
എണ്‍പതുകളുടെ ആദ്യകാലത്താണ് ഞാന്‍ ആദ്യമായി ഗുര്‍ബീര്‍ സിങ്ങിനെ കാണുന്നതും പരിചയപ്പെടുന്നതും. ”ഉദാരവല്‍ക്കരണം” എന്ന പേരില്‍ പുതിയ സാമ്പത്തിക വ്യവസ്ഥയുടെ കാറ്റുകള്‍ വീശിത്തുടങ്ങിയ കാലം. സമത്വം സാമൂഹ്യനീതി എന്നിങ്ങനെയൊക്കെയുള്ള ആശയങ്ങള്‍ പതിയെ ”സ്വതന്ത്ര വിപണി” എന്ന തിളക്കമുള്ള സിദ്ധാന്തത്തിനു വഴിമാറുകയായിരുന്നു. വിദേശ നിക്ഷേപത്തെ ആകര്‍ഷിക്കാന്‍ ബോംബെ നഗരം സ്വന്തം മുഖം മിനുക്കിത്തുടങ്ങിയപ്പോള്‍, നഗരത്തിന്റെ അരികുകളിലൊതുങ്ങിയിരുന്ന ഭവനരഹിതരുടെ ചെറുകുടിലുകള്‍ വന്‍തോതില്‍ പൊളിച്ചുനീക്കാനാരംഭിച്ചു, ഇടിച്ചു നിരത്താനാരംഭിച്ചു. പക്ഷേ, ദരിദ്രരെ വെറും ”കണ്ണിലെ കരടുകള്‍” ആയി മാത്രം കാണാന്‍ എല്ലാവര്‍ക്കും കഴിഞ്ഞില്ല. പീപിള്‍സ് യൂണിയന്‍ ഫോര്‍ സിവില്‍ ലിബര്‍ട്ടീസ്, ലോയേഴ്‌സ് കളക്ടീവ് എന്നിങ്ങനെയുള്ള സംഘടനകള്‍ ദരിദ്രരുടെ പക്ഷത്ത് നിന്നു. ഇന്ത്യന്‍ ഭരണഘടന ഉറപ്പുനല്‍കുന്ന ജീവിക്കാനുള്ള അവകാശത്തില്‍ നിന്നു തന്നെ അഭയം തേടാനുള്ള അവകാശവും ഉദ്ഭവിക്കുന്നുവെന്ന് അവര്‍ സുപ്രീം കോടതിയില്‍ വാദിച്ചു.

കേസ് പരിഗണനയിലായിരുന്നപ്പോള്‍ എല്ലാ പൊളിച്ചുനീക്കലുകള്‍ക്കും സുപ്രീം കോടതി സ്റ്റേ അനുവദിച്ചിരുന്നു. എന്നാല്‍ അധികാരത്തിന്റെ യന്ത്രങ്ങള്‍ അതൊന്നും കണക്കിലെടുത്തില്ല. ഇടിച്ചുനിരത്തലുകള്‍ തുടര്‍ന്നു. ആ അനധികൃത ക്രൂരതകളെ ആദ്യം ഒരു സ്റ്റില്‍ ക്യാമറയിലൂടെയും പിന്നീടൊരു പഴയ 16 മില്ലീമീറ്റര്‍ ഫിലിം ക്യാമറയിലൂടെയും ഞാന്‍ രേഖപ്പെടുത്തി.

ആ യാത്ര എന്നെ കുടിലുകളില്‍ കഴിയുന്ന അനേകര്‍ക്കരികിലേക്കും അവരുടെ അവകാശങ്ങള്‍ക്കായി നിലകൊണ്ട പ്രവര്‍ത്തകരിലേക്കുമെത്തിച്ചു. ഗുര്‍ബീര്‍ സിങ്ങ് അവരില്‍ പ്രധാനിയായിരുന്നു. ഒടുവില്‍ ഞങ്ങളില്‍ പലരും ചേര്‍ന്ന് ഭവനരഹിതരുടെ അവകാശങ്ങള്‍ക്കായി പോരാടാന്‍ നിവാര ഹക്ക് സുരക്ഷ സമിതി രൂപീകരിച്ചു. നഗരത്തിന്റെ പല കോണുകളിലായി ആയിരക്കണക്കിന് ഭവനരഹിതരെ ഉള്‍ക്കൊണ്ട ഒരു ജനകീയ പ്രതിരോധമായിരുന്നു അത്.
