
വൈക്കം മുഹമ്മദ് ബഷീറിന്റെ സാഹിതിയുടെ ഒരു സവിശേഷത അദ്ദേഹത്തിന്റെ സ്ത്രീ കഥാപാത്രങ്ങള്‍ വളരെ ഊര്‍ജസ്വലകളും ബലവതികളും സ്വാതന്ത്യേച്ഛുക്കളും ആണെന്നതാണ്. അദ്ദേഹത്തിന്റെ പ്രസിദ്ധമായ രചനകളെല്ലാം വന്ന കാലം ഓര്‍ക്കുമ്പോഴാണ് ആ രചനകള്‍ അനുഭൂതി മണ്ഡലത്തില്‍ ഉണ്ടാക്കിയ വിസ്മയങ്ങള്‍ മനസ്സിലാവുക. ബാല്യകാലസഖി എന്ന നോവല്‍ 1944 ല്‍ ആണ് പിറന്നത്. മുസ്ലിംങ്ങള്‍ക്കിടയില്‍ ആധുനികവിദ്യാഭ്യാസത്തിനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതില്‍ ഈ രചനയ്ക്കുള്ള സ്വാധീനം ഓര്‍ക്കുക. അക്കാലത്ത് എഴുത്തും വായനയും പഠിക്കുന്നത് മതവിരുദ്ധതയാണെന്ന് ചിന്തിച്ചിരുന്നു. അതുപോലെ ഏതു നിലയ്ക്കും ആണിനെ പേടിക്കേണ്ട കാലത്താണ് തടിക്കച്ചവടക്കാരന്റെ മകനായ മജീദിനോടുള്ള ശണ്ഠകൂടല്‍. അതും ഒരു അടക്കാ കച്ചവടക്കാരന്റെ മകള്‍.
ബാല്യകാലസഖിയിലെ സുഹ്‌റാ പീക്കിരിപ്പെണ്ണായിരിക്കുമ്പോള്‍ തന്നെ എത്ര ശക്തയായിരുന്നവള്‍. അവള്‍ മാന്തും എന്നു പറഞ്ഞാല്‍ മജിദ് ഭയപ്പെട്ടു വിറച്ചിരുന്നു. അവളുടെ നഖങ്ങള്‍ തന്നെ എറ്റവും മൂര്‍ച്ചയുള്ള ആയുധമാണ്. തികഞ്ഞ സമത്വബോധം ചെറുപ്പത്തിലേ അവളിലുണ്ട്. മജീദേ എന്നേ വിളിക്കൂ. മജിദ് അന്നേയ്ക്ക് ഈ പീക്കിരിയെ അപേക്ഷിച്ച് വലിയ ആണ്‍കുട്ടിയാണ്. മജീദ് എടീ എന്ന് വിളിച്ചത് അവളില്‍ അരിശമുണ്ടാക്കി. അവള്‍ മജീദിന് ഒരു മാന്ത് കൊടുത്തു. തീച്ചെരവകൊണ്ട് മാന്തേറ്റതു പോലെ മജീദ് പുളഞ്ഞെന്നാണ് ബഷീര്‍ രേഖപ്പെടുത്തിയിട്ടുള്ളത്. ഇന്നത്തെ ഭാഷയില്‍ പറഞ്ഞാല്‍ അവളൊരു പുലിയാണ് കെട്ടാ…
പ്രതിസന്ധികള്‍ വന്നപ്പോള്‍ സുഹ്‌റാ ആടിയുലഞ്ഞില്ല. നാടുവിട്ടുപോയി നാട്ടിലെത്തിയ മജീദിനെ സുഹ്‌റാ കാണാന്‍ വരുന്നത് പ്രേമപാരവശ്യത്തോടെ തന്നെയാണ്. നാട്ടുകാരുടെ ദുഷിപ്പ് വര്‍ത്തമാനങ്ങളും പൊതുബോധത്തിന്റെ അടിസ്ഥാനത്തിലുള്ള പ്രതികരണങ്ങളും കേട്ടുകേട്ട് മജീദില്‍ ഭയപ്പാടുണ്ടായി അപ്പോള്‍ . മജിദ് സുഹ്‌റായോട് പറഞ്ഞു ‘ സൂക്ഷിക്കണം. സ്ത്രീയാണ് ; പേരിന്നു കളങ്കം പറ്റാതെ.” അയല്‍ക്കാരുടെ ഭാഷണങ്ങള്‍ക്കു മുമ്പില്‍ മജിദ് ചൂളുമ്പോഴും സുഹ്‌റാ ധീരയായി നിലകൊള്ളുന്നതു കാണാം.
