മെയ് 29 : ഒരു പ്രഖ്യാപനവും മൂന്ന് വാര്‍ഷികാഘോഷങ്ങളും!
മെയ് 29നായിരുന്നു മിതവാദി കൃഷ്ണൻ വക്കീലിൻറെ വീട്ടിൽ കേരളത്തിലെ ആദ്യ യുക്തിവാദി പ്രസ്ഥാനം രൂപം കൊണ്ടതിന്റെ നൂറാം വാർഷിക ദിനം.

1916 മെയ് 29 (1091 ഇടവം 15) ന് ആയിരുന്നു നാരായണഗുരു “നാം പ്രത്യേക ജാതിയിലോ മതത്തിലോ ഉൾപ്പെടുന്നില്ല” എന്ന് പ്രബുദ്ധ കേരളം പത്രത്തിൽ പരസ്യം ചെയ്തത്. “നാം ജാതിമത ഭേദം വിട്ടിട്ട് ഏതാനും സംവത്സരങ്ങൾ കഴിഞ്ഞിരിക്കുന്നു. എന്നിട്ടും ചില പ്രത്യക വർഗ്ഗക്കാർ….” എന്നുതുടങ്ങുന്ന “നാം പ്രത്യേക ജാതിയിലോ മതത്തിലോ ഉൾപ്പെടുന്നില്ല…” എന്ന് പച്ചമലയാളത്തിൽ വ്യക്തമായിപ്പറയുന്ന ആ പത്രപരസ്യത്തെ നമ്മൾ നമ്മുടെ സൗകര്യാർത്ഥം ജാതിയില്ലാ വിളംബരമാക്കി 100 ആം വാർഷികവും ആഘോഷിച്ചു മതത്തെ സംരക്ഷിച്ചു പുനരുത്ഥാനപാതയിൽ മുന്നേറിക്കൊണ്ടിരിക്കുന്നു.
അതിന് ഒരാഴ്ച മുൻപ് 1916 മെയ് 22 ന് ഗുരു ഇതേ വിവരം കാണിച്ച് ഡോ. പൽപ്പുവിന് ഒരു കത്തയച്ചിരുന്നു. “എൻറെ ഡോക്ടർ അവർകൾക്ക്…” എന്ന് തുടങ്ങുന്ന ആ കത്ത് അവസാനിക്കുന്നത് “…. മുൻപേ തന്നെ മനസിൽ നിന്നും വിട്ടിരുന്നതുപോലെ ഇപ്പോൾ വാക്കിൽ നിന്നും പ്രവൃത്തിയിൽ നിന്നും യോഗത്തെ വിട്ടിരിക്കുന്നു- എന്ന് നാരായണഗുരു (ഒപ്പ്)” എന്നാണ്.

എന്നാൽ ഗുരു ഈ വിളമ്പരം നടത്തിയതിന്റെ ഒന്നാം വാർഷികദിനത്തിൽ അതായത് 1917 മെയ് 29 ന് നാരായണഗുരുവിൻറെ ഒരു പ്രധാന സന്ദേശം നടപ്പിൽ വരുത്തുന്നു എന്ന് പ്രഖ്യാപിച്ച് സഹോദരൻ അയ്യപ്പന്റെ നേതൃത്വത്തിൽ ഇന്ത്യയിലാദ്യമായി വ്യത്യസ്ഥമായ ഒരു മിശ്രഭോജനം സംഘടിപ്പിച്ചു.
പിറ്റേ ദിവസം കൊച്ചിയും ചെറായിയും ഇളകി മറിഞ്ഞു. ഈഴവരുടെ ചെറായിയിലെ ‘വിജ്ഞാന വർദ്ധിനി സഭ’ അടിയന്തിര യോഗം വിളിച്ചുകൂട്ടി. മിശ്രഭോജനത്തിൽ പങ്കെടുത്ത ഇരുപത്തിരണ്ട് ഈഴവ കുടുംബങ്ങളെ സഭയിൽ നിന്നു പുറത്താക്കുകയും അവർക്ക് ഭ്രഷ്ട് കല്പിക്കുകയും ചെയ്തു. അതിന്റെയും വാർഷിക ദിനം കൂടിയാണ് ഇന്ന്.
