Skip to main content

അമ്മ അറിയാൻ – ഒരു ജനകീയ സിനിമ എന്താകരുത് എന്നതിൻ്റെ ദൃഷ്ടാന്തം

നാലു ദശകത്തിനുശേഷം, മധ്യവർഗ്ഗം ഏറെ ആഘോഷിച്ച ജോൺ എബ്രഹാമും അമ്മ അറിയാൻ എന്ന സിനിമയും ഇപ്പോൾ മധ്യവർഗ്ഗ ഭാവുകത്വ മൂല്യ സങ്കൽപങ്ങളുടെ പുനരാഖ്യാനത്തിന് വിധേയമായിരിക്കുകയാണല്ലോ.ജോൺ എബ്രഹാം എന്ന വ്യക്തിയും, ചലച്ചിത്രകാരനും മധ്യവർഗ്ഗ കലാ മനസ്സിൽ ഒരു വീര സങ്കല്പമായി മാറുന്നതിന് ചലച്ചിത്ര – കലാ ബാഹ്യമായ കാരണങ്ങളാണ് ഉള്ളത്. അതുകൊണ്ട് ഇവിടെ ‘അമ്മ അറിയാൻ’ എന്ന സിനിമയെകുറിച്ചും ഒരു മധ്യ വർഗ്ഗ കൾട്ട് ഫിഗർ ആയി തീർന്ന ജോൺ എന്ന സംവിധായകനെക്കുറിച്ചും ഒരു നിരീക്ഷണം നടത്തുകയാണ്.

John Abraham - IMDb
ജോണ്‍ എബ്രഹാം

സിനിമ ഏറ്റവും ശക്തമായ ആവിഷ്കാര മാധ്യമം ആണെന്ന പ്രചരണം ഈ പുതിയ കലാ സങ്കേതത്തിന്റെ ആവിർഭാവത്തോടൊപ്പം തുടങ്ങി. യന്ത്രവൽകൃതമായ സംഘടിത പ്രവർത്തനങ്ങളുടെ ഒരു ഉൽപ്പന്നമായ സിനിമാ സങ്കേതം, ഉൽപാദനക്ഷമതയിലും വിതരണത്തിലും ലാഭസാധ്യതകളിലും മറ്റെല്ലാ കലാസങ്കേതങ്ങളേക്കാളും മുന്നിട്ടു നിൽക്കുന്നതും അതുകൊണ്ടാണ്. അതുകൊണ്ടുതന്നെ കമ്പോള വ്യവസ്ഥയുടെ ഔദാര്യങ്ങളിൽ നിന്നും മോചനം തേടി സിനിമ നിർമ്മിക്കുക എന്ന ലക്ഷ്യത്തോടെ സാധാരണ ജനങ്ങളിൽ നിന്ന് പണം സ്വരൂപിച്ച് നിർമ്മിച്ച അമ്മ അറിയാനിൽ, അതിൻ്റെ നിർമ്മിതിയിലും പ്രമേയ സ്വീകരണത്തിലും കാണിച്ച സൂക്ഷ്മതയും സത്യസന്ധതയും, സിനിമയായി പുറത്തുവരുമ്പോൾ, അതിന്റെ രാഷ്ട്രീയ പ്രകാശന സാധ്യതകൾ മുഴുവൻ ദുരുപയോഗിക്കപ്പെടുകയും, യഥാർത്ഥ രാഷ്ട്രീയ സാമൂഹ്യ ജീവിതാനുഭവങ്ങളുടെ ദയനീയ പാരഡിയായി തീരുകയുമാണ് ഉണ്ടായത്.

