Skip to main content

RAGHU RAI (1942 ‐2026) ഇന്ത്യയുടെ കണ്ണുകൾ

മുതിർന്ന മാധ്യമ പ്രവർത്തകനും പ്രശസ്‌ത എഴുത്തുകാരനും ലോക സഞ്ചാരിയുമായ അനിൽകുമാർ എ വി യുടെ തിങ്കൾ പംക്തി തുടരുന്നു…

നുറുങ്ങുകൾ‐ 18

Sebastião Salgado - Wikipedia
ബാസ്റ്റിയോ സൽഗാഡോ

ബ്രസീലിയൻ ഡോക്യുമെന്ററി ഫോട്ടോഗ്രഫറും ഫോട്ടോ ജേണലിസ്റ്റുമായിരുന്ന സെബാസ്റ്റിയോ റിബെയ്‌റോ സൽഗാഡോ ജൂനിയർ നിരവധി പത്ര പ്രസിദ്ധീകരണങ്ങളിലെയും പുസ്തകങ്ങളിലെയും പ്രോജക്ടുകൾക്കായി 120- രാജ്യങ്ങൾ സന്ദർശിക്കുകയുണ്ടായി. അദ്ദേഹത്തിന്റെ സൃഷ്ടികളുടെ സഞ്ചരിക്കുന്ന പ്രദർശനങ്ങൾ ലോകത്തെ വിസ്‌മയിപ്പിച്ചവയാണ്‌. ആഫ്രിക്കൻ യാത്രയാണ് ഗൗരവതരങ്ങളായ ഫോട്ടോകൾ ഒപ്പാൻ പ്രേരണയായത്. സാമ്പത്തിക വിദഗ്ദ്ധൻ എന്ന നിലയിലെ കരിയർ ഉപേക്ഷിച്ച് 1973 ൽ ഫോട്ടോഗ്രഫിയിലേക്ക് മാറി. വാർത്താ അസൈൻമെന്റുകളിലായിരുന്നു തുടക്കം. തുടർന്ന് ഡോക്യുമെന്ററികളിലേക്ക് തിരിഞ്ഞു. 1947ൽ റോബർട്ട് കാപ്പ, ഡേവിഡ് ചിം സെയ്‌മൂർ, മരിയ ഐസ്‌നർ, ഹെൻറി കാർട്ടിയർ- ബ്രെസൺ, ജോർജ്‌ റോഡ്‌ജർ, വില്യം വാണ്ടിവർട്ട്, റീത്ത വാണ്ടിവർട്ട് എന്നിവർ സ്ഥാപിച്ച മാഗ്നം ഫോട്ടോ ഏജൻസിയിലും പാരീസ് ആസ്ഥാനമായി 1966-ൽ റെയ്മണ്ട് ഡെപാർഡൺ, ഹ്യൂബർട്ട് ഹെൻറോട്ട്, ഹ്യൂഗസ് വാസൽ, ലിയോനാർഡ് ഡി റെയ്മി എന്നിവർ രൂപംകൊടുത്ത ഗാമയിലും പ്രവർത്തിച്ചു. 1994 ൽ മാഗ്നം വിട്ട് എഴുത്തുകാരിയും ചലച്ചിത്ര നിർമാതാവും പരിസ്ഥിതി പ്രവർത്തകയുമായ ഭാര്യ ലീലിയ വാനിക് സാൽഗാഡോയോടൊപ്പം പാരീസിൽ ആമസോണാസ് ഇമേജസ് ഏജൻസിയ്‌ക്ക്‌ രൂപംകൊടുത്തു. വികസിത രാജ്യങ്ങളിലെ തൊഴിലാളികളുടെ സോഷ്യൽ ഡോക്യുമെന്ററി ഫോട്ടോഗ്രഫിയിലൂടെയാണ്‌ സൽഗാഡോ ഏറെ ശ്രദ്ധേയനായത്. അവയിൽ പലതും പുസ്തകങ്ങളായി: ദി അദർ അമേരിക്കാസ്, സഹേൽ, വർക്കേഴ്സ്, മൈഗ്രേഷൻസ്, ജെനസിസ്. 1986‐89 കാലയളവിൽ പകർത്തിയ ബ്രസീലിലെ സെറ പെലഡ സ്വർണ ഖനിയുടെ ചിത്രങ്ങളാണ് ഏറ്റവും പ്രശസ്തം.

