Skip to main content

അതിരടി – ന്യൂജെന്‍ തൂക്കിയടി

അതിരടി എന്ന സിനിമയിലെ ഒരു കോൺഫ്ലിക്റ്റിന്റെ ന്യൂക്ലിയസ് എന്നത് രൂപപ്പെടുന്നത് രണ്ടു തരത്തിലുള്ള ശബ്ദങ്ങൾ തമ്മിലുള്ള സംഘർഷങ്ങളിലൂടെ ആണ് എന്നതാണ് എന്നെ ആ സിനിമ വളരെ രസകരമായി എനിക്ക് തോന്നിപ്പിച്ചത്. ടോവിനോ തോമസ് എന്ന ശ്രീക്കുട്ടൻ വെള്ളയാണി ഒരു ഉത്സവപ്പറമ്പിലെ സ്റ്റേജ് റിഹേഴ്‌സലിൽ ”അമ്മ പുതപ്പേ’ എന്ന ഒരു ഗാനം റിഹേഴ്‌സൽ ചെയ്യുമ്പോഴാണ് തൊട്ടപ്പുറത്ത് ഒരു വാഹനത്തിൽ ഡിജിറ്റൽ സ്‌ക്രീൻ (?) ഒക്കെ വെച്ച് കൊണ്ട് തൊട്ടടുത്ത എഞ്ചിനീയറിങ് കോളേജിലെ ‘ആരോഹൺ’ എന്ന ഫെസ്റ്റിവലിൽ വിനീത് ശ്രീനിവാസന്റെ കോൺസെർട്ടിന്റെ പരസ്യവും പറഞ്ഞു കൊണ്ട് കടന്നു പോകുന്നത്. രണ്ടു തരം കോലാഹലങ്ങളുടെ, ശബ്ദങ്ങളുടെ, ലഹളയുടെ സംഘർഷങ്ങൾ ഇവിടെ ആണ് തുടങ്ങുന്നത്. ഈ ശബ്ദങ്ങളുടെ സംഘർഷങ്ങൾ സിനിമയുടെ കോർ ഫാക്ടർ ആകുന്നത് രസകരവുമാണ്. ഈ സിനിമയിലെ ഒരു സീനിൽ ടോവിനോയുടെ ശ്രീകുമാർ ഒരു റോബോട്ട് രൂപത്തിന്റെ തല പറിച്ചു പോകുമ്പോൾ ബേസിലിന്റെ സാം കുട്ടി ഒരു ഡിജിറ്റൽ സ്ക്രീനിൽ ഒരു അടി അടിച്ച് വിനീത് ശ്രീനിവാസന്റെ രൂപം പ്രത്യക്ഷപ്പെടുത്തുന്നത് ഒരു പക്ഷേ കേരളം എന്ന സാംസ്കാരികത ഒരു പോസ്റ്റ് ഡിജിറ്റൽ ലോകത്തേക്ക് കടക്കുന്നതിന്റെ സൂചന കൂടെ ആകാം.

Athiradi Review: Tovino Thomas Steals The Show In Basil Joseph's Colourful  Campus Entertainer - Rediff.com

