Skip to main content

സ്വത്വത്തിന്റെ കൊമ്പുള്ള ‘ഇരിക്കപ്പൊറുതി’

ശാരീരികവും മാനസികവുമായ അസ്വസ്ഥതകളുടെ കാവ്യാവിഷ്കാരമാണ് അമ്മു ദീപയുടെ ‘ഇരിക്കപ്പൊറുതി. കവിതയിൽ മഞ്ഞുകാലത്തിന്റെ തണുപ്പിൽ പ്രത്യക്ഷപ്പെടുന്ന ഒറ്റക്കൊമ്പുള്ള തവള ഒരു വിചിത്ര പ്രതിനിധാനമാണ്. ഇവിടെ ഈ തവള സ്വപ്നജീവിയുടെ മാതൃക അല്ല. അത് സ്വത്വത്തിന്റെ അസ്ഥിരതയെ സൂചിപ്പിക്കുന്ന പ്രതിനിധാനമാണ്.

​ മനുഷ്യനും മൃഗവും തമ്മിലുള്ള അതിർവരമ്പുകൾ മായ്ച്ചുകളയുന്ന പ്രതിനിധാനം.ഭയവും വെറുപ്പും ഒരേസമയം ഉണ൪ത്തുന്നത്. അധികഭാരമായി മാറുന്ന തവളയുടെ കൊമ്പ് താൻ ആഗ്രഹിക്കാത്ത ഒന്നായിത്തീരുന്നു. അത് വേദനയുടെ പ്രകടരൂപമാകുന്നു.

​ ഇത് മനുഷ്യൻ തന്റെ സ്ഥിരമായ സ്വത്വത്തിൽ നിന്നും മൃഗീയതയുടെ അസ്ഥിരതയിലേക്ക് പരിണമിക്കുന്ന പ്രക്രിയയാണ് .അതുകൊണ്ട് സ്വപ്നത്തിലെ തവള ഒടുവിൽ സ്വപ്നേത്രിയുടെ നെറ്റിയിൽ മുളച്ച കൊമ്പായി മാറുന്നു.സത്താപരമായ മാറ്റത്തെയാണ് ഇത് സൂചിപ്പിക്കുന്നത്.

​തെരുവോരങ്ങളിൽ ഇഴയുന്ന തവള, കൊമ്പ് മുറിച്ചുമാറ്റാൻ അപേക്ഷിക്കുന്നത് ശാരീരികമായ തടവറയിൽ നിന്നുള്ള മോചനത്തിനായുള്ള ദാഹത്താലാണ്. മഞ്ഞുകാലം കാലാവസ്ഥ എന്നതിലുപരി ശീതീകരിച്ച വേദനയുടെ അടയാളമായി തീരുന്നു. അങ്ങനെ ആന്തരികമായ അസ്വസ്ഥത പുറത്തേക്ക് വളർന്നുനിൽക്കുന്ന കൊമ്പായി ദൃശ്യപ്പെടുന്നു.

ഇത്തരം രൂപപരിണാമങ്ങൾ പലപ്പോഴും അന്യവൽക്കരണത്തിന്റെ പ്രതീകമായിട്ടാണ് കാണാറ്. തവളയുടെ രൂപത്തിലേക്ക് പരിണമിക്കുക എന്നത് സാമൂഹിക ക്രമങ്ങളിൽ നിന്നുള്ള വിട്ടുപോകലോ പാർശ്വവൽക്കരണമോ ആകാം. സ്വന്തം ശരീരത്തിനുള്ളിൽ അഭയാർത്ഥിയായി മാറുന്ന അവസ്ഥയുമാകാം.

