Skip to main content

കാഴ്‌ചപോയ ഇമ്രാനും പെരുവഴിയിൽ അകപ്പെട്ട പാക്ക്‌ ഹോക്കിതാരങ്ങളും

പ്രശസ്‌ത എഴുത്തുകാരനും മുതിർന്ന മാധ്യമ പ്രവർത്തകനും ലോകസഞ്ചാരിയുമായ അനിൽകുമാർ എ വി യുടെ തിങ്കളാഴ്‌ച പംക്തി തുടരുന്നു:

നുറുങ്ങുകൾ : 8

Leadership | Pakistan Tehreek-e-Insaf
Imran Khan

ഇമ്രാൻ ഖാൻ എന്ന്‌ വിഖ്യാതനായ അഹമ്മദ് ഖാൻ നിയാസി മുൻ പാക്കിസ്ഥാൻ ക്രിക്കറ്റ് ടീം ക്യാപ്‌റ്റനും രാഷ്ട്രീയനേതാവും 2018 ആഗസ്‌ത്‌ 18 ‐2022 ഏപ്രിൽ 10 കാലയളവിൽ 22‐ാമത് പ്രധാനമന്ത്രിയുമായിരുന്നു. വോർസെസ്റ്ററിലെ റോയൽ ഗ്രാമർ സ്കൂൾ, ലാഹോറിലെ ഐച്ചിസൺ കോളേജ്‌, ഓക്‌സ്‌ഫഡ്‌ തുടങ്ങിയയിടങ്ങളിലടക്കം രാജ്യത്തെയും ബ്രിട്ടനിലെയും കലാലയങ്ങളിലും സർവകലാശാലകളിലുമായിരുന്നു വിദ്യാഭ്യാസം. ദേശീയ ടീം ക്യാപ്റ്റന്മാരായ ജാവേദ് ബുർക്കി, മജീദ് ഖാൻ എന്നിവരുൾപ്പെടെ കുടുംബത്തിൽ പല പ്രഗത്ഭ ക്രിക്കറ്റ് കളിക്കാരുമുണ്ടായിരുന്നു. 1962 ലെ ഇംഗ്ലണ്ട് പര്യടനത്തിൽ ദേശീയ ടീമിനെ നയിച്ച വലംകൈയൻ മധ്യനിര ബാറ്റ്സ്മാനും മീഡിയം-പേസ് ബൗളറുമായിരുന്ന ബുർക്കി 1960 ‐69 വർഷങ്ങളിൽ 25 ടെസ്റ്റ് മത്സരങ്ങൾ കളിച്ചു. അതിഗംഭീര ബാറ്റിങ്ങിന് പേരുകേട്ട മജീദ്‌ ഖാൻ മജസ്റ്റിക് ഖാൻ എന്നാണറിയപ്പെട്ടത്‌. 1970 കളിലും 1980 കളുടെ ആരംഭത്തിലും പാക്കിസ്ഥാന്റെ നായകനായിരുന്നു. 63 ടെസ്റ്റുകളും (3,931 റൺസ്) 23 ഏകദിനങ്ങളും കളിച്ചു. ഏകദിന സെഞ്ച്വറി നേടിയ ആദ്യ പാക്കിസ്ഥാനിയും അപകടകരമായ ഫാസ്റ്റ് ബൗളിങ്ങിനെ അടിച്ചുപരത്തിയ പ്രശസ്‌ത ഓപ്പണറുമായിരുന്നു അദ്ദേഹം. കൗമാരത്തിൽ ഇമ്രാൻ പാക്കിസ്ഥാനിലെയും ബ്രിട്ടനിലെയും ക്രീസുകളിലിറങ്ങി. ഓക്‌സ്‌ഫഡ്‌ സർവകലാശാലാ പഠനത്തിനിടെയും അത്‌ തുടർന്നു. 1971 ൽ ദേശീയ ടീമിന്റെ ജഴ്‌സിയണിഞ്ഞു. എന്നാൽ 1976 ൽ ഓക്‌സ്‌ഫഡിൽനിന്ന് ബിരുദം നേടിയ ശേഷമേ ടീമിൽ സ്ഥിരമായ ഇടം നേടാനായുള്ളൂ. 1971- ൽ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലൂടെയാണ് അന്താരാഷ്ട്ര ക്രിക്കറ്റ് ജീവിതം ആരംഭിച്ചത്. 1987-ൽ ഇന്ത്യയിലും ഇംഗ്ലണ്ടിലും പാക്കിസ്ഥാനെ ആദ്യമായി ടെസ്റ്റ് പരമ്പരാജയങ്ങളിലേക്ക് നയിച്ചു. 1992 വരെ കളിച്ച അദ്ദേഹം 1980-കളിലും 1990-കളുടെ തുടക്കത്തിലും നായകനായി. ടെസ്റ്റുകളിൽ 3000 റൺസും 300 വിക്കറ്റുകളും നേടിയ ഓൾറൗണ്ടറുടെ ട്രിപ്പിൾ നേട്ടത്തിന് പുറമേ ടെസ്‌റ്റിൽ ഏറ്റവും കൂടുതൽ വിക്കറ്റുകൾ കൊയ്‌തതിന്റെ ലോക റെക്കോർഡും ഒറ്റ ഇന്നിങ്‌സിലെ രണ്ടാമത്തെ മികച്ച ബൗളിങ്‌ പ്രകടനവും പുറത്തെടുത്തു. പാക്കിസ്ഥാനുവേണ്ടി ടെസ്‌റ്റിൽ ഏറ്റവും കൂടുതൽ പ്ലെയർ ഓഫ് ദി സീരീസ് ബഹുമതിയും നേടി.

