അതിഥിസംസ്ഥാനതൊഴിലാളികള് കഥാപാത്രങ്ങളായി വരുന്ന പല രചനകളും മലയാളത്തിലുണ്ടായിട്ടുണ്ട്. പതിറ്റാണ്ടുകളായി അതിഥിതൊഴിലാളികളും മലയാളിസമൂഹവും ഇടകലര്‍ന്നു ജീവിക്കുന്നുണ്ടെങ്കിലും അവരുടെ ജീവിതം പ്രമേയമാക്കുന്ന എത്ര സാഹിത്യരചനകള്‍ നമുക്കുണ്ടായിട്ടുണ്ട്.മറ്റു സംസ്ഥാനങ്ങളില്‍ നിന്നും തൊഴിലാളികളായി എത്തി, ഹ്രസ്വകാലത്തെക്കോ ദീര്‍ഘകാലത്തേക്കോ ഇവിടെ താമസമാക്കിയവരെ അന്യരായി കാണുന്ന നമ്മുടെ സമീപനം മാറേണ്ടതല്ലേ? അത്തരം രചനകളില്‍ ശ്രദ്ധേയമായ കൃതിയാണ് സന്തോഷ് ഏച്ചിക്കാനത്തിന്റെ ബിരിയാണി. 2016ല്‍ മാതൃഭൂമി ആഴ്ചപ്പതിപ്പിലാണ് ബിരിയാണി പ്രസിദ്ധീകരിച്ചത്. കേരളത്തില്‍ ജോലി തേടി വന്ന അതിഥിതൊഴിലാളിയായ ഗോപാല്‍ യാദവിന്റെ ജീവിതമാണ് കഥയില്‍ ഇതള്‍ വിരിയുന്നത്.
മനോജ് വെങ്ങോലയുടെ കൊടിയേറ്റ്, മഞ്ഞള്‍ എന്നീ കഥകളില്‍ അതിഥിതൊഴിലാളികള്‍ നേരിടുന്ന പലവിധ പ്രശ്നങ്ങള്‍ മുഖ്യപ്രമേയമായി വരുന്നു. മനോജിന്റെ ‘പ്രണയഭഗവതി’ എന്ന കഥാസമാഹാരത്തിലെ ശ്രദ്ധേയങ്ങളായ കഥകളാണിവ. 2026 മാര്‍ച്ച് മാസത്തില്‍ ആദ്യപതിപ്പായി ഡിസി ബുക്സ് പ്രസിദ്ധീകരിച്ച പുസ്തകമാണിത്. ബിരിയാണി എന്ന കഥ അതിഥിതൊഴിലാളികള്‍ നേരിടുന്ന വിശപ്പും ദാരിദ്ര്യവും പ്രമേയമാക്കുമ്പോള്‍ കൊടിയേറ്റില്‍ ഭൂപ്രശ്നങ്ങളും അപരവത്ക്കരണശ്രമങ്ങളും രാഷ്ട്രീയവിഷയമായി വരുന്നു. മഞ്ഞളില്‍ അതിഥി തൊഴിലാളികളിലെ സ്ത്രീകള്‍ നേരിടുന്ന ലൈംഗികചൂഷണം മുഖ്യപ്രമേയമാകുന്നു.

ഇടശ്ശേരിയുടെ കുടിയിറക്കം എന്ന കവിതയില്‍ ബഹിഷ്കൃതമനുഷ്യരുടെ വേദനകളെ ആവിഷ്കരിക്കുന്നുണ്ട്.
‘കുടിയിറക്കപ്പെടും കൂട്ടരേ പറയുവിന്‍,
പറയുവിന്‍ ഏത് ദേശക്കാര്‍ നിങ്ങള്‍?
പ്രസവിച്ചതിന്ത്യയായ്, പ്രസവിച്ചതിംഗ്ലണ്ടായ്
പ്രസവിച്ചതാഫ്രിക്കന്‍ വന്‍കരയായ്
അതിലെന്തുണ്ടാര്ക്കാനുമുടമയോരാത്ത
ഭൂപടമേലും പാഴ്വരയ്ക്കര്‍ഥമുണ്ടോ?’