വെള്ളയാണി ശ്രീകുമാർ എന്ന റിട്ടയേർഡ് ഗുണ്ട നല്ല ജീവിതം ജീവിക്കുവാൻ ഒരു പാട്ടുകാരനായി, ഗാനമേള ട്രൂപ്പ് ഒക്കെ ആയി ജീവിക്കുകയാണ്. ഒരു ക്ഷേത്രത്തിൽ പാട്ട് പാടുന്നതിനു വേണ്ടി ആണ് അയാൾ റിഹേഴ്‌സൽ ചെയ്യുന്നത്. ഗാനമേളക്കാരുടെ സ്‌പേസ് ഇപ്പോഴും ക്ഷേത്രങ്ങൾക്ക് പുറത്താണ്. ക്ഷേത്രങ്ങളുടെ അകത്തുള്ള സൊ കോൾഡ് ബ്രാഹ്മണിക്കൽ പരിശുദ്ധിയിൽ ഇത്തരം ഗാനമേളയുടെ ശബ്ദങ്ങൾക്ക് വലിയ പ്രാധാന്യവും പ്രവേശനവും ഇല്ല. പരിശുദ്ധിക്ക് പുറത്തുള്ള ശബ്ദങ്ങളുടെ ലോകത്തിലാണ്, അല്ലെങ്കിൽ ഒരു പുറമ്പോക്കിലെ ഒരു സ്റ്റേജിലാണ് അയാൾ ‘അമ്മപ്പുതപ്പേ’ എന്ന പാട്ടിലൂടെ പൊതു എന്ന ഇടത്തിന് ഒരു ഇമോഷണൽ ഹൈപ്പ് ഉണ്ടാക്കാൻ ശ്രമിക്കുന്നത്. അതിനെയാണ് വിനീത് ശ്രീനിവാസനെ കുറിച്ചുള്ള അനൗൺസ്‌മെന്റ് ഡിസ്ട്രാക്ട് ചെയ്യിക്കുന്നത്.

രണ്ടു ഐഡന്റിറ്റികളുടെ സാംസ്കാരിക സംഘർഷങ്ങളാണ് ഇവിടെ രസകരമായി രൂപപ്പെടുന്നതായി തോന്നിയത്. മലയാള സിനിമയിലും കേരള സാംസ്കാരികതയിലും തൊണ്ണൂറുകൾക്ക് ശേഷം രൂപപ്പെട്ട സെമി ക്ലാസിക്കൽ സംഗീതത്തിന്റെയും ഒരു തരം ഹിന്ദുത്വ ലോജിക്കിന്റെയും അതി പ്രസരങ്ങൾ ഇതിൽ ശ്രീകുമാറിന്റെ പാട്ടുകളിലും, അയാളുടെ വേഷത്തിലും, കുറിയിലും, കയ്യിലെ ചാരടിലും ഒക്കെ രൂപപ്പെടുന്നുണ്ട്. അയാൾ ഗുണ്ടാ ജീവിതം അവസാനിപ്പിച്ച് നല്ല ഒരു ജീവിതം ജീവിക്കുന്നത് കയ്യിൽ ഒരു ചരടൊക്കെ കെട്ടിയാണ്. അതേ സമയം വിനീത് ശ്രീനിവാസൻ എന്ന ഐഡന്റിറ്റി ഇത്തരം എക്സ്പ്ലിസിറ്റ് ആയ ഒരു ഹിന്ദുത്വ സിനിമകളുടെ മങ്ങലിന് ശേഷം, ന്യൂ ജനറേഷൻ സിനിമകളുടെ പാറ്റേണിൽ രൂപപ്പെട്ട ഒരു പുതിയ തലമുറയുടെ ഭാഗമായിരുന്നു. പഴയ ഹിന്ദുത്വവും ജാതിയുമൊക്കെ (“അവൾ മുസ്ലീമാണെങ്കിൽ ഞാൻ നായരാടാ നായർ” — തട്ടത്തിൻ മറയത്ത്) പുതിയ ഒരു സോഫ്റ്റ് രീതിയിൽ അയാളുടെ സിനിമയിൽ പുനരാവിഷ്കരിക്കുന്നത് പോലെ , കേരളീയ ഗ്രാമങ്ങൾ, കുടുംബങ്ങൾ എന്നിവ എന്നിവയുടെ മോഡേണിസ്റ്റ് രൂപങ്ങളിലൂടെയുമായിരുന്നു അയാളുടെ സിനിമകളിലൂടെ അവതരിപ്പിച്ചത്. അതിന് ഏകതാനമായ രൂപങ്ങൾ വിട്ടു പല തരം സ്വഭാവ വിഘടനങ്ങളും ഉണ്ടായിട്ടുണ്ട്.

