ഇന്നലെ എന്ന സിനിമ കണ്ടുകൊണ്ടിരിക്കുമ്പോൾ, ശോഭനയുടെ മായ എന്ന കഥാപാത്രം ഏറ്റവും കൂടുതൽ സന്തോഷവതിയായി ഇരിക്കുന്നത് ജയറാമിന്റെ കഥാപാത്രം അവളെ ഒരു ഔട്ട്‌ഹൗസിൽ താമസിപ്പിക്കുമ്പോഴാണ് എന്നാണ് എനിക്ക് തോന്നിയത്. അയൽപക്കങ്ങളില്ലാത്ത, ആളുകളുടെ തിരക്കുകളില്ലാത്ത, കൂടെയുണ്ടാകുന്നത് ഫിലോമിനയുടെ കഥാപാത്രം മാത്രം ആയ ഒരു ഭൂപ്രദേശമാണ് അത്. ജയറാമിന്റെ കഥാപാത്രവുമായി പോലും അവൾ കൂടുതലായി സംസാരിക്കുന്നത് ആ ഔട്ട്‌ഹൗസിന്റെ വേലിക്കരികിൽ നിന്നാണ്. അതായത്, പ്രണയത്തിലായിരിക്കുമ്പോഴും അവൾ ഒരു അകലം സൂക്ഷിക്കുന്നുണ്ട്.
ഒരുപക്ഷേ അവൾ അവളുടേതായ ഒരു ഒറ്റപ്പെട്ട ജീവിതം ശരിക്കും ആഹ്ലാദിക്കുന്നുണ്ടാകാം. ഒരു തരത്തിലുള്ള ബന്ധങ്ങളും അവളെ പൂർണമായി തൃപ്തിപ്പെടുത്തുന്നുണ്ടാകില്ല. ഒരുപക്ഷേ അവൾ അവളുടെ മാത്രം ലോകത്ത് നിരന്തരമായി ജീവിക്കുന്ന ഒരു മായ ആകാം. മനുഷ്യരൊക്കെ അവൾക്ക് വഴിയേ കടന്നുപോകുന്നവർ മാത്രമായിരിക്കാം. ജയറാമുമായുള്ള ക്ലൈമാക്സ് സീനിലെ ഇന്റീമസി പോലും ഒരുപക്ഷേ സുരേഷ് ഗോപിയുടെ നരേന്ദ്രനെ ഒഴിവാക്കാനുമാകാം.

ഇന്നലെ എന്ന സിനിമയിലെ “കണ്ണിൽ നിൻ മെയ്യിൽ ഓർമ്മ പൂവിൽ” എന്ന പാട്ട് കാണുമ്പോഴാണ് ഈ തോന്നൽ കൂടുതൽ ശക്തമായത്. അതിൽ ശോഭന എന്ന നടിയുടെ മായ എന്ന കഥാപാത്രത്തിന്റെ സൂക്ഷ്മ ചലനങ്ങൾ വെറുതെ സമയം ഉണ്ടായിരുന്നത് കൊണ്ട് ശ്രദ്ധിച്ചു. കൃത്യമായ ഒരു അകലം മായ എന്ന കഥാപാത്രം മറ്റുള്ളവരിൽ നിന്ന് സൂക്ഷിക്കുന്നുണ്ട് എന്നു തോന്നുന്നു. അവർ അവരുടേതായ ഒരു ദ്വീപ് സൃഷ്ടിച്ചിരിക്കുകയാണ്. മറ്റു മനുഷ്യരോടുള്ള സ്നേഹം പ്രകടിപ്പിക്കുമ്പോൾ പോലും അവർ അവരുടേതായ ഒരു രാജ്യം സൃഷ്ടിക്കുന്നുണ്ടെന്ന് തോന്നി.
അതുകൊണ്ടാണ് ഇന്നലെ എന്ന സിനിമയിലെ ശോഭനയുടെ ഗൗരി/മായ എന്നീ കഥാപാത്രങ്ങൾ എനിക്ക് അത്യന്തം ദുരൂഹമായി തോന്നുന്നത്. ഒരു അനാഥയായ പെൺകുട്ടിയായ ഗൗരി ചിലപ്പോൾ ഒരു മാസം മാത്രം പ്രായമുള്ള ഒരു ദാമ്പത്യത്തിൽ മനംമടുത്തിട്ടായിരിക്കാം, ആ യാത്ര പോലും പ്ലാൻ ചെയ്തിരിക്കുന്നത്. (ഗൗരിയുടെ ജീവിതം മണിച്ചിത്രത്താഴിലെ ഗംഗയുമായി താരതമ്യപ്പെടുത്തിയ പഠനങ്ങൾ ഉണ്ടായിരുന്നു എന്ന് പറഞ്ഞു കേട്ടിട്ടുണ്ട്. അങ്ങനെ വായിച്ചതും ഓർമ്മയുണ്ട്. ഇവിടെ ഗൗരി എന്ന സ്ത്രീയുടെ ജീവിതത്തെ ഒരു ഫിക്ഷണൽ ആയ വേറൊരു റീഡിങ് നടത്താനാണ് ശ്രമിക്കുന്നത്.)