ഭൂപടത്തിലെ വരകളെ,അതിര്‍ത്തികളെ, പാഴ്രേഖകളായാണ് ഇടശ്ശേരി കാണുന്നത്. ഇടുങ്ങിയ ദേശചിന്തകളേക്കാള് മഹത്വമുള്ള സാര്‍വ്വദേശീയതയുടെ വിശാലലോകത്തെക്കുറിച്ചാണ് ഇടശ്ശേരി പാടുന്നത്. സ്നേഹത്തിലും മാനവികതയിലും അധിഷ്ഠിതമായ ഏകലോകസങ്കല്പമാണത്. അതിഥിതൊഴിലാളികളും മലയാളിസമൂഹം കൂടിക്കലര്‍ന്ന് മാനവികതയുടെ ഒരേ ചുവപ്പന്‍ രക്തത്തില്‍ ഒന്നാകുന്ന കാഴ്ച മനോജിന്റെ കഥയില്‍ കാണാം. ലഹളകള്‍ക്കും കലാപങ്ങള്‍ക്കും അതീതമായ മാനവികതയാണ് പ്രമേയത്തിന്റെ മഹത്വം. അതിര്‍ത്തികളെ മറികടക്കുന്ന മാനുഷികതയുടെ നാട്ടുവളിച്ചം കഥയിലൂടനീളം നിറഞ്ഞുനില്ക്കുന്നു
1946ല്‍ നടന്ന ബംഗാളിലെ കലാപഭൂമിയിലാണ് കൊടിയേറ്റിലെ കഥാഭൂമിക തുടങ്ങുന്നത്. അന്ന് തുണ്ടിയില്‍ ലോന അപ്പാപ്പന്റെ കാലമായിരുന്നു. ബംഗാളിലെ കലാപാന്തരീക്ഷത്തില്‍ വെച്ച് അപ്പാപ്പന് ഭാര്യയെ നഷ്ടപ്പെടുന്നു.ഇന്ത്യാവിഭജനം നടന്ന കാലഘട്ടം വര്‍ഗീയലഹളകളുടെ കാലം കൂടിയാണല്ലോ.മകളെ എങ്ങനെയോ ജീവനോടെ അപ്പാപ്പന് തിരികെകിട്ടി. മൃതദേഹങ്ങളുടെ കൂമ്പാരങ്ങള്‍ക്കിടയില്‍ ഭാര്യയുടെ ജഡം തിരയുമ്പോഴാണ് മറ്റൊരു മൃതദേഹത്തെ കെട്ടിപ്പിടിച്ചു കരയുന്ന ബംഗാളി പെണ്‍കുട്ടിയെ കണ്ടത്. ഉപേക്ഷിച്ചു പോകാന്‍ തോന്നാതിരുന്നതിനാല്‍ അവളെയും കൂടെ കൂട്ടി. അങ്ങനെ രണ്ട് പെണ്മക്കളുമായി അപ്പാപ്പന് നാട്ടിലേക്ക് തിരിച്ചുവന്നു. നാട്ടിലെത്തിയപ്പോള്‍ മകളാര്, വളര്ത്തുമകളാര് എന്ന് തിരിച്ചറിയാനുള്ള ഒരവസരവും അപ്പാപ്പന് കുടുംബക്കാര്‍ക്കു പോലും കൊടുത്തില്ല. ഇരുവരും അപ്പാപ്പന്റെ പെണ്മക്കളായി, മലയാളി പെണ്കുട്ടികളായി കേരളത്തില്‍ വളര്‍ന്നു.
കഥയുടെ മറ്റൊരു അടരില്‍ സമകാലികകേരളത്തെയാണ് നാം കാണുക. ലോന അപ്പാപ്പന്റെ കാലം കഴിഞ്ഞിരിക്കുന്നു. മക്കളുടെയും ചെറുമക്കളുടെയും ഓര്‍മ്മകളിലാണ് അപ്പാപ്പനിപ്പോള് കുടികൊള്ളുന്നത്. അപ്പാപ്പന് രണ്ട് പെണ്മക്കളാണുള്ളതെന്ന് പറഞ്ഞല്ലോ. സിമിയും സിബിയും. അനന്തരതലമുറയിലെ ചെറുമക്കള്‍ അതാരാണെന്ന രഹസ്യമറിയാന്‍ കൗതുകം മൂലം ശ്രമിക്കുന്നുണ്ടെങ്കിലും സിബിയും സിമിയും അക്കാര്യം വെളിപ്പെടുത്തിയില്ല. ബംഗാളികള്‍ താമസിക്കുന്ന ലൈന്‍ കെട്ടിടത്തിനരികില്‍, നിയമവിദ്യാര്‍ത്ഥിനിയായ മലയാളി യുവതി കൊല്ലപ്പെടുന്നതോടെയാണ് സമകാലികരാഷ്ട്രീയം കഥയില്‍ വരുന്നത്.എല്ലാവരും അതിഥിതൊഴിലാളികളെ സംശയിക്കുന്നു.അവര്‍ക്കെതിരേ പലതരം ആക്രമണങ്ങള്‍ നടക്കുന്നു.പെരുമ്പാവൂരില്‍ നടന്ന ജിഷ വധക്കേസിനെ ഈ സംഭവം അനുസ്മരിപ്പിക്കുന്നുണ്ട്. (2016 ഏപ്രിലിലാണ് 29കാരിയായ നിയമവിദ്യാര്‍ഥിനിയെ വീട്ടില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ഇവര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ അസം സ്വദേശി അമീറുള്‍ ഇസ്ലാമിന് കോടതി വധശിക്ഷ വിധിച്ചിരുന്നു) എന്നാല്‍ കഥ യഥാര്‍ത്ഥസംഭവങ്ങളെ മറികടന്ന് ഭാവനയുടെ സൂര്യവെളിച്ചങ്ങള്‍ തേടി വളരുന്നു.