പ്രതിസന്ധികളും സംഘര്‍ഷങ്ങളും മജീദിന്റെയും സുഹ്‌റായുടെയും ജീവിതത്തില്‍ ഉടലെടുത്തപ്പോഴും അവര്‍ പ്രത്യാശ വെച്ചുപുലര്‍ത്തി. ”ദുഃഖത്തിന്റെ സമുദ്രത്തില്‍ ആശ്വാസത്തിന്റെ ദ്വീപ് ‘ കണ്ടെത്താന്‍ പണിപ്പെട്ടു. സുഹ്‌റായും മജിദും സ്വന്തം ഭാവനകള്‍ നെയ്തു. അവയ്‌ക്കെല്ലാം ആശ്വാസത്തിന്റെ പകല്‍ നല്‍കാനാണ് അവര്‍ യത്‌നിച്ചത്. റോസ പൂവിനെയല്ല അവള്‍ താലോലിച്ചത് ‘; അവള്‍ നട്ടുനനച്ച ചെമ്പരത്തിയില്‍ പിടിച്ച് നിന്ന് അതായത് തങ്ങള്‍ അഭിമുഖീകരിക്കുന്ന പരുക്കന്‍ യാഥാര്‍ത്ഥ്യങ്ങളുടെ ലോകത്തു തനായിത്തന്നെ ഉയര്‍ന്നുനിന്നാണ് അവര്‍ മറഞ്ഞുപോയത് എന്ന് ഓര്‍ക്കുക. ബഷീര്‍ അനശ്വരനായ സാഹിതീകാരനും , ബാല്യകാലസഖി ജീവിതത്തിന്റെ ഒരേടും ആകുന്നത് അങ്ങനെയാണ്.
ബഷീറിന്റെ സ്ത്രീകഥാപാത്രങ്ങള്‍ ധീരമായി പ്രശ്‌നങ്ങളെ അഭിമുഖീകരിക്കുക മാത്രമല്ല സംയമനത്തോടെയും കാരുണ്യത്തോടെയും പ്രവര്‍ത്തിക്കുന്നു. ബുദ്ധിമതിയാണ് സുഹ്‌റാ. ഗണിതശാസ്ത്രത്തില്‍ മണ്ടനായ മജീദിനെ ക്ലാസിലെ ഒന്നാമനാക്കിയത് സുഹ്‌റയുടെ മിടുക്കാണ്. മജിദിന്റെ കണക്ക് ശരിയായതിന്റെ രഹസ്യം സുഹ്‌റയുടെ മന്ദഹാസത്തില്‍ ഒളിഞ്ഞു കിടന്നേയുള്ളൂ. അങ്ങനെ മജീദിന്റെ ആദ്യ പ്രാര്‍ത്ഥന കേട്ടത് അള്ളായല്ല സുഹ്‌റയാണ്. സുഹ്‌റയുടെ ഔന്നത്യം മാത്രമേ ബഷീറിന്റെ രചനാലോകത്ത് ഉണ്ടാകൂ. അതാണ് ബഷീര്‍.