1984-ല്‍ ഞങ്ങളുടെ ചിത്രം ”ബോംബെ ഔര്‍ സിറ്റി” പൂര്‍ത്തിയായി. അതിനു ദേശീയ പുരസ്‌കാരവും ലഭിച്ചു. എങ്കിലും ബുള്‍ഡോസറുകളുടെ ശബ്ദം നിശ്ശബ്ദമായില്ല. സുപ്രീം കോടതിയിലെ കേസ് പരാജയപ്പെട്ടു. പൊളിച്ചുനീക്കലുകള്‍ വീണ്ടും നിയമാനുസൃതമായി. ഞങ്ങള്‍ ചിത്രീകരിച്ച കുടിലുകള്‍ തകര്‍ന്നു. പൊടിയായി മാറി. നിവാര ഹക്ക് സുരക്ഷ സമിതിയുടെ കൈകള്‍ നിറഞ്ഞുകവിഞ്ഞു. വീടുകള്‍ നഷ്ടപ്പെട്ടവര്‍ക്ക് പോകാന്‍ മറ്റൊരിടമില്ലായിരുന്നു.
ആ പോരാട്ടത്തിന്റെ ഹൃദയഭാഗത്തു തന്നെ ഗുര്‍ബീര്‍ സിങ്ങുണ്ടായിരുന്നു. കഫെ പരേഡിലെ ഒരു ഇടിച്ചുനിരത്തലിനു ശേഷം, ഭവനരഹിതര്‍ക്കായി നഗരത്തിനുള്ളില്‍ പുനരധിവാസ ഭൂമി അനുവദിക്കുംവരെ നിരാഹാര സമരം നടത്താന്‍ ഞങ്ങള്‍ തീരുമാനിച്ചു. നാല് കുടില്‍വാസികളും ഞാനും ചേര്‍ന്ന ആ സമരം ഒരുപക്ഷേ ആരുടെയും ശ്രദ്ധയില്‍പ്പെടാതെ പോയേനേ. പക്ഷേ അന്നേ ദിവസം ശബാന ആസ്മി ഞങ്ങളുടെ ചിത്രം കണ്ടു. അവര്‍ ഫുട്പാത്തില്‍ ഞങ്ങളോടൊപ്പം ഇരുന്നു. അടുത്ത അഞ്ച് ദിവസവും പത്രങ്ങള്‍ മുഴുവന്‍ ശബാന ആസ്മിയുടെ ക്ഷയിക്കുന്ന ആരോഗ്യത്തെക്കുറിച്ചുള്ള വാര്‍ത്തകളാല്‍ നിറഞ്ഞു. അവരുടെ പിതാവായ മഹാകവി കൈഫി ആസ്മി അടക്കമുള്ള നിരവധി പ്രമുഖര്‍ ഞങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാനെത്തി.

ഒടുവില്‍ സര്‍ക്കാര്‍ വഴങ്ങി. ഗൊരേഗാവില്‍ പകരം ഭൂമി അനുവദിച്ചു. കഫെ പരേഡിലെ സഞ്ജയ് ഗാന്ധി നഗറിലുണ്ടായിരുന്നവരെ ഗൊരേഗാവിലേക്ക് മാറ്റിപ്പാര്‍പ്പിക്കപ്പെട്ടു. അവിടെ അതിന് ”സംഘര്‍ഷ് നഗര്‍” എന്ന പുതിയ പേര് ലഭിച്ചു – സമരത്തിന്റെ നഗരം. ഗുര്‍ബീര്‍ സിങ്ങ്, പി. കെ. ദാസ്, ശബാന ആസ്മി എന്നിവരായിരുന്നു ആ ദൗത്യത്തിന്റെ മുഖ്യശില്പികള്‍.
1992-93-ല്‍ ബാബ്രി മസ്ജിദ് തകര്‍ത്തതിനെ തുടര്‍ന്ന് രാജ്യത്തെ നടുക്കിയ സാമുദായിക കലാപങ്ങള്‍ പൊട്ടിപ്പുറപ്പെട്ടപ്പോള്‍, സംഘംര്‍ഷ് നഗര്‍ ഭയമില്ലാതെ അഭയം തേടാനാവുന്ന ഒരു ദ്വീപായി. ബോംബെ നഗരം മതവിദ്വേഷത്തിന്റെ തീയില്‍ കത്തിക്കൊണ്ടിരിക്കുമ്പോഴും, ഗുര്‍ബീര്‍ സിങ്ങും അദ്ദേഹത്തിന്റെ സംഘവും നിരന്തരം രക്ഷാപ്രവര്‍ത്തനങ്ങളില്‍ മുഴുകി.

