Skip to main content

കഥനകല പ്രത്യക്ഷവാദത്തി നെതിരെ

മേതില്‍ രാധാകൃഷ്ണന്‍റെ വിവരണകലയ്ക്ക് പൂര്‍വ്വികമോ സമകാലികമോ ആയ സമാനമാതൃകകളില്ല! അദ്ദേഹത്തിനു മാത്രം സാദ്ധ്യമാകുന്നതാണത്. അനന്യം. ഏതൊരു സഹൃദയനെയും സര്‍ഗാത്മക എഴുത്തുകാരനെയും കൊതിപ്പിക്കുന്നത്.  ‘കയറിന്‍റെ അറ്റം‘ എന്ന കഥയുടെ ഭാഷാശൈലിയും അങ്ങനെ തന്നെ! എന്നാല്‍, ഈ ആഖ്യാനത്തിന്‍റെ ദാര്‍ശനികഗരിമയാണ് സവിശേഷമായി എടുത്തുപറയേണ്ടത്. മേതിലിന്റെ ഈ കഥ ഒരു സാധാരണ റോപ്പ് മാജിക് പ്രദർശനത്തിന്റെ വിവരണമായി ആരംഭിക്കുന്നുവെങ്കിലും അതിവേഗം അത് പ്രത്യക്ഷവും അപ്രത്യക്ഷവും തമ്മിലുള്ള ദാർശനിക സംഘർഷങ്ങളിലേക്കു വികസിക്കുന്നു.  കഥാഖ്യാനം ജ്ഞാനശാസ്ത്രപരമായ അന്വേഷണത്തിന്‍റെ വേദിയായി മാറുന്നു. കലയിലെയും സാഹിത്യത്തിലെയും ആധുനികശാസ്ത്രത്തിലെയും പ്രത്യക്ഷവാദ(positivism)ങ്ങള്‍ക്കെതിരെ ഉറച്ച നിലപാടുള്ള മേതിലിന്‍റെ ദര്‍ശനം ഈ കഥാഖ്യാനത്തിന്‍റെ അന്തരാത്മാവാണ്.  സമകാലത്ത് ഏതൊരു സര്‍ഗാത്മകപ്രതിഭയ്ക്കും പ്രത്യക്ഷവാദത്തിനെതിരായ സമീപനമേ സ്വീകരിക്കാന്‍ കഴിയൂ എന്നു പറയാമെങ്കിലും ഈ ആഖ്യാനത്തിലൂടെ മേതില്‍ സൃഷ്ടിക്കുന്ന അത്ഭുതപ്രപഞ്ചം ആ ദര്‍ശനത്തെ സത്യ, ധര്‍മ്മ, സൗന്ദര്യങ്ങളാല്‍ പരിപൂരിതമാക്കിയിരിക്കുന്നു.

മേതിലിന്റെ കഥ പ്രത്യക്ഷവാദത്തിനെതിരായ ഒരു നിശബ്ദ കലാപമാണ്. പുറമേ ഒരു ജാലവിദ്യപ്രദർശനത്തിന്റെ വിവരണം മാത്രമായി തോന്നുമെങ്കിലും സൂക്ഷ്മനിരീക്ഷണത്തില്‍  “പ്രത്യക്ഷത്തിലുള്ളതു മാത്രമാണു സത്യം” എന്ന ധാരണയെ  പൊളിച്ചുകളയുന്ന ദാര്‍ശനികപ്രവര്‍ത്തനമായി ഇതു മാറുന്നു. നിരീക്ഷിച്ച് നിയമങ്ങളിൽ പെടുത്താവുന്ന ഒരു സമതലമായിട്ടാണ് പ്രത്യക്ഷവാദം ലോകത്തെ വീക്ഷിക്കുന്നത്. മേതിലിന്‍റെ കഥ ഈ സമതലസങ്കല്‍പ്പനത്തിൽ വിള്ളലുകള്‍ സൃഷ്ടിക്കുന്നു. ഈ പൊട്ടലുകളിലൂടെ മേതിലിന്റെ സമീപനത്തിന്‍റെ ദർശനപ്രകാശം നമ്മളിലേക്കു പടരുന്നു. ജാലവിദ്യയിൽ അപ്രത്യക്ഷമാകുന്ന വസ്തുക്കള്‍ വീണ്ടും പ്രത്യക്ഷപ്പെടേണ്ടതാണ്. മേതിൽ ഈ ചക്രത്തെ തകർക്കുന്നു. പുലവൻ അവതരിപ്പിക്കുന്ന ആശയം – അപ്രത്യക്ഷമായിരിക്കുന്ന ഒരു ലോകമുണ്ട് – കഥയുടെ ദാർശനികഹൃദയമായി മാറുന്നു.