ഒറ്റക്കണ്ണന്‍ പോക്കര് മുച്ചിട്ടു കളിയിലെ ഉസ്താദായി വാഴുന്ന കാലം. അദ്ദേഹത്തിന്റെ മകള്‍ സൈനബ ബാപ്പയെ സഹായിക്കാന്‍ സമര്‍ത്ഥമായി കായക്കുല മോഷ്ടിച്ചും മുച്ചിട്ടുകളിയില്‍ സഹായിച്ചും കഴിയുന്നു. ബാപ്പയുടെ ശത്രുവാണ് പോക്കറ്റടിക്കാരന്‍ മണ്ടന്‍മുത്തപ്പ.
ഒരിക്കല്‍ , മുത്തപ്പ സൈനബയുടെ കളവ് കണ്ടെത്തി. മുത്തപ്പ അതിന്റെ ചുളിവില്‍ അവളുടെ അഭ്യുദയകാംക്ഷിയായി.ആ പോക്കറ്റടിക്കാരനെ സൈനബ പ്രേമിച്ചു. പക്ഷേ, അതോടെ മുത്തപ്പയുടെ പോക്കറ്റടി സൈനബ അവസാനിപ്പിച്ചു. സ്വന്തമായ തീരുമാനങ്ങള്‍ എടുക്കാനും ബുദ്ധി പ്രയോഗിക്കാനും സൈനബയ്ക്ക് അറിയാം. മുച്ചിട്ടുകളിയില്‍ ബാപ്പയെ മലര്‍ത്തിയടിക്കാനുള്ള സൂത്രം മണ്ടന്‍ മുത്തപ്പയെ പഠിപ്പിച്ചതും സൈനബയുടെ പദ്ധതിയായിരുന്നു. മണ്ടന്‍ എന്ന വിളി സൈനബ ഇഷ്ടപ്പെട്ടില്ല . അത് ബാപ്പയും ഉമ്മയും ചേര്‍ന്നുണ്ടാക്കിയ വിശേഷണമാണ് എന്നാണ് സൈനബ പറയുന്നത്.
ഈ കഥ ബഷീര്‍ ആവിഷ്‌കരിച്ചത് 1951 ല്‍ ആണ്. അന്നത്തെ സ്ത്രീപുരുഷബന്ധങ്ങളുടെ സന്തുലനം അഭ്യസ്തവിദ്യരില്‍ പോലും ഭാവന മാത്രമാണ്. സ്ത്രീകള്‍ ബുദ്ധിമതികളുമല്ല എന്നതാണ് പൊതുബോധം. അക്കാലത്ത് പൊതുയിടത്തില്‍ നിന്നു ബുദ്ധിമതിയായി ജീവിക്കുന്ന ഒരു യുവതിയായി സൈനബയെ ആവിഷ്‌കരിച്ചു എന്നത് പരിവര്‍ത്തനോന്മുഖമായ കാര്യമാണ്. അതും മുസ്ലിം സമുദായത്തില്‍ പഠിപ്പുമൊന്നും ഇല്ലാത്ത ഒരുവളെ ബുദ്ധിശക്തിയുടെ കേന്ദ്രമായി അവതരിപ്പിക്കുക എന്നത് വലിയ സാമൂഹികമായ ഇടപെടലാണ്. ഇന്നും മുസ്ലിം സമൂഹത്തിലെ സ്ത്രീകള്‍ ഇന്ന വഴിക്ക് നടക്കണമെന്ന് പുരുഷന്മാര്‍ വിധികല്‍പ്പിക്കുന്നുണ്ട്. അപ്പോള്‍ മുക്കാല്‍ നൂറ്റാണ്ടു മുമ്പ് ആവിഷ്‌കരിച്ച സൈനബ എന്തെന്തു ഭാവനകള്‍ മലയാളീ സമൂഹത്തില്‍ ഉയര്‍ത്തിയിട്ടുണ്ടാകണമെന്നു വിസ്തരിക്കേണ്ടതില്ലല്ലോ.