No photo description available.

1980 കളുടെ ആരംഭത്തിൽ മികച്ച ബൗളറായും ഓൾറൗണ്ടറായും തിളങ്ങി. ക്യാപ്റ്റനായി 1992 ലെ ലോകകപ്പിൽ ഇംഗ്ലണ്ടിനെയാണ്‌ വീഴ്‌ത്തിയത്‌. പാക്കിസ്ഥാന്റെ എക്കാലത്തെയും മികച്ച ക്രിക്കറ്ററായി കണക്കാക്കപ്പെടുന്ന ഇമ്രാൻ 1987 ൽ ഇന്ത്യയിലും ഇംഗ്ലണ്ടിലും രാജ്യത്തെ ആദ്യമായി ടെസ്റ്റ് പരമ്പര വിജയങ്ങളിലേക്ക് നയിച്ചു. 88 ടെസ്റ്റുകളിൽ നിന്ന് മൂവായിരത്തിലേറെ റൺസും 300 വിക്കറ്റുകളും നേടിയ മികച്ച ഓൾറൗണ്ടർ.

ദി ക്രിക്കറ്റർ മാസിക എഡിറ്റർ

1980 കളുടെ അന്ത്യത്തിൽ ലണ്ടൻ ആസ്ഥാനമായ ദി ക്രിക്കറ്റർ മാസിക എഡിറ്ററായി ഇമ്രാൻ. ലോകത്തിലെ ഏറെ പഴക്കമേറിയതും ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്നതുമായ ക്രിക്കറ്റ് മാസികയായ അതിന്റെ ആദ്യ ലക്കമിറങ്ങിയത്‌ 1921 ഏപ്രിൽ 30നാണ്‌; സ്ഥാപകൻ മുൻ ഇംഗ്ലണ്ട് ക്യാപ്റ്റനും പിന്നീട് ക്രിക്കറ്റ് എഴുത്തുകാരനുമായ സർ പെൽഹാം വാർണർ. ഔട്ട്‌ലുക്ക്, ദി ഗാർഡിയൻ,ബിബിസി തുടങ്ങിയവയിൽ ലേഖനങ്ങൾ എഴുതിയിട്ടുമുണ്ട്. 2011 ലെ ആത്മകഥ പാക്കിസ്ഥാൻ: എ പേഴ്‌സണൽ ഹിസ്റ്ററി പ്രസിദ്ധീകരിച്ചു. രാജ്യചരിത്രം, താൻ രൂപീകരിച്ച രാഷ്ട്രീയ പാർടിയായ പാക്കിസ്ഥാൻ തെഹ്‌രീക്-ഇ-ഇൻസാഫ്, സ്വന്തം ജീവിതവും ക്രിക്കറ്റ് കരിയറും തുടങ്ങിയവ വിശദമായി പ്രതിപാദിച്ചതാണത്‌.