Maythil Radhakrishnan Ente Rashtreeyam | ജൈവരാഷ്ട്രീയത്തിന്റെ പടര്‍ച്ചകള്‍ | Maythil Radhakrishnan's 'Ente Rashtreeyam': A Biopolitical Analysis | Mathrubhumi

ആധുനികശാസ്ത്രത്തില്‍ പ്രത്യക്ഷവാദം ലോകത്തെ ഒരു സമ്പൂർണ്ണക്രമമായി കാണാനുള്ള ആഗ്രഹത്തോടെയാണ് മുന്നോട്ടുവരുന്നത്. ഏണസ്റ്റ് മാഹിനെ പോലുള്ള തത്ത്വചിന്തകര്‍ അതിനെ ഉയര്‍ത്തിപ്പിടിച്ചു.  ആല്‍ബര്‍ട്ട് ഐന്‍സ്റ്റൈന്‍ തന്‍റെ ആപേക്ഷികതാസിദ്ധാന്തത്തിന്‍റെ രൂപീകരണത്തിന് മാഹിന്‍റെ ദര്‍ശനത്തെ സ്വീകരിക്കുന്നുണ്ട്; പില്‍ക്കാലത്ത് ഇത് കൈയ്യൊഴിഞ്ഞുവെങ്കിലും. ലുഡ്-വിഗ്  ബോള്‍ട്സ്മാനെ പോലുള്ള ശാസ്ത്രജ്ഞർ മാഹിന്‍റെ വീക്ഷണത്തെ ചോദ്യം ചെയ്തു. അണു(atom)ക്കളെ നേരിട്ടു കാണാനാകില്ലെങ്കിലും അവയുടെ സാന്നിദ്ധ്യം അനിവാര്യമാണെന്ന് ബോള്‍ട്സ്മാന്‍ വാദിച്ചു. പ്രത്യക്ഷത്തില്‍ വരാത്തതും ശാസ്ത്രയാഥാർത്ഥ്യമാകാം എന്ന നിലപാടായിരുന്നു ഇത്. പ്രത്യക്ഷവാദത്തിന്റെ കഠിനരൂപങ്ങളെ  അലോസരപ്പെടുത്തുന്നത്. മേതിലിന്റെ കഥയിലെ പുലവൻ ഇതര രൂപത്തിൽ ബോൾട്സ്മാന് സമാനമായ ഭാവനാനിര്‍മ്മിതിയാണ്.

Ludwig Boltzmann
Ludwig Boltzmann

അപ്രത്യക്ഷമാകുന്ന വസ്തുക്കളെ കുറിച്ചു പറയുന്ന മേതിലിന്‍റെ കഥയിലെ പുലവന്‍ ജാലവിദ്യയിലെ യുക്തിപരമായ തന്ത്രങ്ങളെയും  പ്രത്യക്ഷവാദപരമായ സമീപനങ്ങളെയും തകർക്കുന്നു. ചില വസ്തുക്കൾ അപ്രത്യക്ഷമായാൽ പിന്നെ തിരികെ വരില്ല, അവയ്ക്കായി മറ്റൊരു ലോകമുണ്ടാകാമെന്ന് അയാള്‍ പറയുന്നു. ഇത് ശാസ്ത്രീയമായ തെളിവില്ലാത്ത വാദമെന്നതിലുപരി “പ്രത്യക്ഷത്തിലില്ലാത്തതിന്റെ സാദ്ധ്യത”യെ പറയുന്ന ഒരു വിചാരമാണ്. *ബോൾട്സ്മാൻ അണുക്കളെ കുറിച്ചു ചിന്തിച്ചതു പോലെ, പുലവൻ അപ്രത്യക്ഷവസ്തുക്കളുടെ ലോകത്തെ കുറിച്ചു ചിന്തിക്കുന്നു. കഥയിലെ പ്രധാന സംഭവങ്ങൾ പ്രത്യക്ഷവാദവിരുദ്ധമായ ഈ നിലപാടിനെ ശക്തമാക്കുന്നതാണ്. ചെറുക്കൻ കയറിൽ കയറി അപ്രത്യക്ഷമാകുന്നു. അവൻ തിരികെ വരുന്നില്ല. ആ പ്രതീക്ഷ തകർന്നുപോകുന്നു. ഇവിടെ ജാലവിദ്യ അതിന്‍റെ തനതുനില വിട്ട് യഥാർത്ഥസംഭവമായി മാറുന്നു.

