2025 ഏപ്രിൽ പതിമൂന്നിന്, ഞായറാഴ്ച രാവിലെ അങ്കമാലിയിൽ നിന്നുള്ള ഒരു സുഹൃത്ത് എന്നെ വിളിച്ചു.
അവൻ്റെ ശബ്ദത്തിൽ എന്തോ അസ്വാഭാവികമായ ഒരു ഇടർച്ച. അവൻ പറഞ്ഞു:
“രാജീവേട്ടൻ ആത്മഹത്യ ചെയ്തു… ട്രെയിനു മുന്നിൽ ചാടുകയായിരുന്നു.”
ആ വാർത്തയുടെ സത്യസന്ധത വിശ്വസിക്കാൻ എനിക്കായില്ല. ഉൾക്കരളിൽ ഒരു ശൂന്യത നിറഞ്ഞു.
മറച്ചുവച്ച വികാരങ്ങൾ പൊട്ടിത്തെറിക്കുന്നതുപോലെ, താഴേക്ക് തകർന്നുവീഴുന്ന ഒരു ലോകത്തിന്റെ ശബ്ദം ഞാൻ അവിടെ കേട്ടു. തലേദിവസം വൈകിട്ട്, ഞങ്ങൾ അങ്കമാലിയിലെ കെ.എസ്.ആർ.ടി.സി. ബസ് സ്റ്റാൻഡിനു സമീപമുള്ള ഒരു സുഹൃത്തിൻ്റെ ചായക്കടയിൽ ഏറെ നേരം ഒന്നിച്ചിരുന്നതാണ്. ചായയോടൊപ്പം രാഷ്‌ട്രീയവും സാഹിത്യവുമെല്ലാം സംസാരിച്ചതാണ്. ഇത്തരത്തിലുള്ള കൂടിച്ചേരലുകൾ കഴിഞ്ഞ നാല് വർഷമായി
ഞങ്ങൾക്കിടയിൽ പതിവായിരുന്നു.
എങ്കിലും, അവസാനം കണ്ട ആ വൈകുന്നേരം, പതിവിനെക്കാൾ വ്യത്യസ്തമായി രാജീവ് ചടയംമുറി
ഊർജസ്വലനായി തോന്നിയിരുന്നു. ആ ഉത്സാഹത്തിന്റേതായ കാരണം, ഞങ്ങൾ ഒരുമിച്ചു തുടങ്ങാനിരുന്ന സാംസ്കാരിക മാസികയും സഖാവ് കെ.എൻ. രാമചന്ദ്രൻ എഴുതിയ പുതിയ പുസ്തകവുമായി
ബന്ധപ്പെട്ട പദ്ധതികളും ആയിരുന്നു. മാസികയുടെ രൂപം ഏതാണ്ട് പൂർത്തിയായിരുന്നു.
അതിൻ്റെ പ്രിന്റൗട്ട് അദ്ദേഹം എനിക്ക് കാണിച്ചു തരികയും പുതിയകാലത്തിനു വേണ്ടിയുള്ള അതിന്റെ ദൗത്യം
ഉല്ലാസഭരിതമായി എന്നോട് വിശദീകരിക്കുകയും ചെയ്തു.
നാളെ കാണണം എന്നു പറഞ്ഞു കൊണ്ടാണ് അവസാനം അദ്ദേഹം വീട്ടിലേക്ക് തിരിച്ചത്.
എനിക്ക് അപ്പോൾ ഒരിയ്ക്കലും തോന്നിയിരുന്നില്ല അതായിരിക്കും ഞങ്ങൾ തമ്മിലുള്ള അവസാന കൂടിക്കാഴ്ചയെന്ന്. ഒരു മേശയ്ക്ക് അപ്പുറവും ഇപ്പുറവും ഇരിക്കുമ്പോഴും ആ മുഖത്തുനിന്ന് ജീവിതം അവസാനിപ്പിക്കാനൊരുങ്ങുന്നതിൻ്റെ ഒരു സൂചനപോലും എനിക്ക് കാണാൻ കഴിഞ്ഞില്ലായിരുന്നു.
ഞാൻ അതുവരെ കരുതിയിരുന്നത്, ജീവിതത്തിൽ അപ്രതീക്ഷിതമായ വേർപാടുകൾ ഉണ്ടാകില്ല എന്നായിരുന്നു. ഓരോ മാറ്റത്തിനും മുന്നോടിയായി കുറെ സൂചനകൾ ഉണ്ടാകുമെന്നുള്ള വിശ്വാസം എനിക്ക് ഉണ്ടായിരുന്നു. പക്ഷേ ഇന്ന്, അതെല്ലാം തെറ്റായിരുന്നെന്ന് മനസ്സിലാകുന്നു. ഇന്നലെ വരെ സജീവമായിരുന്ന എന്നോടൊപ്പം ഒരു പാട് സ്വപ്നങ്ങൾ പങ്കുവെച്ചിരുന്ന ഒരാൾ, ഇന്ന് ഇല്ലാതായി തീർന്നിരിക്കുന്നു. അതിന്റെ വിഷമവും ഭാരവും ഇപ്പോൾ എന്റെ മനസ്സിൽ തികച്ചും വ്യക്തമായി പതിയുകയാണ്.
എറണാകുളം ജില്ലയിലെ പറവൂരിലെ കുഞ്ഞിത്തൈ എന്ന ഗ്രാമത്തിലാണ് രാജീവ് ചടയംമുറിയുടെ ജനനം.
പാരമ്പര്യ വൈദ്യനും കോൺഗ്രസ് അനുഭാവിയുമായിരുന്ന ജോസഫിൻ്റെയും, കടുത്ത ക്രിസ്ത്യൻ മതവിശ്വാസം പുലർത്തി ജീവിച്ചിരുന്ന ത്രേസ്യാമ്മയുടെയും രണ്ടാമത്തെ മകനായി അദ്ദേഹം ജനിച്ചു. തികച്ചും സാമ്പ്രദായികമായൊരു കുടുംബാന്തരീക്ഷത്തിലായിരുന്നു അദ്ദേഹത്തിന്റെ ബാല്യകാലം.

പറവൂരിലെ മൂത്തകുന്നം എസ്.എൻ. ഹയർ സെക്കൻഡറി സ്കൂളിലായിരുന്നു രാജീവ് ചടയംമുറി പ്രാഥമിക വിദ്യാഭ്യാസം നേടിയത്.പിന്നീട് മാല്യങ്കര കോളേജിൽ തുടർ വിദ്യാഭ്യാസത്തിനായി ചേർന്നു.
