
പ്രശസ്‌ത എഴുത്തുകാരനും മുതിർന്ന മാധ്യമ പ്രവർത്തകനും ലോക സഞ്ചാരിയുമായ അനിൽകുമാർ എ വി യുടെ തിങ്കൾ പംക്തി തുടരുന്നു…
നുറുങ്ങുകൾ ‐ 15
‘‘കാണുന്നില്ലോരക്ഷരവും എന്റെ വംശത്തെപ്പറ്റി
കാണുന്നുണ്ടനേക വംശത്തിൻ ചരിത്രങ്ങൾ
എന്റെ വംശത്തിൻ ചരിത്രം എഴുതീടാൻ പണ്ട്
ഉർവിയിലാരും ഇല്ലാതെ പോയല്ലോ’’
‐പൊയ്‌കയിൽ യോഹന്നാൻ

വിയറ്റ്നാം യുദ്ധത്തിൽ പങ്കെടുത്ത സൈനികനും ലോസ് ഏഞ്ചൽസിലെ ആഫ്രിക്കൻ-‐അമേരിക്കൻ പ്രസിദ്ധീകരണങ്ങളായ ദി വേവ്, ദി സെന്റിനൽ, പ്ലെയേഴ്‌സ് എന്നിവയിലെ എഴുത്തുകാരനുമായിരുന്നു ജോസഫ് നാസൽ. മൈ നെയിം ഈസ് ബ്ലാക്ക്(1973) ബ്ലാക്ക് കോപ്പ് (1974) ഡൂംസ്‌ഡേ സ്ക്വാഡ് (1975) കില്ലർ കോപ്പ് (1975) കില്ലിങ് ഗ്രൗണ്ട് (1976) തുടങ്ങി അറുതിലേറെ കൃതികൾ രചിച്ചു. മൈ നെയിം ഈസ് ബ്ലാക്ക് നോവൽ 1970- കളിലെ സ്ട്രീറ്റ് ഫിക്ഷന്റെ സ്ഫോടനാത്മക ലോകത്തേക്കുള്ള അസംസ്കൃതവും ശക്തവുമായ കടന്നുവരവായി. അതിൽ ആത്മാർത്ഥതയും നീതിയും വ്യക്തിപരമാവുന്നു. നായകനും കുറ്റവാളിയും തമ്മിലെ അതിരുകൾ വേഗം മങ്ങുകയുമാണ്. പ്രതികാരം, അതിജീവനം, നഗരത്തിന്റെ ക്ഷമിക്കാത്ത സ്പന്ദനം എന്നിവയാൽ നയിക്കപ്പെടുന്ന നിരന്തര കഥയാണ് നാസൽ അവതരിപ്പിച്ചത്. ഏറെക്കാലമായി അവഗണിക്കപ്പെട്ടിരുന്ന ശബ്ദങ്ങളും കഥകളും കാഴ്ചപ്പാടുകളും ഒടുവിൽ പ്രധാന വേദിയിലെത്തിയ നിമിഷം പകർത്തുന്നു. ധീരവും ക്ഷമാപണമില്ലാത്തതും അവഗണിക്കാൻ കഴിയാത്തതുമാണത്. ‘അവൻ ജയിച്ചു, എന്നാൽ അത് ആജീവനാന്ത പോരാട്ടത്തിന്റെ തുടക്കം മാത്രം. ഇനിമുതൽ സ്റ്റാർട്ടിങ് ബെല്ലും റഫറിയും നിയമങ്ങളും തിളക്കമുള്ള ലൈറ്റുകളും കറുപ്പ്, കറുപ്പ്, കറുപ്പ് എന്ന അദ്ദേഹത്തിന്റെ പേര് ആർത്തുവിളിക്കുന്ന ജനക്കൂട്ടവും ഉണ്ടാവില്ല. ആദ്യ റൗണ്ട് ആരംഭിച്ച് 70 സെക്കൻഡുകളേ ആയിട്ടുള്ളൂ, പിന്നീട് അത് അവസാനിച്ചു. ആർത്തുവിളിക്കുന്ന കാണികൾ പുരാതന റോമിലെ ഗ്ലാഡിയേറ്റർമാർക്ക് ശേഷമുള്ള ഏറ്റവും തിളക്കമാർന്നതും ക്രൂരവുമായ അസംസ്കൃത ശക്തിയുടെ പ്രകടനത്തിന് സാക്ഷ്യം വഹിച്ചു, അവർ കാടുകയറി. ഒരു മിനിറ്റും പത്ത് സെക്കൻഡും വെളുത്ത ക്യാൻവാസിന്റെ ചതുരാകൃതിയിലുള്ള പാച്ച് ബ്ലാക്കിന്റെ യുദ്ധമേഖലയായി മാറുകയും ചെയ്‌തു. അവർ തന്നെ കാത്തിരിക്കുമെന്ന് അവനറിയാമായിരുന്നു’ എന്ന നോവലിലെ ഭാഗം മറ്റൊരു പോരാട്ടത്തിന് തയ്യാറെടുപ്പിച്ചതുമായി.