The Cricketer Magazine October 2024 Back Issue

ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച ഓൾറൗണ്ടർമാരിൽ ഒരാളാകാനുള്ള യാത്രയിലെ വ്യത്യസ്ത സംഭവങ്ങളെക്കുറിച്ച് വിവരിക്കുന്നുമുണ്ട്‌. ടെസ്റ്റ് ക്രിക്കറ്റ് ദിനങ്ങൾ, ക്യാപ്റ്റൻ പദവി, 1992 ലെ ക്രിക്കറ്റ് ലോകകപ്പ് എന്നിവയിൽ നിന്നുള്ള ഏടുകൾ തുടങ്ങിയവയെല്ലാം ഓർത്തെടുത്തു. മുൻ ഭാര്യ ജെമീമ ഖാനുമായുള്ള ബന്ധത്തെയും തനിക്ക്‌ നേരെ ചീറ്റിയ വിദ്വേഷ പ്രചാരണത്തെയും സംബന്ധിച്ചും പറഞ്ഞുവെച്ചു. ദി ഇൻഡിപെൻഡന്റ് അവലോകനം ചെയ്‌തത്‌ ‘പാക്കിസ്ഥാന്റെ ചരിത്രവും ആത്മകഥയും ബുദ്ധിപരമായി കോർത്തിണക്കി എഴുതിയ പുസ്തകം’ എന്നാണ്‌. ക്രിക്കറ്റിലും പിന്നീട് മാനുഷിക പ്രവർത്തനങ്ങളിലും നേരിട്ട വെല്ലുവിളികൾ പ്രതിഫലിപ്പിച്ചതായും വിലയിരുത്തി. വെസ്‌റ്റ്‌ ആൻഡ്‌ ഈസ്‌റ്റ്‌( 1975)ഇൻഡസ്‌ ജേണി: എ പേഴ്‌സണൽ വ്യൂ ഓഫ്‌ പാക്കിസ്ഥാൻ(1991) ഓൾറൗണ്ട്‌ വ്യൂ(1992) വാരിയർ റേസ്‌: എ ജേണി ത്രൂ ദി ലാൻഡ്‌ ഓഫ്‌ ട്രൈബൽ പത്താൻസ്‌(1993) മെയിൻ ഔർ മേരാ പാക്കിസ്ഥാൻ 2014) തുടങ്ങിയവ മറ്റു കൃതികൾ. ചരിത്രത്തിലെ ഏറ്റവും മികച്ച ക്രിക്കറ്റ് കളിക്കാരിൽ ഒരാളായി പ്രശസ്തി നേടിയ ഇമ്രാൻ അതേ വർഷം വിരമിച്ച ശേഷം രാജ്യത്തെ ആദ്യ കാൻസർ ചികിത്സാലയമായ ഷൗക്കത്ത് ഖാനും മെമ്മോറിയൽ കാൻസർ ഹോസ്പിറ്റൽ ആൻഡ് റിസർച്ച് സെന്റർ സ്ഥാപിക്കുകയുണ്ടായി. ദുർഭരണത്തെയും അഴിമതിയെയും തുറന്ന നിലയിൽ വിമർശിച്ച അദ്ദേഹം 1996-ഏപ്രിൽ 25ന്‌ പാക്കിസ്ഥാൻ തെഹ്രീക്-ഇ-ഇൻസാഫ് (പാക്കിസ്ഥാൻ ജസ്റ്റിസ് മൂവ്‌മെന്റ് ‐പിടിഐ) രൂപീകരിച്ചു. 1999- ലെ ജനറൽ പർവേസ്‌ മുഷറഫിന്റെ അട്ടിമറിയെ പിന്തുണച്ച ഇമ്രാൻ 2002-ലെ തെരഞ്ഞെടുപ്പിൽ ആദ്യമായി ദേശീയ അസംബ്ലി അംഗമായി. 2018-ലെ പൊതുതെരഞ്ഞെടുപ്പിൽ അഞ്ച് മണ്ഡലങ്ങളിൽ നിന്ന് മത്സരിച്ച്‌ എല്ലായിടത്തും ജയിച്ച ആദ്യ നേതാവുമായി. പി‌ടി‌ഐ നേതൃത്വത്തിലുള്ള സഖ്യ സർക്കാരിൽ പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടു. 2022 ഏപ്രിലിൽ അവിശ്വാസ പ്രമേയത്തിലൂടെ പുറത്തായി. 2022 ഒക്ടോബറിൽ തോഷഖാന കേസിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ ദേശീയ അസംബ്ലിയിൽ വിലക്കേർപ്പെടുത്തി. നവംബറിൽ വധശ്രമത്തിൽനിന്ന് രക്ഷപ്പെട്ടു.

2023 മെയ് മാസത്തിൽ അഴിമതി ആരോപണങ്ങളുമായി ബന്ധപ്പെട്ട വാദത്തിനിടെ ഇസ്ലാമാബാദ് ഹൈക്കോടതിയിൽ അറസ്റ്റിലായി. ആഗസ്‌തിൽ വീണ്ടും അറസ്റ്റിൽ. ശേഷം അൽ-ഖാദിർ ട്രസ്റ്റ് കേസിൽ 14 വർഷം തടവിന് ശിക്ഷിക്കപ്പെട്ടു. ഇമ്രാനും ഭാര്യ ബുഷ്‌റ ബീബിയും റിയൽ എസ്റ്റേറ്റ് വ്യവസായിയിൽ നിന്ന് അൽ-ഖാദിർ ട്രസ്റ്റ് വഴി കൈക്കൂലിയായി ഭൂമി കൈപ്പറ്റിയെന്നാണ് ആരോപണം. 2024 ഡിസംബർ വരെ 186 കേസുകളിൽ പ്രതിയാക്കി. ആ ഭൂമി ആത്മീയ വിദ്യാഭ്യാസ കേന്ദ്രത്തിനായി ട്രസ്റ്റിന് സംഭാവന ചെയ്തതാണെന്നും ഇമ്രാന്റെ വ്യക്തിപരമായ നേട്ടങ്ങൾക്കായി ഉപയോഗിച്ചിട്ടില്ലെന്നും പാക്കിസ്ഥാൻ തെഹ്‌രീക്-ഇ-ഇൻസാഫ് (പിടിഐ) പാർടി വാദിച്ചു. അദ്ദേഹം ഒരു തെറ്റും ചെയ്തിട്ടില്ലെന്നും അത് രാഷ്ട്രീയ പ്രേരിതവും അന്യായവുമായ വിചാരണയാണെന്നുമാണ്‌ പി‌ടി‌ഐ ചെയർമാൻ ഗോഹർ അലി ഖാൻ എക്‌സിലെ പോസ്റ്റിൽ കുറിച്ചത്‌.