കൊലയാളിയുടെ രേഖാചിത്രം പോലീസ് പുറത്തുവിട്ടതോടെ പല അഭിപ്രായങ്ങളും നാട്ടില്‍ പരന്നു. അയാള്‍ ബംഗാളിയാണെന്നും കൊല്‍ക്കത്തയിലേക്ക് കടന്നുവെന്നും പ്രചരണമുണ്ടായി. റോഡിലിറങ്ങിയ അന്യദേശക്കാരെല്ലാം തല്ലുകൊണ്ടു.ബംഗാള്‍ കോളനി എന്ന കുപ്രസിദ്ധമായ കനാല്‍ പുറമ്പോക്കിലെ ഷെഡ്ഡുകള്‍ ജനം ഇടിച്ചുനിരത്തി. ഇതിനിടയിലാണ് സിബിയാന്റിയുടെ മകന് ജോക്കുട്ടന്റെ കടയിലെ ജീവനക്കാരനും ബംഗാളിയുമായ മുഹമ്മദ് അസ്ലമും ഭാര്യ ഫരീദയും കുഞ്ഞും ആക്രമിക്കപ്പെട്ടത്. ലോന അപ്പാപ്പന്റെ മാതൃക പിന്തുടര്ന്ന് മുഹമ്മദ് അസ്ലമിനെയും കുടുംബത്തെയും സിമിയാന്റി ഏറ്റെടുക്കുന്നതോടെ കഥയില്‍ മാനവികതയുടെ വെളിച്ചം പൂത്തുലയുന്നു.
മുഹമ്മദ് അസ്ലമിന്റെ ദയനീയാവസ്ഥ മനസ്സിലാക്കിയ സിമിയാന്റിയും കുടുംബവും ബംഗാളിലുള്ള അവരുടെ വീടിനെപ്പറ്റി ചോദിക്കുന്ന സന്ദര്‍ഭം ശ്രദ്ധേയമാണ്.
‘കൊല്‍ക്കത്തയില്‍ സത്യത്തില്‍ നിങ്ങള്‍ക്ക് വീടുണ്ടോ?’
അസ്ലം തല കുനിച്ചു:
‘ഇല്ല’
‘ബന്ധുക്കള്‍ ആരെങ്കിലും ഉണ്ടോ?”
‘ഇല്ല’
‘തിരിച്ചറിയല്‍ കാര്‍ഡുകള്‍ വല്ലതും കൈയിലുണ്ടോ?”
‘അതവര് കത്തിച്ചു കളഞ്ഞു.”
‘ഇവിടെ നിന്നും നിങ്ങളിനി എങ്ങോട്ട് പോകും മക്കളേ?’