John Abraham's Malayalam classic Amma Ariyan to have restored 4K world premiere at Cannes Film Festival 2026

ഒരു ജനകീയ സിനിമയ്ക്ക് ഒരിക്കലും വന്നു ഭവിക്കാൻ പാടില്ലാത്ത ഒരു ദുരന്ത മാതൃകയായിട്ടാണ് അമ്മ അറിയാൻ നമുക്കു മുമ്പിൽ ദൃശ്യമാകുന്നത്. ഈ സിനിമയുമായി പലരീതിയിൽ ബന്ധപ്പെട്ട ആളുകൾ ഉൾപ്പെടെ ജീവിതത്തിൽ അവർ കടന്നുപോയ യാഥാർത്ഥ അനുഭവങ്ങൾ തന്നെയാണ് സിനിമയുടെ വിഷയം എന്ന് പറയുമ്പോൾ തന്നെ, ആ ജീവിതാനുഭവങ്ങളുടെ ധൂർത്തായി തീരുകയായിരുന്നു അമ്മ അറിയാൻ.

70കളിലെ ജനകീയ പ്രക്ഷോഭങ്ങളുടെ പശ്ചാത്തലത്തിൽ, അതിൽ ഉൾപ്പെട്ടു എന്നു പറയുന്ന ഒരു വ്യക്തി നേരിട്ട ദുരന്ത സാഹചര്യങ്ങൾ പ്രശ്നവൽക്കരിക്കുന്നതിന് മുതിരുന്നതായി ഭാവിക്കുന്ന സിനിമ, അത് ഉപജീവിക്കുന്ന, തൊട്ടുപിന്നിലായ ഒരു ദശാബ്ദത്തിൻ്റെ വ്യക്തികളുടെയും യാഥാർത്ഥ്യങ്ങളുടെയും അനുഭവങ്ങളെക്കുറിച്ചും ഇടതുപക്ഷ വിപ്ലവത്തെക്കുറിച്ചും ചില പൊയ് വിശ്വാസങ്ങൾ വെച്ച് പുലർത്തുന്നതായി കാണാം. ഇത് വല്ലാത്തൊരു വൈപരീത്യമായി തീരുന്നു എന്ന് മാത്രമല്ല, ഈ വിശ്വാസങ്ങളെ ആദർശ വൽക്കരിക്കുക കൂടി ചെയ്യുമ്പോൾ ഇത് ഇടതുപക്ഷ വിപ്ലവത്തിന്റെ നിഷേധ മാതൃകയായി തീരുകയും ചെയ്യുന്നു. ഇനിയത് എങ്ങനെ സംഭവിക്കുന്നു എന്ന് പരിശോധിക്കാം.

John Abraham, Portrait Of A Lucid Messiah - Bollywoodirect
ജോണ്‍ എബ്രഹാം, ക്യാമറാമാന്‍ വേണു

വീട്ടിൽ നിന്ന് പുറത്തു പോകുന്ന മകൻ ഒരു അമ്മയ്ക്ക് എഴുതുന്ന കത്തിന്റെ ദൃശ്യാനുഭവമാണ് ‘അമ്മ അറിയാൻ’.
ഗവേഷണ വിദ്യാർത്ഥിനിയായ പാറു എന്ന കൂട്ടുകാരിയോടൊപ്പം ഡൽഹിക്ക് പോകാൻ ഇറങ്ങി പുറപ്പെട്ട പുരുഷൻ എന്ന കഥാപാത്രം യാത്രയ്ക്കിടെ ദുർമരണത്തിന് ഇരയാക്കപ്പെട്ട ഒരാളുടെ ജഡം കണ്ടതോടെ തൻ്റെ യാത്ര റദ്ദാക്കി ആത്മഹത്യ ചെയ്ത ആളെ തിരിച്ചറിയാൻ ശ്രമിക്കുകയും, തുടർന്ന് അത് ഹരി ആണെന്ന് മനസ്സിലാക്കുകയും ആ വിവരം അവൻ്റെ അമ്മയെ അറിയിക്കാൻ സുഹൃത്തുക്കളോടൊപ്പം പോകുന്നതുമാണ് സിനിമയുടെ ഇതിവൃത്തം.