സാഹിത്യത്തിലെ പ്രത്യക്ഷവാദം സാധാരണയായി യാഥാർത്ഥ്യത്തെ അതേപടി പകർത്താനുള്ള ശ്രമമാണ്.
പ്രത്യക്ഷവാദം അനുഭവൈകവാദം കൂടിയാണല്ലോ? പ്രചുരപ്രചാരമാര്‍ന്ന വിശേഷണങ്ങള്‍ കൊണ്ടുപറഞ്ഞാല്‍, ജീവിതത്തെ കണ്ണാടി പ്രതിബിംബം പോലെയോ ഫോട്ടോഗ്രാഫ് പോലെയോ അതുപോലെ തന്നെ അവതരിപ്പിക്കുക. (യഥാര്‍ത്ഥത്തില്‍ ഫോട്ടോഗ്രാഫോ കണ്ണാടി പ്രതിബിംബമോ വസ്തുവിനെ അതേപടി അവതരിപ്പിക്കുന്നില്ല. എപ്പോഴും അത് വ്യത്യസ്തരൂപങ്ങള്‍ നല്‍കുന്നു. യഥാതഥവാദം അതേപടി അവതരിപ്പിക്കല്‍ എന്ന നിലയില്‍ അസാദ്ധ്യവും അസാധുവുമാണെന്നതാണ് കാര്യം. പ്രത്യക്ഷവാദത്തിന് സാഹിത്യമണ്ഡലത്തില്‍ ദാര്‍ശനികമായ ന്യായീകരണമില്ലെന്നതാണ് വാസ്തവം) മേതിലിന്റെ കഥ ഈ സമീപനത്തിന് എതിര്‍ദിശയിലാണ്  നില്‍ക്കുന്നത്. കഥയുടെ ഭാഷയും ദൃശ്യങ്ങളും സർറിയൽ ഘടകങ്ങളും യാഥാർത്ഥ്യത്തിന്റെ സ്ഥിരതയെ തകർക്കുന്നു. കയർ ആകാശത്തേക്ക് കുത്തനെ നിൽക്കുന്നത്, അതിന്റെ അറ്റം കാണാനാകാത്തത്, കയറില്‍ കയറി മുകളിലെത്തിയ ചെറുക്കന്‍ അപ്രത്യക്ഷനാകുന്നത്, ആഖ്യാതാവ് മറ്റൊരു ലോകത്തിലേക്ക് കയറുന്നത് – ഇവയെല്ലാം യാഥാർത്ഥ്യത്തെ പകർത്തുക എന്ന ആശയത്തെ അസാധുവാക്കുന്നു. സാഹിത്യം ഇവിടെ അന്വേഷണമാണ്. ഡിലൻ തോമസിന്റെ പന്ത് ഈ ദാർശനികചർച്ചയിൽ ഒരു പ്രധാന ചിഹ്നമായി ഉയരുന്നു. “മുകളിലേക്ക് എറിഞ്ഞ പന്ത് ഇനിയും താഴെ വീണിട്ടില്ല” എന്ന വാക്യം ഗുരുത്വാകർഷണത്തെ പോലും നിഷേധിക്കുന്നു. അലന്‍ സോക്കലിനെ മേതില്‍  തന്‍റെ കഥയുടെ ചര്‍ച്ചയിലേക്കു ക്ഷണിക്കുകയാണോയെന്ന് നാം അത്ഭുതപ്പെടും! ഡിലന്‍ തോമസിന്‍റെ പന്ത് ശാസ്ത്രീയനിയമങ്ങളെ തകർക്കുന്നില്ല. അത് ശാസ്ത്രത്തിനും പരിമിതിയുണ്ടെന്ന് ശാസ്ത്രമാര്‍ഗത്തെ സ്വീകരിക്കാതെ സൂചിപ്പിക്കുന്നു. കവിതയിൽ, ജാലവിദ്യയിൽ, അനുഭവത്തിൽ, എവിടെയും ചില സംഭവങ്ങൾ നമ്മുടെ പ്രത്യക്ഷബോദ്ധ്യങ്ങള്‍ക്കു വിധേയമാകുന്നില്ല.