‘അറിയില്ല’
ഒടുവില്‍ സിമിയാന്റി നീണ്ടപാറയിലെ വീട്ടിലേക്ക് മുഹമ്മദ് അസ്ലമിനെയും കുടുംബത്തെയും ഒപ്പം കൂട്ടുന്നു. ആന്റി ജോക്കുട്ടനോട് പറയുന്നുണ്ട് ‘ഓരോ ശ്വാസത്തിലും അപ്പന് കപ്പം കൊടുക്കേണ്ട മക്കളല്ലേടാ നമ്മള്’അവിടെയും വിജയിക്കുന്നത് മാനവികതയാണ്. ബംഗാളി /മലയാളി, സ്വദേശി/അതിഥിതൊഴിലാളി തുടങ്ങിയ ദ്വന്ദ്വങ്ങള്‍ക്കപ്പുറം അവരെ ചേര്‍ത്തുപിടിക്കുന്ന സിമിയാന്റിയുടെയും കുടുംബത്തിന്റെയും പശ്ചാത്തലത്തില്‍ കഥ വികസിക്കുന്നു. കഥയില്‍ ശ്രദ്ധേയമായ ഒരു വാക്യമുണ്ട്.ലോകം ചിലര്‍ക്ക് വിശാലമാണ്. ചിലര്‍ക്ക് ശൂന്യവും. ചിലര്‍ ആഗോളഗ്രാമത്തെക്കുറിച്ച് ഘോരഘോരം പ്രസംഗിക്കും. അവര്‍ക്ക് ലോകം വിശാലമാണെന്നതുപോലെ തന്നെ കൈയകലത്തിലുമാണ്.എന്നാല്‍ കുടിയേറ്റക്കാര്‍ക്കും ബഹിഷ്കൃതര്‍ക്കും വിശാലലോകം ശൂന്യലോകമായി അനുഭവപ്പെടുന്നു. ഗ്രാമം തന്നെ ഇല്ലാതായവര്‍ക്ക് ആഗോളഗ്രാമം സങ്കല്‍പ്പിക്കാനാകുമോ? കലാപത്തില്‍ ഒറ്റപ്പെട്ട ബംഗാളി പെണ്‍കുട്ടിയെ സ്വന്തം മകളെപ്പോലെ വളര്‍ത്തിയ ലോന അപ്പാപ്പനിലും മുഹമ്മദ് അസ്ലമിനെയും കുടുംബത്തെയും ഏറ്റെടുക്കുന്ന അനന്തരതലമുറയിലെ സിമിയാന്റിയിലും മാനവികതയുടെ സംഗീതമാണ് മുഴങ്ങുന്നത്.
ഇന്ന്, കേരളത്തിലെ തൊഴിലാളികളില്‍ കൂടുതലും ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ്. വിവിധ കണക്കുകള്‍ അനുസരിച്ച് നിലവില്‍ 30 ലക്ഷത്തിനും 40 ലക്ഷത്തിനുമിടയില്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ കേരളത്തില്‍ ജോലി ചെയ്യുന്നുണ്ട്. കണക്കുകളുടെ ശരാശരി പരിശോധിച്ചാല്‍ കേരളത്തിലുള്ള 13 പേരില്‍ ഒരാള്‍ ഇതര സംസ്ഥാനതൊഴിലാളിയാണ്. ഇവിടെ തൊഴിലാളികളായി എത്തുന്നവര്‍ മറ്റു സംസ്ഥാനങ്ങളിലെ സാമൂഹികവും സാമ്പത്തികവുമായി പിന്നാക്കം നില്‍ക്കുന്നവരാണ്. കേരളത്തില്‍ വരുന്ന തൊഴിലാളികളില്‍ ഭൂരിപക്ഷവും വികസനത്തില്‍ പിന്നിലുള്ള ഇന്ത്യയിലെ ഗ്രാമപ്രദേശങ്ങളില്‍ നിന്നുള്ള പട്ടികവര്‍ഗങ്ങള്‍, പട്ടികജാതിക്കാര്‍, ന്യൂനപക്ഷസമൂഹങ്ങള്‍ തുടങ്ങിയവരാണ്. ഇന്ത്യയിലെ ഏറ്റവും പിന്നാക്കാവസ്ഥയിലുള്ള ആദിവാസി മേഖലയില്‍ നിന്നുള്‍പ്പെടെയാണ് തൊഴിലാളികള്‍ വരുന്നത്.