Athiradi' review: An enjoyable action comedy despite its heavy reliance on  meta references - The Hindu

പക്ഷെ പുതിയ തലമുറ വളർന്നു വരുന്ന ഒരു ഡിജിറ്റലൈസ്ഡ് ആയ ഓൺലൈൻ എക്സ്പോഷറുകളുടെയും പുതിയ ലോകത്തിലേക്ക് മാറിയ കേരളീയ പശ്ചാത്തലത്തിൽ മോഡേണിറ്റിയുടെ പല ട്രെയിറ്റുകളും വിനീത് ശ്രീനിവാസന്റെ സാംസ്കാരിക ജീവിതത്തിൽ അവതരിപ്പിക്കപ്പെട്ടു. അയാളുടെ ഓൺലൈൻ ഇന്റർവ്യൂകൾ, സ്റ്റേജ് ഷോകൾ, വിവിധ രാജ്യങ്ങളിലേക്കുള്ള യാത്രകൾ, വിദേശങ്ങളിലെ ഷൂട്ടുകൾ, അയാളുടെ മലയാളീകരിക്കാത്ത വേഷങ്ങൾ ഒക്കെ തന്നെ ഒരു മോഡേണിസ്റ്റ് ട്രെയിറ്റ് ഉണ്ടാക്കി. ഈ സിനിമയിലും അദ്ദേഹം വിനീത് ശ്രീനിവാസൻ ആയിട്ടു തന്നെ ആണ് വരുന്നതും. വെള്ളയാണി ശ്രീക്കുട്ടൻ എന്ന ആ ഉത്സവപ്പറമ്പിലെ ‘പഴയ’ ഗാനമേള പാട്ടുകാരനും, വിനീത് ശ്രീനിവാസൻ എന്ന പുതിയ സാംസ്കാരികതയിലെ സ്റ്റേജ് ഷോ-കൺസേർട്ട് സാംസ്കാരികതയിൽ ജീവിക്കുന്ന ഒരു ഐഡന്റിറ്റിയും തമ്മിലുള്ള ശബ്ദങ്ങളുടെ ലഹളയുടെ ഒക്കെയുള്ള സംഘർഷങ്ങൾ ഈ സിനിമയെ സാംസ്കാരികപരമായി കേരളത്തിൽ വേറിട്ട ഒരു ടെക്സ്റ്റ് ആയി നിലനിർത്തുന്നുണ്ട്.

അത് പോലെ ഈ സിനിമ കേരളത്തിലെ പാട്ടുകളുടെ കോൺസെർട്ടുകളുടെയും, സ്റ്റേജ് ഷോകളുടെയും ഒരു മേറ്റമോർഫോസിസുകളുടെ ചില ഹിസ്റ്ററികളുടെ ഹിന്റുകൾ നൽകുന്നുമുണ്ട്. കേരളത്തിലെ ടെലിവിഷനുകളിലെ റിയാലിറ്റി ഷോകൾ പുതിയ പാട്ടുകാരെ സൃഷ്ടിക്കുകയും, അവാർഡ് നൈറ്റുകളിലെ സാംസ്കാരിക കലാപരിപാടികൾ കേരളത്തിലെ സ്റ്റേജ് ഷോകളിലെ ലൈറ്റിങ്ങുകളെ സ്വാധീനിക്കുകയും, അവയിൽ വലിയ മാറ്റങ്ങൾ വരുത്തുകയും ചെയ്തിട്ടുണ്ട്. ശ്രീകുമാറിന്റെ ഗാനമേള ഈ സിനിമയിൽ വളരെ പരമ്പരാഗതമായ രീതിയിൽ മുന്നോട്ട് പോവുകയും, സ്റ്റേജ് ഷോകളിലൂടെ വളർന്ന ഒരു ചെറിയ കുട്ടിയായ കലാകാരന് അത്തരം ഒരു വേദിയിൽ പാടേണ്ടതിന്റെ പല തരത്തിലുള്ള അതൃപ്തിയും അവൻ പ്രകടിപ്പിക്കുന്നുമുണ്ട്. അത്തരം പല തരത്തിലുള്ള തലമുറ വ്യത്യാസങ്ങളുടെയും, സ്റ്റേജ് ഷോകളുടെ തലമുറ വ്യത്യാസങ്ങളുടെ സംഘർഷങ്ങളും ഈ സിനിമയിൽ ദൃശ്യതപ്പെടുന്നു.