ആനവാരിയും പൊന്‍കുരിശും എന്ന നോവലില്‍ രണ്ടാനകളില്‍ ഒന്ന് പാറുക്കുട്ടിയാണല്ലോ. കൊച്ചു നീലാണ്ടനെ മഹാപോക്രിയും ഭീകരനുമായി ചിത്രീകരിക്കുമ്പോള്‍ പാറുക്കുട്ടിയെ എത്ര സ്വാതികയായാണ് അവതരിപ്പിക്കുന്നത്;. ”പാറുക്കുട്ടി ശുദ്ധ പാവമാണ്. കൊമ്പുകളില്ല. അവള്‍ ആരെയും കൊന്നിട്ടില്ല. കൊലവിളിയും നടത്തിയിട്ടില്ല. സൗമ്യ. അവള്‍ക്ക് പേരിന് ഒരേയൊരു ആനക്കാരന്‍ ഉണ്ട്. ഇല്ലെങ്കിലും കുഴപ്പമൊന്നുമില്ല. സദ്ഗുണ സമ്പന്നയാണവള്‍. അവളെ ആര്‍ക്കും എപ്പോഴും തൊടാം. ”സ്ത്രീവര്‍ഗത്തോട് ബഹുമാനവും സ്‌നേഹവുമുള്ള ദാര്‍ശനികനായാണ് പൊന്‍കുരിശുതോമയെ അവതരിപ്പിക്കുന്നത്. ആനവാരിയ്ക്ക് പെണ്‍വര്‍ഗത്തോട് അരിശം വന്നതിന്റെ കാര്യം വിവരിക്കുന്നത് ശ്രദ്ധിക്കൂ. ”അമ്മുക്കുട്ടിയെന്നു പേരായ ഒരു മഹിളാരത്‌നം പ്രേമസംബന്ധമായി ആനവാരി രാമന്‍നായരെ ലേശം ചതിച്ചു.” ആ മഹിളാരത്‌നം ലേശം ചതിച്ചൂത്രേ. അനുവാചകന്റെ മനസ്സില്‍ അമ്മുക്കുട്ടിയോട് എന്തു വികാരമാണ് തോന്നുക? ആനവാരിക്ക് എന്തെങ്കിലും കുഴപ്പമുണ്ടോയെന്നു ചിന്തിച്ചു പോകുകയില്ലേ?
ഇവിടെയും ഒറ്റക്കണ്ണന്‍ പോക്കരുടെ മകള്‍ സൈനബയെ അവതരിപ്പിക്കുന്നത് സ്ഥലത്തെ പ്രധാന സുന്ദരിയും ചെറുകച്ചവടക്കാരിയും ആയാണ്.
ബഷീറിന്റെ സ്ത്രീകഥാപാത്രങ്ങള്‍ ഏറ്റവും മനോഹരമായി നിറഞ്ഞുനില്‍ക്കുന്നത് പാത്തുമ്മയുടെ ആട് എന്ന നോവലിലാണ്. 1954 ഏപ്രില്‍ 27-ന് ആണ് അതിന്റെ ജനനം. തൃശൂരിലെ വല്ലപ്പുഴാസ് വൈദ്യശാലയില്‍ ഭ്രാന്തിന് ചികിത്സ നടത്തുന്ന കാലത്താണ് രചന നടത്തിയത്. അതില്‍ പാത്തുമ്മായുടെ ആട് എന്ന രചനയെ ആരംഭത്തിലേ അദ്ദേഹം പെണ്ണുങ്ങളുടെ ബുദ്ധി എന്ന് വിശേഷിപ്പിച്ചിട്ടുണ്ട്.

രണ്ടു മുറികളും രണ്ടു വരാന്തകളും അടുക്കളയുമുള്ള ഓല വീട്ടില്‍ എത്ര താമസക്കാര്‍ ഉണ്ടെന്നോ? അതിനു മുമ്പേ സ്ത്രീകളുടെ കണക്ക് എടുക്കാം. ഉമ്മ , നേര്‍ അനിയന്‍ അബ്ദുള്‍ ഖാദറിന്റെ ഭാര്യ കുഞ്ഞാനുമ്മ . അവരുടെ മക്കള്‍ പാത്തുക്കുട്ടി ,ആരിഫാ, സുബൈദ. അബ്ദുള്‍ഖാദറിന്റെ അനിയന്‍ മുഹമ്മദ് ഹനീഫായുടെ ഭാര്യ ഐശോമ്മാ, അവരുടെ മകള്‍ ലൈലാ, ഹനീഫായുടെ ഇളയത് ആനുമ്മ, ഉമ്മായുടെ മൂത്ത മകള്‍ പാത്തുമ്മയും മകള്‍ ഖദീജയും.
