റൊമാന്റിസിസത്തില്‍ നിന്ന് ഇംപ്രഷനിസത്തിലൂടെ ക്യൂബിസത്തിലേക്ക് സഞ്ചരിക്കുമ്പോള്‍ രീതിവ്യതിയാനങ്ങള്‍ ഒരുപാട് അനുഭവിക്കാനാകുമെങ്കിലും നിലപാടുകളുടെ ദൃഡത ഒരേയളവില്‍ കണ്ടെത്താനാവുന്ന മൂന്ന് കാലങ്ങളിലെ ചിത്രങ്ങളെകുറിച്ചൊരു പഠനത്തിന് ഇപ്പോള്‍ പ്രസക്തി ഏറെയുണ്ടെന്നാണ് തോന്നുന്നത്. അക്കാലങ്ങളിലെ മറ്റു ചിത്രകാരന്മാരും ശില്പികളുമൊന്നും ഒരിക്കലും പ്രകടമായി രാഷ്ട്രീയം പറയുന്നവരായിരുന്നില്ല.

എന്നാല്‍ 1814 ല്‍ സ്പാനിഷ് റൊമാന്റിക് ചിത്രകാരനായ ഫ്രാന്‍സിസ്‌കോ ഗോയ വരച്ച ‘ദ തേര്‍ഡ് ഓഫ് മെയ് 1808’ എന്ന ചിത്രം, സമകാലിക സാമൂഹിക പ്രശ്‌നങ്ങളില്‍ ഒരു കലാകാരന്‍ എടുക്കേണ്ടതുള്ള നിലപാടുകളുടെ പ്രതിഫലനമായാണ് ചരിത്രത്തില്‍ എഴുതപ്പെട്ടിട്ടുള്ളത്. നെപ്പോളിയന്‍ ഭരണഭീകരതയെ
എതിര്‍ത്തിരുന്ന ചിലരെ അദ്ദേഹത്തിന്റെ പട്ടാളം വെടിവെച്ചുകൊല്ലുന്ന ഭീകരത ഗോയ കാന്‍വാസിലേക്ക് രാഷ്ട്രീയമായി ആവാഹിച്ചുവെങ്കിലും മരണം വരെയും ആ ചിത്രം പുറത്തുകാണിക്കാന്‍ അദ്ദേഹം ധൈര്യപ്പെട്ടില്ല.
അദ്ദേഹം മരിച്ചതിനു ശേഷവും മുപ്പത്തഞ്ചു വര്‍ഷങ്ങള്‍ കഴിഞ്ഞാണ് ഈ ചിത്രം പ്രദര്‍ശിപ്പിച്ചത്.

യൂറോപ്യന്‍ അധിനിവേശങ്ങളുടെ ഭാഗമായി നെപോളിയന്‍ ബൊണാപാര്‍ട്ട് നടത്തിയിരുന്ന യുദ്ധങ്ങളും സ്‌പെയിനിനെ പിടിച്ചെടുത്തു സ്വന്തം സഹോദരന്റെ സ്ഥാനരോഹണത്തിനായുള്ള പരിശ്രമത്തില്‍ മതിമറന്നുള്ള യുദ്ധാനന്ദരപ്രവര്‍ത്തനങ്ങളും സ്‌പെയിനിന്റെ സാംസ്‌കാരികലോകത്തെ കുറച്ചൊന്നുമല്ല അലോസരപ്പെടുത്തിയിരുന്നത്. റോമാന്റ്റിസിസത്തിന്റെ എല്ലാ സമ്പന്നതയും ഉള്‍കൊള്ളുന്ന ഈ ചിത്രത്തിന്റെ പ്രയോഗരീതികളും കമ്പൊസിഷനും കാല്പനികമായ ഭാവാവിഷ്‌കാരങ്ങളും ഇംപ്രഷനിസത്തിലേക്കെത്തുന്നതിന് തൊട്ടുമുന്‍മ്പുള്ള രണ്ടു ഘട്ടങ്ങളുടെയും മനോഹരമായ സങ്കലനങ്ങളാണ്.

ഗോയക്ക് ശേഷം പിന്നീട് സ്വന്തം രാഷ്ട്രീയ നിലപാടുകള്‍ പറഞ്ഞത് 1868 ല്‍ ‘എസിക്യൂഷന്‍ ഓഫ് എമ്പറര്‍ മാക്‌സ്മില്യന്‍’ എന്ന ചിത്രത്തിലൂടെ ഇംപ്രഷനിസ്റ്റ് ചിത്രകാരനായ എഡ്വെര്‍ഡ് മാനേയാണ്.
1866 ല്‍ മെക്‌സിക്കോ യിലെ ബനിട്ടോ ജൂറേജ് നുള്ള പിന്തുണ നെപോളിയന്‍ മൂന്നാമന്‍ പിന്‍വലിക്കുകയും അദ്ദേഹത്തിന്റെ ആശിര്‍വാദത്തോടെ മാക്‌സ്മില്യണ്‍ മെക്‌സിക്കോയുടെ രണ്ടാമത്തെ ഭരണത്തലവനാകുകയുമുണ്ടായി. അടുത്ത വര്‍ഷം തന്നെ ആ ഭരണമവസാനിക്കുകയും മാക്‌സ്മില്യനെയും മറ്റ് രണ്ട് ജനറലുകളെയും വെടിവെച്ചു കൊല്ലുകയുമാണുണ്ടായത്. അന്ന് റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് അനുകൂലമായി മാനെ എടുത്ത രാഷ്ട്രീയ നിലപാടുകളാണ് നാല് വലിയ ചിത്രങ്ങളായി മൊഴിമാറ്റപ്പെട്ടത്.!

