മുതിർന്ന മാധ്യമ പ്രവർത്തകനും പ്രശസ്‌ത എഴുത്തുകാരനും ലോകയാത്രികനുമായ അനിൽകുമാർ എ.വി.യുടെ തിങ്കൾ പംക്തി തുടരുന്നു…
നുറുങ്ങുകൾ‐ 12

2026 മാർച്ച് 19ന് 94‐ാം വയസിൽ ചെന്നൈ ചെത്‌പേട്ടിലെ വസതിയിൽ ദീർഘനാൾ അലട്ടിയ വാർധക്യ സഹജങ്ങളായ രോഗങ്ങൾ കാരണം നിര്യാതനായ മെല്ലി ഇറാനി മലയാള ചലച്ചിത്ര രംഗത്ത് ക്യാമറയാൽ ദൃശ്യകവിതകള്‍ രചിച്ച വിസ്‌മയ പ്രതിഭയും ഇതിഹാസ ഛായാഗ്രാഹകനുമായിരുന്നു. സുവർണ കാലഘട്ടത്തിന്റെ ശിൽപ്പികളിൽ ഒരാളായ അദ്ദേഹം ബ്ലാക്ക് ആന്‍ഡ് വൈറ്റ് ‐വർണ പരീക്ഷണങ്ങളിലൂടെ പ്രേക്ഷകര്‍ക്ക് മുന്നിൽ പുതിയ വൈകാരിക ലോകത്തിന്റെ അടരുകൾ ഒരേ ആവൃത്തിയിൽ അനുഭവവേദ്യമാക്കി. കെ എസ് സേതുമാധവൻ, ഹരിഹരൻ, ശശികുമാർ, എ ഭീംസിങ്, യൂസഫലി കേച്ചേരി, ഭദ്രൻ തുടങ്ങിയ പ്രഗത്ഭർക്കൊപ്പം എക്കാലത്തെയും മികച്ച ക്ലാസിക്ക് രചനകൾക്ക് അഭ്രഭാഷയൊരുക്കുകയും ചെയ്‌തു. സ്ഥാനാര്‍ത്ഥി സാറാമ്മ (റിലീസിങ് 1966) ഒള്ളതുമതി, നാടന്‍പെണ്ണ് (1967) ഭാര്യമാര്‍ സൂക്ഷിയ്ക്കുക, തോക്കുകള്‍ കഥ പറയുന്നു, യക്ഷി (1968) കടൽപ്പാലം, അടിമകള്‍ ( 1969) വാഴ്‌വേ മായം, അരനാഴികനേരം, അമ്മയെന്ന സ്ത്രീ (1970) അനുഭവങ്ങള്‍ പാളിച്ചകൾ, ലൈന്‍ ബസ്സ്, ഒരു പെണ്ണിന്റെ കഥ, കരകാണാക്കടല്‍, ഇൻക്വിലാബ് സിന്ദാബാദ്(1971) ദേവി, പുനര്‍ജന്മം (1972) പണിതീരാത്ത വീട്, ചുക്ക്(1973) എല്ലാം സംവിധാനം കെ എസ് സേതുമാധവൻ. രാജഹംസം, ഭൂമിദേവി പുഷ്പിണിയായി(1974 ) പഞ്ചമി(1976) ശരപഞ്ജരം, ഇടവഴിയിലെ പൂച്ച മിണ്ടാപ്പൂച്ച (1979) ലാവ, മുത്തുച്ചിപ്പികള്‍ (1980) വളര്‍ത്തുമൃഗങ്ങള്‍, പൂച്ച സന്യാസി, ശ്രീമാൻ ശ്രീമതി (1981) അങ്കുരം (1982) വെള്ളം (1985) എല്ലാം സംവിധാനം ഹരിഹരൻ) തുടങ്ങി ഒട്ടേറെ ചലച്ചിത്രകാരന്മാരുടെ ചിത്രങ്ങള്‍ക്ക് ക്യാമറ ചലിപ്പിച്ചു. ജ്ഞാനസുന്ദരിയിലൂടെയാണ് ചീഫ് ക്യാമറാമാനായി സ്വതന്ത്ര ഛായാഗ്രാഹകൻ എന്ന ഖ്യാതിയോടെ മലയാളത്തിലേക്ക് എത്തുന്നത്. മുട്ടത്തുവർക്കിയുടെ തിരക്കഥയും സംഭാഷണങ്ങളും ആസ്‌പദമാക്കി കെ എസ് സേതുമാധവൻ ഒരുക്കിയ അത് പുറത്തിറങ്ങിയത് 1961 ഡിസംബർ 22 ന്.

അച്ഛൻ ആദി എം ഇറാനിയുടെ പിന്തുണ മെല്ലിയ്‌ക്ക് ഏറെ സഹായകമായി. വിവിധ മേഖലകളിലെ വമ്പന്മാരുടെ കൂട്ടായ്‌മയായിരുന്നു ആ ചിത്രത്തിന്റെ വിജയ രഹസ്യം. നിർമാണം ടി.ഇ. വസുദേവൻ. ഗാനരചന അഭയദേവ്. വി ദക്ഷിണാമൂർത്തിയാണ് പത്തു ഗാനങ്ങൾക്കും സംഗീതസംവിധാനം നിർവഹിച്ചത്. ആലാപനം കെ വി ശാന്ത, കമുകറ പുരുഷോത്തമൻ, പി ലീല, പി ബി ശ്രീനിവാസ്,വി ദക്ഷിണാമൂർത്തി എന്നിവർ. ചിത്രസംയോജനം എം എസ് മണി. പ്രേംനസീർ, വിജയലക്ഷ്മി,തിക്കുറിശി സുകുമാരൻ നായർ, അടൂർ ഭാസി, എസ് പി പിള്ള, പങ്കജവല്ലി, ജി കെ പിള്ള, ബഹദൂർ, ആറന്മുള പൊന്നമ്മ, അടൂർ പങ്കജം എന്നിവർ പ്രധാന വേഷങ്ങളിലെത്തി. പിൽക്കാലത്ത് കെ എസ് സേതുമാധവന്റെ രചനകളുടെ ഒഴിവാക്കാനാവാത്ത ഭാഗമായി അദ്ദേഹം മാറി. ആ ഛായാഗ്രഹണ ശൈലി മലയാളത്തിൽ നൂതന ദൃശ്യസംസ്കാരം രൂപപ്പെടുത്തുന്നതിൽ അതിനിർണാണായക സംഭാവനകളാണ് നൽകിയത്. ഇന്ത്യൻ സിനിമയിലെ ആദ്യകാല ക്യാമറാമാനായ ആദി എം ഇറാനിയുടെ മകനായ മെല്ലി അദ്ദേഹത്തോടൊപ്പം ‘ജ്ഞാനസുന്ദരി’ (1962) യിൽ പൂർണ സമയം ക്യാമറ കൈകാര്യം ചെയ്തുകൊണ്ടായിരുന്നു പേരെടുത്തത്. അത് ജൈത്രയാത്രയുടെ ആരംഭവുമായി. മെല്ലിയുടെ ഛായാഗ്രഹണ സവിശേഷതയെ ഏറ്റവുമേറെ ആധികാരികമായും വിശ്വസ്‌തതയോടും ആശ്രയിച്ചതും സേതുമാധവൻ. മലയാള സിനിമയുടെ കുതിപ്പ് രേഖപ്പെടുത്തിയ നിരവധി ചിത്രങ്ങൾ ഒരുക്കിയ അദ്ദേഹത്തിന്റെ പ്രഥമ സംരംഭമായിരുന്നു അത്. സംവിധായകന്റെ മനസിന്റെ ആഴങ്ങളറിഞ്ഞ് നിശബ്ദമായി ആശയവിനിമയം നടത്താൻ കഴിവുള്ള ക്യാമറാമാൻ. പരിമിതികളുടെ കാലത്തും പുതുമ പരീക്ഷിക്കാൻ അസാമാന്യ ധൈര്യം കാണിച്ച സാങ്കേതിക പ്രതിഭ എന്നൊക്കെയാണ് സേതുമാധവൻ പഴയ പല അഭിമുഖങ്ങളിലും ആദരവ് ചൊരിഞ്ഞിരുന്നത്.