ലൈംഗികത മാത്രം ആയിരിക്കണം അതിന്റെ കാരണം എന്നില്ല. അവൾ ഒരുപക്ഷേ ഈ ലോകം പല മനുഷ്യരിലൂടെ എക്സ്പ്ലോർ ചെയ്യാൻ ശ്രമിക്കുന്നുണ്ടാകാം.
എന്തോ ഒരു കാരണത്താൽ ഗൗരി എന്ന കഥാപാത്രത്തെ ഓർമ്മ നഷ്ടപ്പെട്ട ഒരു സ്ത്രീ എന്നതിനേക്കാൾ ഓർമ്മയിൽ നിന്ന് രക്ഷപ്പെടാൻ ആഗ്രഹിക്കുന്ന ഒരു സ്ത്രീയായി വായിക്കാനാണ് എനിക്ക് തോന്നുന്നത്. കാരണം, സിനിമയിലെ എല്ലാ കഥാപാത്രങ്ങളും അവൾക്ക് ഓർമ്മ നഷ്ടപ്പെട്ടു എന്ന് വിശ്വസിക്കുന്നുണ്ട്. പക്ഷേ ഗൗരി മാത്രം ഒരിക്കലും ആ കാര്യത്തിൽ വലിയ അസ്വസ്ഥത പ്രകടിപ്പിക്കുന്നില്ല. സ്വന്തം ഭൂതകാലം തിരിച്ചു കിട്ടണം എന്ന ഒരു തീവ്രമായ ആഗ്രഹവും അവളിൽ കാണുന്നില്ല. അങ്ങനെ വേണം എന്നു ഒരു ചടങ്ങിന് പറഞ്ഞു പോകുന്നു എന്നേയുള്ളൂ.പലപ്പോഴും അവൾ പുതിയ ജീവിതവുമായി വളരെ വേഗത്തിൽ പൊരുത്തപ്പെട്ട് പോകുന്നതാണ് കാണാൻ കഴിയുന്നത്. അതുകൊണ്ട് തന്നെ ചിലപ്പോൾ തോന്നാറുണ്ട്, അവൾക്ക് നഷ്ടപ്പെട്ടത് ഓർമ്മ അല്ലായിരിക്കാം. മറിച്ച് അവൾ ഉപേക്ഷിച്ചത് ഓർമ്മ ആയിരിക്കാം.
ഒരു അനാഥയായ കുട്ടിയുടെ ജീവിതം പലപ്പോഴും വേരുകളില്ലായ്മയുടെ അനുഭവത്തിലൂടെയാണ് കടന്നുപോകുന്നത്. കുടുംബം, വീട്, വംശം, സ്വന്തം എന്ന് വിളിക്കാൻ കഴിയുന്ന മനുഷ്യർ — ഇതൊന്നും ഉറപ്പായി ഇല്ലാതെ വളരുന്ന ഗൗരിക്ക്/മായയ്ക്ക് ഉള്ളിൽ എവിടെയോ ഒരു നിരന്തരമായ രക്ഷപ്പെടലിന്റെ തോന്നലുകൾ പ്രവർത്തിക്കുന്നുണ്ടാകാം. ഒരു സ്ഥലത്ത് അധികകാലം നിന്നാൽ അവൾക്ക് ശ്വാസംമുട്ടുന്നുണ്ടാകാം. ഒരു ബന്ധത്തിൽ അധികകാലം ജീവിച്ചാൽ അവൾക്ക് അത് മറ്റൊരു തടവറയായി തോന്നുന്നുണ്ടാകാം.