പല ഭാഗങ്ങളായി മുറിച് കഷ്ണങ്ങളാക്കി അദ്ദേഹം അവതരിപ്പിച്ച ഈ ചിത്രങ്ങളില്‍ ചില ഭാഗങ്ങള്‍ മാനേയുടെ മരണശേഷം വിറ്റു പോയതായി കണ്ടെത്തി., ബാക്കിയുണ്ടായിരുന്ന ഭാഗങ്ങള്‍ ചേര്‍ത്തുവെച്ചു അതിന് ഭാഗികമായൊരു പൂര്‍ണരൂപമുണ്ടാക്കിയെടുത്തത് സമകാലിക ചിത്രകാരനും മാനേയുടെ ഉറ്റസുഹൃത്തുമായ എഡ്ഗര്‍ ദേഗ ആണ്. 1918 ല്‍ ആ ചിത്രം ലണ്ടന്‍ നാഷണല്‍ ഗാലറിയില്‍ പ്രദര്‍ശിപ്പിച്ചു, പിന്നീട് 1979 വരെ വീണ്ടും അത് പലഭാഗങ്ങളായി ശിഥിലീകരിച്ചുകൊണ്ടിരിക്കുകയും 1992 മുതല്‍ ആ ചിത്രം പൂര്‍ണരൂപത്തില്‍ നിലനിര്‍ത്താനാവുകയുമുണ്ടായി.

ഗോയയുടെയും മാനേയുടെയും സ്വാധീനങ്ങള്‍ പ്രകടമായി കാണാനാവുന്നതായിരുന്നു ക്യൂബിസ്റ്റ് കാലഘട്ടത്തില്‍ പിക്കാസോ വരച്ച ‘മസ്സാകര്‍ ഇന്‍ കൊറിയ’ എന്ന ചിത്രം. ‘ഗുയര്‍ണിക’, ‘ദ ചാര്‍ണെല്‍ ഹൌസ്’ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം 1951 ല്‍ പിക്കാസോ വരച്ച മൂന്നാമത്തെ യുദ്ധവിരുദ്ധ രാഷ്ട്രീയ ചിത്രമാണ് ഇത്.
സൌത്ത് കൊറിയന്‍ അഭയാര്‍ത്ഥികളായ സ്ത്രീകളെയും കുട്ടികളെയും നഗ്‌നരാക്കി വെടിവെച്ചു കൊല്ലുന്ന കാഴ്ചകള്‍ പിക്കാസോ പറഞ്ഞത് വളരെ പ്രകടമായിട്ടായിരുന്നു.

ഗോയക്കും മാനെക്കും തങ്ങള്‍ വരച്ച ചിത്രങ്ങള്‍ ഭരണകൂടത്തില്‍ നിന്ന് ഒളിപ്പിച്ചുവെക്കേണ്ടിവന്നുവെങ്കില്‍ നോര്‍ത്ത് കൊറിയക്കൊപ്പം നിലകൊണ്ട അമേരിക്കക്കെതിരെ ശക്തമായ നിലപാടുകള്‍ പറയാനും അനുബന്ധമായി 1951 ല്‍ മസ്സാകര്‍ ഇന്‍ കൊറിയ എന്ന ചിത്രം വരച്ചു പ്രദര്‍ശിപ്പിക്കാനുമുള്ള തന്റേടവും ധൈര്യവും പികാസ്സൊക്ക് ഉണ്ടായത് സാധാരണക്കാരുടെ പക്ഷംചേരലും അവരിലേക്ക് കല വളരുവാനുള്ള സാഹചര്യങ്ങളുണ്ടാക്കിയ Avant Garde പ്രവര്‍ത്തനങ്ങളുമാണെന്ന് നമുക്ക് നിസ്സംശയം പറയാം.
ഏത് കാലങ്ങളിലായാലും മാനവികതക്കെതിരെയുണ്ടാകുന്ന ചലനങ്ങള്‍ ഒരു കലാകാരന് എങ്ങിനെയാണ് തനത് രൂപത്തില്‍ ഉള്‍ക്കൊള്ളാനാവുക എന്ന് സമകാലിക ധ്വംസനരാഷ്ട്രീയാന്തരീക്ഷത്തില്‍ ഈ മൂന്ന് ചിത്രങ്ങളിലൂടെയും നമുക്ക് പഠിക്കാനാകുന്നുണ്ട്.







No Comments yet!