വലതുകണ്ണിന്റെ കാഴ്‌ച നഷ്ടം 85 ശതമാനം

2023 ആഗസ്‌ത്‌ അഞ്ചു മുതൽ റാവൽപിണ്ടി നഗരത്തിലെ അഡിയാല ജയിലിലടച്ച ഇമ്രാൻ ഖാന് വലതു കണ്ണിന്റെ 85 ശതമാനം കാഴ്ച നഷ്ടപ്പെട്ടതായി അഭിഭാഷകൻ സൽമാൻ സഫ്ദാർ സുപ്രിം കോടതിയെ അറിയിച്ചതായി റോയിട്ടേഴ്‌സിനോട്‌ വെളിപ്പെടുത്തിയത്‌ ഇതിനകം നേരിടുന്ന നിയമ, രാഷ്ട്രീയ വെല്ലുവിളികൾക്കൊപ്പം ആഘാതം കൂട്ടുന്നു. രാഷ്ട്രീയത്തിൽനിന്ന് അകറ്റി നിർത്താൻ സൈന്യം കെട്ടിച്ചമച്ചതാണെന്ന് അദ്ദേഹം ആരോപിക്കുന്ന അസംഖ്യം കേസുകളിൽ ഒന്നാണത്. 2025 ഒക്ടോബർ മുതൽ കാഴ്ച മങ്ങിവരുന്നതായി പരാതിപ്പെടുന്നുണ്ടെങ്കിലും ജയിൽ അധികൃതർ ഒരു നടപടിയും സ്വീകരിച്ചില്ലെന്നും വസ്തുതാന്വേഷണ റിപ്പോർട്ടിൽ പറയുന്നു. ഫെബ്രുവരി 16 ന് ആരോഗ്യസ്ഥിതിയെക്കുറിച്ചുള്ള റിപ്പോർട്‌ തയ്യാറാക്കാൻ അധികാരികൾക്ക് സമയപരിധി നിശ്ചയിച്ച സുപ്രിം കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ ഇമ്രാനുമായി രണ്ട് മണിക്കൂർ നീണ്ട കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് അഭിഭാഷകൻ റിപ്പോർട്ട് സമർപ്പിച്ചത്. വലതു കണ്ണിന്റെ കാഴ്ച ഏറെക്കുറെ നഷ്ടപ്പെട്ടതിൽ അസ്വസ്ഥനും അതീവ ദുഃഖിതനുമായി കാണപ്പെട്ടു. കണ്ണുകളിൽ വെള്ളം നിറഞ്ഞിരുന്നു, അവ തുടയ്ക്കാൻ ആവർത്തിച്ച് ടിഷ്യു പേപ്പർ ഉപയോഗിച്ചുവെന്നും കൂട്ടിച്ചേർത്തു. പക്ഷേ ജയിൽ സൂപ്രണ്ടിനെ അറിയിച്ചിട്ടും തുള്ളിമരുന്ന് ഒഴിക്കുന്നതിനപ്പുറം ഒരു ചികിത്സയും നൽകിയില്ല. വലതു കണ്ണിൽ രക്തം കട്ടപിടിച്ചത് ഗുരുതരമായ പരിക്കേൽപ്പിച്ചു, അത് കാഴ്ച പരിമിതമാക്കി. അവസ്ഥയെക്കുറിച്ചുള്ള വിശദമായ റിപ്പോർട്ട് അഭിഭാഷകൻ ചീഫ് ജസ്റ്റിസ് യഹ്‌യ അഫ്രീദിക്കും ജസ്റ്റിസ് ഷാഹിദ് ബിലാൽ ഹസനും സമർപ്പിച്ചു.

Why was Pakistan’s former Prime Minister Imran Khan arrested?

കാഴ്ച നഷ്ടപ്പെട്ടതും സമയബന്ധിതവും വിദഗ്ദ്ധവുമായ മെഡിക്കൽ ഇടപെടലിന്റെ അഭാവവും അതിൽ അടിവരയിട്ടു. തുടർന്നാണ്‌ അഡിയാല ജയിലിൽ തന്റെ സ്വകാര്യ ഡോക്ടർമാരെ കാണാൻ അനുമതി നൽകണമെന്നും മക്കളായ കാസിമിനെയും സുലൈമാനെയും ഫോൺ വിളിക്കാൻ അനുവദിക്കണമെന്നും കോടതി വിധിച്ചത്‌. ജയിൽ സെല്ലിൽ നേത്രരോഗവിദഗ്ദ്ധൻ നടത്തിയ പരിശോധനയുടെ അടിസ്ഥാനത്തിൽ കോടതിയിൽ സമർപ്പിച്ച മെഡിക്കൽ റിപ്പോർട്ട് പ്രകാരം വലത് മധ്യ റെറ്റിനയിലെ സിര അടഞ്ഞുപോയതായി കണ്ടെത്തി. അതനുസരിച്ച് ഇസ്ലാമാബാദിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലേക്ക് കൊണ്ടുപോയി ശസ്ത്രക്രിയ നടത്തി. ഇമ്രാന്റെ ഇഷ്ടപ്രകാരം യോഗ്യതയുള്ള സ്പെഷ്യലിസ്റ്റുകളെ കാണിക്കണമെന്നും കസ്റ്റഡിയിൽ ജീവൻ അപകടത്തിലാക്കുന്ന തന്ത്രങ്ങൾ അവസാനിപ്പിക്കണമെന്നും തെഹ്‌രീക്-ഇ-ഇൻസാഫ് പാർടി പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