വിനീത് ശ്രീനിവാസൻ തനിക്ക് പാട്ട് പാടുമ്പോൾ ഫീഡ്ബാക്ക് വേണം (പാടുന്നത് തിരിച്ചു കേൾക്കുന്ന സാങ്കേതികത) എന്ന് പറയുമ്പോൾ, ഫീഡ്ബാക്ക് എന്താണ് എന്ന് മനസ്സിലാകാത്ത ഒരു ടെക്നിക്കൽ പാപ്പരത്തം ശ്രീകുമാർ ഈ സിനിമയിൽ അനുഭവിക്കുന്നുണ്ട്. തനിക്ക് സ്റ്റേജിൽ പാടുമ്പോൾ ഇന്ന ഇന്ന ടെക്നിക്കാലിറ്റികൾ വേണം എന്ന് കൃത്യമായി വിനീത് ശ്രീനിവാസൻ പറയുന്നു. പാട്ട് എന്നത് ജന്മനാ ഉള്ള പാരമ്പര്യപരമായ വാസന മാത്രമല്ല എന്നും, ടെക്നിക്കാലിറ്റിയുടെ ഒരു കളിയാണെന്നും കൂടി പറഞ്ഞു വെച്ച് ചില ശുദ്ധിവാദങ്ങളെ വിനീത് ശ്രീനിവാസൻ അട്ടിമറിക്കുന്നുമുണ്ട്. ഈ വിവരമില്ലായ്മ ശ്രീക്കുട്ടനെയും പരമ്പരാഗത സംഗീതത്തെയും പിന്നിലേക്ക് തള്ളുന്നു. കരോക്കെ മൈക്ക് പോലുള്ള സാങ്കേതികതയുടെ കാലത്ത് ഏതൊരു മനുഷ്യനും ഇന്ന് പാട്ടുകാരാകുന്നത്, പാട്ട് എന്ന കലയുടെ കഴിഞ്ഞ പരമ്പരാഗത ശുദ്ധി എന്ന സങ്കൽപ്പത്തെ തന്നെ തുടച്ചു മാറ്റുന്നുമുണ്ട്. പിന്നീട് പുതിയ കാലത്തിന്റെ മറ്റൊരു സ്പോർട്സ് ഇവന്റ് ആയ മഡ് റേസ് നടത്തി, ശ്രീക്കുട്ടൻ ഈ പാട്ട് പാടാനുള്ള സാങ്കേതികതകൾ മുഴുവൻ വാങ്ങിക്കാനുള്ള പൈസ കണ്ടെത്തുകയാണ്.