‘ആലം ആര’യുടെ ഛായാഗ്രാഹകൻ ആദി എം ഇറാനിയുടെ മകൻ
എഴുത്തുകാരൻ, സംവിധായകൻ, നിർമാതാവ്, നടൻ, ചലച്ചിത്ര വിതരണക്കാരൻ, ഛായാഗ്രാഹകൻ തുടങ്ങിയ നിലകളിലെല്ലാം തിളങ്ങിയ ഇന്ത്യൻ സിനിമയിലെ ഏറ്റവും മികച്ച വ്യക്തിത്വങ്ങളിൽ ഒരാളായിരുന്നു ഖാൻ ബഹാദൂർ അർദേശിർ ഇറാനി. രാജ്യത്തെ ആദ്യ മുഴുനീള സംഭാഷണ ചിത്രം ആലം ആര (ലോകത്തിന്റെ അലങ്കാരം) യുടെ സംവിധായകനും ആദ്യ വർണപരീക്ഷണം കിസാൻ കന്യയുടെ നിർമാതാവും. ഹിന്ദി, തെലുങ്ക് , ഇംഗ്ലീഷ് , ജർമൻ, ഇന്തോനേഷ്യൻ, പേർഷ്യൻ , ഉറുദു , തമിഴ് ഭാഷകളിൽ സിനിമകൾ നിർമിച്ചതിലൂടെ പ്രശസ്തൻ. ഫിലിം തിയേറ്ററുകൾ, ഗ്രാമഫോൺ‐കാർ ഏജൻസി തുടങ്ങിയവയുടെ ഉടമയായിരുന്ന വിജയ സംരംഭകനുമായിരുന്നു. മാസ്റ്റർ വിത്തൽ, സുബൈദ, പൃഥ്വിരാജ് കപൂർ തുടങ്ങിയവരെ അഭിനേതാക്കളാക്കി, ഇന്ത്യൻ സിനിമാ ചരിത്രത്തിലെ നാഴികക്കല്ലുകളിലൊന്നായ, അർദേശിർ സംവിധാനം ചെയ്‌ത് 1931 മാർച്ച് 14 ന് പുറത്തിറങ്ങിയ ചരിത്ര ഫാന്റസി ചിത്രം ‘ആലം ആര’യിലൂടെ ശ്രദ്ധേയനായ ഛായാഗ്രാഹകൻ ആദി എം ഇറാനിയുടെ മകനായി 1932 ആഗസ്‌ത് അഞ്ചിന് ബോംബെയിലായിരുന്നു മെല്ലിയുടെ ജനനം. ഛായാഗ്രഹണത്തിന്റെ സാങ്കേതിക വശങ്ങളുടെ ആദ്യപാഠങ്ങള്‍ സ്വായത്തമാക്കിയത് സ്വന്തം അച്ഛനിൽനിന്നുതന്നെ. ഉറുദു, ഹിന്ദി, ഗുജറാത്തി, മറാത്തി ഭാഷകളിലായി നൂറിലേറെ നാടകങ്ങളുടെ രചയിതാവും ഒന്നര പതിറ്റാണ്ട് പാർസി ഇംപീരിയൽ തിയേറ്റർ കമ്പനിയുടെ ഭാഗവുമായിരുന്ന ബോംബെ ആസ്ഥാനമായുള്ള പെങ്കർ എന്നറിയപ്പെട്ട നാടകകൃത്ത് ജോസഫ് ഡേവിഡിന്റെ (1876–1948) അതേ പേരിലുള്ള നാടകത്തിൽ നിന്നാണ് ആലം ആരയുടെ തിരക്കഥയുടെ പിറവി. ഇൻഡോർ ചിത്രീകരണം ബോംബെയിലെ ഫ്രഞ്ച് പാലത്തിനടുത്ത തിരക്കേറിയ റെയിൽവേ ട്രാക്കുകൾക്ക് സമീപത്തെ ജ്യോതി ഡിജിറ്റൽ സ്റ്റുഡിയോ (ഗോരേഗാവ് വെസ്റ്റ്)യിലായതിനാൽ ശബ്ദ തടസങ്ങൾ ഒഴിവാക്കാൻ ട്രെയിനുകൾ ഓടാത്ത പുലർച്ചെ ഒരു മണി മുതൽ നാലു വരെയുള്ള സമയത്ത് മാത്രം ജോലികൾ ക്രമീകരിച്ചു. അവിടെ സൗണ്ട് പ്രൂഫിങ് സംവിധാനം ഇല്ലായിരുന്നതാണ് പകൽ ചിത്രീകരണം അസാധ്യമാക്കിയത്. പുരസ്‌കാര ജേതാവായ ചലച്ചിത്ര നിർമാതാവും ആർക്കൈവിസ്‌റ്റും സെല്ലുലോയ്ഡ് മാൻ (2012) ദി ഇമ്മോർട്ടൽസ് (2015) ചെക്ക്മേറ്റ്: ഇൻ സെർച്ച് ഓഫ് ജിറി മെൻസൽ (2018) എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനുമായ ശിവേന്ദ്ര സിങ് ദുൻഗർപൂരിന്റെ നേതൃത്വത്തിൽ ആലം ആരയുടെ കാണാതായ പ്രിന്റുകൾക്ക് ഉപയോഗിച്ചിരുന്ന വിന്റേജ് മെഷീൻ കണ്ടെത്തിയത് ബിബിസി റിപ്പോർട് ചെയ്‌തിട്ടുണ്ട്. ഷിക്കാഗോയിൽ നിർമിച്ച ബെൽ ആൻഡ് ഹോവൽ ഫിലിം പ്രിന്റിങ് ഉപകരണം സാരികൾ വിൽക്കുന്ന വാടക കടയിൽ വെറുതെ കിടക്കുകയായിരുന്നു. അത് പിന്നീട് മുംബൈയിൽ ഫിലിം സ്റ്റുഡിയോയും പ്രോസസിങ് ലബോറട്ടറിയും നടത്തിയിരുന്ന നളിൻ സമ്പത്ത് 1962-ൽ 2500 രൂപയ്‌ക്ക് വാങ്ങി. ആലം ആരയിലെ അവശേഷിക്കുന്ന ഒരേയൊരു തെളിവ്. ഒരു ദശാബ്ദക്കാലം മുംബൈ ആസ്ഥാനമായ ഫിലിം ഹെറിറ്റേജ് ഫൗണ്ടേഷൻ നടത്തിയ ദുൻഗർപൂർ ഒരു പകർപ്പ് കണ്ടെത്താൻ ശ്രമിച്ചിട്ടും വിജയിച്ചില്ല. സോഷ്യൽ മീഡിയയിൽ അഭ്യർഥിച്ചതിതിന്റെ അടിസ്ഥാനത്തിൽ അൾജീരിയയിലെ ഒരു ചലച്ചിത്ര ശേഖരത്തിൽ നിരവധി പഴയ ഇന്ത്യൻ സിനിമകൾ ഉണ്ടെന്ന് അറിയിച്ചു. പക്ഷേ ആർക്കൈസ്‌വ് പരിശോധിക്കാൻ അവിടെയെത്താൻ അദ്ദേഹത്തിന് സാധിച്ചില്ല.
