികൾ അന്യമാവുന്നു.
ആകാശത്ത് നിന്ന് പാളി നോക്കുന്ന
കഴുകന്റെ കണ്ണിലെ തീക്ഷണത

പാടത്തു കളിക്കുന്ന
മുയൽ കുഞ്ഞ് അറിയുന്നില്ല.
ചൂണ്ടയിൽ കുരുങ്ങുന്ന
മീനിന്റെ കണ്ണിലെ തിളക്കം
വലയുടെ കണ്ണികൾ
തിരിച്ചറിയുന്നില്ല.
കൂട്ടിലടച്ച ഒരു കിളി
ആകാശക്കീറിനായി
അഴികൾക്കിടയിലൂടെ മോഹിക്കുന്നു.

കരിങ്കൽ കൂമ്പാരത്തിൻ അടിയിൽ നിന്ന്
പുറത്തേക്ക്
തല നീട്ടുന്ന പാമ്പിന്റെ
പത്തി ചതഞ്ഞിരിക്കുന്നു.
അത് കൊണ്ടാവും
ഒരു ജനതയുടെ ഉള്ളിൽ
പുകയുന്ന നെരിപ്പൊടിന്റെ കനൽ
പുറം ലോകം അറിയാതെ പോകുന്നത്…

***

No Comments yet!

Your Email address will not be published.