അവിടെ പഠിക്കുമ്പോൾ വിദ്യാർത്ഥി സംഘടന പ്രവർത്തനത്തിൽ സജീവമായി. വിദ്യാർത്ഥി സംഘടനാ പ്രവർത്തനത്തോടൊപ്പം തന്നെ സാഹിത്യ-സാംസ്കാരിക പ്രവർത്തനങ്ങളിലും അതിനു വേണ്ടി സഹപാഠികളെ സംഘടിപ്പിക്കുന്നതിലുമെല്ലാം ഏറെ തല്പരനായിരുന്നു. സമാന ചിന്താഗതിക്കാരനായിരുന്ന സഹോദരൻ രഞ്ജിത്തും കവി ബാലചന്ദ്രൻ ചുള്ളിക്കാടു മടക്കമുള്ള സുഹൃത്തുക്കളുമൊക്കെയായി ചേർന്ന് സാഹിത്യ ചർച്ചകളും കവിയരങ്ങുകളുമെല്ലാം സംഘടിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഇത്തരം പ്രവർത്തനങ്ങൾക്കെല്ലാം സഹായകരമായി തീർന്നത് ചെറുപ്പത്തിൽ തന്നെ ആരംഭിച്ച അദ്ധേഹത്തിൻ്റെ വായനാശീലമായിരുന്നു.
![]()
നാട്ടിലെ ലൈബ്രറിയിൽ നിന്നും എടുത്ത് വായിച്ച ചില പുസ്തകങ്ങൾ, പ്രധാനമായും, കെ. വേണുവിൻ്റെ “പ്രപഞ്ചവും മനുഷ്യനും, വിപ്ലവത്തിൻ്റെ ദാർശനിക പ്രശ്നങ്ങൾ ” തുടങ്ങിയ പുസ്തകങ്ങൾ വഴി അദ്ധേഹത്തിന്റെ ഉള്ളിൽ ദുര്‍വ്യാഖ്യാനിക്കപ്പെട്ടു കിടന്ന ചിന്തകളെ നേരിടാനും, കാലങ്ങളായി മനസ്സിൻ്റെ ആഴത്തിൽ നിശബ്ദമായി ഒറ്റപ്പെട്ടു കിടന്നിരുന്ന തിരിച്ചറിവുകൾക്ക്, ഒരു രൂപം നൽകാനും കഴിഞ്ഞു.
അദ്ദേഹം തന്നെ പിന്നീട് എന്നോട് പറഞ്ഞിട്ടുണ്ട്;
“അവ, വെറും പുസ്തകങ്ങളോ തത്വചിന്ത ശകലങ്ങളോ ആയിരുന്നില്ല. അതിലുപരി, അവ എന്റെ ഉള്ളിൽ ഒരു തീക്കനലുണ്ടാക്കിയ, ശബ്ദങ്ങൾക്കപ്പുറമുള്ള ആഹ്വാനങ്ങളായിരുന്നു. അവയെ ഞാൻ ആദ്യമായി വായിച്ചപ്പോൾ, ഞാനെന്നൊരു വ്യക്തിയേയും, എനിക്ക് അതുവരെ ഉണ്ടായിരുന്നു എന്നു കരുതിയ ലോകത്തെ കുറിച്ചുള്ള വികലമായ കാഴ്ചപ്പാടുകളെയും ഒരു ഭൂകമ്പം പോലെ ഉഗ്രതയോടെ കുലുക്കി മാറ്റി.അവ അക്ഷരങ്ങളായി പിറന്നതായിരുന്നു, പക്ഷേ എന്റെ ഉള്ളിലൊടുങ്ങിയ ദാഹത്തിനും സംശയങ്ങൾക്കും കൃത്യമായ വാക്കുകളും ഉത്തരങ്ങളും നൽകുന്നതായിരുന്നു. ആ പുസ്തകങ്ങളായിരുന്നു പിന്നീട് എന്നെ ഇടതുപക്ഷ ചിന്തയുടെ ദിശയിലേക്കും, വിപ്ലവ രാഷ്ട്രീയത്തിന്റെ കാഠിന്യങ്ങളിലേക്കും കൊണ്ടുപോയത്. നീതി, സമത്വം, ജനാധിപത്യം, വിപ്ലവം ഈ ആശയങ്ങൾ എന്നിൽ ചിട്ടപ്പെടുത്തി ഉറപ്പിച്ചതും, വേദനകളെയും ഉത്പ്രേരണകളെയും ഒരേ സമയം തീവ്രതയോടെ നേരിടാൻ മനസ്സിനെ പാകപ്പെടുത്തിയതും ഈ പുസ്തകങ്ങളിലൂടെയാണ്. അതിനുശേഷം എനിക്ക് തിരിച്ചറിയാൻ കഴിഞ്ഞു, ചില പുസ്തകങ്ങൾ വെറും വായനയ്ക്കുള്ളവയല്ല. അവയെ ആഴത്തിൽ വായിച്ചാൽ, അവയുടെ അക്ഷരങ്ങൾ നമ്മളെ ആന്തരികമായി ഉണർത്തുമെന്ന്. ജീവിതം നിശബ്ദമായി മാറ്റിയെടുക്കുന്ന ജാഗ്രതയിലേക്കുള്ള ആദ്യ ചുവടായി ആ അക്ഷരങ്ങൾ മാറുകയായിരുന്നു.”
വായനയിലൂടെ ഉദിച്ച ആ ചിന്താകനലുകൾ ശാന്തമായ ജീവിതത്തിന്റെ ഉപരിതലത്തിൽ നിന്നുമുള്ള പിന്തിരിഞ്ഞോട്ടമായിരുന്നില്ല, മറിച്ച് ഒരു അടിയന്തരബോധത്തോടെ കാലം ചോദിച്ച ചോദ്യങ്ങൾക്ക് ജീവനോടെ ഉത്തരം പറയാനുള്ള ഒരു ശ്രമമായിരുന്നു. ഈ ചിന്തകളും അന്വേഷണങ്ങളുമാണ് പിന്നീട് അദ്ധേഹത്തെ നക്സൽബാരിയുടെ രാഷ്ട്രീയപാതയിലേക്ക് കൊണ്ടുചെന്നെത്തിച്ചത്. അത് ആസൂത്രിതമായ തീരുമാനമോ ബാഹ്യപ്രഭാവങ്ങളാൽ സ്വാധീനിച്ച മുന്നേറ്റമോ ആയിരുന്നില്ല; മറിച്ച്, വായനയിലൂടെയും ചിന്തയിലൂടെയും ഉദിച്ച ആന്തരികമായ തീപിടുത്തമായിരുന്നു. അത് അദ്ധേഹത്തെ ആ പാതയിലേക്ക് നയിക്കുകയായിരുന്നു.