ഇംപീരിയൽ മൂവിടോണിന്റെ ഒട്ടുമിക്ക സംരംഭങ്ങളിലും ഭാഗഭാക്കാക്കി
ആലം ആരയുടെ വൻ വിജയത്തോടെ ബിപി മിശ്രയുടെ ബിഗ്-ബജറ്റ് മഹാഭാരത അഡാപ്റ്റേഷൻ ദ്രൗപദി, ഖുദാ കി ഷാൻ (1931), മാധുരി (1932), സലിം ജവായാരി, സലിം ജവായാരെ, സലിം പി932നി തുടങ്ങി ഒട്ടേറെ ചിത്രങ്ങളുടെ നിർമാണ ഗൃഹമായ ഇംപീരിയൽ മൂവിടോണിന്റെ ഒട്ടുമിക്ക സംരംഭങ്ങളിലും ആദി എം ഇറാനിയെ ഭാഗഭാക്കാക്കി. തത്സമയ ശബ്ദവും സംഗീതവും റെക്കോർഡുചെയ്യുന്നതിൽ കൃതഹസ്‌തത തെളിയിക്കപ്പെട്ടതുപോലെ ഛായാഗ്രഹണവും അതേ വൈദഗ്ധ്യത്തോടെ പൂർത്തിയാക്കാനായെന്നതാണ് അദ്ദേഹത്തെ വ്യത്യസ്‌തനാക്കിയത്. മിക്കപ്പോഴും നടീനടന്മാരുടെ സമീപവും ഫ്രെയിമിനുള്ളിലും ഉണ്ടായ റെക്കോർഡിങ് വസ്‌തുക്കൾ മറച്ചുപിടിക്കാൻ അതുവരെ അപരിചിതമായ പുതിയ സാങ്കേതിക വിദ്യകൾ അവലംബിച്ചതും മാതൃക. സംഭാഷണങ്ങൾ ഗാനങ്ങളിലേക്ക് പെട്ടെന്ന് മാറിമറിഞ്ഞതു പ്രകാരം ഛായാഗ്രഹണവും അത്തരത്തിൽ വേണ്ടിവവന്നു. സംയമനപൂർണമായ ഇത്തരം സാഹസികതകളുടെ തോഴനായിരുന്നു മകൻ മെല്ലി ഇറാനിയും.
തകഴി ശിവശങ്കര പിള്ളയുടെ ‘അനുഭവങ്ങള്‍ പാളിച്ചകൾ’ തോപ്പിൽ ഭാസിയുടെ തിരക്കഥയിൽ അതേ ശീർഷകത്തിൽ 1971 ആഗസ്‌ത് ആറിനാണ് സിനിമയായി ആദ്യ പ്രദർശനം നടത്തിയത്. കുട്ടനാട്ടിലെ കർഷകത്തൊഴിലാളി ജീവിതം, കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ വളർച്ച, പോരാട്ടങ്ങൾ, സംഘടിത പ്രവർത്തനങ്ങളുടെ അനിവാര്യത, കൂട്ടായ്‌മയുടെ അവകാശസംരക്ഷണത്തിന്റെയും ഫലങ്ങൾ തുടങ്ങി 1950 കളിലെ കേരളീയ രാഷ്ട്രീയ‐ സാമൂഹ്യ‐ സാമ്പത്തിക ഘടകങ്ങളായിരുന്നു നോവലിന്റെ പ്രതിപാദ്യം. കോട്ടയം, ആലപ്പുഴ ജില്ലകളിലെ വിവിധ ഭാഗങ്ങളിലേക്കായിരുന്നു മില്ലി ഇറാനിയുടെ ക്യാമറക്കണ്ണുകൾ തുറന്നത്. വിക്രം, ഭരണി, ശ്യാമള സ്റ്റുഡിയോ എന്നിവിടങ്ങളിൽ കലാസംവിധായകൻ ആർബിഎസ് മണി ഇന്റീരിയറുകൾ ഒരുക്കി. സഖാവ് ചെല്ലപ്പന്‍(പ്രഭാകരൻ) എന്ന സത്യന്റെ അതിശക്തമായ കഥാപാത്രം ഇന്നും പ്രേക്ഷകമനസിൽ ജീവിക്കുന്നുണ്ട്. ഷൂട്ടിങ് അവസാനിക്കും മുന്പ് 1971 ജൂൺ 15-ന് ചെന്നൈയിൽ അർബുദത്തെ തുടർന്ന് ചികിത്സയിലായിരുന്ന അദ്ദേഹത്തിന്റെ വിയോഗം 59‐ാം വയസിൽ സംഭവിച്ചു. സഖാവ് കെ.എസിനെ അവതരിപ്പിച്ച് ജൂനിയർ ആർട്ടിസ്റ്റായി മമ്മൂട്ടി ആദ്യമായിഎത്തിയ ചിത്രം കൂടിയാണത്.