പാത്തുമ്മയുടെ സ്ഥാനം എല്ലാവര്‍ക്കും മേലെയാണെന്നാണ് അവളുടെ വിചാരം . വല്യക്കാക്കയായ ബഷീര്‍ ആടിനെ അഴിച്ചുവിട്ടാല്‍ പറ്റില്ലെന്നു വിചാരിച്ച് പാത്തുമ്മയോട് പറഞ്ഞു. ”അതിനെ കയറിട്ടു കെട്ടിനിറുത്തണം.” അപ്പോള്‍ അവള്‍ പറഞ്ഞ മറുപടി ഇതാണ് ‘ കയറിടണത് ഇതിന് ഇഷ്ടമല്ല .” പാത്തുമ്മയ്ക്കു മാത്രമല്ല സ്വച്ഛന്ദവിഹാരം വേണ്ടത്. തന്റെ പെണ്ണാടിനും അതു വേണമെന്നാണ് അവളുടെ മനോഗതം. പാത്തുമ്മായുടെ വീടിന്റെ ദയനീയ സ്ഥിതി കണ്ട് കതക് വെയ്ക്കാനുള്ള തുക ബഷീര്‍ നല്‍കാമെന്ന് പറഞ്ഞപ്പോള്‍ അവളുടെ മറുപടിയും ശ്രദ്ധേയമാണ് . അതിങ്ങനെ ആണ് ; ‘ വേണ്ട വല്യ ഇയ്ക്കാക്കാ ഞാന്‍ എന്റെ ആടിന്റെ പാല് വിറ്റ് ഉണ്ടാക്കിക്കോളാം” . ഇങ്ങനെയാണ് പാത്തുമ്മായുടെ രീതികള്‍ . ദുരിതങ്ങള്‍ക്കിടയിലും തന്നിലെ അഭിമാനിയെ എന്നും മുന്നില്‍ നിറുത്തി അവള്‍.
പ്രേമലേഖനം എന്ന നോവല്‍ ബഷീറിന്റെ ജയില്‍ സമ്പാദ്യമാണ്. അവിടെ വെച്ചാണ് അത് എഴുതിത്തിര്‍ത്തത്. ക്രിസ്ത്യാനിയായ സാറാമ്മയും കേശവന്‍നായരും തമ്മിലുള്ള അനുരാഗത്തിന്റെ കഥയാണത് . രണ്ടാനമ്മയുടെ കുശുമ്പു കുത്തലിനെ നേരിട്ടാണ് സാറാമ്മ ജീവിച്ചു വന്നത് .സ്വന്തമായി ആനുകാലികങ്ങള്‍ വാങ്ങുന്നില്ലെങ്കിലും ബാങ്കു ഉദ്യോഗസ്ഥനായ കേശവന്‍ നായര്‍ വണ്ടിക്കുന്ന മാസികകളും വാരികകളും വായിച്ച് സമകാലിക സാംസ്‌കാരികലോകത്തു അവള്‍ ജീവിച്ചുവന്നു. സാറാമ്മയുടെ വീട്ടില്‍ താമസിക്കുന്ന കേശവന്‍ നായരുമായി സ്വാഭാവികമായും സാറാമ്മ സമ്പര്‍ക്കത്തിലായി അത് അനുരാഗത്തിലെത്തി . പക്ഷേ, കേശവന്‍നായരുടെ അത്യുല്‍ക്കടമായ അനുരാഗത്തിനു മുമ്പില്‍ ബുദ്ധിമതിയായ സാറാമ്മ തന്റെ ഉള്ളം വെളിപ്പെടുത്താതെ കേശവന്‍നായരുടെ അനുരാഗത്തെ തീവ്രമാക്കുന്നുണ്ട് . പക്ഷേ, സാറാമ്മ അത്തരം വികാരവിചാരങ്ങളെല്ലാം തന്നുള്ളില്‍ അടക്കിയൊതുക്കി നിര്‍ത്തുന്നു . ബുദ്ധിമതിയും വിവേകിയും കുടുംബാസൂത്രകയും ആയിട്ടാണ് സാറാമ്മയെ ബഷീര്‍ ചിത്രീകരിച്ചിട്ടുള്ളത്.
