“എനിക്കായ് പാടൂ,
വീണ്ടുമാ വരികൾ “
കിടക്കവിരിച്ചുറ്റിൽ
കണ്ണുകളടച്ച് പ്രണയിനി ഞാൻ.
എന്റെ വെള്ളിക്കമ്മലിനും
ചുവന്ന മൂക്കുത്തിക്കുമിടയിൽ
കെടാതെ നിൽക്കുന്ന വാൾപേപ്പർ,
വാൻഗോഗിന്റെ ആകാശം.
“സോജാ രാജകുമാരീ, സോജാ “
മറുതലയ്ക്കൽ ഉറക്കച്ചടവോടെ
നിശാഗായകൻ നീ.
നിന്റെ സ്‌ക്രീനിൽ ഇമ വെട്ടാതെ
മടുപ്പിന് കൂട്ടിരിക്കുന്നു,
നേർത്ത ചിരിയോടെ മൊണാലിസ.
നീയുറങ്ങുമ്പോൾ എന്റെയുറക്കം
പകലിലെ മൂങ്ങക്കാഴ്ച.
നിനക്കായി കെടാതെ
എന്റെ വാൻഗോഗിയൻ വാൾപേപ്പർ.
“എന്റെ മൊണാലിസേ” എന്നു നീയും
” കനവിന്റെ ആകാശമേ”യെന്ന് ഞാനും
കൊഞ്ചിവെളുപ്പിച്ച പ്രേമരാവുകൾ,
ഡെഡ്ഫയൽസ്.
നീയിപ്പോൾ തോന്നുംപോലെ
നക്ഷത്രങ്ങളെ
അണച്ചും തെളിച്ചും കളിക്കുന്ന
നീലിച്ച ആകാശം.
ഞാനോ, നിന്നിലേക്ക് മാത്രം
നോക്കിയിരിക്കുന്ന മൊണാലിസ.
എന്റെ കണ്ണിൽ നിന്നും
തെറിച്ചുയരുന്നു, നിന്നിലേക്ക്
നോട്ടത്തിന്റെ നൂറു പട്ടങ്ങൾ.
നിന്റെ ചുഴികളിൽ കാലിടറി
എന്റെ ചുണ്ടത്തൊരു ചിരിക്കുഞ്ഞ്.
ഓർക്കുന്നുണ്ടോ
ഞാൻ പറഞ്ഞത്
നിന്റെ പ്രേമം വാൽനക്ഷത്രമെന്ന്?
നോക്കൂ, നമുക്കിടയിൽ
മങ്ങി മങ്ങി
പ്രേമമെന്ന് തെറ്റി സേവ് ചെയ്ത
വാൾപേപ്പർ.
***








No Comments yet!