മേതിലിന്റെ കഥ പ്രത്യക്ഷവാദത്തെ പേരെടുത്തുപറഞ്ഞ് നേരിട്ട് വിമർശിക്കുന്നില്ല; പക്ഷേ അതിന്റെ പരിമിതികളെ നാടകീയമായി വെളിപ്പെടുത്തുന്നു. ആധുനികഭൗതികത്തില്‍ ബോൾട്സ്മാന്റെ ചിന്തപോലെ, ഇത് അപ്രത്യക്ഷത്തിന്റെ സാദ്ധ്യതയെ തുറന്നു കാണിക്കുന്നു. ജാലവിദ്യയുടെ വേദിയിൽ നിന്നാരംഭിച്ച് അത് മനുഷ്യാനുഭവത്തിന്റെ ആഴത്തിലുള്ള സത്യം പറയുന്നു: യഥാര്‍ത്ഥലോകം നമ്മളെല്ലാം കാണുന്നതിനും അപ്പുറമാണ്. നമ്മുടെ വ്യാഖ്യാനങ്ങൾക്കപ്പുറം  നിലനിൽക്കുന്നതെന്തോ ലോകത്തിലുണ്ട്. ലോകം പ്രത്യക്ഷവാദം നിർവ്വചിച്ചുറപ്പിക്കുന്നതിലും ഉപരി വിശാലമാണ്.

മേതിലിന്‍റെ കഥ വലിയൊരു മായാജാലവലയം ഒരുക്കുന്നു. ഓരോ ആശയവും മറ്റൊന്നിന്റെ നൂലിൽ പിടിച്ചിരിക്കുന്നു. പാമ്പാട്ടിയും പാമ്പും എന്ന ആദ്യദൃശ്യം നമ്മെ തെറ്റിദ്ധരിപ്പിക്കുന്നു. കാണുന്നതെല്ലാം സത്യമാണെന്ന പ്രത്യക്ഷവാദശീലം നമ്മളില്‍ പ്രവർത്തിക്കുന്നതു കൊണ്ടാണത്. പാമ്പെന്നു കരുതിയത് കയറാകുമ്പോൾ ഭാഷയിലെ നാമവും കാഴ്ചയും തമ്മിലുള്ള ബന്ധം സംശയത്തിനു വിധേയമാകുന്നു. കയർ – പാമ്പ് ഭ്രമം പൊളിയുമ്പോഴാണ് കാണുന്നതില്‍ സംശയം ജനിക്കുന്നത്. കഥ പ്രത്യക്ഷവാദത്തിനേല്‍പ്പിക്കുന്ന ആദ്യത്തെ വിള്ളൽ ഇതാണ്.

