Skip to main content

നവോത്ഥാനത്തിന്റെ നിഴലില്‍ അന്ധവിശ്വാസങ്ങളുടെ ഉത്സവം

വെളിച്ചപ്പാടിനെ സംബന്ധിച്ച് മൂന്നു കാലങ്ങളില്‍ മൂന്നു റഫറന്‍സുകള്‍ നല്‍കുന്നുണ്ട് എംടി.
ആദ്യത്തേത് ഏറെ പ്രശസ്തമായ നിര്‍മാല്യമെന്ന സിനിമിലും അതിന് ആധാരമായ പള്ളിവാളും കാല്‍ച്ചിലമ്പുമെന്ന കഥയിലാണ്. മറ്റൊന്ന് അതിനും വളരെ കാലങ്ങള്‍ക്കുശേഷം പുറത്തിറങ്ങിയ മറ്റൊരു ക്ലാസിക് സിനിമയായ ഇടവഴിയിലെ പൂച്ച മിണ്ടാപ്പൂച്ചയില്‍ കുട്ടിക്കാലത്ത് ആരായിരിക്കണമെന്ന മോഹത്തില്‍ വെളിച്ചപ്പാടിനെ ഭാഗ്യനാഥെന്ന കഥാപാത്രം പരാമര്‍ശിക്കുന്നതാണ്. അവസാനത്തേത്, ആരണ്യകം എന്ന സിനിമയില്‍ അമ്മിണി, വിനീതിന്റെ കഥാപാത്രത്തിനോട് പറയുന്ന, വെളിച്ചപ്പാട് ജോലിക്ക് ആളെകിട്ടാനില്ലെന്ന പരാമര്‍ശവുമാണ്. ഇത് വളരെ പ്രധാനമാണ്.

Nirmalyam (1973) directed by M T Vasudevan Nair • Reviews, film + cast •  Letterboxd

വെളിച്ചപ്പാടിന്റെ വിട്ടുമാറാത്ത തലവേദനയ്ക്ക് കാരണം വാളുകൊണ്ടുള്ള വെട്ടാണെന്നു പറയുന്നുണ്ട് സിനിമയുടെ തുടക്കത്തില്‍ ഭാര്യ നാരായണി. എന്തിനാണ് ഇങ്ങനെ തലവെട്ടിപ്പൊളിക്കുന്നതെന്നും ചോദിക്കുന്നുണ്ട്. അയാളുടെ അഛനും വെളിച്ചപ്പാടായിരുന്നു. തളര്‍വാതത്തില്‍ കിടപ്പിലാണ്. കുടുംബം പട്ടിണിയിലാണ്. അവസാനം വെളിച്ചപ്പാട് തെണ്ടാന്‍ ഇറങ്ങുന്നു. മകന്‍ നാടുവിടുന്നു. ഭഗവതിയെ ധ്യാനിച്ചിട്ട് ശ്ശി കൊണ്ടുവന്നിട്ടുണ്ട് എന്നാണ് മകന്‍ പറയുന്നത്. അമ്പലത്തിലേക്കുവരുന്ന ശാന്തിക്കാരനായ നമ്പൂതിരിയും പൂജയുടെ ഇടവേളകളില്‍ വായിക്കുന്നത് പബ്ലിക് സര്‍വീസ് കമ്മീഷനുവേണ്ടിയുള്ള പാഠപുസ്തകങ്ങളാണ്.

നവോത്ഥാനാനന്തര കേരളത്തിന്റെയും ഫ്യൂഡലാനന്തര കേരളത്തിന്റെയും കേരളീയ സമൂഹത്തിലെ ഒരു ജീവിതത്തെയാണ് നിര്‍മ്മാല്യത്തിലൂടെ എംടി പറയാന്‍ ശ്രമിച്ചത്. ആത്യന്തികമായി അത് ദാരിദ്ര്യത്തിന്റെ കഥയാണെന്നു പറയുന്നുണ്ട് എം.ടി.

”രണ്ടുപറ നെല്ലും നാഴിവെളിച്ചണ്ണയുംകൊണ്ട് മാസം കഴിയോ….”
തോട്ടിപ്പണിപോലെ ഒരു കാലഘട്ടത്തിന്റെമാത്രം സൃഷ്ടിയായ വെളിച്ചപ്പാടും ശാന്തിക്കാരനും ഇല്ലാതെയാകേണ്ട തൊഴിലായിരുന്നു.

നിര്‍മ്മാല്യം ഇറങ്ങി ഒന്നര പതിറ്റാണ്ടുകള്‍ക്കുശേഷം കേരളം തിരിച്ചുനടക്കാന്‍ തുടങ്ങിയെന്നതിന്റെ സൂചനയാണ് എംടിയുടെ തന്നെ ആരണ്യകം എന്ന സിനിമയില്‍ വരുന്നത്. കാലഘട്ടത്തെ എംടി എങ്ങനെയാണ് അടയാളപ്പെടുത്തുന്നത് എന്നു നോക്കുക.

Aranyakam - Wikipedia

കേരളം പടിയടച്ച് പിണ്ഡംവെക്കേണ്ട ദുരാചാരങ്ങളാണ് മടങ്ങിവരുന്നത്. ഒരു ഭാഗത്ത് തലവെട്ടിപ്പൊളിക്കുന്ന പെണ്‍കുട്ടികള്‍. മറുഭാഗത്ത് തിരുവനന്തപുരത്ത് എസി കാറില്‍ വന്നിറങ്ങി ബിജെപി നേതാവിനെ കാണുന്ന അഘോരികള്‍.

