Skip to main content

വൈരാഗിയുടെ സ്നേഹകലഹങ്ങള്‍

സേതുവിന്‍റെ ‘ദൂത്’ എന്ന കഥ സംഭാഷണങ്ങളിലൂടെ എഴുതപ്പെട്ടതാണ്. വെറും സംഭാഷണങ്ങളല്ല. അതിന് സവിശേഷമായ തര്‍ക്കസ്വഭാവമുണ്ട്. സാധാരണവ്യവഹാരങ്ങളില്‍ വരുന്ന തര്‍ക്കമല്ല. തര്‍ക്കശാസ്ത്രത്തിന്‍റെ സാധാരണരീതികളെ അതേപടി അനുസരിക്കുന്ന തര്‍ക്കവുമല്ല. എന്നാല്‍, അതില്‍ യുക്തി ലീനമായിരിക്കുന്നുണ്ട്. കെ പി അപ്പന്‍ എഴുതിയതു പോലെയല്ല, അതു രണ്ടുപേര്‍ക്കിടയിലെ സംവാദമാണോയെന്ന കാര്യത്തില്‍ സന്ദേഹമാണ് ഉചിതം. സംവാദകര്‍ക്കിടയില്‍ സംവാദത്തിന്‍റെ ഐക്യമുണ്ട്. എല്ലാ അഭിപ്രായഭേദങ്ങള്‍ക്കിടയിലും സംവാദം ഉത്തരവാദപൂര്‍ണ്ണമാണ്. ലക്ഷ്യത്തെ കുറിച്ചുള്ള യോജിപ്പുകളോ നിര്‍ണ്ണായകമായ തീരുമാനങ്ങളിലെത്തണമെന്ന ആഗ്രഹമോ സംവാദികള്‍ക്കിടയിലുണ്ടാകും. സംവാദകരിലെ ഐക്യം കൊച്ചുണ്ണിമ്മാനും ദൂതനും ഇടയില്‍ കാണാന്‍ കഴിയുന്നില്ല. സംവാദമല്ലാത്തതു പോലെ ഇത് വിവാദവും സൃഷ്ടിക്കുന്നില്ല. ഈ വ്യവഹാരത്തിന് ലക്ഷണങ്ങള്‍ പറയാനേ കഴിയൂ. ദൂതൻ ഒരു വാക്യം പറയുമ്പോൾ കൊച്ചുണ്ണിമ്മാൻ ഏറെ വാക്യങ്ങൾ തിരിച്ചുനൽകുന്നു. ഓരോ ചോദ്യവും പരിഹാസമാക്കുന്നു. ഓരോ വികാരവും ഭാഷാലീലയാക്കുന്നു. ഇവിടെ തർക്കസ്വഭാവം വെറും അഭിപ്രായവ്യത്യാസങ്ങളുടെ രൂപമല്ല. അത് ഒരേസമയം ഭാഷയോടുള്ള തർക്കവും ബന്ധങ്ങളോടുള്ള തർക്കവും, വിവരങ്ങളോടുള്ള തർക്കവും സാമൂഹികതയോടുള്ള തർക്കവും ഒടുവിൽ സ്വയം ബോധത്തോടുള്ള തർക്കവുമാണ്. കൊച്ചുണ്ണിമ്മാൻ ഓരോ തവണയും ദൂതന്‍ പറയുന്ന വാക്കിന്‍റെയോ വാക്യത്തിന്‍റെയോ അടിത്തറയെ ചോദ്യം ചെയ്യുന്നു. “ഒരേ ചോരയല്ലേ” എന്ന സാധാരണമായ ധ്വനികളുള്ള ചോദ്യത്തെ കൊച്ചുണ്ണിമ്മാൻ ആധുനിക ജനിതകശാസ്ത്രം, രക്തഗ്രൂപ്പുകൾ, രക്തബന്ധമെന്ന മിഥ്യ എന്നിവയിലേക്ക് കൊണ്ടുപോകുന്നു. ഭാഷയെ ഒരു പ്രതിരോധകവചമാക്കുന്നു. ദൂതന്‍റെ സംഭാഷണലക്ഷ്യം ഒഴിവാക്കാൻ കൊച്ചുണ്ണിമ്മാന്‍ നിരന്തരം ഭാഷയുടെ കാടിനെ നിര്‍മ്മിക്കുന്നു. തുടക്കത്തിലെങ്കിലും കൊച്ചുണ്ണിമ്മാൻ തമാശക്കാരനാണെന്നു  തോന്നുമെങ്കിലും ആ തമാശയുടെ അടിത്തട്ടിൽ വലിയൊരു ഭയമുണ്ട്.

