Skip to main content

ഗപ്പിയിലെ അപര ജീവിത ആഘോഷങ്ങൾ

ഗപ്പി എന്ന സിനിമയുടെ ഫോർമാറ്റ്, അതിലെ ഡെലിബെറേറ്റ് ആയി ക്രിയേറ്റ് ചെയ്യുന്ന ഇമോഷണൽ ഹൈപ്പ് തുടങ്ങിയവ ഒന്നും ആ സിനിമയിലേക്ക് എന്നെ കടത്തി വിട്ടില്ല. പക്ഷേ, അതിലെ ചെറുപ്പക്കാരായ കുട്ടികളുടെ ജീവിതത്തിലെ ആഘോഷങ്ങൾ, അവരുടെ പരിസരങ്ങൾ, അവരുടെ ജീവിതത്തിന്റെ രൂപകങ്ങൾ, അവരുടെ ജീവിത വഴികൾ—ഇവ ഒക്കെ കൂടെയാണ് എന്നെ ആ സിനിമയിലേക്ക് കയറ്റിയത്. ഒരു മുസ്ലീം പെൺ കുട്ടിയുടെ ഉണങ്ങാനിട്ട വസ്ത്രം പാറുവാൻ വേണ്ടി കാത്തിരിക്കുന്ന ഒരു കൂട്ടം തെരുവ് കുട്ടികളുടെ ഒരു സീൻ ഒരു പക്ഷേ മലയാള സിനിമയിലെ തന്നെ ഏറ്റവും പോയറ്റിക് ആയ വിഷ്വൽ ആയിരിക്കും. അവർ ജീവിക്കുന്ന തെരുവ്, കട, ഗപ്പി മീൻ, ഓട്ടോറിക്ഷ തുടങ്ങിയവ ഒക്കെ വേറെ ഒരു ട്രാൻസ് ലോകം തീർക്കുന്ന അപാരമായ സബാൾറ്റേൺ ജീവിതവും പരിസരവുമാണ് ഈ സിനിമ രൂപപ്പെടുത്തുന്നത്. അതിനു അതീവമായ മനോഹാരിതയുണ്ട്. ഒരു ബ്രസീലിയൻ സിനിമയിലെ തെരുവുകളിലെത് പോലെ ഉള്ള ഒരു മനോഹാരിത.

Guppy (2016) - IMDb

കടലോരവുമായി ബന്ധപ്പെട്ടു നിൽക്കുന്ന ഒരു തെരുവ് ജീവിതം, ഒരു കേരളീയ പരിസരത്തിൽ പലപ്പോഴും പ്രോക്ലൈം ചെയ്യപ്പെടുന്ന ആഘോഷിക്കുന്ന സാംസ്കാരിക പരിസരങ്ങളിൽ നിന്ന് വ്യത്യസ്തപ്പെട്ട ഒരു വേറിട്ട എക്കോ സിസ്റ്റം രൂപപ്പെടുത്തുന്നു. അവിടെ ടീനേജിൽ എത്തിയ പൂവാലന്മാരുണ്ട്, കാമുകന്മാരുണ്ട്, മാല പറിച്ചോടുന്ന മോഷ്ടാവുണ്ട്, കച്ചവടം നടത്തുന്ന മോളി ചേച്ചിയുണ്ട്, പൈസ ബാർഗെയിൻ ചെയ്ത് വാങ്ങിക്കുന്ന കൗമാരക്കാരുണ്ട്, രണ്ടു ദോശ അധികം കൊടുക്കുന്ന ഒലിപ്പിക്കലുണ്ട്, ‘മോളി തമ്പുരാട്ടി അങ്ങോട്ട് നടക്ക്ക’ എന്ന കളിയാക്കൽ ഉണ്ട്, ഗപ്പി വിൽക്കുന്നവരുണ്ട്, ചായക്കച്ചവടക്കാരുണ്ട്, മുത്തുച്ചിപ്പി വായിക്കുന്നവരുണ്ട്, ഒളിഞ്ഞു നോക്കുന്നവരുണ്ട്. എല്ലാം ചേർന്നുള്ള ഒരു തെരുവ് ജീവിതത്തിന്റെ എക്കോ സിസ്റ്റം രൂപപ്പെടുമ്പോഴും, ആ സിസ്റ്റത്തിൽ അവർ അവരുടെ ജീവിതത്തിന്റേതായ ഗംഭീരമായ വയലൻസും പ്രണയവും കാമവും ഹാപ്പിനെസ്സും ഒക്കെ ആഘോഷിക്കുന്നു.