​അമ്മുദീപയുടെ കവിതയിൽ ഈ പരിണാമം പൂർണ്ണമാകുന്നത് ‘ഇരിക്കപ്പൊറുതി’ എന്ന വാക്കിന്റെ അർത്ഥവ്യാപ്തിയിലാണ്. ലോകത്തോടോ സ്വന്തം ശരീരത്തോടോ പൊരുത്തപ്പെടാൻ കഴിയാത്ത ഒരവസ്ഥ ഇവിടെ ഉണ്ട്. അത് പുറത്തെ തണുപ്പും ഉള്ളിലെ ഭാരവും ചേർന്ന് ഒരു വിചിത്രമായ ഉണ്മയെ നിർമ്മിക്കുന്നു.

​ഇത് മലയാള കവിതയിൽ അത്ര പരിചിതമല്ലാത്ത ഒരു വഴിയാണ്. ജൈവലോകവും മനുഷ്യബോധവും തമ്മിലുള്ള വിടവിലൂടെയാണ് കവിത സഞ്ചരിക്കുന്നത്. തവളയുടെ കരച്ചിൽ സ്വപ്നേത്രിയുടെ തന്നെ ശബ്ദമായി പരിണമിക്കുന്നു. കൂടാതെ,ഇവിടെ അതിരുകൾ ലംഘിക്കപ്പെടുകയും പുതിയൊരു അവബോധം ജനിക്കുകയും ചെയ്യുന്നു.

​മൃഗമാകുക എന്നത് താഴ്ന്ന ഒരവസ്ഥയല്ല.അത് വ്യവസ്ഥാപിതമായ മനുഷ്യരൂപങ്ങളിൽ നിന്നുള്ള ഒളിച്ചോട്ടമാണ്. എന്നാൽ ഈ ഒളിച്ചോട്ടം വേദന നിറഞ്ഞതാണ്. കൊമ്പ് എന്നത് അധികാരത്തിന്റെയോ കരുത്തിന്റെയോ അടയാളമല്ല.അത് ചുമക്കേണ്ടിവരുന്ന ശാപമായിട്ടാണ് കവിതയിൽ വരുന്നത്.

എന്നാൽ ,മനുഷ്യശരീരം അപരിചിതമായ ഒന്നായി മാറുന്നതിന്റെ ഭീതിയാണ് ‘ഇരിക്കപ്പൊറുതി’ വിനിമയം ചെയ്യുന്നത്. ഇത് ആധുനിക മനുഷ്യൻ അനുഭവിക്കുന്ന അസ്തിത്വ ശൂന്യതയുടെ ഒരു വശമാണ്.

മനുഷ്യശരീരം അതിന്റെ നിശ്ചിതമായ അതിരുകൾ ലംഘിക്കുമ്പോഴാണ് അത് അപരിമിതമായ ഒന്നായി മാറുന്നത്. അമ്മുദീപയുടെ കവിതയിൽ ശരീരം ഒരു ജൈവഘടനയിൽ മാത്രം ഒതുങ്ങിനിൽക്കുന്നില്ല. അത് സ്വപ്നത്തിലേക്കും മഞ്ഞുകാലത്തിലേക്കും പടർന്നേറുന്നു. ഈ വികാസമാണ് ശരീരത്തെ ഭയപ്പെടുത്തുന്ന ഒരനുഭവമാക്കി മാറ്റുന്നത്.

​മഞ്ഞുകാലം ഈ കവിതയിൽ വെറുമൊരു പശ്ചാത്തലമല്ല. അത് ശരീരത്തെ മരവിപ്പിക്കുകയും ഒടുവിൽ ശരീരത്തിന്റെ ഭാഗമായി മാറുകയും ചെയ്യുന്നു. തണുപ്പ് പടരുമ്പോൾ ശരീരം സങ്കോചിക്കുന്നതിന് പകരം വിചിത്രമായ രീതിയിൽ വളരുകയാണ്. മഞ്ഞുകാലം സ്വപ്നേത്രിയുടെ നെറ്റിയിൽ മുളച്ച കൊമ്പായി മാറുന്നത് പ്രകൃതിയും മനുഷ്യനും തമ്മിലുള്ള അതിരുകൾ ഇല്ലാതാക്കുന്നു.