സത്യൻ നടി ശാരദയോട് പലപ്പോഴും പറയാറുള്ളത് തന്റെ മരണം അഭിനയിച്ചുകൊണ്ടിരിക്കെ ക്യാമറയ്ക്ക് മുന്നിലാവും എന്നായിരുന്നു. വാഴ്‌വേ മായത്തിന്റെ സെറ്റിൽ തലചുറ്റി വീണപ്പോഴാണ് രോഗം മനസിലാവുന്നത്. ഇൻക്വിലാബ് സിന്ദാബാദിന്റെ ലൊക്കേഷനിൽ മൂക്കിലൂടെയും പല്ലിൻ വിടവുകളിലൂടെയും പലപ്പോഴും ചോര തെറിച്ചു. തന്റെ കരിയറിലെ എക്കാലത്തെയും വലിയ ഹിറ്റുകളിൽ ഒന്നായ അനുഭവങ്ങൾ പാളിച്ചകൾ എല്ലാ ഷോട്ടും അഭിനയിച്ച് തീർക്കാനായില്ല. ക്ലൈമാക്‌സില്‍ അദ്ദേഹത്തിന്റെ കഥാപാത്രമായ ചെല്ലപ്പനെ തൂക്കിലേറ്റുന്നത് ഡ്യൂപ്പിനെ വച്ചാണ് ചിത്രീകരിച്ചത്. സത്യന്റെ ആത്മസംഘര്‍ഷങ്ങള്‍ വിശദാംശങ്ങൾ ഒഴിഞ്ഞുപോവാതെ ഒപ്പിയെടുത്ത ക്ലോസപ്പ് ഷോട്ടുകൾ അവിസ്‌മരണീയങ്ങളായി. ജി ദേവരാജനും വയലാർ രാമവർമയും കെ ജെ യേശുദാസും കൈകോർത്ത പ്രവാചകന്മാരേ പറയൂ, പ്രഭാതമകലെയാണോ, പ്രപഞ്ചശില്പികളേ പറയൂ, പ്രകാശമകലെയാണോ എന്ന ഗാനരംഗത്തിന്റെ ആരംഭത്തിലെ സമീപസ്ഥ ചിത്രീകരണം മതി മെല്ലി ഇറാനിയുടെ മികവ് തിരിച്ചറിയാൻ. കഥാപാത്രത്തിന്റെ ആത്മപീഡനങ്ങളും സ്വത്വ പ്രതിസന്ധിയും ജീവിത സംഘർഷവും നായകന്റെ ശരീര ഭാഷയിൽനിന്നും മുഖത്തുനിന്നും ആവാഹിച്ചെടുത്ത ദൃശ്യഖണ്ഡങ്ങൾ മലയാള സിനിമയുടെ എക്കാലത്തെയും ഈടുവെപ്പാണ്. ദൃശ്യചാരുത കവിഞ്ഞൊഴുകിയ ഗാനചിത്രീകരണമായിരുന്നു മെല്ലിയുടെ മറ്റൊരു പ്രത്യേകത. “കല്യാണീ കളവാണീ ചൊല്ലമ്മിണി ചൊല്ല്, വെള്ളിത്താഴ്‌വര പൂത്തിറങ്ങിയതാൺ പൂവോ പെൺ പൂവോ, ആൺപൂവാണേലമ്പലപ്പുഴ ഉണ്ണിക്കണ്ണനു പൂജയ്ക്ക്, പെൺപൂവാണേലാഹാ മറ്റൊരു കാർവർണനു മാലക്ക്, കല്യാണീ കളവാണീ ചൊല്ലമ്മിണി ചൊല്ല്, വെള്ളിത്താഴ്‌വര പൂത്തിറങ്ങിയതാൺ പൂവോ പെൺ പൂവോ, കല്യാണീ കളവാണീ ’(രചന വയലാർ രാമവർമ, പാടിയത് പി മാധുരി, രാഗം നീലാംബരി, സംഗീതം ദേവരാജൻ) എന്ന ഗാനരംഗത്തിലെ കെപിഎസി ലളിതയുടെ പാർവതി എന്ന കഥാപാത്രത്തിന്റെ സൂക്ഷ്‌മ ഭാവങ്ങളിലെ കയറ്റിറങ്ങളുമെല്ലാം ആ ക്യാമറയുടെ ഇന്ദ്രജാലത്തിന്റെ സാക്ഷ്യം. സത്യന്റെയും ലളിതയുടെയും അസാധ്യങ്ങളായ നടന മുഹൂർത്തങ്ങളെ അനശ്വരമാക്കുന്നതിലും അത് വലിയ പങ്കുവഹിച്ചു. അങ്ങനെ വാഴ് വേമായത്തിലെ സുധീന്ദ്രൻ (സത്യൻ) യക്ഷിയിൽ അമാനുഷ ശക്തികളെ കുറിച്ച് പഠനം നടത്തുന്ന കോളേജ് പ്രൊഫസർ ശ്രീനിവാസൻ (സത്യൻ) അരനാഴികനേരത്തിലെ കുഞ്ഞേനാച്ചൻ ( കൊട്ടാരക്കര ശ്രീധരൻ നായർ) ശരപഞ്ജരത്തിലെ സൗദാമിനി (ഷീല) അടിമകളിലെ രാഘവൻ ( സത്യൻ) ഒരു പെണ്ണിന്റെ കഥയിലെ ഗായത്രീദേവി(ഷീല) പണി തീരാത്ത വീടിലെ ജോസ് (പ്രേം നസീർ ) ഇടവഴിയിലെ പൂച്ച മിണ്ടാപ്പൂച്ചയിലെ രോഹിണി (ശ്രീവിദ്യ) കടൽപ്പാലത്തിലെ നാരായണക്കൈമൾ (സത്യൻ) തുടങ്ങി എത്രയോ കഥാപാത്രങ്ങൾക്ക് സവിശേഷ ശ്രദ്ധ നേടിക്കൊടുത്തു.
സ്വർണചാമരം വീശിയെത്തുന്ന സ്വപ്നമായിരുന്നെങ്കിൽ ഞാൻ
പ്രേംനസീർ, ജയഭാരതി, കെ പി ഉമ്മർ, തിക്കുറിശി സുകുമാരൻ നായർ, ബഹദൂർ, അടൂർ ഭാസി, സുകുമാരി, ശങ്കരാടി, ടി എസ് മുത്തയ്യ, മീന, രാജം കെ നായർ, ജെ എ ആർ ആനന്ദ്, മുതുകുളം രാഘവൻ പിള്ള തുടങ്ങിയ വൻ താരനിരയെ അണിനിരത്തി ജഗതി എൻ കെ ആചാരിയുടെ തിരക്കഥയിൽ കെ സുകുവിന്റെ സംവിധാനത്തിൽ 1975 മെയ് 23ന് ആദ്യ പ്രദർശനത്തിനെത്തിയതാണ് കൊട്ടാരം വിൽക്കാനുണ്ട്. വയലാർ രചിച്ച് ദേവരാജൻ സംഗീതം നൽകിയ ‘ചന്ദ്രകളഭം ചാര്‍ത്തിയുറങ്ങും തീരം, ഇന്ദ്രധനുസ്സിന്‍ തൂവല്‍ പൊഴിയും തീരം, ഈ മനോഹരതീരത്തു തരുമോ, ഇനിയൊരു ജന്മം കൂടി, എനിക്കിനിയൊരുജന്മംകൂടി. എസ് എൽ പുരം സദാനന്ദന്റെ രചനയിൽ കെ എസ് സേതുമാധവൻ ഒരുക്കി 1968 ഡിസംബർ 19 ന് റിലീസായ ഭാര്യമാർ സൂക്ഷിക്കുക എന്ന ചിത്രയത്തിൽ ശ്രീകുമാരൻ തമ്പി എഴുതി വി ദക്ഷിണാമൂർത്തി ചിട്ടപ്പെടുത്തി എ എം രാജ ശബ്ദം നൽകിയ ചന്ദ്രികയിലലിയുന്നു ചന്ദ്രകാന്തം, നിന്‍ചിരിയിലലിയുന്നെന്‍ ജീവരാഗം, നീലവാനിലലിയുന്നു ദാഹമേഘം, നിന്‍മിഴിയിലലിയുന്നെന്‍ ജീവമേഘം തുടങ്ങിയ അനശ്വര ഗാനങ്ങള്‍ ഇന്നും മലയാളി ഹൃദയങ്ങളില്‍ ജീവിക്കുന്നത് മെല്ലി ഇറാനി ഒരുക്കിയ മനോഹരങ്ടൊയ ദൃശ്യങ്ങളിലൂടെ കൂടിയാണ്. വയലാര്‍ രാമവർമയുടെ വരികൾക്ക് ദേവരാജന്‍ സംഗീതംനൽകി കല്യാണി, ഹംസ് കല്യാൺ രാഗങ്ങളിൽ യേശുദാസും പി ലീലയും ആലപിച്ച സ്വർണചാമരം വീശിയെത്തുന്ന, സ്വപ്നമായിരുന്നെങ്കിൽ ഞാൻ, സ്വർഗ സീമകളുമ്മവെയ്ക്കുന്ന, സ്വപ്നമായിരുന്നെങ്കിൽ എന്നതും എടുത്തുപറയണം. മുല്ലനേഴി (എം എൻ നീലകണ്ഠൻ) ദേവരാജൻ, യേശുദാസ് സംയുക്തത്തിൽ അതിസുന്ദരമായി വിടർന്ന സൗരയൂഥ പഥത്തിലെന്നോ തുടങ്ങി സംഗമപ്പൂ വിരിഞ്ഞു, മേഘദൂതിലെ മോഹം പൂവിലെ, പൊൻപരാഗമായ് നിറഞ്ഞു, അഗ്നിപർവതം പുകഞ്ഞു, ഉജ്ജയിനിയിലെ ഗായിക, ചലനം ചലനം, നീലഗിരിയുടെ സഖികളേ, പാരിജാതം തിരുമിഴി തുറന്നു, താഴമ്പൂ മണമുള്ള, പൂന്തേനരുവീ, ശ്രാവണ ചന്ദ്രിക, സ്വർണചാമരം വീശിയെത്തുന്ന, സാമ്യമകന്നോരുദ്യാനമേ, ചന്ദ്രകിരണം ചാലിച്ചെടുത്തൊരു, പാതിരാത്തണുപ്പ് വീണു, നനഞ്ഞ നേരിയ പട്ടുറുമാൽ, കാറ്റു വന്നു കള്ളനെപ്പോലെ, സൗരയൂഥ പഥത്തിലെന്നോ തുടങ്ങി എന്നും തലോടിപ്പോവുന്ന, മറക്കാനാവാത്ത ദൃശ്യാനുഭവങ്ങൾ കൂടിയായിരുന്നു മെല്ലി ഇറാനി ചിത്രീകരിച്ച ഗാനങ്ങൾ ഓരോന്നും.
മലയാള സിനിമയുടെ ദൃശ്യഭാവനയെ പുതിയ ഉയരങ്ങളിലേക്ക് എടുത്തുയർത്തി ഗാനരംഗങ്ങൾക്ക് പ്രത്യേക ജീവൻ പകർന്നത് ആ ഛായാഗ്രഹണമായിരുന്നു. പ്രവാചകന്മാരേ പറയൂ, കല്യാണി കളവാണി തുടങ്ങിയ ഗാനങ്ങളിലെ ദൃശ്യങ്ങൾ ഇന്നും പ്രേക്ഷകമനസിൽ നിറഞ്ഞുനിൽക്കുന്നത് ഫ്രെയിമുകളുടെ ശക്തിയാലാണ്. കഥാപാത്രങ്ങളുടെ വികാരങ്ങളും അന്തരീക്ഷവും സൂക്ഷ്മമായി പകർത്തുന്നതിലുണ്ടായ കഴിവ് വേറിട്ടുനിർത്തി. ഫ്രെയിമുകൾക്ക് കവിതയുടെ ഭാവം പകരുന്ന അപൂർവ കലാകാരനായിരുന്നു അദ്ദേഹം. ഹരിഹരൻ പ്രതികരിച്ചതുപോലെ, ഛായാഗ്രഹണകല യഥാർഥത്തിൽ എന്താണെന്ന് നമ്മുടെ തലമുറയെ പഠിപ്പിച്ചവരിൽ ഒരാളാണ് മെല്ലി ഇറാനി. കറുപ്പും വെളുപ്പും നിറങ്ങളുമായി, വെളിച്ചവും നിഴലും ചേർത്ത് വികാരങ്ങളെ പകർത്തിയ അതുല്യശൈലിയുടെ ആ പ്രയോക്താവ് ബാക്ക്‌ലൈറ്റ് ഉപയോഗിച്ച് തിരശീലയിൽ വിസ്‌മയം തീർക്കുന്നതിൽ അഗ്രഗണ്യനായിരുന്നു. എന്റെ ഇരുപത് സിനികളിൽ ഒപ്പംനിന്നു. ഹേമമാലിനിയെയും ശശികപൂറിനെയും നായികാനായകന്മാരാക്കിയ 1987 ഫെബ്രുവരി 13 ന് ഇറക്കിയ ഹിന്ദിയിലെ അൻജാമിലും അദ്ദേഹമുണ്ടായി. ഷാഫി ഇനാംദാർ, പാരിജാത്, സതീഷ് ഷാ, രാജൻ സിപ്പി തുടങ്ങിയവരും അഭിനയിച്ചു. സംഗീതം ലക്ഷ്മികാന്ത്-പ്യാരേലാൽ. ഒപ്പം പ്രവർത്തിക്കവെ മെല്ലി ക്യാമറ എന്നെ ഏൽപ്പിച്ച് ഷൂട്ട്‌ചെയ്യാൻ നിർദേശിക്കുമായിരുന്നു. സിനിമ കളറിലേക്ക് മാറിയപ്പോൾ അതനുസരിച്ച് സ്വയംനവീകരിക്കാൻ അദ്ദേഹത്തിന് സാധിച്ചു. എന്റെ ഇടവഴിയിലെ പൂച്ച മിണ്ടാപ്പൂച്ചയിൽ ഓരോ രംഗത്തും സ്വീകരിച്ച ലൈറ്റിങ് ടെക്‌നിക് പ്രധാനമായി. ലോകത്തോട് വിടചൊല്ലിയെങ്കിലും അദ്ദേഹം സൃഷ്ടിച്ച ഫ്രെയിമുകൾ എന്നും മലയാളികളിൽ വർണശോഭ പരത്തും. മലയാള സിനിമയുടെ സ്‌മരണയുടെ ഏടുകളിൽ കാലത്തിന് ഒരിക്കലും മങ്ങിപ്പിക്കാനാവാത്ത പ്രകാശസ്‌ഫുരണമായി, ഓരോ ദൃശ്യത്തിലും ഗാനത്തിലും കഥാപാത്രത്തിലും എപ്പോഴും മാതൃകയായി നിലനിൽക്കും. ആ ക്യാമറക്കണ്ണുകൾ പൂട്ടിയെങ്കിലും അത് തെളിച്ച ലോകത്തിന്റെ വഴികൾ അടയുന്നില്ല.

