Skip to main content

ജീവിതം, മരണം

ഞാന്‍ മുമ്പു നിന്നെ പരിചയപ്പെട്ടിട്ടില്ല
നീ മൂവായിരം വിദ്യാര്‍ത്ഥികളില്‍
ഒരാളായിരുന്നിരിക്കണം, ഒരു സാധാരണ വിദ്യാര്‍ത്ഥി.

നീ വരികയും പോവുകയും ചെയ്തിരിക്കണം
നാടകത്തിലോ സ്ട്രൈക്കിലോ സ്റ്റുഡന്റ് ഫോറത്തിന്റെ
ജോലികളിലോ ഒന്നിലും ഏറെ മുഴുകാതെ.

എന്നെങ്കിലും ഞാന്‍ നിന്നെ കണ്ടുമുട്ടിയിരിക്കണം
ഉയര്‍ന്നു പന്തലിച്ച വാകമരത്തിന്റെ തണലിലോ,
ലൈബ്രറിയുടെ കോണിപ്പടികളിലോ
യൂണിവേഴ്സിറ്റിയുടെ പടിവാതിലിലോ
‘പാലാലി’ റോഡിനു പിറകിലോ,
എവിടെയെങ്കിലും

അപ്പോഴും ഞാന്‍ നിന്നെ പരിചയപ്പെട്ടില്ല
ഇന്നു ലൈബ്രറിയുടെ ചുവരുകളിലും
സയന്‍സ് ഫാക്കള്‍ട്ടിയുടെ കവാടത്തിലും
നിന്റെ അകാല മരണത്തിന്റെ
പോസ്റ്ററുകള്‍ കണ്ട്
എന്റെ ഹൃദയം വേദനിച്ചു പുളഞ്ഞു

ചെറുപ്പക്കാരാ, ഇന്നു മുഴുവന്‍
നിന്റെ മുഖവും, ഇന്നുമാത്രം ഞാന്‍ കേട്ടതിന്റെ
പേരും സാവധാനം എന്റെ
ഹൃദയത്തെ മുറിവേല്‍പ്പിച്ചു.

ഈ മരണമറിയിപ്പ്, നിന്റെ പേരും ഊരും
മരണമായി മാറിയ നിന്റെ ജീവിതവും
എല്ലാം എന്നെ വേദനയിലാഴ്ത്തുന്നു.

***

സാംസ്കാരികമാസിക ഡിസംബര്‍ 1988

 

വിവ: സച്ചിദാനന്ദന്‍

No Comments yet!

Your Email address will not be published.