Skip to main content

പിഴച്ച വഴികൾ

“ന്നാലും ന്റെ ന്നും, ചാമായി അന്ന് കെടന്ന കെടത്തം…മൂക്കീന്നും വായെന്നും ചൊക ചൊകാന്നൊലിച്ച്…ന്റെ ചാമായിയ്ക്ക് ന്താ അന്ന് പെയച്ചത്.ഓൻ കേറാത്ത തെങ്ങും പനേം ഇണ്ടോ ഈ നാട്ടില്! അണ്ണ പറ്റണ പോലെ പറ്റിപ്പിടിച്ചല്ലേ ഓൻ കേറാറ്. കണ്ണ് ചിമ്മണ നേരം കൊണ്ട് തേങ്ങ പടപടാന്ന്‌ ഇടും…. ചെറ്യേക്കീന്റെ കൂട്ട് കൊരലില് മാറി മാറി ഇരിക്കും…

തലേന്ന് മോന്തിക്ക് കൊറച്ച് മോന്തി മിനിങ്ങീട്ടാ ചാമായി വന്നത്. വന്ന് കേറിയപ്പളാച്ചാ ചാലീട്ടിലെ നായരുട്ടി ഞാടെ ചാളേല് ണ്ടാർന്നു ത്രെ, ന്റെ മകള്പെണ്ണും.
ആടിന് വള്ളി വെലിക്കാൻ പോയ ഞാനാച്ച ഈ നൊണ്ടിക്കാലും വലിച്ച് വന്നപ്പോ ഇര്ട്ട് വീണേർന്നു.
ഞാൻ വന്നപ്പഴയ്ക്കും ചാമായി മടാള് എട്ത്ത് ന്റെ നേർക്കൊരു ചാട്ടം. അരിവാളോണ്ട് മെട്ടും ന്ന് ഞാനും പറഞ്ഞു…. പറഞ്ഞ് പറഞ്ഞ് ഓൻ എറങ്ങി ഒരു പോക്ക്. പോയാലും ചങ്കരന്റെ ചായ്പ്പില് ണ്ടാവും ന്ന് യ്ക്ക് ഒറപ്പാ.

പിറ്റേന്ന് മുറുക്കാൻ വാങ്ങാൻ കുട്ടെളാറടെ പീടികേയ്ക്ക് നടക്കുമ്പൊണ്ട് ചാല്യത്തെ പനേല് അണ്ണ കേറണ പോലെ കേറിപോണു ഒരു ജന്തുക്കാരൻ ,ന്റെ ചാമായി.

അണക്കും അന്റെ പെയച്ച പെണ്ണിനും തിന്നാൻ മേണ്ടി ഒരു പനേന്റെ കൊരലും ഇനി ഞാൻ കാണൂല ന്ന് പറഞ്ഞ് എറങ്ങി പോയോനാ.
ഞാനാ കേറല് നോക്കി ചിരിയോട് ചിരി…. ഒടുക്കത്തെ ചിരി.. ഹാ ഒട്ക്കത്തെ…ചിരിച്ച് ചിരിച്ച് ഞാൻ നോക്കി നിക്കുംബളല്ലേ….. കൊല വെട്ടിട്ടതാന്നാ ഞാൻ ആദ്യം വിചാരിച്ചേ….. ന്റെ ന്നും ഒണക്ക പയറ് പൊട്ടണ മാതിരിക്ക് നട്ടെല്ല് ….
പഞ്ഞീല് പൊതിഞ്ഞിട്ടാ പിന്നെ ന്റ ഓർമ്മ. പഴ്ത്ത കരിമ്പനത്തേങ്ങ പോലെ മോറ് ചീർത്ത്…

പിന്നെന്തായാലും ഇയ്ക്കും ന്റെ മകള്പെണ്ണിനും ചാമായി മരം കേറീട്ട് ചോറ് ണ്ടായീല.
പെയച്ച പെണ്ണിന്റെ ചോറോണ്ടായി പിന്നെ…..
ഇപ്പളാച്ചാ പെണ്ണിന് ശർദീം വേണ്ടായിം. അതോണ്ട് പേടിച്ച് ഓനും വരണില്ല.
ഏത് നാട്ടിലാച്ചാലും ഏത് കാലത്തിലാ ച്ചാലും പെണ്ണല്ലേ എന്നും പെയച്ചിട്ടുള്ളൂ.
ആരാ പെപ്പിച്ചേന്ന് പറഞ്ഞാ വയിണ്ടാക്കാന്ന് ചെലോര്. പെയപ്പിച്ചത് വെശ്പ്പാ, പെയച്ച വെശപ്പ്…..
ങ്ങള് കൊറച്ച് പയങ്കഞ്ഞിണ്ടെങ്കി തന്നാണി. വെശന്ന്ട്ട് വയ്യ.”

***

രമ്യ നെച്ചിങ്ങല്‍

സ്വദേശം കൈലിയാട്. GHS വല്ലപ്പുഴയിൽ അധ്യാപികയായി ജോലിചെയ്യുന്നു . ‘എനിക്കെന്നുമേ പാഥേയം ‘ എന്ന പേരിൽ കവിതാ സമാഹാരം പ്രസിദ്ധീകരിട്ടുണ്ട്. ആനുകാലികങ്ങളിലും നവമാധ്യമങ്ങളിലും എഴുതുന്നു.

***

No Comments yet!

Your Email address will not be published.