Skip to main content

ധ്യാനം എന്ന കവിതയുണ്ടാകുന്നത്

പാലത്തിനു മീതെ ബസ് ചാറ്റൽ മഴയിൽ നനഞ്ഞോടുന്നു.
ബസിലിരുന്ന് ഒരു പുഴയോട് ചേർന്ന വയൽ കാണുന്നു, പെൺകുട്ടി.
ഒരാൾ, കറുത്ത നീളൻ ഉടുപ്പിട്ട് ചാറ്റൽ മഴയിൽ ചൂണ്ടയിടുന്നു.
മീനിന്റെ ഏകാന്തമായ ജലധ്യാനത്തിലേക്ക് ചൂണ്ടയുടെ ഇളക്കം.
ബസിന്റെ ഏകാന്തമായ ഓട്ടത്തിൽ, ഇളകുന്ന ഇരയെ ധ്യാനിക്കുന്ന
ചൂണ്ടക്കാരന്റെ നെഞ്ചിടിപ്പോർക്കുന്ന പെൺകുട്ടിയുടെ ഇരിപ്പ്.

ബസിലിരിക്കുന്ന പെൺകുട്ടിയുടെ
ഓർമ്മകളെ വായിച്ചെടുക്കുന്ന
വേറെ ഒരാളുമുണ്ടായേക്കാം

അടുത്ത സീറ്റിൽ.
അവളുടെ നോട്ടത്തിന്റെ
നിശ്ചലമായ നീളം
പിന്തുടരാൻ ശ്രമിക്കുകയാവും അയാൾ.
ആ നോട്ടത്തിന്റെ ഏറ്റവും അറ്റത്ത്
തന്നെ കുരുക്കിയിടാൻ ആഗ്രഹിക്കുന്നുണ്ടാവും അയാൾ.
മഴയുടെ ഒച്ചകളെ തോല്പിക്കുന്ന നെഞ്ചിടിപ്പ്
അയാൾക്കുണ്ടാവുമോ എന്ന്
ബസിനൊപ്പം നനഞ്ഞൊരു കവിത.

ഓരോ ധ്യാനവും ഒരു ചലനത്തെ പ്രാർത്ഥിക്കുന്നു.
ചലനത്തെ സ്വപ്നം കണ്ട് മൂന്ന് പേർ.
ബസ് പാലം കടക്കും മുൻപ്
കുരുങ്ങുമോ,
മീൻ, അവൾ, അവൻ, അവർ…

***

The opinions and positions expressed in articles published and comments posted here are those of its authors and not of Chenda.co.    The author has full responsibility for the views.   Making derogatory statements and/or using abusive words/statements against any individual, society, religion, or country is a punishable offense under the provisions of the IT policy and the Central Government Act.   Any such statement/words/comments will attract legal action.

One Reply to “ധ്യാനം എന്ന കവിതയുണ്ടാകുന്നത്”

Your Email address will not be published.