വലതുപക്ഷ ആശയങ്ങളെയും കടുത്ത മതവിശ്വാസത്തെയും ആസ്പദമാക്കിയിരുന്ന ഒരു കുടുംബാന്തരീക്ഷത്തിലാണ് ജനിച്ച് വളർന്നതെങ്കിലും, വളരെ ചെറുപ്പത്തിൽ തന്നെ ഇടതുപക്ഷ വിപ്ലവരാഷ്ട്രീയത്തിൻ്റെ വിത്ത് അദ്ദേഹത്തിൻ്റെ മനസിൽ വീണിരുന്നു. ആ വിത്ത് വിതറിയത് മറ്റാരുമായിരുന്നില്ല; അദ്ധേഹത്തിൻ്റെ പിതാവിൻ്റെ സഹോദരനായ സഖാവ് ജോർജ്ജ് ചടയംമുറിയായിരുന്നു. അവിഭക്ത കമ്യൂണിസ്റ്റ് പാർട്ടിയുടെ നേതാവും, കേരളത്തിൽ ട്രേഡ് യൂണിയൻ പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിൽ പ്രധാനികളിൽ ഒരാളും, പുന്നപ്ര വയലാർ സമര പോരാളിയുമായിരുന്നു സഖാവ് ജോർജ്ജ് ചടയംമുറി.അദ്ധേഹം മരണപ്പെട്ടപ്പോൾ സഖാവിൻ്റെ മൃതദേഹത്തിനരികെ നിന്ന് മലയാളത്തിൻ്റെ പ്രിയപ്പെട്ട കവിയും കമ്യൂണിസ്റ്റ് പാർട്ടി നേതാവുമായിരുന്ന പി ഭാസ്കരൻ വിങ്ങിപൊട്ടിയപ്പോൾ ഞാനും കരഞ്ഞു പോയെന്ന കാര്യം സഖാക്കളുമായി ഒരിയ്ക്കൽ പങ്ക് വക്കുന്നത് ഞാൻ കേട്ടിട്ടുണ്ട്. ജീവിതം അവസാനിപ്പിക്കുന്നതിന് കുറച്ചു നാൾ മുമ്പ്,സഖാവ് ജോർജ്ജ് ചടയംമുറിയെക്കുറിച്ച് പി ഭാസ്കരൻ മാഷ് എഴുതിയ “ജോർജ് ചടയംമുറി” എന്ന കവിത കേൾക്കുന്നതും അതിനെ പറ്റി രാജീവ് ചടയംമുറി വാചാലനാകുന്നതും ഞാൻ കണ്ടിട്ടുണ്ട്.പിന്നീട് ആ കവിത എനിക്ക് അദ്ധേഹം അയച്ചുതരികയുമുണ്ടായി. അന്ന് രാത്രി ആ കവിത നിരവധി വട്ടം കേൾക്കുകയും ഞാൻ വളരെയധികം ആവേശഭരിതനാവുകയും ചെയ്തു.
തൊണ്ണൂറുകളിൽ സി പി ഐ [എം എൽ ] പ്രസ്ഥാനത്തിൻ്റെ പ്രവർത്തകനായി എത്തിയ സമയത്താണ് ഞാൻ ആദ്യമായി രാജീവ് ചടയംമുറിയെ കാണുകയും പരിചയപ്പെടുകയും ചെയ്യുന്നത്. അന്ന് അദ്ദേഹം സജീവ രാഷ്ട്രീയ പ്രവർത്തനത്തിൽ നിന്ന് മാറി നിന്നിരുന്ന കാലമായിരുന്നു. സജീവ രാഷ്ട്രീയ പ്രവർത്തനങ്ങളിൽ നിന്നും മാറി
നിന്നിരുന്നുവെങ്കിലും, പാർട്ടിയോടുള്ള ആത്മബന്ധം അദ്ദേഹം ജീവിതത്തിൽ ആഴത്തിൽ നിലനിർത്തിയിരുന്നു.
അക്കാലത്ത് അദ്ധേഹം ഒരു തൊഴിലെന്ന രീതിയിൽ അങ്കമാലിയിൽ ലിറ്റിൽ ഫ്ലവർ ഹോസ്പിലിനു മുന്നിലുള്ള കെട്ടിടത്തിൽ ഒരു കമ്പ്യൂട്ടർ സെന്റർ തുടങ്ങിയിരുന്നു. തൊഴിലുമായി മുന്നോട്ട് പോകുമ്പോൾ പോലും അങ്കമാലിയിലുള്ള സഖാക്കൾക്ക് പാർട്ടി കമ്മിറ്റികൾ കൂടുന്നതിനും സഖാക്കൾക്ക് ഒന്നിച്ചിരിക്കുന്നതിനുമെല്ലാം ഈ കമ്പ്യൂട്ടർ സെൻ്റർ അദ്ധേഹം വിട്ടു നൽകിയിരുന്നു. മാത്രമല്ല പാർട്ടി സംഘടിപ്പിക്കാറുള്ള പൊതു പരിപാടികളിൽ അനുഭാവപൂർവ്വം പങ്കെടുക്കുകയും ചെയ്തിരുന്നു അദ്ധേഹം.

സംഘടനാ പ്രവർത്തന രംഗത്ത് ഒന്നര പതിറ്റാണ്ടു കാലത്തോളം മാത്രമെ അദ്ദേഹം സജീവമായി ഉണ്ടായിരുന്നുള്ളു. അതൊരു ചെറിയ കാലയളവ് മാത്രമാണ്. എന്നാൽ ആ ചെറിയ കാലയളവ് വിശ്രമമില്ലാത്ത അലച്ചിലുകളുടെയും, ഇടവേളകളില്ലാത്ത പോരാട്ടങ്ങളുടെയും, ഏറെ ആഴമുള്ള ആത്മസംഘർഷങ്ങളുടെയും കാലഘട്ടമായിരുന്നു.
ഒരു കൃത്യമായ ലക്ഷ്യബോധം കൊണ്ടും, വ്യക്തമായ രാഷ്ട്രീയ കാഴ്ചപ്പാടുകളോടും കൂടിയായിരുന്നു അദ്ദേഹം ആ പ്രവർത്തനത്തിൽ പങ്കാളിയായത്. കാഴ്ചപ്പാടുകൾക്കിടയിലെ ഭിന്നതകളും,സംഘടനാ നിലപാടുകളിലെ പരസ്പരവിരുദ്ധതകളും, വ്യക്തിജീവിതത്തെയും രാഷ്ട്രീയ ജീവിതത്തെയും തമ്മിൽ ഒത്തുചേർക്കാനുള്ള ചിന്താഭംഗിയും അതിനനുസരിച്ചുള്ള തീക്ഷ്ണമായ തിരച്ചിലുകളും ചേർന്നുണ്ടാക്കിയിരുന്ന പ്രയാസങ്ങൾ,അദ്ധേഹം രാഷ്ട്രീയ പ്രവർത്തനങ്ങൾ നടത്തിയ കാലം ഞാൻ നേരിട്ട് അനുഭവിച്ചിട്ടില്ലെങ്കിലും, എഴുത്തിൻ്റെ പ്രക്രിയയിൽ നിന്നുയർന്ന അനുഭവങ്ങളുടെ തീവ്രത, ആ കാലഘട്ടത്തിലെ വികാരങ്ങൾ അതിന്റെ മുഴുവൻ സാന്ദ്രതയോടും കൂടി എൻ്റെ മനസ്സിൽ പതിയുകയാണ്. ഒന്നിനൊന്ന് അടിച്ചേൽപ്പിച്ച വെളിച്ചങ്ങളല്ല, മറിച്ച് ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ അനന്തമായ ചോദ്യങ്ങൾക്കിടയിലൂടെയും, അന്തരാളത്തിലേക്കുള്ള വിറയുന്ന നോട്ടങ്ങളിലൂടെയും കടന്നുപോയ ദിനങ്ങൾ ആയിരുന്നു അവ. ആ ഓരോ ദിനങ്ങളും രാഷ്ട്രീയ അസ്ഥിരതകളിലും ആത്മവിചാരണകളിലും നിന്ന് രൂപം കൊണ്ടതായിരുന്നു.
