Skip to main content

കൊതി

കെട്ട്യോൻ പൊന്നപ്പൻ
കുഴിമാടത്തീ കാത്ത്
കിടപ്പ് തൊടങ്ങീട്ട്
കൊല്ലം എട്ടായപ്പഴാണ്,
അന്നമ്മചേട്ടത്തീടെ
ഉള്ളിലൊരു കൊതി
ചിറക് വിടർത്തിയത്.
വയസ്സ് അറുപത്തേഴായി
ന്നിട്ടാണ്,
ആശ കേട്ട
ആനി കൊച്ച് മുറു മുറുത്തു.
അടങ്ങിയൊതുങ്ങി
അവിടെങ്ങാൻ ഇരുന്നോണം
ഒറ്റമോന്റെ മുന്നറീപ്പ്.

കേട്ടവർ കേട്ടവർ അന്തംവിട്ട്,
മൂത്ത് നരച്ചിട്ടും മുതുക്കീടൊരു
പൂതിയേന്ന് പാൽക്കാരൻ പോക്കറ്.
കൊതി കണ്ണിമാങ്ങക്കല്ലെന്നും
കരിയും കർപ്പൂരവും
കൂട്ടികുഴച്ച കരിമഷിക്കാണെന്നും
അന്നമ്മ കെറുവിച്ചു.
അത് കേട്ട പെണ്ണുങ്ങളെല്ലാം
കണ്ണ് മിഴിച്ചു, വാ പൊളിച്ചു,
പത്രക്കാരൻ പീതാമ്പരൻ
മൂക്കേൽ വിരല് വച്ചു.

മിന്നു കെട്ടിന് ഉടുത്തൊരുങ്യെപിന്നേ
കൺമഷിയെഴുത്തു പോയിറ്റ്
തന്നിലേക്ക് തന്നെ നോക്കാൻ മറന്നൂ
എന്നതാണ്നേര്,
കൊല്ലത്തീപെറ്റും പൊന്നപ്പനേം പിള്ളാരേം
പൊന്ന് പോലെ നോക്കിയും,
അടുക്കള പണിക്കിടെ അയൽപക്കത്തെ
ഉമ്മയ്റ്റിയാരെ കിസ്സ കേട്ടും,
പത്ത് പെറ്റ പത്രാളിച്ചിയായി ത്രേം വർഷം

അപ്പച്ചനുണ്ടാർന്നേ കാണാർന്നൂ,
കാലേവാരി നിലത്തടിക്കണത്,
എന്നാലും വല്ല്യമ്മച്ചിക്കിത് എന്നാത്തിന്റെ
ഏനക്കേടാന്നേ,ഇതിപ്പോ
മക്കളെയെല്ലാം നാണം
കെടുത്തിയേ അടങ്ങൂ?

മേലേ പള്ളീലെ പെരുന്നാളിന്റന്ന്
പൂതി പെരുത്ത് മൂപ്പത്തി
കവലേലെത്തി.
ന്തായാലും ഇവിടെ വരെ
വന്നതല്ലേ ഒരു കുപ്പി അത്തറും
ഒരുകൂട് കണ്മഷിയും ഒരുഡബ്ബ
പൗഡറും വാങ്ങിച്ചു.
കടക്കാരൻചെല്ലപ്പൻ
അന്തം വിട്ടു,
അറുപതിലും അത്തറു പുരട്ടിയ,
കണ്ണെഴുതിയ, പൗഡറിട്ട
അന്നമ്മ ചേട്ടത്തിയാർന്നു
ആലാറ് കവലേലെ
അന്നത്തെ ചായയ്ക്കൊപ്പം
തൊട്ട് കൂട്ടുവാനുള്ള ചൂടുള്ള ചർച്ച.

നാടൊട്ടുക്കും വാർത്ത പരന്നു
ആൾകാർ അടക്കം പറഞ്ഞു
ഇപ്രായത്തിലും കണ്ണെഴുതാൻ
നാണമില്ലേ?ആരെക്കാട്ടാനായീ
കോപ്രായങ്ങൾ?
എന്റെ കർത്താവേ
മുതുക്കിയായിട്ടും
പെണ്ണുമ്പിള്ളയിങ്ങനെ
ഒരുമ്പട്ടിറങ്യാ എന്നാചെയ്യും?

ഇന്നാള് പാലക്കലേ പൈലിപാപ്പനോട്
ഇടവഴീല് വച്ച് പതിവില്ലാതെ
മൂപ്പത്ത്യാര് മിണ്ടണത് കണ്ടു
ഹല്ലാ…. ഇനീപ്പോ വല്ല?

***

 

No Comments yet!

Your Email address will not be published.