Skip to main content

അഞ്ചാം പാതിര – ഡിജിറ്റല്‍ യുഗത്തിലെ കുറ്റവും ശിക്ഷയും

അഞ്ചാം പാതിര എന്ന സിനിമ ഇന്നലെ വീണ്ടും കണ്ടു. ഇന്ദ്രൻസ് എന്ന നടൻ തന്റെ നന്മയുടെ ലാളിത്യത്തിൻ്റെ ഓഞ്ഞ ഇമേജും ചടപ്പിക്കുന്ന പാവത്താൻ രൂപവും ഒക്കെ മാറ്റി വെച്ച് അപാരമായി പെർഫോം ചെയ്ത ഒരു സിനിമ ആയിരിക്കാം ഒരു പക്ഷെ അഞ്ചാം പാതിര. ഈ സിനിമയിലെ ഒരൊറ്റ സീനിലെ അദ്ദേഹത്തിന്റെ പെർഫോമൻസ് ഒരു ക്ലാസിക് ആയിട്ട് തന്നെ ആയിട്ടാണ് എനിക്ക് തോന്നിയത്. അയാളുടെ തൂക്കുകയറിന് മുമ്പുള്ള കൂൾനെസ്സും സംസാരത്തിന്റെ മോഡുലേഷനും ബോഡി ലാംഗ്വേജും ഒക്കെ അഭിനയത്തിന്റെ ഒരു ടെക്സ്റ്റ് ബുക്ക് ആയിട്ടും തോന്നി. അത് അയാളുടെ പാവത്താൻ റോളുകളിൽ നിന്നും സിനിമക്ക് പുറത്തുള്ള പാവത്താൻ കളിയിൽ നിന്നും വ്യത്യസ്തവുമാണ്.

Indrans

ഇന്ദ്രൻസിൽ നിന്നും വ്യത്യസ്തമായി ശ്രീനാഥ് ഭാസിയുടെ ആൻഡ്രു എന്ന കഥാപാത്രം എന്നെ സംബന്ധിച്ചിടത്തോളം സ്‌ട്രൈക്കിങ് ആയ മറ്റൊരു കഥാപാത്രമാണ്. ഇന്ദ്രൻസിന്റെ റിപ്പർ രവി ഓരോ കൊലപാതകം നടത്തുമ്പോൾ എക്സ്റ്റസി അനുഭവിക്കുന്നത് പോലെ തന്നെ ആൻഡ്രുവും തന്റെ പുതിയ കാലത്തെ സൈബർ ടെക്‌നോളജിയിലെ ഓരോ ഇന്നോവേഷനുകളിലും എക്സ്റ്റസി അനുഭവിക്കുന്നുണ്ട്. ഏറ്റവും രസകരമായ കാര്യം ഇവരെ രണ്ടു പേരെയും ഭരണകൂടം പൂട്ടിട്ട് പിടിക്കുന്നു എന്നതാണ്. ഒരാളെ തൂക്കി കൊല്ലാനും മറ്റൊരാളെ ഒരു കുറ്റവാളിയെ പിടിച്ച് കൂട്ടിലിടാനുമായി സഹായത്തിനും. നിയമവും നിയമ വ്യവസ്ഥിതിയും അതിന്റെ മൊറാലിറ്റിയും സമൂഹവും ഒക്കെ മലക്കം മറിഞ്ഞു ഒരു കോമിക് ഫാലസി പോലെ പരുമാറുകയാണ് ഈ രണ്ടു കഥാപാത്രങ്ങളുടെ കാര്യത്തിൽ.

Anjaam Pathiraa (2020)

ആൻഡ്രുവിനെ കുഞ്ചാക്കോ ബോബന്റെ ഡോക്ടർ അൻവർ ഹുസൈൻ ഒരു ഹാക്കിങ് പരിപാടിക്കിടയിലാണ് പിടിച്ച് പോലീസ് ജീപ്പിലേക്ക് ഇടുന്നത്. ഇതിന്റെ ഏറ്റവും വലിയ രസം ഈ സിനിമയിൽ സൈബർ ലോകത്ത് നടക്കുന്ന പരിപാടികളെ കുറിച്ച് വലിയ അറിവൊന്നും ഈ പോലീസ് സിസ്റ്റത്തിനില്ല എന്നതുമാണ്. അതേ സമയം സൈബർ ടെക്‌നോളജിയുടെ പുതിയ തലമുറയുടെ റെപ്രസെന്റേഷൻ ആയ ആൻഡ്രുവിന് ആ ലോകത്തെ ഡാർക്ക് വെബ് അടക്കം അനേകം ലോകങ്ങളിൽ സൈബർ ബിസിനസിലും ഹാക്കിങ്ങിലും ഈ സമൂഹത്തെ തന്നെ തുറന്നു കാണിക്കാവുന്ന അനേകം ടൂളുകളെ കുറിച്ച് അറിയുകയും ചെയ്യാം.