അതുകൊണ്ടുതന്നെ, ചെറിയതായി തോന്നുന്ന ആ സമയപരിധിക്കുള്ളിൽ തന്നെ, അദ്ദേഹത്തിന്റെ രാഷ്ട്രീയജീവിതത്തിലെ ഏറ്റവും ഗൗരവമേറിയ, ചോദ്യങ്ങളിൽ ആഴത്തിൽ ഉരുകിയ, ചുവപ്പും ചിന്തയും നിറഞ്ഞ അധ്യായം എഴുതപ്പെട്ടുവെന്നത് തർക്കമില്ലാത്ത യാഥാർത്ഥ്യമാണ്. ആത്മസംഘർഷങ്ങളുടെ തീയിലൂടെയും സന്ദേഹങ്ങളുടെ കനൽവഴികളിലൂടെയും കടന്നുപോയ ജീവിതം, ആ കാലഘട്ടത്തെ വെറും ഒരു അനുഭവമായിട്ടല്ല, മറിച്ച്, നിർണായകമായ ഒരു രാഷ്ട്രീയ-മാനസിക സംവേദനമായി ആക്കിയിരുന്നു.
അടിയന്തിരാവസ്ഥയ്ക്ക് ശേഷം ശിഥിലമായിരുന്ന പാര്‍ട്ടിയെ പുനഃസംഘടിപ്പിക്കാൻ വേണ്ടിയുള്ള പ്രവർത്തനങ്ങൾ നടക്കുന്ന കാലത്താണ് രാജീവ് ചടയംമുറി പാര്‍ട്ടിയിലേക്ക് കടന്നു വരുന്നത്. ഭരണകൂടത്തിൻ്റെ അടിച്ചമർത്തലുകളാലും വേട്ടയാടലുകളാലും പാർട്ടി സംഘടന സംവിധാനം അടിമുടി തകര്‍ന്നുപോയ അവസ്ഥയായിരുന്നു അന്ന്. നിരവധി നേതാക്കളും പ്രവര്‍ത്തകരും പലതരത്തിലും വേര്‍പെട്ടുപോയിരുന്നു, ധാരാളം ബന്ധങ്ങള്‍ വിച്ഛേദിക്കപ്പെട്ടിരുന്നു. സംഘടനാ സംവിധാനത്തെ തകര്‍ന്ന അവസ്ഥയില്‍ നിന്നും അതിനെ വീണ്ടും കരുത്താര്‍ജിക്കുന്നതാക്കി മാറ്റാനും, രാഷ്ട്രീയവും പ്രത്യയശാസ്ത്രപരവുമായി സജീവമാക്കാനുമുള്ള ശ്രമങ്ങള്‍ കേരളത്തിലെ എല്ലാ ജില്ലകളിലും നടന്നുകൊണ്ടിരുന്നു. അത്തരത്തിലുള്ള പുനസംഘടനാ പ്രവർത്തനങ്ങൾ നടക്കുമ്പോഴായിരുന്നു രാജീവ് ചടയംമുറിയുടെ പാർട്ടിയിലേക്കുള്ള കടന്നുവരവ്. അത്തരം പ്രവർത്തനങ്ങളിൽ
അദ്ദേഹം മുഴുവൻ ആത്മാര്‍ത്ഥതയോടും ഉത്തരവാദിത്വബോധത്തോടും കൂടി പങ്കെടുക്കുകയുണ്ടായി.
ഓരോ കമ്മിറ്റികളിലും നടക്കുന്ന ചര്‍ച്ചകളിൽ, അദ്ദേഹത്തിന്റെ സാന്നിധ്യവും അഭിപ്രായങ്ങളും ഒരു വ്യക്തിത്വമായി ഉയർന്നിരുന്നു. പുതിയ തലമുറയെ രാഷ്ട്രീയ ചിന്തയിലേക്ക് ആകര്‍ഷിക്കാനുള്ള ആശയവിനിമയങ്ങളിലും, പഴയ ബന്ധങ്ങളെ വീണ്ടും തിരിച്ചു കൊണ്ടുവരുന്നതിനുള്ള ശ്രമങ്ങളിലും അദ്ദേഹം മുന്നിൽ നിന്നു. അദ്ദേഹത്തിന്റെ ഈ ആത്മാർത്ഥമായ സമർപ്പണങ്ങൾ മൂലം, ഉടൻതന്നെ അദ്ദേഹം രാഷ്ട്രീയ പ്രതിബദ്ധതയുടെ ഒരു മാതൃകയായി പാർട്ടിക്കുള്ളിൽ അംഗീകാരം നേടുകയും ചെയ്തു. അതിൻ്റെയെല്ലാം തുടർച്ചയായി അദ്ദേഹം പാർട്ടിയുടെ എറണാകുളം ജില്ലാ സെക്രട്ടറിയായി നിയോഗിക്കപ്പെടുകയും, പിന്നീട് സംസ്ഥാന കമ്മിറ്റിയിലേക്ക് എത്തപ്പെടുകയും ചെയ്തു. ആ കമ്മിറ്റിയിൽ ഉണ്ടായിരുന്ന ഏറ്റവും പ്രായം കുറഞ്ഞ രണ്ടു പേരിൽ ഒരാൾ രാജീവ് ചടയംമുറിയായിരുന്നു; മറ്റൊരാൾ സഖാവ് പിജെ ബേബിയുമായിരുന്നു.
അദ്ദേഹം ജില്ലാ സെക്രട്ടറിയായിരുന്ന കാലയളവിൽ നടന്ന പ്രത്യേകിച്ച് എറണാകുളം ജില്ലയിൽ നടന്ന സമരങ്ങളിൽ പലതും പൊതു സമൂഹം വളരെയധികം ശ്രദ്ധിക്കപ്പെട്ടതും ചർച്ച ചെയ്യപ്പെട്ടതുമായ സമരങ്ങളായിരുന്നു. വൈപ്പിനിൽ വിഷമദ്യ ദുരന്തത്തിന് കാരണക്കാരായ മദ്യ രാജാക്കന്മാർക്കെതിരെ നടന്ന സമരം അതിൽ എടുത്തു പറയേണ്ട ഒന്നാണ്. വിഷമദ്യ മാഫിയകൾക്കെതിരെ പൊട്ടിപ്പുറപ്പെട്ട ജനരോഷത്തിന് നേതൃത്വം കൊടുത്തത് രാജീവ് ചടയംമുറിയും, അദ്ധേഹത്തിൻ്റെ നേതൃത്വത്തിലുണ്ടായിരുന്ന സഖാക്കളുമായിരുന്നു. ഈ സമരത്തിൻ്റെ ഭാഗമായി തന്നെയുള്ള വൈപ്പിനിലെ കൊച്ചഗസ്തി എന്ന മദ്യ മാഫിയാ തലവന്റെ പാടം കൊയ്യുന്നതിനെതിരെ ജനങ്ങളെ സംഘടിപ്പിച്ചു കൊണ്ട് നടന്ന പ്രക്ഷോഭങ്ങൾക്ക് അദ്ദേഹം മുന്നിൽ നിന്നുകൊണ്ടുതന്നെ നേതൃത്വം നൽകുകയുണ്ടായി. അതിൻ്റെ ഭാഗമായി നേരിടേണ്ടിവന്ന പോലീസ് മർദ്ദനങ്ങളും ജയിൽവാസവുമൊക്കെ അദ്ദേഹത്തിന്റെ ജീവിതത്തെ ആഴത്തിൽ സ്വാധീനിച്ച അനുഭവങ്ങളായി മാറി.