​കൊമ്പ് എന്ന പ്രതിനിധാനം ഇവിടെ വളരെ പ്രധാനപ്പെട്ടതാണ്. അത് പുറത്തേക്ക് ഉന്തിനിൽക്കുന്നതും ഭാരമുള്ളതുമായ ഒന്നാണ്. ശരീരത്തിന്റെ സ്വാഭാവികമായ ചലനങ്ങളെ അത് തടസ്സപ്പെടുത്തുന്നു. തവളയുടെ കൊമ്പ് ഒരു അധികപ്പറ്റാണെങ്കിൽ സ്വപ്നേത്രിയുടെ കൊമ്പ് അവളുടെ സ്വത്വത്തിലെ അസ്വസ്ഥതയാണ്. ഈ ഭാരം പേറുന്നതിനാൽ അവൾക്ക് ഒരിടത്തും വിശ്രമിക്കാൻ കഴിയുന്നില്ല.

​അത് സ്വസ്ഥത നഷ്ടപ്പെടുത്തുന്നു. ശരീരം ഒരു ഭാരമായി തോന്നുമ്പോൾ മനസ്സിന് എവിടെയും സ്വസ്ഥമായിരിക്കാൻ കഴിയില്ല. ഇരിക്കപ്പൊറുതി എന്നത് ശരീരവും ആത്മാവും തമ്മിലുള്ള പൊരുത്തത്തെയാണ് സൂചിപ്പിക്കുന്നത്. കൊമ്പ് ഈ പൊരുത്തത്തെ തകർക്കുന്നു. അത് ശരീരത്തെ അപരിചിതവും ഭയാനകവുമായ ഒന്നായി പുനർനിർമ്മിക്കുന്നു.

​മനുഷ്യശരീരം മൃഗശരീരത്തിലേക്ക് പടരുന്നത് വിചിത്രമായ അവസ്ഥയാണ്. അത് കാണുന്നവരിൽ അറപ്പും പേടിയും ഉളവാക്കുന്നു. സ്വന്തം ശരീരത്തിൽ തന്നെ ഇത്തരമൊരു വളർച്ച കാണുമ്പോൾ മനുഷ്യർ അന്യവൽക്കരിക്കപ്പെടുന്നു. ഈ അന്യവൽക്കരണമാണ് ഇരിക്കപ്പൊറുതിയില്ലാത്ത അവസ്ഥയിലേക്ക് നയിക്കുന്നത്.

​തെരുവോരങ്ങളിലൂടെയുള്ള ഇഴച്ചിൽ സാമൂഹികമായ ഒറ്റപ്പെടലിനെ സൂചിപ്പിക്കുന്നു. ശരീരത്തിന് ഉണ്ടായ മാറ്റ൦ സ്വപ്നേത്രിയെ പൊതുവിടങ്ങളിൽ നിന്നും അകറ്റുന്നു. എങ്കിലും ആ വേദനയുമായി അവ൪ക്ക് തെരുവിലൂടെ സഞ്ചരിക്കേണ്ടി വരുന്നു. ഇത് ലോകത്തിന്റെ കണ്ണുകളിൽ നിന്നും ഒളിക്കാനാവാത്ത വൈരൂപ്യത്തിന്റെ വേദനയാണ്.

​കൊമ്പ് മുറിച്ചുമാറ്റാനുള്ള യാചന സ്വാതന്ത്ര്യത്തിനായുള്ള മുറവിളിയാണ്. പഴയ ശരീരത്തിലേക്ക് മടങ്ങാനുള്ള ആഗ്രഹം ഇതിൽ കാണാം. എന്നാൽ മഞ്ഞുകാലം ആവർത്തിക്കുമ്പോൾ ഈ കൊമ്പ് വീണ്ടും മുളയ്ക്കുന്നു. ഇതൊരു അനന്തചക്രമായി മാറുന്നു. പ്രകൃതിയുടെ മാറ്റങ്ങൾക്കൊപ്പം ശരീരവും മാറിക്കൊണ്ടിരിക്കുന്നു.