നിയമവും നീതിയും അനേകം മൊറാലിറ്റികളും മതങ്ങളും ഒക്കെ ഒരു ഘടനയായി സൃഷ്ടിച്ച സമൂഹം സൈബർ ലോകത്തെ ആൻഡ്രുവിന് റിപ്പർ രവിക്ക് ഷറഫുദ്ദീൻ്റെ ഡോക്ടർ ബെഞ്ചമിൻ ലൂയിസിന് ഒരു കോമഡിയാണ്. ആൻഡ്രു അത് അയാളുടെ ഭാഷയിലും ബോഡി ലാംഗ്വേജിലും ഒക്കെ കാണിക്കുന്നുമുണ്ട്. അയാൾ കുറ്റവാളിയെ പിടിക്കാൻ ആഗ്രഹിക്കുന്നത് അയാളുടെ കഴിവിനെ ചോദ്യം ചെയ്തത് കൊണ്ടാണ് അല്ലാതെ പോലീസിനെ സഹായിക്കാനല്ല. അവിടെയാണ് ഈ സിനിമ പുതിയ കാലത്തെ ഒരു ഡിജിറ്റൽ എതിക്സിനെ കുറിച്ച് ചില സൂചനകൾ നൽകുന്നത്. ശരി-തെറ്റ് എന്നതിലുപരി “സിസ്റ്റത്തെ മറികടക്കാൻ കഴിയുമോ?” എന്ന ഒരു സൈബർ തലമുറയുടെ മെന്റാലിറ്റിയാണ് ആൻഡ്രുവിലൂടെ രൂപപ്പെടുന്നത് . ഹാക്കിങ്ങ്, ഡാർക്ക് വെബ്, ഡിജിറ്റൽ സർവെയ്‌ലൻസ്, ഡാറ്റാ കൺട്രോൾ എന്നിവ പുതിയ തലമുറക്ക് ഒരു തൊഴിൽ മാത്രമല്ല, ഒരു പവർ സെൻസും കൂടിയാണ്.

പോസ്റ്റ് ഇന്റർനെറ്റ് ജനറേഷൻ എന്ന് പറയാവുന്ന ഒരു തലമുറയുടെ ശരീരഭാഷയാണ് ആൻഡ്രുവിന്റേത്. പഴയ തലമുറയുടെ കുറ്റബോധവും മൊറൽ ടെൻഷനും അയാളിൽ ഇല്ല. അതിനു പകരം ഒരു ഗെയിമിങ് മെന്റാലിറ്റിയാണ്. സിസ്റ്റം എന്നത് ഒരു ഗെയിം. ഹാക്കിങ് ഒരു ത്രിൽ. പോലീസ് ഒരു തമാശ. ഈ മനോഭാവം. ഡാർക്ക് വെബ്, അനോണിമിറ്റി, എൻക്രിപ്റ്റഡ് കമ്മ്യൂണിക്കേഷൻ, ഗെയിമിങ് കൾച്ചർ, സൈബർ ഫ്രോഡ്, ഡാറ്റാ മോഷണം എന്നിവ പുതിയ തലമുറയുടെ ഒരു അണ്ടർഗ്രൗണ്ട് സബ് കൾച്ചർ ആയി മാറിയ കാലത്തിന്റെ റിഫ്ലക്ഷനും ഈ സിനിമയിൽ ഉണ്ട്.