കരസ്‌പർശം അവസാനം പതിഞ്ഞത് 1985 ലെ ‘വെള്ളം’ എന്ന ചിത്രത്തിൽ
പി അയ്യനേത്തിന്റെ കഥയും തോപ്പിൽ ഭാസിയുടെ തിരക്കഥയും സംഭാഷണങ്ങളും കോർത്തിണക്കി കെ എസ് സേതുമാധവൻ സംവിധാനം ചെയ്‌ത് – മഞ്ഞിലാസിന്റെ ബാനറിൽ എം ഒ ജോസഫ് 1970-ൽ നിർമിച്ച വാഴ്വേമായത്തിലെ മെല്ലി ഇറാനിയുടെ പരീക്ഷണങ്ങൾ ഇപ്പോഴും വിസ്‌മയമുണ്ടാക്കുന്നതാണ്. എൻ എൻ പിഷാരടിയുടെ നോവലും എം ടി വാസുദേവൻ നായരുടെ തിരക്കഥയും കോർത്തിണക്കി ഹരിഹരൻ സംവിധാനംചെയ്‌ത് ശ്രീ രാജേശ്വരി ഫിലിംസിനുവേണ്ടി രാമു കാര്യാട്ടിന്റെ മരുമകൻ നടൻ ദേവൻ നിർമിച്ച് 1985 ജനുവരി 11ന് റിലീസായ വെള്ളം എന്ന ചിത്രത്തിലാണ് ആ കരസ്‌പർശം അവസാനം പതിഞ്ഞത്. അക്കാലത്ത് നിലനിന്ന സാങ്കേതിക പരിമിതികൾ സാധ്യതകളാക്കി അതിൽ വെള്ളപ്പൊക്കത്തിന്റെ അതിസങ്കീർണ രംഗങ്ങൾക്ക് മജ്ജയും മാംസവും ചോരയും നീരും നൽകി. സിനിമാ കോട്ടകളിലെ അന്ധകാരത്തിൽ വീർപ്പടക്കിയിരിക്കുകയായിരുന്നു പ്രേക്ഷകർ. അന്ത്യരംഗത്തിലെ വെള്ളപ്പൊക്കം. കോപാകുലമായി നുരഞ്ഞൊഴുകുന്ന നദി. ചരലെറിയും പോലെ ധിക്കാരിയായ പേമാരി. എല്ലാം തുടച്ചുനീക്കുമെന്ന ഭീഷണിയുയർത്തിയ വേലിയേറ്റം. ജലനിരപ്പിൽ വിറങ്ങലിച്ച വൻ കെട്ടിടാഗ്രങ്ങളും വേരുകൾ കടപുഴക്കി പിഴുതെറിയാൻ പാകത്തിൽ കൂറ്റൻ വൃക്ഷങ്ങളും. എല്ലാം ഭയത്തിൽ മുങ്ങിത്താണ ദയനീയാവസ്ഥ. അങ്ങനെയൊരു ക്ലൈമാക്സ് ചിത്രീകരിക്കുക ഏറെ ദുഷ്‌ക്കരമായിരുന്നിട്ടും ലഭ്യമായ സാങ്കേതികതയുടെ ബലത്തിൽ സിനിമയുടെ കേന്ദ്രബിന്ദുവായ വെള്ളപ്പൊക്കം അന്പരപ്പിക്കുന്ന നിലയിൽ ചിത്രീകരിക്കുകയായിരുന്നു മെല്ലി ഇറാനി. — പ്രതിഭകളുടെ സംഗമമായിരുന്നു വെള്ളം. സൂപ്പർ സ്റ്റാറുകളായിരുന്ന പ്രേംനസീറും മധുവും ശ്രീവിദ്യയും കെ ആർ വിജയയും മേനകയും. ഒപ്പം സത്താർ, ബാലൻ കെ നായർ, അടൂർ ഭാസി, സുകുമാരി, കോട്ടയം ശാന്ത, ആറന്മുള പൊന്നമ്മ, ബഹദൂർ, ശാന്താദേവി, ജി കെ പിള്ള, കുഞ്ഞാണ്ടി തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങൾക്ക് ജീവൻ നൽകി. പശ്ചാത്തല സംഗീതം സലിൽ ചൗധരി, ഛായാഗ്രഹണം മെല്ലി ഇറാനി, കലാസംവിധാനം എസ് കൊന്നനാട്ട് തുടങ്ങിയവരും അതിന്റെ ഭാഗമായി. മധ്യതിരുവിതാംകൂറിൽ നിന്ന് വടക്കൻ കേരളത്തിലേക്ക് കുടിയേറി നിബിഡ വനം വെട്ടിത്തെളിച്ച് വ്യവസായ സാമ്രാജ്യം പടുത്തുയർത്തിയ നായകൻ മാത്തുണ്ണിയായി മധു. പ്രേംനസീർ അവതരിപ്പിച്ചത് സുഹൃത്തും കോവിലകത്തെ കണക്കെഴുത്തുകാരനുമായ കൃഷ്ണനുണ്ണിയെ. ഇരുവരുടെയും അത്യുജ്വലമായ അഭിനയ മുഹൂർത്തങ്ങളും കരൾ സ്‌പർശിക്കുന്ന വൈകാരിക സന്ദർഭങ്ങളും പിടിച്ചുലയ്‌ക്കുന്ന സംഭാഷണങ്ങളും. മുല്ലനേഴി രചിച്ച് ദേവരാജൻ സംഗീത സംവിധാനം നിർവഹിച്ച ഏഴു ഗാനങ്ങളും ഒന്നിനൊന്ന് മികച്ചവ. കണ്ണാടി കൂട്ടിലെ സ്വപ്നങ്ങൾ(യേശുദാസ്) കോടനാടൻ മലയില്, പാണ്ട്യാല കടവും, സൗരയൂഥ പഥത്തിലെന്നോ (പി സുശീല) സ്വർഗസങ്കല്പത്തിൽ ( സി ഒ ആന്റോ) തക്കം തക്കം താളമിട്ട് (പി മാധുരിയും യേശുദാസും) വാസനപ്പൂവുകളേ (പി മാധുരി) എന്നിവ മധുരസാന്ദ്രങ്ങളായി. കൂറ്റൻ കോവിലകം വെള്ളത്തിൽ മുങ്ങുന്നതും തകർന്നു വീഴുന്നതുമാണ് മില്ലി ഇറാനിക്ക് ഒപ്പിയെടുക്കേണ്ടിയിരുന്നത്. ഗ്രാഫിക്‌സിന്റെ കൈത്താങ്ങ് ഇല്ലാതിരുന്ന അക്കാലത്ത് ദേശീയ നിലവാരത്തിൽതന്നെ അന്പരപ്പുണ്ടാക്കിയതായിരുന്നു ഹരിഹരനും മെല്ലി ഇറാനിയും യു രാജഗോപാലും വിഭാവനംചെയ്‌ത വെള്ളപ്പൊക്കം. തെക്ക്-പടിഞ്ഞാറൻ ചെന്നൈയിലെ പ്രമുഖ പ്രാന്തപ്രദേശവും പിന്നീട് 602 ഹെക്ടർ വിസ്തൃതിയുള്ള അരിഗ്നർ അണ്ണാ സുവോളജിക്കൽ പാർക്ക് (വണ്ടലൂർ മൃഗശാല) സ്ഥാപിക്കുകയും ചെയ്‌തതിനാൽ പ്രശസ്തവുമായ പട്ടണണത്തിന് സമീപത്തെ വണ്ടലൂരിലെ കൂറ്റൻ സിമന്റ് ഫാക്ടറിയിൽ സെറ്റൊരുക്കി പതിനായിരക്കണക്കിന് വീപ്പ വെള്ളം അടിച്ചുകയറ്റിയായിരുന്നു ചിത്രീകരണം. വെള്ളം വിഴുങ്ങി മുങ്ങിത്താണുകൊണ്ടിരുന്ന തറവാട്ടിൽ നിന്ന് പ്രേംനസീറും കെ ആർ വിജയയും തോണിയിൽ രക്ഷപ്പെടുന്ന ദൃശ്യം മൂന്നു ഘട്ടങ്ങളിലായാണ് പകർത്തിയത്. ശേഷിച്ച ഭാഗം ആലുവാപ്പുഴയിലും ബാക്കി വെള്ളപ്പൊക്കം താറുമാറാക്കിയ കർണാടകയിലെ ഷിമോഗയിലും വീണ്ടും ചെന്നൈയിലും. കനത്ത മഴ ലഭിക്കുന്ന മൽനാട് മേഖലയിൽപ്പെട്ട ശിവമൊഗ്ഗ (ശിവമോഗ) ജില്ലയിൽ കനത്ത മഴയും തുംഗ നദി കരകവിഞ്ഞൊഴുകുന്ന പ്രവണതയും കാരണം വെള്ളപ്പൊക്കം പതിവാണ്.