ഈ വായന ശരിയാണെങ്കിൽ, നരേന്ദ്രനിൽ നിന്ന് ഗൗരി രക്ഷപ്പെടുന്നത് അയാളെ വെറുത്തത് കൊണ്ടല്ല. നരേന്ദ്രൻ അവളെ സ്നേഹിച്ചിരുന്നിരിക്കാം. പക്ഷേ സ്നേഹം മാത്രം ഒരു മനുഷ്യനെ പിടിച്ചു നിർത്തണമെന്നില്ല. ചിലപ്പോൾ സ്നേഹിക്കുന്ന മനുഷ്യൻ പോലും ഒരു ഓർമ്മയുടെ തടവറയായി മാറാം. ഒരു മാസം മാത്രം പ്രായമുള്ള വിവാഹത്തിൽ പോലും അവൾക്ക് ശ്വാസംമുട്ടൽ അനുഭവപ്പെട്ടിട്ടുണ്ടാകാം.
ഇന്നലെ എന്ന സിനിമയിൽ സംഭവിക്കുന്ന ബസ് അപകടത്തിൽ നിന്ന് വളരെ ദൂരത്ത്, ദേഹത്ത് യാതൊരു വിധ പരിക്കുകളും ഇല്ലാത്ത രീതിയിലാണ് ഗൗരി എന്ന പെൺകുട്ടിയെ ഒരു കായലിന്റെ അരികത്ത് നിന്ന് കിട്ടുന്നത്. ഒരുപക്ഷേ ആ ബസ് അപകടത്തിന്റെ ഭാഗമായിരുന്നു അവൾ എന്ന് അവൾ സ്വയം സൃഷ്ടിച്ചതാകാം. ഒരു അപകടത്തിൽ അവളുടെ ഓർമ്മ പോയി എന്ന ഒരു ചിത്രം അവൾ തന്നെ സ്വയം സൃഷ്ടിച്ചതാകാം. അവൾ അവളുടേതായ ഒരു ലോകത്തിൽ നിന്ന് രക്ഷപ്പെടാൻ വേണ്ടി മറ്റൊരു ലോകത്തിലേക്ക് കടന്നുകൂടി രക്ഷപ്പെടാൻ ശ്രമിച്ചതുമാകാം.
സിനിമയുടെ യാഥാർത്ഥ്യത്തിനുള്ളിൽ ഇത് ശരിയാകണമെന്നില്ല. പക്ഷേ ഒരു സാങ്കൽപ്പിക വായനയിൽ അങ്ങനെ ചിന്തിക്കാൻ രസമുണ്ട്. ആ അപകടത്തിൽ ഗൗരി എന്ന പഴയ സ്ത്രീ മരിക്കുകയും മായ എന്ന പുതിയ സ്ത്രീ ജനിക്കുകയും ചെയ്തിട്ടുണ്ടാകാം. പഴയ പേര്, പഴയ ജീവിതം, പഴയ ഭർത്താവ്, പഴയ ഓർമ്മകൾ, പഴയ ജീവിതചരിത്രം എല്ലാം അവിടെ ഉപേക്ഷിച്ച് മറ്റൊരു മനുഷ്യയായി മാറാനുള്ള ഒരു രഹസ്യ കവാടം പോലെ ആ അപകടം അവളിൽ പ്രവർത്തിച്ചിട്ടുണ്ടാകാം.
അതുപോലെ തന്നെ ജയറാമിന്റെ കഥാപാത്രത്തോടുള്ള അവളുടെ പ്രണയവും എനിക്ക് പൂർണമായ ഉടമസ്ഥതയുടെ പ്രണയമായി തോന്നിയിട്ടില്ല. അവൾ അവനെ സ്നേഹിക്കുന്നുണ്ട്. പക്ഷേ അവന്റെ ലോകത്തിനുള്ളിൽ പൂർണമായി ലയിച്ചു പോകുന്നില്ല. എനിക്ക് തോന്നുന്നത്, ജയറാമിന്റെ കഥാപാത്രത്തെയും അവൾ എപ്പോൾ വേണമെങ്കിലും ഉപേക്ഷിച്ചു പോകാൻ കഴിയും.
ഇവിടെയാണ് ആ ഔട്ട്‌ഹൗസിന്റെ പ്രാധാന്യം വരുന്നത്. ആ ഒറ്റപ്പെട്ട വീട്ടിൽ സന്തോഷിക്കുന്നത് എന്തുകൊണ്ടാണ് എന്ന ചോദ്യം എന്നെ ഏറെ ആകർഷിച്ച ഒരു കാര്യമാണ്. അയൽക്കാരില്ലാത്ത, ശബ്ദങ്ങളില്ലാത്ത, ഒറ്റപ്പെട്ട ഒരു ഭൂപ്രദേശത്താണ് ആ വീട് നിലകൊള്ളുന്നത്. ആ വീട്ടിൽ ജീവിക്കുമ്പോൾ അവൾക്ക് സന്തോഷമുണ്ട്.
