Skip to main content

കേരളത്തിന്റെ പുറത്ത് പാട്ടുകളിൽ തകർത്ത സിൽക്ക്

ഒരു തീവണ്ടി യാത്രയുടെ ഇടയിൽ റീൽസ് സ്ക്രോൾ ചെയ്യുന്നതിനിടെയാണ് ഒരു റിയാലിറ്റി ഷോയിൽ സ്ഫടികം സിനിമയിലെ സിൽക്ക് സ്മിതയുടെ പാട്ട് റീക്രിയേറ്റ് ചെയ്ത് ഒരു പെൺകുട്ടി സെക്‌സിയായി അവതരിപ്പിക്കുന്നത് കാണുന്നത്. വിധു പ്രതാപ് കൂടെ ചേർന്ന് അതിനെ കൂടുതൽ കൊഴുപ്പിക്കുകയാണ്. ഇറോട്ടിക് എലമെന്റുകളുടെ കൂടെ കോമഡിയും ചേർത്താണ് ആ പാട്ട് വീണ്ടും റീക്രിയേറ്റ് ചെയ്യുന്നത്. അതോടൊപ്പം സിൽക്ക് സ്മിതയുടെ പാട്ടുകൾ കാണണമെന്ന് തോന്നിയതുകൊണ്ട് ഈ യാത്രയിൽ അവരുടെ പാട്ടുകൾ ഞാൻ യൂട്യൂബിൽ തേടിപ്പിടിച്ച് കാണാനും കേൾക്കാനും തുടങ്ങി.

ഒരു ഹൈ-എൻഡ് ഹെഡ്‌ഫോൺ ഉപയോഗിച്ചതുകൊണ്ട് തന്നെ ഈ പാട്ടുകളുടെ ശബ്ദങ്ങൾ അതിതീവ്രമായി ആസ്വദിക്കാനും പറ്റി. “ഏഴിമല പൂഞ്ചോല” എന്ന പാട്ടിലെ ചില ബീറ്റുകൾ, ചിത്രയുടെ സെക്‌സിയായ ശബ്ദം, മോഹൻലാലിന്റെ ഇടയ്ക്കുള്ള ചില മൂളലുകൾ—ഇവ ഒക്കെ ആ പാട്ടിനെ മനോഹരമാക്കുന്നു. ഒരു തരത്തിൽ പറഞ്ഞാൽ, സെക്‌സിയും വയലന്റുമായ ചില ശബ്ദങ്ങളെ ചേർത്തുവെച്ചുള്ള ഒരു ഗംഭീര പാട്ടായിട്ടാണ് ‘ഏഴിമല പൂഞ്ചോല’ ഫീൽ ചെയ്തത്.

ഇനി ആ പാട്ടിന്റെ ദൃശ്യതയിലേക്ക് വരാം. കേരളത്തിലെ സബാൾട്ടേൺ മനുഷ്യരുടെ തൊഴിലിടമായ ഒരു പാറമടയിലാണ് ഈ പാട്ട് സെറ്റ് ചെയ്തിരിക്കുന്നത്. ആ പാട്ടിൽ ഡാൻസ് ചെയ്യുന്നതും കറുത്ത നിറമുള്ള തൊഴിലാളികളാണ്. കേരളത്തിലെ തൊഴിലിടങ്ങൾ മുതലാളി-തൊഴിലാളി എന്ന ബൈനറിയിൽ പലപ്പോഴും വായിക്കപ്പെട്ടപ്പോൾ, ഈ തൊഴിലാളികൾ പരസ്പരം നിർമ്മിക്കുന്ന ആഹ്ലാദങ്ങൾ, ലൈംഗികതകൾ, പാട്ടുകൾ, തമാശകൾ എന്നിവ ഒന്നും പൊതു ബോധം അത്ര വലിയ കാര്യമായി എടുത്തിരുന്നില്ല. പക്ഷേ ഈ പാട്ട്, ഈ തൊഴിലിടങ്ങളിൽ അവർ നിർമ്മിക്കുന്ന പലതരം ആഘോഷങ്ങളുടെ ഒരു രൂപം കൂടിയാണ്. സെക്‌സിയായി വായിക്കപ്പെട്ടിരുന്ന (അതൊരു കുറവുമല്ല, കുറ്റവുമല്ല) സിൽക്ക് സ്മിതയുടെ ശരീരം ഇത്തരം സബാൾട്ടേൺ ഇടങ്ങളിൽ ചേർന്ന് നിന്നുകൊണ്ടാണ് ഈ പൊളി പൊളിക്കുന്നത്.