സിമിയാന്റിയുടെ അപ്പനായ തുണ്ടിയില്‍ ലോനയില്‍ ഗാന്ധിയെ കാണാനാകും.ഇന്ത്യ സ്വാതന്ത്ര്യയാകുമ്പോള് ഗാന്ധിജി ഡല്‍ഹിയിലെ സിംഹാസനങ്ങള്‍ക്കു ചുറ്റുമായിരുന്നില്ല. നവഖാലിയില്‍ പരസ്പരം പോര്‍വിളിയുമായി നിന്ന ഹിന്ദു- മുസ്ലിം കലാപകാരികള്ക്കിടയിലായിരുന്നു. ഹിംസയ്ക്കപ്പുറം മാനവികതയുടെ കൊടിയേറ്റം ഗാന്ധി നടത്തി. അദ്ദേഹം കൊളുത്തിയ വെളിച്ചത്തിന്റെ പൊരികള്‍ ഭാവികാലത്തേക്കും വ്യാപിച്ചിരിക്കുന്നു. കഥയില്‍ ജാതിമത വേര്‍തിരിവുകള്‍ക്കപ്പുറം സംസ്ഥാനങ്ങള്‍ തമ്മിലുള്ള അതിര്‍ത്തികളെ കൂടി മായ്ച്ചുകളയുന്ന വിവേചനരാഹിത്യമാണ് പ്രമേയം. ഹിന്ദിയും ബംഗാളിയും സംസാരിക്കുന്ന മലയാളികള്‍, മലയാളം സംസാരിക്കുന്ന അതിഥിത്തൊഴിലാളികള്‍, കേരളക്കരയില്‍ ജനിക്കുന്ന അവരുടെ മക്കള്‍, ജനനം കൊണ്ട് കുറെ പേരുടെയെങ്കിലും ജന്മനാടായി കേരളം മാറുന്നത്,ഭാഷകള്‍ക്കും മതങ്ങള്‍ക്കും വ്യത്യസ്ത സംസ്കാരങ്ങള്‍ക്കുമപ്പുറം മനുഷ്യര്‍ കൂടിച്ചേരുന്നതിന്റെയും പങ്കുവെക്കുന്നതിന്റെയും കാഴ്ചകള്‍ തുടങ്ങിയ നാനാത്വങ്ങള്‍ കൈയടക്കത്തിന്റെ വഴക്കത്താല്‍ ഏകഭാവത്തിലെത്തുന്ന മനോഹരമായ കഥാശില്പം.കഥയിലെ സിമിയാന്റി പറയും പോലെ ‘അപ്പോപ്പിന്നെ അവരുടെ ഭാഷ നമ്മക്ക്. നമ്മുടെ ഭാഷ അവര്‍ക്ക്.അവര്‍ മലയാളം പറയും. നമ്മള് ബംഗാളി പറയും.. അതിനെന്താ?’
ഭാഷയിലെ കുടിയേറ്റക്കാരായ ഭാഷണചിഹ്നങ്ങളെ കുറിച്ച് രസകരവും സാമൂഹികയാഥാര്‍ത്ഥ്യങ്ങളുടെ അനുനാദം നിറഞ്ഞതുമായ സൂചനകള്‍ കഥയിലുണ്ട് .ഓ, ഉം, ങ്, ങ്ങാ , ശ്ച്, ഏഹേ, ഹാ, ഹോ …..ഭാഷയിലെ കുടിയേറ്റക്കാരും പുറമ്പോക്കുകാരുമായി ഇത്തരം ശബ്ദചിഹ്നങ്ങളെ അവതരിപ്പിക്കുന്നു.ഇവയുടെ അര്‍ത്ഥം എന്തെന്ന് സന്ദര്‍ഭത്തിനനുസരിച്ചേ വിവരിക്കാന്‍ സാധിക്കൂ. പിന്നെ നീണ്ടുനീണ്ടുപോകുന്ന മൗനമായിരിക്കും. ഓ, ഉം, ങ്, ങ്ങാ , ശ്ച്, ഏഹേ, ഹാ, ഹോ … മൂന്ന് സന്ദര്‍ഭങ്ങളിലായി കഥയില്‍ ആവര്‍ത്തിക്കുന്നു.കൊടിയേറ്റം എന്ന സിനിമയില്‍ അഭിനയിക്കുന്ന ഭരത് ഗോപിയില്‍ അപ്പാപ്പനെ കണ്ടെത്തുന്ന സിമിയാന്റിയോട് പ്രസ്തുത സിനിമയെക്കുറിച്ച് ജോക്കുട്ടന് ചോദിക്കുന്ന സന്ദര്‍ഭത്തില്‍ ഇത്തരം മൂളലുകളാണ് ആന്റിയുടെ മറുപടി.ഓ, ഉം, ങ്, ങ്ങാ , ശ്ച്, ഏഹേ, ഹാ, ഹോ… മൂളലുകളില്‍ നിന്ന് മൗനത്തിലേക്ക് സംഭാഷണം വഴിമാറുന്നു.