Skip to main content

വർഷം

ഉപ്പുകാറ്റൂതുന്ന പോലെ പരുക്ക –
നൊരൊച്ചയെൻ കാതിൽ മുരണ്ടു
ഉള്ളറയിൽ കാത്തൊരഞ്ചാറുതുള്ളികൾ
നിന്നിലിറ്റിച്ചു ഞാൻ പോകും
വേലവിയർപ്പാറി മൂടും മുകിൽക്കീറി –
നീറൻ മൊഴി മുഴങ്ങുന്നു
ഒന്നോ കനിവിൻ്റെ കൺമഷി, കാഴ്ചയ്ക്ക്
ചിന്താശരീരം കൊടുത്തും
ഒന്നെൻ സമുദ്രസഞ്ചാരത്തിലെപ്പൊഴോ
വെൺപാളി ചുറ്റിത്തിളങ്ങി
ഒന്നൊഴുകിത്താണു നിമ്നോന്നതങ്ങളിൽ
പൊന്നുടൽ കണ്ടുമോഹിച്ചും
മങ്ങിയ ലോഹപാത്രത്തിലെ ബുദ്ബുദം
സ്വർണ്ണകടാഹമെന്നോർത്തും
കത്തും പ്രചോദനാദീപത്തിലെണ്ണയായ്.
സ്വപ്നത്തിലൊക്കെ തെളിഞ്ഞും
ഒന്നെൻ വിലങ്ങറുക്കുന്നൂ, ഹിമഖരം
കൊണ്ട് ജലം തീർത്ത കത്തി!
നിത്യത ! നിത്യത!യെന്നാർത്തു ജീവൻ്റെ
സ്വത്വബോധം വിട്ടു പോകും
മറ്റൊന്നു വന്നു നിശ്ശബ്ദതയാചരി-
ച്ചിന്നോളമുള്ളവ മായ്ക്കും
മഞ്ചത്തിലായ് മൗനമെന്ന മഹാധിപൻ
തന്നെ വിരിച്ചിട്ടിരിക്കും
ഛായകൾ സമ്മിശ്രരൂപം ചമയ്ക്കുമ്പൊ –
ളാഗതനാകുമിരുട്ട്
കാലിയുരുപ്പടികൾ നിരങ്ങിപ്പോയി
വാതിലടയ്ക്കുന്നു മുന്നിൽ
മേഘമുലകൾ ചുരന്നവസാനത്തെ –
യേറെ വിയർത്തുള്ള തുള്ളി.

***

:: കവിപരിചയം ::

ഇന്ദിര അശോക്

വിദ്യാർത്ഥി ആയിരിക്കുമ്പോൾ മുതൽ കവിത എഴുതുന്നു. നങ്ങ്യാർകുളങ്ങര TKMMCollege ൽ ഇംഗ്ലീഷ് വിഭാഗം അധ്യാപികയായിരുന്നു.

കൃതികൾ : കനൽക്കാവടി, ക്ഷേത്രം, ശംഖ്, നിലാവെഴുതുമ്പോൾ, പക്ഷികളുടെ പ്രേമഗാഥ, ഏകം, പ്രവാചക, വിഷമാപിനി എന്നീ കവിതാസമാഹാരങ്ങളും, അവൾ പറയുന്നത് എന്ന കുറിപ്പുകളുടെ സമാഹാരവും മുന്നാഴിമുത്ത് എന്ന ബാലസാഹിത്യവും.

പുരസ്‌കാരങ്ങള്‍ : കുഞ്ചുപിള്ള അവാർഡ്, മഹാകവി കുട്ടമത്ത് അവാർഡ്, വെൺമണി അവാർഡ്, കാവൽ കൈരളി അവാർഡും, അറ്റ്ലസ് കൈരളി അവാർഡും, മുതുകുളം പാർവതിയമ്മ , ഡി.വിനയചന്ദ്രൻ എന്നിവരുടെ പേരിലുള്ള പുരസ്കാരവും.

ദേശീയകവി സമ്മേളനത്തിൽ (ആകാശവാണി ) മലയാള കവിതയെ പ്രതിനിധീകരിച്ചു. 4 പരിഭാഷകൾ…

No Comments yet!

Your Email address will not be published.