Thumbolikkadappuram - Malayalam Movie Songs Database

ഇതിനോടൊപ്പം ചേർത്ത് വായിക്കേണ്ട ഒന്നാണ് തുമ്പോളി കടപ്പുറം എന്ന സിനിമയിലെ “ഓളങ്ങളെ ഓടങ്ങളെ” എന്ന പാട്ട്. സിൽക്ക് സ്മിതയുടെ പാട്ടുകളെ കുറിച്ച് സംസാരിച്ചപ്പോൾ ഒരു സുഹൃത്താണ് ഈ പാട്ട് നിർദേശിച്ചത്. ഈ പാട്ടിൽ അവർ ഒരു മുക്കുവസ്ത്രീയുടെ റൊമാന്റിസിസത്തെ ദൃശ്യതയിലേക്ക് കൊണ്ടുവരുന്നു. സ്ഫടികം തുമ്പോളി കടപ്പുറം എന്നീ സിനിമകളിലെ പാട്ടുകളിലെ അവരുടെ വസ്ത്രങ്ങളും, ലുങ്കിയും ബ്ലൌസും സബാൾട്ടേൺ തൊഴിലാളികളുടേതാണ്.

ഈ സിനിമകൾ പുറത്തിറങ്ങിയ തൊണ്ണൂറുകളിലെ അതേ കാലത്താണ് ശാസ്ത്രീയ സംഗീതത്തിലൂടെയും ക്ലാസിക്കൽ നൃത്തങ്ങളിലൂടെയും സ്കൂൾ കലാമേളയിലെ കലാതിലകങ്ങളുടെ സിനിമ പാട്ട് സീനുകളിലൂടെയും സിനിമകളിലെ ഭാരത നാട്യങ്ങളിലൂടെയും മോഹിണിയാട്ടങ്ങളിലോടെയും മലയാള സിനിമയിലെ ക്ലാസിക്കൽ രാജ്യം നിലനിർത്താൻ ശ്രമിച്ചത്. ഒരു സെക്‌സി ഫിഗർ എന്നതിന്റെ കൂടെ ദളിത് സ്ത്രീകളുടെ വസ്ത്രങ്ങൾ, തൊഴിലാളി ശരീരങ്ങൾ, അവയുടെ ലൈംഗികതയും റൊമാന്റിസിസവും പുറത്ത് ദൃശ്യതയിലെത്തിച്ച ഒരു ആൾട്ടർ പൊളിറ്റിക്സ് മേൽ പറഞ്ഞ ഈ രണ്ടു പാട്ടുകളിലൂടെയും സിൽക്ക് സ്മിതയുടെ ശരീരത്തിലൂടെ രൂപപ്പെടുന്നുണ്ട് എന്ന കാര്യം രസകരമാണ്. ഇത് ഒരു ഹൈ-ബീറ്റിലുള്ള സ്ഫടികം എന്ന സിനിമയിലെ പാട്ടിലൂടെയും, തുമ്പോളി കടപ്പുറം എന്ന സിനിമയിലെ മെലഡിയിലൂടെയും സിൽക്ക് സ്മിത സ്ഥാപിച്ചെടുക്കുന്നു.