2001 മുതൽ യുണിസെഫ്‌ ഗുഡ്‌വിൽ അംബാസഡർ കൂടിയായിരുന്നു. 2004 നും 2011 നും ഇടയിൽ പ്രകൃതിയുടെയും മനുഷ്യത്വത്തിന്റെയും കളങ്കമില്ലാത്ത മുഖങ്ങളുടെ അവതരണം ലക്ഷ്യമിട്ട് സാൽഗാഡോ ജെനസിസ് എന്ന പുസ്തകത്തിന്റെ ഭാഗമായി. 2007 സെപ്‌തംബർ, ഒക്ടോബർ മാസങ്ങളിൽ ലണ്ടനിലെ ബ്രസീലിയൻ എംബസിയിൽ ഇന്ത്യ, ഗ്വാട്ടിമാല, എത്യോപ്യ, ബ്രസീൽ എന്നിവിടങ്ങളിൽ നിന്നുള്ള കാപ്പി തൊഴിലാളികളുടെ ഫോട്ടോകൾ പ്രദർശിപ്പിക്കുകയും ചെയ്‌തു. ജനപ്രിയ പാനീയത്തിന്റെ ഉത്ഭവത്തെക്കുറിച്ച് പൊതുജന അവബോധം വളർത്തുകയായിരുന്നു ലക്ഷ്യം. ഞാനൊരു ഫോട്ടോ ജേണലിസ്‌റ്റല്ല. ഫോട്ടോഗ്രഫി അതിലുപരിയാണ്. അതെന്റെ ഹൃദയമാണ്, ജീവിതരീതിയാണ്, എന്റെ ഭാഷയുമാണെന്നായിരുന്നു സാൽഗാഡോയുടെ സത്യവാങ്‌മൂലം. എനിക്ക് വേണ്ടത് ഞാൻ ഫോട്ടോ എടുക്കുന്നവരെയും പ്രശ്നങ്ങളെയും ലോകം ഓർമിക്കണമെന്നാണ്. ലോകമെമ്പാടും എന്റെ ചിത്രങ്ങൾ ഉപയോഗിച്ച് ചോദ്യം ഉന്നയിക്കാനും സംവാദത്തിന് വഴിയൊരുക്കാനും ശ്രമിക്കുന്നു, അങ്ങനെ നമുക്ക് പ്രശ്നങ്ങൾ ഒരുമിച്ച് ചർച്ച ചെയ്യാനും പരിഹാരങ്ങൾ കണ്ടെത്താനും കഴിയും. ആളുകൾ അവയെ നോക്കി പ്രകാശത്തിന്റെയും സ്വരങ്ങളുടെയും രുചി ആസ്വദിക്കണമെന്ന് ആഗ്രഹിക്കുന്നില്ല. ചിത്രങ്ങൾ എന്തിനെ പ്രതിനിധീകരിക്കുന്നുവെന്നതറിയാൻ ഫോട്ടോ എടുക്കുന്ന ആളുകൾ ഉള്ളിലേക്ക് നോക്കണം. നിങ്ങൾക്ക് എന്ത് തോന്നുന്നു എന്ത് പ്രകടിപ്പിക്കാൻ ആഗ്രഹിക്കുന്നുവെന്നത് നിങ്ങളുടെ പ്രത്യയശാസ്ത്രവും ധാർമികതയുമാണ്. ഫോട്ടോ എടുക്കുന്ന ആളുകളുമായുള്ള ബന്ധത്തിന്റെ അടിസ്ഥാനത്തിൽ അത്‌ കൂടുതലോ കുറവോ നല്ലതായിരിക്കും. ഞാൻ ലെൻസിലൂടെ നോക്കി ഒടുവിൽ മറ്റെല്ലാം ഉപേക്ഷിച്ചു. ഫോട്ടോഗ്രഫർക്ക് മികച്ച ക്യാമറ ഉണ്ടായിരിക്കുന്നതിനെക്കാൾ പ്രധാനം വളരെ നല്ല ഷൂസ് ഉണ്ടായിരിക്കുക എന്നതാണ്‌. വ്യക്തിഗത ചിത്രങ്ങളെക്കാൾ കഥകളിലാണ് ഞാൻ പ്രവർത്തിക്കുന്നത്‌. മനുഷ്യവംശം ഒന്നാണെന്ന് എനിക്ക് എക്കാലത്തേക്കാളും തോന്നുന്നു. നിറം, ഭാഷ, സംസ്കാരം, അവസരങ്ങൾ എന്നിവയിൽ വ്യത്യാസങ്ങളുണ്ട്, പക്ഷേ ആളുകളുടെ വികാരങ്ങളും പ്രതികരണങ്ങളും ഒരുപോലെ. ഭൗതികമായി ദരിദ്രമായ ലോകം സമ്പന്ന ലോകത്തെക്കാൾ വൃത്തികെട്ടതാവുന്നത് എന്തുകൊണ്ട്? സ്നേഹത്തിന്റെയും ബഹുമാനത്തിന്റെയും വെളിച്ചവും അന്തസും ഇവിടെയും അവിടെയും എല്ലായിടത്തും ഒരുപോലെയാണ്‌. – എന്റെ ക്യാമറ പ്രകൃതിയെ എന്നോട് സംസാരിക്കാൻ അനുവദിച്ചു. അത് കേൾക്കാനുള്ള ഭാഗ്യം എനിക്കുണ്ടായിരുന്നുവെന്നുമുള്ള സൽഗാഡോയുടെ വാക്കുകൾക്ക്‌ ഇന്ത്യൻ പരിഭാഷ നൽകിയ പ്രതിഭയാണ്‌ 2026 ഏപ്രിൽ 26ന്‌ ലോകത്തോട്‌ വിടപറഞ്ഞ രഘു റായ്‌.

Raghu Rai - Wikipedia
രഘു റായ്‌

ദരിദ്രർക്ക്‌ ജീവിതം ദുരന്തവും ധനാഢ്യർക്ക് ഫലിതവും

ബുദ്ധിമാന്മാർക്ക് ജീവിതം കിനാവാണ്. വിഡ്ഢികൾക്ക് കളിയും. ധനാഢ്യർക്ക് ഫലിതവും. ദരിദ്രർക്കാവട്ടെ ദുരന്തവുമാണെന്ന് പറഞ്ഞത് ഉക്രൈൻ എഴുത്തുകാരൻ ഷൊലോ അലയ്‌ചെം. ജീവനുള്ള മനുഷ്യനിലെ ചെവികളെക്കാൾ വിശ്വസിക്കാൻ കൊള്ളുക കണ്ണുകളാണെന്നത്‌ ജർമൻ പഴമൊഴി. എന്നാൽ ചത്ത കണ്ണ് യാഥാർഥ്യത്തിന്റെ നിലവിളിയാവുക അപൂർവമാണ്. ഭോപാൽ കൂട്ടക്കൊലയുടെ കറുത്ത മുഖം അനാവരണം ചെയ്ത രഘുറായിയുടെ ഫോട്ടോ കോർപ്പറേറ്റ് ലാഭേച്ഛയുടെ അന്ധത ഓർമിപ്പിച്ചുകൊണ്ടേയിരിക്കും. മണ്ണിൽ പാതി കുഴിച്ചിട്ട കൊച്ചുകുട്ടിയുടെ നിഷ്കളങ്കത തുളുമ്പുന്ന ചിത്രം. ഏതുതരം കൂട്ടക്കൊലയായാലും പരസ്പരം അറിയുന്നവരുടെ ലാഭത്തിനുവേണ്ടി കണ്ടുപരിചയം പോലുമില്ലാത്ത ജനങ്ങളാണ് മരണത്തിലേക്ക് വലിച്ചെറിയപ്പെടുക. നേട്ടമുണ്ടാക്കുന്നവർ അങ്ങോട്ടുമിങ്ങോട്ടും മണ്ണുവാരിയിടുകപോലുമില്ലെന്ന ഫ്രഞ്ച് തത്ത്വചിന്തകനും കവിയുമായ പോൾ വലേറിയുടെ നിരീക്ഷണം എത്രയോ അർഥവത്താണ്. അതിന്റെ സന്ദേശത്തിലേക്കാണ് ആ കുഞ്ഞിന്റെ അടഞ്ഞ കണ്ണുകൾ നോക്കുന്നതെന്ന് തോന്നും. സൗന്ദര്യമുള്ളവയ്ക്ക് നിങ്ങളോട് ഒന്നും പറയാനുണ്ടാവില്ല. കാഴ്ചയിലെ ആദ്യ വിഭ്രമം ഒടുങ്ങിയാൽ ഓർമയിൽ പോലും അവയ്ക്ക് ഇടം നേടാനാവില്ലെന്നതാണ് സത്യം. അതിനാലാണ് റായ് തന്റെ മുന്നിലെത്തുന്ന വൈരൂപ്യങ്ങൾ വിഷയങ്ങളാക്കിയത്.