DOOTH - Mathrubhumi Books

കൊച്ചുണ്ണിമ്മാനും ദൂതനുമിടയില്‍ നടക്കുന്ന സംഭാഷണങ്ങളില്‍ നാടകീയത മാത്രമായി നിലകൊള്ളുകയോ വായനക്കാര്‍ അതിനെ മാത്രമായി ഉള്‍ക്കൊള്ളുകയോ ചെയ്യുന്നില്ല. അവ മനുഷ്യജീവിതത്തിന്റെ രണ്ട് അവസ്ഥകൾ തമ്മിലുള്ള സംഘർഷത്തിന്റെ സാഹിതീയരൂപമായി മാറുന്നു. ഇപ്പോഴും ലോകവുമായി നിരന്തരം ബന്ധപ്പെട്ടു നിൽക്കുന്ന മനുഷ്യനും  ആ ബന്ധങ്ങളുടെ കെട്ടുകൾ എല്ലാം അഴിച്ചുതുടങ്ങിയ മനുഷ്യനും ഇടയില്‍ രൂപപ്പെടുന്ന സംഘര്‍ഷമാണ് കഥയിലെ തർക്കങ്ങളുടെയെല്ലാം കാതല്‍. കുടുംബബന്ധത്തെയും രക്തബന്ധത്തെയും  ദൂതവാക്യത്തെയും പരിഹസിക്കുന്ന കൊച്ചുണ്ണിമ്മാന്‍ മരണത്തെ പരിഹസിക്കുന്നില്ല. മരണത്തെക്കുറിച്ച് സംസാരിക്കുമ്പോൾ അദ്ദേഹത്തിന്റെ ശബ്ദം മാറുന്നു.”ഞാൻ യാത്രയിലാണ്.” ഈ യാത്ര ലൗകികജീവിതയാത്രയല്ലെന്ന് പെട്ടെന്നു നമുക്കു മനസ്സിലാകും. ജീവിതത്തിൽ നിന്ന് പുറത്തേക്കുള്ള യാത്രയാണ്. കഥയുടെ മുഴുവൻ പരിഹാസവും അവസാനം മറ്റൊരു അർത്ഥം കൈവരിക്കുന്നു. അത് ജീവിതത്തോടുള്ള വിരക്തിയുടെ ഭാഷയാണെന്ന് നമുക്കു തോന്നുന്നു. സേതു എഴുതിയ കഥ മനുഷ്യജീവിതത്തിന്റെ അവസാനഘട്ടത്തിലെ ആത്മബോധത്തെക്കുറിച്ചുള്ള, സംസാരബന്ധങ്ങളിൽ നിന്ന് അകലുന്ന യാത്രയെക്കുറിച്ചുള്ള അതിസൂക്ഷ്മമായ ഒരു ദാർശനികാഖ്യാനമായി മാറുന്നു. കഥയുടെ അവസാനത്തിൽ  അച്യുതൻകുട്ടിയുടെ സന്ദേശവുമായി വരുന്നയാള്‍ യഥാര്‍ത്ഥത്തില്‍  കൊച്ചുണ്ണിമ്മാന്റെ ഈ യാത്രയുടെ സാക്ഷിയാണെന്ന് വായനക്കാര്‍ മനസ്സിലാക്കുന്നു.