നമ്മുടെ അറിവ്, നമ്മുടെ അനുഭവത്തിൽ പ്രത്യക്ഷപ്പെടുന്നവയെ മാത്രമേ ഉൾക്കൊള്ളുന്നുവുള്ളൂവെങ്കിൽ അപ്രത്യക്ഷമായിരിക്കുന്നവയുടെ അവസ്ഥയെപ്പറ്റി നാം എന്താണ് പറയുന്നത്? പുലവന്റെ അപ്രത്യക്ഷലോകം ഒരു ഭവശാസ്ത്രഗണം (ontological category) പോലെ പ്രവര്‍ത്തിക്കുന്നു. അത് പ്രത്യക്ഷവാദത്തെ നേരിട്ടു വെല്ലുവിളിക്കുന്നു. സർറിയൽ ദൃശ്യങ്ങൾ – കയറിന്റെ നേർവര, ആകാശത്ത് നിൽക്കുന്ന അറ്റം, വസ്തുക്കൾ പറന്നു നടക്കുന്ന ലോകം – ഇവയെല്ലാം പ്രത്യക്ഷവാദത്തിന്റെ പരിധികൾ കാണിക്കുന്ന ദൃശ്യരൂപങ്ങളായി മാറുന്നു. പ്രത്യക്ഷത്തില്‍ വരാത്തത് ഇല്ല എന്ന നിലപാടിനെ  കാണാതായതിനെ എവിടെ വയ്ക്കും? എന്ന ചോദ്യത്തിലൂടെ പുലവൻ നേരിടുന്നുവെന്നു പറയാം. ഇപ്പോള്‍ മാത്രമല്ല ബോള്‍ട്സ്മാന്റെ ചിന്തയുമായി പുലവനുള്ള  അടുപ്പം തെളിയുന്നത്. ഇരുവരുടെയും ആത്മാഹുതി അധികാരത്തിന്‍റെ പ്രത്യക്ഷവാദനിലപാടുകള്‍ താങ്ങാനാവാതെയാണ്. ഇതും അവര്‍ക്ക് സമാനതകള്‍ നല്‍കുന്നു.  ”ഇനി ചെറുക്കനെ കാണാൻ വീട്ടുകാരും നാട്ടുകാരും മണംപിടിച്ച് എന്‍റെ പുറകിൽ എത്തും. പിന്നെ പോലീസും അവരുടെ നായ്ക്കളും.” പ്രത്യക്ഷവാദികള്‍ അയാളെ കുറ്റക്കാരനാക്കുമെന്ന ഭീതി പുലവനിലുണ്ടായിരുന്നു. പില്‍ക്കാലത്തെ ശാസ്ത്രം അണുവിനെ അംഗീകരിക്കുകയും ഇലക്ട്രോണും ക്വാര്‍ക്കുകളും പോലുള്ള അപ്രത്യക്ഷത്തിലെ വസ്തുക്കളെ സങ്കല്‍പ്പിക്കുകയും ചെയ്തതു പോലെ കഥയുടെ ആഖ്യാതാവ് അപ്രത്യക്ഷവസ്തുക്കളുടെ ലോകത്തെത്തി ഡിലന്‍തോമസിന്‍റെ പന്തിനെയും മറ്റും കണ്ടെത്തുന്നുണ്ട്. പക്ഷേ, ബോള്‍ട്സ്മാനും പുലവനും പ്രത്യക്ഷവാദത്തിനെതിരായ നിലപാടിന്‍റെ പേരില്‍ രക്തസാക്ഷികളായി കഴിഞ്ഞിരുന്നു!  അവര്‍ അറിവിന്റെ ഭാരത്തിൽ തകർന്നവരാണ്.

സർറിയൽ ദൃശ്യങ്ങൾ നമ്മുടെ അനുഭവങ്ങളുടെ സ്ഥൈര്യത്തെ ചോദ്യം ചെയ്യുന്നു. ഈ അവസ്ഥകൾ ദൃശ്യവും യാഥാർത്ഥ്യവും തമ്മിലുള്ള ഭേദം അസ്ഥിരമാക്കുന്നു. പ്രേക്ഷകർക്ക് ജാലവിദ്യ ഒരു വിനോദമാണ്. അവർ കാണുന്നത് തന്ത്രമെന്നറിഞ്ഞിട്ടും അതിൽ വിസ്മയിക്കുന്നു. ഈ സർറിയൽ അവസ്ഥകൾ നമ്മെ വിസ്മയിപ്പിക്കുക മാത്രമല്ല; നമ്മെ അലോസരപ്പെടുത്തുകയും ചെയ്യുന്നു. സർറിയലിസം ഇവിടെ ഭയത്തിന്റെ രൂപവുമാണ്. ഈ ഭയം അർത്ഥത്തിന്റെ അസ്ഥിരതയാണ്. ഈ ഘടകങ്ങൾ കൂടിച്ചേര്‍ന്ന് അജ്ഞാതത്തിന്റെ സാന്നിദ്ധ്യം ശക്തമാക്കുന്നു. ഡിലൻ തോമസിന്റെ പന്ത് കഥയുടെ ഭാവത്തെ നിർവ്വചിക്കുന്നതില്‍ വലിയ പങ്കു വഹിക്കുന്നുണ്ട്. അപ്രത്യക്ഷത, അനിശ്ചിതത്വം, അർത്ഥത്തിന്റെ തുറന്ന നില, അനുഭവത്തിന്റെ അപൂർണ്ണത – കഥയുടെ മുഴുവൻ ദാർശനികചലനത്തിന്റെയും ചുരുക്കരൂപമാണത്.