വരേണ്യതയുടെ തികട്ടലുകൾ വിരോധാഭാസമല്ല; ആഭാസം
സവർണ ചിന്തകളുടെ വാലുകൾ മാത്രമായ നവോത്ഥാന വാചാടോപങ്ങളും ഉള്ളടക്കമില്ലാത്ത പുരോഗമനവാദവും കേരള മാതൃകയെന്ന വ്യാജ രൂപീകരണവും വിതച്ച് കൊയ്യുന്നരെ പുതിയ ജാതിവ്യവസ്ഥ അലട്ടുന്നില്ലെന്നത് നിറഞ്ഞ വിരോധാഭാസമാണ്. സുരക്ഷിതത്വത്തിന്റെ ഏറുമാടങ്ങളിലിരുന്ന് വീരകഥകൾ അയവിറക്കുന്ന ആത്മരതിയുടെ വക്താക്കൾക്ക് സ്വന്തം സിംഹാസനം ഭദ്രമാക്കുന്നതെല്ലാം സ്വീകാര്യമായിട്ടുമുണ്ട്. അധഃസ്ഥിതത്വം അവർക്ക് കെട്ടുകഥയോ കേട്ടുകേൾവിയോ മാത്രം. ജാതിയുടെ പേരിലുള്ള ഒറ്റപ്പെടുത്തലുകൾ ആധുനിക കേരളത്തിൽ മുഴുവനായും നാടുനീങ്ങിയിട്ടില്ല. അടുത്ത ജന്മത്തിൽ ബ്രാഹ്മണനായി പിറക്കണമെന്ന സൂപ്പർ താരത്തിന്റെ വായ്‌ത്താരിയിൽ സാമൂഹ്യ നിരക്ഷരതയുടെയും വർണവിവേചനത്തിന്റെയും കൊടിക്കൂറയാണ് പറന്നത്. അടുത്ത ജന്മത്തിലെങ്കിലും പൂണൂലിടുന്ന ബ്രാഹ്മണനാവണമെന്നാണ് ആഗ്രഹമെന്നായിരുന്നു പ്രസ്‌താവം. മാത്രമല്ല, ശബരിമല അയ്യപ്പ ക്ഷേത്രത്തിലെ മുഖ്യതന്ത്രിയാവണമെന്നും ശാസ്താവിനെ അകത്തു കയറി തൊഴണമെന്നും പുനര്‍ജന്മത്തില്‍ വിശ്വസിക്കുന്നുവെന്നും അത് അനുഭവമുണ്ടെന്നും വാചാലനാവുകയുംചെയ്‌തു. പാവക്കുളം ക്ഷേത്രത്തിലെ പണ്ഡിറ്റ് കറുപ്പന്‍ പുരസ്‌കാര വേദിയിലായിരുന്നു വരേണ്യതയുടെ തികട്ടലെന്നത് വിരോധാഭാസമല്ല; ആഭാസമാണ്. മാറുമറച്ച സ്‌ത്രീ മുഖംകാണിച്ചപ്പോൾ അവരുടെ മുലകൾ അരിയാൻ ആറ്റിങ്ങൽ റാണി ഉത്തരവിടുകയുണ്ടായി. ഉപരിവർഗത്തിന്റെ അംഗീകാരത്തിന് അരയ്‌ക്കു മുകളിൽ തുണികൊണ്ട് മറയ്‌ക്കാതിരിക്കണം. പാദരക്ഷയും കുടയും വിലപിടിപ്പുള്ള ആഭരണങ്ങളും അവർക്ക് നിഷേധിച്ചു. പൊതുകൂടിച്ചേരലുകളിൽ ബ്രാഹഹ്മണർക്കൊഴികെ കുട ചൂടാൻ അനുവാദമില്ല. കേരളത്തിന്റെ തെക്കുംവടക്കും രാജാക്കന്മാരെ സമീപകാലത്ത് ആദരിച്ചതും അശ്ലീലമായി.

വോട്ടുകളെല്ലാം പെട്ടിയിൽ ഇനി മൗനത്തിലൊളിക്കാം
ജാതിയുടെയും നിറത്തിന്റെയും സമ്പത്തില്ലാത്തതിന്റെയും അച്ഛന്റെ തൊഴിലിന്റെയും പേരിൽ നിരന്തരം അധിക്ഷേപിക്കപ്പെട്ടതിനാൽ കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളേജിലെ ഒന്നാം വർഷ ബിഡിഎസ് ക്ലാസിലെ ദളിത് വിദ്യാർഥി തിരുവനന്തപുരം നെടുമങ്ങാട് കൊറ്റാമല തടത്തരികത്ത് വീട്ടിൽ നിതിൻ രാജ് കെട്ടിടത്തിന്റെ അഞ്ചാം നിലയിൽനിന്നും താഴേക്ക് ചാടി ആത്മഹത്യ ചെയ്‌തത് കഴിഞ്ഞദിവസമാണ്. ചാലക്കാട് പുതുകുളങ്ങര പെയിന്റിങ് തൊഴിലാളി വൈ എല്‍ രാജന്റെയും സി ആര്‍ ലതയുടെയും മകനാണ് ആ ഇരുപത്തിരണ്ടുകാരൻ. വോട്ടുകളെല്ലാം പെട്ടിയിൽ വീണതിനാൽ സ്വയം പ്രഖ്യാപിത ജനാധിപത്യവാദികളെല്ലാം സമർഥമായ മൗനത്തിലൊളിച്ചതാണ് അതേക്കാൾ അപകടകരം. മറ്റ് സംസ്ഥാനങ്ങളിലേക്ക് ഓടിയെത്തി കാൻ യു കാൻ യു കാൻ യു എന്ന പ്രഹസനം പുറത്തെടുക്കുന്ന നേതാക്കൾ ഇടിടെ പ്രതിഷേധങ്ങൾക്ക് ആഹ്വാനം ചെയ്യില്ല. ഒരുതരം ചലനങ്ങളുമുണ്ടാക്കാതെ അച്ഛനമ്മമാർക്ക് പ്രതീക്ഷയോടെ വളർത്തിയ മക്കളുടെ വിറങ്ങലിച്ച ശവം ഇനിയും ഏറ്റുവാങ്ങേണ്ടിവരും. നിതിനെ ഡെന്റല്‍ അനാട്ടമി വിഭാഗം മേധാവി ഡോ. എം കെ റാം നിറം ചൂണ്ടി പുഴുത്ത പട്ടിയെന്നുപോലും ശകാരിച്ചു. ഒപ്പം സീനിയർ വിദ്യാർഥികളിൽ നിന്നുള്ള റാഗിങ്ങിന്റെ പ്രഹരം കൂടിയായപ്പോൾ ആത്മവിശ്വാസം പൂർണമായും തകർന്നുപോയിട്ടുണ്ടാവണം. കൈയും കാലും വെട്ടുമെന്ന് ഭീഷണി മുഴക്കിയ അധ്യാപകന്‍ അമ്മയെയും അവരുടെ രോഗത്തെയും കളിയാക്കുമായിരുന്നു. അത് ശരിയല്ലെന്ന് പറഞ്ഞതിന് നിതിന്റെ മാർക്ക് വെട്ടിക്കുറച്ച് വിഡ്ഢിയെന്ന് കളിയാക്കി. സ്റ്റാഫ് റൂം കൂട്ടത്തോടെ കടന്നാക്രമിക്കുന്ന ഇടമാണെന്നുമാണ് അവൻ സഹപാഠികള്‍ക്ക് അയച്ച ഓഡിയോ സന്ദേശത്തിൽ. അതെല്ലാം അധ്യാപകരോടും വകുപ്പുമേധാവികളോടും പരാതിപ്പെട്ടിരുന്നു. പക്ഷേ ഒരിടപെടലുണ്ടായില്ലെന്ന് മാത്രമല്ല കടുത്ത അവഗണനയും അധിക്ഷേപവും തുടർന്നു. താമസിച്ച ഹോസ്റ്റലും തടവറപോലെയായിരുന്നു. രണ്ടുമാസം മുമ്പ് പനിച്ച് കിടന്നപ്പോള്‍ ഒറ്റയ്ക്കൊരു മുറിയിലേക്ക് മാറ്റി. ആ ദിവസങ്ങളില്‍ സഹപാഠികളെ അകറ്റിനിര്‍ത്തി. അവരുമായുള്ള ആശയവിനിമയംപോലും അധികൃതര്‍ തടഞ്ഞു. മാനസിക പീഡനം താങ്ങാനാവാതെ കോളജിൽ നിന്നും വീട്ടിലേക്ക് വന്ന് ഒരുമാസകാലത്തോളം താമസിക്കുകയുണ്ടായി. പഠനം മുടങ്ങരുതെന്ന് കരുതി വീണ്ടും കോളജിലേക്ക് പോവുകയായിരുന്നു. ആ ആഗ്രഹവും തല്ലിക്കൊഴിച്ചു. നിധിൻ രാജിന്റെ അകാല വിയോഗം നമ്മുടെ കലാലയങ്ങളിൽ നിലനിൽക്കുന്ന ക്രൂരതകളുടെ സാക്ഷ്യമാണ്.