പ്രകാശവും നിഴലുകളും പ്രകൃതിയ്‌ക്ക് ഇണങ്ങുംവിധം
ഛായാഗ്രഹണത്തിന്റെ കലയും ശാസ്‌ത്രവും പുതു ശ്രേണിയിലെ സംവിധായകരെ ബോധ്യപ്പെടുത്തിയത് എ വിൻസന്റിനൊപ്പം പ്രകാശത്തെയും നിഴലുകളെയും പ്രകൃതിയോട് ഇണങ്ങുംവിധം ഔചിത്യപൂർവം പ്രയോഗിച്ച മെല്ലി ഇറാനിയും മറ്റുമാണ്. ജെ വില്യംസ്, മങ്കട രവിവർമ, മധു അമ്പാട്ട്, രാമചന്ദ്രബാബു, സന്തോഷ് ശിവൻ തുടങ്ങിയവർ ആ കണ്ണിയിലെ നക്ഷത്രങ്ങൾ. തെന്നിന്ത്യൻ സിനിമയിൽ സ്വാഭാവിക വെളിച്ചവും ശൈലീപരമായ പുതുമയും കൊണ്ടുവന്നതിന് പേരുകേട്ട മുൻനിര മലയാളീ ഛായാഗ്രാഹകനും സംവിധായകനുമായിരുന്നു വിൻസെന്റ് (1928–2015). അരങ്ങേറ്റ ചിത്രം നീലക്കുയിൽ (1954). ഭാർഗവി നിലയം (1964) മുറപ്പെണ്ണ് (1965), അസുരവിത്ത് (1968) പോലുള്ള ക്ലാസിക്കുകൾ സംവിധാനം ചെയ്യുകയുമുണ്ടായി. 250- സിനിമകളിൽ പ്രവർത്തിച്ച അദ്ദേഹത്തിന്റെ കൃതികൾ 20‐ാം നൂറ്റാണ്ടിലെ മലയാള സിനിമയുടെ ദൃശ്യഭാഷ രൂപപ്പെടുത്തി. മക്കളായ ജയനൻ വിൻസെന്റും അജയൻ വിൻസെന്റും പ്രശസ്ത ഛായാഗ്രാഹകരാണ്. അടൂർ ഗോപാലകൃഷ്ണനൊപ്പമുള്ള പ്രവർത്തനത്തിനും വ്യത്യസ്ത ശൈലിക്കും പേരുകേട്ട പ്രതിഭയാണ് മങ്കട രവിവർമ (1926 -ജൂൺ നാല്‐ 2010 നവംബർ 22). ജി അരവിന്ദൻ, പി എൻ മേനോൻ തുടങ്ങിയ പ്രമുഖ സംവിധായകരുമായും സഹകരിച്ചിട്ടുണ്ട്. രണ്ട് സിനിമകൾ സംവിധാനം ചെയ്‌തു. ചെന്നൈയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിലിം ടെക്‌നോളജിയിലെ പഠനശേഷം നിരവധി ഡോക്യുമെന്ററികൾക്കും ഹ്രസ്വചിത്രങ്ങൾക്കും ഛായാഗ്രാഹകനായി. ഇൻസ്റ്റിറ്റ്യൂട്ടിലെ സഹപാഠി പിഎംഎ അസീസ് സംവിധാനം ചെയ്ത അവൾ (1966) ആയിരുന്നു ആദ്യ ചിത്രം. എം ടി വാസുദേവൻ നായർ തിരക്കഥയെഴുതി പിഎൻ മേനോൻ സംവിധാനം ചെയ്‌ത ഓളവും തീരവും (1970) ശ്രദ്ധേയമായ ആദ്യ ഇടപെടൽ. തുടർന്ന് പ്രശസ്‌തിയുടെ നെറികയിലെത്തിച്ചത് സിംഗീതം ശ്രീനിവാസ റാവുവിന്റെ ദിക്കാത്ര പാർവതി (1973), ജി അരവിന്ദന്റെ ഉത്തരായനം (1974), അടൂർ ഗോപാലകൃഷ്ണനൊപ്പമുള്ള മിക്കവാറും എല്ലാ കൃതികളും. രണ്ട് ദേശീയ ചലച്ചിത്ര അവാർഡുകളും ഏഴ് സംസ്ഥാന പുരസ്‌കാരങ്ങളും തേടിയെത്തി. 2006- ൽ മലയാള സിനിമയ്ക്ക് നൽകിയ സമഗ്ര സംഭാവനകൾക്ക് ജെ സി ഡാനിയേൽ അവാർഡും നേടി. വൈവിധ്യമാർന്ന പല ചിത്രങ്ങൾക്കും ക്യാമറ ചലിപ്പിച്ചിട്ടുള്ള മധു അമ്പാട്ട് മൂന്നുതവണ ദേശീയാംഗീകാരം നേടി‐ 1984ൽ – ആദി ശങ്കരാചാര്യ (സംസ്കൃതം) 2006ൽ ശൃംഗാരം (തമിഴ്) 2010ൽ ആദാമിന്റെ മകൻ അബു (മലയാളം). ദേശീയ-‐സംസ്ഥാന അവാർഡുകൾ കരസ്ഥമാക്കിയ പലതിന്റെയും ഛായാഗ്രാഹകനുമായി. അശ്വത്ഥാമാവ് (സംവിധാനം കെ ആർ മോഹനൻ) സൂര്യന്റെ മരണം ( രാജീവ്നാഥ്) യാരോ ഒരാൾ (പവിത്രൻ) പുരുഷാർഥം ((കെ ആർ മോഹനൻ)സ്വാതി തിരുനാൾ ( ലെനിൻ രാജേന്ദ്രൻ) അമരം ( ഭരതൻ) അഞ്ജലി ( തമിഴ്‐ മണിരത്നം) മകരമഞ്ഞ് (ലെനിൻ രാജേന്ദ്രൻ) ആദാമിന്റെ മകൻ അബു(സലിം അഹമ്മദ്) തുടങ്ങിയ ചിത്രങ്ങളിലൂടെ കൂടുതൽ പ്രശസ്തനായി മാറി.