ഹൂഗ്ലി നദിയില്‍ നിന്നും വാരിയെടുത്ത് മൃതദേഹങ്ങള്‍ക്കിടയില്‍ ലോന അപ്പാപ്പന് കണ്ടെത്തുന്ന ബംഗാളി പെണ്‍കുട്ടി, ആദ്യകാലങ്ങളില്‍ ഭാഷാപ്രശ്നം മൂലം ഇത്തരം ഭാഷണചിഹ്നങ്ങളാണ് മൊഴിഞ്ഞിരുന്നത്.ഓ, ഉം, ങ്, ങ്ങാ , ശ്ച്, ഏഹേ, ഹാ, ഹോ …..പതുക്കെപ്പതുക്കെ അപ്പാപ്പനില്‍ നിന്നും അവള് മലയാളം പഠിച്ചെടുക്കുന്നു. ഓര്‍മ്മകള്‍ നഷ്ടമായ അപ്പാപ്പന്റെ അവസാന കാലത്ത് അദ്ദേഹം നല്കുന്ന അസ്പഷ്ടമായ മറുപടികളിലാണ് ഇത്തരം ഭാഷണചിഹ്നങ്ങള് ഉപയോഗിക്കുന്ന മൂന്നാം സന്ദര്‍ഭം. ഓര്‍മ്മക്കുറവ് സംഭവിച്ചപ്പോള്‍ ചോദിക്കുന്നതിനുള്ള മറുപടികള്‍ ഓ, ഉം, ങ്, ങ്ങാ , ശ്ച്, ഏഹേ, ഹാ, ഹോ …..എന്നിങ്ങനെ അസ്പഷ്ടമായി.

കുടിയേറ്റം (migration), അഭയാര്‍ഥിത്വം (refugee) ഇവ രണ്ടും പര്യായങ്ങളാണോ? രണ്ടും പുറപ്പെട്ടുപോകലാണെങ്കിലും വ്യത്യസ്തങ്ങളായ അവസ്ഥകളാണിവ. കുടിയേറ്റം സ്വാഭാവികപ്രക്രിയയാകുന്നു.മെച്ചപ്പെട്ട ജീവിതം തേടി മനുഷ്യന് സ്വമേധയാ നടത്തുന്ന പുറപ്പാടുകളാണവ.മാനവചരിത്രം തന്നെ കുടിയേറ്റത്തിന്റേതാണ്.സ്വന്തം മണ്ണില്‍ കാലൂന്നാനാകാതെ ബഹിഷ്കൃതമാകുന്ന അവസ്ഥയാണ് അഭയാര്‍ത്ഥിത്വം. മനുഷ്യനിര്‍മിതമായ പ്രതിസന്ധിയാണിത്.യുദ്ധം, ആഭ്യന്തരസംഘര്‍ഷം, വര്‍ഗീയകലാപങ്ങള്‍,അപരവല്‍ക്കരണം, പൗരത്വനിഷേധം തുടങ്ങിയവ മൂലം ജീവിതം അസാധ്യമായിത്തീര്‍ന്ന ഇടങ്ങളില്‍ നിന്നാണ് അഭയാര്‍ത്ഥികള്‍ വരുന്നത്. വംശം, മതം, സംസ്കാരം തുടങ്ങിയ സ്വത്വബോധങ്ങള്‍ ക്രൂരമായി ആക്രമിക്കപ്പെടുമ്പോഴാണ് അവര്‍ അഭയാര്‍ത്ഥികളാകുന്നത്.
ഹൃദയത്തെ പിളര്‍ത്തും മട്ടില്‍ നൊമ്പരം മുറ്റിനില്ക്കുന്ന കഥയാണ് ‘മഞ്ഞള്‍’. അതിഥിതൊഴിലാളിയുടെ ഭാര്യ ലൈംഗികപീഡനത്തിന് ഇരയാകുകയാണതില്.വേട്ടക്കാരനില്‍ നിന്ന് രക്ഷപ്പെടാന്‍ വേണ്ടി കുതറിയോടുന്നതിനിടെ ഉപയോഗശൂന്യമായിക്കിടന്ന കിണറിലേക്ക് ചുറ്റുവേലി തകര്‍ത്തുകൊണ്ട് അവള് നിലതെറ്റി വീണു.കഥാനായകന്റെ നാലര ഏക്കറിലെ മഞ്ഞള്‍ കൃഷി നോക്കാന്‍ നിയമിച്ച ഛത്തീസ്ഗഡുകാരനാണ് ധന്‍കര്‍ ശ്യാം. കൂടെ അവന്റെ ഭാര്യയുമുണ്ട്. തലമുടി മൈലാഞ്ചിയിട്ട് ചുവപ്പിച്ച ഒരു ചെറിയ പെണ്ണ്. കറുത്ത് തിളങ്ങുന്ന വള്ളി പോലൊരു പെണ്ണ്. കണ്ണുകളില്‍ കാന്തമാണ്. അടുത്തു വരുമ്പോള്‍ പനിക്കൂര്‍ക്കയുടെ ഇല ഞരടിയ ഗന്ധം.കിണറ്റില്‍ തലയിടിച്ചുവീണ് ബോധം നഷ്ടപ്പെട്ട നിലയില്‍ അവളിപ്പോള്‍ ആശുപത്രിയിലാണ്.