അതിന്റെ കാരണം ആ വീട് അവളുടെ ഉള്ളിലെ ഭൂപടം പോലെയാണ് എന്നതാണ്. ആ വീടിന് അയൽക്കാർ ഇല്ല. അവളുടെ ഉള്ളിലും മറ്റ് മനുഷ്യർ ഇല്ല. ആ വീടിന് നിരന്തരമായ ചോദ്യങ്ങൾ ഇല്ല. അവളുടെ ഉള്ളിലും അങ്ങനെ തന്നെയാണ്. ചോദ്യങ്ങളില്ലാത്തപ്പോൾ ചിലപ്പോൾ മറവി എളുപ്പമായിരിക്കും.
അയൽലോകം എന്നത് സമൂഹത്തിന്റെ നിരീക്ഷണമാണ്. “ആരാണ് നീ?”, “എവിടെ നിന്നാണ് വന്നത്?”, “ആരുടെ ഭാര്യയാണ്?”, “ആരുടെ മകളാണ്?” എന്നിങ്ങനെ ചോദിച്ചുകൊണ്ടിരിക്കുന്ന ഒരു സാമൂഹിക നിരീക്ഷണം. ഗൗരിക്ക് അത് വേണ്ട. അവൾക്ക് ചോദ്യം ചെയ്യപ്പെടാത്ത ഒരു ഭൂപ്രദേശം വേണം. അതുകൊണ്ടാണ് ആ വീട് അവൾക്ക് ഒരു സ്വർഗ്ഗം പോലെ തോന്നുന്നത്. അത് ഒരു വീട് മാത്രമല്ല, ഒരു തരം ഒറ്റപ്പെടലുകളുടെ ലഹരിയുടെ ഒരു ഇടമാണ്.
എനിക്ക് തോന്നുന്നത്, ഇന്നലെയിലെ ഗൗരിയുടെ ഒരു ലോകം ഏകാന്തമായ ഒരു ലഹരിയുടേതാണ്. അവർ അതിൽ ഒറ്റയ്ക്ക് ഒരു വീട്ടിലേക്ക് മാറി ജീവിക്കുമ്പോൾ സന്തോഷവും അനുഭവിക്കുന്നുണ്ട്. ആ സന്തോഷം സാധാരണ സന്തോഷമല്ല. അത് സ്വാതന്ത്ര്യത്തിന്റെ ഒരു ചെറിയ ലഹരിയാണ്. ആരും തന്റെ പേര് വിളിക്കാത്ത, ആരും തന്റെ ഭൂതകാലം ചോദിക്കാത്ത, ആരും തന്റെ ബന്ധം നിർവചിക്കാത്ത ഒരു വീട്ടിൽ ജീവിക്കുന്നതിന്റെ ലഹരി.
പേര് അറിയില്ല എന്ന മറവിയുടെ ടെക്നിക് അവൾ ഉപയോഗിക്കുന്നു. അവളുടെ ശരിയായ പേര് എന്താണ് എന്നു ചിലപ്പോൾ അവൾക്കു മാത്രമായിരിക്കാം അറിയുക.
ചിലപ്പോൾ നരേന്ദ്രൻ എന്ന മനുഷ്യൻ ഗൗരി എന്ന പെൺകുട്ടിയെ നഷ്ടപ്പെടുത്തി പോകുന്നത് ഉള്ളിൽ ഒരു ചിരിയുടെയും ആശ്വാസത്തിന്റെയും കൂടെ ഗൗരി നോക്കിയിട്ടുണ്ടാകാം. കാരണം അവൾ നഷ്ടപ്പെടുത്തുന്നത് ഒരു മനുഷ്യനെ അല്ല. ഒരു ഭൂതകാലത്തെയാണ്. ഒരു ജീവിതചരിത്രത്തെയാണ്.