കൊച്ചുണ്ണിമ്മാന്‍ എന്ന പിതാവിന്റെ അകലം അച്യുതന്‍കുട്ടി എന്ന മകനിലുള്ള പ്രതീക്ഷ നഷ്ടപ്പെട്ട നിരാശയുടെ ഭാഷയാണെന്ന് തുടക്കത്തിലെങ്കിലും വായനക്കാര്‍ക്കു തോന്നാം.  അതിനെ കഥയുടെ സത്തയുമായി ബന്ധിപ്പിക്കുന്ന ഘടകം ലൗകികജീവിതത്തിന്‍റെ സുഖഭോഗങ്ങളില്‍ രമിച്ചിരിക്കുന്ന മകന്‍ ആത്മീയജീവിതത്തെ മറന്നിരിക്കുന്നുവെന്നതാണ്. അച്യുതന്‍കുട്ടി ഒറ്റപ്പെട്ടു ജീവിക്കുന്ന പിതാവിനെ മറന്ന നാളുകളുണ്ടായിരുന്നു. ഇപ്പോള്‍, ലൗകികജീവിതത്തിന്‍റേതല്ലാത്ത ചില കാര്യങ്ങള്‍ അവനെ അലോസരപ്പെടുത്തുന്നു. ദൂതന്‍റെ വരവിന് ഇതും കാരണമാണ്. എന്നാല്‍, ആത്മീയാന്വേഷണമല്ല, ജീവിതത്തെ കുറിച്ചറിയുന്ന പുതിയ അര്‍ത്ഥങ്ങള്‍ അവനെ ഭീതിപ്പെടുത്തുന്നതാണ് ദൂതന്‍റെ വരവിനു കാരണമാകുന്നത്. ആത്യന്തികമായി അച്യുതന്‍കുട്ടി സംസാരവലയത്തില്‍ തന്നെ. അച്യുതൻകുട്ടിയും സുഹൃത്തായ ദൂതനും  ഇപ്പോഴും ലൗകികജീവിതത്തിൽ കുടുങ്ങി നില്‍ക്കുന്ന മനുഷ്യരാണ്. തീവണ്ടിസമയത്തെ കുറിച്ചു ദൂതന്‍ കാണിക്കുന്ന ഉല്‍ക്കണ്ഠ ലൗകികജീവിതത്തില്‍ എത്രമാത്രം മുങ്ങിയിരിക്കുന്നു എന്നതിന്‍റെ സൂചനയാണ്. കഥയില്‍ ദൃശ്യവൽക്കരിക്കപ്പെടുന്ന തീവണ്ടിയുടെ സമയം ശ്രദ്ധിക്കുക: “55 മിനിറ്റ് കൂടി ഉണ്ട്.”, “45 മിനിറ്റ്.”, “33 മിനിറ്റ്.”, “20 മിനിറ്റ് വേണം.” കഥയിൽ നിരന്തരം സമയം എണ്ണപ്പെടുന്നു. അത് ഒരു കൗണ്ട്ഡൗൺ ആണ്. ഈ കാലസമ്മർദ്ദം ഇല്ലായിരുന്നെങ്കില്‍ സംഭാഷണം ഇത്ര തീവ്രമാകുമായിരുന്നില്ല. തീവണ്ടി കഥയിലെ ഘടനാപരമായ ഉപകരണമാണ്. അത് ലൗകികജീവിതത്തിന്‍റെ പ്രതീകമാണ്.

സന്ദേശവാഹകന്‍ പറയുന്ന സംഭവങ്ങൾ അച്യുതന്‍കുട്ടിയുടെ മാനസികാവസ്ഥ വ്യക്തമാക്കാൻ നന്നായി  സഹായകമാണ്. കുറവനും കുരങ്ങനും കളിക്കുമ്പോൾ അച്യുതൻകുട്ടി അതിൽ ലയിച്ചു പോകുന്നു. “ഞാനും ഒരു കുറവൻ തന്നെ” എന്ന നിലയിലാണ് അയാള്‍. ഒറ്റക്കണ്ണുള്ള ദേവീവിഗ്രഹം അയാളില്‍ ഭയം സൃഷ്ടിക്കുന്നു. നിത്യജീവിതത്തിന്‍റെ ബന്ധനങ്ങളിലാണ് അയാളെന്ന് ഉറപ്പിക്കുന്ന സന്ദര്‍ഭങ്ങളാണിത്. കുറവനും ദേവീവിഗ്രഹവും അച്യുതന്‍ കുട്ടിയുടെ മനസ്സിനെ തുറക്കുന്ന രൂപകങ്ങളെ പോലെ പ്രവര്‍ത്തിക്കുന്നു. ഇവിടെ രൂപകങ്ങള്‍ എന്താണ് ചെയ്യുന്നത് ? രൂപകങ്ങൾ വായനക്കാരന്റെ അനുഭവത്തിൽ പ്രവർത്തിക്കുന്നു; ധിഷണയിൽ മാത്രമല്ല. ഇതിന്‍റെ ഫലമായി കഥയ്ക്ക് ഒരു സവിശേഷഭാവമണ്ഡലം രൂപപ്പെടുന്നു. കഥയുടെ ഭാഷാപ്രപഞ്ചത്തെ തന്നെ മാറ്റുന്നു. രൂപകങ്ങളുടെ സൗന്ദര്യാത്മകശക്തി അവ എന്തിനെ പ്രതിനിധീകരിക്കുന്നു എന്നതിലല്ല; അവ സംഭാഷണത്തിന്റെ ഉപരിതലത്തിൽ പറയാനാകാത്ത അനുഭവങ്ങളെ  നാടകീയദൃശ്യങ്ങളായും സ്മൃതികളായും ഭയജനകവസ്തുക്കളായും ആത്മീയസൂചനകളായും രൂപാന്തരപ്പെടുത്തുന്നതിലാണ്.