Adharvam

അത് പോലെ ഞാൻ സംസാരിച്ച സുഹൃത്തിന്റെ ഏറ്റവും ഫേവറിറ്റ് ആയ മറ്റൊരു പാട്ട് അഥർവ്വം എന്ന സിനിമയിലെ “പുഴയോരത്തിൽ പൂന്തോണി എത്തീല്ലാ” എന്നതാണ്. ഒരു ആദിവാസി സ്ത്രീയുടെ ശാരീരിക രൂപത്തിലും വേഷത്തിലും ആണ് സിൽക്ക് സ്മിത ഈ പാട്ടിൽ പ്രത്യക്ഷപ്പെടുന്നത്. സിൽക്ക് സ്മിത എന്ന നടിയുടെ ബ്രൌണിഷ കോംപ്ലക്സും അവരുടെ സൌന്ദര്യത്തിന് അപാരത നല്കുന്നുമുണ്ട്. ഈ പാട്ടിലെ സീൻ-ബ്രേക്കിംഗ് രസകരമാണ്. നാഗരിക ജീവിതത്തിൽ നിന്ന് ലോക്കൽ ക്യാമ്പിംഗ് പോലുള്ള ലൈഫിലേക്കു നീങ്ങുന്ന ചില യുവത്വങ്ങളെ കാണിക്കാനാണ് ഈ പാട്ട് രൂപപ്പെടുത്തിയിരിക്കുന്നത്. അവിടെ തികച്ചും ഒരു നാടോടി അനുഭവത്തിലേക്ക് സിൽക്ക് സ്മിതയുടെ ശരീരവും വേഷവും, അവർ ഉപയോഗിക്കുന്ന വട്ടത്തിലുള്ള തോണി പോലുള്ള ഉപകരണങ്ങളും നൃത്തങ്ങളും എല്ലാം സെക്സി ആയി എല്ലാം ആ പാട്ടിൽ വിഷ്വലൈസ് ചെയ്യപ്പെടുന്നു. ഈ പാട്ടിലെ ശബ്ദങ്ങളും കേരളത്തിലെ ക്ലാസിക്കൽ സ്ട്രക്ചറുകളിൽ നിന്നു വിട്ടു നിൽക്കുന്നു. സൺസെറ്റിലെ ചുവന്ന വെളിച്ചങ്ങളിൽ, രാത്രികളിൽ, പുഴ പോലുള്ള ജ്യോഗ്രഫികളിൽ അവരുടെ ശരീരം അത്യധികം സൗന്ദര്യമുള്ളതായി മാറുന്നു. കേരളത്തിലെ പൊതു ബോധത്തിലെ സൗന്ദര്യസങ്കൽപ്പങ്ങളെ എല്ലാം ആട്ടി മറിച്ച് ഒരു ആൾട്ടർ ഫെമിനിറ്റിയായി അവർ ആദിവാസിയായി ഡാൻസ് ചെയ്ത് തകർക്കുകയാണ്. ശബ്ദവും ജ്യോഗ്രഫിയും ശരീരവും അപര സാംസ്‌കാരികതയും എല്ലാം  ചേർന്നുള്ള ഒരു പൊളി കൂടെ ആണത്.

നാടോടി എന്ന സിനിമയിലെ “ജുമ്പ ജൂമ്പ…” എന്ന പാട്ട് ഒരു ഹിപ്പി/ബോഹീമിയൻ കൾച്ചറിൽ രൂപപ്പെട്ടതാണെന്ന് തോന്നിപ്പോകും. ഒരു രാത്രിയിൽ റോഡിൽ, സിൽക്ക് സ്മിതയും മോഹൻലാലും കൂടെ യുവാക്കളും ചേർന്ന് തകർത്താടുന്നു. ഒരു അർബൻ-ഫോക്ക് മോഡിലുള്ള ഈ പാട്ട് അവതരിപ്പിക്കുന്ന ജ്യോഗ്രഫി വളരെ പ്രധാനമാണ്. തൊണ്ണൂറുകളിൽ വസ്ത്ര ധാരണത്തിലൊക്കെ അട്ടിമറി നടത്തിയ ദളിത് യുവത്വങ്ങളെ ഒക്കെ ആ ഡാന്സ് സീക്വൻസിലെ ഗ്രൂപ്പിൽ കാണുവാൻ കഴിയും. അവർ സ്റ്റൈലിഷ് ആണ്. റോഡിൽ ഒരു തെരുവ് നിർമ്മിച്ച് ഹിപ്പി സ്റ്റൈലിലാണ് സിൽക്ക് സ്മിതയും മോഹൻ ലാലും ഗ്രൂപ്പും തകർക്കുന്നത്. കുടുംബം, സമൂഹം, സ്ഥാപനങ്ങൾ, ജാതി-സവർണ്ണത തുടങ്ങിയ ഇടങ്ങളിൽ നിന്നും കേട്ടുപഴകിയ പാട്ടുകളിൽ നിന്നും പുറത്തു വന്ന് സിൽക്ക് സ്മിത ഡാൻസ് ചെയ്ത് തകർത്തു വാരുന്നു. ഇങ്ങനെ എല്ലാ നിലയിലും പുറത്തു നിലക്കുന്ന ഒരു നാടോടി സംസ്കാരകഥയിലേക്ക് ലൈംഗികത കൂടി ചേർത്തുവെച്ച് ആ പാട്ടും പൊളിക്കുന്നു. ഒരു കാലത്ത് രാത്രിയും തെരുവുകളും തകർത്തു വാരിയ സൈക്കിൾ യജ്ഞക്കാരുടെ മോഡേണിസ്റ്റ് വേർഷൻ ആയി ആ പാട്ട് മാറുന്നു.