ANJAAM PATHIRAA - Official Trailer

അതേ സമയം ഡോക്ടർ ബെഞ്ചമിൻ ലൂയിസ് ആൻഡ്രുവിന്റെ ഒരു കൗണ്ടർ പാർട്ടും ആണ്. സൈബർ നോളഡ്ജ് വെച്ച് അയാൾ സിസ്റ്റത്തിനെ കൃത്യമായി വെല്ലുവിളിക്കുന്നുമുണ്ട്. അയാൾക്ക് നേരിടേണ്ടി വരുന്ന എല്ലാ അതിക്രമങ്ങളും ഒരു ഹൈറേഞ്ചിലെ ടെക്നിക്കൽ വിസിബിലിറ്റി ഡെവലപ്മെന്റ് ഇല്ലാത്ത ഒരു ജിയോഗ്രഫിയിൽ വെച്ചാണ്. അവിടെ വെച്ചുള്ള ഒരു ബാല്യത്തിലാണ് അയാൾ തകരുന്നത്. കേരളത്തിന്റെ ഗ്രാമീണ-മധ്യവർഗ്ഗ ജീവിതത്തിൽ നിന്നുമുള്ള ഒരു മനുഷ്യൻ പിന്നീട് ഗ്ലോബൽ സൈബർ നോളഡ്ജ് ഉപയോഗിച്ച് സിസ്റ്റത്തെ തന്നെ ഹാക്ക് ചെയ്യുന്ന അവസ്ഥയാണ് ലൂയീസിലൂടെ രൂപപ്പെടുന്നത്. ഇത് ഒരു രീതിയിൽ കേരളത്തിന്റെ പോസ്റ്റ് ഗ്ലോബലൈസേഷൻ തലമുറയുടെ കഥ കൂടിയാണ്. ജിയോഗ്രാഫിക്കൽ മാത്രമല്ല സൈബർ ഡിജിറ്റൽ ഡിസ്പ്ലേസമെന്റിന്റെ ഒരു പുതിയ തലമുറയുടെ റിപ്രസെന്റേഷൻ കൂടെ ആണ് ഡോക്ടർ ലൂയീസ്.

സൈക്കോളജി എന്നതൊക്കെ ഓരോ സമൂഹത്തിന്റെ ഭരണകൂടത്തിന്റെ കളിയായി മാറുമ്പോൾ കുഞ്ചാക്കോ ബോബന്റെ സൈക്കോളജിസ്റ്റിനെയും പോലീസിംഗ് സിസ്റ്റത്തിനെയും ഒക്കെ മാറ്റി വെച്ചാൽ ഈ സിനിമ ശ്രീനാഥ് ഭാസിയുടെ ആൻഡ്രുവും അത് പോലെ ഡോക്ടർ ലൂയിസും തമ്മിലുള്ള ഒരു കാറ്റ് ആൻഡ് മൗസ് സൈബർ ഗെയിം ആയി മാറുമ്പോഴാണ് രസം. അത് തന്നെ ആണ് ആ സിനിമയുടെ ത്രില്ലും. ബാക്കി കരച്ചിൽ, പോലീസിന്റെ അതിക്രമം, ഗർഭം — അതൊക്കെ തന്നെ പഴയ സിബിഐ സിനിമയുടെ ട്രാക്കിൽ തന്നെ. അതിനൊന്നും യാതൊരു മാറ്റവുമില്ല. ഡോക്ടർ ലൂയിസിൻ്റെ പഠനം, ജ്യോഗ്രഫിക്കൽ ഡിസ്പ്ലേസ്മെന്റ്, സൈബർ നോളഡ്ജ് ഒക്കെ ഇനിയുള്ള തലമുറയുടെ ജീവിതത്തിന്റെ തന്നെ ഭാഗമാണ്. ഗ്ലോബൽ മൊബിലിറ്റിയും ഡിജിറ്റൽ കണക്ടിവിറ്റിയും ഇല്ലാതെ പുതിയ തലമുറയുടെ ജീവിതം ആലോചിക്കാനാകാത്ത അവസ്ഥയാണ് ഇന്നുള്ളത്.