സന്ദേശവാഹകന്‍റെ വാക്കുകളില്‍ അച്യുതന്‍കുട്ടിയുടെ ജീവിതാസക്തി ആര്‍ക്കും  തെളിഞ്ഞുവായിക്കാം. കൊച്ചുണ്ണിമ്മാൻ മറ്റൊരു അവസ്ഥയിലാണ്. കൊച്ചുണ്ണിമ്മാന്‍ ഇതിന്‍റെ മറുപുറമായ വിരക്തിയിലെത്തിയിരിക്കുന്നു! അദ്ദേഹം സംസാരത്തിൽ നിന്ന് ക്രമേണ പിന്മാറിക്കഴിഞ്ഞു. ദൂതൻ കാരുണ്യം ചോദിക്കുമ്പോൾ പോലും കൊച്ചുണ്ണിമ്മാൻ അത് പരിഗണിക്കുന്നില്ല. സംസാരത്തില്‍ മുഴുകിയവന്‍റെ മൂല്യങ്ങളും വൈരാഗിയുടെ മൂല്യങ്ങളും വ്യത്യസ്തമാണ്. വിരക്തിയിലായതുകൊണ്ടാകാം കൊച്ചുണ്ണിമ്മാൻ ദൂതന് വികാരപരമായ ഒരു ആശ്വാസവാക്കും നൽകാത്തത്. അദ്ദേഹം ജീവിതത്തിൽ നിന്നും നേടിയ നിർണ്ണായക അകലം വെറുപ്പു കൊണ്ടല്ല. അതീതമായത് നേടിക്കൊണ്ടാകണം.

ഈ തർക്കത്തിന്റെ അന്തിമരൂപം മൗനമാണ്. കഥയിലെ വിരോധാഭാസവും ഇതാണ്: സംഭാഷണങ്ങള്‍ മുഴുവൻ തർക്കം നിറഞ്ഞതാണ്. അതിന്റെ ലക്ഷ്യം ജയിക്കലല്ല. ഇതിനെ സംവാദമായി കാണാന്‍ കെ പി അപ്പനെ പ്രേരിപ്പിച്ച ഘടകം ഇതാകാം. കഥയുടെ ലക്ഷ്യം മൗനത്തിലേക്കുള്ള സഞ്ചാരമാണ്. കൊച്ചുണ്ണിമ്മാൻ ഓരോ വാദവും പൊളിക്കുന്നു. ഈ സംഭാഷണം വെറും സംഭാഷണമല്ല; നിരന്തരം അപനിര്‍മ്മാണം നടക്കുന്നു.  ഓരോ ബന്ധവും അഴിക്കുന്നു. ഓരോ അവകാശവാദവും ചോദ്യം ചെയ്യുന്നു. അവസാനം ശേഷിക്കുന്നത് യാത്രയാണ്. “യാത്ര” എന്ന വാക്കിന്‍റെ അർത്ഥത്തെ മാറ്റിമറിക്കുന്ന യാത്രയാണത്.
ദൂതൻ ചോദിക്കുന്നു:

“എങ്ങോട്ട്?”

വൈരാഗി മറുപടി നൽകുന്നു:

“ഈ പ്രായത്തിൽ യാത്ര പോകുന്നവരോട് എങ്ങോട്ട് എന്ന് ചോദിക്കുന്നത് വെറും ഭോഷ്കല്ലേ?”