ഇപ്പോൾ പാക്കിസ്ഥാന്റെ ഭാഗമായ ഝാങ് എന്ന ചെറിയ ഗ്രാമത്തിലാണ് രഘുറായിയുടെ ജനനം‐ 1942 ഡിസംബർ 18 ന്‌. നാല് കുട്ടികളിൽ ഇളയതായ അവനെ സിവിൽ എൻജിനീയറാക്കാനായിരുന്നു അച്ഛന്റെ മോഹം. സംഗീതത്തോടായിരുന്നു റായിയുടെ താല്പര്യം. 23‐ാം വയസിൽ അത് രണ്ടുമല്ലാത്ത മേഖലയിലെത്തി. 1962 ൽ കൈകളിൽ ആദ്യമായി ക്യാമറ എത്തിച്ചത് മൂത്ത സഹോദരൻ എസ് പോൾ എന്നറിയപ്പെട്ട മൂത്ത സഹോദരൻ ശരംപാൽ ചൗധരി. ലണ്ടൻ ടൈംസിൽ പ്രസിദ്ധീകരിച്ച ഹരിയാണ ഗ്രാമത്തിലെ കഴുതയുടെ ഫോട്ടോ ആ യാത്രയുടെ തുടക്കമായി. ഗ്രാമത്തിലേക്ക് സുഹൃത്തിനൊപ്പം പോയപ്പോൾ ക്യാമറയിലേക്ക് നേരിട്ട് നോക്കിയ കഴുതയുടെ ചിത്രത്തിൽ ആകൃഷ്ടനായ പോൾ അത് ലണ്ടനിലെ ദി ടൈംസിന് അയച്ചു, അതിൽ അത് പ്രസിദ്ധീകൃതമായി. ദില്ലി സ്റ്റേറ്റ്സ്മാനിലെ ചീഫ് ഫോട്ടോഗ്രാഫറായി 1965 ൽ ചുമതലയേറ്റു. ഒരു ദശാബ്ദത്തിനുശേഷം സൺഡേ വാരികയിലേക്ക്. സർവകലാശാലാ വിദ്യാർഥിയായിരിക്കെ തന്നെ റായ് അറിയപ്പെടുന്ന ഫോട്ടോഗ്രഫറായിരുന്നു. 1971 ൽ പാരീസിലെ ഫോട്ടോ പ്രദർശനത്തിലേക്ക്‌ അവസരം ലഭിച്ചത്‌ വഴിത്തിരിവായി മാറി. ലോക ഫോട്ടോ ജേണലിസത്തിന്റെ പിതാവ് ഹെൻറി കാർടിയർ ബ്രസന്റെ കണ്ണിൽപ്പെട്ടതായിരുന്നു വഴിമാറ്റത്തിന്റെ തുടക്കം. അദ്ദേഹം മാംഗ്നം ഓപ്‌സ്‌ ഫോട്ടോ ക്ലബ്ബിലേക്ക് ശുപാർശചെയ്തു. ഇന്ത്യാടുഡേയിൽ ഫോട്ടോഗ്രഫി ഡയരക്ടറായിരിക്കെ (1982-‐92)യാണ് റായിയുടെ ക്യാമറ അപ്രിയ സത്യങ്ങൾ തേടിപ്പോയത്‌. ആ പതിറ്റാണ്ട്‌ എത്രയോ അപൂർവ രംഗങ്ങൾ ഒപ്പിയെടുത്തു. ഉത്തരേന്ത്യൻ ഗ്രാമങ്ങളിൽ കരിഞ്ഞുണങ്ങിയ തൊഴിലാളികളും ബാലവേലക്കാരായ മക്കളും. വാരണാസിയിലെ വളവിൽപ്പനക്കാരികൾ, വന്ദ്യവയോധികരായ തീർഥാടകർ, അഭയാർഥി ക്യാമ്പുകളിൽ ദ്രവിച്ചു തീരുന്ന മനുഷ്യക്കോലങ്ങൾ – തുടങ്ങിയവ. ബംഗ്ലാദേശ് യുദ്ധം നേരിട്ടു കണ്ട ഒരേയൊരു ഫോട്ടോഗ്രഫറായിരുന്നു റായ്‌.

ദൃശ്യകഥപറച്ചിലിലെ ഉന്നത വ്യക്തിത്വമായിരുന്ന അദ്ദേഹത്തിന്റെ രചനകൾ ദക്ഷിണേഷ്യ സ്വന്തം ചരിത്രം എങ്ങനെ മനസിലാക്കുന്നു എന്നതിനെ രൂപപ്പെടുത്തി. 1971 ലെ വിമോചന യുദ്ധത്തെക്കുറിച്ചുള്ള ഡോക്യുമെന്റേഷൻ ബംഗ്ലാദേശ്‌ പിറവിയുടെ ഏറ്റവും ശക്തമായ രേഖകളിൽ ഒന്നാണ്, രൂപീകരണത്തിലെ രാഷ്ട്രത്തിന്റെ മാനുഷിക വില, പ്രതിരോധശേഷി, അന്തസ്സ് എന്നിവ അതിൽ പകർത്തിയിരിക്കുന്നു. ലിബറേഷൻ വാർ ആർക്കൈവിൽ നിന്ന് അപൂർവവും മുമ്പ് കാണാത്തതുമായ ഫോട്ടോകൾ ഒരുമിച്ച് കൊണ്ടുവന്ന നാഴികക്കല്ലായ പ്രസിദ്ധീകരണവും പ്രദർശനവുമായി റൈസ് ഓഫ് എ നേഷൻ. വിമോചന യുദ്ധത്തിന്റെ വേദനയും ധൈര്യവും മാനുഷിക വിലയും അദ്ദേഹത്തിന്റെ സൃഷ്ടികളിൽ നിറഞ്ഞുനിന്നു. പ്രസംഗങ്ങളിലൂടെയും മുദ്രാവാക്യങ്ങളിലൂടെയും രാഷ്ട്രീയാവകാശവാദങ്ങളിലൂടെയും ചരിത്രം പലപ്പോഴും പുനർനിർമിക്കപ്പെടുന്ന വേളയിൽ ആ ഫോട്ടോകൾ നിശബ്ദമാണെങ്കിലും കൂടുതൽ നിലനിൽക്കുന്ന തെളിവുകളായി തുടരുന്നുണ്ട്‌. അഭയാർത്ഥികൾ ഇന്ത്യയിലേക്ക് കടക്കുന്നതും കുടുംബങ്ങൾ വേർപിരിയുന്നതും അനിശ്ചിതത്വത്തിൽ കാത്തിരിക്കുന്നതും ദുഃഖത്തിലൂടെയും പോരാട്ടത്തിലൂടെയും രാഷ്ട്രം പിറക്കുന്നതും അവയിൽ കാണാം.