സംസ്‌കൃത വിഭാഗം ഡീനിന്റെ അസംസ്‌കൃത മനോഭാവങ്ങൾ
കേരള സർവകലാശാലയില്‍ ജാതിയുടെ പേരില്‍ വിദ്യാർഥി യൂണിയൻ മുൻ ജനറൽ സെക്രട്ടറിയും എസ്‌എഫ്‌ഐ നേതാവും ഗവേഷകനുമായ വിപിന്‍ വിജയനെ അപമാനിച്ചത് അതിഗുരുതരമായിരുന്നു. സംസ്‌കൃതത്തില്‍ പിഎച്ച്ഡിക്ക് അര്‍ഹനല്ലെന്ന് കാണിച്ച് ഡീന്‍ ഡോ. സി എന്‍ വിജയകുമാരി വൈസ് ചാന്‍സലര്‍ക്ക് നല്‍കിയ കത്താണ് വിവാദങ്ങള്‍ക്കിടയാക്കിയത്. 2025 ഒക്ടോബര്‍ അഞ്ചിന് പ്രബന്ധത്തെ കുറിച്ചുള്ള ഓപ്പണ്‍ ഡിഫന്‍സ് നടന്നതിന് പിന്നാലെയായിരുന്നു സംസ്‌കൃതം അറിയില്ലെന്നും പിഎച്ച്ഡി നല്‍കരുതെന്നും ആവശ്യപ്പെട്ടുള്ള അപമാനിക്കൽ. കത്ത് നല്‍കിയത്. എന്നാല്‍ വിപിന്‍ വിജയന്‍ സംസ്‌കൃതത്തില്‍ എംഅഇതിന് പുറമെ എം.ഫില്‍ പ്രബന്ധം പൂർത്തിയാക്കിയതാവട്ടെ ഡോ. വിജയകുമാരിയുടെ മേല്‍നോട്ടത്തിലും. വര്‍ഷങ്ങളായുള്ള തന്റെ അക്കാദമിക നേട്ടങ്ങളെയും യോഗ്യതകളെയും നിഷ്പ്രഭമാക്കുന്ന അധ്യാപികയുടെ പരാമര്‍ശം ജീവിതത്തില്‍ മായാത്ത മുദ്ര പതിപ്പിച്ചെന്നും ഉണങ്ങാത്ത മുറിവായെന്നുമാണ് വിപിന്‍ ഫെയ്‌സ്ബുക്കിൽ കുറിച്ചത്. വര്‍ഷങ്ങള്‍കൊണ്ട് നേടിയ അക്കാദമിക നേട്ടവും മെറിറ്റും ഒറ്റദിവസം കൊണ്ട് ഇല്ലാതെയായി, സത്യത്തിന് വിലയില്ലേ. അതില്ലായെങ്കില്‍ പിന്നെ ഞാനുമുണ്ടാവില്ല. എനിക്കിപ്പോൾ രോഹിത് വെമുലയെന്ന കൂടെപ്പിറപ്പിന്റെ നിലവിളി കേൾക്കാം. ജാതി വിവേചനത്തിന്റെ അട്ടഹാസങ്ങൾ കേൾക്കാം. എനിക്ക് ഉറങ്ങാൻ കഴിയുന്നില്ല, ജീവിതത്തില്‍ ഇരുട്ട് നിറയുകയാണെന്നും അത് വീണ്ടും വഴുതിപ്പോകുന്നുവെന്നും ആ വിദ്യാര്‍ഥി കൂട്ടിച്ചേർത്തു. തന്റെ രാഷ്ട്രീയ നിലപാടുകള്‍ ചര്‍ച്ചയാകുമ്പോള്‍ അധ്യാപികയുടെ സംഘപരിവാര്‍ ബന്ധം എന്തുകൊണ്ട് മറച്ചുവെക്കപ്പെടുന്നുവെന്നും അദ്ദേഹം ചോദിച്ചു.