മികച്ച ചികിത്സ ആവശ്യപ്പെട്ട്‌ 14 ലോക ക്രിക്കറ്റ് താരങ്ങൾ

ഇമ്രാൻ ഖാന് ജയിലിൽ മികച്ച ചികിത്സ നൽകണമെന്ന് ആവശ്യപ്പെട്ട് 14 ക്രിക്കറ്റ് താരങ്ങൾ രംഗത്തെത്തി. ഇന്ത്യയും പാക്കിസ്ഥാനും തമ്മിലെ രാഷ്ട്രീയ ബന്ധങ്ങൾ സംഘർഷഭരിതമാണെങ്കിലും മുൻ ഇന്ത്യൻ ക്യാപ്റ്റന്മാരായ സുനിൽ ഗവാസ്‌കറും കപിൽ ദേവും നിവേദനത്തിൽ ഒപ്പുവച്ചു. മുൻ ആസ്‌ത്രേലിയൻ ക്യാപ്റ്റൻ ഗ്രെഗ് ചാപ്പൽ, സഹോദരൻ ഇയാൻ ചാപ്പൽ, താരങ്ങളായിരുന്ന അലൻ ബോർഡർ, സ്റ്റീവ് വോ, ബെലിൻഡ ക്ലാർക്ക്, കിം ഹ്യൂസ്, വെസ്റ്റ് ഇൻഡീസ്‌ ഇതിഹാസം ക്ലൈവ് ലോയ്ഡ്, ന്യൂസിലൻഡിൽ നിന്നുള്ള ജോൺ റൈറ്റ്, മൈക്ക് ആതർട്ടൺ, നാസർ ഹുസൈൻ, മൈക്ക് ബ്രെയർലി, ഡേവിഡ് ഗോവർ തുടങ്ങിയവരും തുറന്ന കത്തിന്റെ ഭാഗമായി. കസ്റ്റഡിയിലായിരിക്കെ ഇമ്രാന്റെ കാഴ്ചശക്തിയുടെ ഭയാനകമായ തകർച്ച ഉൾപ്പെടെ പ്രതിസന്ധിയായി. നമ്മളിൽ പലരും അദ്ദേഹത്തിനെതിരെ മത്സരിച്ചു, കളം പങ്കിട്ടു, സർവതോമുഖമായ ആ കഴിവിനെയും കരിഷ്മയെയും മത്സര മനോഭാവത്തെയും ആരാധിച്ച്‌ വളർന്നു. ക്രിക്കറ്റ്‌ കണ്ട ഏറ്റവും മികച്ച ഓൾറൗണ്ടർമാരിലും ക്യാപ്റ്റന്മാരിലും ഒരാളായ അദ്ദേഹം കളിക്കാരിൽനിന്നും കാണികളിൽനിന്നും ഭരണാധികാരികളിൽ നിന്നും ഒരുപോലെ ആദരവ് നേടി. ക്രിക്കറ്റിനു പുറമേ വെല്ലുവിളി നിറഞ്ഞ കാലഘട്ടത്തിൽ രാജ്യത്തെ നയിച്ച്‌ പ്രധാനമന്ത്രിയായി സേവനമനുഷ്ഠിച്ചു. രാഷ്ട്രീയ വീക്ഷണങ്ങൾ എന്തായാലും പരമോന്നത പദവിയിലേക്ക് ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ടതിന്റെ ബഹുമതി അദ്ദേഹത്തിന് സ്വന്തം. യോഗ്യതയുള്ള സ്പെഷ്യലിസ്റ്റുകളിൽ നിന്ന് ഉടൻ മതിയായതും തുടർച്ചയായതുമായ വൈദ്യസഹായം അനുവദിക്കണമെന്നും മാനുഷികവും മാന്യവുമായ തടങ്കൽ സാഹചര്യങ്ങൾ ഒരുക്കണമെന്നും അടുത്ത കുടുംബാംഗങ്ങളുടെ പതിവ് സന്ദർശനങ്ങൾ വിലക്കരുതെന്നും നിയമ നടപടിക്രമങ്ങളിൽ ന്യായവും സുതാര്യവുമായ പ്രവേശനം ഉറപ്പാക്കണമെന്നും കത്തിൽ ആവശ്യപ്പെട്ടു. രാജ്യങ്ങൾ തമ്മിലുള്ള പാലമായി ക്രിക്കറ്റ് പണ്ടേ മാറിയിട്ടുണ്ട്. സ്റ്റമ്പുകൾ വരച്ചാൽ ശത്രുത അവസാനിക്കുമെന്നും ബഹുമാനം നിലനിൽക്കുമെന്നും കളിക്കളങ്ങളുടെ പൊതുചരിത്രം ഓർമിപ്പിക്കുന്നു. ഇമ്രാൻ ഖാൻ കരിയറിൽ ഉടനീളം ആ മനോഭാവം പ്രകടിപ്പിച്ചുവെന്നും മുൻ ക്രിക്കറ്റ് താരങ്ങൾ കൂട്ടിച്ചേർത്തു. ന്യായമായ കളി, ബഹുമാനം, അതിർത്തി കടക്കൽ എന്നിവയെ മറികടക്കുന്ന ബഹുമാനം എന്നിവയുടെ മൂല്യങ്ങൾ മനസിലാക്കുന്ന സഹ കളിക്കാരെന്ന നിലയിൽ അദ്ദേഹത്തിന്റെ പദവിയുള്ള വ്യക്തിക്ക്, മുൻ ദേശീയ നേതാവിനും ആഗോള കായിക ഐക്കണിനും അർഹമായ അന്തസും അടിസ്ഥാന മാനുഷിക പരിഗണനയും ലഭ്യമാക്കണമെന്നും പറയുന്ന കത്ത്‌ മാന്യതയുടെയും നീതിയുടെയും തത്വങ്ങൾ ഉയർത്തിപ്പിടിക്കണമെന്ന് അധികാരികളോട് ആവശ്യപ്പെട്ടു.