ഇതിനുവേണ്ടി ഒരുമാസം മുൻപ് തന്നെ 1917 ഏപ്രിൽ 29 ന് കൊച്ചിയിൽ കെ. അയ്യപ്പൻ മാഷ് സഹോദര സംഘത്തിന് രൂപം നൽകി.”ജാതി നാശത്തുക്ക് ജയ്, മത നാശത്തുക്ക് ജയ്, ദൈവ നാശത്തുക്ക് ജയ്” എന്ന മുദ്രാവാക്യവുമായി പ്രവർത്തിച്ച ഈ സഹോദരസംഘമാണ് പിന്നീട് യുക്തിവാദി സംഘം ആയി മാറിയത്.
മിശ്രഭോജനം, മിശ്രവിവാഹം, അധ:കൃതവർഗോദ്ധാരണം, സ്ഥിതിസമത്വവാദം ജാതി നശീകരണം എന്നിവ സഹോദര സംഘത്തിൻറെ പ്രവർത്തന പരിപാടികളായിരുന്നു. ഈ സംഘത്തിൻ്റെ ആഭിമുഖ്യത്തിലായിരുന്നു ഒരുമാസത്തിന് ശേഷം 1917 മെയ് 29-ന് ചെറായിയിൽ കേരളം രുചിച്ച സാമൂഹ്യവിപ്ളവ രുചിയുള്ള ‘മിശ്രഭോജനം’ നടന്നത്.
മിശ്രഭോജനത്തിനു ശേഷം സഹോദരൻ അയ്യപ്പൻ അതിൽ പങ്കെടുത്തവരെക്കൊണ്ട് ഒരു പ്രതിജ്ഞ കൂടി ചെയ്യിച്ചിരുന്നു. ആ പ്രതിജ്ഞക്കാണ് പ്രസക്തി, ആ പ്രതിജ്ഞയാണ് അതിനെ ഇന്ത്യയിൽ തന്നെ ആദ്യമായി നടന്ന വ്യത്യസ്‍തമായ മിശ്രഭോജനമാക്കുന്നത്. ”ജാതിവ്യത്യാസം ശാസ്ത്രവിരുദ്ധവും ദോഷകരവും അനാവശ്യവും മനുഷ്യത്വ വിരുദ്ധവും ആയതുകൊണ്ട് അതിനെ ഇല്ലാതാക്കാൻ നിയമവിരുദ്ധമല്ലാത്ത വിധം എന്നാൽ കഴിയുന്നതൊക്കെ ഞാൻ ചെയ്യുന്നതാണെന്ന് പൂർണ്ണമനസ്സാലെ സമ്മതിച്ച് സത്യം ചെയ്തുകൊള്ളുന്നു.” എന്നായിരുന്നു പ്രതിജ്ഞാവാചകം.
ഏതെങ്കിലും വേദങ്ങളിൽ പറഞ്ഞിട്ടുള്ളതുകൊണ്ടോ മനുഷ്യൻ ഒന്നാണെന്ന് നാരയണഗുരു പറഞ്ഞതുകൊണ്ടോ ആണെന്നായിരുന്നില്ല പ്രതിജ്ഞ. “ജാതിവ്യത്യാസം ശാസ്ത്രവിരുദ്ധമാണ്” അയ്യപ്പൻ സയൻസുമായി അതിനെ ലിങ്ക് ചെയ്തുകൊണ്ട്. സയൻസിന്റെ രീതിശാസ്ത്രത്തിലൂടെ പരിശോധിക്കുമ്പോൾ ജാതി വ്യത്യാസം സമ്പൂർണ്ണ അസംബന്ധവും മനുഷ്യവിരുദ്ധവും ആണ് എന്നാണ് പ്രതിജ്ഞ ചെയ്യിക്കുന്നത്, ദൈവത്തെ പ്രതിയല്ല.