സിൽക്ക് സ്മിതയിലെ മേൽ പറഞ്ഞ ഭൂരിഭാഗം പാട്ടുകളും മിക്കവാറും ‘അസുരവാദ്യങ്ങളിലെ’ ബീറ്റുകൾ കൊണ്ടാണ് പൊളിക്കുന്നത്. ഈ ജന്മത്തിൽ സിൽക്ക് സ്മിത ഭരതനാട്യം എന്ന ബോറൻ പെർഫോമൻസ് നടത്തുന്നത് വിഷ്വലൈസ് ചെയ്യാൻ എനിക്കൊന്നും കഴിയില്ല. അതുപോലെ തന്നെ, സിൽക്ക് സ്മിതയുടെ അപരത്വത്തിൽ നിലക്കുന്ന ഒരു പാട്ടാണ് സാക്ഷാൽ ശ്രീമാൻ ചാത്തുണ്ണി എന്ന സിനിമയിലെ ഒരു ഡ്രീം സീക്വൻസിൽ വരുന്നത്.
മലയാളത്തിൽ മാത്രം വന്ന ഈ അഞ്ചു പാട്ടുകളെ എടുത്ത് ആസ്വദിക്കുമ്പോൾ കാണാൻ കഴിയുന്ന കാര്യം—സിൽക്ക് സ്മിത എന്ന ഡാൻസ് പെർഫോർമർ കേരളത്തിലെ സിനിമ എന്ന സാംസ്കാരിക ഇടത്തിൽ കുടുംബം, സമൂഹം, പൊതു എന്നീ ഇടങ്ങൾക്കു പുറത്തു നിലക്കുന്ന സബാൾട്ടേൺ, ഫോക്, ട്രൈബൽ ആഘോഷങ്ങളിൽ തകർത്തു വാരിയതാണെന്നതാണ്. കേരളത്തിലെ ബുദ്ധിജീവികൾ ഇവയെ സിനിമയിലെ സ്ത്രീശരീരങ്ങളുടെ കച്ചവടം എന്ന ഒറ്റവായനയിലൂടെ നോക്കി കാണാൻ ശ്രമിച്ചു. മറ്റ് ചിലർ സിൽക്ക് സ്മിതയെ അപരവൽക്കരിച്ച് വായിച്ചു.
പക്ഷേ എനിക്ക് തോന്നുന്നത്—കേരളത്തിലെ തെരുവുകളിൽ, ട്രൈബൽ ജ്യോഗ്രഫികളിൽ, കടപ്പുറങ്ങളിൽ, സബാൾട്ടേൺ തൊഴിലാളികളുടെ ഇടയിൽ, സിനിമ ദൃശ്യത്തിലൂടെ അവിടെ തകർത്ത ഒരു ലേഡിയായിരുന്നു അവർ എന്നതാണ്. അതുപോലെ തന്നെ ഏറ്റവും കീഴാളരായ കാണികൾ അവരെ എടുത്ത് ആഘോഷിച്ചു. ബുദ്ധിജീവികൾ ഇതൊന്നും സംസ്കാരത്തിന് നല്ലതല്ലെന്ന് താടി തടവിയപ്പോൾ, സബാൾട്ടേൺ സമൂഹങ്ങൾ അവരുടെ കൂടെ തുള്ളിച്ചാടി അരുമാദിച്ചു. അതൊക്കെ കേരളത്തിലെ സാംസ്കാരിക ആട്ടിമറികൾ കൂടിയാണ്.

The opinions and positions expressed in articles published and comments posted here are those of its authors and not of Chenda.co.    The author has full responsibility for the views.   Making derogatory statements and/or using abusive words/statements against any individual, society, religion, or country is a punishable offense under the provisions of the IT policy and the Central Government Act.   Any such statement/words/comments will attract legal action.

No Comments yet!

Your Email address will not be published.