ഇമ്രാൻ ഖാന്റെ ജീവൻ രക്ഷിക്കണമെന്നാവശ്യപ്പെട്ട്‌ നടന്ന പ്രകടനങ്ങളിലൊന്ന്‌

പിതാവിന്റെ കാഴ്ചശക്തി കുറയുന്നത്‌ 922 ദിവസത്തെ ഏകാന്ത തടവിന്റെയും വൈദ്യശാസ്ത്ര അവഗണനയുടെയും (രക്തപരിശോധന നിഷേധിക്കലടക്കം), ജയിലിൽ ശരിയായ ചികിത്സ മനഃപൂർവംനിഷേധിച്ചതിന്റെയും നേരിട്ടുള്ള അനന്തരഫലമാണെന്നാണ്‌ ഇമ്രാന്റെ മകൻ കാസിം ഖാൻ പറഞ്ഞത്‌. സഹോദരൻ ജയിലിൽ സങ്കൽപ്പിക്കാനാവാത്ത പീഡനത്തിലൂടെ കടന്നുപോകുന്നുവെന്നും അദ്ദേഹത്തിന്റെ മെഡിക്കൽ പരാതികൾ മൂന്ന് മാസത്തോളം അന്യായമായി അവഗണിക്കുകയും നിയമവിരുദ്ധമായ ഏകാന്തതടവിൽ പാർപ്പിക്കുകയും ചെയ്തുവെന്നുമാണ്‌ ഇമ്രാന്റെ സഹോദരി നൊറീൻ നിയാസി സമൂഹ മാധ്യമത്തിൽ കുറിച്ചത്‌. പീഡനം നേരിടാനും ഉത്തരവാദികൾക്ക്‌ അനന്തരഫലങ്ങൾ ഉറപ്പാക്കാനും മനുഷ്യാവകാശ സംഘടനകളോടും നിയമ സ്ഥാപനങ്ങളോടും ജനാധിപത്യ രാഷ്ട്രങ്ങളോടും അഭ്യർഥിക്കുകയും ചെയ്‌തു.

