പതിവില്ലാതെ ഒരു കനത്ത കൊലുസിന്റെ ശബ്ദം ലിഫ്റ്റിറങ്ങി ഞങ്ങളുടെ ഫ്‌ലാറ്റിലേക്ക് അടുത്തടുത്ത് വന്നു.
‘ദീദീ, വീട്ടുജോലിക്കു ആളെ വേണോ’
അവള്‍ ചോദിച്ചു.
അപ്പാര്‍ട്‌മെന്റ് സെക്യൂരിറ്റിയെ വിശ്വസിച്ച് ഒരു പരീക്ഷണത്തിന് തയ്യാറായി. പിറ്റേന്ന് മുതല്‍ വരാമെന്നു സമ്മതിച്ചശേഷം അവളെ പറഞ്ഞു വിട്ടു. ചടുലമായ നടത്തം. മെലിഞ്ഞു കൊലുന്നനെയുള്ള ശരീരം.
വളരെ പെട്ടെന്നുതന്നെ എന്റെ ചിട്ടകളും രീതികളും അവള്‍ പിടിച്ചെടുത്തു. രാവിലെ പാത്രങ്ങള്‍ വൃത്തിയാക്കി ഒതുക്കിവെച്ചു പോകുന്നതുകൊണ്ട് പാചകം എനിക്ക് എളുപ്പമായി. കൂടുതല്‍ സംസാരിക്കാന്‍ എനിക്കാഷ്ടമല്ലെന്നും സമയമില്ലെന്നും അവള്‍ മനസിലാക്കിയിരുന്നു. വാരാന്ത്യങ്ങളിലെ കുശലങ്ങളില്‍ നിന്നാണ് അവളുടെ ഭര്‍ത്താവിനെപ്പറ്റി മനസിലാക്കിയത്. പാചകം, വീട് വൃത്തിയാക്കല്‍, അവളുടെ തുണിയലക്കല്‍ വരെ, എല്ലാം അയാളാണ് ചെയ്യുന്നതെന്ന് അല്പം നാണത്തോടെ അവള്‍ പറഞ്ഞു.
‘പുകവലിക്കും .. അത് പറഞ്ഞു ഞാന്‍ വഴക്കുണ്ടാകും’
പറഞ്ഞപ്പോള്‍ അവള്‍ ചിരിക്കുന്നുണ്ടായിരുന്നു.
പാത്രങ്ങള്‍ തമ്മില്‍ കൂട്ടിയിടിക്കുന്ന ശബ്ദം മുറിച്ച് അവളുടെ ഫോണ്‍ വിറച്ചു. മറുപടികള്‍ പതിവില്ലാതെ പരുക്കനായിരുന്നു. സോഫയിലിരുന്നു വായിക്കുന്ന ഞാന്‍ ശ്രദ്ധിക്കുന്നുണ്ടെന്ന് കണ്ട് അവള്‍ ഫോണുംകൊണ്ട് അടുക്കളയിലേക്കു പോയി.
ഞാന്‍ ഒന്നും ചോദിക്കാതെതന്നെ അവള്‍ പറഞ്ഞു
‘അയാള്‍ക്കു സുഖമില്ല. കിഡ്‌നി സംബന്ധമായ അസുഖമാണ്.’
അസ്വാഭാവികമായ ഒരു നിസ്സംഗത അവളുടെ മുഖത്തു നിഴലിച്ചിരുന്നു. ഹിന്ദിയോ ബംഗാളിയോ കലര്‍ന്ന ഒരു ഭാഷ അവളോട് സംസാരിക്കാന്‍ ഞാന്‍ പഠിച്ചെടുത്തിരുന്നു.
‘എന്ത് പറ്റി’
ഞാന്‍ ചോദിച്ചു.
‘നാട്ടിലയക്കണം.’
അവള്‍ സംഭാഷണം അവിടെയവസാനിപ്പിച്ചു. കൂടുതല്‍ ചോദിക്കാന്‍ ഞാനും മെനെക്കെട്ടില്ല. ഒരു വല്ലാത്ത ഭാവത്തോടെ അവള്‍ ചിരിച്ചു.
അവള്‍ നാട്ടില്‍ പോകുന്നുവെന്നറിയിച്ചു. കുറച്ചു ദിവസം കഴിഞ്ഞിട്ടാണെങ്കിലും അവള്‍ എപ്പോള്‍ വരുമെന്ന് പറയാത്തതുകൊണ്ട് ഞാന്‍ വേറെ ജോലിക്കാരിയെ വെക്കുകയും ചെയ്തു.
‘അവള്‍ വിളിച്ചിരുന്നോ’
അമ്മ ഫോണ്‍ വിളിക്കുമ്പോള്‍ ഇടയ്ക്ക് ചോദിക്കുമായിരുന്നു. പതിയെ ആ വിഷയം ഞങ്ങളുടെ വീട്ടില്‍ അസ്തമിക്കാന്‍ തുടങ്ങി.
മാസങ്ങള്‍ കഴിഞ്ഞു. അങ്ങനെയിരിക്കെ ഒരു ദിവസം പരിചിതമല്ലാത്ത നമ്പരില്‍ നിന്ന് ഒരു ഫോണ്‍ കാള്‍.
‘ജോലിക്കു വരട്ടെ ദീദീ?’ അവളാണ്. ‘ഭര്‍ത്താവിന് എങ്ങനെയുണ്ട്?’
രണ്ട് ചോദ്യങ്ങളും ഒരുമിച്ചായിരുന്നു. അര മിനിറ്റ് നിശബ്ദത.
‘അയാളെ ഞാന്‍ എന്നേ ഉപേക്ഷിച്ചു,’
അവള്‍ ചിരിച്ചു.
***
അഫ്ര സഫീര്‍
സ്വദേശം കണ്ണൂര്‍. ബാംഗ്ലൂരില്‍ താമസം. IT പ്രൊജക്റ്റ് മാനേജര്‍. പുസ്തകങ്ങളെ, യാത്രകളെ സംഗീതത്തെ ഏറെ സ്‌നേഹിക്കുന്നു.
***







No Comments yet!