നാട്ടിൻപുറത്തെ ഫുട്‌ബോൾതാരം സിനിമയുടെ വർണാഭ ലോകത്ത്
തമിഴ്, തെലുങ്ക്, ഹിന്ദി, അറബി, ഇംഗ്ലീഷ് സിനിമകൾക്കും 125- മലയാള ചിത്രങ്ങൾക്കും ഛായാഗ്രഹണം നിർവഹിച്ച് നാലു വട്ടം സംസ്ഥാന പുരസ്കാരം ലഭിച്ച ക്യാമറാമാനാണ് രാമചന്ദ്രബാബു. 1966- ൽ മദ്രാസ് ലൊയോള കോളേജിൽ നിന്ന് രസതന്ത്രത്തിൽ ബിരുദം നേടി ഛായാഗ്രഹണം പഠിക്കാൻ പൂണെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലേക്കു പോയി. അവിടെവച്ചാണ് ബാലു മഹേന്ദ്ര, ജോൺ എബ്രഹാം, കെ ജി ജോർജ് തുടങ്ങിയവരുമായുള്ള സൗഹൃദത്തുടക്കം. ഛായാഗ്രഹണത്തിൽ ഡിപ്ലോമ കോഴ്സ് പൂർത്തിയാക്കും മുമ്പ് 1972-ലെ വിദ്യാർത്ഥികളേ ഇതിലേ ഇതിലേ എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ചു‐ ജോൺ എബ്രഹാമിന്റെയും തിരക്കഥാകൃത്തായ എം ആസാദിന്റെയും ആദ്യചിത്രം. നിർമാല്യം (1973), സ്വപ്നാടനം (1976) എന്നിവയിൽ പ്രവർത്തിച്ചതോടെ ശ്രദ്ധിക്കപ്പെട്ടു. എം ടി വാസുദേവൻ നായരുടെയും കെ ജി ജോർജിന്റെയും ആദ്യ സംവിധാന സംരംഭങ്ങളായിരുന്നു അവ. രാമു കാര്യാട്ട് സംവിധാനം ചെയ്ത് 1976- ൽ പുറത്തിറങ്ങിയ ദ്വീപ് ആണ് രാമചന്ദ്രബാബുവിന്റെ ആദ്യ ബഹുവർണചിത്രം. അതിലൂടെ ഛായാഗ്രാഹനകനുള്ള ആദ്യ സംസ്ഥാന പുരസ്കാരം അദ്ദേഹം നേടി. ഭരതൻ സംവിധാനം ചെയ്ത രതിനിർവേദം (1978), ചാമരം (1980), ഹരിഹരന്റെ ഒരു വടക്കൻ വീരഗാഥ എന്നിവയിലൂടെ മൂന്നു പ്രാവശ്യം കൂടി സംസ്ഥാന പുരസ്കാരങ്ങൾ തേടിയെത്തി. നിർമാതാവും സംവിധായകനും ക്യാമറാമേനുമായിരുന്ന ജെ വില്യംസ് ( 1948 ആഗസ്‌ത് 26‐ 2005 ഫെബ്രുവരി 20പ്രധാനമായും സാഹസിക ഛായാഗ്രാഹകനായി അറിയപ്പെട്ടു. എട്ട് ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട്. കമൽ ഹാസൻ നായകനാക്കി എൻ ശങ്കരൻനായർ സംവിധാനം ചെയ്ത വിഷ്ണുവിജയം(1974) ആണ് സ്വതന്ത്രമായി ക്യാമറ ചലിപ്പിച്ച ആദ്യചിത്രം. തുടർന്ന് അമ്പതിലേറെ സിനിമകൾ. കണ്ണൂർ ജില്ലയിൽ ചൊവ്വയിൽ പാതിരപ്പറമ്പിൽ ജനിച്ച അദ്ദേഹം ചലച്ചിത്രത്തിന്റെ വർണാഭ ലോകത്തെത്തിയത് തികച്ചും യാദൃഛികം. നാട്ടിലെ ക്ലബ്ബിൽ ഫുട്ബോൾ കളിക്കാരനായിരുന്ന വില്യംസ് ഒരു ടൂർണമെന്റിൽ പങ്കെടുക്കാൻ ചെന്നൈയിലെത്തിയത് വഴിത്തിരിവായി. അവിടെ സിനിമയിൽ ആകൃഷ്ടനാവുകയായിരുന്നു. ചെന്നൈയിലെ ആദ്യനാളുകളിൽ താങ്ങും തണലുമായിരുന്ന വിക്ടർ പ്രസാദിന്റെ കുടുംബസുഹൃത്തായ ലക്ഷ്മൺ ഗോറെ എന്ന മറാത്തി ക്യാമറമാനിൽ നിന്നും ബാലപാഠങ്ങൾ പഠിച്ചു.
മലയാളം, തമിഴ്, ഹിന്ദി സിനിമകളിൽ അനിഷേധ്യ സാന്നിധ്യമറിയിച്ച ഛായാഗ്രാഹകനും സംവിധായകനും നിർമാതാവും നടനുമാണ് സന്തോഷ് ശിവൻ. ഇന്ത്യയിൽ ഏറ്റവും കൂടുതൽ അംഗീകാരങ്ങൾ നേടിയ ഫോട്ടോഗ്രാഫി ഡയരക്ടറുമായ അദ്ദേഹം പുണെ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ടിൽനിന്ന് ബിരുദം നേടി 45 ഫീച്ചർ ഫിലിമുകളും 41 ഡോക്യുമെന്ററികളും പൂർത്തിയാക്കി. ഈ പ്രതിഭകളിലൂടെ അതുല്യ നിലവാരമുള്ള അഭിനേതാക്കൾ അതുവരെ അപരിചിതമായ ക്യാമറാ സാധ്യതകൾ തിരിച്ചറിഞ്ഞു. യൂസഫലി കേച്ചേരി തിരക്കഥ,സംഭാഷണം, ഗാനങ്ങൾ എന്നിവ രചിച്ച് സംവിധാനം ചെയ്ത് നിർമിച്ച് 1976 ഫെബ്രുവരി 20 ന് ഇറങ്ങിയ വനദേവതയിൽ പ്രേം നസീർ, മധുശാല, കെ.പി. ഉമ്മർ, അടൂർ ഭാസി എന്നിവരാണ് പ്രധാന കഥാപാത്രങ്ങൾ. സംഗീതം ജി ദേവരാജനും ക്യാമറ മെല്ലി ഇറാനിയും. ഡോ പവിത്രൻ സംഭാഷണങ്ങളെഴുതി പ്രശസ്‌ത നടി ഷീല തിരക്കഥയും സംവിധാനവും ഒരുക്കി ഗ്രേയ്സ് ഫിലിംസ് 1979 ഡിസംബർ 21 ന് ആദ്യ പ്രദർശനം നടത്തിയ ‘ശിഖരങ്ങൾ’ക്ക് ഛായാഗ്രഹണം നിർവഹിച്ചതും മെല്ലി ഇറാനി. ജയൻ, ഷീല, കമൽഹാസൻ, ടി.ആർ. ഓമന എന്നിവരായിരുന്നു പ്രധാന വേഷങ്ങളിൽ.







No Comments yet!