പിന്നീടങ്ങോട്ട് ഹരിയുടെ ആത്മഹത്യ അമ്മയെ അറിയിക്കാനുള്ള സഞ്ചാരങ്ങളാണ്. ആ യാത്രയ്ക്കിടയിൽ അവർ ഹരിയുമായി ബന്ധപ്പെട്ട ഒരുപാട് മനുഷ്യരെ കാണുകയും, അവൻ്റെ അനുഭവങ്ങളിലൂടെ കടന്നുപോവുകയും, ക്രമേണ ഒരു സംഘമായി തീരുകയും ആ സംഘത്തിലെ ഓരോരുത്തരുടെയും ഓർമ്മകളിലൂടെ ഹരിയുടെ ജീവിതാനുഭവങ്ങൾ അനാവരണം ചെയ്യപ്പെടുകയും ചെയ്തു കൊണ്ടാണ് സിനിമ മുന്നോട്ട് നീങ്ങുന്നത്.

Amma Ariyan | അമ്മ അറിയാന്‍ കാന്‍ ഫെസ്റ്റിവലിലേക്ക്; ലോക പ്രീമിയറിലെ ഇന്ത്യയുടെ ഏക എന്‍ട്രി | John Abraham's Amma Ariyan Selected for Cannes 2026 World Premiere | Mathrubhumi
ജോയ് മാത്യു

വിപ്ലവ രാഷ്ട്രീയ പ്രവർത്തനകാലത്ത് ഹരിക്ക് ഒളിതാമസം ഒരുക്കിയതിന് പീഡനം ഏറ്റുവാങ്ങേണ്ടി വന്ന രാജേട്ടൻ, പോലീസ് സ്റ്റേഷൻ ആക്രമണത്തിൽ പങ്കാളിയായ തോമസ്, തുടങ്ങിയവർ ഒറ്റുകാരൻ ആകേണ്ടിവന്ന ഹരിയുടെ അവസ്ഥയെക്കുറിച്ചാണ് അമ്മയെ തേടിയുള്ള യാത്രയിൽ ഓർക്കുന്നത്. ആത്മസുഹൃത്തായ
സത്യജിത്തിന്റെ ഓർമ്മകളിൽ ഹരിയുമായി പങ്കിട്ട സംഗീതം നിറഞ്ഞ സായന്തനങ്ങളാണ് ഉള്ളത്.

ഇതിന് പശ്ചാത്തലം ഒരുക്കുന്ന മ്യൂസിക് സങ്കേതം, ഭക്തിസാന്ദ്ര കർണാടക സംഗീതവും, ഹിന്ദുസ്ഥാനി സംഗീതവും, വിപ്ലവ പ്രവർത്തനത്തെ ആവോളം പരിഹസിക്കാൻ കഴിയുന്ന, ക്ഷേത്രാങ്കണങ്ങളിൽ പാടുന്ന, സാക്ഷാൽ ശ്രീ കൃഷ്ണൻ്റെ മദജനകമായ ലീലാവിലാസങ്ങൾ വ്യാഖ്യാനിക്കുന്ന സോപാന സംഗീതവും മറ്റുമാണ്. സിനിമയുടെ ലക്ഷ്യത്തെ തന്നെ വിറങ്ങലിച്ചു നിർത്തുന്ന ഈ ഹിന്ദുത്വ ഭക്തി ഗീതങ്ങൾ വല്ലാത്തൊരു വിരോധാഭാസമായി തീരുന്നു.

അയ്യപ്പൻ എന്ന സഹപാഠി ലഹരികൾക്കടിമയായിരുന്ന ഹരിയുടെ രാഷ്ട്രീയ പ്രവർത്തനത്തെ കുറിച്ചാണ് ഓർമിച്ചെടുക്കുന്നത്. പിന്നെ വൈപ്പിനിലെ രാജപ്പൻ, കോട്ടപ്പുറത്ത് ജോസ്, പഴയകാല കമ്മ്യൂണിസ്റ്റുകാരനായ ബാലേട്ടൻ, കരാട്ടെ പരിശീലകൻ സത്യൻ, നാടകക്കാരനായ രാമചന്ദ്രൻ തുടങ്ങിയ കഥാപാത്രങ്ങൾ ഹരിയുടെ ജീവിതത്തിൻ്റെ ഓർമ്മകൾ പങ്കുവെക്കുന്നുണ്ട്. അമ്മയെ ഹരിയുടെ ദുരന്ത മരണവിവരം അറിയിക്കാൻ, വയനാട് മുതൽ ഫോർട്ട് കൊച്ചി വരെയുള്ള പുരുഷൻ എന്ന കഥാപാത്രവും സൗഹൃദ കഥാപാത്രങ്ങളും യാത്ര ചെയ്യുന്നത് ഒരു ഉല്ലാസയാത്ര(picnic) യ്ക്ക് സമാനമായാണ്.