കഥയിലെ “ഞാൻ” ഒരു സാധാരണ സാക്ഷിയല്ല, അയാള്‍ നിരന്തരം  സംശയിക്കുന്ന, ചിന്തിക്കുന്ന, ബന്ധിപ്പിക്കുന്ന ധിഷണയാണ്. അയാള്‍ സ്വയം വിമര്‍ശിക്കുന്നുമുണ്ട്.  ജാലവിദ്യക്കിടയില്‍ പ്രത്യക്ഷപ്പെട്ട് കാണികളെ അത്ഭുതപരതന്ത്രരാക്കുന്ന കോഴിയെ ആഖ്യാതാവ് ഒരു ദാർശനികവ്യാഖ്യാനത്തിലേക്ക് മാറ്റുന്നു: അത് യാദൃച്ഛികതയാകാമെങ്കിലും. പ്ലേറ്റോ, സോക്രട്ടീസ്, ഡിലൻ തോമസ് എന്നിവരെ ആഖ്യാതാവ് ഒരേ ചിന്തയുടെ കണ്ണികളായി കോര്‍ക്കുന്നു. ഈ പാഠാന്തരത്വം കഥയെ ഒരു പ്രാദേശികാനുഭവത്തിൽനിന്ന് ആഗോളബൗദ്ധികപരിസരത്തിലേക്കു നയിക്കുന്നു. പ്രത്യേകിച്ച് ഡിലൻ തോമസിന്റെ “മുകളിലേക്കെറിഞ്ഞ പന്ത് ഇനിയും താഴെ വീണിട്ടില്ല” എന്ന വാക്യത്തെ പുലവന്റെ അപ്രത്യക്ഷലോകങ്ങളുമായി ബന്ധിപ്പിക്കുമ്പോൾ കവിതയും ജാലവിദ്യയും ഒരേ ഭവശാസ്ത്രപ്രശ്നത്തെ അഭിമുഖീകരിക്കുന്നതായി തോന്നിപ്പിക്കുന്നു. ആഖ്യാതാവ് കയറിൽ കയറി അപ്രത്യക്ഷവസ്തുക്കളുടെ ലോകത്തിലേക്കു പ്രവേശിക്കുന്ന ഭാഗം യാഥാർത്ഥ്യത്തിന്റെ ഭൗതികനിയമങ്ങളെ തകർക്കുന്ന ഒരു സങ്കൽപ്പനമാണ്. ഒരു പക്ഷേ, സാഹിത്യഭാവനയ്ക്കു മാത്രം പ്രാപ്തമാകുന്നത്.  ആഖ്യാതാവിന്‍റെ സാന്നിദ്ധ്യം വായനക്കാരനെ ചോദ്യങ്ങളിലേക്കു നയിക്കുന്ന ഒരു തുറന്ന വഴിയാണ്.

മേതിലിന്റെ കഥയിലെ ജാലവിദ്യാപ്രകടനത്തിന്റെ വിവരണം ഒരു സംഭവത്തെ പകർത്തുന്ന കേവലരേഖീകരണമല്ല. അത് ഓരോ നിമിഷത്തെയും പിടിച്ചെടുക്കുന്ന ശില്പകലയാണെന്ന പ്രതീതിയുണ്ടാക്കുന്നു. വായനക്കാരനു കാണുന്നുവെന്ന് തോന്നുന്നത്രയും സാന്ദ്രമായ യാഥാർത്ഥ്യബോധവും അനുഭവിക്കുന്നുവെന്ന് തോന്നുന്നത്രയും സൗന്ദര്യാത്മകമായ വിപുലതയും ഈ വിവരണത്തിനുണ്ട്. നിമിഷത്തിന്റെ ദൃശ്യഘടന നോക്കൂ! എഴുത്തുകാരൻ സ്ഥിതചിത്രമല്ല വരയ്ക്കുന്നത്, ചലനാത്മകവേദിയെ സൃഷ്ടിക്കുന്നു. മനുഷ്യവലയത്തിന്റെ രൂപം, അതിന്റെ കട്ടിയേറിയതും തുറക്കുന്നതും അടയുന്നതുമായ ചലനങ്ങൾ, കയറിന്റെ നേർവര, ആകാശത്തേക്ക് ഉയരുന്ന ദൃഷ്ടിരേഖകൾ – ഇവയെല്ലാം ചേർന്ന് ഒരു ജ്യാമിതീയനാടകവേദി രൂപപ്പെടുന്നു. ഒരു ഘട്ടത്തിൽ വൃത്തം, മറ്റൊരിടത്ത് കൂമ്പാരം, പിന്നെ വീണ്ടും വൃത്തം – ഈ രൂപമാറ്റങ്ങൾ ദൃശ്യവിവരണങ്ങള്‍ മാത്രമല്ല. അവ അനുഭവത്തിന്റെ താളം നിർണ്ണയിക്കുന്ന ഘടകങ്ങളാണ്.