രോഹിത് വെമുല – രാജ്യവ്യാപക പ്രതീകം
ഹൈദരാബാദ് സർവകലാശാലയിലെ ഗവേഷകനായിരുന്ന രോഹിത് ചക്രവർത്തി വെമുല – 2016 ജനുവരി 17 നാണ് ആത്മഹത്യ ചെയ്തത്. അത് രാജ്യത്തെ വിവിധ സർവകലാശാലാ കാമ്പസുകളിൽ വ്യാപക പ്രതിഷേധങ്ങൾക്ക് കാരണമായി. ജാതി അനീതിയുടെ പ്രശ്നങ്ങൾ ഉന്നയിക്കുന്നതിൽ മുന്നിലായിരുന്ന അംബേദ്കർ സ്റ്റുഡന്റ്സ് അസോസിയേഷൻ (എഎസ്‌എ) പ്രവർത്തനങ്ങളിൽ പങ്കാളിയായതിന് 2015 ജൂലൈയിൽ അദ്ദേഹത്തിന്റെ പ്രതിമാസ സ്റ്റൈപ്പൻഡ് നിർത്തി. എബിവിപി നേതാവ് എൻ സുശീൽ കുമാറിനെതിരെ ആക്രമണം നടന്ന് രണ്ട് ദിവസത്തിന് ശേഷം ആഗസ്‌ത് അഞ്ചിന് വെമുലയ്‌ക്കും നാല് എഎസ്എ അംഗങ്ങൾക്കുമെതിരെ സർവകലാശാല അന്വേഷണം ആരംഭിച്ചു. ആഗസ്‌ത് 17 ന് കേന്ദ്രമന്ത്രി ബന്ദാരു ദത്താത്രേയ ഹൈദരാബാദ് സർവകലാശാല ജാതി, തീവ്രവാദ, ദേശവിരുദ്ധ രാഷ്ട്രീയത്തിന്റെ കേന്ദ്രമായി മാറിയിരിക്കുന്നുവെന്ന് പഴിചാരി മാനവ വിഭവശേഷി മന്ത്രിക്ക് കത്തെഴുതി. സെപ്റ്റംബറിൽ അഞ്ച് പേരെയും സസ്പെൻഡ് ചെയ്തു. ഡിസംബർ 17 ന് തീരുമാനം ശരിവച്ചു. തുടർന്നാണ് പ്രതിഭാധനനായ ആ വിദ്യാർഥിയുടെ ആത്മാഹൂതി. ഒരു മനുഷ്യന്റെ മൂല്യം അവന്റെ സമീപത്തെ സ്വത്വത്തിലേക്കും ഏറ്റവുമടുത്ത സാധ്യതയിലേക്കും ചുരുങ്ങി‐ ഒരു വോട്ടിലേക്ക്. സംഖ്യയിലേക്ക്. വസ്തുവിലേക്ക്. ഒരു മനുഷ്യനെ ഒരിക്കലും മനസായി കണക്കാക്കിയിട്ടില്ല. നക്ഷത്രപ്പൊടി കൊണ്ട് നിർമിച്ച മഹത്തായ വസ്തുവായി. എല്ലാ മേഖലയിലും പഠനങ്ങളിലും തെരുവുകളിലും രാഷ്ട്രീയത്തിലും മരിക്കുന്നതിലും ജീവിക്കുന്നതിലും എന്നായിരുന്നു മരണത്തിനു മുമ്പെഴുതിയ കുറിപ്പ്. ഞാൻ ആദ്യമായിട്ടാണ് ഇത്തരമൊന്ന് കുറിക്കുന്നത്. അവസാനത്തെ കത്തെഴുതുന്നത് ഇതാദ്യം. എനിക്ക് അർഥമറിയുന്നില്ലെങ്കിൽ ക്ഷമിക്കണം. ലോകത്തെ മനസിലാക്കുന്നതിൽ ഞാൻ തെറ്റായിരിക്കാം, എല്ലായ്‌പ്പോഴും. സ്നേഹം, വേദന, ജീവിതം, മരണം എന്നിവ തിരിച്ചറിയുന്നതിൽ. ഞാൻ എപ്പോഴും തിടുക്കം കാണിക്കും. ജീവിതം ആരംഭിക്കാൻ നിരാശനായിരുന്നു. അപ്പോഴെല്ലാം, ചില ആളുകൾക്ക്, ജീവിതം തന്നെ ശാപമാണ്. ജനനം എന്റെ മാരകമായ അപകടമാണ്. ബാല്യകാല ഏകാന്തതയിൽ നിന്ന് ഒരിക്കലും കരകയറാൻ കഴിയില്ല. ഭൂതകാലത്തിലെ വിലമതിക്കപ്പെടാത്ത കുട്ടി. ഈ നിമിഷം എനിക്ക് വേദനയില്ല. സങ്കടമില്ല. ഞാൻ വെറും ശൂന്യനാണ്. എന്നെക്കുറിച്ച് ആശങ്കയില്ല. അത് ദയനീയമാണ്. അതുകൊണ്ടാണ് ഞാൻ ഇത് ചെയ്യുന്നത്. ആളുകൾ എന്നെ ഭീരുവായി വിളിച്ചേക്കാം. ഞാൻ പോയിക്കഴിഞ്ഞാൽ സ്വാർത്ഥനോ മണ്ടനോ ആയി തോന്നിയേക്കാം. എന്ത് വിളിക്കുന്നു എന്നതിനെക്കുറിച്ച് എനിക്ക് വിഷമമില്ല. മരണാനന്തര കഥകളിലോ പ്രേതങ്ങളിലോ ആത്മാക്കളിലോ വിശ്വസിക്കുന്നില്ല. ഞാൻ വിശ്വസിക്കുന്ന എന്തെങ്കിലും ഉണ്ടെങ്കിൽ നക്ഷത്രങ്ങളിലേക്ക് സഞ്ചരിക്കാൻ കഴിയുമെന്നത് മാത്രം എന്നും വിശദീകരിക്കുകയുണ്ടായി. കാൾ സാഗനെപ്പോലെ ശാസ്ത്ര എഴുത്തുകാരനാകാൻ എപ്പോഴും ആഗ്രഹിക്കുന്നുവെന്നും വെമുല ആ കുറിപ്പിൽ പങ്കുവെച്ചിരുന്നു.

പാതാളത്തോളം ചവിട്ടിത്താഴ്ത്തിയിട്ടും ബുദ്ധിശക്തിയാൽ ഉയിർത്തെഴുന്നേറ്റു