പുഴയിൽ ഇറങ്ങിയുള്ള സുഖമായ നീരാട്ട്, കവിതാ പാരായണം, മാർക്സിസ്റ്റ് ചർച്ച, യാത്രക്കിടയിൽ കടന്നുപോകുന്ന ഓരോ പ്രദേശങ്ങളെക്കുറിച്ചും ഉള്ള തികച്ചും അപ്രസക്തമായ ടൂറിസ്റ്റ് ഗൈഡുകൾക്ക് സമാനമായ രീതിയിലുള്ള വിവരണങ്ങൾ, തുടങ്ങിയവ ശാസ്ത്രീയ സംഗീത പശ്ചാത്തലത്തിലും മറ്റും ആവിഷ്കരിക്കുമ്പോൾ, ആത്മഹത്യ ചെയ്ത സുഹൃത്തും സഹപ്രവർത്തകനുമായ ഹരിയുടെ അമ്മയെ മരണവിവരം അറിയിക്കാൻ പോകുന്ന പുരുഷനും സുഹൃത് സംഘങ്ങളും ഏത് വെള്ളരിക്കാ പട്ടണത്തിലെ അരാഷ്ട്രീയ മനുഷ്യരാണ് എന്ന് സിനിമയെ ഗൗരവമായി വീക്ഷിക്കുന്ന ഏതൊരു പ്രേക്ഷകനും നടുങ്ങി പോകാതിരിക്കില്ല. മധ്യവർഗ്ഗ പ്രേക്ഷകരെ ദൃശ്യഭംഗിയിൽ കോരിത്തരിപ്പിക്കാൻ വേണ്ടി മാത്രമാണ് കൊടുങ്ങല്ലൂർ ഭരണിയും കരാട്ടെ പരിശീലനവും മറ്റും സിനിമയിൽ അവതരിപ്പിക്കുന്നത്.

“ഇവിടെയാണ് അപ്പോസ്തലനായ തോമസ് ബൈബിളും, ക്രിസ്തുവുമായി കപ്പലിറങ്ങിയത്, ഇവിടെ കൊടുങ്ങല്ലൂർ അമ്മ സ്മരണകളിൽ പ്രകമ്പനം ആകുന്നു…”

എന്ന് തുടങ്ങി ബേപ്പൂർ തുറമുഖത്തിന്റെ പഴയകാല പ്രതാപത്തെ കുറിച്ചും കൊടുങ്ങല്ലൂരിൻ്റെ ഇതിഹാസത്തെ കുറിച്ചും കേരള ടൂറിസത്തെ കുറിച്ചുള്ള പരസ്യ ചിത്രത്തിൽ എന്ന പോലെ ദൃശ്യവൽക്കരിക്കുകയും പ്രതിപാദിക്കുകയും ചെയ്യുന്നുണ്ട് ഈ ‘വിപ്ലവ’ സിനിമ.