അതിരടി എന്ന സിനിമ ക്ഷേത്രങ്ങൾക്ക് പുറത്തെ ഉത്സവങ്ങളുടെ ശബ്ദങ്ങളും, ബഹളങ്ങളും, ആഘോഷങ്ങളും, ഘോഷയാത്രകളും, അത് പോലെ കോളേജ് എന്ന വിദ്യാഭ്യാസ ‘സ്ഥാപന’ത്തിനു പുറത്തുള്ള ‘ആരോഹൺ ‘ പോലുള്ള ഫെസ്റ്റിവലുകളും, അതിന്റെ ആഘോഷങ്ങളും, അടിപൊളി പരിപാടികളും തമ്മിലുള്ള രണ്ടു സാംസ്കാരിക ലഹളകൾ തമ്മിലുള്ള സംഘർഷങ്ങളാണ്. കേരളം “ലഹളകൾ” എന്ന് ചരിത്രത്തിൽ വിളിച്ചത് പൊതു എന്ന് അറിയപ്പെടാത്ത പല തരം അപര മനുഷ്യരുടെ കലാപങ്ങളെയാണ്. അതിൽ ദളിതർ, ആദിവാസികൾ, തുടങ്ങിയവർ ഒക്കെ ഉൾപ്പെടും. ഈ സിനിമയിൽ അത് കോളേജ്, ക്ഷേത്രങ്ങൾ എന്നീ സ്ഥാപനങ്ങൾക്ക് പുറത്തുള്ള ലഹളകളുടെ ശബ്ദങ്ങളുടെയും ആഘോഷങ്ങളുടെയും രണ്ടു സാംസ്കാരികതകൾ തമ്മിലുള്ള സംഘർഷങ്ങളായി ആണ് രൂപപ്പെടുന്നത്. ആ ശബ്ദങ്ങളുടെ ലഹളയുടെ ആഘോഷങ്ങൾ തമ്മിലുള്ള അടിപിടിയും പൊരിഞ്ഞ മത്സരവും സ്‌ക്രീനിൽ കാണുന്നത് രസമാണ്. അതിന്റെ കൂടെ സിനിമയുടെ കാണികൾ ആർത്തു വിളിക്കുന്നത് കൂടി ഒരു മാസ് ഒരാളുടെ വേറെ ഒരു തരത്തിലുള്ള ഹൈപ്പ് അല്ലെങ്കിൽ ഹൈ തിയേറ്ററിൽ രൂപപ്പെടുന്നു.

എഞ്ചിനീയറിങ് കോളേജിലെ വിദ്യാർത്ഥിയായ ബേസിലിന്റെ സാംകുട്ടി എന്ന കഥാപാത്രത്തിലും ഇത്തരം ബഹളങ്ങളെ താൽപര്യപ്പെടുന്ന ഒരു വൈബ്രൻസ് ഉണ്ട്. അയാളുടെ ബഹളങ്ങളോടും വൈബ്രൻസുകളോടുമുള്ള ഒരു ജൈവികമായ താൽപര്യം കൂടെയാണ് ഈ സിനിമയുടെ ഒരു ഓറ നിലനിർത്തുന്നത്. നമ്മുടെ ക്ലാസുകളിൽ, ക്ലാസ്‌റൂമുകളിൽ മിണ്ടാതെ ഇരിക്കാൻ പറയുന്ന, സംഗീതം എന്നാൽ ശുദ്ധിയാണ് എന്ന് പറയുന്ന മാഷന്മാരൊന്നും ഈ സിനിമയിൽ ഇല്ല. ഈ സിനിമയിൽ ഒരു ക്ലാസ്‌റൂമിലെ സീൻ പോലും ഇല്ല. എന്തിനു നല്ലവനായ ഉണ്ണി ആകാൻ ശ്രമിക്കുന്ന ശ്രീക്കുട്ടൻ പോലും കുറച്ച് കഴിയുമ്പോൾ വയലൻസിന്റെ വേറെ ഒരു ലോകത്തേക്ക് കടക്കുന്നുമുണ്ട്. ബേസിലിന്റെ സാംകുട്ടി എല്ലാ കാലത്തും കോളേജിന്റെ ക്ലാസ്‌റൂം അല്ലെങ്കിൽ സ്ഥാപനം എന്ന ഘടനക്ക് പുറത്തും, ആരോഹൺ എന്ന ഒരു ശബ്ദ ബഹളത്തിലും ആഘോഷത്തിലുമാണ്. അത് തന്നെയുമാണ് ഈ സിനിമയിലെ വൈബ്.