ബംഗ്ലാദേശിന്റെ കണ്ണീർ

വിഭജനം വീണ്ടും സന്ദർശിക്കുന്ന അപൂർവ ബംഗ്ലാദേശ്‌ ചിത്രങ്ങൾ

ബംഗ്ലാദേശ് യുദ്ധത്തെക്കുറിച്ചുള്ള റായിയുടെ ചിത്രങ്ങളിളിലൂടെ നമുക്ക്‌ വിഭജനത്തിലേക്ക്‌ വീണ്ടും യാത്രയാവാം. ആ രാജ്യത്തിന്റെ ഇരട്ട ദുരന്തങ്ങൾ ഒന്നിനു പുറകെ ഒന്നായി കയറിവരികയാണ്‌. ചരിത്രത്തിന് കരുണയില്ല. ആവർത്തിച്ചുള്ള നിർബന്ധബുദ്ധിയുള്ള യന്ത്രമാണത്. യുദ്ധം അതെങ്ങനെ കൊല്ലുന്നു എന്നതിനെക്കുറിച്ചല്ല, മറിച്ച് അത് എങ്ങനെ വേരോടെ പിഴുതെറിയുകയും സ്ഥാനഭ്രഷ്ടമാക്കുകയും ചെയ്യുന്നു എന്നതാണ്. അതിജീവിച്ചവരുടെ കണ്ണുകളിൽ ചുവരിൽ ഉറച്ചുനിൽക്കുന്ന പല്ലിയെപ്പോലെയാണത്‌. തകർന്ന ശരീരങ്ങളും ചലനത്തിലാണ്, ജീവിക്കാൻ വേണ്ടി നടക്കുന്നു. അവയുടെ ശരീരങ്ങൾ നിവർന്നുനിൽക്കുന്നവയാണ്, അല്ലെങ്കിൽ വളഞ്ഞിരിക്കും, ലക്ഷ്യസ്ഥാനം അജ്ഞാതം. യുദ്ധം പലപ്പോഴും ശരീരങ്ങളെ ബസിലോ ട്രെയിനിലോ സുരക്ഷിതത്വത്തിനായി ഓടിപ്പോകുന്ന ഒറ്റപ്പെട്ട, നീണ്ട കൂട്ടമായി മാറ്റുന്നു. യുദ്ധത്തിന് മുഖമില്ല, പക്ഷേ അത് വിഷം പുരട്ടിയ പശ പോലെ അതിജീവിച്ചവരുടെ മുഖങ്ങളിൽ പറ്റിപ്പിടിച്ചിരിക്കുന്നു. ശരീരത്തിന്റെ ജീവനുള്ള ഓർമയാണ്‌. അതിജീവനം സഹജവാസനയ്ക്ക് അതീതമാണെന്നും മനസിലാക്കണം. വിലപ്പെട്ടതിനെ ദുരിതം ഇല്ലാതാക്കുന്നില്ല: ഭക്ഷണം, വസ്ത്രം, കുട്ടി, കുട. എങ്ങോട്ട് പോകണമെന്ന് ഒരു ധാരണയുമില്ലാതെ വിശപ്പും ഭയവും ഒരുമിച്ച് നേരിടേണ്ടിവരുന്നത് സങ്കൽപ്പിക്കുക. യുദ്ധം ആളുകളെ വാസയോഗ്യമല്ലാത്ത ഭൂമിയുടെ യഥാർഥ അവസ്ഥയിലേക്ക് തിരികെ കൊണ്ടുവരുന്നു. രാഷ്ട്രം പ്രദേശങ്ങളാൽ ബന്ധിതമായ വീടാണ്. ആ വിരോധാഭാസത്തിന്റെ ക്രൂരത അഭയാർത്ഥികൾ അനുഭവിക്കുന്നു. സന്തോഷത്തിലോ കഷ്ടപ്പാടിലോ സമയം മറന്നുപോയ ശരീരങ്ങളിൽ റായിക്ക് ഒരു കണ്ണുണ്ടായിരുന്നു. അതിജീവനത്തിന്റെ തന്ത്രങ്ങൾ സൂക്ഷ്മമായി നിരീക്ഷിച്ചു. സ്വാതന്ത്ര്യത്തിന്റെ വില എന്ന തുടർ ശ്രമങ്ങളിൽ പാലത്തിനരികെ കൂട്ടിയിട്ട കൂറ്റൻ പൈപ്പുകൾക്കുള്ളിൽ ഉറങ്ങുന്ന അഭയാർത്ഥികൾ. ക്യാമ്പിലെ അസൗകര്യങ്ങൾക്കിടയിൽ കഴിഞ്ഞ പൂർണ ഗർഭിണി. കോരിച്ചൊരിയുന്ന മഴയിൽനിന്ന് രക്ഷനേടാൻ നാലുപാടും സൗകര്യം തേടുന്ന പടുവൃദ്ധൻ. സ്വന്തം കുഞ്ഞിന്റെ ശവം മടിയിൽക്കിടത്തി തേങ്ങുന്ന അമ്മ-‐ അങ്ങനെ അശരണരും ഭൂമിയില്ലാത്തവരുമായ അഭയാർത്ഥികൾ. മേൽവിലാസമില്ലാത്ത ഇത്തരം ജനവിഭാഗങ്ങളാണ് റായ് പുറത്തിറക്കിയ 18 കൃതികളിൽ മിക്കവയുടെയും ഹൃദയം. ദില്ലി, കൊൽക്കത്ത, തിബറ്റ്, സിഖുകാർ, താജ്മഹൽ ഖജുരാഹോ പുസതകങ്ങളെല്ലാം അതിന്റെ സാക്ഷ്യവും. ടൈം, ന്യൂസ്‌വീക്ക്, ലൈഫ്, ജിയോ, ന്യൂയോർക്ക് ടൈംസ്, ദി ഇൻഡിപ്പെൻഡന്റ് ന്യൂയോർക്കർ തുടങ്ങിയ അന്താരാഷ്ട്ര മാഗസിനുകളിൽ അദ്ദേഹത്തിന്റെ ഫോട്ടോ പ്രബന്ധങ്ങൾക്ക് വൻതോതിൽ വായനക്കാരെ ആകർഷിക്കാനായി. വേൾഡ് പ്രസ് ഫോട്ടോയുടെ ജൂറിയിൽ മൂന്ന് പ്രാവശ്യവും (ഏഴുവർഷം ആ സ്ഥാനത്ത് തുടർന്നു)യുനെസ്കോ അന്താരാഷ്ട്ര ഫോട്ടോ മത്സര ജഡ്‌ജിങ്‌ പാനലിൽ രണ്ട് തവണയും സേവനമനുഷ്ഠിച്ചിട്ടുണ്ട്‌. ബംഗ്ലാദേശ് യുദ്ധത്തെയും അതിന്റെ അനന്തരഫലങ്ങളെയും കുറിച്ചുള്ള റിപ്പോർട്ടിങ്ങിന്‌ 1972 ൽ പത്മശ്രീ ലഭിച്ചു, കൂടാതെ ഒട്ടേറെ ദേശീയ ‐അന്തർദേശീയ അംഗീകാരങ്ങളും തേടിയെത്തി. നാഷണൽ ജിയോഗ്രാഫിക്കിൽ പ്രസിദ്ധീകരിച്ച ഇന്ത്യയിലെ വന്യജീവികളുടെ മനുഷ്യ മാനേജ്മെന്റ് എന്ന ഫോട്ടോ ഉപന്യാസത്തിന് 1992 ൽ അമേരിക്കയിലെ ഫോട്ടോഗ്രഫർ ഓഫ് ദി ഇയർ അവാർഡ് ലഭിച്ചു. 2009-ൽ ഫ്രഞ്ച് സർക്കാർ ഓഫീസർ ഡെസ് ആർട്സ് എറ്റ് ഡെസ് ലെറ്റേഴ്സ് നൽകി.