കാലം കടന്നുപോയപ്പോള്‍ നിവാര ഹക്ക് സുരക്ഷ സമിതിയുമായുള്ള എന്റെ ബന്ധം മങ്ങിപ്പോയെങ്കിലും, ഗുര്‍ബീര്‍ സിങ്ങുമായുള്ള സൗഹൃദത്തെ അതൊട്ടും ബാധിച്ചില്ല. കഴിഞ്ഞ ഇരുപത്തഞ്ചു വര്‍ഷമായി അദ്ദേഹം മുംബൈ പ്രസ് ക്ലബ്ബിന്റെ വിവിധ പദവികളിലുണ്ടായിരുന്നു. പ്രസിഡന്റായും സെക്രട്ടറിയായും അദ്ദേഹമുണ്ടായിരുന്നു. 250 മാധ്യമപ്രവര്‍ത്തകര്‍ക്കായി പ്രതീക്ഷ നഗറില്‍ കുറഞ്ഞ നിരക്കില്‍ വീടുകള്‍ ലഭ്യമാക്കുന്ന പദ്ധതി പ്രസ് ക്ലബ് നടപ്പാക്കിയത് അദ്ദേഹത്തിന്റെ നേതൃത്വത്തിലാണ്.

2007-ല്‍ കോര്‍പ്പറേറ്റ് പിന്തുണ സമാഹരിച്ച് ക്ലബ് കെട്ടിടം പുതുക്കിപ്പണിതു. 2011-ല്‍ അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ആരംഭിച്ച ‘റെഡ് ഇങ്ക് അവാഡസ്’ പതിനഞ്ചു വര്‍ഷത്തിനുള്ളില്‍ ദേശീയതലത്തില്‍ ധീരവും അന്വേഷണാത്മകവുമായ മാധ്യമപ്രവര്‍ത്തകരെ ആദരിക്കുന്ന മഹത്തായ വേദിയായി വളര്‍ന്നു. ഇത്തരമൊരു മാധ്യമപ്രവര്‍ത്തനം ഇന്ന് ഇന്ത്യയില്‍ കൂടുതല്‍ സംശയത്തോടെയും ഭീതിയോടെയും കാണപ്പെടുന്ന സാഹചര്യത്തില്‍, മുംബൈ പ്രസ് ക്ലബ്ബ് ഭയരഹിതമായ സ്വാതന്ത്ര്യത്തിന്റെ ചെറിയൊരു താവളമായി നിലകൊണ്ടു.
ചലച്ചിത്രപ്രദര്‍ശനങ്ങളും പുസ്തകപ്രകാശനങ്ങളും, സംവാദങ്ങളും, മാധ്യമരംഗവുമായി ബന്ധപ്പെട്ട പൊതുവിഷയങ്ങളിലെ തുറന്ന ചര്‍ച്ചകളും, അവിടെ നടന്നു. പ്രസ് കൌണ്‍സില്‍ ഓഫ് ഇന്ത്യയില്‍ ഗുര്‍ബീര്‍ സിങ്ങ് മുംബൈ മാധ്യമപ്രവര്‍ത്തകരുടെ പ്രതിനിധിയായിരിക്കെ, നൂറുകണക്കിന് മാധ്യമപ്രവര്‍ത്തകരുടെ വീടുകളില്‍ റെയ്ഡ് നടത്തിയ കുപ്രസിദ്ധമായ ന്യൂസ് ക്ലിക്ക് കേസും അദ്ദേഹം ഉയര്‍ത്തിക്കാട്ടി.
രാഷ്ട്രീയത്തിന്റെ എല്ലാ വര്‍ണങ്ങളും ക്ലബ്ബിലെ സംവാദങ്ങളില്‍ പങ്കെടുത്തു. എല്‍. കെ. അദ്വാനി മുതല്‍ ഉദ്ദവ് താക്കറെ വരെയും, കന്നയ്യ കുമാര്‍ മുതല്‍ പ്രശാന്ത് ഭൂഷണ്‍ വരെയും അനേകര്‍ അവിടെ പ്രഭാഷണങ്ങള്‍ നടത്തി. മാധ്യമ പ്രവര്‍ത്തകനായ പരഞ്ചോയ് താകൂര്‍ത തെരഞ്ഞെടുപ്പിലെ ഇടപെടലുകളെക്കുറിച്ചുള്ള ചിത്രം പ്രദര്‍ശിപ്പിച്ചു. ശാസ്ത്രജ്ഞനും സംവിധായകനുമായ ബേദബ്രത പെയ്ന്‍ അമേരിക്കയിലെയും ഇന്ത്യയിലെയും കര്‍ഷകരുടെ പൊതുവേദനകളെക്കുറിച്ചുള്ള ഡോക്യുമെന്ററി അവതരിപ്പിച്ചു. തടവിലായ പ്രവര്‍ത്തകന്‍ ഉമര്‍ ഖാലിദിനെക്കുറിച്ചുള്ള ചിത്രവും അവിടെ പ്രദര്‍ശിപ്പിക്കപ്പെടുകയും ചര്‍ച്ച ചെയ്യുകയുമുണ്ടായി.