മിഖായേൽ എന്ന മാലാഖയായാണ് ഈ കോളനിയിലെ ഗപ്പി എന്ന കുട്ടിയുടെ ശരിയായ പേര്. “മിഖായേൽ” എന്നാൽ മാലാഖ എന്നാണു അർത്ഥമെന്ന് ശ്രീനിവാസന്റെ മുസ്‌ലിം കഥാപാത്രം പറയുന്നു. അവൻ ഒരു മാലാഖയായിരിക്കുമ്പോഴും, അവന്റെ ആ ജീവിതത്തിന്റെ എക്കോ സിസ്റ്റത്തിൽ നിന്ന് ഒരു മോഡേണിറ്റിയുടെ ജീവിതങ്ങളിലേക്ക് അവൻ പലപ്പോഴും കുതിച്ചു ചാടുന്നുണ്ട്. മൈക്കിൾ ജാക്സൺ പോലെ സ്റ്റൈലായി ഡ്രസ് ധരിച്ച്, കൂളിംഗ് ഗ്ലാസ് വെച്ചാണ് അവൻ തന്റെ അമ്മയ്ക്ക് ഒരു വീൽചെയർ വാങ്ങാൻ പോകുന്നത്. ബാംഗ്ലൂർ ഡെയ്‌സ് എന്ന സിനിമ കാണുന്നതോടുകൂടി വീൽചെയറിന്റെ പുതിയ ടെക്നോളജിയിലേക്ക് അവൻ അപ്ഡേറ്റഡ് ആകുന്നു. പിന്നെ അത് വാങ്ങാൻ തന്നെയാണ് അവൻ ശ്രമം നടത്തുന്നത്.

Guppy (2016) | Cinema Chaat

പുതിയ കാലത്ത് ഏതൊരു ഐഡിയയും ബിസിനസായി മാറുന്ന ഒരു യുഗം കൂടെയാണ്. ഐഡിയകൾക്കാണ് പൈസ. ഗപ്പി എന്ന മത്സ്യം കേരളത്തിന്റെ സാംസ്കാരിക പരിസരത്തിൽ ഒരു സാംസ്കാരികമായും സാമ്പത്തികമായും ഉള്ള ടൂളായി മാറുന്നത്, ഒരുപക്ഷേ പുതിയ നൂറ്റാണ്ടിലാണ്. ആ കാലത്ത് തന്നെ അതിന്റെ ബിസിനസ് സാധ്യതകളും പലരും കണ്ടെത്തിയിരുന്നു. മിഖായേൽ എന്ന ഒരു കോളനിയിൽ ജീവിക്കുന്ന ഒരു കുട്ടി, ഗപ്പി എന്ന പുതിയ ഒരു ബിസിനസ് ടൂളിന്റെ സാധ്യത കണ്ടെത്തി അതിൽ നിന്നും പണം കണ്ടെത്താനാണ് ശ്രമിക്കുന്നത്. അതിലൂടെ ആ കുട്ടി സാമ്പത്തിക സ്രോതസ്സ് കണ്ടെത്തി, ജീവിതം കുരുപ്പിടിപ്പിച്ച്, തന്റെ അമ്മയ്ക്ക് ഒരു മോഡേണിസ്റ്റിക് വീൽചെയർ വാങ്ങാൻ ശ്രമിക്കുന്നു.

മിഖായേൽ രൂപീകരിക്കുന്ന ഒരു സാമ്പത്തിക ജീവിത ക്രമം കേരളം കഴിഞ്ഞ എഴുപത് വർഷം രൂപപ്പെടുത്തിയതും ഇപ്പോൾ രൂപപ്പെടുത്തിക്കൊണ്ടിരിക്കുന്ന ‘പൊതു’ ജീവിത രീതിയിൽ നിന്ന് വ്യത്യസ്തപ്പെട്ടതാണ് എന്നതാണ് അതിന്റെ മനോഹാരിത. പഠിച്ചു മുന്നേറി വലിയ ആളുകളാകാൻ യൂണിഫോമിട്ട് സ്കൂളിൽ പോകുന്ന കുട്ടികളുടെ സ്കൂളിന്റെ മുന്നിലെ മതിലിന് പുറത്താണ് സ്കൂളിലേക്ക് പോകാത്ത മിഖായേലിന്റെ ഗപ്പി ബിസിനസ്. അവൻ അതിൽ നിന്ന് ഒരുമാസം പന്ത്രണ്ടായിരം രൂപ ഉണ്ടാക്കുന്നു. അതേ സമയം അവിടെ ചായക്കടയിൽ ജോലി ചെയ്യുകയും അത് ഒരു സ്കൂളിംഗ് സ്പേസായി മാറുകയും ചെയ്യുന്നു. സ്കൂളിംഗ് വിദ്യാഭ്യാസവും സാമൂഹിക ജീവിതവും എന്ന ‘പൊതു’ രീതിക്ക് പുറത്ത്, അവൻ കേരളത്തിൽ നിന്ന് ‘പുറത്ത്’ പോയി വേറെ ഒരു ജീവിതം ക്രിയേറ്റ് ചെയ്യുന്നു. അത് റൊമാന്റിക് ആണോ റിയലിസ്റ്റിക് ആണോ എന്നതൊക്കെ വേറെ ഒരു കാര്യം . പക്ഷേ, അവൻ ഒരു പുതിയ എക്കോ സിസ്റ്റം രൂപപ്പെടുത്തുന്നുണ്ട്. അതേ സമയം ആ സ്കൂളിലെ പ്രാർത്ഥനകൾ ഒക്കെ അവന് ബൈഹാർട്ടുമാണ്.