പ്രേമലേഖനം കഥയില്‍ അസാധാരണമായി എന്തെങ്കിലും ഉണ്ടോ എന്നു ചിന്തിച്ചു നോക്കൂ . . ഒന്നുമില്ല. ആകെയുള്ളത് ഈ പ്രണയ ലേഖനം മാത്രമാണ് .പക്ഷേ, അത് മധുരോദാരമായ പ്രണയജീവിതത്തിന്റെ വികാര പ്രകടനങ്ങളും വിവേകിതമായ ആലോചനകളും കൊണ്ട് അതീവ സമ്പന്നമാണ് . കേശവന്‍നായര്‍ നല്‍കുന്ന കത്ത് തന്നെ എത്ര സുന്ദരമാണ് ? പ്രേമസുരഭിലമായ അതിതീവ്രമായ അന്തരീക്ഷത്തെ ഒറ്റ വാക്യത്തില്‍ തന്നെ ബഷീര്‍ സഹൃദയരില്‍ കൊണ്ടുവന്ന് പ്രതിയിക്കുന്നു . അവിടെ സാറാമ്മ നല്ലൊരു ജീവിത പങ്കാളിയാണെന്ന് ബഷീര്‍ സ്ഥാപിക്കുന്നു . പ്രണയജീവിത സാക്ഷാല്‍ക്കാരത്തിലേക്ക് എത്തുമ്പോള്‍ കുടുംബത്തെ സംബന്ധിച്ച വലിയ ആസൂത്രണത്തിലായിരുന്നു സാറാമ്മ എന്നു ബോധ്യമാകുന്നു. ഇതാണ് ബഷീറിന്റെ സാഹിതീയ ആവിഷ്‌കാരത്തിന്റെയും സാംസ്‌കാരിക വിമര്‍ശനത്തിന്റെയും ഔന്നത്യം.

മതിലുകള്‍ എന്ന രചനയിലെ നാരായണി എത്ര മാത്രം ഭാവനാസമ്പന്നയാണ് . അവര്‍ ബഷീറിനോട് സംസാരിക്കുന്നത് ധൈര്യശാലിയായിട്ടാണ് . സത്യസന്ധമായാണ് അവള്‍ സംസാരിച്ചത്. അവള്‍ക്ക് എഴുത്തും വായനയും അറിയാം. അതായത് വിദ്യാഭ്യാസമുണ്ട്. അവള്‍ ബഷീറിനോട് ചോദിക്കുന്നത് റോസാച്ചെടി തരുമോ എന്നാണ്. മുള്ളുകളെ അപ്രസക്തമാക്കുന്ന റോസപ്പൂവിലാണ് അവള്‍ അവളുടെ ആന്തരിക ജീവിതത്തിന്റെ ശോഭ കണ്ടെത്തുന്നത്. ജയിലിലേത് പരസ്യജീവിതമാണെന്ന് തിരിച്ചറിഞ്ഞവള്‍ അതാസ്വദിക്കുന്നു. ജയിലിനകത്തും തന്റേതായ ലോകങ്ങള്‍ സൃഷ്ടിക്കാന്‍ ബഷീറിനെപ്പോലെ നാരായണിക്കും കഴിയുന്നു. ഇതാണ് ബഷീറിന്റെ രചനാലോകത്തിന്റെ വലിയ സവിശേഷത.