സാമ്പത്തിക ശാസ്‌ത്രജ്ഞനും ചിന്തകനും ജൈവബുദ്ധിജീവിയുമായ എം കുഞ്ഞാമന്റെ ആത്മഹത്യയും സമാനമാണ്. ഒന്നര പതിറ്റാണ്ടു മുമ്പ് ആത്മഹത്യയ്‌ക്കു ശ്രമിച്ച അദ്ദേഹം അവഹേളിച്ച വ്യവസ്ഥയെയും അതിന്റെ സ്ഥാപനങ്ങളെയും വ്യക്തികളെയും 74‐ാം ജന്മദിനത്തിൽ അക്ഷരാർഥത്തിൽ തോൽപ്പിച്ചു. പൊരുതി നേടിയ ജീവിതം അലസതയിൽ ഉപേക്ഷിച്ചു മടങ്ങിയെന്ന് ആലങ്കാരികമായി വ്യാഖ്യാനിക്കാമെങ്കിലും ആ മനസിന്റെ വിങ്ങൽ അത്രയേറെയായിരുന്നിരിക്കണം. ഒരു മനുഷ്യൻ ജനിച്ച ജാതിയുടെ പേരിൽ എത്രക്രൂരമായി അവഗണിക്കപ്പെട്ടുവെന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് കുഞ്ഞാമൻ. പാതാളത്തോളം ചവിട്ടിത്താഴ്ത്തിയിട്ടും ബുദ്ധിശക്തിയാൽ ഉയിർത്തെഴുന്നേറ്റ ആ പ്രതിഭ, കാലു പിടിച്ച് എവിടെയും ഇരിപ്പുറപ്പിച്ചില്ല. വളരെ മുമ്പ് കിട്ടേണ്ടിയിരുന്ന പ്രൊഫസർ പദവിക്ക് ഏറ്റവും അടുപ്പക്കാരൻ വൈസ്‌ചാൻസലറായപ്പോഴും സമീപിച്ചില്ലെന്നതും പ്രധാനം. സ്ഥാനമാനങ്ങൾ ഒട്ടുമേ കൊതിക്കാത്ത പ്രകൃതം. സാമൂഹ്യപ്രശ്നങ്ങളിൽ രോഷാകുലനായി ശബ്ദിച്ചപ്പോഴും അക്കാദമിക്ക് പദവികളിൽ തീർത്തും നിസംഗനായി. പൊരുതിനിൽപ്പുകൾക്ക് കാലത്തിന്റെയും സമയത്തിന്റെയും പരിമിതികളുണ്ട്. വാർധക്യ അവശതകൾ, തിരസ്‌കാരം, രോഗപീഡകൾ, അവഗണന തുടങ്ങിയ കുരുക്കുകൾ മുറുകിയാൽ ആരും നിസഹായരാവും. സ്വയംഹത്യ ഭീരുത്വമാണെന്ന് ആരാന്റെ ചെലവിൽ ധൂർത്ത ജീവിതം നയിക്കുന്നവർക്ക് ആരോപിക്കാമെങ്കിലും പല ധീരന്മാരും ആ വഴി തെരഞ്ഞെടുത്ത് അന്ധത ബാധിച്ച സമൂഹത്തെ കുലുക്കിയുണർത്തിയിട്ടുണ്ട്. മനുഷ്യനെ വധിക്കാം എന്നാൽ തോൽപ്പിക്കാനാവില്ലെന്ന് പുലിറ്റ്സർ സമ്മാനവും നൊബേൽ പുരസ്‌കാരവും നേടിയ ‘കിഴവനും കടലും’ (ദി ഓൾഡ് മാൻ ആൻഡ് ദി സീ)നോവലിൽ സാന്റിയാഗോയെക്കൊണ്ട് പറയിച്ച ഏണസ്‌റ്റ് ഹെമിങ്‌വേ 1961 – ജൂലൈ രണ്ടിന് 61‐ാം വയസിൽ അമേരിക്കയിൽ ഐഡഹോയിലെ കെച്ചം എന്ന സ്ഥലത്ത് സ്വയം വെടിയുതിർത്ത് മരണത്തെ സ്വീകരിക്കുകയായിരുന്നു.

വർഗം, വംശം, വർണം തുടങ്ങിയവയുടെ പേരിൽ ലോകമാകെയുള്ള അതിസാധാരണ മനുഷ്യർ പലവിധത്തിൽ അനുഭവിച്ച വിവേചനങ്ങൾക്ക് കുഞ്ഞാമനും ഇരയായി. അത് മനസിലാക്കിയ ചിലർ കേരളത്തിന്റെ നെൽസൺ മണ്ടേലയെന്ന് വിളിച്ചു.സ്വാതന്ത്ര്യത്തിലേക്ക് എളുപ്പ വഴികളില്ലെന്ന തിരിച്ചറിവ് കുഞ്ഞാമനും മുറുകെപ്പിടിക്കുകയുണ്ടായി. സംസ്‌കൃത ലോകത്തിനും കാലത്തിനും തീരെ യോജിക്കാത്തവനെന്ന ബോധ്യത്തിൽനിന്നാണ് ആ ഇറങ്ങിപ്പോക്ക്. ആദരവുകളുടെ പേമാരിയും സഹനങ്ങൾ മുൻനിർത്തിയുള്ള വാഴ്‌ത്തുപാട്ടും അലങ്കാരഭാഷയിലെ പുകഴ്‌ത്തലുകളും നമ്മുടെയെല്ലാം പൊറുക്കാനാവാത്ത തെറ്റിന് പകരമാവില്ല. ആൻ ഫ്രാങ്ക് പറഞ്ഞതുപോലെ, ജീവിച്ചിരിക്കുന്നവരെക്കാൾ കൂടുതൽ പൂവുകൾ ലഭിക്കുക മരിച്ചവർക്കാണ്; കൃതജ്ഞതയെക്കാൾ ശക്തമാണ് പശ്‌ചാത്താപം. വരുംവരായ്‌കകളെ കൂസാതെയും ഭയപ്പെടാതെയും അധികാര ശ്രേണികൾക്കുനേരെ നിശിത ചോദ്യങ്ങൾ ഉയർത്തുന്നതാണ് ശരിയായ രാഷ്ട്രീയമെന്നതായിരുന്നു കുഞ്ഞാമന്റെ കാഴ്‌ചപ്പാട്. ഒരിടത്തും തലകുനിക്കാതെ, ഔദാര്യങ്ങൾക്കായി യാചിക്കാതെ പൊരുതിനിന്നു. ഒറ്റപ്പെടലിന്റെയും ഏകാന്തതയുടെയും പ്രധാന കാരണവും അതാണ്.