ഒരു എഞ്ചിനീയറിങ് കോളേജിലെ ആരോഹൺ ഫെസ്റ്റിവലിന്റെ ഡിസ്പ്ലേ അല്ലെങ്കിൽ ഘോഷയാത്രയും, അത് പോലെ ഒരു ക്ഷേത്രത്തിലെ ഉത്സവത്തിലെ ഘോഷയാത്രയും തമ്മിലുള്ള സംഘർഷം കേരളീയ സമൂഹത്തിന്റെ പല തരത്തിലുള്ള മാറുന്ന ഘടനകൾ തമ്മിലുള്ള സംഘർഷങ്ങളായി വായിച്ചെടുക്കാവുന്നതാണ്. ഒരു പക്ഷെ ഒരു റോബോട്ടിക് ജയന്റ് ക്ഷേത്ര ഘോഷയാത്രയിലെ രാവണന്റെ തല തകർക്കുമ്പോൾ, തിരിച്ചു റോബോട്ടിക് ജയന്റിന്റെ തല ശ്രീക്കുട്ടൻ പറിച്ച് കളയുന്നുണ്ട്. അവസാനം സാംകുട്ടി ആ റോബോട്ടിക് ജയന്റിന്റെ തല ഉയർത്തിപ്പിടിക്കുന്ന ഒരു സീനുമുണ്ട്. അതായത്, കേരളത്തിന്റെ ഗ്രാമീണത, ഉത്സവങ്ങൾ, ആഘോഷങ്ങൾ, ബഹളങ്ങൾ, ലഹളകൾ, അപരത്വങ്ങൾ എന്നിവ ഒരു കേരളീയമായ മലയാളിത്ത സാംസ്കാരികമായ ഹിന്ദുത്വ പരിസരത്തിൽ നിന്ന് ഒരു കോളേജിന്റെ ആരോഹൺ എന്ന ആഘോഷത്തിലേക്ക് കടക്കുമ്പോൾ, അത് റാപ് മ്യൂസിക്കിന്റെ, ഫാഷൻ ഷോകളുടെ, മഡ് റേസിന്റെ, സയന്റിഫിക് ഡിസ്പ്ലേകളുടെ, സ്റ്റേജ് ഷോകളുടെ മറ്റും പലതരം പുതിയ ബഹളങ്ങളുടെയും ആഘോഷങ്ങളിലേക്കും അട്ടിമറിക്കപ്പെടുന്നു. ഇതിൽ ആര് ശരി, ആര് തെറ്റ് എന്ന ഒരു മോറൽ ഡിസ്കഷനിലേക്ക് ഞാൻ കടക്കുന്നില്ല. പക്ഷെ ഇത്തരം ആഘോഷങ്ങളുടെ ട്രാൻസ്ഫർമേഷൻ ഈ സിനിമയിലൂടെ കാണിക്കുമ്പോൾ, മലയാള കേരളീയ സംസ്കാരത്തിലെ ആഘോഷങ്ങളുടെ ഒരു ജെൻ Z തലമുറകളുടെ ട്രാൻസ്ഫർമേഷൻ ഈ സിനിമ വിസിബ്ലൈസ് ചെയ്യുന്നുണ്ട്.

Athiradi' review: An enjoyable action comedy despite its heavy reliance on  meta references - The Hindu