ബഹുരാഷ്ട്ര കുത്തകകളുടെ കഴുകൻ രൂപങ്ങൾ പകർത്തി

പോർട്രെയിറ്റുകൾക്കും റായിയുടെ ശേഖരത്തിൽ പ്രധാന സ്ഥാനമുണ്ടായിരുന്നു. മദർ തെരേസ, ഷെഹ്‌നായി മാന്ത്രികൻ ഉസ്താസ് ബിസ്മില്ലാഖാൻ, ഫെയ്സ് അഹമ്മദ് ഫെയ്സ്, ദലൈലാമ, സത്യജിത് റായ്, ഇന്ദിരാഗാന്ധി, ശിവസേന സ്ഥാപകൻ ബാൽ താക്കറെ, ചലച്ചിത്ര സംവിധായകൻ സത്യജിത് റേ, സാം മനേക്ഷാ – തുടങ്ങിയ മുഖഫോട്ടോകൾ ജീവൻ വെച്ചവ തന്നെ. മദറിന്റെ ചിത്രം ശില്പവേലപോലെയായിരുന്നു. റായിയുടെ അഭയാർത്ഥി ദൃശ്യങ്ങൾ ഡൊറോത്തിയ ലാങ്ങിന്റെ യൂറോപ്യൻ ചിത്രീകരണത്തിന് മുകളിലാണെന്ന അഭിപ്രായം പ്രബലമാണ്. ഇരുണ്ട നിഴലിന്റെ പശ്ചാത്തലം ദൈന്യതയുടെ കനം ആവോളം അനുഭവിപ്പിക്കുന്നു. യുവത്വത്തിന്റെ പ്രസരിപ്പിൽ സഹോദരനും ഫോട്ടോഗ്രഫറുമായ പോളിന്റെ ക്യാമറ പിടിച്ചുവാങ്ങി കഴുതയെ ഒളിഞ്ഞിരുന്ന് പകർത്തിയ സാഹസികത വളർന്നതേയുള്ളൂ. അതാണ് ഭോപാലിൽനിന്ന് ആരും കാണാത്ത രംഗവുമായി ലോകത്തിന്റെ തുറസിലേക്ക് നിവരാൻ അവസരമൊരുക്കിയത്. 1984 ലെ ഒരു അർധരാത്രി. യൂണിയൻ കാർബൈഡിന്റെ വിഷവാതകം ശ്വസിച്ച് ആയിരക്കണക്കിനാളുകളാണ് മരിച്ചുവീണത്. പതിനായിരങ്ങൾക്ക് ഭയാനകമായ അംഗവൈകല്യങ്ങളും. ജനിക്കാനിരിക്കുന്ന കുട്ടികൾക്ക് ജനിതക പ്രശ്‌നങ്ങൾ. സുഖനിദ്രയിലാണ്ടവർ മരണത്തിലേക്കായിരുന്നു ഉണർന്നത്. ബഹുരാഷ്ട്ര കുത്തകകളുടെ കഴുകൻ രൂപത്തിനുനേരെ എക്കാലത്തും ചോദ്യമുയർത്തുന്ന കൊച്ചുകണ്ണുകൾ തറപ്പിച്ച റായ് ആ സന്ദർഭം എപ്പോഴും കൂടെകരുതി.

ഭോപാൽ വിഷവാതക കൂട്ടക്കൊലയുടെ പ്രതീകം

കുഞ്ഞിന്റെ ജഡത്തിന്റെ കണ്ണുകളിലേക്കായിരുന്നു ആദ്യനോട്ടം. അതിനെ തീപ്പിടിപ്പിച്ചത്ര ദാരുണമായിരുന്നു ചാരക്കൂമ്പാരത്തിൽ പാതിമാത്രം മറവുചെയ്ത ശവം. മനസിൽ മാത്രമല്ല ചരിത്രത്തിന്റെ തന്നെ ലോഹച്ചുവരിൽ അത് കൊത്തുപണി പോലെ നിലനില്ക്കുന്നു. കോർപ്പറേറ്റ് കുറ്റകൃത്യം തുറന്നുകാട്ടാനുള്ള മികച്ച രാഷ്ട്രീയ ഇടപെടൽ കൂടിയായി മാറിയ അത് യൂറോപ്പിലും അമേരിക്കയിലും തെക്കുകിഴക്കൻ ഏഷ്യയിലും പ്രദർശനങ്ങളിൽ പരിഗണിക്കപ്പെട്ടു. കൂട്ടക്കൊലയുടെ 20‐ാം വാർഷികവേളയിൽ ഇന്ത്യൻ തെരുവുകളിലും നിറഞ്ഞിരുന്നു. നീതിനിഷേധത്തിന്റെ പതിറ്റാണ്ടുകൾ പിന്നിടുമ്പോൾ പ്രസക്തി ഏറുകയുമാണ്. 2004 ൽ റായ് ഒരിക്കൽക്കൂടി ഭോപാലിലെത്തി. ഗ്രീൻപീസിനുവേണ്ടികൂട്ടക്കൊലയുടെ ബാക്കിപത്രം ചിത്രീകരിക്കുകയായിരുന്നു ലക്ഷ്യം.അപ്പോഴും മരിച്ചു ജീവിച്ച നൂറുകണക്കിനാളുകളെ കണ്ട് സംസാരിച്ചു. ആശുപത്രികളിലും കുടിലുകളിലും അനാഥാലയങ്ങളിലും തൊഴിലിടങ്ങളിലും നടന്നുപോയി രണ്ടാംഘട്ടം സൂക്ഷ്മമായി ക്യാമറയിലാക്കി.മുറിവുണങ്ങാത്ത, ശ്വാസം തടസപ്പെട്ട, സ്വപ്നങ്ങൾ മരവിച്ച പ്രേതഭൂമിയിലൂടെയുള്ള അന്നത്തെ ദൗത്യവും ഞെട്ടിപ്പിക്കുന്ന ഫോട്ടോകൾക്ക്പിറവി നല്കി. അവ ഗ്രീൻപീസിന്റെ ആഭിമുഖ്യത്തിൽ വൻകരകളെല്ലാം തൊട്ടു. ‘ഭോപാൽ എക്സ്പോഷർ: പോർട്രെയിറ്റ് ഓഫ് എ കോർപ്പറേറ്റ് ക്രൈം’ എന്ന ശീർഷകത്തിലിറങ്ങിയ ഫോട്ടോ പ്രബന്ധത്തിൽ അവയിൽനിന്നുള്ള തെരഞ്ഞെടുത്ത രചനകളും ഉൾപ്പെടുത്തി. ഭോപ്പാൽ കൂട്ടക്കൊല പോലുള്ള നിമിഷങ്ങളെക്കുറിച്ചുള്ള പ്രവർത്തനങ്ങൾ അദ്ദേഹത്തിന്റെ ധൈര്യത്തിനും മനുഷ്യത്വത്തിനും ശക്തമായ തെളിവായി തുടർന്നു. ചിത്രങ്ങളിലെ വിചിത്രമായ കണ്ണുകൾ നമ്മുടെ നോട്ടവുമായി കൂട്ടിമുട്ടുമ്പോൾ പോലും അവ നോക്കുന്നില്ലെന്ന് തോന്നും. കാലത്തിന്റെ ശൂന്യമുഖത്തേക്ക് തുറിച്ചുനോക്കുന്നു. ആ കണ്ണുകൾ കാലത്താൽ ഞെട്ടിപ്പോയതായി തോന്നും. ബംഗ്ലാദേശ് യുദ്ധം, അടിയന്തരാവസ്ഥ, 1984 ലെ ഓപ്പറേഷൻ ബ്ലൂ സ്റ്റാറിന് മുമ്പ് പഞ്ചാബിൽ ഉടലെടുത്ത അനിശ്ചിതാവസ്ഥ തുടങ്ങി ആത്മീയവും രാഷ്ട്രീയവും ഇഴചേർന്ന കണ്ണുകളിലൂടെ റായിയുടെ ക്യാമറ ചലിച്ചു. ഓപ്പറേഷൻ ബ്ലൂ സ്റ്റാറിന് തൊട്ടുമുമ്പ് അമൃത്സറിലെ സുവർണ ക്ഷേത്ര സമുച്ചയത്തിലെ ജർണയിൽ സിങ്‌ ഭിന്ദ്രൻവാലയുടെ ഫോട്ടോകൾ ഉൾപ്പെടെ.