ആഖ്യാനത്തില്‍  ശബ്ദരൂപവൽക്കരണത്തിന്‍റെ  അപൂർവമായ  സാങ്കേതികവിദ്യ മേതില്‍ പ്രയോഗിക്കുന്നു. “ഓ” എന്ന ജനവലയത്തിന്റെ ഒറ്റശബ്ദം എഴുത്തുകാരൻ ശബ്ദമായി മാത്രം കേള്‍പ്പിക്കുകയല്ല, അത് ഒരു ആകൃതിയായി, ഒരു വലയമായി, ഒരു വ്യാപനമായി അവതരിപ്പിക്കുന്നു. ശബ്ദം കേൾക്കുന്നതല്ല, കാണുന്നതാണ് എന്ന രീതിയിൽ അത് മാറുന്നു. ഭാഷ ഇവിടെ ശബ്ദത്തെയും ദൃശ്യത്തെയും തമ്മിൽ ചേർക്കുന്ന മാധ്യമമായി തീരുന്നു. കാലവും വേഗവും ശ്രദ്ധിക്കുക! ഒരു നിമിഷം നീളുന്നു, മറ്റൊന്ന് പെട്ടെന്ന് കടന്നുപോകുന്നു. ചെറുക്കൻ കയറിൽ കയറുന്ന നിമിഷം ഒരു നീണ്ടുനിൽക്കുന്ന പ്രതീക്ഷയായി മാറുമ്പോൾ അവന്‍ അപ്രത്യക്ഷമാകുന്നത്  പെട്ടെന്നുള്ള വിസ്ഫോടനമാകുന്നു. ദൃശ്യങ്ങളുടെ അപ്രതീക്ഷിത വിപുലീകരണം ശ്രദ്ധിക്കുക! സാധാരണ പ്രേക്ഷകന്റെ കണ്ണിൽപ്പെടുന്ന കാര്യങ്ങൾ മാത്രം പറയുന്നതിൽ എഴുത്തുകാരൻ തൃപ്തനാകുന്നില്ല. പകരം, കണ്ണാടിക്കു മുമ്പിൽ ലിപ്സ്റ്റിക് ഇടുന്ന പെൺകുട്ടിയുടെ ചുണ്ടുകൾ, സിഗരറ്റ് പുകയിലെ വലയങ്ങൾ – ഇവയെല്ലാം “ഓ” എന്ന ശബ്ദത്തിന്റെ ഭാഗമാകുന്നു. എഴുത്തുകാരന്‍ വ്യാഖ്യാനത്തില്‍ ഇടപെടുന്നു! “ഇങ്ങനെയാണ് ഒരു നിമിഷം എഴുതേണ്ടത്” എന്ന സൂചനപോലെ വരുന്ന ഭാഗം എഴുത്തുകാരൻ തന്റെ കലാപ്രക്രിയയെ തന്നെ തുറന്നു കാണിക്കുന്ന നിമിഷമാണ്. ഇത് വെറും വിവരണമല്ല. വിവരണത്തെക്കുറിച്ചുള്ള ചിന്തയാണ്. മുഴുകിപ്പോയ വായനക്കാരനെ ഇത് കഥയുടെ വിവരണമാണെന്ന്   മേതില്‍ ധരിപ്പിക്കുന്നു. ഇപ്പോള്‍, മേതില്‍ ബ്രഹ്റ്റിനെ ഓര്‍മ്മിപ്പിക്കുന്നു.