പുലയ സമുദായത്തിൽ പെട്ട ചെറായി പള്ളിപ്പുറത്തുള്ള കോരശ്ശേരി വീട്ടിലെ അയ്യരും മകൻ കണ്ണനും ആണ് ആചാരം ലംഘിച്ച് മിശ്രഭോജനത്തിൽ പങ്കെടുത്തത്. മിശ്രഭോജനം എന്ന് കേൾക്കുമ്പോൾ പലരുടെയും മനസിലുള്ളതുപോലെ പന്തിയിൽ ഒരുമിച്ചിരുത്തി ഉണ്ണുകയായിരുന്നില്ല സഹോദരൻ ചെയ്തത്. ഒരു പടികൂടി കടന്ന് സഹോദര സംഘക്കാർ സമ്മേളനം നടത്തിയശേഷം ഈ കോരാശ്ശേരി കണ്ണൻ പുഴുക്കുപോലുള്ള ഒരു കറി കൂട്ടി കുഴച്ച ചോറ് ആ ഇലയിൽ നിന്ന് അയ്യപ്പനും സുഹൃത്തുക്കളും എടുത്ത് കഴിക്കുകയായിരുന്നു. ഭോജനത്തെ എങ്ങനെ മനുഷ്യരെ ഒരുമിപ്പിക്കാൻ വിനിയോഗിക്കാമെന്ന് ആ സംഭവം കേരളത്തിന് കാട്ടിക്കൊടുത്തു. അതിന് ശേഷം സഹോദര സംഘക്കാർ പല സ്ഥലത്തും ഇത് ആവർത്തിച്ചു. ചേർത്തലയിൽ മാത്രം 5 തവണ മിശ്രഭോജനം നടത്തിയിരുന്നു. അതേക്കുറിച്ച് മുൻപ് ഞാൻ കുറിച്ചിരുന്നു.
അല്ലാതെ അത് വെറുമൊരു പന്തിഭോജനം ആയിരുന്നില്ല, സഹോദരൻറെ മിശ്രഭോജത്തിന് മുൻപും ശേഷവും വേറെയും പന്തിഭോജനങ്ങളൊക്കെ നടന്നിട്ടുണ്ടെങ്കിലും സഹോദരൻ നടത്തിയ ഇടപെടലിനെ അവയൊന്നുമായി താരതമ്യപ്പെടുത്താവുന്നതല്ലാതാക്കുന്നത് അതാണ്.
അത് സഹോദരനയ്യപ്പന് നേടിക്കൊടുത്തത് പുലയൻ അയ്യപ്പൻ എന്ന ബഹുമതിയാണ്. നാരയണഗുരു അല്ലാത്ത സകല ഈഴവ പ്രമാണിമാരും സഹോദരൻ അയ്യപ്പന് എതിരെ തിരിഞ്ഞു. പക്ഷേ, അദ്ദേഹം എല്ലാ വിമർശനങ്ങളെയും ധീരമായി നേരിട്ടു. അദ്ദേഹത്തോടൊപ്പം മിശ്രഭോജനത്തിൽ പങ്കെടുത്ത ഈഴവരെയെല്ലാം ‘പുല ചോകോന്മാർ’ ആക്കി സമുദായ ഭ്രഷ്ട്ട് കൽപ്പിച്ച് ചെറായിയിലെ വിജ്ഞാനവർദ്ധിനി സഭ പുറത്താക്കി. കുമാരൻ ആശാൻ ഉൾപ്പെടെ സഹോദരൻ അയ്യപ്പനെതിരെ വിവേകോദയത്തിൽ എഡിറ്റോറിയൽ എഴുതി. 10 വർഷത്തിന് ശേഷമാണ് സമുദായ ഭ്രഷ്ട്ട് മാറ്റിയത്. ശാരീരികമായി വരെ അയ്യപ്പൻ ആക്രമിക്കപ്പെട്ടു.