ഇവിടെ യാത്ര മരണമാണ്. അന്ത്യയാത്രയാണത്. എന്നാൽ അത് ഭീതിജനകമായ മരണമല്ല. സ്വയം തയ്യാറായ ഒരു പുറപ്പാടാണ്. അതിനാലാണ് അദ്ദേഹം വീണ്ടും വീണ്ടും പറയുന്നത്:

” യാത്രയാന്ന് പറയൂ.”

ഇവിടെ തർക്കം അവസാനിക്കുന്നു. ഇനി യുക്തിക്കും ഭാഷയ്ക്കും ബന്ധങ്ങൾക്കും വിവരങ്ങൾക്കും പ്രസക്തിയില്ല.

മരണയാത്രയിലാണെന്ന് പറയുന്നയാൾ മകനോട് ഇത്ര അകൽച്ച കാണിക്കുന്നത് എന്തിനാണ്? – ഈ ചോദ്യത്തിന് ഒരൊറ്റ ഉത്തരമില്ല. കഥ അനുവദിക്കുന്ന ഏറ്റവും സമ്പന്നമായ മറുപടി ഇതാണ്: അത് വിരക്തിയാകാം, നിരാശയാകാം, ആത്മീയമായ അകലമാകാം, അതേ സമയം വർഷങ്ങളായുള്ള കുടുംബമുറിവുകളുടെ അവശിഷ്ടവും ആകാം. സേതു ഈ സാധ്യതകളെ ഒന്നിനൊന്ന് വിരുദ്ധമായി നിർത്തുന്നില്ല. മറിച്ച് എല്ലാം ഒരുമിച്ച് യാഥാര്‍ത്ഥ്യമായിരിക്കാവുന്ന മനുഷ്യജീവിതസഹജമായ സാഹചര്യമാണ് സൃഷ്ടിക്കുന്നത്. കൊച്ചുണ്ണിമ്മാൻ വിടാൻ ശ്രമിക്കുന്ന ലോകമാണ് അച്യുതൻകുട്ടി പ്രതിനിധീകരിക്കുന്നത്. അച്യുതൻകുട്ടി ഒരു വ്യക്തിയെന്നതിലുപരി ഒരു ജീവിതരീതിയുടെ പ്രതീകമാണ്. 

കഥയുടെ അവസാനഭാഗത്ത് കൊച്ചുണ്ണിമ്മാന്‍റെ വാക്കുകളിലൂടെ പെട്ടെന്ന് പ്രത്യക്ഷപ്പെടുന്ന ഗുരുവിന്‍റെ ഭാഷയിൽ പറഞ്ഞാൽ അച്യുതന്‍കുട്ടി ഇപ്പോഴും ചരടുകൾ അഴിച്ചുതീർത്തിട്ടില്ല. അച്ഛനും മകനും ഇടയിലെ ഇപ്പോഴത്തെ പ്രശ്നം ജീവിതത്തിൽ നിന്ന് പുറത്തുകടക്കാൻ ശ്രമിക്കുന്ന ഒരാൾക്ക് ജീവിതത്തില്‍ മുങ്ങിയിരിക്കുന്ന ഒരാളുമായി കാണുന്നത് അസാദ്ധ്യമാകുന്നതായിരിക്കാം.