അമ്മദ് ഷക്കീൽ ബട്ടിന്റെ പരസ്യമായ വിമർശനം

പാക്കിസ്ഥാൻ ഹോക്കി ടീമംഗങ്ങൾ ആസ്‌ത്രേലിയൻ പര്യടനത്തിനിടെ പാത്രങ്ങൾ കഴുകാൻ നിർബന്ധിതരായെന്നും സിഡ്‌നിയിൽ കുടുങ്ങിക്കിടക്കുന്നതായുമുള്ള വീഡിയോകൾ ഇറങ്ങിയതിനെ തുടർന്ന് ക്യാപ്റ്റൻ അമ്മദ് ഷക്കീൽ ബട്ട് ദേശീയ ഫെഡറേഷനെ പരസ്യമായി വിമർശിച്ചു. പ്രശ്‌നങ്ങളെക്കുറിച്ച് ഔപചാരിക അന്വേഷണത്തിന് പാക്കിസ്ഥാൻ ഹോക്കി ഫെഡറേഷൻ (പിഎച്ച്എഫ്) രക്ഷാധികാരി കൂടിയായ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് ഉത്തരവിട്ടു. ഒരാഴ്ച നീണ്ടുനിന്ന ടൂർണമെന്റിൽ കളിക്കാർക്ക് ശരിയായ ഹോട്ടൽ താമസ സൗകര്യം ലഭിക്കാതെ വരികയും ദൈനംദിന ജോലികൾ ചെയ്യാൻ നിർബന്ധിതരാകുകയും ചെയ്തുവെന്നും വിദേശ രാജ്യത്ത്‌ അവർ അപമാനകരമായ സാഹചര്യത്തിലാണ് ജീവിച്ചതെന്നുമായിരുന്നു അമ്മദ് ബട്ടിന്റെ പരാമർശം. പര്യടനത്തിലെ മുഴുവൻ പരാജയത്തെക്കുറിച്ചും അന്വേഷണത്തിന് ഉത്തരവിട്ടതിനാൽ വിശദ റിപ്പോർട്ട് തയ്യാറാക്കി വരികയാണെന്ന് പാക്കിസ്ഥാൻ സ്‌പോർട്‌സ് ബോർഡ് (പിഎസ്‌ബി) ഡയരക്ടർ ജനറൽ നൂർ ഉസ് സബാ മാധ്യമങ്ങളോട് പറഞ്ഞു. ഉത്തരവാദികൾക്കെതിരെ ഉടൻ നടപടിയെടുക്കുമെന്നും അറിയിച്ചു. കളിക്കാർ ലഗേജുമായി സിഡ്‌നിയിലെ തെരുവുകളിൽ നിൽക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടതോടെയാണ് വിവാദങ്ങളുടെ തുടക്കം. വീഡിയോ വൈറലായതിന് തൊട്ടുപിന്നാലെ എല്ലാം ശരിയായെന്നും താമസകാര്യത്തിൽ ഒരു പ്രശ്‌നവുമില്ലെന്നും അവകാശപ്പെട്ട് ബട്ട് മറ്റൊരു ക്ലിപ്പ് പുറത്തിറക്കി.എന്നാലും ലാഹോറിലേക്ക് മടങ്ങിയ ശേഷം മുൻ വീഡിയോ മറച്ചുവെക്കലാണെന്ന് സമ്മതിക്കുകയും ഫെഡറേഷൻ മാനേജ്മെന്റിനെ പരസ്യമായി വിമർശിക്കുകയും ചെയ്തു. നിലവിലെ മാനേജ്മെന്റിനൊപ്പം തങ്ങൾക്ക് പ്രവർത്തിക്കാൻ കഴിയില്ല. ഒരു മത്സരം കളിക്കാൻ പോകുംമുമ്പ് കളിക്കാർക്ക് അടുക്കള വൃത്തിയാക്കുകയും പാത്രങ്ങൾ കഴുകുകയും ചെയ്യേണ്ടിവരുമ്പോൾ നിങ്ങൾ എന്ത് ഫലമാണ് പ്രതീക്ഷിക്കുന്നതെന്നാണ്‌ ബട്ട് കോപാകുലനായി ചോദിച്ചത്‌. പര്യടനത്തിനിടെ താമസ സൗകര്യത്തിന്റെ അഭാവം കാരണം ടീമിന് തെരുവുകളിൽ അലഞ്ഞുതിരിയേണ്ടി വന്നുവെന്ന് മാത്രമല്ല, ഒരു മത്സരം കളിക്കുംമുമ്പ് പാത്രങ്ങൾ കഴുകേണ്ടിയും വന്നു. ദേശീയ ടീമിന് ആസ്‌ത്രേലിയയിൽ ഹോട്ടൽ സൗകര്യം ഒരുക്കുന്നതിന്‌ പിഎസ്ബി ഒരു കോടി രൂപ നൽകിയതായി സ്ഥിരീകരിച്ചതിനെ തുടർന്ന് പിഎച്ച്എഫ് കടുത്ത പ്രതിഷേധം നേരിട്ടു.