യാതൊരു ഔചിത്യദീക്ഷയും ഇല്ലാതെ, പരസ്പരബന്ധമില്ലാത്ത ഫ്രെയിമുകൾ ചേർത്തുവെച്ച് കലാ സിനിമയുടെ ഗൗരവം ഉണ്ടെന്ന് വരുത്താനുള്ള ഇത്തരം ആഭാസകരവും വിലകുറഞ്ഞതുമായ ശ്രമങ്ങൾ സിനിമയിൽ ഉടനീളം കാണാം. ചാരായ കടയിലെ ഇംഗ്ലീഷ് കവിതാ വായനയും, മാർക്സിസ്റ്റ് ചർച്ചയും, ഇൻറർനാഷണൽ ഗാനം ആലപിച്ച് കടന്നുപോകുന്ന ജാഥയും ഉൾപ്പെടുന്ന ഈ ടൂറിസ്റ്റ് യാത്രാനുഭവ ദൃശ്യങ്ങൾ, ഒരു ദശകത്തിലെ കേരളത്തിൻ്റെ വിപ്ലവ ചരിത്രത്തെ രേഖപ്പെടുത്തുന്നതിനാണ് ഉപയോഗിച്ചിരിക്കുന്നത് എന്ന് കാണുമ്പോൾ, ഈ സിനിമയുടെ അരാഷ്ട്രീയ നിർമ്മിതി എത്ര വലുതാണെന്ന് മനസ്സിലാകും.

നെരൂദയുടെയും, ഓട്ടോ റെനെ കാസ്റ്റിലോയുടെയും മറ്റും കവിതകളിൽ നിന്ന് പെറുക്കിയെടുത്തുണ്ടാക്കിയ പുരുഷൻ്റെ ആത്മഗതങ്ങൾ പോലും അരോചകമാണ്. തൻ്റെ സ്വന്തം അമ്മയോട് പുരുഷന്‍ യാത്ര പറയുന്ന രീതി തന്നെ നാടകീയവും അതി യാന്ത്രികവുമാണ്. നാടകീയത ഇല്ലാതെ മനുഷ്യരെപ്പോലെ പെരുമാറുന്ന ഒരു കഥാപാത്രവും ഈ സിനിമയിൽ ഇല്ല.

70കളിലെ ‘മധ്യവർഗ ബുദ്ധിജീവി’ വർഗ്ഗത്തെ സർക്കാസ്റ്റിക്കായി ഓർമ്മിക്കാൻ കഴിയുന്ന രീതിയിൽ കവിതാശകലങ്ങളും, പ്രത്യയശാസ്ത്ര ഗ്രന്ഥങ്ങളിൽ നിന്നുള്ള കൃത്രിമത്വം കലർന്ന ഉദ്ധരണികൾ ഉപയോഗിച്ചുള്ള സംഭാഷണങ്ങളും, ചേഷ്ടകളും, ചർച്ചകളും കൊണ്ട് അമ്മയറിയാനിലെ കഥാപാത്രങ്ങൾ വെറും കാരിക്കേച്ചറുകൾ (caricature) മാത്രമായി മാറുന്നുണ്ട്. മകൻ്റെ മരണവാർത്ത അറിയുന്ന അമ്മയുടെ പ്രതികരണം പോലും ഒരു ടിപ്പിക്കൽ ബുദ്ധിജീവിയുടേതു പോലെ ആകുന്നത്, കോഫി ഹൗസ് വിപ്ലവത്തിൻ്റെ സിനിമാ പ്രേക്ഷകർക്ക് മാത്രം മനസ്സിലാകുന്നില്ല.

Malayalam cinema: Amma Ariyan and its landmark director John Abraham

സിനിമയിൽ ഇടയ്ക്കിടെ കടന്നുവരുന്ന ആത്മഭാഷണമാണ് “ഐ ഡു നോട്ട് നോ, ഐ ആം ഇഗ്നറൻ്റ്…” എന്നതും സിനിമയിൽ പല ആവർത്തി പറഞ്ഞു കേൾക്കുന്ന “റിലാക്സ്… റിലാക്സ്..” എന്ന വാക്കുകളും.
സിനിമയ്ക്ക് എന്തോ വലിയ ഗൗരവമുണ്ടെന്നു വരുത്തി തീർക്കാൻ അല്ലാതെ, പ്രത്യേകിച്ച് ഏതെങ്കിലും ദൃശ്യവുമായി ഇത് കൂട്ടിച്ചേർത്ത് നിർവചിക്കാൻ ഒന്നുമേ ഇല്ല.