അതവിടെ സദ്യ ഉണ്ട് തീരുകയായിരുന്നില്ല. മിശ്രഭോജനത്തെ തുടർന്ന് നാരായണ ഗുരു പേരെഴുതി ഒപ്പിട്ട് ഇറക്കിയ മഹാ സന്ദേശം എല്ലാവർക്കും അറിയാമല്ലോ?
“മനുഷ്യരുടെ മതം, വേഷം, ഭാഷ വസ്ത്രധാരണരീതി മുതലായവ എങ്ങിനെയിരുന്നാലും അവരുടെ ജാതി ഒന്നായതുകൊണ്ട് അന്യോന്യം വിവാഹവും പന്തിഭോജനവും ചെയ്യുന്നതിന് യാതൊരു ദോഷവുമില്ല എന്ന് നാരായണഗുരു (ഒപ്പ്)”
അതിൽ ഭക്ഷണം കഴിക്കാൻ മാത്രമല്ല പറഞ്ഞത്. പരസ്പരം വിവാഹം കഴിക്കാനും പറയുന്നുണ്ട്. അതിൻറെ തുടർച്ചയായി മിശ്രവിവാഹ സംഘം രൂപംകൊള്ളുന്നുണ്ട്. ഇന്ത്യയിലെ ഇപ്പോൾനിലവിലുള്ള Special Marriage Act, 1954 നിലവിൽ വരുന്നതിന് മുൻപേതന്നെ സഹോദരൻ കൊച്ചി നിയമസഭയിൽ മിശ്രവിവാഹിതർക്കായി നിയമം അവതരിപ്പിച്ച് പാസാക്കുകയും ചെയ്തിരുന്നു.
ഗുരു ദൈവദശകം എഴുതിയപ്പോൾ സഹോദരൻ അതിനെ തിരുത്തി സയൻസ് ദശകം എഴുതുക മാത്രമല്ല ചെയ്തത്, ഗുരു വേദാന്തവും പുനർജന്മവുമൊക്കെ പറഞ്ഞുകൊണ്ടിരിക്കുമ്പോൾ സഹോദരൻ പരിണാമസിദ്ധാന്തത്തെക്കുറിച്ച് “പരിണാമം” എന്നൊരു കവിതയും എഴുതുന്നുണ്ട്. അതിലദ്ദേഹം പറയുന്നത്-
“ഡാർവീനിയദർശനം വെച്ചു
നോക്കുമ്പോൾളഖിലത്തിനും
പ്രത്യാശാപൂർണ്ണമാമർത്ഥം
കാണാമഭിനവോജ്വലം”
എന്നാണ്.
ഗുരു “ഭാര്യാധർമ്മം” എഴുതുമ്പോൾ പാർവതി അയ്യപ്പൻ പിന്നീട് അതിന് നേർവിപരീതമായ ആശയങ്ങളുമായി “സ്ത്രീ ധർമ്മം” എഴുതുന്നുണ്ട്.