സിഡ്നി വിമാനത്താവളത്തിൽ കാത്തിരിക്കേണ്ടിവന്നത്‌ 14 മണിക്കൂർ

കാൻബറയിലേക്കുള്ള തുടർ വിമാനം പിടിക്കാൻ ടീമിന് സിഡ്നി വിമാനത്താവളത്തിൽ 14 മണിക്കൂർ കാത്തിരിക്കേണ്ടി വന്നതായി റിപ്പോർട്ടുകൾ പറയുന്നു. പ്രോ ലീഗ് മത്സരങ്ങൾക്ക് മുമ്പ് ഹോട്ടലിൽ എത്തിയപ്പോൾ മുൻകൂർ പണം നൽകാത്തതിനാൽ ബുക്കിങ്‌ ഇല്ലെന്ന് അറിയിപ്പ് ലഭിച്ചു. മണിക്കൂറുകൾ കാത്തിരുന്ന് തെരുവുകളിൽ അലഞ്ഞുനടന്ന ശേഷമാണ് താമസ സൗകര്യം ഒരുക്കിയത്. പിറ്റേന്ന് ഉച്ചകഴിഞ്ഞ് പാക്കിസ്ഥാൻ ആസ്‌ത്രേലിയക്കെതിരായ മത്സരം തോറ്റു. ആസ്‌ത്രേലിയൻ ലെഗിലെ എല്ലാ മത്സരങ്ങളിലും പരാജയം ആവർത്തിച്ചു. അങ്ങനെ കളിക്കളത്തിനകത്തും പുറത്തും ദുഷ്‌കരമായ പര്യടനമായി പര്യവസാനിച്ചു. ഒരുകാലത്ത് ആഗോള ശക്തികേന്ദ്രമായിരുന്ന പാക്കിസ്ഥാൻ ഹോക്കിയെ സംബന്ധിച്ച്‌ നിരാശാജനകമായ എപ്പിസോഡാണത്‌. അന്താരാഷ്ട്ര വേദിയിൽ സ്വയം നാണം കെട്ടു. കളിക്കളത്തിലെ തോൽവികൾ മാത്രമല്ല, കളിക്കാർ താമസ സൗകര്യമില്ലാതെ കഴിയുന്നതും വിദേശ നഗരവീഥികളിൽ അലഞ്ഞുതിരിയുന്നതും മത്സരദിനത്തിന് മുമ്പ് പാത്രങ്ങൾ കഴുകുന്നതുമൊക്കെയായ പ്രശ്‌നങ്ങൾ അരാജകത്വം രൂക്ഷമാക്കി.

Pakistan PM Shehbaz Sharif orders inquiry after national hockey team players forced to wash dishes during Australia tour | Mint

ടീം തിരിച്ചെത്തിയപ്പോൾ ക്യാപ്റ്റൻ ഷക്കീൽ അമ്മദ് ബട്ട് ലാഹോർ വിമാനത്താവളത്തിൽ മാധ്യമപ്രവർത്തകരോട് സംസാരിച്ചപ്പോൾ പിഎച്ച്എഫിനെ പരസ്യമായി വിമർശിച്ചതിനെ തുടർന്നാണ് വിഷയം കൂടുതൽ ചൂടുപിടിച്ചത്‌. അദ്ദേഹത്തിന്റെ വിവരണം അവഗണനയുടെയും വഞ്ചനയുടെയും ഇരുണ്ട ചിത്രം വരച്ചുകാട്ടി. ആസ്‌ത്രേലിയയിൽ അനുഭവിച്ച കാര്യങ്ങൾ കൊണ്ടാണ് താൻ സംസാരിക്കുന്നതെന്ന്‌ സൂചിപ്പിച്ച അമ്മദ് ബട്ട് നിശബ്ദത ഇനി ഒരു ഓപ്ഷനല്ലെന്ന് വ്യക്തമാക്കി. ഞങ്ങൾക്ക് മികച്ച കളിക്കാരുടെ സംയോജനമുണ്ട്, എന്നാൽ വിദേശ പരിശീലകനും മികച്ച മാനേജ്മെന്റും ആവശ്യമാണെന്നും പറഞ്ഞു. ഒരുകാലത്ത് ലോക ഹോക്കിയിൽ ആധിപത്യം സ്ഥാപിച്ചിരുന്ന രാജ്യത്തിന് അന്താരാഷ്ട്ര കളിക്കാർ പാത്രങ്ങൾ കഴുകുന്നതും വിദേശത്ത് അഭയം തേടുന്നതും അധഃപതനത്തിന്റെ ഇരുണ്ട പ്രതീകമായി മാറിയിരിക്കുന്നു. അന്വേഷണം കുറ്റവാളികളെ തിരിച്ചറിഞ്ഞേക്കാം, പക്ഷേ പാക്കിസ്ഥാന്‌ മുകളിലുള്ള ചീഞ്ഞളിഞ്ഞ അവസ്ഥ പരിഹരിച്ചില്ലെങ്കിൽ അത്തരം അപമാനങ്ങൾ ഒറ്റത്തവണയായി തുടരാൻ സാധ്യതയില്ല. ലാഹോറിൽ നിന്ന് 24 മണിക്കൂർ നീണ്ട യാത്രയ്ക്ക് ശേഷമാണ് ടീം ആസ്‌ത്രേലിയൻ തലസ്ഥാനമായ കാൻബറയിൽ എത്തിയത്. മുൻകൂട്ടി പണമടയ്ക്കാത്തതിനാൽ റൂം ബുക്കിങ് റദ്ദാക്കിയെന്ന് അറിയച്ചതോടെ ആറ് മണിക്കൂറോളമാണ് നഗരത്തിൽ അലയേണ്ടി വന്നത്. അതോടെ സ്വന്തമായി ഭക്ഷണം പാകം ചെയ്യുകയും മുറികൾ വൃത്തിയാക്കുകയും പാത്രങ്ങൾ കഴുകേണ്ടിയും വന്നുവെന്ന് അമ്മാദ് ഷക്കീൽ ബട്ട് വെളിപ്പെടുത്തി.

No Comments yet!

Your Email address will not be published.