എഴുപതുകളിലെ വിപ്ലവ രാഷ്ട്രീയത്തിൽ ധൈഷണീക യുവത്വം നേരിട്ട അരാജകത്വവും ആത്മഹത്യയുമാണ് സിനിമയുടെ വിഷയം. അതുകൊണ്ടുതന്നെ എഴുപതുകളിലെ കേരളത്തിലെ ജനകീയ പ്രസ്ഥാനങ്ങൾ നയിച്ച സമരങ്ങളുടെ ചരിത്ര പശ്ചാത്തലത്തിലൂടെ ഒരു വ്യക്തിയുടെ കഥ പറയാൻ ശ്രമിക്കുന്നതിൽ, അമ്മ അറിയാൻ ഓരോ ഘട്ടത്തിലും പരാജയപ്പെടുന്നത് കാണാം. മെഡിക്കൽ വിദ്യാഭ്യാസ രംഗത്തെ സ്വകാര്യവൽക്കരണമാണ് അമ്മ അറിയാനിൽ അതീവ ഗൗരവമായി അവതരിപ്പിച്ച ഒരു സമരം. പിന്നെ ഇരിങ്ങൽപ്പാറയിലെ കരിങ്കൽ തൊഴിലാളികളുടെ സമരം, പൂഴ്ത്തിവെപ്പിനെതിരെ നടന്ന പ്രക്ഷോഭം, മട്ടാഞ്ചേരിയിലെ സ്ത്രീ തൊഴിലാളികളുടെ സമരം, വൈപ്പിൻ വിഷ മദ്യ ദുരന്തം തുടങ്ങിയവയാണ് കേരളത്തിൻ്റെ ഒരു ദശക കാലത്തെ അടിച്ചമർത്തപ്പെട്ട ഒരു ജനതയുടെ സമരാനുഭവവും സഹനവും പ്രതിരോധവും വിവരിക്കാൻ ചിത്രീകരിച്ചിട്ടുള്ളത്.

എന്നാൽ അക്കാലത്ത് നടന്ന ഗൗരവമായ ദളിത് ഭൂസമരങ്ങളും, ആദിവാസി ഭൂ അവകാശ സമരങ്ങളും, തലശ്ശേരി കലാപവും തുടങ്ങി നിരവധി അവകാശ പോരാട്ടങ്ങൾ അറിയുക പോലുമില്ല എന്നു പറയുമ്പോൾ, ഒരു ശരാശരി പത്ര വാർത്താ വായനക്കാരന്റെ തിരിച്ചറിവോ ഔചിത്യ ബോധമോ സംവിധായകന് ഇല്ല എന്ന് മനസ്സിലാക്കാം.

ചുരുക്കത്തിൽ വളരെ ഗൗരവമായി സമീപിക്കേണ്ട ഒരു മാർക്സിസ്റ്റ് വിപ്ലവ രാഷ്ട്രീയ ചരിത്രത്തെ കെട്ടുകഥ പോലെ, ഫാൻറസിയുടെ ഡോക്യുമെൻററി പോലെ അവതരിപ്പിക്കുകയും, അതു വളരെ ഗൗരവമായ ചരിത്ര യാഥാർഥ്യം ചർച്ച ചെയ്യുന്നു എന്ന തെറ്റിദ്ധാരണ സൃഷ്ടിക്കുകയുമാണ് അമ്മ അറിയാൻ എന്ന സിനിമ ചെയ്യുന്നത്. അതുകൊണ്ടുതന്നെ അമ്മ അറിയാൻ വിപ്ലവ യുവത്വത്തിൻ്റെ പാരഡിയായി, പരിഹാസ സിനിമയായി അവസാനിക്കുകയാണ് ചെയ്യുന്നത്.