ഇന്ദിരാ ഗാന്ധി

ഇന്ദിരാഗാന്ധിയും മദർ തെരേസയും

അപൂർവം പത്രപ്രവർത്തകർക്ക് മാത്രം ലഭിക്കുന്ന സൗഹൃദത്തോടെ ഇന്ദിരാഗാന്ധിയുടെ ചിത്രങ്ങളും എടുത്തു. കൊൽക്കത്തയിൽ മദർ തെരേസയോടൊപ്പം ദീർഘനാൾ ചെലവഴിച്ച്‌ അവരുടെ ഔദ്യോഗിക ഫോട്ടോഗ്രാഫറായി സേവനമനുഷ്ഠിച്ചു. അത്‌ ദീർഘകാല ബന്ധം പങ്കിട്ടു. എന്നിരുന്നാലും ഒരിക്കലും അനുകമ്പയെ മതപരമായ പോസ്റ്ററിന്റെ തലത്തിലേക്ക് ചുരുക്കിയില്ല. പകരം അതിന്റെ അധ്വാനത്തിലും ക്ഷീണത്തിലും കൈകളിലും അവയുടെ ചുളിവുകളിലും നിശബ്ദതയിലും പകർത്തി. അതായിരുന്നു രഘു റായിയുടെ മാന്ത്രികത. മഹത്തായ പ്രതീകത്തെ പോലും മനുഷ്യനാക്കി. സംഘർഷത്തിലും രാഷ്ട്രീയത്തിലും വൈദഗ്ദ്ധ്യം നേടിയ ദില്ലി ആസ്ഥാനമായ പത്രപ്രവർത്തകനും ‘ഷേഡ്സ് ഓഫ് കശ്മീർ’ എന്ന കൃതിയുടെ രചയിതാവുമായ ഷോം ബസു എഴുതിയത്‌ കൊൽക്കത്ത മിഡിൽടൺ റോയിലെ ലോറെറ്റോ ഹൗസ് പള്ളിയിൽ മദറിന്റെ ജഡം ഗ്ലാസ് ശവപ്പെട്ടിക്കുള്ളിലാണ് സൂക്ഷിച്ചിരുന്നത്. ആ വിയോഗം അന്താരാഷ്ട്ര വാർത്തയായിരുന്നു, ലോകമെമ്പാടുമുള്ള ഫോട്ടോഗ്രഫർമാരും ലേഖകരും പള്ളിയിലേക്ക് ഒഴുകി. ദേശീയ പത്രത്തിൽ ജോലി ചെയ്യുകയായിരുന്നു ഞാൻ. ഫോട്ടോ എടുക്കാൻ അനുവദിച്ച സ്ഥലത്തെച്ചൊല്ലി സുരക്ഷാ ഉദ്യോഗസ്ഥരും സ്പെഷ്യൽ ബ്രാഞ്ചും ഫോട്ടോഗ്രഫർമാരും തമ്മിൽ തർക്ക മുണ്ടായപ്പോൾ അന്നത്തെ പ്രധാനമന്ത്രി എച്ച്‌ ഡി ദേവഗൗഡ സന്ദർശിച്ച് അനുശോചനം അറിയിക്കാനിരിക്കയായിരുന്നു. ജൂനിയറായ ഞാൻ നിശബ്ദനായി കാഴ്ചകൾ വീക്ഷിച്ചു.