കഥാനായകന്റെ പെങ്ങളായ ട്രീസ ശ്യാമിനെയും ഭാര്യയെയും കുറിച്ചുള്ള ചില കാര്യങ്ങള്‍ ഗൂഗിള്‍ ചെയ്ത് കണ്ടെത്തുന്നുണ്ട്. ധന്‍കര്‍ ശ്യാം ഗോണ്ടുവാണ്. നര്‍മ്മദയുടെ തീരത്തെ ട്രൈബ്.മഞ്ഞള്‍ കൃഷി എക്സ്പേര്‍ട്. സ്വപ്നാത്മകതയുടെ പരിവേഷം നിറഞ്ഞ കഥയാണ് മഞ്ഞള്‍.ശ്യാമിന്റെ ഭാര്യ ലൈംഗികപീഡനത്തിന് ഇരയാകുന്നതും രക്ഷപ്പെടാനുള്ള ശ്രമത്തിനിടയില്‍ കിണറില്‍ വീഴുന്നതും വിഭ്രമസ്വപ്നം പോലെയാണ് ആവിഷ്കരിച്ചിരിക്കുന്നത്. കിണറിലേക്കവള് അബദ്ധത്തില്‍ വീണു എന്ന കള്ളം ചുറ്റുമുള്ളവരെ വിശ്വസിപ്പിക്കാനുള്ള ശ്രമമാണ് കഥാനായകന് പിന്നീട് നടത്തിത്.ഒരു നടനെ പോലെ ശ്യാമിനെ കെട്ടിപ്പിടിച്ച് ആശ്വസിപ്പിക്കുകയും ചെയ്യുന്നുണ്ടയാള്‍.
ഗോണ്ടുകളുടെ ഇടയില്‍ നിലനിന്നിരുന്ന മിത്തിനെക്കൂടി ഉള്‍ച്ചേര്‍ക്കുമ്പോള്‍ പുതിയൊരു ഭാവതലത്തിലേക്ക് കഥവികസിക്കുന്നു. മഞ്ഞള്‍ കൃഷിയാണ് ഗോണ്ടുകളുടെ കുലത്തൊഴില്‍. രണ്ടു നൂറ്റാണ്ട് മുമ്പ് വരെ നല്ല വിളവിനു വേണ്ടി ഇവര്‍ നരബലി നടത്തിയിരുന്നു. ഗ്രാമത്തിലെ ഏറ്റവും പ്രിയപ്പെട്ട സ്ത്രീകളെയും കുട്ടികളെയും പുരുഷന്മാരെയും നര്‍മ്മദ ദേവിയ്ക്ക് ബലികൊടുത്തു. ബലി പൂര്‍ത്തിയായാല്‍ ശരീരം ഭാഗിച്ച് മഞ്ഞള്പ്പാടങ്ങളില് കുഴിച്ചിടും. മഞ്ഞള്‍ ചുവട്ടില്‍ രക്തം തളിക്കും. ഇതോടെ നല്ല ചുവപ്പുനിറമുള്ള മഞ്ഞള്‍ വിളയും എന്നാണ് വിശ്വാസം.