എന്നാല്‍ ജനാധിപത്യ ഇടങ്ങള്‍ അപ്രത്യക്ഷമാകുന്ന ഇന്നത്തെ ഇന്ത്യയില്‍ ഈ സ്വാതന്ത്ര്യത്തിന്റെ ദ്വീപ് അധികകാലം നിലനില്‍ക്കുമെന്നു തോന്നിയില്ല. കഴിഞ്ഞ ആഴ്ച കൊടുവാള്‍ വീണു. നിലവിലെ കമ്മിറ്റി ഗുര്‍ബീര്‍ സിങ്ങിനേയും മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരായ ബെര്‍ണാഡ് ഡി’മെല്ലൊ, ശ്രീകാന്ത് മോദക്ക് എന്നിവരേയും ആറുവര്‍ഷത്തേക്ക് പുറത്താക്കി.

താന്‍ ദശാബ്ദങ്ങളോളം കരുതിപ്പോറ്റിയ സ്ഥാപനത്തില്‍ നിന്നു ഗുര്‍ബീര്‍ സിങ്ങ് ഇന്ന് പുറത്താക്കപ്പെട്ടിരിക്കുന്നു. രാജ്യത്തുടനീളം നമ്മള്‍ കണ്ടുകൊണ്ടിരിക്കുന്ന ഒരു ഭീതിജനകമായ പ്രവണതയുടെ പ്രതിഫലനമാണത്. സമത്വവും ജനാധിപത്യവും വാദിക്കുന്ന ശബ്ദങ്ങളോടുള്ള അധികാരത്തിന്റെ വൈരാഗ്യം.
അദ്ദേഹത്തെ പുറത്താക്കാന്‍ മുന്നോട്ടുവെച്ച കാരണങ്ങള്‍ തന്നെ അതിശയകരമാണ്. ജയിലുകളിലെ അവസ്ഥയെക്കുറിച്ചുള്ള ഒരു ചര്‍ച്ചയില്‍ അദ്ദേഹം പങ്കെടുത്തുവത്രേ; അവിടെ ഭീമ കോരെഗാവ് കേസില്‍ ജാമ്യത്തില്‍ കഴിയുന്ന ചിലരും ഉണ്ടായിരുന്നു. രാജ്യത്തെ അട്ടിമറിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന ആരോപണത്തില്‍ അധ്യാപകരെയും എഴുത്തുകാരെയും സാംസ്‌കാരികപ്രവര്‍ത്തകരെയും ഒരു ജെസ്യൂട്ട് പുരോഹിതനെയും വരെ അറസ്റ്റ് ചെയ്തതോടെ ആ കേസ് അന്താരാഷ്ട്രതലത്തില്‍ കുപ്രസിദ്ധമായി. എട്ട് വര്‍ഷങ്ങള്‍ക്കിപ്പുറവും ഒരു ശിക്ഷാവിധി പോലും ഉണ്ടായിട്ടില്ല; വിചാരണ പോലും തുടങ്ങിയിട്ടില്ല. ഭാഗ്യവശാല്‍ മിക്കവരും ഇപ്പോള്‍ ജാമ്യത്തില്‍ പുറത്തിറങ്ങിയിട്ടുണ്ട്. എന്നാല്‍ ദരിദ്രര്‍ക്കായി പ്രവര്‍ത്തിച്ചിരുന്ന 84-കാരനായ പുരോഹിതന്‍ സ്റ്റാന്‍ സ്വാമി തടവില്‍വെച്ചുതന്നെ മരണപ്പെട്ടു.
അവരെ ഗുര്‍ബീര്‍ സിങ്ങ് ക്ലബ്ബിലേക്ക് ക്ഷണിച്ചതായി മുംബൈ പ്രസ് ക്ലബ്ബ് കമ്മിറ്റി ഉന്നയിക്കുന്ന ആരോപണം അസത്യവും പ്രസക്തിയില്ലാത്തതുമാണ്. അദ്ദേഹവും അവിടെ ക്ഷണിക്കപ്പെട്ടെത്തിയതായിരുന്നു. ഇത് അമേരിക്കയിലെ അമ്പതുകളിലെ മക്കാര്‍ത്തി കാലഘട്ടത്തെ ഓര്‍മ്മിപ്പിക്കുന്ന ”ചുവപ്പ് വേട്ട”യാണ്. കുറ്റം തെളിയിക്കപ്പെടാത്ത ആളുകളോടൊപ്പം ഒരേ മുറിയില്‍ ഇരുന്നതിന്റെ പേരിലുള്ള കുറ്റാരോപണം. അതും കുറ്റം ആരോപണം മാത്രമാകുകയും ഇതുവരെ തെളിയിക്കപ്പെടാതിരിക്കുകയും ചെയ്തിട്ടുള്ളവര്‍ക്കൊപ്പം.