സാമാന്യസാഹിതീയബോധം നമ്മെ പഠിപ്പിക്കുന്നത് മരണത്തെ അഭിമുഖീകരിക്കുന്ന ഒരാൾ എല്ലാ പിണക്കങ്ങളും മറന്ന് മക്കളെയും ബന്ധുക്കളെയും ചേർത്തുപിടിക്കുമെന്നാണ്. സേതുവിന്‍റെ കഥാഖ്യാനം ആ പ്രതീക്ഷയെ അട്ടിമറിക്കുന്നു. കൊച്ചുണ്ണിമ്മാൻ മരണയാത്രയിലാണെന്ന് നമുക്ക് തോന്നുന്നുവെങ്കിലും അദ്ദേഹം വികാരാധീനനായ ഒരു പിതാവായി മാറുന്നില്ല. മറിച്ച് കൂടുതൽ അകലുന്നു.  ഇവിടെ ഒരു വിരോധാഭാസമുണ്ട്. കൊച്ചുണ്ണിമ്മാൻ മകനെക്കുറിച്ച് അധികം സംസാരിക്കുന്നില്ല. പക്ഷേ, അച്യുതൻകുട്ടിയുടെ പേര് ഉയരുമ്പോഴെല്ലാം അവനെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും അദ്ദേഹം ശ്രദ്ധയോടെ കേൾക്കുന്നു. അവന്റെ ജീവിതത്തെക്കുറിച്ച് അഭിപ്രായങ്ങള്‍ പറയുന്നു. അവന്റെ മാനസികാവസ്ഥയെ മനസ്സിലാക്കുന്നു. ഏതോ തരത്തിലുള്ള താൽപ്പര്യം ഇപ്പോഴും നിലനിൽക്കുന്നു എന്നാണ് ഇതു കാണിക്കുന്നത്. സ്നേഹമില്ലായിരുന്നെങ്കിൽ അദ്ദേഹം ഇങ്ങനെ പ്രതികരിക്കുമായിരുന്നില്ല. പലപ്പോഴും ഏറ്റവും ആഴമുള്ള ബന്ധങ്ങളിലാണ് ഏറ്റവും സങ്കീർണ്ണമായ അകലം ഉണ്ടാകുന്നത്. കൊച്ചുണ്ണിമ്മാന്‍ അച്യുതൻകുട്ടിയെ തള്ളിക്കളയുന്നുണ്ടോ? അദ്ദേഹം പറയുന്നത്: “വന്നോട്ടെ. ഞാൻ ഒരിക്കലും തടഞ്ഞിട്ടില്ലല്ലോ.” ഇതിൽ നിരാകരണമില്ല. ഉടനെ അദ്ദേഹം കൂട്ടിച്ചേർക്കുന്നു: “കാണൽ. അത് സാധിക്കുമെന്ന് തോന്നുന്നില്ല.”  പ്രശ്നം ഇച്ഛയുടെ അഭാവമല്ല. ഇരുവരും  നിൽക്കുന്ന അവസ്ഥകള്‍ തമ്മിലുള്ള അകലം ആണ്. അങ്ങനെയെങ്കില്‍ കൊച്ചുണ്ണിമ്മാന്‍ ദൂതനോടു പറയുന്ന തര്‍ക്കുത്തരങ്ങള്‍ വൈരാഗിയുടെ സ്നേഹകലഹങ്ങളാണ്.

കൊച്ചുണ്ണിമ്മാന്‍റെ സംഭാഷണത്തിലെ തര്‍ക്കരീതിക്ക് ആരോടെങ്കിലും എന്തിനോടെങ്കിലും സാദൃശ്യം പറയാമെങ്കില്‍ അത് നാഗാർജുനന്റെ രീതിയോടായിരിക്കും. നാഗാര്‍ജുനനില്‍ കൊച്ചുണ്ണിമ്മാനിലെന്ന പോലെ കൊടി ഉയര്‍ത്തിനില്‍ക്കുന്ന പരിഹാസമില്ലെന്നതു ശരി തന്നെ. മാധ്യമികദർശനത്തിൽ നാഗാർജുനൻ സാധാരണ താർക്കികനെപ്പോലെ സ്വന്തം സിദ്ധാന്തം സ്ഥാപിക്കാൻ ശ്രമിക്കുന്നില്ല. എതിരാളിയുടെ വാദത്തെ അതിന്റെ യുക്തിപരമായ പര്യവസാനം വരെ പിന്തുടർന്ന് അതിനുള്ളിലെ വൈരുദ്ധ്യങ്ങളെ വെളിപ്പെടുത്തുകയാണ് ചെയ്യുന്നത്. അദ്ദേഹം പലപ്പോഴും ഒരു പ്രതിവാദം അവതരിപ്പിക്കാതെ തന്നെ മറ്റൊരാളുടെ വാദത്തിന്റെ അടിസ്ഥാനത്തെ അസ്ഥിരമാക്കുന്നു. കൊച്ചുണ്ണിമ്മാന്റെ സംഭാഷണരീതി ഇതുമായി ശ്രദ്ധേയമായ സാമ്യം പുലർത്തുന്നു. ദൂതൻ പറയുന്ന കാര്യങ്ങളെ അദ്ദേഹം നേരിട്ട് നിഷേധിക്കുന്നില്ല. അച്യുതൻകുട്ടിയുമായി രക്തബന്ധമുണ്ടെന്നോ അവന്‍ വിഷമത്തിലാണെന്നോ  കുടുംബബന്ധത്തിനു പ്രാധാന്യമുണ്ടെന്നോ ഉള്ള വാദങ്ങളെ ഖണ്ഡിക്കുന്നില്ല. പകരം അവയെ നിലനിര്‍ത്തുന്ന മുൻധാരണകളെ ചോദ്യം ചെയ്യുന്നു. ഒരേ ചോര എന്ന വാദത്തിന് മറുപടിയായി രക്തശുദ്ധിയെ കുറിച്ചുള്ള വിശ്വാസത്തെ തന്നെ സംശയവിധേയമാക്കുന്നു. കുടുംബസ്നേഹത്തിന്റെ വാദത്തിനു മറുപടിയായി കുടുംബബന്ധങ്ങളുടെ അനിശ്ചിതത്വം ചൂണ്ടിക്കാട്ടുന്നു. എന്നാല്‍, എപ്പോഴും നാഗാര്‍ജുനന്‍റെ ഗൗരവം കൊച്ചുണ്ണിമ്മാന്‍ ദീക്ഷിക്കുന്നില്ല.