അതുപോലെ തന്നെ വളരെയധികം ചർച്ച ചെയ്യപ്പെട്ട സമരങ്ങളിൽ ഒന്നായിരുന്നു മാഞ്ഞാലിയിലെ ഇഷ്ടികക്കളം മാഫികൾക്കെതിരെ നടന്ന സമരവും.അവിടെയും വലിയ രീതിയിലുള്ള സംഘർഷങ്ങളെയും അടിച്ചമർത്തലുളെയുമാണ് രാജീവ് ചടയംമുറിയടക്കമുള്ള സഖാക്കൾക്ക് നേരിടേണ്ടി വന്നത്. അന്ന് ഇഷ്ടികക്കളം മുതലാളിമാർക്കു വേണ്ടി പോലീസിനൊപ്പം സിപിഎമ്മിൻ്റെ ജില്ലാ നേതൃത്വത്തിൻ്റെ അനുമതിയോടെ പ്രാദേശിക നേതാക്കളും,ഗുണ്ടകളും സമര സഖാക്കൾക്കെതിരെ രംഗത്തിറങ്ങിയിരുന്നു. ഇത്തരത്തിലുള്ള എല്ലാ ഭീഷണികളെയും അടിച്ചമർത്തലുകളെയും നേരിടാൻ സഖാക്കളോടൊപ്പം നിലയുറപ്പിക്കാൻ കഴിഞ്ഞത്, അദ്ധേഹത്തിൻ്റെ ആത്മാർത്ഥമായ പ്രതിബദ്ധതയുടെ തെളിവായിരുന്നു. അങ്ങനെ അത്തരത്തിലുള്ള നിരവധിയായ പ്രക്ഷോഭ സമരങ്ങൾക്ക് ജില്ലാ സെക്രട്ടറിയായിരുന്ന കാലത്ത് ചടയംമുറിയും അദ്ധേഹത്തോടൊപ്പമുണ്ടായിരുന്ന സഖാക്കളും നേതൃത്വം കൊടുക്കുകയുണ്ടായി.
ഈ സമരങ്ങളും കഷ്ടതകളും അദ്ദേഹത്തെ ഒരു രാഷ്ട്രീയ പ്രവർത്തകനായി, പൊതുപ്രവർത്തകനായി വളർത്തിയെടുത്ത ജീവിതത്തിലെ നിർണായക അധ്യായങ്ങളാണ്. അവ, ജനങ്ങളുടെ അവകാശങ്ങൾക്കും ക്ഷേമത്തിനും വേണ്ടി ഒരാൾ എത്രമാത്രം ആത്മാർഥതയോടെ, വിട്ടുവീഴ്ചയില്ലാതെ നിന്നിരുന്നു എന്നതിന് തെളിവായ ഓർമ്മകളാണ്. അവ കേവലം രാഷ്ട്രീയ ചരിത്രം മാത്രമല്ല; കഠിനകാലങ്ങളെ അതിജീവിച്ചും തകർന്നുപോകാതെ നിലനിന്നും മുന്നോട്ട് നീങ്ങിയ ഒരു മനസ്സിന്റെ അടയാളങ്ങളുമാണ്. ഈ അനുഭവങ്ങളാണ് അദ്ദേഹത്തിന്റെ ചിന്തകളെയും നിലപാടുകളെയും, അതോടൊപ്പം അദ്ദേഹത്തിന്റെ ജീവിതത്തെ തന്നെ, ആഴത്തിൽ രൂപപ്പെടുത്തിയെടുത്തത്.
കേരളത്തിലെ പൊരുതുന്ന യുവത്വത്തിൻ്റെ പ്രസ്ഥാനമായിരുന്ന യുവജനവേദി എന്ന വിപ്ലവ യുവജനപ്രസ്ഥാനത്തെ കെട്ടിപ്പടുക്കുന്നതിൽ പ്രധാനിയായിരുന്നു രാജീവ് ചടയംമുറി. ആ സംഘടനയുടെ സംസ്ഥാന വൈസ് പ്രസിഡൻ്റായിരുന്നു അദ്ദേഹം. വൈപ്പിനിൽ വച്ച് നടന്ന കേരളത്തിൻ്റെ പ്രഥമ നിയമ സഭ സ്പീക്കറായിരുന്ന സഖാവ് ശങ്കരനാരായണൻ തമ്പി ഉദ്ഘാടനം ചെയ്യുകയും, സഖാവ് അജിത, കെ.സി. നാരായണൻ തുടങ്ങിയവർ പങ്കെടുക്കുകയും ചെയ്ത ആ സംഘടനയുടെ ആദ്യ സമ്മേളനം വിജയകരമായി പൂർത്തീകരിക്കുന്നതിലും, തുടർന്ന് ആ സംഘടനയുടെ മുൻകൈയിൽ ലോക ബാങ്കിനെതിരെ, കൊക്കോ കോളക്കെതിരെ, ഡബിൾ കോളക്കെതിരെ, എവറഡി ബാറ്ററിക്കെതിരെ, ആണവനിലയത്തിനെതിരെ എന്നു വേണ്ട ഇടതു-വലതു ഭരണകൂടങ്ങൾ നടപ്പിലാക്കിയ ജനവിരുദ്ധമായ സാമ്രാജ്യത്വ നയങ്ങൾങ്ങൾക്കെതിരെയും പദ്ധതികൾക്കെതിരെയുമെല്ലാം നടന്ന എണ്ണമറ്റ പ്രക്ഷോഭ സമരങ്ങളിലെല്ലാം തന്നെ രാജീവ് ചടയംമുറിയുടെ സജീവമായിട്ടുള്ള പങ്കാളിത്തമാണ് ഉണ്ടായിരുന്നത്.