മലയാള സിനിമയിൽ തന്നെ ശ്രീനാഥ് ഭാസി എന്ന താര ശരീരം ഒരു ന്യൂ ജനറേഷന്റെ ടിപ്പിക്കൽ ആർകൈവ് ആണ്. അത് അയാളുടെ ഇംഗ്ലീഷിങ് സ്ലാങ്, കൊച്ചി സ്ലാങ്, ബോഡി ലാംഗ്വേജ്, ഫാഷൻ സെൻസ് എന്നിവയിലൂടെ കേരളം സമൂഹത്തിൽ അയാൾ പല തരത്തിൽ വിസിബിലിറ്റിയിൽ കൊണ്ട് വന്നിട്ടുണ്ട്. നഗരത്തിലെ കഫേകൾ, സ്റ്റാർട്ടപ്പ് സംസ്കാരം, ഡിജിറ്റൽ ഫ്രീലാൻസ് ലൈഫ്, ഗെയിമിങ് സംസ്കാരം, രാത്രിജീവിതം, സൈബർ തൊഴിൽ ലോകം — ഇതൊക്കെ ചേർന്ന ഒരു പുതിയ നഗര യുവത്വത്തിന്റെ ശരീരഭാഷയാണ് അയാളിൽ വരുന്നത്. ഒരു സൈബർ എക്സ്പർട്ട് എന്ന രീതിയിൽ ഈ സിനിമയിൽ വരുമ്പോൾ ഒരു പുതിയ തൊഴിൽ സംസ്കാരത്തിലേക്ക് അയാൾ പുതിയ തലമുറകളെ റെപ്രസെന്റ് ചെയ്യുന്നുമുണ്ട്.

Sharafudheen mass dialogue in anjaam pathiraa With Lyrics|| Anjaam pathira||

കൊലപാതകം, സൈബർ ലൈഫ്, പ്രതികാരം എന്നീ മൂന്നു രീതികളിൽ എക്സ്റ്റസി ഇന്ദ്രൻസിന്റെ റിപ്പർ രവി, ശ്രീനാഥ് ഭാസിയുടെ ആൻഡ്രു, ശറഫുദ്ധീന്റെ ഡോക്ടർ ബെഞ്ചമിൻ ലൂയീസ് എന്നിവർ അനുഭവിക്കുന്നുണ്ടെന്ന് തോന്നുന്നു. ഇത് സാധാരണ ക്രൈം സിനിമകളിൽ കാണുന്ന മൊറൽ ഗിൽറ്റ് അല്ല. മറിച്ച് ഓരോരുത്തരും അവരുടെ സ്വന്തം ഓബസാഷനുകളിൽ ജീവിക്കുന്ന ആളുകളാണ്. ഒരാൾക്ക് കൊലപാതകത്തിൽ, മറ്റൊരാൾക്ക് ഹാക്കിങ്ങിൽ, മറ്റൊരാൾക്ക് പ്രതികാരത്തിൽ.

അത് കൊണ്ട് തന്നെ ഈ മൂന്നു കഥാപാത്രങ്ങളും പോലീസിനെയും സമൂഹത്തെയും സമൂഹത്തിന്റെ നീതിയെയും നിയമത്തെയും ഒക്കെ നല്ല ഭംഗിയായി കളിയാക്കുന്നുണ്ട്. നല്ല ലോകം, നല്ല സമൂഹം, പുരോഗമന ലോകം എന്നിവയോടൊക്കെ ഒരു സ്മൈലി കൊണ്ട് ചെക്ക് വെച്ച ഈ മൂന്നു കഥാപാത്രങ്ങൾ ഈ സിനിമയിൽ നില നിൽക്കുന്നത് കൊണ്ട് തന്നെ ഒരു ത്രില്ലറിനപ്പുറം ഒരു പുതിയ കാലത്തെ പലതരം ഫിലോസഫിക്കൽ ഡിസ്കഷനുകൾക്കും ഈ സിനിമ ഒരു സ്കോപ്പ് വെക്കുന്നുണ്ട്. സത്യത്തിൽ ഈ സിനിമയിൽ ഏറ്റവും വലിയ ട്വിസ്റ്റ് കൊലപാതകിയുടെ തിരിച്ചറിവ് അല്ല. കേരളം സമൂഹത്തിന്റെ ഉള്ളിൽ രൂപപ്പെട്ടു വരുന്ന പുതിയ മനുഷ്യന്റെ തിരിച്ചറിവാണ്. നിയമത്തെയും നീതിയെയുംക്കാൾ ടെക്നോളജിയിൽ വിശ്വസിക്കുന്ന, വികാരങ്ങളെക്കാൾ ഡാറ്റയിൽ വിശ്വസിക്കുന്ന, സമൂഹത്തെക്കാൾ നെറ്റ്‌വർക്കുകളിൽ ജീവിക്കുന്ന ഒരു പുതിയ മനുഷ്യൻ.

മലയാള സിനിമയിൽ പുതിയ കാലത്തെ ഒരു ലോകം സൃഷ്ടിക്കുന്ന ഒരു സിനിമ തന്നെ ആണ് അഞ്ചാം പാതിര.

No Comments yet!

Your Email address will not be published.