സർവ്വമത സമ്മേളനത്തിനൊക്കെ മുൻപ് തന്നെ സഹോദര സംഘം 1921 മെയ് 29 ന് ഇതേ പ്രഖ്യാപനത്തിന്റെ 5 ആം വാർഷികത്തിൽ ആലുവയിൽ ‘സാഹോദര്യം പുലരാൻ വർണ്ണാശ്രമ ധർമ്മം വലിച്ചെറിയുക’ എന്ന മുദ്രാവാക്യവുമായി “സമസ്ത കേരള സഹോദര സമ്മേളനം” സംഘടിപ്പിച്ചിരുന്നു. പക്ഷേ ആ സമ്മേളനം ജാതിക്കും മതത്തിനും ദൈവത്തിനും എതിരെ ആയിരുന്നു എന്നതുകൊണ്ട് സർവമത സമ്മേളനത്തെക്കുറിച്ച് വാചാലരാകുന്നവർ ഈ സമ്മേളനത്തെ കുറിച്ച് ബോധപൂർവം തന്നെ മൗനം പാലിക്കാറാണ് പതിവ്. സമ്മേളന പന്തലിന്റെ കവാടത്തിൽ ”സാഹോദര്യം സർവത്ര” എന്നൊരു സൂക്തം എഴുതിവെച്ചിരുന്നു. അത് ഗുരു പറഞ്ഞുകൊടുത്ത സൂക്തമാണ്.
വീണ്ടും അഞ്ചു വർഷത്തിന് ശേഷം ഇതേ പ്രഖ്യാപനത്തിന്റെ 10 ആം വാർഷിക ദിനത്തിലാണ് 1926 മെയ് 29 ന് മിതവാദി കൃഷ്ണൻ വക്കീലിന്റെ വീട്ടിൽ കേരളത്തിലെ ആദ്യ യുക്തിവാദി സമ്മേളനം നടക്കുന്നതും കേരള യുക്തിവാദി സഭ എന്ന പേരിൽ കേരളത്തിലെ ആദ്യ യുക്തിവാദി പ്രസ്ഥാനം രൂപം കൊള്ളൂന്നതും, ഇതിനെല്ലാം അവർ തിരഞ്ഞെടുത്തത് മെയ് 29 എന്ന ഒരു ദിവസം തന്നെ ആയത് യാദൃശ്ചീകം ആയിരുന്നില്ല.
“ശ്രീനാരായണൻ തുറന്ന മാർഗ്ഗം ശ്രീനാരയണനെ വെച്ച് അടക്കരുത്” എന്ന് പ്രഖ്യാപിക്കുന്ന അയ്യപ്പൻ സയൻസുമായി അതിനെ ലിങ്ക് ചെയ്യാനാണ് ശ്രമിച്ചത്. അയ്യപ്പന് ഏറ്റവും കൂടുതൽ ശത്രുക്കൾ അന്നും ഇന്നും ഉണ്ടാകാൻ കാരണം ഗുരുവിൽനിന്നൊക്കെ വ്യത്യസ്തമായി എങ്ങനെയാണ് അധഃകൃതൻ ഉണ്ടാകുന്നത്? ആരാണ് അധഃകൃതൻ? എന്നൊക്കെ വളരെ കൃത്യമായി സഹോദരൻ അയ്യപ്പൻ നിരീക്ഷിക്കുന്നുണ്ട് എന്നതുകൊണ്ടാണ്.
അധികാരത്തിൽ നിന്ന് അകറ്റി നിർത്തപ്പെടുന്നവനാണ് ‘അധഃകൃതൻ’ എന്നും അധികാരത്തിൽ നിന്ന് അകറ്റി നിർത്തിയാണ് ആവർണ്ണരെയും ദലിതരെയും സ്ത്രീകളെയുമെല്ലാം അധഃകൃതർ ആക്കിയതെന്നും അദ്ദേഹം പറയുന്നു. അതിൽ എല്ലാ തരത്തിലുള്ള അധികാരങ്ങളും പെടും എന്നും അവയെല്ലാം തിരിച്ചുപിടിക്കാനുള്ള ശ്രമമാണ് നമ്മൾ നടത്തിയതെന്നും അതിന് തുടർച്ച ഉണ്ടാകണമെന്നും അദ്ദേഹം പറയുന്നുണ്ട്.