പാർട്ടിയുടെ ഔദ്യോഗിക പ്രസിദ്ധീകരണമായ കോമ്രേഡ് മാസികയിലേക്കുള്ള ലേഖനങ്ങൾ അതിന് ആവശ്യമായ തിരുത്തലുകളും ഭാവമാറ്റങ്ങളും നടത്തുക, ഉള്ളടക്കത്തിന്റെ രാഷ്ട്രീയ സാരവും കൃത്യതയും ഉറപ്പാക്കുക തുടങ്ങി പ്രസാധനവുമായി ബന്ധപ്പെട്ട വിവിധ ഉത്തരവാദിത്വങ്ങളും അദ്ദേഹം വളരെ വ്യക്തതയോടെയും ഉത്തരവാദിത്തബോധത്തോടെയും നിർവഹിച്ചിരുന്നു. ഇത്തരത്തിലുള്ള ഒരു ജോലി അദ്ദേഹത്തിന് പാർട്ടി ഏൽപ്പിക്കപ്പെട്ടതായിരുന്നു. അതിനെ അതിനാവശ്യമായ ഉത്തരവാദിത്വബോധത്തോടെയും ശ്രദ്ധയോടെയും അദ്ദേഹം നിർവ്വഹിച്ചു. ലേഖനങ്ങൾ തിരുത്തലുകൾക്കായി വായിക്കുക, ആശയപരമായി ഉറപ്പുവരുത്തുക, പ്രസിദ്ധീകരണത്തിനായി തയ്യാറാക്കുക എന്നിങ്ങനെയൊക്കെയുള്ള കാര്യങ്ങളിൽ ഇടപെട്ടത് അദ്ദേഹത്തിന് വലിയൊരു അനുഭവസമ്പത്ത് ഒരുക്കിക്കൊടുത്തു. പിന്നീട് ഡൽഹിയിലും വിദേശത്തുമായി മാധ്യമരംഗത്ത് പ്രവർത്തിക്കേണ്ടി വന്നപ്പോൾ, ആ അനുഭവങ്ങളെല്ലാം വളരെയേറെ സഹായകമായി തീർന്നുവെന്ന് അദ്ദേഹം ഒരിക്കൽ എന്നോട് പറഞ്ഞിട്ടുണ്ട്.
രാഷ്ട്രീയ പ്രവർത്തനമെന്നതുപോലെ ചടയംമുറി കലാ സാംസ്കാരിക പ്രവർത്തനങ്ങളിലും സജീവമായി തന്നെ ഇടപെടലുകൾ നടത്തിയിരുന്നു.അതിന് ചാലകശക്തിയായി തീർന്നത് കേരളീയ സമൂഹത്തെ ഇളക്കിമറിച്ച പ്രവർത്തനങ്ങൾ നടത്തിയ ജനകീയ സാംസ്കാരിക വേദിയായിരുന്നു. മലയാളത്തിൻ്റെ പ്രിയ രാഷ്ട്രീയ കഥാകാരൻ എം സുകുമാരൻ്റെ രാഷ്ട്രീയ സാംസ്കാരിക രംഗത്ത് വലിയ ചലനമുണ്ടാക്കിയ “ശേഷക്രിയ” എന്ന നോവലിനെ ആസ്പദമാക്കി “ശേഷക്രിയ” എന്ന പേരിൽ തന്നെ സഖാവ് എം എം സോമശേഖരൻ എഴുതിയ നാടകം രാജീവ് ചടയംമുറി സംവിധാനം ചെയ്യുകയുണ്ടായി.ആ നാടകം കേരളത്തിൻ്റെ വിവിധ പ്രദേശങ്ങളിൽ അവതരിപ്പിക്കുകയും വലിയ രീതിയിലുള്ള ജനശ്രദ്ധ പിടിച്ചു പറ്റുകയും ചെയ്യുകയുണ്ടായി.ആ നാടകത്തിൻ്റെ റിഹേഴ്സൽ നടക്കുന്ന ക്യാമ്പുകളിൽ വന്ന് ജോൺ എബ്രാഹം ചില നിർദേശങ്ങളൊക്കെ തരുമായിരുന്നുവെന്ന് ചടയം മുറി എന്നോട് പറഞ്ഞിട്ടുണ്ട്.
അതുപോലെ തന്നെ വൈപ്പിനിൽ വച്ച് ജോണ്‍ എബ്രഹാം അവതരിപ്പിച്ച ‘നായ്ക്കളി’ എന്ന നാടകത്തിൻ്റെ സംഘാടനവും രാജിവ് ചടയംമുറിയുടെ നേതൃത്വത്തില്‍ ഗംഭിരമായി നടന്നു. പുരോഗമന ചിന്താഗതിയുള്ള ചെറുപ്പക്കാർ നേതൃത്വം കൊടുത്തിരുന്ന വായനശാലകൾക്കുവേണ്ടിയും മറ്റും ജോൺ എബ്രഹാം തന്നെ എഴുതിയ ചെന്നായ്ക്കൾ എന്ന നാടകവും അദ്ധേഹം സംവിധാനം ചെയ്ത് അവതരിപ്പിക്കുകയുണ്ടായിട്ടുണ്ട്.

ജോൺ എബ്രഹാം ചടയംമുറിയുടെ ഉറ്റ സഖാവായിരുന്നു. ജോൺ എബ്രഹാമിന്റെ നേതൃത്വത്തിൽ പ്രവർത്തിച്ച ഒഡേസാ സംഘം നടത്തിയ സിനിമാ പ്രക്ഷേപണങ്ങൾക്കായി, അമ്മ അറിയാൻ, അഗ്രഹാരത്തിലെ കഴുത പോലുള്ള ചിത്രങ്ങൾ നിർമ്മിക്കുന്നതിലും, അതിനായി പണം പിരിക്കുന്നതിലും, ആ സിനിമകൾ കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ കൊണ്ടുപോയി ജനങ്ങളെ കാണിക്കുന്നതിലും രാജീവ് ചടയംമുറി നിർണായകമായ പങ്ക് വഹിച്ചു. ഗ്രാമങ്ങളിലും പട്ടണങ്ങളിലുമായി നടന്ന ആ യാത്രകൾ വെറും സിനിമാ പ്രദർശനങ്ങൾ അല്ലായിരുന്നു. മനുഷ്യരെ നേരിട്ട് കാണുകയും, സിനിമയെ അവരുടെ ജീവിതവുമായി ബന്ധിപ്പിക്കുകയും ചെയ്യാനുള്ള ഒരു ജനകീയ സംരംഭമായിരുന്നു. അതിലുടനീളം ചടയംമുറി മുഴുവൻ മനസ്സോടെയും സജീവമായി പങ്കെടുത്തിരുന്നു.
സിനിമയെ തിയേറ്ററുകളിലൊതുക്കാതെ ജനങ്ങളിലേക്ക് കൊണ്ടുപോകുക, അവരുടെ ഭാവങ്ങളിലേയ്ക്കും ജീവിതങ്ങളിലേയ്ക്കും അത് ഉൾചേര്‍ക്കുക. ഈ ദിശയിൽ ജോൺ എബ്രാഹവും കൂട്ടരും നടത്തിയ ശ്രമങ്ങളിൽ രാജീവ് ചടയംമുറി എപ്പോഴും ഒപ്പം നിന്നു. സിനിമയെ രാഷ്ട്രീയവും സാമൂഹികവുമായ പ്രതികരണത്തിന് സാധ്യതയുള്ളൊരു ആയുധമാക്കാനുള്ള ഈ ശ്രമത്തിൽ, അദ്ധേഹത്തിൻ്റെ സാന്നിധ്യം ഒഡേസയുടെ ഓരോ ചുവടിലും അനുഭവപ്പെടുന്ന തരത്തിലായിരുന്നു. ജോൺ എബ്രഹാം മരണപ്പെടുന്നതിൻ്റെ തലേദിവസം തൃശൂരിൽ നിന്ന് എറണാകുളത്തേക്ക് അവർ ഒരുമിച്ച് യാത്ര ചെയ്തതും, രാഷ്ട്രീയവും സിനിമയുമായി ബന്ധപ്പെട്ട കാര്യങ്ങളെല്ലാം സംസാരിച്ചതെല്ലാം ഓർത്തെടുത്ത് എന്നോട് വികാരഭരിതനായി പങ്കുവച്ചത്
ഈയവസരത്തിൽ ഞാൻ ഓർക്കുന്നു.