ശോഭനയുടെ ഇന്നലെ എന്ന സിനിമയിലെ സാന്നിധ്യത്തിൽ ഒരു പ്രത്യേക വൈകാരിക ദുരൂഹത ഉണ്ട്. അവർ എന്താണ് ചിന്തിക്കുന്നത് എന്ന് പൂർണമായി പിടികിട്ടാത്ത ഒരു സ്വഭാവം. കണ്ണുകളുടെ ചെറു ചലനങ്ങൾ, പെട്ടെന്ന് മായുന്ന ഒരു ചിരി, മറ്റുള്ളവരിൽ നിന്ന് ഒരു അടി പിന്നിലേക്ക് നിൽക്കുന്ന ശരീരഭാഷ, ഒരാളോടൊപ്പം ഇരിക്കുമ്പോഴും പൂർണമായി അവനോടൊപ്പം ഇല്ലാത്ത ഒരു സാന്നിധ്യം — ഇതെല്ലാം ഗൗരി/മായ എന്ന കഥാപാത്രത്തെ കൂടുതൽ ദുരൂഹമാക്കുന്നുണ്ട്.
മണിച്ചിത്രത്താഴ് എന്ന സിനിമയിലെ അവരുടെ പലപ്പോഴുമുള്ള മാനസിക വ്യതിയാനങ്ങൾ അവർ പ്രകടിപ്പിച്ചത് കണ്ണുകളുടെ സൂക്ഷ്മമായ ചില ചലനങ്ങളിലൂടെയാണ്. അത്തരം ചില വ്യതിയാനങ്ങൾ ഇന്നലെ എന്ന സിനിമയിലും കാണുവാൻ കഴിയും. ദുരൂഹമായ ചില ഭൂതകാലങ്ങൾ ഒളിപ്പിച്ച് വെക്കുന്ന ചില ഷിഫ്റ്റുകൾ. എല്ലാവരിൽ നിന്നും കൃത്യമായ അകലം പാലിക്കുന്ന ചില ചലനങ്ങൾ.
ഇവിടെയാണ് എനിക്ക് ഗംഗയും ഗൗരിയും തമ്മിലുള്ള ഒരു കൗതുകകരമായ സാമ്യം തോന്നാറുള്ളത്. ഗംഗയെ വേട്ടയാടുന്നത് അമിതമായ ഓർമ്മകളാണ്. ഗൗരിയെ നിർവചിക്കുന്നത് ഓർമ്മയുടെ അഭാവമല്ല, ഓർമ്മയുടെ നിരാകരണമാണ്. ഗംഗ ചരിത്രത്തിൽ നിന്ന് രക്ഷപ്പെടാൻ കഴിയുന്നില്ല. ഗൗരി ചരിത്രത്തിൽ നിന്ന് രക്ഷപ്പെട്ടു കഴിഞ്ഞ ഒരാളെ പോലെ തോന്നുന്നു. ഒരാൾ ഭൂതകാലത്തിന്റെ തടവുകാരിയാണ്. മറ്റൊരാൾ ഭൂതകാലത്തിൽ നിന്ന് ഒളിച്ചോടിയ ഒരാളാണ്.
ഒടുവിൽ എനിക്ക് തോന്നുന്നത്, മായയ്ക്ക് നരേന്ദ്രനും ജയറാമും തമ്മിൽ വലിയ വ്യത്യാസമൊന്നും ഇല്ലായിരിക്കാം എന്നതാണ്. അവർ രണ്ടുപേരും അവളുടെ ജീവിതത്തിലൂടെ കടന്നുപോകുന്ന മനുഷ്യർ മാത്രമായിരിക്കാം. അതുകൊണ്ടായിരിക്കാം ആ ഒറ്റപ്പെട്ട ഔട്ട്‌ഹൗസിൽ അവൾ ഇത്ര സന്തോഷവതിയായി തോന്നുന്നത്. അതുകൊണ്ടായിരിക്കാം അവൾ ഓർമ്മയെ ഉപേക്ഷിക്കുന്നത്. അതുകൊണ്ടായിരിക്കാം അവൾ ഒരു ജീവിതത്തിൽ നിന്ന് മറ്റൊരു ജീവിതത്തിലേക്ക് കടന്നുപോകുന്നത്. അതുകൊണ്ടായിരിക്കാം മായ നാളെ ഒരു ദിവസം ജയറാമിന്റെ ആ കഥാപാത്രത്തെയും ആ ലോകത്തെയും ഉപേക്ഷിച്ച് കടന്നുപോവുക. അതുകൊണ്ടായിരിക്കാം അവൾ മായ ആകുന്നത്.
ഈ സിനിമ കണ്ടതിന്റെ ഒരു തോന്നലിൽ എഴുതിയതാണ്. വെറും ഫിക്ഷണൽ ആയ ചില തോന്നലുകളാണ് ഇത്.







No Comments yet!