ആരും സഹോദരനെ വെറുതെ വിട്ടിരുന്നില്ല പാർവ്വതി അയ്യപ്പനെവരെ അധിക്ഷേപിച്ചുകൊണ്ട് കഥകളും കവിതകളുമൊക്കെ സവർണ്ണർ എഴുതിക്കൂട്ടി. മന്നത്തിൻറെ വംശീയ അധിക്ഷേപങ്ങൾക്കെല്ലാം സഹോദരൻ കൗമുദിയിലെ തൻറെ ആഴ്ചക്കുറിപ്പുകളിലൂടെ മറുപടി കൊടുത്തിട്ടുണ്ട്. ഇതിൻറെ പേരില് സഹോദരൻ അയ്യപ്പനെ മന്നം വിരട്ടാനും ശ്രമിച്ചിരുന്നെങ്കിലും അയ്യപ്പൻറെ അടുത്ത് അതൊന്നും ഓടിയില്ല എന്നേയുള്ളൂ. അതേക്കുറിച്ച് അരുമാനൂർ നിർമ്മലാന്ദൻ എഴുതിയിട്ടുണ്ട്.
മന്നത്തപ്പൻ മാത്രമല്ല വേറൊരു കേരളത്തിലെ പ്രമുഖ ബിപ്ലവകാരി സഹോദരൻ അയ്യപ്പന് എതിരെ വ്യാജ പേരിൽ ലേഖനങ്ങൾ എഴുതാറുണ്ടായിരുന്നു. കൂടാതെ തങ്ങൾ രഹസ്യയോഗങ്ങളിൽ ഏറ്റവുമധികം ചർച്ചചെയ്തിരുന്നത് സഹോദരനെ നേരിടുന്നതിനെക്കുറിച്ചാണെന്ന് സി. അച്യുതമേനോനും പിന്നീട് കുമ്പസാരിച്ചിട്ടുണ്ട്. സഹോദരൻ പറയുന്നതാണ് ശരിയെന്ന് പിന്നീട് തനിക്ക് തോന്നിയിട്ടുണ്ടെന്ന് അദ്ദേഹം സമ്മതിക്കുകയും ചെയ്യുന്നുണ്ട്.
ചില ഭക്തശിരോമണികൾ പ്രചരിപ്പിക്കുംപോലെ അയ്യപ്പൻ നാരായണഗുരുവിനെ മനുഷ്യപുരോഗതിയുടെ അവസാന വാക്കായി കണ്ട ആളല്ല. അത് അദ്ദേഹം തന്നെ വ്യക്തമാക്കുന്നുണ്ട്- “മനുഷ്യസമുദായം പുതിയ പുതിയ പ്രശ്നങ്ങൾ ഉദിച്ചും പുതിയ പുതിയ തീരുമാനങ്ങൾ കണ്ടും എന്നും മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. എന്നന്നേക്കു മാത്രം എല്ലാറ്റിനുമായും ഉള്ള ഒറ്റമൂലി തീരുമാനം മനുഷ്യ പുരോഗതിയിൽ ഇല്ല. വിപ്ലവകരമായ മാറ്റങ്ങളാൽ പൊതുവേ മനുഷ്യസമുദായ ഗതിയിലോ പ്രത്യേക ജനങ്ങളുടെ ഗതിയിലോ പുതിയ മറ്റു വഴികൾ വെട്ടി തുറക്കുന്ന പല മഹാന്മാരെയും വെച്ച് അവർ തുറന്ന മാർഗങ്ങൾ തന്നെ അവരുടെ അനുയായികളുടെ ഭക്തി പാരവശ്യം അടച്ചു കളഞ്ഞിട്ടുണ്ട്. ശ്രീനാരായണൻ തുറന്ന മാർഗം ശ്രീനാരായണനെ വെച്ച് അടയ്ക്കാൻ ഇട വരാതിരിക്കട്ടെ”- സഹോദരൻ അയ്യപ്പൻ (1950ലെ ശിവഗിരിപ്രസംഗത്തിൽ നിന്ന്.)







No Comments yet!