​അപരിമിതമായ ശരീരം എന്നത് എല്ലാ സംരക്ഷണ കവചങ്ങളും നഷ്ടപ്പെട്ട ശരീരമാണ്. അത് വേദനയോടും തണുപ്പിനോടും നേരിട്ട് സംവദിക്കുന്നു. കാഫ്കയുടെ ‘മെറ്റമോർഫോസസി’ൽ ഇത്തരം ശാരീരിക മാറ്റങ്ങൾ കാണാം. അവിടെയും മനുഷ്യൻ തന്റെ ശരീരത്തിനുള്ളിൽ തടവുകാരനാകുകയാണ് ചെയ്യുന്നത്.

​അമ്മുദീപയുടെ വരികളിൽ ഈ പരിണാമം ഒരു സ്വപ്നമായിട്ടാണ് തുടങ്ങുന്നത്. എന്നാൽ അത് യാഥാർത്ഥ്യത്തിലേക്ക് പടർന്നു കയറുന്നു. സ്വപ്നത്തിലെ തവള ഒടുവിൽ സ്വപ്നേത്രിയുടെ തന്നെ പ്രതിരൂപമായി മാറുന്നു. മഞ്ഞുകാലത്തിന്റെ തണുപ്പിൽ ആ കൊമ്പ് കൂടുതൽ കഠിനമായി തീരുന്നു.

​ഈ കവിതയുടെ സത്ത ശാരീരികമായ പരിമിതികളെ മറികടക്കുന്നതായി കാണുന്നില്ല. ആ പരിമിതികൾ നൽകുന്ന ഇരിക്കപ്പൊറുതിയില്ലാത്ത അവസ്ഥയെ നേരിടലിലാണ് പ്രശ്നമായി തീരുന്നത്. ശരീരം ഒരു പ്രഹേളികയായി മാറുന്ന ആധുനിക മനുഷ്യന്റെ നിസഹായത ഇവിടെ വെളിപ്പെടുന്നുണ്ട്. പ്രകൃതിയും ജന്തുലോകവും മനുഷ്യബോധവും തമ്മിലുള്ള ഒരു സങ്കീർണ്ണസമാഗമമായി ഈ കവിത അവസാനിക്കുന്നു.

​ഇരിക്കപ്പൊറുതിയില്ലാത്ത ഈ അവസ്ഥയാണ് മനുഷ്യന്റെ യഥാർത്ഥ അസ്തിത്വം എന്ന് കവിത ഓർമ്മിപ്പിക്കുന്നു. മാറ്റങ്ങൾ അനിവാര്യമാണെന്നും അവ വേദനയോടെ സ്വീകരിക്കേണ്ടതാണെന്നുംപറഞ്ഞുവയ്ക്കുന്നു. അങ്ങനെ ഈ കവിത ശരീരത്തിന്റെ രാഷ്ട്രീയവും ജൈവികതയും തമ്മിലുള്ള പുതിയൊരു സംവാദത്തിന് വഴിതുറക്കുന്നു.


ഇരിക്കപ്പൊറുതി
രചന : അമ്മു ദീപ
പ്രസാധനം : ഡി.സി. ബുക്‌സ്, കോട്ടയം
വില : 160 രൂപ

The opinions and positions expressed in articles published and comments posted here are those of its authors and not of Chenda.co.    The author has full responsibility for the views.   Making derogatory statements and/or using abusive words/statements against any individual, society, religion, or country is a punishable offense under the provisions of the IT policy and the Central Government Act.   Any such statement/words/comments will attract legal action.

No Comments yet!

Your Email address will not be published.