ശരീരത്തിലെ പ്രധാന അവയവം തലച്ചോറല്ല, വയറാണ്
തലച്ചോറല്ല ശരീരത്തിലെ പ്രധാന അവയവം, വയറാണെന്ന് കുഞ്ഞാമന്‍ ഉറപ്പിച്ചതിന് വിശാല അന്തർഗതങ്ങളുണ്ട്. പുകയൂതിയ അടുപ്പിൽ വക്കുപൊട്ടിയ മൺപാത്രങ്ങളിൽ ഇല്ലായ്‌മകൾ വേവിച്ചു നൽകിയ കുടുംബാന്തരീക്ഷത്തിനും അപ്പുറമാണത്. ഷൊര്‍ണൂരിനടുത്ത് വാടാനാംകുറുശിയില്‍ അയ്യപ്പന്റെയും ചെറോണയുടെയും മകനായി പിറന്ന അവനെ കൊടുംദാരിദ്ര്യവും ദയയില്ലാത്ത ജാതിവിവേചനവും ഭയപ്പെടുത്തി. ചോരകിനിഞ്ഞ ആ അനുഭവങ്ങൾ ആ ബാലനിൽ വേറിട്ട ധാരണകള്‍ മുളപ്പിച്ചു. മൂന്നാം ക്ലാസിൽ വിദ്യാർഥികൾക്ക് ഭയവും ബഹുമാനവും തോന്നിയിരുന്ന നാട്ടുപ്രമാണിയായ അധ്യാപകൻ കുഞ്ഞാമനെന്ന് വിളിക്കില്ല, പകരം പാണൻ. ബോർഡിൽ കണക്ക് പാഠങ്ങളെഴുതി ‘പാണൻ പറയടാ’ എന്ന് ഒച്ചവെക്കും. ധിക്കാരം അതിരുവിട്ടതിൽ സഹികെട്ട് ഒരിക്കൽ അവൻ പറഞ്ഞത് ജാതിപ്പേര് ആവർത്തിക്കരുതെന്നും കുഞ്ഞാമൻ എന്ന പേരുണ്ടെന്നും അത് വിളിക്കണമെന്നുമായിരുന്നു. പാണനെ പാണനെന്നല്ലാതെ എന്ത് വിളിക്കാനാ, ജാതിപ്പേര് വിളിച്ചാൽ എന്തെന്ന് ചോദിച്ച് അധ്യാപകൻ ചെകിട്ടത്താഞ്ഞടിച്ചു. ‘എവിടെടാ പുസ്തകം’ എന്ന ആക്രോശവും. ഇല്ലെന്ന മറുപടി കേട്ടപ്പോൾ ഉച്ചക്ക് കഞ്ഞി ലഭിക്കാൻ മാത്രം സ്കൂളിൽ വരുന്നവനാ തന്നെ തിരുത്തുന്നത്, പഠിക്കാനല്ല എന്നായി ശകാരവും പരിഹാസവും. മുറിവേറ്റ ഹൃദയവുമായി അന്നുച്ചക്ക് സ്കൂൾ മൈതാനത്തെ കൂറ്റൻ പ്ലാവിൻ ചുവട്ടിൽ പോയിരിക്കുമ്പോൾ അടികൊണ്ടു നീറിയ വേദനയിൽ പുളഞ്ഞ് ആ കുട്ടി രണ്ട് തീരുമാനങ്ങളെടുത്തു: ഇനി സ്കൂളിൽനിന്ന് കഞ്ഞി കുടിക്കില്ല. പഠിക്കണം.പട്ടിണിയുടെ വറുതിയിലും തീരുമാനത്തിൽ മാറ്റമുണ്ടായില്ല. തുടുത്ത കവിളുമായാണ് വീട്ടിലെത്തിയത്. കാര്യങ്ങൾ അമ്മയെ ബോധ്യപ്പെടുത്തിയപ്പോൾ അവർ പറഞ്ഞു:‘നമുക്ക് ഒന്നും ചെയ്യാനാവില്ല,നന്നായി പഠിക്കൂ’. ജാതിചിന്ത സമനില തെറ്റിച്ച ആ അധ്യാപകന്റെ പീഡനം വഴിത്തിരിവായി. കഞ്ഞികുടിക്കാനല്ല പഠിക്കുന്നതെന്ന തിരിച്ചറിവുണ്ടായി. പിന്നീട് വിവാഹ ദിനങ്ങളിൽ സവർണ‐സമ്പന്ന മേലാളർ ദൂരെയെറിഞ്ഞ എച്ചിലിലകൾക്ക് തല്ലുകൂടി അവശിഷ്ടങ്ങൾ അകത്താക്കി. പുറംപറമ്പിലെ കുഴിയിൽ വിളമ്പിയ കഞ്ഞി നായ്‌ക്കൊപ്പം കുടിക്കുകപോലുമുണ്ടായി. അത് അഭയവും പ്രതികാരവുമായിരുന്നു.
പട്ടിണിമാത്രം സ്വത്തായുണ്ടായ അച്ഛനമ്മമാർ മകനെ സ്‌കൂളിലേക്കയച്ചത് ഭക്ഷണത്തിനുവേണ്ടി. തനിക്കും അന്ന് അതുതന്നെയായിരുന്നു വലിയ പ്രശ്‌നമെന്നാണ് കുഞ്ഞാമൻ പറഞ്ഞത്. മറ്റൊരു പ്രദേശത്തുനിന്ന് സ്ഥലം മാറിവന്ന മലയാളം അധ്യാപകൻ. അദ്ദേഹത്തിന്റെ മക്കളും അതേ സ്‌കൂളിൽ. ഒരു ദിവസം കുഞ്ഞാമൻ അവരുടെ വീട്ടിൽ പോയി. എച്ചിലിൽ വെള്ളമൊഴിച്ച് അദ്ദേഹത്തിന്റെ ഭാര്യ അവന് കൊടുത്തു. അക്കാരണത്താൽ സ്‌കൂളിലെത്തിയയുടൻ കാരണം സൂചിപ്പിക്കാതെ അതിഭീകര മർദനം. പിന്നെ ആ വീട്ടിൽ പോയില്ല. എന്തുകൊണ്ടാണ് അടിച്ചതെന്നോ കഴിച്ച ഭക്ഷണബാക്കി തരുന്നതെന്തിനെന്നോ ചിന്തിക്കാനുള്ള ശേഷി അന്നുണ്ടായില്ല. മർദിച്ച അധ്യാപകൻ ഒരുനാൾ അടുത്തുവന്ന്, ‘കുഞ്ഞാമാ, പോയി കഞ്ഞി കുടിക്ക്’ എന്ന് പറഞ്ഞു. അന്നാണ് അദ്ദേഹം ആദ്യമായി പേരു വിളിച്ചത്.‘വേണ്ട സാർ, അങ്ങനെ പ്രതികരിച്ചതിനാലാണല്ലോ. സാർ പറഞ്ഞതിൽ തെറ്റില്ല, കഞ്ഞികുടിക്കാൻ മാത്രമാണ് വന്നിരുന്നത് പക്ഷേ, ഇനി കഞ്ഞി വേണ്ട, പഠിക്കണം’ എന്നായിരുന്നു മറുപടി. വാടാനംകുറിശിയിലെ വായനശാലയിൽനിന്ന് പുസ്തകമെടുത്ത് വായിച്ചും അവൻ വിശപ്പടക്കി.