അന്വേഷിച്ചു പോയാല്‍ ഇങ്ങനെ ഒത്തിരി സ്ത്രീകഥാപാത്രങ്ങളെ പറ്റി പറയാനുണ്ട് . സാഹിതി കൊണ്ട് ഉല്‍പതിഷ്ണുതാപരമായ ഒരു വിശാലലോകം അദ്ദേഹം തീര്‍ത്തു കൊണ്ടിരുന്നു. പക്ഷേ, ഒരു കൂട്ടം സാഹിത്യനിരൂപകര്‍ , ബഷീര്‍ സാഹിത്യത്തിലെ ഉല്‍പതിഷ്ണുതാപരമായ അനുഭവമണ്ഡലത്തെ അപഗ്രഥിക്കുന്നതിനുo ,ഭാവനാലോകങ്ങളുടെ സ്വാച്ഛന്ദ്യത്തെ ആസ്വദിക്കുന്നതിനും പകരം ഇന്നലെകളിലെ സാഹിത്യ വിചാരമാതൃകകള്‍ വെച്ച് ലക്ഷണങ്ങള്‍ ചമച്ച് വീണ്ടും തറവാടിത്തം നടിക്കാനുള്ള ശ്രമങ്ങളില്‍ ഏര്‍പ്പെട്ടു എന്നത് മലയാളിയുടെ നിരൂപണചരിത്രത്തിലെ കറുത്ത ഏടാണ് എന്നു സൂചിപ്പിക്കേണ്ട സന്ദര്‍ഭമാണിത് എന്നു കരുതുന്നു.

ഫാബി ബഷീര്‍ ബഷീറിനെ കുറിച്ച് ആത്മകഥയിലൂടെ അവതരിപ്പിക്കുമ്പോള്‍ പറയുന്നുണ്ട്. റ്റാറ്റാ സ്ത്രീകളിലാണ് കൂടുതല്‍ നന്മ കണ്ടിരുന്നത്. ഉമ്മയോടുള്ള സ്‌നേഹാദിരേകങ്ങള്‍ എത്രമാത്രം ഉദാത്തമാണ് ? അമ്മ ജീവിതത്തിന്റെ അനുഭവ പരിസരങ്ങളുടെ മഹത്വം ബഷീറിനെ പ്പോലെ ആവിഷ്‌കരിക്കാന്‍ കഴിഞ്ഞ മറ്റൊരാളുണ്ടായിട്ടുണ്ടോ ലോക സാഹിത്യത്തില്‍? കോഴിക്കോടുപോയി ഉപ്പുസത്യാഗ്രഹത്തില്‍ പങ്കെടുത്ത ബഷീറിനെ ബ്രീട്ടീഷ് സര്‍ക്കാര്‍ ശിക്ഷിച്ചു . ശിക്ഷ കഴിഞ്ഞ് അര്‍ദ്ധരാത്രിയില്‍ ബഷീര്‍ വീട്ടിലെത്തി. ഊണു കഴിക്കാന്‍ ഇരിക്കുമ്പോള്‍ ബഷീര്‍ ചോദിച്ചു. ‘ ഞാന്‍ ഇന്നു വരുമെന്ന് ഉമ്മ എങ്ങനെ അറിഞ്ഞു? ‘ അമ്മ പറഞ്ഞു ‘ ഓ… ചോറും കറിയും വെച്ച് എല്ലാ രാത്രിയും ഞാന്‍ കാത്തിരിക്കും” ഓരോ രാത്രിയും അമ്മ ഉറക്കമിളച്ച് മകന്റെ വരവും കാത്ത് ഇരുന്നു എന്നതാണ് സ്ത്രീജീവിതത്തിന്റെ മഹനീയത . ഇത് ബഷീറിനല്ലാതെ മറ്റൊരാള്‍ക്ക് എഴുതാന്‍ കഴിയുമോ? അമ്മ എന്നാല്‍ മഹാകാശവും മണ്ണും ചേര്‍ന്ന സുഭിക്ഷതയുടെ ദൃഢപേശികള്‍ നിറയെയുള്ള പ്രകൃതിയാണെന്ന് ബഷീര്‍ സാഹിതി വായിച്ച ബഷീറിന്റെ കടുത്ത വിമര്‍ശകരുടെ മനസ്സിലും ഉയര്‍ന്നു പൊങ്ങാതിരുന്നിട്ടുണ്ടാകില്ല.