ജോൺ എബ്രഹാം എന്ന വ്യക്തിയും സിനിമയും

ജോണിന്റെ സവിശേഷ ചലച്ചിത്രം എന്ന നിലയിൽ പരിഗണിക്കപ്പെട്ട ‘അഗ്രഹാരത്തിൽ കഴുതൈ’ പുറത്തു വരുന്നതിനുമുമ്പ് തന്നെ ജോൺ ഈ രംഗത്ത് ഒരു ജീനിയസ് ആണ് എന്നൊരു മുൻധാരണ കേരളത്തിൽ പ്രചരിച്ചിരുന്നു. ഇങ്ങനെ മുൻവിധികളിലൂടെ മലയാളിയുടെ മോഹമന:ശാസ്ത്രത്തെ കീഴ്പ്പെടുത്താൻ ജോണിന് കഴിഞ്ഞതിന് ഇടതുപക്ഷ ജനകീയതയെ കുറിച്ച് മനസ്സിലാക്കാൻ കഴിയാത്ത യുക്തിഭംഗ അനുഭവത്തിന് വലിയ പങ്കുണ്ട്.

അതിയുക്തികമായ ഒരു പ്രതിഭാ കൽപ്പന അമൃതാനന്ദമയി തള്ളയുടെ അത്ഭുത സിദ്ധിയിൽ ഉള്ള വിശ്വാസം പോലെ തന്നെ അബദ്ധമാണ് എന്നതിനുള്ള സാക്ഷ്യമായിരുന്നു ജോണിന്റെ ആദ്യചിത്രമായ ‘വിദ്യാർത്ഥികളെ ഇതിലെ ഇതിലെ’ യും ‘മാൻപേട’ യും. ചലച്ചിത്രത്തിന്റെ വ്യാകരണത്തെപ്പറ്റി അക്കാദമികമായ ചില കൽപ്പനകൾ ഉണ്ടായിരുന്ന ജോണിന് ‘വ്യാകരണം’ കുറേയേറെ നൈസർഗികവും, ‘സാങ്കേതികത’ കുറച്ചു മാത്രവുമാണ് എന്നുള്ള വസ്തുത മനസ്സിലായിട്ടുണ്ടായിരുന്നില്ല.

Malayalam cinema: Amma Ariyan and its landmark director John Abraham

“അയാം ദ ‘ഹിറ്റ്ലർ’ ഓഫ് മൈ സിനിമ” എന്നൊക്കെ ഒരു ജനാധിപത്യ മൂല്യ ഭാഷ പോലുമില്ലാതെ പറയുന്ന ജോൺ, ഡയറക്ടർ സൂപ്പർ ടെക്നീഷ്യൻ ആണ് എന്നും, അഭിനേതാക്കളും മറ്റ് സാങ്കേതികവിദഗ്ധരും ഡയറക്ടറുടെ കയ്യിലെ ഉപകരണങ്ങൾ മാത്രമാണ് എന്നുമൊക്കെ വിശ്വസിച്ചിരുന്ന, സിനിമാ രചനയിലെ ജനാധിപത്യ സമവാക്യങ്ങളെ കുറിച്ച് ബഹുമാനമില്ലാത്ത ആളായിരുന്നു. അതുകൊണ്ടുതന്നെ ചലച്ചിത്ര നിർമ്മാണത്തിന്റെ അക്കാദമികേതരമായ കലാതലം ജോണിന് വഴങ്ങാതെ പോവുകയും ജോൺ ചലച്ചിത്രരംഗത്ത് ഒരു ദയനീയ പരാജയമായി തീരുകയും ചെയ്തു.