പ്രദേശത്ത് ദളിത് വിഭാഗത്തിൽനിന്ന് ആദ്യം എസ്എസ്എൽസി കടന്ന വിദ്യാർഥി
കുഞ്ഞാമന്റെ കുടുംബത്തിന്റെ ജന്മിക്ക് പത്തു മക്കൾ. അതിൽ രണ്ടുപേർ അധ്യാപകർ. ഒരാൾ വേണുമാഷ്, തന്റെ അധ്യാപകൻ. പത്താം ക്ലാസിൽ പഠിക്കുമ്പോൾ, ലംപ്‌സംഗ്രാന്റ് അച്ഛൻ ഒപ്പിട്ടുവാങ്ങി; 40 രൂപ. അത് കീശയിലിട്ട് പറഞ്ഞു:‘നിന്റെ കൈയിൽ വച്ചാൽ അതുകൊണ്ട് അരി വാങ്ങും. ഇത് ഇവനെ അടുത്തവർഷം കോളേജിൽ അയയ്ക്കാനുള്ളതാണ്’. കോളേജ് എന്ന വാക്ക് കുഞ്ഞാമന്റെ മനസിൽ ആദ്യമായി കയറിക്കൂടി.മാഷോടു ചോദിച്ചു: ‘എനിക്കൊക്കെ കോളേജിൽ പോകാനാവുമോ?’. പറ്റുമെന്നായി മറുപടി. അത് മറ്റൊരു വഴിത്തിരിവായി. അവന്റെ സമുദായക്കാർ വേലയെടുത്താൽ ദിവസം ഏഴും എട്ടും രൂപയാണ് കൂലി. കോളേജിൽനിന്ന് എത്ര കാശ് കിട്ടുമെന്ന് അവർ തിരക്കി. ലംപ്‌സം ഗ്രാൻഡ് മാസം ഏഴര രൂപ. പണിയെടുത്താൽ അതിലും കൂടുതൽ കിട്ടില്ലേ എന്നായി അവർ. ആ പ്രദേശത്ത് ദളിത് വിഭാഗത്തിൽനിന്ന് ആദ്യം എസ്എസ്എൽസി കടന്പ കടന്നത് കുഞ്ഞാമൻ; വാടാനംകുറിശി സ്‌കൂളിൽനിന്ന് മികച്ച നിലയിൽ. ബുദ്ധിശക്തികൊണ്ടാണ് തനിക്ക് കോളേജിൽ പോകാനായതെന്ന് അദ്ദേഹം അവകാശപ്പെട്ടില്ല. കഴുതയെപ്പോലെ കഠിനാധ്വാനം ചെയ്യുകയായിരുന്നു.ജന്മി പുത്രനായ അധ്യാപകൻ അച്ഛന്റെ കൈയിൽനിന്ന് സർക്കാർ സഹായം വാങ്ങിവച്ചിരുന്നല്ലോ. അതിമിടുക്കനായ കുഞ്ഞാമനെ സ്റ്റൈപ്പെൻഡ് സ്വരുക്കൂട്ടിവച്ചാണ് ആ അധ്യാപകൻ പാലക്കാട് വിക്ടോറിയ കോളേജിൽ ചേർത്തത്. 1967-ലെ കർക്കിടകം. അച്ഛനോട് യാത്ര പറയാൻ ചെന്നു. പാടത്ത് കന്നുപൂട്ടുകയായിരുന്നു. കഴുക്കോലിൽ ഒരു പൊതി, അതെടുത്തോയെന്ന് പറഞ്ഞു അദ്ദേഹം. ആ മുപ്പത്തേഴു പൈസയാണ് ജീവിതത്തിലെ മുടക്കുമുതൽ. നാട്ടിലെ രണ്ടാളുകൾ ഉടുക്കാന്‍ മുണ്ടും ഷര്‍ട്ടും കൊടുത്തു.കോളേജിലെത്തിയ ശേഷം വായനയിൽ ശ്രദ്ധകൂടി. സ്കൂളിലെന്നപോലെ കോളേജ് വേളയിലും അസ്വസ്ഥപ്പെടുത്തിയത് ഒരു ഹരിജന്‍ ചെക്കനില്ലേ ഇവിടെ എന്ന ചോദ്യമായിരുന്നു. സഹമുറിയനോട് ആരാണ് കൂടെയെന്ന് ഒരു പെണ്‍കുട്ടി തിരക്കി. കുഞ്ഞാമന്‍ എന്ന മറുപടി.‘ദാറ്റ് ബെഗ്ഗര്‍’ ഉടൻ അവളുടെ പ്രതികരണം വന്നു. പിന്നീട് കുഞ്ഞാമന്‍ അവളോട് സംസാരിച്ചത്, കുട്ടി പറഞ്ഞതിൽ തെറ്റില്ല,താനും അച്ഛനമ്മമാരും പിച്ചക്കാരാണെന്നാണ്.‘എതിര്: ചെറോണയുടെയും അയ്യപ്പന്റെയും മകന്റെ ജീവിതസമരം’ എന്ന കുഞ്ഞാമന്റെ ആത്മകഥ ഒരു കെട്ടകാലത്തിന്റെ ജീവചരിത്രംകൂടിയാണ്. അതിൽ ബാല്യം വിവരിക്കുന്ന ഭാഗം കൈവിറയലില്ലാതെ വായിച്ചുതീർക്കാനാവില്ല. കൂരിരുട്ട് നിറഞ്ഞതായിരുന്നു ആ നാളുകൾ. ഭയംമാത്രം നൽകിയ സമുദായം. ജാതി പാണൻ. അച്ഛനും അമ്മയും അക്ഷരകൗതുകം പരിചയപ്പെടാത്തവർ. എച്ചിലെടുത്തും അത് തിന്നുമാണ് ജീവിതഭാരം വലിച്ചത്.

‘അക്കർമാശി’അഥവാ ജാതിഭ്രഷ്ടൻ
നോവലിസ്റ്റ്, കഥാകൃത്ത്, കവി, വിമർശകൻ തുടങ്ങിയ നിലയിലെല്ലാം അറിയപ്പെടുന്ന മറാത്തി സാഹിത്യകാരൻ ശരൺകുമാർ ലിംബാളെ 25‐ാം വയസിൽ രചിച്ച ആത്മകഥ‘അക്കർമാശി’ യുടെ അർഥം ജാതിഭ്രഷ്ടൻ. അത് തന്റെ ജീവിതമല്ല, തന്റെമേൽ അടിച്ചേൽപ്പിക്കപ്പെട്ട അടിമത്തമാണ്. തിരസ്‌കാരത്തിന്റെ ശബ്ദമാണ് ആത്മനിവേദനത്തിന്റെ അടിസ്ഥാനമെന്നായിരുന്നു അദ്ദേഹത്തിന്റെ സത്യവാങ്‌മൂലം. ‘ദി ഔട്ട്‌കാസ്‌റ്റ്’ ഇംഗ്ലീഷ് പരിഭാഷ.