കേരളത്തില്‍ പതുക്കെ നടന്നുകൊണ്ടിരിക്കുന്ന സാമൂഹ്യ വിപ്ലവമാണ് കേരളത്തിലെ പെണ്‍കുട്ടികളില്‍ നക്കുന്നതെന്നും ജാതിമതഭേദമെന്യേ വിവാഹമെന്ന ഏര്‍പ്പാടിനെതിരേയും സദാചാരങ്ങള്‍ക്കുമെതിരേയും അവര്‍ നടത്തുന്ന കലാപങ്ങള്‍ കേരളത്തിലെ ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടികളുടെയോ ഏതെങ്കിലും സംഘടനയുടെയോ പ്രവര്‍ത്തനഫലമായുണ്ടായതല്ല. അത്തരമൊരു സാമൂഹ്യ മുന്നേറ്റത്തിന്നിടയിലാണ് ഇത്തരത്തില്‍ പെണ്‍കുട്ടികള്‍ കോമരമായി തലവെട്ടിപ്പൊളിക്കുന്നതും അത് ആഘോഷിക്കപ്പെടുന്നതും. അതുകണ്ട് ഉറയാന്‍ സ്‌പെയിനില്‍നിന്നും ഒരു സ്ത്രീകൂടി എത്തുന്നു. അന്ധവിശ്വാസമെന്നത് മനസ്സിന്റെയും തലച്ചോറിന്റെയും ചില വ്യതിയാനങ്ങള്‍ തന്നെയാണ്. ഫ്രോണ്ടല്‍ കോര്‍ട്ടക്‌സിന്റെ പ്രവര്‍ത്തനമെന്നത്, അന്ധവിശ്വാസത്തെ ന്യായീകരിക്കാനുതകുന്ന ഒന്നല്ല. ഭാവിയില്‍ കൊടുങ്ങല്ലൂരിന്റെയും കൊടുങ്ങല്ലൂരമ്മയുടേയും തന്നെ ഐക്കണമായി ഈ പെണ്‍കുട്ടി മാറുമെന്നുറപ്പാണ്. അമൃതാനന്ദമയിക്ക് ശേഷം മറ്റൊരു അമ്മയെ കേരളം അര്‍ഹിക്കുന്നുണ്ടല്ലോ. അത് കൊടുങ്ങല്ലൂരമ്മയാകട്ടെ.

Kodungalloor Kaavutheendal and Bharani, annual festival of Kodungalloor  Bhagavathy Temple | Kerala Tourism

വടകരയിലെ ചില ക്ഷേത്രങ്ങളില്‍ ജീവനുള്ള കോഴിയെ കടിച്ചുവലിച്ച് കൊന്ന് ചോരകുടിക്കുന്ന സമ്പ്രദായം ആരംഭിച്ചിട്ടുണ്ട്. പുരോഗമന ശക്തികള്‍ക്ക് സ്വാധീനമുള്ള മേഖലകളിലൊക്കെയാണ് ഇത്തരത്തിലുള്ള പുതിയ പുതിയ പരിപാടികള്‍ വിശ്വാസത്തിന്റെ പേരില്‍ അരങ്ങേറുന്നത്. കോഴിയറവു തടയുന്ന ചെറുപ്പക്കാരനെ അവതരിപ്പിക്കുന്നുണ്ട് ബന്ധനമെന്ന സിനിമയില്‍.

Bandhanam Malayalam Full Movie | Sukumaran | Shobha | Malayalam Old Movie |  Superhit Malayalam Movie

ഫ്രോണ്ടല്‍ കോര്‍ട്ടക്‌സിന്റെ പ്രവര്‍ത്തനമായാലും വെളിപാടായാലും ദാരിദ്ര്യം കത്തിക്കയറി കുട്ടികള്‍ പട്ടിണി കിടന്നു നിലവിളിക്കുമ്പോഴാണ് വെളിച്ചപ്പാടിന്റെ ഭാര്യ നാരായണിക്ക് തന്റെ ഉടുമുണ്ടഴിക്കേണ്ടിവരുന്നത്. കേവലദാരിദ്ര്യം മാറിയ നവോത്ഥാന കേരളം, പക്ഷേ അന്ധവിശ്വാസങ്ങളുടെ കാര്യത്തില്‍ സമ്പന്നമാണ്.
‘ഏഷ്യയിലെ സാമൂഹികസ്ഥിതിയില്‍ അടിസ്ഥാനപരമായ ഒരു വിപ്ലവം ഉണ്ടാക്കാതെ മനുഷ്യരാശിക്ക് അതിന്റെ ഭാഗധേയം പൂര്‍ത്തിയാക്കാനാവുമോ എന്നതാണ് പ്രശ്‌നം.’ ഇന്ത്യയെ സംബന്ധിച്ച കുറിപ്പുകളില്‍ മാര്‍ക്‌സ് പറയുന്നുണ്ട്.

The opinions and positions expressed in articles published and comments posted here are those of its authors and not of Chenda.co.    The author has full responsibility for the views.   Making derogatory statements and/or using abusive words/statements against any individual, society, religion, or country is a punishable offense under the provisions of the IT policy and the Central Government Act.   Any such statement/words/comments will attract legal action.

No Comments yet!

Your Email address will not be published.