രാജീവ് ചടയംമുറിയുടെ കൂടി നേതൃത്വത്തിൽ രൂപംകൊണ്ട പെരുമ്പാവൂരിലെ മാനവീയ പഠന കേന്ദ്രത്തിൽ വെച്ചാണ് [പിന്നീട് അത് ബഹുജന വിദ്യാകേന്ദ്രമായി മാറി] ‘അമ്മ അറിയാൻ’ എന്ന സിനിമയെക്കുറിച്ചുള്ള ആലോചനകളും ചർച്ചകളും നടന്നത്. ജോണും സഖാവ് എം. എം. സോമശേഖരനും ഉൾപ്പെടെയുള്ളവർ പങ്കെടുത്ത ആ ചർച്ചകളിലും ആലോചന കളിലും തനിക്കും ചെറിയ രീതിയിൽ ഭാഗഭാക്കാകാൻ കഴിഞ്ഞിട്ടുണ്ടെന്ന് രാജീവ് ചടയംമുറി തന്നെ എന്നോട് പറഞ്ഞിട്ടുണ്ട്.അതിൻ്റെയെല്ലാം ഭാഗമായി, പെരുമ്പാവൂർ കേന്ദ്രീകരിച്ച് ഒരു ഫിലിം സൊസൈറ്റിയ്ക്ക് അദ്ധേഹം മുൻകൈയെടുത്ത് രൂപംകൊടുക്കുകയും ചെയ്തു.
എൺപതുകളുടെ അവസാനം കേരളത്തിൽ വലിയ രീതിയിലുള്ള കോളിളക്കം സൃഷ്ടിച്ച സംഭവങ്ങളിലൊന്നായിരുന്നു ആലപ്പുഴ സൂര്യകാന്തി തീയറ്റേഴ്സിന്റെ സഖാവ് പി. എം. ആൻ്റണി സംവിധാനം ചെയ്ത “ക്രിസ്തുവിന്റെ ആറാം തിരുമുറിവ് “എന്ന നാടകം. ഗൗരവമായ മത വിമർശനങ്ങളുമായി മുന്നോട്ട് വന്ന ഈ നാടകത്തിനെതിരെ കേരളത്തിലെ ക്രിസ്ത്യൻ മതമേലാധ്യക്ഷന്മാർ ശക്തമായ കുപ്രചരണങ്ങൾ അഴിച്ചു വിടുകയും, പള്ളികളിൽ കൂട്ടമണിയടിച്ച് വിശ്വാസികളെ തെരുവിലിറക്കി പ്രതിഷേധം സംഘടിപ്പിക്കുകയും ചെയ്തിരുന്നു. വലിയ രീതിയിലുള്ള കലാപാന്തരീക്ഷം സൃഷ്ടിച്ച ഈ മുന്നേറ്റത്തിന് തുടക്കം കുറിച്ചത് എറണാകുളം ജില്ലയിലെ കുറുമശേരിയിലായിരുന്നു. അവിടെ ജനങ്ങളുമായി നേരിട്ട് ബന്ധപ്പെട്ട്, നാടകത്തിന് ഒരു അനുയോജ്യമായ അന്തരീക്ഷം ഒരുക്കുന്നതിനുള്ള സംഘാടനത്തിന് നേതൃത്വം നൽകിയതും അതുമായി ബന്ധപ്പെട്ട മറ്റ് പ്രവർത്തനങ്ങളുമെല്ലാം നടത്തിയത് രാജീവ് ചടയംമുറിയും അദ്ദേഹത്തിന്റെ സഖാക്കളുമായിരുന്നു. നാടകത്തിന്റെ ആശയം നാട്ടുകാരുമായി പങ്കുവെച്ച്, അതിന്റെ രാഷ്ട്രീയ സന്ദേശം മനസ്സിലാക്കിക്കൊടുക്കാൻ അവർ ശ്രമിച്ചു. എന്നാൽ, സമാന്തരമായി ക്രിസ്ത്യൻ പുരോഹിതന്മാരും വിശ്വാസികളും ശക്തമായ എതിർപ്പ് ഉയർത്തുകയും, തെരുവിലിറങ്ങി പ്രതിഷേധങ്ങൾ സംഘടിപ്പിക്കുകയും ചെയ്യുന്ന അവസ്ഥയുണ്ടായി.
ഈ സാഹചര്യത്തിൽ മതസ്പർശമുള്ള ഒരു സംഘർഷം നടക്കാനിടയായതിനെ തുടർന്ന്, ഭരണകൂടം ഇടപെട്ട് നാടകാവതരണം നിർത്തിവെക്കാൻ ഉത്തരവിടുകയുണ്ടായി.
എങ്കിലും, ആ നാടകവുമായി ബന്ധപ്പെട്ടു നടന്ന പ്രത്യക്ഷ ഇടപെടലുകൾ കേരളത്തിൽ, പ്രത്യേകിച്ച് ആവിഷ്കാര സ്വാതന്ത്ര്യത്തെക്കുറിച്ചും കലയുടെ സ്വതന്ത്രതയെക്കുറിച്ചുമെല്ലാമുള്ള വലിയ ചർച്ചകളുടെ തുടക്കം കുറിക്കുകയുണ്ടായി. മതം രാഷ്ട്രീയ സംവേദനങ്ങൾ, സാമൂഹിക ആക്ഷേപങ്ങൾ എന്നിവ തമ്മിൽ കലയുടെ ഇടനാഴിയിൽ ഉണ്ടായ വിഘടനങ്ങളും വഴിതിരിച്ചകളും, പിന്നീട് സംഭിവിച്ച സമാന ഇടപെടലുകൾക്കുള്ള മുൻപരിചയമായി മാറിത്തീരുകയും ചെയ്യുകയുണ്ടായി.
എഴുപതുകൾ മുതൽ എൺപതുകളുടെ ആദ്യപകുതി വരെ, കേരളത്തിൽ രാഷ്ട്രീയപരമായി മാത്രമല്ല, സാംസ്കാരികതലത്തിലും ഗൗരവമേറിയ വലിയ ചലനങ്ങൾ നടന്ന കാലഘട്ടമായിരുന്നു.