ഫ്രഞ്ച് ഉൾപ്പെടെ പ്രധാന ലോകഭാഷകളിലേക്കും വിവർത്തനങ്ങളുണ്ടായി. ചൂവാ ചൂത്ത്,ബഹുജൻ,ഹിന്ദു (നോവൽ), ദളിത് ബ്രാഹ്മൺ, ഉദ്രേക് (കഥ), സാംസ്കൃതിക് സംഘർഷ്, ഭാരതീയ് ദളിത് സാഹിത്യ, ദളിത് സാഹിത്യാചേ സൗന്ദര്യശാസ്ത്ര(പഠനം) തുടങ്ങി നാൽപ്പതിനടുത്ത് കൃതികൾ. മഹാരാഷ്ട്ര‐ കർണാടക അതിർത്തി ഗ്രാമത്തിൽ മഹർ ജാതിക്കാരുടെ കോളനിയിൽ നാട്, ഭാഷ, മാതാപിതാക്കൾ, ജാതി, മതം എന്നിങ്ങനെ എല്ലാറ്റിലും വ്യക്തിത്വം നിഷേധിക്കപ്പെട്ട് ജീവിക്കേണ്ടിവന്ന ലിംബാളെയുടെ നൊമ്പരങ്ങളാണ് അക്കർമാശിയിൽ. ദാരിദ്ര്യം, അനാഥത്വം, ജാതിവിവേചനം തുടങ്ങിയവയും. ജാതിവ്യവസ്ഥ പുരോഗതിക്കും വർളച്ചയ്ക്കും തടസമാകുന്നതെങ്ങനെയെന്ന ചോദ്യമാണ് പ്രധാനം. ചത്ത മൃഗങ്ങളുടെ മാംസം അരിഞ്ഞെടുത്ത് പച്ചയായും ഉണക്കിയും തിന്നേണ്ടിവന്ന ജനവിഭാഗത്തിന്റെ പ്രതിനിധി. കൊയ്ത്തുപണി അവസാനിച്ചാൽ കാലികൾ വയലിൽ മേയും. ചാണകത്തിൽ ദഹിക്കാത്ത ജോവാർ ധാന്യവും. മഞ്ഞ നിറത്തിൽ ചീർത്തുനിൽക്കുന്ന അവ നദീജലത്തിൽ കഴുകി നല്ല ധാന്യങ്ങൾ പെറുക്കും. അങ്ങനെ കിട്ടുന്നത് പൊടിച്ച് മാവുണ്ടാക്കി വിശപ്പടക്കിയ ബാല്യം. ഉന്നത ജാതിക്കാരൻ കീഴാളയായ അമ്മയെ ദുരുപയോഗിച്ചതിന്റെ ഫലമാണ് തന്റെ പിറവിയെന്ന സത്യം ലിംബാളെ മറച്ചുവെക്കുന്നില്ല. സ്‌കൂൾ അധ്യാപകനോട് വെപ്പാട്ടിയുടെ മകനാണെന്നും ബാങ്ക് ഫോറത്തിൽ അച്ഛന്റെ പേര് എഴുതാൻ ആവശ്യപ്പെട്ട മാനേജരോട് അറിയില്ലെന്നും പറയാൻ മടിക്കാത്ത സത്യസന്ധത. ഇരുജാതികളിൽനിന്നും അവഗണന അഭിമുഖീകരിക്കേണ്ടി വന്നയാൾ എന്ന അർഥത്തിലാണ് ആത്മകഥക്ക് “അക്കർമാശി’ എന്ന് പേരിട്ടത്. കീഴാളനായി ജനിച്ചവൻ സവർണ മേധാവിത്തത്തിൽ നേരിട്ട വിവേചനങ്ങളുടെയും ദുരിതങ്ങളുടെയും ആഖ്യാനമാണത്. ഉപയോഗശൂന്യമെന്നു കണ്ട് ഉപേക്ഷിച്ച ഭക്ഷ്യാവശിഷ്ടങ്ങൾ എടുത്ത് വിശപ്പ് ശമിപ്പിച്ച, അരവയർ നിറയ്ക്കാൻ മാത്രം കഴിഞ്ഞ ബാല്യത്തിൽനിന്ന് സാമൂഹിക മുഖ്യധാരയിലേക്ക് വളർന്ന വഴികളിലെ കണ്ണീരും വിയർപ്പും ഇവിടെ തെളിയുന്നു. താഴ്‌ന്ന ജാതിയിൽ പെട്ടതിനാൽ മുടിമുറിക്കില്ലെന്ന് ശഠിച്ച് ആട്ടിയോടിച്ച ബാർബറും ദു:ഖത്തിന്റെ നനവൂറുന്ന ആ സ്‌മരണകളിലുണ്ട്. ദാരിദ്ര്യത്തിന്റെ ചുരമാന്തൽ അഭിമാന ‐ദുരഭിമാന ചിന്തകൾ തുടച്ചുനീക്കും. വിശപ്പ് എല്ലാ ഭീകര ഭാവങ്ങളോടും അനുഭവിച്ച ഘട്ടം മുൻനിർത്തിയുള്ള ഓർമകൾക്ക് അക്ഷരഭാഷ്യം നൽകിയപ്പോൾ ഏവരുടെയും ഹൃദയാഴങ്ങളിൽ കനത്ത ആഘാതമായി.
അജ്ഞാതർ വഴിവക്കിൽ വലിച്ചെറിഞ്ഞ പഴത്തൊലികൾ ഭക്ഷിച്ച് വിശപ്പു ശമിപ്പിച്ച സഹോദരിയെ ശകാരിച്ചതും തട്ടിപ്പറിച്ച് വലിച്ചെറിഞ്ഞതും അവ ശേഖരിച്ച് പുഴക്കരയിലിരുന്ന് രഹസ്യമായി കഴിക്കാൻ ശ്രമിച്ചതും ചായക്കടക്കാരൻ ബസ്‌സ്‌റ്റാൻഡിലേക്ക് വലിച്ചെറിഞ്ഞ ചണ്ടിയും ബസിന്റെ മുകളിൽ വെയിലേറ്റ് ഉരുകിലൊലിച്ച ശർക്കരയും ചേർത്ത് പാലില്ലാത്ത ചായ കുടിച്ചതും‐ തുടങ്ങി വേദനാജനകങ്ങളായ ഒട്ടേറെ അനുഭവക്കൂമ്പാരം. ജാതിവ്യവസ്ഥ അതിവിചിത്രമാണ്. സ്വന്തം പണിയായുധങ്ങളാൽ കുത്തിയ കിണറിൽനിന്ന് വെള്ളമെടുക്കാൻ മഹറുകൾക്ക് വിലക്ക്. ജാതിയുടെ പേരിൽ ചെരിപ്പുകുത്തി പാദരക്ഷ നന്നാക്കാൻ തയ്യാറാവാതിരുന്നതും സർക്കാർ ഉദ്യോഗം നേടിയ ശേഷവും വാടകക്ക് വീടു കിട്ടുന്നതിന് നേരിട്ട പ്രയാസങ്ങളുമടക്കം ലിംബാളെ വിവരിക്കുന്നു. ഒരു കാലഘട്ടത്തിൽ ജാതിയുടെ പേരിൽ ദുരിതങ്ങളും ദുരന്തങ്ങളും അപമാനങ്ങളും ഏറ്റുവാങ്ങിയ ജനവിഭാഗങ്ങളുടെ ചിത്രങ്ങളാണ് അക്കർമാശിയിൽ.







No Comments yet!