ഷോം ബസു

തിരിഞ്ഞു നോക്കിയപ്പോൾ ആറടിയിൽ കൂടുതൽ ഉയരമുള്ള നല്ല ശരീരപ്രകൃതമുള്ള മനുഷ്യൻ കഴുത്തിലും തോളിലും ഒന്നിലധികം ക്യാമറകൾ തൂക്കിയിട്ട് നിശബ്ദമായി ചിത്രങ്ങൾ എടുക്കുകയും വഴക്കിൽ ഏർപ്പെടാതിരിക്കുകയും ചെയ്യുന്നത് കണ്ടു. ഞാൻ ഒപ്പം ചേരാൻ ആഗ്രഹിച്ചു, കുറച്ചു കഴിഞ്ഞപ്പോൾ അദ്ദേഹം എന്നെ നോക്കി പുഞ്ചിരിച്ചു, കൂടുതൽ വാർത്താ പ്രാധാന്യമുള്ള ഫ്രെയിം കാണാൻ കഴിയുന്ന സ്ഥാനത്തേക്ക് എന്നെ വലിച്ചിഴച്ചു. മിനിറ്റുകൾക്ക് ശേഷം ഞാൻ പരിചയപ്പെടുത്തും മുമ്പ് അദ്ദേഹം എന്റെ കൈ കുലുക്കാൻ നീട്ടി, രഘു റായ് എന്ന് പറഞ്ഞു. ഞാൻ മറുപടി നൽകി, പക്ഷേ കുറച്ചുനേരം അത്ഭുതത്തോടെ നോക്കി. അതേ, മുമ്പ് മാസികകളിൽ ചിത്രങ്ങളും അഭിമുഖങ്ങളും കണ്ടതിനാൽ എനിക്ക് അദ്ദേഹത്തെ മുഖം കൊണ്ട് അറിയാമായിരുന്നു, പക്ഷേ ഈ മനുഷ്യൻ എളിമയോടെ വന്ന് ഒരു യുവ ഫോട്ടോ ജേണലിസ്റ്റായ എനിക്ക് സ്വയം പരിചയപ്പെടുത്തുമെന്ന വസ്തുത ഒരു നിമിഷത്തേക്ക് ഞെട്ടലായിരുന്നു. അതിനു മാസങ്ങൾക്ക് മുമ്പ് സൺ‌ഡേ ടെലിഗ്രാഫ് മാസികയിൽ റായിയുടെ കഥ വായിച്ചിരുന്നു. വളർന്നുവരുന്ന ഫോട്ടോ ജേണലിസ്റ്റിന് അത് പ്രചോദനമായി. അദ്ദേഹത്തിന്റെ കൃതികൾ ഞങ്ങൾ കാണുകയും വളരുകയും ചെയ്തു. അദ്ദേഹം എന്നെ ഒബ്‌റോയ് ഗ്രാൻഡിലേക്ക് കൊണ്ടുപോയി, ഞങ്ങൾ ആ പത്ത് മിനിറ്റ് ദൂരം നടക്കുമ്പോൾ അദ്ദേഹം കുറഞ്ഞത് നൂറ് തവണയെങ്കിലും നിന്നുകൊണ്ട് സാധാരണ നഗരവാസികളുടെ ചിത്രങ്ങൾ എടുക്കുന്നത് ശ്രദ്ധിച്ചു. ഗ്രാൻഡ് ഹോട്ടലിൽ എത്തിയ ശേഷം ചായ കുടിക്കുന്നതിനിടെ ഫോട്ടോഗ്രഫിയെക്കുറിച്ചും അത് സമൂഹത്തെ എങ്ങനെ ബാധിക്കുന്നുവെന്നും ഞങ്ങൾ ചർച്ച ചെയ്തുവെന്നാണ്‌.

മദർ തെരേസ

രാജ്യത്തിന്‌ നഷ്ടമായത്‌ സാക്ഷിയെ, കഥാകാരനെ

ഇന്ത്യയ്ക്ക് ഫോട്ടോഗ്രഫറെക്കാൾ വലിയ നഷ്ടമാണ് സംഭവിച്ചത്; സാക്ഷിയെയും, കഥാകാരനെയും കൈമോശംവന്നു. ലെൻസിലൂടെ നോക്കാൻ ഏറ്റവും മൂർച്ചയുള്ള കണ്ണുകളും അടഞ്ഞു. പതിറ്റാണ്ടുകളായി രഘു റായ് ഇന്ത്യയുടെ ചിത്രങ്ങൾ പകർത്തുക മാത്രമല്ല രാജ്യം ആഴത്തിൽ അനുഭവിച്ചുകൊണ്ടേയിരുന്നു. തിരക്കേറിയ തെരുവുകളിലൂടെയും രാഷ്ട്രീയ ഇടനാഴികളിലൂടെയും റെയിൽവേ സ്റ്റേഷനുകളിലൂടെയും ക്ഷേത്രങ്ങളിലൂടെയും പ്രതിഷേധങ്ങളിലൂടെയും ഉത്സവങ്ങളിലൂടെയും ദൈനംദിന ജീവിതം സത്യസന്ധതയോടെ വികസിച്ച ശാന്തമായ കോണുകളിലൂടെയും ആ ക്യാമറ വിശ്രമമില്ലാതെ സഞ്ചരിച്ചു. കുഴപ്പങ്ങളിൽ കവിതയും സാധാരണ മുഖങ്ങളിൽ മാന്യതയും കണ്ടെത്താനുള്ള കഴിവ് അദ്ദേഹത്തിനുണ്ടായി. ചരിത്ര നിമിഷങ്ങൾ രേഖപ്പെടുത്തുകയാണെങ്കിലും പൊടി നിറഞ്ഞ തെരുവിൽ പുഞ്ചിരിക്കുന്ന കുട്ടിയാണെങ്കിലും ചിത്രങ്ങൾ ആത്മാവിനെ ആവാഹിച്ചു. ദൃഢനിശ്ചയം, നിരീക്ഷണപാടവം, അഗാധമായ ജിജ്ഞാസ എന്നിവയിലൂടെ ഓരോ ഫോട്ടോയിലും ജീവൻ പകര്‍ത്തി രാജ്യത്തിന്റെ സ്പന്ദനങ്ങൾ പിടിച്ചെടുത്തു. പ്രൊഫഷണൽ ഫോട്ടോഗ്രഫർ എന്നതിലുപരി ജീവിതത്തിന്റെ പര്യവേക്ഷകനായി മാറിയെന്നാണ്‌ 2024-ലെ ഒരു അഭിമുഖത്തിൽ പറഞ്ഞത്‌. ഉത്തരവാദിത്തമുള്ള പത്രപ്രവർത്തനം ചരിത്രത്തിന്റെ ആദ്യ ഡ്രാഫ്റ്റാണെങ്കിൽ ആ ചരിത്രം ജീവിച്ചിരിക്കുന്നതിന്റെ ആദ്യ തെളിവാണ് ഫോട്ടോ ജേണലിസം. എന്റെ തൊഴിലിന്റെ പവിത്രത, വികാരങ്ങളുടെയും സാഹചര്യങ്ങളോടുള്ള ആളുകളുടെ പ്രതികരണങ്ങളുടെയും ദൈനംദിന ജീവിതത്തിന്റെ ആഴങ്ങളിലേക്ക് ഫോട്ടോകൾ പോകണം. അത് നിശ്ചിത സമയത്തോ സ്ഥലത്തോ പകർത്തേണ്ടതുമുണ്ട്‌. വിവരങ്ങൾ മാത്രം നൽകുന്ന മനോഹരമായ ചിത്രങ്ങളോ ഡോക്യുമെന്ററി ചിത്രങ്ങളോ നിർമിക്കാൻ ഞാനില്ലെന്നും കൂട്ടിച്ചേർത്തു. സെൻസർഷിപ്പുകൾ മറികടന്നത്‌ അതിസാഹസികമായാണ്‌. പ്രസിദ്ധീകരിക്കാൻ കഴിയാത്ത നിരവധി ഫോട്ടോകളുണ്ടായി, അറസ്റ്റിലായ രാഷ്ട്രീയ നേതാക്കളുടെയും പ്രതിഷേധക്കാരുടെയും അതിലുൾപ്പെടുന്നു. പ്രതീകാത്മക പ്രാതിനിധ്യത്തോടെ യാഥാർത്ഥ്യത്തെ ചിത്രീകരിക്കാനുള്ള വഴികൾ അദ്ദേഹവും സഹപ്രവർത്തകരും കണ്ടുപിടിച്ചു. സമകാലിക ഇന്ത്യയിലെ ഏറ്റവും മികച്ച ദൃശ്യ ചരിത്രകാരന്മാരിൽ ഒരാളാകാനുള്ള ശ്രമം അടയാളപ്പെടുത്തിയ അതേ സമർപ്പണത്തോടെയാണ് റായ് തന്റെ അവസാന വർഷങ്ങളിലും ക്യാമറയേന്തിയത്‌. ഓരോ ഫോട്ടോയും വ്യത്യസ്തമായ കണ്ടെത്തൽ പ്രവൃത്തിയും പുതിയ എന്തെങ്കിലും സൃഷ്ടിക്കാനുള്ള ശ്രമവുമാകണമെന്ന് അദ്ദേഹം വിശ്വസിച്ചു.