ഭീമ കോരെഗാവ് കേസിലെ പ്രതികളില്‍ എഴുത്തുകാരും കവികളും അഭിഭാഷകരും ഗായകരും ഉണ്ട്. അവരുടെ ശബ്ദങ്ങള്‍ കേള്‍ക്കുക എന്നത് ഒരു പ്രസ് ക്ലബ്ബിന്റെ ഉത്തരവാദിത്തപരിധിക്കുള്ളിലല്ലേയെന്ന് ചോദിക്കാതെ വയ്യ. രാഷ്ട്രീയത്തിന്റെ എല്ലാ വശങ്ങളിലുമുള്ള നേതാക്കള്‍ വര്‍ഷങ്ങളായി ക്ലബ്ബില്‍ എത്തിയിട്ടുണ്ട്. കേസുകള്‍ നേരിടുന്നവരും അവരില്‍ ഉണ്ടായിരുന്നു.

വിരോധാഭാസമെന്നോണം, ഏതാനും മാസം മുമ്പ് ഇതേ കമ്മിറ്റി തന്നെ ആനന്ദ് ടെല്‍തുംബ്ദേയുടെ അംബേദ്കറെക്കുറിച്ചുള്ള ”ഐകൊണൊക്ലാസ്റ്റ്” എന്ന പുസ്തകത്തിന്റെ പ്രകാശനവും, മാധ്യമപ്രവര്‍ത്തക നീത കോല്‍ഹാത്കര്‍ ഭീമ കോരെഗാവ് പ്രതി പട്ടികയിലുള്ളവരെ അഭിമുഖം ചെയ്‌തെഴുതിയ പുസ്തകത്തിന്റെ പ്രകാശനവും സംഘടിപ്പിച്ചിരുന്നു; അവിടെയും ഭീമ കോരെഗാവ് കേസിലെ പ്രതികള്‍ പങ്കെടുത്തിരുന്നു.
അപ്പോള്‍ അന്ന് അത് കുറ്റമായിരുന്നില്ലെങ്കില്‍, ഇന്ന് എന്തുകൊണ്ടാണ് അത് കുറ്റമായി മാറുന്നത്?
ജാമ്യം എന്ന ആശയത്തിന്റെ അടിസ്ഥാനതത്വം, കുറ്റം തെളിയുന്നതുവരെ ഒരാള്‍ നിരപരാധിയാണെന്നതാണ്. ജാമ്യം
ലഭിച്ചതുകൊണ്ട് ഒരു പുതിയ ”അസ്പൃശ്യത” സൃഷ്ടിക്കാനാവില്ല.
കഴിഞ്ഞ മാസം 2026 ലെ ലോക മാധ്യമസ്വാതന്ത്ര്യ സൂചികയില്‍ ഇന്ത്യ 180 രാജ്യങ്ങളില്‍ 157-ാം സ്ഥാനത്തേക്കു വീണു. ഇന്ന് മാധ്യമസ്വാതന്ത്ര്യത്തിന്റെ കാര്യത്തില്‍ ഇന്ത്യയുടെ സ്ഥാനം പാകിസ്താന്‍, നേപാള്‍, ബംഗ്ലാദേശ്, ശ്രീ ലങ്ക എന്നിവയേക്കാള്‍ പിന്നിലാണ്; ചൈനയെക്കാള്‍ വെറും ഇരുപത്തിരണ്ടു സ്ഥാനങ്ങള്‍ മാത്രം മുന്നില്‍.
ഇന്ത്യയെ നയിക്കുന്നവര്‍ ശരിക്കും തിരുത്താന്‍ ആഗ്രഹിക്കുന്നത് അതാണോ?
സ്‌ക്രോള്‍.ഇന്‍ എന്ന ഓണ്‍ലൈന്‍ ആനുകാലികത്തില്‍ മെയ് 7, 2026 ല്‍ വന്ന ലേഖനത്തിന്റെ വിവര്‍ത്തനം
വിവ : സുരേഷ് എം.ജി.






No Comments yet!