അതിനപ്പുറം ഇത്തരം ആഘോഷങ്ങളുടെയും, ബഹളങ്ങളുടെയും, ഉത്സവങ്ങളുടെയും, ഫെസ്റ്റുകളുടെയും, കോൺസെർട്ടുകളുടെയും ഒരു ആരവം സാംസ്കാരികമായ ഒരു ടെക്സ്റ്റ് ആക്കുന്നതിനപ്പുറം, സിനിമ എന്ന ഒരു ടൂൾ ഉപയോഗിച്ച് സിനിമയുടെ കാണികളിലേക്ക് എത്തിച്ചു വേറെ ഒരു തരം മാസ്മരികത തിയേറ്ററിൽ സൃഷ്ടിച്ച് ഒരു വൈബ് അല്ലെങ്കിൽ മാസ് സ്പിരിച്വാലിറ്റിയും ഈ സിനിമ സൃഷ്ടിക്കുന്നുമുണ്ട്.
പ്രത്യേകിച്ച് ഈ സിനിമയിലെ ആൾക്കൂട്ടത്തെ ദൃശ്യവൽക്കരിച്ചിരിക്കുന്ന ക്യാമറ, സിനിമാറ്റിക്കായി കോൺസെർട്ടുകളും ഉത്സവാന്തരീക്ഷങ്ങളും സൃഷ്ടിച്ചിരിക്കുന്നത്, ചമൻ ചാക്കോ എന്ന എഡിറ്ററുടെ കട്ടുകൾ — ഇവ വെറും സിനിമാറ്റിക് ആയി മാത്രമല്ല, പകരം അതൊരു മോഡേണിറ്റി ട്രെയിറ്റ് കൂടെയാണ്. വിനീത് ശ്രീനിവാസൻ ഒരു ബസ്സിന്റെ മുകളിൽ നിന്ന് ‘അമ്മക്കിളിയുടെ പൈതലായ്’ എന്ന ഒരു പാട്ട് പാടുമ്പോൾ, ഒരു ജെൻ Zയുടെ ആൾക്കൂട്ടം ആരവത്തോടുകൂടി ആ പാട്ട് ഏറ്റുപാടുന്നതും, ആ ഷോട്ടിലെ ലൈറ്റിങ്ങും, ഫ്ലയേഴ്സ് പറക്കുന്നതും, എന്തിനു ആ ദൃശ്യം മുഴുവനായും കേരളീയമായ ഒരു മലയാളിത്തം നിറഞ്ഞ ഒരു സാംസ്കാരികമായ പഴയ പശ്ചാത്തലത്തെ മുഴുവൻ തൂത്തെറിഞ്ഞ് അത്രക്ക് ഫ്രഷ് ആയ ഒരു പുതിയ സാംസ്കാരികതയുടെ മൾട്ടികൾച്ചറൽ ആൾക്കൂട്ടത്തെ ദൃശ്യതയിൽ കൊണ്ട് വരുന്നുമുണ്ട്.

ബേസിൽ ജോസഫിന്റെ ഈ സിനിമയുടെ പ്രൊഡക്ഷൻ ലോഗോ (അങ്ങനെ തന്നെ അല്ലേ പറയുക?) ഒരു കോണകം ഉടുത്ത ഒരു കാരിക്കേച്ചർ ആണ്. അതിലെ അയാളുടെ ചിരി തന്നെ ഒന്നിലും വലിയ കാര്യം ഇല്ല എന്ന തരത്തിലുമാണ്. ഈ സിനിമ തന്നെ ആ തരത്തിൽ പുതിയ തലമുറകളുടെ വേഷം, അറ്റയറുകൾ, സാംസ്കാരികതകൾ, ഭാഷകൾ, സൗഹൃദങ്ങൾ, അവരുടെ ആഘോഷങ്ങൾ, ആൾക്കൂട്ടങ്ങൾ എന്നിവയിലൂടെ ഒരു പുതിയ സാംസ്കാരികമായ വിഷ്വലൈസേഷൻ നിർമ്മിക്കുന്നു.അത് കൊണ്ട് തന്നെ എന്നെ സംബന്ധിച്ചിടത്തോളം തിയേറ്ററിൽ ആഘോഷിച്ചു, ബഹളങ്ങളുടെ സ്പിരിച്വാലിറ്റിയിൽ ഞാൻ ആസ്വദിച്ച ഒരു ഉഗ്രൻ കൾച്ചറൽ ടെക്സ്റ്റ് ആയിട്ടാണ് അതിരടി എന്ന സിനിമ എനിക്ക് തോന്നിയത്. ഒരു കാർണിവൽ സിനിമയായ അതിരടി പുതിയ തലമുറയുടെ സാംസ്കാരികമായ തൂക്കി അടി ആണ്.

No Comments yet!

Your Email address will not be published.