ആ വ്യാപക ചലനങ്ങളുടെ ആന്തരീക്ഷത്തിലേക്ക്, എഴുപതുകളുടെ അവസാന ഘട്ടത്തിൽ ചേക്കേറിയ വ്യക്തിയായിരുന്നു രാജീവ് ചടയം മുറി. പൊതുസമൂഹത്തോടുള്ള ഉത്തരവാദിത്തം, വ്യക്തിപരമായ സുരക്ഷയേക്കാൾ പ്രധാനമാണെന്ന വിശ്വാസം, അദ്ദേഹത്തെ പ്രചാരത്തിന്റെയും പിന്തുണകളുടെയും അകമ്പടികളില്ലാതെ നിലപാട് സ്വീകരിക്കുവാൻ പ്രേരിപ്പിച്ചു. അധികാരത്തിൻ്റെ മുഖം നോക്കാതെയുള്ള ആ ഇടപെടലുകൾ ശക്തമായ രാഷ്ട്രീയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കിയപ്പോൾ പോലും അദ്ധേഹം തളരാതെ മുന്നോട്ട് പോവുകയായിരുന്നു. അദ്ദേഹത്തിന്റെ നിലപാടുകൾ ഒട്ടുംതന്നെ ജനപ്രിയതയില്ലാത്തവയായിരുന്നു, പക്ഷേ അത് അദ്ദേഹത്തെ തളർത്തിയില്ല. വിലക്കുകളും നിഷേധങ്ങളും നേരിടേണ്ടി വന്നിട്ടും, അദ്ദേഹം പിന്തിരിഞ്ഞു നടന്നില്ല. മറിച്ച്, ചോദിക്കപ്പെടേണ്ട ചോദ്യങ്ങൾ ധീരമായി ഉയർത്തുകയും, മറുപടി ആവശ്യപ്പെടുകയും ചെയ്തു. അതിനാൽ തന്നെ, അദ്ദേഹം പറഞ്ഞ വാക്കുകളേക്കാൾ വലിയതായിരുന്നു അദ്ദേഹമെടുത്ത നിലപാടുകളും അതിനനുസരിച്ച് ജീവിച്ച ജീവിതവും.
തൊണ്ണൂറുകളിൽ അദ്ദേഹം സജീവ രാഷ്ട്രീയത്തിൽ നിന്ന് പിന്മാറിയെങ്കിലും. അതോടെ അദ്ദേഹത്തിന്റെ സാന്നിധ്യം അവസാനിച്ചില്ല. പൊതുവേദികളിൽ നിന്ന് അകന്നുനിന്നെങ്കിലും, സമൂഹത്തെ ബാധിക്കുന്ന വിഷയങ്ങളിലുടനീളം തന്റെ നിലപാടുകളും വീക്ഷണങ്ങളും അദ്ദേഹം തുടർച്ചയായി മുന്നോട്ട് വച്ചുകൊണ്ടിരുന്നു.
രാജീവ് ചടയംമുറിയെ ഒരു വ്യക്തിയായി മാത്രം കാണാനാവില്ല;മറിച്ച്, ഒരു കാലഘട്ടത്തിൻ്റെ അശാന്തിയും, സത്യാന്വേഷണവും, ധാർമ്മിക തെളിച്ചവുമെല്ലാമായി അതിൻ്റെ ഏറ്റവും മൂർച്ചയോടെ പ്രകടമായ ചിറകുകളായി രാജീവ് ചടയംമുറിയിലൂടെ നമ്മൾ കാണണം. ഈ കുറിപ്പിൽ ഞാൻ പറഞ്ഞിട്ടുള്ള കാര്യങ്ങളിൽ ചിലത് സഖാവ് രാജീവ് ചടയംമുറി തന്നെ എന്നോട് പറഞ്ഞിട്ടുള്ളതായ കാര്യങ്ങളാണ്. ചിലത് അദ്ദേഹത്തോടൊപ്പം രാഷ്ട്രീയം പ്രവർത്തനം നടത്തിയിരുന്ന സഖാക്കൾ എന്നോട് പങ്കുവച്ചതാണ്. ചിലതെല്ലാം ഞാൻ നേരിട്ട് അനുഭവിച്ച് മനസ്സിലാക്കിയവയാണ്. എന്നാൽ അതിനെയെല്ലാം ഞാൻ ആധികാരികമായി പറഞ്ഞു എന്ന തരത്തിൽ വർത്തമാനപ്പെടുത്താൻ എനിക്ക് കഴിയില്ല. അതിൻ്റെ കാരണം, അദ്ധേഹത്തോടൊപ്പം ദീർഘകാലം രാഷ്ട്രിയ സഹവാസത്തിലൂടെ രൂപപ്പെട്ട അറിവോ ദൈർഘ്യമുള്ള സമീപനമോ എനിക്ക് ഇല്ല എന്നതാണ്. അദ്ധേഹം സജീവ രാഷ്ട്രീയ പ്രവർത്തനം അവസാനിപ്പിച്ച കാലം മുതലുള്ള സഹവാസം മാത്രമാണ് എനിക്കുള്ളത്. അതും
ഇടവേളകളോടെയുള്ളതുമായിരുന്നു. ജീവിതം ഒടുക്കുന്നതിനു മുമ്പുള്ള ഒരു നാല് വർഷക്കാലം മാത്രമാണ് ഞങ്ങൾ തമ്മിൽ ഏറ്റവും അടുത്തിടപഴുകിയിരുന്നത് അതുകൊണ്ടുതന്നെ ചടയംമുറിയുടെ മുഴുവൻ ജീവിതവും അതിൻ്റെ ആഴവും ഈ കുറിപ്പിലൂടെ അവതരിപ്പിക്കപ്പെടുന്നു എന്ന് കരുതാൻ ആവില്ല.
സഖാവ് രാജീവ് ചടയംമുറിയെക്കുറിച്ചുള്ള എന്റെ ഓർമ്മകളിലൂടെയും അനുഭവങ്ങളിലൂടെയും ഞാൻ മനസ്സിലാക്കിയെടുത്ത ഒരു ചിത്രമാണ് ഈ കുറിപ്പ്. അദ്ദേഹത്തെ അടുത്തറിഞ്ഞ കാലത്തിന്റെ അടയാളപ്പെടുത്തലുകൾ ഇതിലുണ്ട്. ഒരു വ്യക്തി എന്ന നിലയിലും സഖാവ് എന്ന നിലയിലും അദ്ദേഹം എന്നിൽ ചെലുത്തിയ സ്വാധീനത്തെ എന്റെ വാക്കുകളിലൂടെ പകർത്താനാണ് ഞാൻ ഇവിടെ ശ്രമിച്ചിട്ടുള്ളത്.
ഈ കുറിപ്പ് സഖാവിന്റെ ജീവിതത്തിന്റെ ഒരു പൂർണ്ണരൂപമാണെന്ന് ഞാൻ അവകാശപ്പെടുന്നില്ല; മറിച്ച്, എന്റെയുള്ളിലെ അദ്ദേഹത്തിന്റെ സ്മരണകളുടെ ഒരു നേർചിത്രം മാത്രമാണിത്. സ്നേഹവും ബഹുമാനവും നിറഞ്ഞ ആ അനുഭവങ്ങൾ വായനക്കാരുമായി പങ്കുവെച്ചുകൊണ്ട്, എന്റെ ഈ കുറിപ്പ് ഇവിടെ വിനയത്തോടെ അവസാനിപ്പിക്കുന്നു.
***








No Comments yet!