ഇന്ത്യയുടെ ആത്മാവിനെയും പോരാട്ടങ്ങളെയും സമാനതകളില്ലാത്ത ആഴത്തിൽ ഒപ്പിയെടുത്തു

റായിയുടെ ലെൻസ് ഇന്ത്യയുടെ ആത്മാവിനെയും പോരാട്ടങ്ങളെയും സമാനതകളില്ലാത്ത ആഴത്തിലും സംവേദനക്ഷമതയിലും പകർത്തി. അദ്ദേഹത്തെ സംബന്ധിച്ച്‌ കണ്ണുകൾതന്നെ ക്യാമറയായിരുന്നു, നോട്ടം പിടിച്ചുനിർത്തി അത്‌ കൃത്യമായി സ്വന്തം കൽപ്പനകൾക്കനുസരിച്ച് മിന്നിമറഞ്ഞു. കാഴ്ചക്കാർ സമയം, കണ്ണ്, ജീവിതം വേദനാജനകമായി കണ്ടെത്തിയ സ്ഥലങ്ങളിൽ റായിയുടെ സാന്നിധ്യം എന്നിവയാൽ സ്തബ്ധരാകുന്നു. ഏറ്റവും അവിസ്മരണീയം പ്രകൃതി, ചരിത്ര, രാഷ്ട്രീയ ദുരന്തങ്ങളുടെ ചോദ്യത്തെ അന്വേഷിച്ചുകൊണ്ടിരിക്കുന്നുവെന്നതാണ്‌. കുടിയിറക്കം നേരിടുന്ന മനുഷ്യജീവിതത്തിന്റെ ദാരിദ്ര്യത്തെയും ലക്ഷ്യസ്ഥാനത്തിന്റെ തിരോധാനത്തെയും സൂക്ഷ്മമായി നിരീക്ഷിച്ചു. അതിജീവനത്തിന്റെ ചോദ്യത്തെ ക്യാമറ ഫ്രെയിം ചെയ്യുകയും പുനർനിർമിക്കുകയും ചെയ്‌തു. അവിടെ വേദനയും സഹാനുഭൂതിയും മാത്രമല്ല. അല്‍പ്പം ആഴത്തില്‍ നോക്കാന്‍ നമ്മെ പഠിപ്പിച്ച നോട്ടംകൂടിയുണ്ട്‌. രഘു റായ് വെറുമൊരു പേരല്ലായിരുന്നു; ദര്‍ശനംതന്നെ. സംവേദനക്ഷമതയുള്ള ആ വ്യക്തി ഒരു ചിന്താധാരയായിരുന്നു. ഇന്ത്യയെ നോക്കുക മാത്രമല്ല രാജ്യത്തെ അതിന്റെ സത്തയിൽ പരിചയപ്പെടുത്തുകയും ചെയ്ത കണ്ണായിരുന്നു അദ്ദേഹം. റായി വിട്ടുപോയിട്ടും നോട്ടം ഈ ദേശത്തിന്റെ പ്രഭാതങ്ങളിലൂടെ അലഞ്ഞുനടക്കുന്നതായി തോന്നുകയാണ്‌.

മിക്കവരും പുരസ്‌കാരങ്ങളുടെ അലമാര പൊടിതട്ടിയെടുക്കുകയും ഓർമകളുടെ ഊഷ്മളതയിൽ മുഴുകുകയും ചെയ്യുന്ന ജീവിതത്തിന്റെ അവസാന ഘട്ടത്തിൽ പോലും അദ്ദേഹം നിശ്‌ചലനായില്ല. ക്യാമറ എപ്പോഴും കൈകളിൽ കരുതി. ഒരു ഫ്രെയിം കണ്ണിൽ പതിഞ്ഞാൽ പകർത്താൻ ഒരിക്കലും മടിച്ചില്ല. വിശ്രമിക്കാനുള്ള അവകാശമുള്ള ആ മഹാൻ എന്നാൽ എത്രയോ അസ്വസ്ഥനായിരുന്നു. വിശ്രമം അനുയോജ്യമല്ലാത്തതുപോലെ. ആ അസ്വസ്ഥത യായിരുന്നു സൗന്ദര്യം. ഫോട്ടോഗ്രാഫി ക്യാമറ കൈവശം വയ്ക്കുന്നതിനെക്കുറിച്ചല്ല അത് ശാശ്വതമായി ലഭ്യമായിരിക്കുന്നതിനെക്കുറിച്ചാണെന്ന് റായ്‌ ശിഷ്യരെ പഠിപ്പിച്ചു. – അറിയിപ്പില്ലാതെ വന്ന് ക്ഷമാപണം കൂടാതെ പോകുന്ന ക്ഷണിക നിമിഷത്തിന് അത് ലഭ്യമാണ്. ഒരിക്കലും തിരിച്ചുവരാത്ത നിമിഷം. ഫോട്ടോഗ്രഫിയുടെ മറക്കാനാവാത്ത യുഗം കുടികൊള്ളുന്നത് ആ നിമിഷത്തിലാണ്. രഘു റായ് ഇന്ത്യയെ അലങ്കരിക്കുക മാത്രമല്ല ചെയ്തത്; അതിന്റെ പൂർണതയിൽ – മുറിവുകളോടെയും എല്ലാം – വീക്ഷിച്ചു. രാഷ്ട്രീയം, ആത്മീയത, തെരുവുകൾ, ദുഃഖം, ആഘോഷം എന്നിവ ഒരുപോലെ നിരീക്ഷിക്കുകയും ചെയ്‌തു. എല്ലാറ്റിനുമുപരി കാഴ്ചയെന്ന പ്രവൃത്തി വെറും കാഴ്ചയായി മാറാൻ ഒരിക്കലും അനുവദിച്ചില്ല.

The opinions and positions expressed in articles published and comments posted here are those of its authors and not of Chenda.co.    The author has full responsibility for the views.   Making derogatory statements and/or using abusive words/statements against any individual, society, religion, or country is a punishable offense under the provisions of the IT policy and the Central Government Act.   Any such statement/words/comments will attract legal action.

No Comments yet!

Your Email address will not be published.