ശ്യാമിനെ അന്വേഷിച്ച് കഥാനായകന് മലയിലെ മഞ്ഞള്പ്പാടത്തുമ്പോള് അവിടെ യാതൊരു അനക്കവുമില്ല. കിണറിന്റെ ആള്‍മറയില്‍ പിടിച്ച് താഴേക്ക് നോക്കിനില്ക്കുന്ന ശ്യാമിനെയാണ് അയാള്‍ കാണുന്നത്.മെല്ലെ തൊടാനാഞ്ഞതും കഥാനായകനെ തട്ടിനീക്കി മഞ്ഞള്ക്കള്ളികള്ക്ക് മുകളിലൂടെ അവന് അലര്‍ച്ചയോടെ ഓടി. കുറച്ചു ദൂരം പോയി മഞ്ഞള്ച്ചെടികള്ക്ക് മുകളിലേക്ക് കമിഴ്ന്നു വീണു. അവന് ഉറക്കെ വിളിച്ചു പറഞ്ഞു ‘കുഴിവെട്ടി മൂടെടാ, നിറയെ ചുവപ്പുള്ള മഞ്ഞള്‍ വളരട്ടെ ‘നിസ്സഹായനായ ഒരു മനുഷ്യന്റെ രോദനത്തിലേക്ക് പ്രസ്തുത മിത്ത് തീവ്രയാഥാര്ത്ഥ്യത്തോടെ ഇഴുകിച്ചേര്‍ന്നിരിക്കുന്നു
കേരളത്തിലെത്തുന്ന കുടിയേറ്റ തൊഴിലാളികള്‍ക്കിയില്‍ കുറ്റകൃത്യങ്ങള്‍ വര്‍ധിക്കുന്നുണ്ട്. അതോടൊപ്പം അവര്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ക്കും ചൂഷണങ്ങള്‍ക്കും കുറവൊന്നുമില്ല. അന്തര്‍സംസ്ഥാന തൊഴിലാളികളെ തദ്ദേശീയര്‍ ആക്രമിക്കുന്ന സംഭവങ്ങള്‍ക്ക് എത്രയോ ഉദാഹരണങ്ങള്‍ കണ്ടെത്താന്‍ സാധിക്കും.2025 ഡിസംബറില്‍ പാലക്കാട് വാളയാറില്‍ അതിഥി തൊഴിലാളി ആള്‍ക്കൂട്ട ആക്രമണത്തില്‍ കൊല്ലപ്പെട്ട സംഭവം കേരളത്തില്‍ ഏറെ ചര്‍ച്ചയായിരുന്നു. മോഷണക്കുറ്റം ആരോപിച്ച് ഛത്തീസ്ഗഡ് സ്വദേശിയായ രാം നാരായണനെ ആള്‍ക്കൂട്ടം മര്‍ദ്ദിച്ച് കൊലപ്പെടുത്തി. ഉത്തരേന്ത്യന്‍ മോഡല്‍ ആള്‍ക്കൂട്ടക്കൊല കേരളത്തിലേക്കും കടന്നുവരികയാണോ ?
കേരളത്തില്‍ നിന്ന് പുറത്തേക്ക് തൊഴില്‍ തേടിയുള്ള കുടിയേറ്റത്തിന് നൂറ്റാണ്ടുകളുടെ ചരിത്രമുണ്ട്.തിരുവിതാംകൂര്‍, കൊച്ചി, മലബാര്‍ പ്രദേശങ്ങളായിരിക്കുമ്പോള് മുതല്‍ ഇത് കാണാനാകും.കേരളത്തില്‍ നിന്നുള്ള കുടിയേറ്റവും കേരളത്തിലേക്കുള്ള കുടിയേറ്റവും സംസ്ഥാനത്തെ ഇന്നത്തെ നിലയില്‍ നിലനിര്‍ത്തുന്നതില്‍ പങ്കുവഹിക്കുന്നുണ്ട്. പ്രവാസി മലയാളികളെ കുറിച്ച് അഭിമാനിക്കുന്നത് പോലെ തന്നെ ഇവിടെ വന്ന് ജോലി ചെയ്യുന്ന അതിഥിതൊഴിലാളികളെപ്പറ്റിയും നമുക്ക് അഭിമാനിക്കാം. കേരളത്തിലെ സമ്പദ് വ്യവസ്ഥയെ മുന്നോട്ട് കൊണ്ടുപോകുന്നതില്‍ അവര്‍ നിര്‍ണ്ണായക സ്വാധീനം ചെലുത്തുന്നു.ഇക്കാര്യം തിരിച്ചറിഞ്ഞ് അതിഥിതൊഴിലാളികളെ അപരവല്‍ക്കരിക്കാനുള്ള ശ്രമങ്ങളില്‍ നിന്നും ഒഴിഞ്ഞു നില്‍ക്കണം,അവര്‍ക്കു മുന്നില്‍ ലോന അപ്പാപ്പനെയും സിമിയാന്റിയെയും പോലെ സ്നേഹത്തിന്റെയും കരുതലിന്റെയും കവാടങ്ങള്‍ തുറന്നിടലാണ് മലയാളികളുടെ കടമ.
***








No Comments yet!