ചുരുക്കത്തിൽ വാണിജ്യ സമാന്തര സിനിമകൾ നിർമ്മിച്ചു കൊണ്ടിരുന്ന കെജി ജോർജിന്റെയോ പത്മരാജന്റെയോ ഭരതന്റെയോ ഫിലിമിലെ ഇഡിയവുമായി (idiom) താരതമ്യം ചെയ്യുമ്പോൾ വളരെ ദുർബലമാണ് ജോണിന്റെ ചിത്രങ്ങൾ എന്ന് മനസ്സിലാകും. മലയാളത്തിലെ യുവ മധ്യവർഗ്ഗ ബുദ്ധിജീവി സ്വയം അഭിജാത വൽക്കരിക്കുന്നതിന് കണ്ടെത്തിയ അരാജക പുരുഷ വീരസ്യത്തിന്റെ ബിംബം ആയിരുന്നു ജോൺ. തന്നിലെ അലസിപ്പോയ കലാ ഭ്രൂണത്തിന്റെ രക്തമാണ് ജോൺ എന്നും അവർ വിശ്വസിച്ചു പോന്നു.

ഋത്വിക് ഘട്ടക്കിനെ അനുകരിച്ച്, നന്നായി മദ്യപിച്ച് ലഹരിയുടെ പിടിയിൽ അമർന്ന ജോൺ, അഗ്രഹാരം സിനിമയുടെ കാലത്ത് തന്നെ ഒരു അഡിക്റ്റിന്റെ മാനസിക ദൈന്യതയിൽ എത്തി കഴിഞ്ഞിരുന്നുവത്രേ.
ഒരുപക്ഷേ എല്ലാ മാന്യതയുടെയും സാമൂഹ്യമര്യാദകളുടെയും ലംഘനമായി തീരാൻ
ഈ മദ്യലഹരി അദ്ദേഹത്തെ സഹായിച്ചിട്ടുണ്ടാകാം.

കള്ള വാറ്റുകാരുടെയും വേശ്യകളുടെയും മറ്റും മധ്യത്തിലേക്ക് ഇറങ്ങി വരികയും,
ബ്ലേഡ് കമ്പനിക്കാരന്റെ സ്വകാര്യ വാഹനത്തിൽ കയറിപ്പറ്റുകയും, കടബാധ്യതയുടെ മന:ശാസ്ത്രപരമായ അടിമത്തത്തിൽ ഞരിയുകയും ചെയ്യുന്ന ഒരു ജോണിന്റെ സാമ്പത്തിക ജീവിത പരിസരത്തിന്റെ താഴ്ചകളും ഉയർച്ചകളും “പെരുമീനുദിക്കുന്നതിനു മുമ്പ് ” എന്ന അജിത്തിന്റെ കഥയിൽ വിവരിക്കുന്നുണ്ട്.

കടം കൊടുത്ത് കൊള്ള നടത്തുന്ന ബ്ലേഡ് കമ്പനിക്കാരനെ ജോൺ പരിഹസിക്കുന്നത് ഇങ്ങനെയാണ് :
“പുരുഷ ബീജത്തിൽ നിന്ന് സുഗന്ധദ്രവ്യം ഉൽപ്പാദിപ്പിക്കാനുള്ള ഗവേഷണ പരീക്ഷണങ്ങൾ അമേരിക്കയിൽ വിജയിക്കുകയാണ്. പിന്നെ തന്നെയൊന്നും ആശ്രയിക്കാൻ ഒരു പട്ടിയും കാണില്ല”

ലൈംഗികതയെ വ്യാവസായിക ഉൽപാദനത്തിന്റെ അസംസ്കൃത വസ്തുവാക്കി തീർക്കുന്ന ധനകാര്യ വിപണിയിൽ, പുരുഷന് അവൻ്റെ ബീജം അമേരിക്കൻ കമ്പനിക്ക് വിറ്റ് സിനിമ എടുക്കാൻ കഴിയും എന്ന ഒരു ആൺവേശ്യയുടെ ഉന്മാദ പൂർണ്ണമായ പ്രഖ്യാപനമാണ് ഇതിൽ നമുക്ക് കാണാൻ കഴിയുക. ജോൺ എബ്രഹാം എന്ന ചലച്ചിത്രകാരനും, ആ വ്യക്തി തന്നെയും മധ്യവർഗ കലാ മനസ്സിൽ വീര സങ്കല്പമായി മാറിയ മിത്താണ്.

No Comments yet!

Your Email address will not be published.

No related posts found.