ലേഖകപരിചയം
ഈ.ഡി. ഡേവീസ്
വരാക്കര എല്‍.പി. സ്‌കൂള്‍, പള്ളിക്കുന്ന് അസംപ്ഷന്‍ ഹൈസ്‌കൂള്‍, തൃശൂര്‍ ശ്രീകേരളവര്‍മ്മ കോളേജ് (എം.എ.മലയാളം), കോഴിക്കോട് (ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ & ജേണലിസം) എന്നിവിടങ്ങളില്‍ പഠനം.
ശാസ്ത്രഗതി മാസികയുടെ അസിസ്റ്റന്റ് എഡിറ്റര്‍, ശാസ്ത്ര കേരളം മാസികയുടെ സബ്എഡിറ്റര്‍, കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ പ്രസിദ്ധീകരണ വിഭാഗത്തില്‍ എഡിറ്റോറിയല്‍ അസിസ്റ്റന്റ്, കേരള സാഹിത്യ അക്കാദമിയില്‍ പബ്ലിക്കേഷന്‍സ് ഓഫീസര്‍ (Rtd.) എന്നിങ്ങനെ പ്രവര്‍ത്തിച്ചു.
കൃതികള്‍ : സഹാനുഭൂതിയുടെ സംസ്‌കാരം, വിദ്യാര്‍ത്ഥി ജീവിതത്തിന്റെ വര്‍ത്തമാനം, അരങ്ങ് മനുഷ്യനെ തേടുന്നു, ആത്മകഥാ സഞ്ചാരങ്ങള്‍, ഇ.എം.എസ്സും സെക്കുലറിസവും, ഒടുവില്‍ ഒറ്റയ്ക്ക് ഗാന്ധി, ഗാന്ധി : വൈരുദ്ധ്യവും സമന്വയവും, സെക്കുലറിസം ബഹുസ്വരത മനുഷ്യാവകാശം (ലേഖനസമാഹാരങ്ങള്‍), ഗര്‍ഭംകലക്കികളുടെ ഉന്മാദം (കഥാസമാഹാരം), ഇരിക്കപ്പിണ്ഡം കഥ പറയുന്നു, അവളുടെ ആകാശം (നാടകങ്ങള്‍).
എഡിറ്റു ചെയ്തവ : കേരള നവോത്ഥാനവും യുക്തിചിന്തയും, തേക്കിന്‍കാട് : നിരാലംബരുടെ നിശ്വാസം, നവകേരളചിന്തകള്‍, കലയും സംസ്‌കാരവും സമകാലവും, തെരഞ്ഞെടുത്ത പ്രബന്ധ ങ്ങള്‍ മാര്‍ പൗലോസ്, വിമര്‍ശനത്തിന്റെ വഴികള്‍, പുതുകേരള ചിന്തകള്‍ (എം.പി. പരമേശ്വരനും ജോജി കൂട്ടുമ്മേലും ചേര്‍ന്ന്). എന്‍വിയുടെയും, രംഗനാഥാനന്ദയുടെയും നാട്ടില്‍ (കെ.സുധാകരന്‍ നെല്ലായിയുമായി ചേര്‍ന്ന്)
അവാര്‍ഡുകള്‍ : വി.ടി. സ്മാരക പുരസ്‌കാരം (2020), സംഘ സാഹിതി അവാര്‍ഡ് (2020), അബുദാബി ശക്തി അവാര്‍ഡ് (2021)
തൃശ്ശൂര്‍ ജില്ലയില്‍ വരാക്കര ദേശത്ത് താമസം.
ഇ-മെയില്‍ : daviesksa@gmail.com







No Comments yet!