ദൂതൻ യുക്തിപരമായി സംസാരിക്കുന്നു. കൊച്ചുണ്ണിമ്മാൻ യുക്തിയിലൂടെ മറുപടി പറയാതെ പരിഹാസം ഉപയോഗിക്കുന്നു. ദൂതും ദൂതനും പരിഹസിക്കപ്പെടുന്നു.

”ഇനിയിപ്പോ അവൻ ഒരിക്കൽ ഇന്ത്യൻ പ്രസിഡണ്ട് ആകുമ്പോൾ അങ്ങ് തന്നെയാകട്ടെ അവന്‍റെ സെക്രട്ടറി.”

ഇത് തമാശയ്ക്കപ്പുറം ദൂതന്റെ വാദത്തിന്റെ ഗൗരവം തകർക്കുന്ന ഭാഷാപ്രയോഗമാണ്. പരിഹാസം ഒരു ബുദ്ധിപരമായ ആയുധമായി പ്രവർത്തിക്കുന്നു. ദൂതവാക്യത്തിന്റെ ഗൗരവത്തെ അതിന്റെ ഭാഷാപരമായ അടിസ്ഥാനത്തിൽ പരിഹാസത്തിനു വിഷയമാക്കുന്നു. ഇവിടെ ലക്ഷ്യം സ്വന്തം നിലപാട് സ്ഥാപിക്കലല്ല; മറിച്ച് എതിരാളിയുടെ ഉറപ്പുകളെ അഴിച്ചെടുക്കലാണ്. കൊച്ചുണ്ണിമ്മാന്റെ ഭാഷ നിരന്തരമായ ഒരു അഴിച്ചുപണിയില്‍ ഏര്‍പ്പെടുന്നു. അദ്ദേഹം ഒരു അന്തിമസത്യം മുന്നോട്ടുവയ്ക്കുന്നില്ല. പകരം മറ്റുള്ളവർ സത്യമെന്ന് കരുതുന്ന കാര്യങ്ങളുടെ സ്ഥൈര്യത്തെ ചോദ്യം ചെയ്യുന്നു. നാഗാർജുനന്റെ രീതി പോലെ കഥയിലെ വൈരാഗിയുടെ സംഭാഷണവും കേവലനിഷേധത്തിന്റെ ഭാഷയല്ല; ശൂന്യമാക്കലിന്റെ ഭാഷയാണ്. സേതുവിന്‍റെ കഥയിലെ സംഭാഷണങ്ങള്‍ ഒരു നിഗമനത്തിലേക്ക് നീങ്ങാതെ ക്രമേണ  വിരക്തിയുടെയും അകൽച്ചയുടെയും ഭാവലോകം സൃഷ്ടിക്കുന്നത് ഇങ്ങനെയാണ്.


ദൂത് (കഥകള്‍)
(ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ദൂത് എന്ന കഥയുള്‍പ്പെടെ ഗുരു, ഇരുപത്തൊന്നാം നൂറ്റാണ്ട്, ഗോസായ, ഒറ്റ്, ആകാശത്തില്‍ ഒരു കൂട്, നാല്പത്തിയൊന്ന്, രാമേട്ടന്‍, വണ്ടി… തുടങ്ങി പതിനേഴു കഥകള്‍)
രചന : സേതു
പ്രസാധനം : മാതൃഭൂമി ബുക്‌സ്
വില : 180 രൂപ/-

No Comments yet!

Your Email address will not be published.