കഥയിലെ ശരീരങ്ങളുടെ സാന്നിദ്ധ്യം വളരെ സജീവമാണ്. മനുഷ്യവലയത്തിന്റെ ശ്വാസം, ഹൃദയമിടിപ്പുകൾ, കണ്ണുകളുടെ ചലനം – ഇവയെല്ലാം ചേർന്ന് പ്രേക്ഷകർ ഒരു കൂട്ടായ ശരീരമായി മാറുന്നു.  ജാലവിദ്യ ഒരു വ്യക്തിയുടെ പ്രകടനം മാത്രമാകാതെ ഒരു സമൂഹാനുഭവമായി മാറിത്തീരുന്നത് മേതില്‍ എഴുതുന്നു.
മേതിലിന്‍റെ വിവരണം സാഹിത്യത്തെ കുറിച്ചുള്ള ഒരു പ്രസ്താവന കൂടിയാണ്. യാഥാർത്ഥ്യത്തെ പകർത്തുകയല്ല സാഹിത്യം ചെയ്യുന്നത്. അത് യാഥാർത്ഥ്യത്തെ പുനർസൃഷ്ടിക്കുന്നു. ഒരു നിമിഷത്തെ അതിന്റെ ഭൗതികപരിധികൾക്കപ്പുറം നീട്ടുന്നു. ശബ്ദത്തെ ദൃശ്യമായി, ദൃശ്യത്തെ ആശയമായി മാറ്റുന്നു. ഓരോ വാക്യവും ഒരു ബ്രഷ്‌സ്റ്റ്രോക്ക് പോലെ, ഓരോ ദൃശ്യവും ഒരു സിംഫണിയിലെ നോട്ടുകൾ പോലെ ചേർന്ന്, ഒരു നിമിഷത്തെ ശാശ്വതമാക്കുന്നതിനായി ആവിഷ്ക്കരിക്കുന്നു. മേതിലിന്റെ ആഖ്യാനം വിവരണകലയുടെ ഉന്നതമായ മാതൃകയായി തീരുന്നു.

***

Note : എപ്പോഴും അപ്രത്യക്ഷമായിരിക്കുന്ന വസ്തുക്കളെ കുറിച്ചല്ല പുലവന്‍ പറയുന്നതെന്ന്, പ്രത്യക്ഷത്തില്‍ നിന്നും അപ്രത്യക്ഷമായതിനെ കുറിച്ചാണെന്ന് എതിര്‍വാദം ഉന്നയിക്കാവുന്നതാണ്.  അതുകൊണ്ട്, എപ്പോഴും അപ്രത്യക്ഷമായിരിക്കുന്ന വസ്തുക്കളെ സങ്കല്‍പ്പിക്കുന്ന ശാസ്ത്രവുമായി ജാലവിദ്യാവ്യവഹാരത്തെ ബന്ധിപ്പിക്കുന്നത് അനുചിതമാണെന്നും വാദിക്കാം.   അപ്രത്യക്ഷമായിരിക്കുന്നവ എപ്പോഴും അപ്രത്യക്ഷമായി തന്നെ ഇരിക്കുമെന്ന് ശാസ്ത്രം കരുതുന്നുണ്ടോ? അത് ശാസ്ത്രത്തിന്‍റെ ആത്മാവിനു വിരുദ്ധമായ കരുതലാണ്. കാണാതിരുന്ന ചില അണുക്കളുടെ ചിത്രങ്ങളെടുക്കാന്‍ സാങ്കേതികവിദ്യയ്ക്കു കഴിഞ്ഞിട്ടുണ്ട്. ഖരാവസ്ഥാഭൗതികത്തിന്‍റെ പുസ്തകങ്ങളില്‍ അത്തരം ചിത്രങ്ങള്‍ കാണാം, ഇലക്ട്രോണ്‍ പോലുള്ള മൗലികകണങ്ങള്‍ ഇപ്പോഴും കാണാപ്പുറത്താണെങ്കിലും. ജാലവിദ്യ അനുവദിക്കുന്ന വ്യാഖ്യാനങ്ങള്‍ക്കാണ് ലേഖകന്‍ ഇവിടെ തുനിഞ്ഞിട്ടുള്ളത്.

***

No Comments yet!

Your Email address will not be published.