തനിക്കിട്ട് പണിയുന്നവനെ തിരിച്ചു പണിയാനും, പൈസ എന്നത് പിടിച്ച് വാങ്ങിക്കുവാനും മിഖായേൽ എന്ന ഗപ്പിക്ക് നന്നായി അറിയാം. അതിന് പുറമെ അവൻ തന്റെ കൂട്ടുകാരുടെ പൊളിഞ്ഞുപാളിയായ ഓട്ടോറിക്ഷയിൽ കൂട്ടുകാരുടെ ഒരു ലോകം തീർക്കുന്നുണ്ട്. അവൻ ചിത്രം വരയ്ക്കുന്നുണ്ട്. അതിലൊക്കെ മീനാണ് അവന്റെ പ്രധാന കഥാപാത്രം. കടലും മീനും കോളനി ജീവിതവും മേരി ചേച്ചിയും ഒക്കെ ചേർന്ന ഒരു ജീവിതത്തിൽ അവൻ തന്റെ വേറെ ഒരു ലോകം തീർക്കുന്നു. അതേ സമയം, അവർ ഒക്കെ വായി നോക്കുന്ന മുസ്‌ലിം പെൺകുട്ടിയുടെ ജീവിതത്തിലേക്കുള്ള തള്ളിക്കയറ്റവും അത്രക്ക് ക്യൂട്ടാണ്.

മിഖായേലിന്റെ അമ്മയുടെ മരണത്തിൽ അവന്റെ പ്രതികരണമാണ് ആഴത്തിൽ ആയ കഥാപാത്രത്തിലേക്ക് എന്നെ അടുപ്പിച്ചത്. അവൻ മോളി ചേച്ചിയോട് പറയുന്നത്, “ഞാൻ വന്നിട്ട് കുളിപ്പിക്കാം” എന്നാണു. അവൻ കരയാതെ, കടലിന്റെ ടോപ് ആംഗിൾ ഷോട്ടിൽ കടൽ തിരമാലയിലേക്ക് സൈക്കിൾ ഓടിച്ച് കയറുകയാണ്. ഒരൊറ്റ തുള്ളി കണ്ണീർ വീഴ്ത്താതെ ഈ സിനിമ—കടലും മിഖായേൽ എന്ന മാലാഖയും ഒരു സൈക്കിളും ഒരു കടൽ തീരവും—എല്ലാം ചേർത്ത് നമ്മുടെ ഉള്ളിലേക്ക് ഇങ്ങനെ ഇരച്ചു കയറും.

Guppy (2016, Malayalam) – Gunindra

അതിനു ശേഷം, തന്റെ അമ്മയുടെ മരണ ശേഷവും അവൻ ജീവിതത്തെ കാണുന്നത് ഈ ഭൂമി വളരെ വലുതാണെന്നും, ആരുമില്ലാത്തവർക്ക് യാത്ര ചെയ്യാൻ വേണ്ടി പറന്നു കിടക്കുന്നതുമാണെന്നു മനസ്സിലാക്കി, കുളു മണാലിയിലേക്ക് ഒരു ബൈക്ക് യാത്ര പോകുകയാണ്. സ്റ്റാർട്ടപ്പ് തുടങ്ങി പൈസ ഉണ്ടാക്കി ജീവിതം ആഘോഷിക്കാൻ യാത്ര പോകുന്ന ജെൻ സി യുടെ ആദ്യ പതിപ്പാണ് മിഖായേൽ. അതിന്റെ എല്ലാ എക്കണോമിക് പ്രാക്ടിക്കാലിറ്റിയും ജീവിതത്തിൽ നടപ്പിലാക്കിയ അത്യന്തം മോഡേണിസ്റ്റായ ഒരു സബാൾട്ടൻ ഐഡന്റിറ്റിയും കൂടെയാണ്. മലയാള സിനിമയിൽ ഞാൻ കണ്ടിട്ടുള്ള ഏറ്റവും സുന്ദരനായ മാലാഖമാരിൽ ഒരാളാണ് മിഖായേൽ എന്ന ഗപ്പി.

The opinions and positions expressed in articles published and comments posted here are those of its authors and not of Chenda.co.    The author has full responsibility for the views.   Making derogatory statements and/or using abusive words/statements against any individual, society, religion, or country is a punishable offense under the provisions of the IT policy and the Central Government Act.   Any such statement/words/comments will attract legal action.

No Comments yet!

Your Email address will not be published.